പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആത്യന്തിക വിജയം നേടുമോയെന്ന ചോദ്യത്തിന് വരും ദിനങ്ങൾ ഉത്തരം നൽകേണ്ടതാണ്. ഫാസിസ്റ്റുവത്കരിക്കപ്പെട്ട ഒരു സർക്കാറും ആ ഭരണസംവിധാനത്തിന്റെ യുക്തികൾക്ക് കീഴ്‌പ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന ഒരു നീതിവ്യവസ്ഥയും നിലനിൽക്കുമ്പോൾ ഈ നയമം പൂർണമായി പിൻവലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് അമിത വിശ്വാസമായിരിക്കാം. എന്നാൽ മറ്റൊരർഥത്തിൽ ഈ പ്രക്ഷോഭം അതിന്റെ ദൗത്യം പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഈ പ്രക്ഷോഭം ഇങ്ങനെ ഒറ്റക്കെട്ടായ മുന്നേറ്റമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണല്ലോ കേന്ദ്രമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ പറഞ്ഞത്. മുസ്‌ലിംകൾ മാത്രം തെരുവിലിറങ്ങുമെന്നും അത് വിഭാഗീയമായ പ്രക്ഷോഭമായി ഒടുങ്ങുമെന്നുമാണ് കരുതിയതെന്നും കേന്ദ്ര മന്ത്രി പറയുകയുണ്ടായി. അത് അദ്ദേഹത്തിന്റെ ബുദ്ധിശൂന്യത മാത്രമാണെന്നും രാജ്യത്തിന്റെ പാരമ്പര്യത്തെ കുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കുമറിയില്ലെന്നുമാണ് പ്രക്ഷോഭനിരയിലെ പ്രമുഖർ ബല്യാന് മറുപടി നൽകിയത്. അങ്ങനെയുള്ള തുറന്നുപറയൽ പൊതുവേ സംഘ്പരിവാറുകാരിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒന്നായിരിക്കാം. പക്ഷേ, അതൊരിക്കലും വിഡ്ഢിത്തമായിരിന്നില്ല. ഈ രാജ്യത്തെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലാഞ്ഞിട്ടുമല്ല. പ്രതികരണ ശേഷിയുള്ള പൗരസമൂഹം ഇന്ത്യയിൽ അസ്തമിച്ചു കഴിഞ്ഞുവെന്ന വിശ്വാസത്തിൽ തന്നെയാണ് അമിത് ഷാ പൗരത്വ വിഭജന നിയമം കൊണ്ടു വന്നത്. ജനങ്ങളെ വർഗീയമായി വിഭജിക്കാൻ ദശകങ്ങളായി സംഘ്പരിവാർ രാഷ്ട്രീയം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ ശ്രമങ്ങൾക്ക് മഹാപ്രതിരോധം തീർത്തത് കൊണ്ടാണ് ഗാന്ധിജിയെ അവർ കൊന്നു തള്ളിയത്. എണ്ണമറ്റ കലാപങ്ങൾ, വംശഹത്യകൾ, മസ്ജിദ് ധ്വംസനങ്ങൾ, സ്വതന്ത്ര ചിന്തകരെ വകവരുത്തൽ, മിഷണറിമാരെ ചുട്ടു കൊല്ലൽ, ചരിത്രത്തെ വളച്ചൊടിക്കൽ, നുണ പടച്ചുവിടൽ എല്ലാം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സംഘ്പരിവാർ. മതേതര ഉള്ളടക്കമുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികളെപ്പോലും ആശയക്കുഴപ്പത്തിലാക്കാൻ അവർക്ക് സാധിച്ചു. ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്തിൽ മൃദു ഹിന്ദുത്വ നയങ്ങൾ സ്വീകരിക്കാൻ ഈ പാർട്ടികൾ തയ്യാറായി. അതോടെ തങ്ങൾ നടത്തിയ സോഷ്യൽ എൻജിനീയറിംഗ് ആഴത്തിൽ വേരൂന്നിയെന്ന് സംഘ്പരിവാറിന് മനസ്സിലായി.
