ഹർഷ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. മാതാപിതാക്കളുടെ ഏക കൺമണി. സ്‌നേഹവും വാത്സല്യവും ഏറെ ആസ്വദിച്ചാണവൾ വളർന്നത്. ഒരിക്കൽ വല്യമ്മച്ചി അസുഖബാധിതയായി ഹോസ്പിറ്റലിൽ അഡ്മിറ്റായി. ഹർഷയും അച്ഛനും വീട്ടിൽ തനിച്ച്. റൂമിൽ ഒറ്റക്ക് കിടക്കേണ്ട, എന്നോടൊപ്പം കിടന്നേക്ക് എന്ന് അച്ഛൻ പറഞ്ഞപ്പോൾ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയില്ല. പക്ഷേ, പ്രഭാതത്തിൽ ഉറക്കമുണർന്ന ഹർഷ മറ്റൊരാളായി കഴിഞ്ഞിരുന്നു. ആരോടും ഒന്നും മിണ്ടുന്നില്ല. ഭക്ഷണം വേണ്ട. എപ്പോഴും കിടപ്പ് തന്നെ. എല്ലാവരോടും വെറുപ്പും ദേഷ്യവും.
വിഷാദത്തോടെ ഇരിക്കുന്ന മകളോട് അമ്മ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അവൾ തുറന്നു പറഞ്ഞത്; അച്ഛൻ എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു. സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മക്കളോടു പോലും ഏതു വിധത്തിലുള്ള കാടത്തത്തിനും മടിയില്ലാത്തവരായിരിക്കുന്നു മനുഷ്യർ. ബന്ധങ്ങളുടെ പവിത്രതയും മഹത്ത്വവും മനസ്സിലാക്കാൻ കഴിയാത്ത ഇതുപോലുള്ള മനുഷ്യ മൃഗങ്ങളെ എങ്ങനെയാണ് അച്ഛനായി കാണാൻ കഴിയുക?
മൃഗം അതിന്റെ അച്ഛനമ്മമാരുമായും സന്താനങ്ങളുമായും ലൈംഗിക ബന്ധം പുലർത്താറുണ്ട്. മനുഷ്യനും അതിന് സന്നദ്ധരാകുന്നുവെങ്കിൽ മനുഷ്യ-മൃഗ വർഗങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്?
പ്രാഥമിക സംരക്ഷണ ചുമതലയുള്ള മാതാപിതാക്കളോ ബന്ധുക്കളോ ആണ് 89 ശതമാനം കേസുകളിലും കുട്ടികളെ ക്രൂരമായി ആക്രമിക്കുന്നത്. ആർക്കും പരസ്പര വിശ്വാസമോ ബഹുമാനമോ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്വന്തക്കാരെയും ബന്ധുക്കളെയും ഭയന്ന് പകൽപോലും വീടിന്റെ വാതിൽ തുറന്നിടാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സാമൂഹിക ബോധം നഷ്ടപ്പെട്ട് വലിയ ചതിക്കുഴികളും ക്രൂരതകളും നിറഞ്ഞതായിരിക്കുന്നു മനുഷ്യമനസ്സ്. നട്ടുച്ച സമയത്ത് സ്‌കൂളിൽ നിന്ന് വന്ന പെൺകുട്ടി വീട്ടിൽ ബാഗും വെച്ച് ഇറങ്ങിപ്പോകുന്നത് കണ്ട അയൽപ്പക്കത്തെ സ്ത്രീ ചോദിച്ചു: എങ്ങോട്ടു പോകുന്നു? വീട്ടിൽ അച്ഛനുണ്ടെന്നായിരുന്നു അവളുടെ മറുപടി. കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും പരസ്പരം വിശ്വാസം നഷ്ടപ്പെട്ട ബന്ധങ്ങളുടെയും തകർന്നുപോയ കുടുംബാന്തരീക്ഷത്തിന്റെയും നേർക്കാഴ്ചയാണീ പ്രതികരണം.
