അടുത്ത വർഷം ഇന്ത്യ ആര് ഭരിക്കുമെന്നതിന്റെ ഭാഗധേയ നിർണയമാണ് കഴിഞ്ഞ മാസം അവസാനം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബി ജെ പി ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. പാർട്ടിയുടെ ശക്തികേന്ദ്രമെന്ന് വിശ്വസിക്കുന്ന ഉത്തർ പ്രദേശിലാകട്ടെ തുടർച്ചയായ മൂന്നാം ഉപതെരഞ്ഞെടുപ്പിലും ബി ജെ പി അമ്പേ പരാജയപ്പെട്ടു. സംഘ്പരിവാർ കടിഞ്ഞാണിൽ ബി ജെ പിയുടെ ഭരണത്തണലിൽ നടക്കുന്ന ഫാഷിസ്റ്റ്, വിധ്വംസക, ഏകശിലാത്മക, ഏകാധിപത്യ നടപടികളോടുള്ള രാജ്യത്തിന്റെ വെറുപ്പും പ്രതിഷേധവും കണക്കിലെടുത്ത് ഭരണരീതിയിലും കർത്താക്കളിലും മാറ്റം വരുത്തുക ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികൾ കൈകോർത്തതോടെയാണ് സമീപകാല ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയെ പല നിലക്കും പരാജയപ്പെടുത്താനും കർണാടകയിൽ മതേതരത്വ സർക്കാറിന് അധികാരത്തിലേറാനും സാധിച്ചത്. ഈ മാതൃകയിൽ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിലും മുന്നോട്ടുപോയാൽ ഭരണഘടന പോലും മാറ്റിയെഴുതാൻ പദ്ധതിയിട്ട, രാജ്യത്തിന്റെ സ്വത്വം നശിപ്പിക്കുന്ന ഫാസിസ്റ്റ് ഭരണരീതിയെ ഇല്ലാതാക്കാൻ സാധിക്കുമെന്നു ജനം വിശ്വസിക്കുന്നു.
ഗോരഖ്പൂർ, ഫൂൽപൂർ, കർണാടക, കൈരാനയെല്ലാം സഖ്യവിജയത്തിന്റെ പരീക്ഷണയിടങ്ങളായി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം നേടിയാണ് 2014-ൽ മോദി സർക്കാർ അധികാരത്തിലേറിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും വെറും 31.34 ശതമാനം വോട്ടാണ് ബി ജെ പിക്ക് ലഭിച്ചത്. മറുചേരിയിലെ വോട്ടുകൾ പൊട്ടിയ മാലയിലെ മുത്തുകൾ പോലെ ചിതറിയപ്പോൾ ചെറുകക്ഷികളെ കൂട്ടുപിടിച്ച് ബി ജെ പി അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി. വിശാല സഖ്യമുണ്ടാക്കാതെ താന്താങ്ങളുടെ അതിർത്തികളിൽ തങ്ങൾ തന്നെ രാജാക്കന്മാർ എന്ന മൂഢ ചിന്തയിൽ മറ്റുകക്ഷികൾ ഒറ്റക്ക് മത്സരിച്ചത് ബി ജെ പിക്ക് അധികാരം താലത്തിൽ കൊണ്ടുപോയി കൊടുക്കുന്നതിന് സമമായി. 1989-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 39.53 ശതമാനം വോട്ട് നേടിയെങ്കിലും അധികാരത്തിലേറാനായിരുന്നില്ല. 1977-ൽ ഇന്ദിരാഗാന്ധി 34.52 ശതമാനം വോട്ട് നേടിയെങ്കിലും പ്രതിപക്ഷത്തായിരുന്നു സ്ഥാനം. ഇന്ദിരയെയും രാജീവിനെയും ഐക്യപ്രതിപക്ഷമാണ് അധികാരക്കസേരയിൽ നിന്നു വിലക്കിയതെങ്കിൽ മോദിക്ക് തുണയായത് ചിതറിയ പ്രതിപക്ഷമായിരുന്നു. അതേസമയം 2014 മുതൽക്ക് നടന്ന ഓരോ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി പലയിടത്തും അധികാരത്തിലേറിയെങ്കിലും വോട്ട് ശതമാനം കുറയുകയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. സത്യമാണ്, 29 സംസ്ഥാനങ്ങളിൽ 19-ഉം ബി