ഒന്നാം മോദി സർക്കാറിന്റെ അടിത്തറ വർഗീയ വിഭജനവും ഗുജറാത്ത് വംശഹത്യയുമായിരുന്നുവെങ്കിലും അതിൽ വികസനത്തിന്റെയും പരമ്പരാഗത രാഷ്ട്രീയ വാഗ്ദാനങ്ങളുടെയും സാന്നിധ്യമുണ്ടായിരുന്നു. നരേന്ദ്ര മോദിയെ വികാസ് പുരുഷനായും ഗുജറാത്തിനെ വികസന മാതൃകയായുമാണല്ലോ അവതരിപ്പിച്ചത്. യു പി എ സർക്കാറുകളുടെ അഴിമതിയും വിഷയീഭവിച്ചു. വർഗീയ വിഭജനം സമ്പൂർണമായില്ലെന്ന വിലയിരുത്തലിലാണ് കള്ളപ്പണം തിരികെ കൊണ്ടുവന്ന് എല്ലാവരുടെയും അക്കൗണ്ടുകളിൽ ഇട്ടു തരുമെന്നൊക്കെ പ്രഖ്യാപിച്ചത്. എന്നാൽ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നത് വർഗീയ പ്രചാരണത്തിന്റെ മാത്രം പിൻബലത്തിലാണ്. ബാലാകോട്ട് ആക്രമണം പോലുള്ള തീവ്രവലതുപക്ഷ അതിദേശീയതാ പ്രചാരണങ്ങളാണ് ഉപയോഗിച്ചത്. അതിനിടക്ക് രാഹുൽ ഗാന്ധിയുടെ ചൗക്കീദാർ ചോർ ഹേ മുദ്രാവാക്യം മങ്ങിപ്പോയി. മുഖ്യധാരാ മാധ്യമങ്ങളും കോർപറേറ്റുകളും സമ്പൂർണമായി മോദിയിലേക്ക് ചാഞ്ഞു. അതോടെ അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചു. രണ്ടാം മോദി സർക്കാർ ചുട്ടെടുത്ത നിയമങ്ങളിലെല്ലാം ഈ ആത്മവിശ്വാസത്തിന്റെ തീക്കനൽ കാണാം. ഭരണകൂടം പിടിച്ചെടുത്ത് കഴിഞ്ഞുവെന്നും എതിർ സ്വരം അപ്രസക്തമായെന്നും അവർ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ആ സംസ്ഥാനത്തെ ഛിന്നഭിന്നമാക്കുകയും ചെയ്തപ്പോൾ എത്ര ദുർബലമായിരുന്നു പ്രതികരണം. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു. തെരുവുകളിൽ ഒരു പ്രതിഷേധവും അലയടിച്ചില്ല. യു എ പി എ നിയമ ഭേദഗതി രാജ്യത്തെ ഏറ്റവും ക്രൂരമായ കരിനിയമമായിരുന്നുവല്ലോ. ശരിയായ വിശകലനം പോലും അതു സംബന്ധിച്ച് നടന്നില്ല. മുത്വലാഖ് നിരോധന നിയമം വന്നു. മുസ്‌ലിം സംഘടനകൾ പോലും വേണ്ടവിധം പ്രതിഷേധിച്ചില്ല. ബാബരി മസ്ജിദ് കേസിലെ വിധി കോടതിയെ കീഴ്‌പ്പെടുത്തിയ പൊതു ബോധത്തിന്റെ നിദർശനമായി. സമാധാനത്തിന്റെ പേരിൽ, നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനത്തിന്റെ പേരിൽ ആ വിധിക്കു മുമ്പിലും ഇന്ത്യൻ ജനത സ്തംഭിച്ചു നിന്നു. ഈ നിസ്സംഗതയാണ് പൗരത്വ വിഭജന നിയമത്തിലേക്കുള്ള വഴി തുറന്നത്. ഇതു തന്നെ സമയമെന്ന് ഹിന്ദുത്വം ഉറപ്പിച്ചു. ചോദ്യങ്ങൾ അസ്തമിക്കുമ്പോഴാണല്ലോ ഏകാധിപത്യം ഉദിക്കുക. ചോദ്യങ്ങൾ ചോദിക്കാൻ അശക്തരും അലസരുമായ ഒരു ജനതയെ സൃഷ്ടിച്ചു കഴിഞ്ഞുവെന്ന അമിതാത്മവിശ്വാസത്തിന്റെ പാറപ്പുറത്ത് നിന്നാണ് അമിത് ഷാ ആക്രോശിച്ചത്. അസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോകുന്ന ഒരു ഹിന്ദുവും വിഷമിക്കേണ്ടതില്ല, അവർക്കായി എന്റെ കൈയിൽ നിയമമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമാക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഹിന്ദുക്കളടക്കം ആറ് മതവിഭാഗങ്ങൾക്ക് ആത്മവിശ്വാസവും മുസ്‌ലിംകൾക്ക് അപകർഷതയും അന്യതയും സൃഷ്ടിക്കുക വഴി കാലാകാലത്തേക്കുമുള്ള വർഗീയ വിഭജനമായിരുന്നു ലക്ഷ്യം. ഞങ്ങൾക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നാണല്ലോ, 35 ശതമാനം വോട്ടിന്റെ ബലത്തിൽ ഇവർ ആക്രോശിക്കാറുള്ളത്. ഈ ശതമാനം അമ്പതിനും അപ്പുറത്തേക്ക് കൊണ്ടു പോകാനും ബാലറ്റ് പേപ്പർ തിരിച്ചു വന്നാലും നിതാന്തമായി ജയിക്കാനുമുള്ള തന്ത്രമായിരുന്നു പൗരത്വ വിഭജന നിയമം.
