രാജ്യത്തെ അസഹിഷ്ണുതയില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു ബീഹാര്‍ പോലീസ്. പല കോണുകളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പോലീസിന് അതുമായി മുന്നോട്ടുപോകാനായില്ല. അധികാരത്തിലെ രണ്ടാമൂഴത്തില്‍ തങ്ങളുടെ അജണ്ടകള്‍ കൃത്യമായ ആസൂത്രണത്തോടെയും വ്യക്തമായ പദ്ധതികളോടെയും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നതിന്‍റെ പ്രത്യക്ഷ തെളിവാണ് എതിര്‍ ശബ്ദങ്ങള്‍ക്കു നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള കേസുകള്‍. തങ്ങള്‍ക്ക് അനഭിമതരായവരെ അപരരായി ചിത്രീകരിച്ചും എതിര്‍ വാദങ്ങളുയര്‍ത്തുന്നവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയും ഏകശിലാത്മകമായ ഇന്ത്യ എന്ന സങ്കല്‍പത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ് ഭരണകൂടം.
അപ്പങ്ങള്‍ ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് പാര്‍ലമെന്‍റില്‍ ബില്ലുകള്‍ പാസ്സാക്കുന്നത് ഓര്‍ഡിനന്‍സുകളിറക്കുന്നതും. കഴിഞ്ഞ ബജറ്റ് സമ്മേളന കാലയളവില്‍ മാത്രം പാസാക്കിയത് 32 ബില്ലുകളാണ്. രാജ്യത്തിന്‍റെ 17 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബജറ്റ് സമ്മേളന കാലയളവില്‍ ഇത്രയധികം ബില്ലുകള്‍ തീരുമാനമാകുന്നത്. അതും ഏറെ കോളിളക്കം സൃഷ്ടിച്ച മുത്വലാഖ് ബില്‍, എന്‍ഐഎ ഭേദഗതി ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍, ജമ്മുകശ്മീര്‍ പുന:സംഘടനാ ബില്‍ തുടങ്ങി അതിപ്രധാനമായവയാണ് ഈ കാലയളവില്‍ ലോക്സഭ കടന്നത്. അപ്രകാരം തന്നെ തങ്ങളുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നവരെയൊക്കെ കൃത്യമായ ആസൂത്രണത്തോടെ ജയിലറകളിലേക്ക് യാത്രയാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരം, അനധികൃത പണമിടപാട് നടത്തിയെന്ന ആരോപണത്തിന്മേല്‍ ഡികെ ശിവകുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അവസാനമായി സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാനും കലാപത്തില്‍ കമല്‍നാഥിന്‍റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു.
ബില്ലുകളുടെ ആധിക്യം ആശങ്കകള്‍ സൃഷ്ടിക്കുമ്പോഴും സ്വന്തം നേതാക്കള്‍ക്കെതിരെ ഭരണകൂടം വേട്ട തുടരുമ്പോഴും അര്‍ത്ഥശൂന്യമായ മൗനം തുടരുകയാണ് പ്രതിപക്ഷ കക്ഷികള്‍. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനൊപ്പം ചേര്‍ന്ന് നിന്നവര്‍ക്ക് വാഗ്ദാനം ചെയ്ത പ്രത്യേക അധികാരങ്ങളാണ് ജമ്മുകാശ്മീര്‍ പുന:സംഘടനാ ബില്ലിലൂടെ ഹനിക്കപ്പെട്ടത്. അപ്രകാരം എന്‍ഐഎ ഭേദഗതി ബില്ലിലൂടെ തങ്ങള്‍ക്ക് അനഭിമതരായവരെ തീവ്രവാദി, രാജ്യദ്രോഹി മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്താനും ഭരണകര്‍ത്താക്കള്‍ സാധിക്കും. രാജ്യത്തിന്‍റെ ഭരണഘടന അനുവദിച്ചുനല്‍കുന്ന മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ ഹനിക്കും വിധത്തിലുള്ള നിയമങ്ങളും നിലവില്‍ വന്നുകഴിഞ്ഞു. ഭരണകൂടത്തില്‍ നിന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമ്പോഴും നിഷ്ക്രിയരായി നോക്കി നില്‍ക്കാനേ പ്രതിപക്ഷത്തിന് കഴിയുന്നുള്ളൂവെന്നതാണ് ദു:ഖകരം. അഴിമതി, അനധികൃത