പ്രപഞ്ച നാഥനായ അല്ലാഹു തന്റെ സന്ദേശങ്ങൾ സൃഷ്ടികളെ അറിയിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാർ മുഖേനയാണ്. ലക്ഷക്കണക്കിന് ദൂതന്മാരെ അല്ലാഹു നിയോഗിച്ചു. അതിൽ ആദ്യത്തെ പ്രവാചകനാണ് ആദ്യ മനുഷ്യനായ ആദം നബി(അ). അവസാനത്തെ പ്രവാചകനും സമ്പൂർണ മനുഷ്യനുമാണ് മുഹമ്മദ് നബി(സ്വ). ചെറുപ്പത്തിലേ വ്യത്യസ്തമായിരുന്നു തിരുനബിയുടെ ജീവിതം. ജനിക്കും മുമ്പ് പിതാവ് മരിച്ചു. ആറാം വയസ്സിൽ മാതാവും. അല്ലാഹു നേരിട്ടാണ് മുത്ത്‌നബിയെ സംസ്‌കാരം പഠിപ്പിച്ചതെന്ന് അവിടുന്ന് പിൽകാലത്ത് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചുകുട്ടിയാവുമ്പോൾ തന്നെ അസാമാന്യ ബുദ്ധിശക്തിയും സത്യസന്ധതയും മറ്റു സകലമാന സ്വഭാവവൈശിഷ്ട്യങ്ങളും ആ ജീവിതത്തിൽ പ്രകടമായിരുന്നു.

ലോകചരിത്രത്തിലെ ഒരു വിസ്മയമായിരുന്നു തിരുനബി. ജനനവും വളർച്ചയും അത്ഭുതകരമായിരുന്നു. ജീവിതവും സന്ദേശവും അത്യത്ഭുതകരമായിരുന്നു. അവിടുന്ന് സൃഷ്ടിച്ച സാമൂഹിക മാറ്റം അതിലേറെ അതിശയകരവുമായിരുന്നു. ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പേ ജീവിച്ചു പിരിഞ്ഞിട്ടും കൺമുന്നിലെന്ന പോലെ, സംശയലേശമില്ലാതെ ആ ചരിത്രം നമുക്ക് മുമ്പിൽ വിരിഞ്ഞുനിൽക്കുന്നു. മനുഷ്യ ചരിത്രത്തിൽ മറ്റൊരാൾക്കും അവകാശപ്പെടാനില്ലാത്ത ഒരു കാര്യം! തിരുനബിയുടെ വാക്കും നോക്കും പ്രവൃത്തികളും അവിടുത്തെ കണ്ട സത്യസന്ധരായ  ആളുകൾ സത്യസന്ധരായ അടുത്ത തലമുറക്ക് പകർന്നു കൊടുത്തു. അത് ഒരു ഏറ്റവ്യത്യാസവുമില്ലാതെ ആ തലമുറ അടുത്ത തലമുറക്ക് കൈമാറി. ആ ഒരാളുടെ ചരിത്രം കുറ്റമറ്റതാക്കാൻ, ആ ചരിത്രം കൈമാറിയവരുടെ ചരിത്രമൊക്കെയും ക്രോഡീകരിക്കപ്പെട്ടു! അവർ വല്ലപ്പോഴും കളവ് പറഞ്ഞിട്ടുണ്ടോ എന്നു പോലും ചൂഴ്ന്ന് അന്വേഷിക്കപ്പെട്ടു. അങ്ങനെ ജീവിതത്തിൽ ഒരിക്കൽ പോലും കളവോ വഞ്ചനയോ അതിനേക്കാൾകുറഞ്ഞ മറ്റു വൈകല്ല്യങ്ങളോ ചെയ്തവരല്ലെന്ന് തെളിയിക്കപ്പെട്ട വിശ്വസ്തരായ ആളുകളിലൂടെ ലഭിച്ച കുറ്റമറ്റ ചരിത്രമാണ് സത്യസന്ധമായ പ്രവാചക ചരിതം.