പക്ഷേ, എല്ലാം പാളിപ്പോയി. കാമ്പസുകളിൽ നിന്ന് പടർന്ന പ്രക്ഷോഭ ജ്വാല ഇന്ത്യൻ പൗര സമൂഹത്തിന്റെ ആലസ്യത്തിലേക്ക് കത്തിക്കയറി. ഈ നാടിന്റെ തനതായ പാരമ്പര്യം ഒരു നിമിഷം സടകുടഞ്ഞെഴുന്നേറ്റു. അന്തസ്സുള്ള മനുഷ്യർ ഒറ്റക്കെട്ടായി തെരുവിലിറങ്ങി. പ്രതികരണ ക്ഷമത അസ്തമിച്ചു കഴിഞ്ഞില്ലെന്ന് തെളിയികുയായിരുന്നു. ഹിന്ദുത്വം ശരിക്കും പകച്ചു പോയി. ആ പകപ്പാണ് സഞ്ജീവ് കുമാർ ബല്യാന്റെയും പ്രധാനമന്ത്രി മോദിയുടെയുടെയും വാക്കുകളിൽ മുഴച്ചു നിൽക്കുന്നത്. പ്രക്ഷോഭകരുടെ വേഷം കണ്ടാലറിയാമെന്ന് നെറികെട്ട വാക്കുകൾ തുപ്പിയ പ്രധാനമന്ത്രിക്ക് മുമ്പിൽ യുവാക്കൾ അർധനഗ്നരായി നിന്നു, മുദ്രാവാക്യം മുഴക്കി. നെറ്റിയിലെ കുറി മായ്ച്ച് കളഞ്ഞ് പെൺകുട്ടികൾ ബുർഖയണിഞ്ഞു: കാൻ യു ഐഡിറ്റിഫൈ മി നൗ എന്ന് അവർ ചോദിച്ചു. നിറ തോക്കിന് മുമ്പിൽ നിസ്‌കരിക്കുന്ന മുസ്‌ലിംകൾക്ക് ഇതര മനുഷ്യർ കാവൽ നിന്നു. ഇന്ത്യയുടെ ബഹുസ്വര ദേശീയത, സ്വതന്ത്ര്യ സമരകാലത്തേതിന് സമാനമായി ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. ഹിന്ദുത്വ ഫാസിസത്തിനുള്ള ചുട്ട മറുപടിയാണ് ഈ പ്രക്ഷോഭം. ഈ ജനതയെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത എല്ലാവർക്കുമുള്ള മറുപടി. സംശയാലുക്കളായ മുഖ്യധാരാ പാർട്ടികൾക്ക്, മതതീവ്രവാദം കുത്തിച്ചെലുത്താൻ ശ്രമിക്കുന്നവർക്ക്, സവർണ ബോധ്യത്തിന്റെ കണ്ണടയിൽ മാത്രം കാര്യങ്ങൾ കാണുന്നവർക്ക്, കുടിയേറ്റവിരുദ്ധർക്ക്… എല്ലാവർക്കുമുള്ള ഉത്തരം ഈ പ്രക്ഷോഭം കരുതിവെച്ചിട്ടുണ്ട്. അത്‌കൊണ്ട് ഇനിയൊരു കാടൻ നിയമം കൊണ്ടു വരുമ്പോൾ ഈ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനസ്സിൽ ഒരു ഞെട്ടലായി ഈ പ്രക്ഷോഭത്തിന്റെ ഇരമ്പലുണ്ടാകും. ഞാൻ, എന്റെ ഭാര്യ, എന്റെ തട്ടാൻ, എന്റെ പമേറിയൻ പട്ടിക്കുട്ടിയെന്ന മനോഭാവത്തിൽ നിന്ന് ഈ ജനതയെ ഉണർത്തിയതിന് മോദിയോടും ഷായോടും നാം കടപ്പെട്ടിരിക്കുന്നു.