സമ്പാദനം, കലാപം എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെട്ടതില്‍, അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷം എന്തിന് പ്രതിഷേധിക്കണം? പ്രതിഷേധിക്കാതിരിക്കുന്നതില്‍ എന്തിന് ആശങ്കപ്പെടണം എന്നിങ്ങനെയുളള ചോദ്യങ്ങള്‍ സ്വാഭാവികമായും പലരിലും ഉയരുന്നുണ്ടാകും. എന്നാല്‍, ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ, അന്വേഷണം പ്രഖ്യാപിക്കപ്പെട്ടവരുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഇതിന്‍റെ ഉത്തരങ്ങള്‍ മനസ്സിലാക്കാം. ചിദംബരം 1996 മുതല്‍ 1998 വരെ നിലനിന്ന ഐക്യമുന്നണി സര്‍ക്കാരിലും 2004 മുതല്‍ 2009 വരെയുള്ള മന്‍മോഹന്‍ സിങ് സര്‍ക്കാറിലും കേന്ദ്രധനമന്ത്രിയായിരുന്നു. കര്‍ണാടകയില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്നു ഡികെ ശിവകുമാര്‍. കമല്‍ നാഥാകട്ടെ, കോണ്‍ഗ്രസിന്‍റെ മികച്ച പാര്‍ലമെന്‍റേറിയനും മധ്യപ്രദേശിന്‍റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയുമാണ്. വലയിലുള്ളത് ചെറുമീനുകളല്ല, പ്രതിപക്ഷത്തെ വമ്പന്‍ സ്രാവുകളാണെന്ന് വ്യക്തം. എന്നിട്ട് പോലും വ്യക്തമായ പ്രതിഷേധ സ്വരങ്ങളുയര്‍ത്താനോ അറസ്റ്റിന് പിന്നിലെ നിഗൂഢ ലക്ഷ്യങ്ങള്‍ തുറന്നു കാണിക്കാനോ കോണ്‍ഗ്രസിനോ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ക്കോ കഴിയുന്നില്ല.
രണ്ടാം തവണയും മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ശേഷം എതിരാളികളെ നിഷ്പ്രഭരാക്കി എന്‍ഡിഎ സര്‍ക്കാര്‍ നടത്തുന്ന ഭരണകൂട വേട്ടയുടെ പ്രത്യക്ഷമായ ഉദാഹരണങ്ങളാണ് മുകളില്‍ വായിച്ചത്. അഴിമതിക്ക് കൂട്ടുനിന്നവരും കലാപത്തിന് കാരണക്കാരായവരും ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെയാണ്, അത് ഭരണകൂടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തവും പൗരന്മാരുടെ അവകാശവുമാണ്. എന്നാല്‍ അന്വേഷണവും പുനരന്വേഷണവും പ്രഖ്യാപിക്കപ്പെടുന്നവര്‍ എന്ത് കൊണ്ട് എന്‍ഡിഎ സര്‍ക്കാറിന്‍റെ പ്രതിയോഗികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മാത്രമായൊതുങ്ങിപ്പോകുന്നുവെന്ന ചോദ്യം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഉയര്‍ത്തുന്നില്ലെങ്കില്‍ പോലും ഉത്തരമര്‍ഹിക്കുന്നതാണ്.
എന്‍ഡിഎ സര്‍ക്കാറിന്‍റെ അരികുപറ്റി രാജ്യത്തെ കട്ട് മുടിച്ചവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാറിന്‍റെ പൊറാട്ട് നാടകങ്ങളെ പൊതുജനമധ്യത്തില്‍ വാര്‍ത്തയാക്കാനോ ഭരണകൂട വിരുദ്ധവികാരം സൃഷ്ടിക്കാനോ പ്രതിപക്ഷങ്ങള്‍ക്ക് സാധിക്കുന്നില്ല. അതിപ്രധാനമായ ബില്ലുകള്‍ അവതരിപ്പിക്കുമ്പോഴും വോട്ടിനിടുമ്പോഴും പാര്‍ലമെന്‍റില്‍ ഹാജരില്ലാതെ എത്ര ലാഘവത്തോടെയാണ് പ്രതിപക്ഷ പാര്‍ലമെന്‍റംഗങ്ങള്‍ അവരെ തിരഞ്ഞെടുത്തുവിട്ട പൗരന്മാരെ വഞ്ചിക്കുന്നത്! തങ്ങളുടെ തലമുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി കേന്ദ്രം വേട്ടയാടുമ്പോഴും കോണ്‍ഗ്രസ് തുടരുന്ന മൗനം നല്‍കുന്ന സൂചനകള്‍ ശുഭകരമല്ല. പണച്ചാക്കുകകള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ കോണ്‍ഗ്രസ് സാമാജികര്‍ നിര്‍ജീവമാകുന്നതും നിത്യകാഴ്ചയാണ്.