സംശുദ്ധമായിരുന്നു ആ ജീവിതം. എല്ലാവരും അവിടുത്തെ അൽ അമീൻ എന്ന് വിളിച്ചു. നാൽപത് വയസ്സ് വരെ മക്കയിൽ ഒരാളും ആ വിശുദ്ധ ജീവിതത്തിൽ ഒരു കളവ് പോലും കണ്ടത്തിയില്ല. അവിടുന്ന് പള്ളിക്കൂടത്തിൽ പോയിട്ടില്ല. അക്ഷരങ്ങളോ പുസ്തകങ്ങളോ കഥയോ കവിതയോ അവിടുത്തേക്ക് വശമുണ്ടായിരുന്നില്ല. നാൽപത് വയസ്സ് പൂർത്തിയാകുന്നതോടനുബന്ധിച്ച് അവിടുന്ന് ഏകാന്തത കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. മദ്യവും മദിരാക്ഷിയും കൊലയും കൊള്ളയും നിറഞ്ഞാടിയിരുന്ന സാമൂഹിക പരിസരത്തിൽ നിന്ന് ജീവിത വിശുദ്ധിയിലേക്കുള്ള ഒരു പ്രയാണം കൂടിയായിരുന്നു അത്. ഖുർആൻ അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഹിറാ ഗുഹയിൽ ഒറ്റക്കിരുന്ന് ആരാധനകളർപ്പിക്കുമ്പോൾ മലക്ക് ജിബ്‌രീൽ(അ) പ്രത്യക്ഷപ്പെട്ടു. വായിക്കുക എന്ന് ഉത്തരവിട്ടു. ഞാൻ വായിക്കുന്നവനല്ലെന്ന് തിരുനബി പ്രതിവചിച്ചു. വായിക്കാൻ രണ്ടാമതും മൂന്നാമതും ആവശ്യപ്പെട്ടു. തിരുനബി അതേ മറുപടി ആവർത്തിച്ചു. അവസാനം ജിബ്‌രീൽ തന്നെ പഞ്ചസൂക്തം ഓതിക്കേൾപ്പിച്ചു. അതിന്റെ ആശയം ഇങ്ങനെ: ‘വായിക്കുക, നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ. അവൻ മനുഷ്യനെ അലഖിൽ നിന്ന് സൃഷ്ടിച്ചു. വായിക്കുക, നിന്റെ നാഥൻ അത്യുദാരനാണ്. അവൻ പേന കൊണ്ട് എഴുതാൻ പഠിപ്പിച്ചു. അവൻ മനുഷ്യനെ അറിയാത്തത് പഠിപ്പിച്ചു.’’ഭയചകിതനായി മുഹമ്മദ്(സ്വ) പ്രിയ പത്‌നി ഖദീജ ബീവി(റ)യുടെ വീട്ടിലേക്ക് ഓടി. തന്നെ പുതച്ച് മൂടാൻ ആവശ്യപ്പെട്ടു. അപ്പോൾ സഹധർമിണി ഖദീജ(റ) ആശ്വസിപ്പിച്ചു പറഞ്ഞ വാക്കുകൾ ചരിത്രത്തിൽ ഉല്ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. നാൽപതാം വയസ്സിലായിരുന്നു പ്രവാചകത്വം ലഭിച്ചത്. അന്നു മുതൽ ഇരുപത്തിമൂന്ന് വർഷം തുടർച്ചയായി ദിവ്യ സന്ദേശം വന്നുകൊണ്ടിരുന്നു. മനുഷ്യ ജീവിതത്തെ ആകമാനം ചൂഴ്ന്ന് നിൽക്കുന്ന ജീവിത വ്യവസ്ഥിതിയാണ് ആ ദിവ്യ സന്ദേശങ്ങളിലൂടെ അവതരിക്കപ്പെട്ടത്.