ഝാർഖണ്ഡിൽ കണ്ടത്
ഈ പ്രക്ഷോഭം എന്ത് രാഷ്ട്രീയ ഫലമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് അടിയന്തിരമായി കിട്ടിയ ഉത്തരമാണ് ഉത്തരഖണ്ഡിലെ മഹാസഖ്യത്തിന്റെ വിജയം. ഝാർഖണ്ഡിൽ ഭരണത്തുടർച്ച തേടി തിരഞ്ഞെടുപ്പിനെ ബി ജെ പിയെ 25 സീറ്റുകളിൽ ഒതുക്കി, ഝാർഖണ്ഡ് മുക്തി മോർച്ച (ജെ എം എം) കോൺഗ്രസ്, ആർ ജെ ഡി മഹാസഖ്യം 81ൽ 47 സീറ്റ് നേടി കേവല ഭൂരിപക്ഷം(41) നേടുകയായിരുന്നു. ആർക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനം. ഇത് വിശ്വസിച്ച് ഝാർഖണ്ഡ് വികാസ് മോർച്ചയുടെയും എ ജെ എസ് യുവിന്റെയും പിന്തുണയോടെ സർക്കാർ രൂപവത്കരണത്തിനു വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ബി ജെ പി ചർച്ചകൾ ആരംഭിക്കുകയും ചെയ്തിരുന്നു. മഹാസഖ്യം ഭരണം ഉറപ്പിച്ചതോടെയാണ് ഈ ശ്രമത്തിൽ നിന്ന് പിൻവലിഞ്ഞത്. കഴിഞ്ഞ തവണ ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്‌സ് യൂനിയനു (എ ജെ എസ്‌യുമായി സഖ്യത്തിൽ മത്സരിച്ച ബി ജെ പി സ്വന്തമായി 37 സീറ്റുകൾ നേടിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14ൽ 11 സീറ്റ് നേടി മേൽക്കൈ കൈവരിച്ചതുമാണ്. അന്ന് 58 ശതമാനം വോട്ട് കരസ്ഥമാക്കിയ പാർട്ടിയുടെ വോട്ടിംഗ് നില ഇത്തവണ 33.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഭരണം നഷ്ടപ്പെട്ടതിനു പുറമെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന രഘുബർ ദാസിന്റെയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവയുടെയും കനത്ത പരാജയവും പാർട്ടിക്ക് ആഘാതമായി. കേന്ദ്രഭരണത്തിന്റെ കൂടി ആനുകൂല്യത്തോടെ 65 സീറ്റ് നേടുമെന്ന അവകാശവാദത്തിലും പ്രതീക്ഷയിലുമാണ് പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഝാർഖണ്ഡിലെ വിജയത്തെ ജനാധിപത്യ മൂല്യങ്ങളുടെ വലിയ തിരിച്ചു വരവായി കാണുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാറ്റിനിർത്തി വർഗീയതയിലൂന്നിയ വിഷയങ്ങളിലൂടെ എക്കാലവും ജനങ്ങളെ കൂടെ നിർത്താമെന്ന ബി ജെ പിയുടെ കണക്കുകൂട്ടലിനു തിരിച്ചടിയാണ് ഝാർഖണ്ഡ് ഫലം. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു കളമൊരുങ്ങിയ സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പെന്ന നിലയിൽ ക്ഷേത്ര നിർമാണവും മുത്വലാഖ്, ബാബരി കേസ് വിധി തുടങ്ങിയവയുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ ബി ജെ പിയുടെ മുഖ്യചർച്ചാ വിഷയം. പഞ്ചഘട്ട തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ പൗരത്വ ഭേദഗതി ബില്ലും കടന്നു വന്നു. പൗരത്വ ഭേദഗതിക്കെതിരായ സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നു