ഒരു കുട്ടിയും കൊള്ളരുതാത്തവനായി ജനിക്കുന്നില്ല. ഒരു സ്ത്രീയും ക്രിമിനലിന് ജന്മം കൊടുക്കുന്നുമില്ല. കുട്ടികൾ ജനിക്കുന്നത് ശുദ്ധമായ പ്രകൃതിയിലാണെന്ന് മുഹമ്മദ് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അവിടെ നിന്ന് രാക്ഷസ സ്വഭാവത്തിലേക്ക് വ്യതിചലിക്കുന്നതിന്റെ കാരണം കണ്ടെത്തണം. ഗൃഹാന്തരീക്ഷമാണ് കുട്ടികളുടെ സ്വഭാവ പരിശീലന കേന്ദ്രം. അവിടെ അവർക്ക് സന്മാർഗ ജീവിതം കെട്ടിപ്പടുക്കാൻ പറ്റുന്ന സാഹചര്യങ്ങളാണ് നാം സൃഷ്ടിക്കേണ്ടത്. യൂട്യൂബ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മൊബൈൽ, ടിവി ചാനലുകൾ എന്നിവക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരണം.
വളർന്നുവരുന്ന തലമുറയെ വിദ്യാസമ്പന്നരും സദാചാര ബോധമുള്ളവരുമാക്കുന്നതിൽ മാതാപിതാക്കൾ, ഗാർഹികാന്തരീക്ഷം എന്നീ ഘടകങ്ങൾക്കെല്ലാം അനൽപമായ പങ്കുണ്ട്. ഭാവിയിൽ നമ്മുടെ കുഞ്ഞുങ്ങൾ എങ്ങനെയാണോ ആകേണ്ടത്, അതിനുതകുന്ന പാഠങ്ങളാണ് വീട്ടിലെ മുതിർന്നവർ അവർക്ക് നൽകേണ്ടത്. അണുകുടുംബ സംവിധാനത്തിൽ അത് സാധ്യമാകുന്നില്ലെങ്കിൽ അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു മനസ്സിലാക്കണം. അങ്ങനെ വളർന്ന കുട്ടികൾ പെണ്ണുപിടിയന്മാരും ഗുണ്ടകളും റൗഡികളും ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
കൗമാരം ഏറ്റവും ശ്രദ്ധിക്കേണ്ട ഘട്ടമാണ്. സാമൂഹ്യമായ ദുരാചാരങ്ങളിലൂടെ കുരുന്നുകൾ കടന്നുചെല്ലാൻ കൂടുതൽ സാധ്യതയുള്ള ഘട്ടം. കുട്ടികളിൽ കുറ്റവാസന പ്രകടമാവുന്നതും ഈ കാലയളവിലാണ്. ജീവിത ചിട്ടകൾ രൂപപ്പെടുന്ന ഈ പ്രായത്തിലെ ദുരനുഭവങ്ങൾ ജീവിതത്തെ ഏറെ സ്വാധീനിക്കുകയും താളം തെറ്റിക്കുകയും ചെയ്യും. അതിനാൽ രക്ഷിതാക്കൾ കുട്ടികളുടെ സാമൂഹ്യ വളർച്ചക്ക് ചുക്കാൻ പിടിക്കുകയും ധാർമിക പാഠങ്ങൾ പകർന്നുകൊടുക്കാൻ സന്നദ്ധരാകുകയും വേണം.
സ്ത്രീകളെ ഏറെ ആദരിക്കുന്ന സാംസ്‌കാരിക പാരമ്പര്യമുള്ള നാടാണ് നമ്മുടേത്. എന്നാൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമം കൂടിവരികയാണെന്ന് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. 2014-ലെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ അടുത്തിടെ പുറത്തുവിട്ടപ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കാൽ ലക്ഷത്തിലധികം വർധിച്ചതായാണ് കാണുന്നത്. 2013-ൽ ദേശീയ തലത്തിൽ ഒരു ലക്ഷത്തിൽ 52.2 സ്ത്രീകളാണ് അതിക്രമങ്ങൾക്കിരയായതെങ്കിൽ 2014-ൽ അതിന്റെ തോത് 56.3 ആയി. കേരളം അക്കാര്യത്തിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. 2013-ലെ അക്രമ തോത് 62.4 ആയിരുന്നെങ്കിൽ 2014-ൽ അത് 63 ആയി.