ഇരുലോക ജീവിതത്തിലെ മോക്ഷത്തിനു വേണ്ടി ഐഹിക ലോകത്ത് അനുവർത്തിക്കേണ്ട വ്യവസ്ഥകളാണ് ഇരുപത്തിമൂന്ന് കൊല്ലങ്ങൾകൊണ്ട് റസൂൽ(സ്വ) ലോകത്തിനു മുമ്പിൽ പ്രയോഗതലത്തിൽ കാണിച്ചുകൊടുത്തത്. ഈ വ്യവസ്ഥയാണ് ഇസ്‌ലാം. സമർപ്പണം, സമാധാനം എന്നൊക്കെയാണ് ഇസ്‌ലാം എന്ന വാക്കിനർത്ഥം. തന്നെ സൃഷ്ടിച്ച ശക്തിക്ക് സ്വത്വത്തെ മുഴുവൻ സമർപ്പിക്കുന്നവനാ ണ് മുസ്‌ലിം. ഈ സമർപ്പണത്തിലൂടെ അവന് സുരക്ഷിത ബോധം കൈവരുന്നു. തന്റെ യജമാനൻ വിധിച്ചത് മാത്രമേ ലോകത്ത് നടക്കൂ എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് ഏത് കൊടുങ്കാറ്റുകൾക്കുമുമ്പിലും പതറിപ്പോവാത്ത ആത്മ ധൈര്യം കൈവരികയാണ്.

തിരുനബി ഇസ്‌ലാമിന് അഞ്ച് സ്തംഭങ്ങളുണ്ടെന്ന് പറഞ്ഞു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ്(സ്വ) അവന്റെ ദൂതനാണെന്നും ഞാൻ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനമാണ് അതിന്റെ ഒന്നാം ഘട്ടം. ഈ പ്രഖ്യപനം മനസ്സറിഞ്ഞ് നടക്കുന്നതോടെ ഏത് നാട്ടിൽ, ഏത് ജാതിയിൽ, ഏത് വർഗത്തിൽ പിറന്നവനാണെങ്കിലും അവനൊരു മുസ്‌ലിമായിക്കഴിഞ്ഞു. അല്ലാഹു ഏകനാണെന്നും അവന് മലക്കുകൾ എന്ന സവിശേഷ സൃഷ്ടികളുണ്ടെന്നും അവൻ വിവിധ ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ലക്ഷക്കണക്കിന് പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും ഒരിക്കൽ ഈ ലോകം മുഴുവൻ നശിക്കുമെന്നും ശേഷം ശാശ്വതമായ സ്വർഗ നരകങ്ങളാണെന്നും മുഴുവൻ കാര്യങ്ങളും അല്ലാഹുവിന്റെ വിധി പ്രകാരമാണെന്നും വിശ്വസിക്കൽ അല്ലാഹുവിനെ വിശ്വസിക്കുന്നതിന്റെ ഭാഗമാണ്.

ഇസ്‌ലാം കാര്യങ്ങളിൽ രണ്ടാമത്തേത് നിസ്‌കാരം. അല്ലാഹു അക്ബർ എന്ന പ്രഖ്യാപനമാണ് നിസ്‌കാരത്തിന്റെ പ്രത്യക്ഷ തുടക്കം. രണ്ട് കൈകളും ചുമലിന് നേരെ  ഉയർത്തി അല്ലാഹു അക്ബർ(അല്ലാഹു ഏറ്റവും വലിയവൻ) എന്ന് പ്രഖ്യാപിക്കുന്നതിലൂടെ ആത്മീയ നിർവൃതിയുടെ മാസ്മരിക ലോകത്തേക്ക്  ചിറകടിച്ച് പറന്ന് ഉയരുകയാണു വിശ്വാസി. അതോടെ ഭോഗതൃഷ്ണയുടെ ഭൗതിക ലോകം ഉണ്ടാക്കിവെച്ച വലിപ്പത്തിന്റെ മുഴുവൻ മാനദണ്ഡങ്ങളും ഇടിഞ്ഞു പൊളിഞ്ഞ് വീഴുകയാണ്. പണക്കാരനും പണിക്കാരനും കീഴാളനും മേലാളനും കുബേരനും കുചേലനും തോളുരുമ്മി നിന്ന് സാമൂഹിക അസമത്വത്തിന്റെ മുഴുവൻ ജീർണതകൾക്കും തീ കൊടുക്കുന്ന മുദ്രാവാക്യമാണ്-അല്ലാഹു അക്ബർ. തുടർന്ന് ഒറ്റ ബിന്ദുവിലേക്ക് കണ്ണുകൾ കേന്ദ്രീകരിച്ച് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ അവയവങ്ങൾ ശാന്തമാകും വിധം ആരാധനയിൽ ലയിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ സംതൃപ്തമാവുകയാണ്. അഞ്ചുനേരം നിസ്‌കാരം നിർവഹിക്കുന്നത് (ളുഹ്‌റ്, അസർ, മഗ്‌രിബ്, ഇശാഅ്, സുബ്ഹി) ഓരോ മുസ്‌ലിമിനും നിർബന്ധമാണ്. നിസ്‌കരിക്കാത്ത മുസ്‌ലിമിന് ഒരു പട്ടിയുടെ വില പോലും ഇസ്‌ലാം നൽകുന്നില്ല. മുസ്‌ലിമിനെയും അമുസ്‌ലിമിനെയും വേർതിരിക്കുന്നഘടകമായി തിരുനബി(സ്വ) നിസ്‌കാരത്തെ എണ്ണിയിരിക്കുന്നു.

