ജ്ഞാനത്തിനു വില നിശ്ചയിക്കാത്ത സമുദായമായിരുന്നു നാം. വിജ്ഞാനം നമുക്ക് അമൂല്യമായിരുന്നു. അറിവിനു വില കണക്കാക്കാൻ തുടങ്ങിയതോടെ, ലാഭഛേദങ്ങൾ കണക്കുകൂട്ടി വിദ്യയെ സമീപിക്കാനാരംഭിച്ചതോടെ മുസ്‌ലിം സമുദായത്തിന്റെ വില കുറഞ്ഞുപോയി. വിദ്യയായിരുന്നു നമുക്ക് സർവധനത്തേക്കാളും പ്രധാനം. വിദ്യ ആർജിക്കുന്നവനും ആർജിച്ചവനുമായിരുന്നു നമുക്ക് സർവമനുഷ്യരേക്കാൾ പ്രധാനികൾ. അമൂല്യമായ വിദ്യയിൽ നിന്നും ഒരൽപം സമ്പാദിക്കാൻ എത്ര വലുതെങ്കിലും മൂല്യം കണക്കാക്കാവുന്ന ദുൻയാവ് അപ്പാടെ വിനിയോഗിക്കാൻ നാം തയ്യാറായിട്ടുണ്ട്.

മഹാഗുരു ഇബ്‌നുൽ ജൗസി(റ)യുടെ വിശ്രുത രചനകളിലൊന്നാണ് ലഫ്തതുൽ കബീദ് ഫീ നസ്വീഹത്തിൽ വലദ്. ഇമാം ഗസ്സാലി(റ)യുടെ അയ്യുഹൽ വലദിൽ നിന്നും കത്തിച്ചെടുത്ത സമ്പൂർണമായ ഉഗ്രൻ രചനയാണിത്. തന്റെ പ്രിയ പുത്രനോട് കരൾ സ്പർശിച്ച് ഉപദേശിക്കവേ ഇബ്‌നുൽ ജൗസി സ്വാനുഭവം അനുസ്മരിക്കുന്നു: ‘പൊന്നുമകനേ, അറിയുക! എന്റെ വന്ദ്യപിതാവ് ധനികനായിരുന്നു. ആയിരക്കണക്കിനു ദീനാർ അനന്തരമായുപേക്ഷിച്ചാണദ്ദേഹം വിടപറഞ്ഞത്. എനിക്കു പ്രായപൂർത്തിയായ ശേഷം രക്ഷാകർത്താക്കൾ ഇരുപത് ദീനാറും രണ്ടു വീടുകളും വിറ്റു. ജ്ഞാനസമ്പാദനമാർഗത്തിൽ ഞാനതു വിനിയോഗിച്ചു. അതിൽ നിന്നും ഇപ്പോൾ ഒന്നും ബാക്കിയില്ല. ജ്ഞാനാന്വേഷണ പാതയിൽ മകനേ, നിന്റെ പിതാവിന് എവിടെയും തരംതാഴേണ്ടി വന്നിട്ടില്ല. ഉറുദി പറയാനോ ഉപദേശ പ്രസംഗത്തിനോ നാടു ചുറ്റേണ്ടിവന്നിട്ടില്ല. സഹായം ആവശ്യപ്പെട്ട് ഒരാൾക്കും ഒരു തുണ്ടം എഴുത്തയക്കേണ്ട ഗതികേടുണ്ടായിട്ടില്ല. കാര്യങ്ങളെല്ലാം ഭംഗിയായി കഴിഞ്ഞുപോയിട്ടുണ്ട്. ആർ അല്ലാഹുവിന്റെ കൽപനാ വിലക്കുകൾ പാലിക്കുന്നുവോ അവർക്ക് അല്ലാഹു രക്ഷാമാർഗം ഏർപ്പെടുത്തും. അവരറിയാതെ അവർക്കുള്ള ഉപജീവനമാർഗം ശരിപ്പെടും.’

സ്വാനുഭവങ്ങളുടെ ബലത്തിൽ ഇബ്‌നുൽ ജൗസി മകനോട് തുടർന്നുപദേശിക്കുന്നു:

അതിനാൽ പ്രിയപുത്രാ, ഭൗതിക ക്ഷേമം നേടാനോടി, ദുൻയാവിന്റെ ആളുകൾക്കുമുന്നിൽ നിന്ദ്യനാകുവാനായി സ്വാഭിമാനം അടിയറവു വെക്കാതിരിക്കാൻ നന്നായി നീ പരിശ്രമിക്കുക. ഉള്ളതിൽ തൃപ്തനാവുക. അഭിമാനിയായി ജീവിക്കുക. റൊട്ടിയും പച്ചക്കറിയും കൊണ്ട് തൃപ്തനാകുവാൻ ആർക്കു കഴിയുമോ അയാളെ അടിമയാക്കാനാരും വരില്ല. ഒന്നും ഭക്ഷിക്കാനില്ലാത്ത ദിനരാത്രങ്ങൾ എന്റെ ജീവിതത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ, ഒരു പടപ്പിനും തലകുനിക്കാൻ അല്ലാഹു ഇടയാക്കിയിട്ടില്ല. എന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ എനിക്ക് അന്നം എത്തിച്ചു തരുമായിരുന്നു. അക്കഥ ഏറെ പറയാനുണ്ട്. എന്നാൽ ഇന്നത്തെ എന്റെ ഐശ്വര്യം നീ കാണുന്നുണ്ടല്ലോ.’