നിഷ്ക്രിയരായ പ്രതിപക്ഷത്തെയും കക്ഷിരാഷ്ട്രീയങ്ങളെയും ഫാസിസ്റ്റുകളെ പ്രതിരോധിക്കുന്നതിനായി വിശ്വസിച്ചാശ്രയിക്കാനാകില്ലെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതിലേക്കു വിരല്‍ ചൂണ്ടുന്ന സംഭവവികാസങ്ങള്‍ ഇതിനകം നാമെത്ര കണ്ടു! രാജ്യത്തെ ബുദ്ധിജീവികളുടെയും ജനസ്വാധീനമുള്ളവരുടെയും എഴുത്തുകാരുടെയം സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബദല്‍ കൂട്ടായ്മ ഉയര്‍ന്നുവരേണ്ടത് ഇവിടെയാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളേക്കാള്‍ തീവ്രമായ, ധൈഷണികമായ വെല്ലുവിളികളാണ് ഇത്തരം കൂട്ടായ്മകളില്‍ നിന്നുണ്ടാവുകയെന്ന് സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവും. അതിനാല്‍ എന്ത് വില കൊടുത്തും ഇത്തരം കൂട്ടായ്മകളെ നിഷ്പ്രഭമാക്കാന്‍ ഭരണകൂടം കഠിനയത്നം ചെയ്യും.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഭരണകൂടങ്ങള്‍ക്ക് ഇത്തരം കൂട്ടായ്മകളില്‍ നിന്ന് പ്രഹരശേഷിയുള്ള പ്രതിരോധങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം. അധികാരത്തിലോ സ്ഥാനമാനങ്ങളിലോ താല്‍പര്യപ്പെടാത്തവരാണ് ഇത്തരം കൂട്ടായ്മകളിലെ അംഗങ്ങളെങ്കില്‍ അവരെ തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയില്ലെന്ന് ഭരണകൂടത്തിന് ഏറെക്കുറെ ഉറപ്പാണ്. തങ്ങള്‍ അധികാരത്തിലേറിയത് ഫാസിസത്തിലൂടെയാണെന്നും അത് നിര്‍മിക്കപ്പെട്ടിട്ടുള്ളത് സോഷ്യല്‍ എന്‍ജിനീയറിങിലാണെന്നും വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. അതിന്‍റെ വിപരീത ദിശയിലുള്ള സോഷ്യല്‍ എന്‍ജിനീയറിങ് രൂപപ്പെടുത്താന്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ക്ക് സാധ്യമാണെന്ന യാഥാര്‍ത്ഥ്യവും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാലാണ് തന്ത്രപരവും ആസൂത്രിതവുമായ നീക്കങ്ങള്‍ ഇത്തരം കൂട്ടായ്മയിലെ അംഗങ്ങള്‍ക്കോ അവരുടെ ഉറ്റ ബന്ധുക്കള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ ഭരണാധികാരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്ക് ബദലായി ഉയര്‍ന്നുവരുന്ന ബുദ്ധിജീവികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മകളെ പൊതുജന സമക്ഷം വലിയ രൂപത്തില്‍ തെറ്റിദ്ധരിപ്പിച്ചാണ് ഭരണകൂടം അവതരിപ്പിക്കുന്നത്. ഇവര്‍ രാജ്യത്തിന്‍റെ അദൃശ്യ ശത്രുക്കളാണെന്നും രാജ്യത്തിനുള്ളില്‍ വസിച്ച് ദേശത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണെന്നും ഭരണകൂട ഏജന്‍സികള്‍ നിരന്തരം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഇവരെ അര്‍ബന്‍ നക്സലൈറ്റുകളെന്ന് പോലും വിശേഷിപ്പിക്കും. അതിവിപ്ലവ പ്രസ്ഥാനമായി പശ്ചിമ ബംഗാളിലെ നക്സല്‍ബാരിയില്‍ ഉടലെടുത്ത്, രാജ്യത്തിന്‍റെ വ്യത്യസ്ത ഭാഗങ്ങളില്‍ പല പേരുകളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന നക്സലൈറ്റുകളോട് ഇത്തരം കൂട്ടായ്മകളിലെ അംഗങ്ങളെ ചേര്‍ത്തിപ്പറയുന്നതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. സിനിമ സംവിധായകനും എഴുത്തുകാരനുമായ വിവേക് അഗ്നിഹോത്രി ആര്‍എസ്എസ് അനുകൂല മാസിക സ്വരാജില്‍ എഴുതിയ ലേഖനത്തിലാണ് ആദ്യമായി ഇത്തരക്കാരെ അര്‍ബന്‍ നക്സലൈറ്റുകളെന്നു വിശേഷിപ്പിച്ചത്. പിന്നീടങ്ങോട്ട് ദേശവിരുദ്ധര്‍ എന്നതിന്‍റെ പുതുബദലായി അര്‍ബന്‍ നക്സലൈറ്റ് എന്ന പദം. സായുധരായ നക്സലൈറ്റുകള്‍ വനത്തിലുള്ളില്‍ ചെയ്യുന്നതിന് സമാനമായ ജോലിയാണ് ഭരണകൂടത്തിനെതിരെ പേനയുന്തുന്ന, വിമര്‍ശന സ്വരങ്ങളുയര്‍ത്തുന്ന ഇവര്‍ സമൂഹത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് സാമീകരണ നിദാനമത്രെ. ഈ ചാപ്പയടിച്ചാണ് വരവരറാവു, സുധ ഭരദ്വാജ്, ഗോണ്‍സാല്‍വസ്, ഗൗതം നവ്ലക എന്നിവരെ ഭരണകൂടം അറസ്റ്റ് ചെയ്തത്. അപ്രകാരം, ഭരണകൂട ഭീകരതക്കെതിരെയും അനീതിക്കെതിരെയും ശബ്ദമുയര്‍ത്തുന്ന നിരവധി സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ കയ്യേറ്റങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു. ടീസ്റ്റ സെതല്‍വാദ് പോലുള്ളവരുടെ സംഘടനകള്‍ക്കുള്ള ഫണ്ട് നിഷേധവും തുടര്‍ച്ചയായ റെയ്ഡുകളുമൊക്കെ ഈ കൂട്ടായ്മകളെ നിഷ്പ്രഭമാക്കാനുള്ള ചേഷ്ടകളാണ്.
ഫാസിസ്റ്റുകളെ പ്രതിരോധിക്കുന്നതില്‍ പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ക്ക് നിലവില്‍ ഒരുപാട് പരിമിതികളുണ്ട്. എന്നാല്‍ സാമൂഹിക കൂട്ടായ്മകളിലൂടെ വലിയ രൂപത്തില്‍ ഫാസിസ്റ്റുകളെ പ്രതിരോധിക്കാനാകുമെന്നത് തീര്‍ച്ചയാണ്. ഭരണഘടനാപരമായി വിയോജിക്കുന്നവരെ പോലും ദേശദ്രോഹികളായി ചിത്രീകരിക്കുന്ന രാജ്യമായി ഇന്ത്യ പരിണമിച്ചുകഴിഞ്ഞു. ജനാധിപത്യത്തിന്‍റെ സേഫ്റ്റി വാല്‍വുകളായ അഭിപ്രായ ഭിന്നതകള്‍ പാടേ കൊട്ടിയടക്കുന്ന പ്രവണത ആരോഗ്യകരമല്ല. അഹിംസാത്മക സമൂഹത്തില്‍ സത്യഗ്രഹത്തിനും പ്രതിരോധത്തിനും അവസരമുണ്ടെന്ന് പറഞ്ഞ ഗാന്ധിയുടെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യ. ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവര്‍ക്ക് കാരാഗൃഹം വിധിക്കുന്ന, ഗൗരി ലങ്കേഷിനെയും നരേന്ദ്ര ധബോല്‍ക്കറെയും പന്‍സാരയെയും കൊന്ന് തള്ളിയവര്‍ക്കും പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ടക്കൊല നടത്തുന്നവര്‍ക്കും സ്വാതന്ത്ര്യത്തോടെ, മേധാവിത്തത്തോടെ ജീവിക്കാനവസരമുള്ള ഇന്ത്യയാണ്. ഈ ഭീതിതമായ സാഹചര്യങ്ങളെ പൗരസമൂഹം അഭിമുഖീകരിക്കുമ്പോഴും പ്രതിപക്ഷം കടലാസിലൊതുങ്ങുന്ന രാജ്യത്ത് ഭീതിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക- അത് ജനാധിപത്യത്തിന്‍റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകയറ്റുമെങ്കിലും.