മൂന്നാമതായി നിർബന്ധ ദാനമാണ്(സകാത്ത്). സാമൂഹിക അസമത്വങ്ങളും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാനും അപരന്റെ ഇല്ലായ്മകളെ അറിയുവാനും ഇതുമുഖേന സാധിക്കുന്നു. കച്ചവടത്തിലും കൃഷിയിലും കന്നുകാലികളിലും സ്വർണ്ണത്തിലും വെള്ളിയിലും കറൻസിയിലും സകാത്തുണ്ട്. 85ഗ്രാം സ്വർണ്ണം / 595 ഗ്രാം വെള്ളി(അതിൽ കൂടുതലോ) ഒരു വർഷം കയ്യിലിരുന്നാൽ അതിന്റെ 2.5%

പാവങ്ങൾക്ക് സകാത്തായി നൽകണം. കൊല്ലം തികയുമ്പോൾ സ്റ്റോക്കുള്ള കച്ചവട വസ്തുക്കളുടെ വില കണക്കാക്കി 595 ഗ്രാം വെള്ളിയുടെ വിലയ്ക്ക് തുല്യമോ കൂടുതലോ ഉണ്ടെങ്കിൽ അതിന്റെ 2.5% സകാത്ത് കൊടുക്കണം. കൂടാതെ ചെറിയ പെരുന്നാൾ ദിവസം തനിക്കും താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കും വേണ്ടി 2.5 കി. അരി വീതം നിർബന്ധ ദാനം ചെയ്യണം.

നാലാമത്തേത് റമളാനി ലെ വ്രതാനുഷ്ഠാനമാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങളിൽനി ന്നും ഭോഗതൃഷ്ണകളിൽ നി ന്നും ശരീരത്തെ നിയന്ത്രിച്ച് അല്ലാഹുവിന് സ്വത്വത്തെ സമർപ്പിക്കുമ്പോൾ അവൻ പാവപ്പെട്ടവനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. പാവങ്ങളോട് അനുകമ്പയുണ്ടാവാ

നും അതുവഴി ഇടുങ്ങിയ മനസ്സ് വിശാലമാകാനും സ്വസ്ഥതയെ കാർന്ന് തിന്നുന്ന ആർത്തിയുടെ ചങ്കിന് പിടിക്കുവാനും അതോടൊപ്പം ശരീരത്തിന്റെ ആരോ ഗ്യനില ക്രമീകരിക്കുവാനും വ്രതം മനുഷ്യനെ പ്രാപ്തനാക്കുന്നു. നോമ്പിന് രണ്ടു ഫർളു(ഘടകങ്ങൾ)കളാണുള്ളത്. രാത്രിയിൽ നിയ്യത്ത്(കരുത്ത്) ചെയ്യണം. പകലിൽ നോ മ്പ് മുറിയുന്ന കാര്യങ്ങളിൽ