ജെ പി അധികാരത്തിലിരിക്കുകയോ ഭരണകക്ഷിയോ തന്നെയാണ്. മോദി പ്രഭാവമെന്ന ഊതിവീർപ്പിച്ച പരികൽപനയുടെ പിൻബലത്തിലും അമിത് ഷായുടെ ചാണക്യതന്ത്രമെന്ന വിശേഷണത്തിലും പലയിടത്തും അധികാരത്തിലേറാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ടെങ്കിലും മുൻപ്രാവശ്യം ലഭിച്ച വോട്ടിംഗ് ശതമാനം പോലും നിലനിർത്താനായില്ലെന്നത് ചർച്ച ചെയ്യപ്പെടാതെ പോകുന്നു. ബിഹാറിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 29.86 ശതമാനം വോട്ട് ലഭിച്ചെങ്കിൽ ആർ ജെ ഡിയും ജെ ഡി യുവും മറ്റ് കക്ഷികളും വിശാലസഖ്യമായി മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച വോട്ട് 24.42 ശതമാനമായി കുറഞ്ഞു. ഗോവയിൽ 54.12 ശതമാനം 32.48ലേക്ക് കൂപ്പുകുത്തി. ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും കുറുക്കുവഴിയിലൂടെ ബി ജെ പി മുഖ്യമന്ത്രി ഗോവ ഭരിക്കുന്നുവെന്നത് മറ്റൊരു കാര്യം. മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 60.11 ശതമാനം വോട്ട് ലഭിച്ചെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 49.05 ശതമാനമായി കുറഞ്ഞു. ഉത്തരാഖണ്ഡിൽ 55.93 ശതമാനം 46.51 ശതമാനമായും കർണാടകയിൽ 43.37 ശതമാനം 36.20 ശതമാനമായും പശ്ചിമ ബംഗാളിൽ 17.02 ശതമാനം 10.16 ശതമാനമായും കുറഞ്ഞു. 80 ലോക്‌സഭാ സീറ്റുകളിൽ 71-ലും വിജയിച്ച ഉത്തർ പ്രദേശിൽ പക്ഷേ മൂന്ന് ശതമാനത്തിന്റെ കുറവാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ദൃശ്യമായത്. കർണാടകയിൽ തെരഞ്ഞെടുപ്പിന് മുമ്പ് ജെ ഡി എസും കോൺഗ്രസും കൈകോർത്തിരുന്നെങ്കിൽ 224 അംഗ നിയമസഭയിൽ 150-ലേറെ പ്രതിനിധികളെ വിജയിപ്പിക്കാമായിരുന്നുവെന്നും നിരീക്ഷണമുണ്ട്. യു പിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് പിയും ബി എസ് പിയും ഒന്നിച്ചെങ്കിൽ ഫലം മറ്റൊന്നായേനെ. കർണാടകയിലും യു പിയിലും പ്രതിപക്ഷം ഒന്നിച്ചെങ്കിൽ ബി ജെ പിയുടെ സീറ്റ് നില 70-ലേക്ക് ചുരുക്കാമായിരുന്നു. മോദി പ്രഭാവം എന്ന ഒന്നില്ലെന്നും എതിർകക്ഷികളുടെ ദൗർബല്യവും പഴുതുമാണ് അമിത് ഷാ മുതലെടക്കുന്നതെന്നും ജനസാമാന്യം ബി ജെ പി ഭരണത്തിൽ അതൃപ്തരാണെന്നുമുള്ള തത്ത്വത്തിലൂന്നിയാണ് പ്രതിപക്ഷകക്ഷികൾ ഇപ്പോൾ ഒന്നിക്കുന്നത്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ കളരിയായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രിയുടെ തട്ടകമായ ഫൂൽപൂരിലും ബി ജെ പി നാണംകെട്ടത് മായാവതിയുടെ ബി എസ് പി സ്വന്തം സ്ഥാനാർത്ഥിയെ നിർത്താത്തത് കൊണ്ടായിരുന്നു. ഇവിടെ എസ് പി സ്ഥാനാർഥികൾക്ക് ബി എസ് പി രഹസ്യപിന്തുണ നൽകുകയായിരുന്നു. ഇങ്ങനെ രാജ്യമൊന്നാകെ പ്രതിപക്ഷ കക്ഷികൾ ഐക്യത്തിനു തയ്യാറായാൽ ഫലം അഭൂതപൂർവമായിരിക്കുമെന്നതിൽ സംശയമില്ല.