മോദി പ്രസംഗിച്ചത് ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു. കോൺഗ്രസ്, ജെ എം എം മുന്നണി മുന്നോട്ടു വെച്ച പട്ടിണി, തൊഴിലില്ലായ്മ, ആദിവാസി മേഖലകളോടുള്ള അവഗണന തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വോട്ടർമാരെ ആകർഷിച്ചത്. എന്നുവെച്ചാൽ വ്യാജ വിഷയങ്ങളിൽ കുടുങ്ങിപ്പോകുന്ന പതിവിന് വലിയ മാറ്റം സാധ്യമായിരിക്കുന്നു. രണ്ടാമത്തെ കാര്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പ്രതിഫലിച്ചുവെന്നതാണ്. അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടന്ന നഗര പ്രദേശങ്ങളിലെ തിളക്കമാർന്ന മുന്നേറ്റത്തിലൂടെ ഭരണം പിടിക്കാമെന്നായിരുന്നു ബി ജെ പിയുടെ കണക്കു കൂട്ടൽ. എന്നാൽ പ്രതീക്ഷിച്ച വിജയം അവിടെ ഉണ്ടാക്കാനായില്ല. എൻ ആർ സി ഭീതി എല്ലാ മനുഷ്യരെയും പിടികൂടിയിരുന്നുവെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം 20 ആൾക്കൂട്ട കൊലപാതകങ്ങളാണ് ഝാർഖണ്ഡിലുണ്ടായത്. ഇവരിൽ 11 പേരും മുസ്‌ലിംകളായിരുന്നു. പശു സംരക്ഷണ സംഘത്തിന്റെ ആക്രമണമേറ്റായിരുന്നു ഇവരുടെ മരണങ്ങൾ.
മോദിയുടെ നെഞ്ചളവുകൊണ്ട് രക്ഷപ്പെടാമെന്ന ധാരണക്ക് കാര്യമായ മങ്ങലേറ്റിരിക്കുന്നുവെന്നു കൂടി വ്യക്തമാക്കുന്നു ഝാർഖണ്ഡ് ഫലം. 2014ൽ മോദി തരംഗത്തിലാണ് സംസ്ഥാനത്ത് 37 സീറ്റുകൾ നേടി എ ജെ എസ് യുവിന്റെ സഹായത്തോടെ ബി ജെ പി സർക്കാർ രൂപവത്കരിച്ചത്. ഇത്തവണ മോദിയും അമിത് ഷായും റാലികളെ അഭിസംബോധന ചെയ്ത ഝാർഖണ്ഡിലെ മിക്ക മണ്ഡലങ്ങളും ബി ജെ പിക്ക് നഷ്ടപ്പെടുകയാണുണ്ടായത്. 18 റാലികളിലാണ് ഇരുവരും പങ്കെടുത്തത്. ഓരോരുത്തരും ഒമ്പതെണ്ണത്തിൽ വീതം. ഇവയിൽ 16 മണ്ഡലങ്ങളിലും ബി ജെ പിക്കു തോൽവിയായിരുന്നു. 2014ൽ ഏഴ് സംസ്ഥാനങ്ങൾ മാത്രം കൈവശമുണ്ടായിരുന്ന ബി ജെ പിയുടെ ആധിപത്യം 2018ൽ 21 സംസ്ഥാനങ്ങളിലേക്ക് ഉയർന്നത് മോദിപ്രഭാവമെന്ന മരീചിക പൊലിപ്പിച്ചു കൊണ്ടു കൂടിയായിരുന്നു. ഒരു വർഷത്തിനിടെ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ബി ജെ പിക്ക് ഭരണം നഷ്ടമായിരുന്നു. 2017ൽ ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങൾ മുഴുവൻ ബി ജെ പി ഭരണത്തിലായിരുന്നു. ജമ്മു കശ്മീരിലും സിക്കിമിലും നാല് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രാപ്രദേശിലും ഭരണമോ, ഭരണപങ്കാളിത്തമോ ഉണ്ടായിരുന്നു. അന്ന് രാജ്യത്തിന്റെ 70 ശതമാനത്തോളമുണ്ടായിരുന്ന ബി ജെ പിയുടെ ഭരണ സാന്നിധ്യം ഝാർഖണ്ഡ് കൂടി കൈവിട്ടതോടെ 37 ശതമാനത്തിലേക്കും പാർട്ടിക്ക് ഭരണ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 15ലേക്കും ചുരുങ്ങി.