നിന്ന് (സംസർഗം, ഉണ്ടാക്കി ഛർദിക്കൽ, ശുക്ല സ്ഖലനം, തടിയുള്ള വസ്തുക്കൾ ഉള്ളിലേക്ക് പ്രവേശിപ്പിക്കൽ) വിട്ടു നിൽക്കണം. മോശമായ പ്രവർത്തനങ്ങളും വാക്കുകളും ഒഴിവാക്കുന്നില്ലെങ്കിൽ ഭക്ഷണ പാനീയങ്ങൾ വെടിഞ്ഞിട്ട് കാര്യമില്ലെന്ന തിരുവചനം നോമ്പുകാരനായ വിശ്വാസിക്ക് ഒരു താക്കീത് കൂടിയാണ്. അഞ്ചാമതായി ഹജ്ജ് തീർത്ഥാടനം. മാനവിക ഐക്യം പ്രഘോഷിക്കുന്ന മഹാസമ്മേളനമാണ് ഹജ്ജ്. അവിടെ കറുത്തവനും വെളുത്തനും മുതലാളിയും തൊഴിലാളിയും ഗ്രാമീണനും നാഗരികനും പാശ്ചാത്യനും പൗരസ്ത്യനും ഒരേ വസ്ത്രം ധരിച്ച് ഒരേ മന്ത്രം ചൊല്ലി ഒരേ ചുവട് വെച്ച് ഒരേ ദിശയെ കേന്ദ്രീകരിച്ച് മാനവിക സാഹോദര്യത്തിന്റെ മഹദ് പ്രഖ്യാപനം നടത്തുന്നു.

അനുഷ്ഠാനപരമായ കാര്യങ്ങളാണിവ. എന്നാൽ, മനുഷ്യജീവിതത്തിന്റെ പൂ ർണതക്കാവശ്യമായ മുഴുവൻ ഉത്തമഗുണങ്ങളും തിരുനബി പഠിപ്പിച്ചു. മുഴുവൻ നന്മയും അവിടുന്ന് ഉപദേശിച്ചു. തിന്മകളെല്ലാം അവിടുന്ന് വെറുത്തു. വെടിഞ്ഞു. തടഞ്ഞു. തിരുനബിയുടെ പാഠശാലയിലേക്ക് നോക്കൂ. എന്തൊക്കെയാണ് അവിടുന്ന് പഠിപ്പിക്കുന്നത്. മാതാപിതാക്കളെ ആദരിക്കണം, അവർക്ക് സേവനം ചെയ്യണം. ബന്ധുക്കളോടും അയൽവാസികളോടും മനുഷ്യന് കടപ്പാടുണ്ട്, വിധവകളോടും അനാഥകളോടും അശരണരോടും കനിവുണ്ടാവണം. മൃഗങ്ങളോടും കാരുണ്യം കാണിക്കണം, മനുഷ്യരെ സഹായിക്കണം, സ്‌നേഹിക്കണം, സസ്യങ്ങൾ വെച്ച്പിടിപ്പിക്കണം,         ജലം ദുർവ്യയം ചെയ്യരുത്, പ്രകൃതിയോട് ക്രൂരത കാണിക്കരുത്, പരിസ്ഥിതി സംരക്ഷിക്കണം, മലിനീകരണം അരുത്, ഭീകരവാദം പാടില്ല, വർഗീയത അരുത്, മദ്യപാനം നിഷിദ്ധം, പലിശ, ചൂതാട്ടം, ചൂഷണം, കവർച്ച പാടില്ല, സാമ്പത്തിക രംഗത്ത് കൃത്യത പാലിക്കണം, വിശ്വസ്തത പുലർത്തണം, അക്രമിക്കരുത്, അവഹേളിക്കരുത്, കൊല്ലരുത്, വഞ്ചിക്കരുത്, ഭരണാധികാരിയെ അനുസരിക്കണം, അസത്യത്തിന്/ അനീതിക്ക് കൂട്ടുനിൽക്കരുത്, ഗർഭഛിദ്രം പാടില്ല, ജനനാവകാശം നിഷേധിക്കരുത്, ചാവേറുകളാവരുത്, ആത്മഹത്യ നിഷിദ്ധം, കുഞ്ഞുങ്ങളോട് കനിവുണ്ടാവു ക, വാത്സല്യം കാട്ടുക, മനുഷ്യർക്കിടയിൽ സൗഹാർദം നിലനി ർത്തണം, സ്ത്രീകളെ പീഡിപ്പിക്കരുത്, അവർക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പു രുഷന്മാർ നൽകണം. വിവാഹം കഴിക്കണം, ലൈംഗിക അരാജകത്വം പാടില്ല, സ്വജനപക്ഷ

