ഖുർആനിൽ ശാസ്ത്രീയ സത്യങ്ങളോ?

? അമാനുഷിതയുടെ ഭാഗമായി എണ്ണിയ ഒന്നാമത്തെ ഇനം നമുക്ക് വിടാം. അതിനെക്കുറിച്ച് കുറേ ചർച്ച ചെയ്തല്ലോ. രണ്ടാമത്തെ ഇനത്തിൽ ആദ്യം പറഞ്ഞത് ശാസ്ത്രമാണ്. തെളിയിക്കപ്പെട്ട ഒരു ശാസ്ത്രീയ സത്യത്തിനോടും എതിരായി ഖുർആനിൽ ഒന്നുമില്ലെന്ന് പറഞ്ഞതിൽ ധാരാളം സംശയങ്ങളുണ്ട്. അത് അവസാനം പറയാം. അന്ന് മനസ്സിലാക്കാൻ കഴിയാത്ത പല ശാസ്ത്രീയ സത്യങ്ങളും ഖുർആനിലുണ്ട് എന്ന് പറഞ്ഞല്ലോ. ചില ഉദാഹരണങ്ങൾ പറയാമോ?

?? അങ്ങനെ എത്രയോ കാര്യങ്ങൾ ഖുർആനിലുണ്ട്.
1. ഗർഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങൾ.
2.സമുദ്രാന്തർഭാഗത്തെ അട്ടിഅട്ടിയായ ഇരുളുകൾ.
3. സമുദ്രാന്തർഭാഗത്തെ തിരമാലകൾ.
4. തേനീച്ചയിലെ അത്ഭുതങ്ങൾ.
5. എട്ടുകാലിയുടെ വീടിനെ കുറിച്ചുള്ള പരാമർശങ്ങൾ.
6. പാലിന്റെ ഉറവിടം.
7. ഇരുമ്പിന്റെ ഉറവിടം.
8. വേദനയുടെ സ്വീകരണികൾ.
9. മുകളിയിലേക്ക് ഉയരുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നത്.
10. ശുദ്ധജലവും ഉപ്പ് വെള്ളവും കൂടിക്കലരാതിരിക്കുന്ന പ്രതിഭാസം.
11. പ്രപഞ്ചോൽപത്തി.
12. വികസിക്കുന്ന പ്രപഞ്ചം.
13. ഒസോൺ പാളി.
14. വിരലടയാളം.
15. മഴമേഘങ്ങൾ.
16. സൂര്യ സഞ്ചാരം.
17. ഭൂമിയുടെ കറക്കം.
18. മഴ പെയ്യുന്നത്.
19. സമയത്തിന്റെ അപേക്ഷികത.
20. ആകാശക്കാഴ്ചകൾ.
21. തീക്കാറ്റുകൾ.

ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ!