സ്ത്രീ എവിടെയും സുരക്ഷിതയല്ലെന്നാണ് പീഡന വാർത്തകൾ ഓർമിപ്പിക്കുന്നത്. ബസ്സിലും വിമാനത്തിലും ഓഫീസിലും തൊഴിൽ സ്ഥലങ്ങളിലും വിനോദ കേന്ദ്രങ്ങളിലും സുരക്ഷിതമെന്ന് കരുതുന്ന വീടുകളിൽ വരെ അവർ പീഡിപ്പിക്കപ്പെടുന്നു. നിയന്ത്രണമറ്റ സമൂഹമായി കേരളക്കാർ മാറിക്കൊണ്ടിരിക്കുകയാണ്. പെണ്ണായി പിറന്നാൽ മണ്ണാകുവോളം പീഡനം എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഒരു നോട്ടം, ചിരി, അംഗവിക്ഷേപം, സംസാരം ഏതെങ്കിലും ഒന്നുമതി പുരുഷനിലെ മനുഷ്യ മൃഗത്തെ ഉണർത്താൻ. അപ്പോഴുണ്ടാകുന്ന അപകടം വിവരണാതീതമാണ്. അത് തിരിച്ചറിയാൻ മിക്ക സ്ത്രീകൾക്കും കഴിയാറില്ലെന്നതാണ് ഖേദകരം.
ശാരീരിക പീഡനങ്ങൾ കൂടുതലും നടക്കുന്നത് ഏറ്റവും സുരക്ഷിതമെന്ന് നാം കരുതുന്ന ഗാർഹികാന്തരീക്ഷത്തിലാണെന്ന് പറഞ്ഞല്ലോ. അതിന് നേതൃത്വം നൽകുന്നതോ പിതാവോ സഹോദരന്മാരോ കുടുംബങ്ങളോ ആയ ഉറ്റവരും. മനുഷ്യന്റെ സ്വകാര്യതകളും മാനാഭിമാനങ്ങളും സുരക്ഷിതമാക്കുന്ന ഒരിടമായാണ് വീടിനെ നാം നോക്കിക്കാണാറുള്ളത്. എല്ലാ ഭാരങ്ങളും ഇറക്കിവെക്കാനുള്ള ഒരിടം. പ്രയാസങ്ങളിൽ നിന്ന് മടങ്ങിചെല്ലാനുള്ള ശാന്തിയുടെ കേന്ദ്രം, പക്ഷേ, അവിടെയും കാമവെറിയന്മാരും മനുഷ്യമൃഗങ്ങളും സംഹാര നൃത്തമാടുമ്പോൾ ബോധവൽകരണ പ്രവൃത്തികൾ ഏറെ പ്രസക്തം.
സ്ത്രീകൾക്ക് ജീവനും മാനവും സംരക്ഷിച്ച് ജീവിക്കാവുന്ന അന്തരീക്ഷം എന്തു വിലകൊടുത്തും നാട്ടിൽ സൃഷ്ടിക്കപ്പെടണം. അതോടൊപ്പം പരപുരുഷ ദർശനത്തിൽ നിന്നും സമ്പർക്കത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുകയും ജീവിതാന്ത്യം വരെ മാന്യതയോടെയും വിശുദ്ധിയോടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുകയും ചെയ്യണം. വിശുദ്ധ ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകൾ ശ്രദ്ധേയമാവുന്നതിവിടെയാണ്.
ഇസ്‌ലാമിക ചരിത്രത്തിൽ ഒരിക്കലും അവകാശങ്ങൾക്ക് വേണ്ടി സ്ത്രീ തെരുവിലേക്കിറങ്ങേണ്ടി വന്നിട്ടില്ല. ഇസ്‌ലാം അവർക്കനുവദിച്ച സ്വാതന്ത്ര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തണലിൽ അവർ ജീവിതത്തിന്റെ നറുതേൻ നുകരുകയായിരുന്നു. ആരുടെ മുന്നിലും സ്ത്രീത്വവും ചാരിത്ര്യവും പണയം വെക്കേണ്ടിവന്നില്ല. മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് ഏകയായി യാത്ര ചെയ്യുമ്പോൾ ചെന്നായ്ക്കളെ മാത്രമേ അവൾക്ക് ഭയക്കേണ്ടിവന്നിരുന്നുള്ളൂ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവളെ സംരക്ഷിക്കാൻ സജ്ജമായ സദാചാര ബോധവും സാഹചര്യവും ഇസ്‌ലാം നൽകിയിരുന്നു. അന്യരെ ആദരിക്കാനും അവകാശങ്ങൾ മാനിക്കാനും പാകപ്പെടുത്തുന്ന ഈ വിചാരധാരയാണ് ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ കാതൽ.