കുത്തഴിയുന്ന എൻഡിഎ
രാജ്യസഭയിലും ലോക്‌സഭയിലും പൗരത്വ വിഭജന ബില്ലിനെ പിന്തുണച്ച നിരവധി പാർട്ടികൾ മാറിച്ചിന്തിക്കുന്നവെന്നത് ഈ പ്രക്ഷോഭത്തിന്റെ വിജയമായി തന്നെ കാണേണ്ടതാണ്. എൻ ഡി എയിലെ 13 ഘടക കക്ഷികളിൽ പത്ത് പാർട്ടികൾ ഇതിനകം എൻ ആർ സി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വന്നു കഴിഞ്ഞു. ജനതാദൾ യുനൈറ്റഡ് ബിഹാറിൽ എൻ ആർ സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അകാലി ദലിന്റെതായിരുന്നു കൂടുതൽ രാഷ്ട്രീയ ഉള്ളടക്കമുള്ള പ്രതികരണം. അവരുടെ വോട്ട് ബേങ്കായ സിഖുകാരെ ബില്ലിലുൾപ്പെടുത്തിയിട്ടും അവർ തൃപ്തരായില്ല. മുസ്‌ലിംകളെ ഒഴിവാക്കുന്നതിന്റെ ന്യായമെന്തെന്നായിരുന്നു അവരുടെ ചോദ്യം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബി ജെ പി ഘടക കക്ഷികളും എൻ ആർ സിയെ തള്ളിപ്പറയുന്നു. തമിഴ്‌നാട്ടിൽ അത് നടപ്പാക്കരുതെന്നു എൻ ഡി എ സഖ്യകക്ഷിയായ പാട്ടാളി മക്കൾ കച്ചിയുടെ ജനറൽ കൗൺസിൽ പ്രമേയം പാസ്സാക്കി. പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ പാർട്ടി അംഗം അൻപുമണി രാംദാസ് അനുകൂലിച്ചായിരുന്നു വോട്ട് ചെയ്തിരുന്നത്. തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കില്ലെന്ന് കേന്ദ്ര മന്ത്രിസഭയിലെ ബി ജെ പി പ്രതിനിധി നിലോഫർ കഫീലും പ്രഖ്യാപിച്ചു.
ബി ജെ പിയിൽ തന്നെയും ഇതുസംബന്ധിച്ചു എതിർ സ്വരങ്ങളുയർന്നിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയിലെ മതവിവേചനത്തെ പശ്ചിമ ബംഗാൾ ബി ജെ പി വൈസ് പ്രസിഡന്റും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനുമായ ചന്ദ്രകുമാർ ബോസ് ട്വിറ്റിലൂടെ ചോദ്യം ചെയ്യുകയുണ്ടായി. നിയമ ഭേദഗതി മതവുമായി ബന്ധപ്പെട്ടതല്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുമ്പോൾ എന്തുകൊണ്ട് ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന മതങ്ങളെ മാത്രം ഉൾപ്പെടുത്തുകയും മുസ്‌ലിംകളെ ഒഴിവാക്കുകയും ചെയ്തു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സ്വന്തം നാട്ടിൽ വേട്ടയാടപ്പെടുന്നില്ലെങ്കിൽ അയൽ രാജ്യങ്ങളിലെ മുസ്‌ലിംകൾ ഇന്ത്യയിലേക്ക് വരില്ലായിരുന്നുവെന്നും അവരെ മാറ്റിനിർത്തിയത് ശരിയായില്ലെന്നും ഇന്ത്യയെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്യാൻ പാടില്ലായിരുന്നുവെന്നും ബോസ് പറയുന്നു. എൻ ആർ സിക്കെതിരെ പ്രതിഷേധിക്കുന്ന മുസ്‌ലിംകളോട് പാക്കിസ്ഥാനിൽ പോകണമെന്നു ആക്രോശിച്ച യു പി പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ സിംഗിനെതിരെ നടപടി വേണമെന്ന ബി ജെ പി നേതാവ് മുക്താർ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനയിൽ നിയമ ഭേദഗതിയോടുള്ള അനിഷ്ടം വായിച്ചെടുക്കുന്നുണ്ട് നിരീക്ഷകർ. പശ്ചിമബംഗാളിൽ സനാതൻ ബ്രാഹ്മണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹൈന്ദവ സന്യാസിമാർ പ്രതിഷേധം സംഘടിപ്പിച്ചുവെന്നതും ഇവരിൽ പലരും സംഘ്പരിവാരുമായി അടുത്ത ബന്ധമുള്ളവരായിരുന്നുവെന്നും കാണേണ്ടതാണ്. കൊൽക്കത്ത നഗരത്തിലെ മയോറോഡിലെ ഗാന്ധിപ്രതിമക്കരികിൽ സമ്മേളിച്ചാണ് അവർ ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ ശക്തിയായി പ്രതികരിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ള, ഒരു മതവിഭാഗത്തെ മാത്രം രാജ്യത്ത് നിന്ന് പുറംതള്ളാൻ ലക്ഷ്യമിട്ടുള്ള ഈ നിയമം അംഗീകരിക്കാനാകില്ലെന്നു പ്രതിഷേധത്തിനു നേതൃത്വം നൽകിയ സനാതൻ ബ്രാഹ്മണ ട്രസ്റ്റ് സെക്രട്ടറി ശ്രീധർ മിശ്ര വ്യക്തമാക്കി. പിണറായിയും മമതാ ബാനർജിയും ഈ നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും എൻ ആർ സിയും എൻ പി ആറും കൊണ്ട് ഇങ്ങോട്ട് വരേണ്ടെന്നും പ്രഖ്യാപിക്കുന്നത് പ്രക്ഷോഭം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ ഭൂമികയിൽ നിന്നു കൊണ്ടാണ്. ഈ പ്രക്ഷോഭം ശിഥിലവും ദുർബലവുമായിരുന്നില്ലെങ്കിൽ ഈ നേതാക്കൾ ഇങ്ങനെ നട്ടെല്ലുറപ്പ് പ്രകടിപ്പിക്കില്ലായിരുന്നു, രമേശ് ചെന്നിത്തലയെന്ന നിലപാടുള്ള പ്രതിപക്ഷ നേതാവുണ്ടാകില്ലായിരുന്നു. സമരം ജനസാഗരമായിരുന്നില്ലെങ്കിൽ എല്ലാവരും മുല്ലപ്പള്ളിമാരാകുമായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽ ഫാൻസ് അസോസിയേഷൻ ഉണ്ടാകുമായിരുന്നു.
യു പി വംശഹത്യ
എൻ ആർ സിക്ക് പിന്തുണ ശേഖരിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു സോഷ്യൽ മീഡിയാ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ മോദിയും ഷായും നടത്തുന്നതും മുസ്‌ലിംകളാരും പുറത്ത് പോകേണ്ടി വരില്ലെന്ന ക്രൂരമായ സമാശ്വാസം ചൊരുയുന്നതുമെല്ലാം പ്രക്ഷോഭം അതിന്റെ ദൗത്യം നിർവഹിക്കുന്നുവെന്നതിന് തെളിവാണ്. ഈ പ്രക്ഷോഭത്തെ എത്രമാത്രം ഭയക്കുന്നുവെന്ന് മനസ്സിലാക്കാൻ യു പിയിൽ നടക്കുന്ന സംഭവവികാസങ്ങൾ മാത്രം നോക്കിയാൽ മതിയാകും. 1984ൽ ഡൽഹിയും 2002ൽ ഗുജറാത്തും നേരിട്ട ക്രൂരമായ വംശഹത്യയുടെ മറ്റൊരു മുഖമാണ് യോഗി ആദിത്യനാഥ് ഭരണകൂടം യു പിയിൽ നടപ്പാക്കുന്നത്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരുടെ സ്വത്തുവകകൾ കണ്ടെത്തി ലേലം ചെയ്യുമെന്നാണ് പ്രഖ്യാപനം. സാമ്പത്തികമായി തകർക്കുകയാണ് ലക്ഷ്യം. പ്രക്ഷോഭം നടന്ന തെരുവുകളിലെ മുസ്‌ലിംകളുടെ കച്ചവട സ്ഥാപനങ്ങൾ കണ്ടു കെട്ടുന്നു. പൊതു മുതൽ നശിപ്പിച്ചതിനുള്ള പണം ഈടാക്കാനാണത്രേ.