? നമുക്ക് ഗർഭസ്ഥ ശിശുവിനെ കുറിച്ച് പറയാം. അന്ന് ജനങ്ങൾക്കറിയാത്ത എന്ത് കാര്യമാണ് ഖുർആൻ പറഞ്ഞത്.
?? വിസർജിക്കപ്പെടുന്ന കോടിക്കണക്കിന് അണുക്കളിൽ ഒരു ബീജകണം മാത്രമാണ്(നുത്വ്ഫതൻ 75: 37) അണ്ഡവുമായി സംയോജിക്കുന്നതെന്നും ശേഷം ഈ സിക്താണ്ഡം(നുത്വ്ഫതുൻ അംശാജ് 76: 2) അട്ടയെപ്പോലെ ഗർഭപാത്രത്തിൽ ഒട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുകയാണെന്നും(96:2) അത് പിന്നീട് ചവച്ചരക്കപ്പെട്ട മാംസപിണ്ഡം പോലെയാകുമെന്നും(മുള്ഗത്) ആ പിണ്ഡം എല്ലുകളായി രൂപാന്തരപ്പെടുകയും അവക്കുമേൽ മാംസം കൊണ്ട് പൊതിയുകയാണ് ചെയ്യുന്നതെന്നും പിന്നീട് മറ്റൊരു സൃഷ്ടിപ്പ് നടക്കുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു (23:14). അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് വർഷങ്ങളോളം ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ ഒരു ഗവേഷകന്റെ ഭാഷയിൽ, അല്ല അതിനേക്കാൾ ആധികാരികമായ ശബ്ദത്തിലാണ് ഖുർആൻ ഇവ്വിഷയങ്ങൾ മുന്നോട്ടു വെക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഇവ്വിഷയകമായി ഗവേഷണം നടത്തിയവരിൽ പ്രമുഖനാണ് കനേഡിയൻ ശാസ്ത്രജ്ഞനായ കീത്ത് മൂർ. അദ്ദേഹം തന്റെ ഗവേഷണഫലം പുറത്തുവിട്ടപ്പോൾ കാനഡയിലെ പത്രങ്ങൾ അത് ആഘോഷപൂർവം കൊണ്ടാടി. ‘Surprising thing found in ancient book'(പ്രാചീന ഗ്രന്ഥത്തിൽ അത്ഭുതകരമായ കാര്യം കണ്ടെത്തിയിരിക്കുന്നു) എന്ന ശീർഷകത്തിൽ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ടൊർണാഡോ യൂണിവേഴ്‌സിറ്റിയിലെ എംബ്രിയോളജി പ്രൊഫസർ കൂടിയായ കീത്ത് മൂറുമായി അഭിമുഖം നടത്തുകയും ചെയ്തു.
അഭിമുഖത്തിനിടയിൽ ഒരു റിപ്പോർട്ടർ ചോദിച്ചു: അറബികൾക്ക് ഇക്കാര്യം അറിയാൻ ഇടയില്ലേ? അവിടെ ശാസ്ത്രജ്ഞമാർ ഉണ്ടായിരുന്നില്ലേ? അവർ തന്നെ ചർച്ച ചെയ്ത് ജനങ്ങളെ പരിശോധനക്ക് വിധേയമാക്കിയതായിക്കൂടേ?
പ്രൊഫസർ പ്രതികരിച്ചു: ഇന്ന് നാം കണ്ടെത്തിയ കാര്യങ്ങളെല്ലാം മൈക്രോസ് കോപ്പിന്റെ സഹായത്താലാണ്. അറബികൾ ഗർഭസ്ഥ ശിശുവിനെ പരിശോധിച്ചിട്ടുണ്ടെങ്കിൽ പോലും ഇതൊന്നും അവർക്ക് കണ്ടെത്താൻ കഴിയില്ല. കാരണം കണ്ണുകൊണ്ട് കാണാൻ കഴിയുന്നതിലും അപ്പുറമുള്ള സംഗതികളെ കുറിച്ച് പോലും ഖുർആൻ പറയുന്നുണ്ട്. ഒരു മൈക്രോസ്‌കോപ്പ് ഉണ്ടെങ്കിലേ അതെല്ലാം കാണാനാകൂ. ഇരുന്നൂറ് കൊല്ലത്തിനിടക്ക് മാത്രമാണ് ഇത്തരം ഉപകരണങ്ങൾ(ഡിവൈസുകൾ) തന്നെ കണ്ടെത്തിയിട്ടുള്ളത്. പിന്നെ ഒരു സാധ്യതയുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് ഒരാൾ അതീവ രഹസ്യമായി ഒരു മൈക്രോസ്‌കോപ്പ് കണ്ടെത്തുകയും അപാകതയൊന്നും കാണിക്കാതെ ഗർഭസ്ഥ ശിശുവിനെ കുറിച്ച് ഈ ഗവേഷണം നടത്തുകയും തുടർന്ന് എങ്ങനെയൊക്കെയോ അത് മുഹമ്മദിന് പഠിപ്പിച്ചു കൊടുക്കുകയും തന്റെ ഗ്രന്ഥത്തിൽ അതു കൂടി രേഖപ്പെടുത്താൻ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കാം! തുടർന്ന് ഈ ഉപകരണം അദ്ദേഹം എന്നെന്നേക്കുമായി നശിപ്പിക്കുകയോ അതീവ രഹസ്യമായി സൂക്ഷിച്ചുവെക്കുകയോ ചെയ്തിരിക്കാം!! നിങ്ങളിത് വിശ്വസിക്കുന്നുവോ? ഇതൊരു വഷളൻ സിദ്ധാന്തം തന്നെ.
അപ്പോൾ നിങ്ങൾക്കെങ്ങനെ ഈ വിവരത്തെ വിശദീകരിക്കാനാവും എന്ന് ചോദിച്ചപ്പോൾ വില്യം പ്രതികരിച്ചുവത്രെ: ‘ഈ ഗ്രന്ഥം ദൈവികമായി അവതരിപ്പിക്കപ്പെട്ടതാവാനേ തരമുള്ളൂ.’

തേനീച്ചകൾ സാക്ഷി!

? തേനീച്ചയിലെ അത്ഭുതങ്ങൾ കേൾക്കട്ടെ.