പ്രകൃതിപരമായി സ്ത്രീ ബലഹീനയാണ്. ആരോഗ്യത്തിലും വിവേകത്തിലും സ്ത്രീകൾ പുരുഷനിൽ നിന്നു ഭിന്നരാണ്. കായിക ശക്തിയിൽ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ അവളുടെ പ്രവർത്തന മേഖല ഗൃഹാന്തർഭാഗമാണ്. സമൂഹ നിർമാണത്തിനാവശ്യമായ അടിസ്ഥാന കഴിവുകളിലും നേതൃഗുണങ്ങളിലും സ്ത്രീ പൊതുവെ പിന്നാക്കമാണ്. അവരുടെ പ്രകൃതിക്കും ധർമത്തിനും അനുചിതവുമാണത്. എന്നാൽ കുടുംബത്തിലും ഗാർഹിക മേഖലകളിലും ഉണ്ടായിരിക്കേണ്ട അവധാനതയിലും നിയന്ത്രണത്തിലും സ്ത്രീ പുരുഷനേക്കാൾ ഏറെ മുന്നിലുമാണ്. ഇതൊക്കെ പരിഗണിച്ചാവണം സ്ത്രീകളുടെ പ്രവർത്തന മണ്ഡലം നിശ്ചയിക്കേണ്ടത്. പീഡനമേറ്റ് വിലപിക്കുന്നതിനേക്കാൾ കരണീയം അതിന്റെ സാഹചര്യം ഇല്ലാതാക്കലാണല്ലോ.
തൂമ്പിൽ വിഷം വെക്കുമ്പോൾ
കുട്ടികൾക്കെതിരെയുള്ള പീഡനങ്ങളും അതിക്രമങ്ങളും ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നാണ് നിയമ വ്യവഹാര കേന്ദ്രങ്ങളിലെത്തുന്ന കേസുകളുടെ വർധനവും മാധ്യമ റിപ്പോർട്ടുകളും കാണിക്കുന്നത്. 2008-2014-ൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ 2.4 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഒന്നും രണ്ടും വയസ്സുള്ള ശിശുക്കൾ പോലും ലൈംഗികാക്രമണങ്ങൾക്ക് വിധേയരായി കൊണ്ടിരിക്കുന്നു.
ഇന്ത്യയെ ആകെ ഞെട്ടിച്ച ഡൽഹി പീഡനക്കേസിനെ തുടർന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കഠിന ശിക്ഷാ നിയമമൊന്നും പീഡനങ്ങൾ കുറക്കാൻ തെല്ലും പര്യാപ്തമായിട്ടില്ല. ഡൽഹി, ബംഗളുരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് അടുത്തിടെ പുറത്തുവന്ന പീഡന കേസുകളിലെയും ഇരകൾ കുട്ടികളായിരുന്നു. രണ്ടര വയസ്സുകാരിയെ അയൽവാസികളായ രണ്ട് കൗമാരക്കാർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത് ഈയിടെയാണ്. ഇപ്രകാരം വേറെയും സംഭവങ്ങളുണ്ടായി. നാഷണൽ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 13833 കുട്ടികളാണ് രാജ്യത്ത് ബലാത്സംഗത്തിനിരയായത്.
കുട്ടികളെ ലൈംഗിക-ഗാർഹിക പീഡനങ്ങളിൽ നിന്നും രക്ഷിക്കാനായി തയ്യാറാക്കിയ പ്രൊട്ടക്ഷൻസ് ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ബിൽ 2011 ഏറെ ശ്രദ്ധേയമായ നിയമ നിർമാണമാണ്. ലോക്‌സഭ 2012 മെയ് 22-ന് ഇത് പാസ്സാക്കുകയുണ്ടായി. 18 വയസ്സിനു താഴെയുള്ളവർക്കാണ് ബിൽ പരിധിയിൽ സംരക്ഷണം ലഭിക്കുക. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ അതിവേഗം കൈകാര്യം ചെയ്യാനായി പ്രത്യേക കോടതികൾ സ്ഥാപിക്കാനും കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
മുസ്തഫ സഖാഫി കാടാമ്പുഴ