പ്രതിഷേധത്തിന്റെ മറവിൽ ഭരണകൂടം അറസ്റ്റ് ചെയ്തവരിൽ വലിയൊരു വിഭാഗം പതിനെട്ട് വയസ്സ് തികയാത്ത കുട്ടികളാണ്. മദ്‌റസയിൽ നിന്ന് മടങ്ങുന്നതിനിടെ പോലീസിന്റെ മർദനമേറ്റ വിദ്യാർഥികൾ നിരവധി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാകെ വേട്ട ശക്തമാണ്. മുസ്‌ലിം വീടുകളിൽ കടന്നുകയറി പോലീസ് സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആക്രമിച്ചതിന്റെയും സ്വത്തുക്കൾ കൊള്ളയടിച്ചതിന്റെയും നശിപ്പിച്ചതിന്റെയും റിപ്പോർട്ടുകൾ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പോലീസ് വെടിവെപ്പിലും മറ്റും പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നതിന് വരെ അദൃശ്യമായ വിലക്കേർപ്പെടുത്തിക്കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനോ മതനിയമാനുസൃതം മറമാടാനോ പോലും പോലീസ് അനുവദിക്കുന്നില്ല. കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും നൽകുന്നില്ല. ആശയവിനിമയ സംവിധാനങ്ങൾക്ക് കടിഞ്ഞാണിട്ടതിനാൽ യു പിയിലെ മർദിതരുടെ വേദനകൾ പുറം ലോകമറിയാതെ കുഴിച്ചുമൂടപ്പെടുകയാണ്. രാജ്യത്തുനിന്ന് പുറത്താക്കപ്പെടുന്നവരെ അടച്ചുപൂട്ടാൻ ഡിറ്റൻഷൻ ക്യാമ്പുകൾ നിർമിക്കുന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ, ഒരു സംസ്ഥാനമാകെ ഒരു പ്രത്യേക മതവിഭാഗത്തെ തടവിലാക്കാനുള്ള ഡിറ്റൻഷൻ ക്യാമ്പായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതുവരെ ഇരുപത്തൊമ്പതോളം പേർ പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും മരിച്ചത് വെടിയുണ്ടകളേറ്റാണെന്ന റിപ്പോർട്ടും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. എഫ് ഐ ആറുകളിൽ വിവേചനം വ്യക്തമാണ്. പ്രക്ഷോഭകാരികൾക്കെതിരെ എല്ലാ തെളിവുമുണ്ട്. പോലീസിനെതിരെ ഒരു തെളിവുമില്ല. വരും ദിവസങ്ങളിൽ, ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കപ്പെടുന്നതോടെ പോലീസ് തേർവാഴ്ചയുടെ കൂടുതൽ ദൃശ്യങ്ങൾ കണ്ട് കരൾ പിളരാനാകും നമ്മുടെ വിധി. ആരാണ് യോഗി എന്നറിയുമ്പോൾ ഇതൊന്നും യാദൃച്ഛികമോ പ്രക്ഷോഭം കൊണ്ടുണ്ടായതോ അല്ലെന്ന് നമുക്ക് ബോധ്യമാകും. മുസ്‌ലിം സ്ത്രീകളെ അവരുടെ കുഴിമാടങ്ങളിൽ നിന്ന് മാന്തി പുറത്തെടുത്ത് ബലാത്സംഗം ചെയ്യൂ എന്ന് അണികളോട് ആഹ്വാനം ചെയ്തയാളാണ് ഈ കാഷായ വേഷധാരി. തനിക്ക് അവസരം ലഭിച്ചാൽ രാജ്യത്തെ എല്ലാ പള്ളികളിലും ഹിന്ദു ദേവന്മാരെ പ്രതിഷ്ഠിക്കുമെന്ന് പ്രഖ്യാപിച്ചയാൾ. അയാളെ എന്തിനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള സംസ്ഥാനത്ത് മുഖ്യമന്ത്രിയാക്കിയതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
കേൾക്കുന്നില്ലേ, കരസേനാ മേധാവി രാഷ്ട്രീയം പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അത്തരമൊരാളെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആക്കിയിരിക്കുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദു മുസ്‌ലിം ഐക്യമാണ് ബഹദൂർ ഷാ രണ്ടാമനെ ഡൽഹിയിൽ വാഴിച്ചത്. അതിന് പിറകേയാണ് ബ്രിട്ടീഷുകാർ വിഭജിച്ച് ഭരിക്കൽ ഏറ്റവും ക്രൂരമായി നടപ്പാക്കിയത്. ആ തന്ത്രങ്ങളാണ് രാജ്യത്തെ വിഭജിച്ചത്. അതിന്റെ ഫലമാണ് നാം ഇന്നും അനുഭവിക്കുന്നത്. സാമ്രാജ്യത്വത്തിന് പാദസേവ ചെയ്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അത്‌കൊണ്ട് വിഭജനത്തിന്റെ പുതിയ കുടിലകതകൾ വന്നു കൊണ്ടേയിരിക്കും. നിരുപാധികമായ ഐക്യനിര തന്നെയാണ് പരിഹാരം. പോരാട്ടമാണ് പ്രതീക്ഷ.