?? തേനീച്ചയെ കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ അതു സംബന്ധിയായി ഖുർആൻ മുന്നോട്ടുവെച്ച ആശയങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ നമ്മെ പ്രേരിപ്പിക്കുന്നു.
ഖുർആൻ പറയുന്നു: ‘നിന്റെ നാഥൻ തേനീച്ചകൾക്ക് ഉത്‌ബോധനം നൽകിയിരിക്കുന്നു. നീ പർവതങ്ങളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുണ്ടാക്കുന്നതിലും പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിക്കുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വിത്യസ്ത വർണങ്ങളിലുള്ള പാനീയം പുറത്തു വരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്’ (16: 68).
ഈ സൂക്തത്തിൽ കുടുണ്ടാക്കാനും തേനുൽപ്പാദിപ്പിക്കാനും ശേഖരിക്കാനും അല്ലാഹു തേനീച്ചയോട് ഉത്‌ബോധനം ചെയ്യുന്നത് സ്ത്രീയോട് അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ഇത്തഖിദീ, കുലീ, വസ്‌ലുകീ….
1660 വരെ king bee യെ ആയിരുന്നു സയൻസും സാഹിത്യവും പരിചയപ്പെടുത്തിയിരുന്നത്. ഡച്ച് ശാസ്ത്രജ്ഞനായ jan Swammerdam ആണ് King Bee എന്ന സംജ്ഞയിലേക്ക് അതിനെ കൊണ്ടുവന്നത്. തേനീച്ചകളുടെ കൂട്ടത്തിൽ ഭക്ഷണം ശേഖരിക്കുക, കൂട് നിർമിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്ന വേലക്കാർ (Workers) സ്ത്രീകളാണെന്നും അദ്ദേഹമാണ് കണ്ടുപിടിച്ചത്. തേനീച്ചകളുടെ വീട് നിർമാണ സ്ഥലങ്ങളും എല്ലാതരം ഫലങ്ങളെയും അവ ആഹരിക്കുന്നുവെന്ന പ്രസ്താവവും തേനിന്റെ വർണവൈവിധ്യവും ഔഷധമൂല്യവുമെല്ലാം ചിന്തിക്കുന്ന ജനത കണ്ടെത്തി മനസ്സിലാക്കിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ സന്ധ്യയിൽ മാത്രം ശാസ്ത്രം മനസ്സിലാക്കിയ കാര്യങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഒരാൾക്ക് എങ്ങനെ പറയാൻ കഴിയും? അതും അക്ഷരജ്ഞാനമില്ലാത്ത ഒരു വ്യക്തിക്ക്. ഉത്തരം ലളിതം: ‘തീർച്ചയായും ഇത് ലോകരക്ഷിതാവിങ്കൽ നിന്ന് അവതീർണമായതാകുന്നു’ (26: 192).

? തേനീച്ച പഴം തിന്നുന്നു എന്നത് ശാസ്ത്രീയ അബദ്ധമല്ലേ? പൂക്കളിൽ നിന്നല്ലേ അവ തേൻ ശേഖരിക്കുന്നത്? പഴങ്ങളിൽ തേനീച്ച ഇരിക്കുന്നത് കണ്ട് മുഹമ്മദ് നബി തെറ്റിദ്ധരിച്ചതാവും!

?? അങ്ങനെയൊരു വർത്തമാനം ചില നാസ്തികരുടെ പുസ്തകങ്ങളിലുണ്ട്. ഇവർക്ക് ഖുർആനിനെ വിമർശിക്കുക മാത്രമേ ഉദ്ദേശ്യമുള്ളൂ, സത്യത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. ഏത് സയന്റിഫിക് പരീക്ഷണത്തിന്റെ ബലത്തിലാണ് ഇവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്?

യഥാർത്ഥത്തിൽ ഖുർആനിലെ ഓരോ വിസ്മയമാണിതൊക്കെ. ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ പറ്റാത്ത ഈ കാര്യം ഖുർആൻ നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞു എന്നതിലാണ് അത്ഭുതം. ഇന്ന് അതിസൂക്ഷ്മമായ ക്യാമറകൾ കൊണ്ട് തേനീച്ച പഴങ്ങളിൽ നിന്ന് ‘തേൻ’ നുകരുന്നത് നമുക്ക് കണ്ട് മനസ്സിലാക്കാനാവും. ഈ ലിങ്കിൽ പോയി നോക്കൂ:
വേേു:െ//്യീൗൗേ.യല/ബഞ്യഃ9ഠഘ3ഇ4ഋ

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