പാതം പാടില്ല, കള്ളസാക്ഷി പറയരുത്… ഇങ്ങനെ എന്തെല്ലാം! നന്മകളെല്ലാം തിരുനബി നടപ്പിലാക്കി. തിന്മകളെല്ലാം തടഞ്ഞു. ഇതെല്ലാം കൃത്യമായി പാലിക്കുന്നവനാണ് സമ്പൂർണ മുസ്‌ലിം. അവന്റെ നാവിൽനിന്നും കയ്യിൽനിന്നും മുഴുവൻ മനുഷ്യരും നിർഭയരാണ്.

ബലാൽക്കാരമായി അടിച്ചേൽപിക്കുകയല്ല ഇസ്‌ലാം. വേണമെങ്കിൽ വിശ്വസിക്കാം. ഇല്ലെങ്കിൽ അവിശ്വസിക്കാം. വിശ്വസിച്ചവർക്ക് സ്വർഗവും അവിശ്വസിച്ചവർക്ക് നരകവും എന്നാണ് അത് മുന്നോട്ടുവെക്കുന്ന ആശയം. ഇസ്‌ലാം മാത്രമേ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതമുള്ളൂ എന്നു പറയുമ്പോഴും ഇസ്‌ലാം സ്വീകരിക്കാത്തവരെയൊക്കെ നിഷ്‌കാസനം ചെയ്യുക എന്ന നിലപാട് അതിനില്ല. മതത്തിന്റെ കാര്യത്തിൽ ബലാൽക്കാരമില്ല. സത്യം അസത്യത്തിൽ നിന്ന് വേർതിരിഞ്ഞിരിക്കുന്നു എന്ന ഖുർആനിക സൂക്തം (അൽബഖറ:256) ഏറെ വിശ്രുതമാണല്ലോ. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരുടെ ആരാധ്യ വസ്തുക്കളെ ചീത്തപറയരുതെന്നാണ് ഖുർആനികാധ്യാപനം(അൻആം:108). ഇസ്‌ലാമിക പ്രമാണങ്ങളും പാരമ്പര്യ മുസ്‌ലിം സമൂഹങ്ങളും ഉയർത്തിപ്പിടിച്ച ഈ സംസ്‌കാരത്തിനെതിരെ ചിലരുന്നയിക്കുന്ന ഒറ്റപ്പെട്ട വാദങ്ങൾ ഇസ്‌ലാമല്ല.

വിശ്വസിക്കേണ്ട കാര്യങ്ങൾ വിശ്വസിക്കുകയും ആരാധനകൾ നിർവഹിക്കുകയും സ്വഭാവഗുണങ്ങൾ സ്വാംശീകരിക്കുകയും ചെയ്യുന്നവന് മരണശേഷം പരലോകത്ത് വെച്ച് സ്വർഗീയ ജീവിതം ലഭിക്കുന്നു. ഖുർആനിക സന്ദേശങ്ങളെ ധിക്കരിക്കുകയും പരിഹസിക്കുകയും ചെയ്തവർക്ക് കഠോരമായ ശിക്ഷ ലഭിക്കുന്നു. തിരുനബി സന്ദേശങ്ങളിൽ ഏറെ പ്രധാനെപ്പട്ടതും അവിടുന്ന് നിരന്തരമായി ഓർമപ്പെടുത്തിയതുമായ സംഗതിയാണ് പരലോകം. പരലോകത്തെക്കുറിച്ച് ഖുർആൻ ഓർമപ്പെടുത്തുന്നത് നോക്കൂ:

തീർച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിർണയിക്കപ്പെടുന്നതായിരിക്കും.

കാഹളത്തിൽ ഊതുകയും നിങ്ങൾ കൂട്ടമായി വരികയും ചെയ്യുന്ന ദിവസം.

ആകാശം തുറക്കപ്പെടുകയും പല കവാടങ്ങളായി തീരുകയും ചെയ്യും.

പർവതങ്ങൾ സഞ്ചരിക്കുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

തീർച്ചയായും നരകം അതിക്രമകാരികൾക്കായി കാത്തിരിക്കുന്നതും അവർക്ക് മടങ്ങിച്ചെല്ലാനുള്ളതുമായ സ്ഥലമാകുന്നു.

അതിൽ അവർ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും. കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ. അനുയോജ്യമായ പ്രതിഫലമത്രെ അത്.

അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുതള്ളുകയും ചെയ്തു.

ഏതുകാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു. അതിനാൽ നിങ്ങൾ (ശിക്ഷ) ആസ്വദിച്ചുകൊള്ളുക.തീർച്ചയായും ഞാൻ നിങ്ങൾക്ക് ശിക്ഷയല്ലാതെ വർധിപ്പിച്ചുതരികയില്ല.

തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്. അതായത് സ്വർഗത്തിലെ തോട്ടങ്ങളും മുന്തിരികളും തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികളും നിറഞ്ഞ പാത്രങ്ങളും.അവിടെ വെച്ച് അനാവശ്യമായ ഒരു വാക്കോ വ്യാജ വാർത്തയോ അവർ കേൾക്കുകയില്ല.

അത് രക്ഷിതാവിങ്കൽനിന്നുള്ള പ്രതിഫലവും കണക്കറ്റ സമ്മാനവുമാകുന്നു (78:17:36).

മരണശേഷം എന്ത് സംഭവിക്കും എന്ന് ഉറപ്പിച്ചുപറയാൻ  നമ്മുടെ മുന്നിൽ ഭൗതിക  മാർഗങ്ങളില്ല.  ജീവിതത്തിൽ ഒരിക്കലും കളവ് പറയാത്ത ഒരു വ്യക്തി അനുഭവയാഥാർത്ഥ്യം പോലെ അത് വിശദീകരിച്ച് തന്നിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കുകയേ നമുക്ക് നിർവാഹമുള്ളൂ.

“നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിൽനിന്ന് തെളിവുകൾ വന്നിരുന്നു. ആരെങ്കിലും അത് കണ്ടെത്തുന്നുവെങ്കിൽ അവന് നല്ലത്. ആരെങ്കിലും അന്ധത നടിച്ചാൽ അവന് നാശം’ (അൻആം-104).

(നബിയേ) ജനങ്ങൾക്ക് വേണ്ടി അങ്ങയുടെ മേൽ ഞാൻ ഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു. അതിൽനിന്ന് ആരെങ്കിലും സന്മാർഗം പ്രാപിക്കുന്നുവെങ്കിൽ അവന് നല്ലത്; ആരെങ്കിലും വഴിപിഴക്കുന്നുവെങ്കിൽ അവന് തന്നെയാണ് വഴികേടിന്റെ നാശം. ആരെയും നിർബന്ധിച്ച് സന്മാർഗത്തിലാക്കേണ്ട ബാധ്യതയൊന്നും നിങ്ങൾക്കില്ല (സുമർ 41). ഇങ്ങനെ മാനവനെ അടിമുടി വിശുദ്ധനാക്കുന്ന ദിവ്യപ്രകാശമാണ് പ്രവാചകർ(സ്വ) പ്രസരിപ്പിച്ചത്. ഈ വെളിച്ചത്തിന്റെ തീരത്തണയുന്നവരാണ് വിജയികൾ.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