ജ്ഞാനസമ്പാദന മാർഗത്തിൽ, വിദ്യയോടുള്ള അടങ്ങാത്ത അതിരേകത്താൽ പാർക്കുന്ന വീടു പോലും വിറ്റ മഹാപണ്ഡിതനാണ് ഇബ്‌നുൽ ഖശ്ശാബ് അൽ ബഗ്ദാദി (492-567). വൈയാകരണൻ, ഭാഷാപടു, ഖുർആൻ വ്യാഖ്യാതാവ്, പാരായണ വിദഗ്ധൻ, ഹദീസ് വിശാരദൻ, സാഹിത്യ നിപുണൻ തുടങ്ങിയ ജ്ഞാനമഹത്ത്വങ്ങൾ സ്വന്തമാക്കിയ ഹമ്പലി പാതയിലുള്ള അദ്ദേഹത്തിന്റെ കൈയിൽ കിതാബുകളില്ലാത്ത സമയമില്ലായിരുന്നുവെന്ന് ഇബ്‌നുനജ്ജാർ അനുസ്മരിക്കുന്നു. ഒരിക്കൽ, അഞ്ഞൂറ് ദീനാറിന് ഏതാനും കിതാബുകൾ വിലയാക്കി. കൈയിൽ അപ്പോൾ നയാപൈസയില്ല. മൂന്നു ദിവസം ഇട തരണമെന്നാവശ്യപ്പെട്ടു. ഒന്നും തരപ്പെട്ടില്ല. ഒടുവിൽ തന്റെ വീട് ലേലം വിളിച്ചു. അഞ്ഞൂറ് ദീനാർ വരെ വില ഉയർന്നു. കിതാബുകളുടെ വിൽപനക്കാരൻ തന്നെയായിരുന്നു ആ സംഖ്യക്ക് വിളിച്ചത്. ഇബ്‌നുൽ ഖശ്ശാബ്(റ) സന്തോഷപൂർവം, കിതാബുകളുടെ വിലയായി തന്റെ വീട് കൈമാറി. മരണാസന്ന രോഗത്തിൽ കിടക്കുമ്പോൾ താൻ ശേഖരിച്ച കിതാബുകൾ വഖ്ഫ് ചെയ്യണമെന്ന് നിർദേശിച്ചു. മഅ്മൂനിയ്യ ഗ്രന്ഥപ്പുരയിൽ അവ വഖ്ഫ് ചെയ്യപ്പെട്ടു.

ജ്ഞാന-രചനാ ചരിത്രത്തിൽ അദ്വിതീയനും അത്യത്ഭുതവുമായിരുന്നു അല്ലാമാ ഇബ്‌നു അഖീൽ(റ). എണ്ണൂറു വാള്യങ്ങളുള്ള അദ്ദേഹത്തിന്റെ കിതാബുൽ ഫുനൂൻ ഒരു സർവകലാ കോശമായിരുന്നു. തന്റെ ശിഷ്യന്മാരിലൊരാളായിരുന്നു ഹമ്പലി ഫഖീഹും ഖുർആൻ പാരായണ വിദഗ്ധനുമായിരുന്ന ഇബ്‌നു നയ്യാൽ എന്നിയപ്പെട്ട അബൂ മുഹമ്മദ് അൽ ഉക്ബരി (മ. 528). ഗുരുവിന്റെ കിതാബുകളെല്ലാം സമ്പാദിക്കണമെന്നാഗ്രഹിച്ച് ഇബ്‌നു നയ്യാൽ തന്റെ പുരയിടം വിറ്റു. ഗുരുവിന്റെ കിതാബുൽ ഫുനൂനും കിതാബുൽ ഫുസ്വൂലും വാങ്ങിക്കാനേ അഃു തികഞ്ഞുള്ളൂ. അവ രണ്ടും മുസ്‌ലിംകളുടെ പൊതു ഉപയോഗത്തിന് വഖ്ഫ് ചെയ്തുകൊടുത്തു. അറിവിന്റെ അമൂല്യത തിരിച്ചറിഞ്ഞവർക്ക് പുരയും പുരയിടവും ഒരു നഷ്ടമല്ലെന്നറിയാം.

ഗ്രന്ഥശേഖരണത്തിനു ധാരാളം ചെലവഴിച്ച മഹാജ്ഞാനികളിലൊരാളാണ് അബുൽ അലാഉൽ ഹമദാനി(റ). 488-569 കാലഘട്ടത്തിൽ ജീവിച്ച അദ്ദേഹത്തിന് ലഭിക്കാത്ത ജ്ഞാനമഹത്ത്വങ്ങളൊന്നുമില്ല. ഹാഫിള്, ഹമ്പലീ ഫഖീഹ്, ഭാഷാ സാഹിത്യകാരൻ, ചരിത്ര-വംശ എഴുത്തുകാരൻ, ജ്ഞാനയാത്രികൻ, പരിത്യാഗി, ശൈഖുൽ ഇസ്‌ലാം അങ്ങനെ ഒട്ടേറെ. ജന്മദേശമായ ഹമദാനിൽ നിന്നും നാലു തവണ ബഗ്ദാദിലേക്ക് ജ്ഞാനാന്വേഷണ പര്യടനം ചെയ്തിട്ടുണ്ട്. അനവധി ജ്ഞാനഗുരുക്കന്മാരിൽ നിന്നും ആർജിച്ച ജ്ഞാനമുത്തുകളുമായി അദ്ദേഹം ഹമദാനിൽ തിരിച്ചെത്തി. അപൂർവ ഗ്രന്ഥങ്ങൾ ശേഖരിക്കാനും അന്വേഷികൾക്ക് ലഭ്യമാക്കാനുമായി നാട്ടിൽ വലിയൊരു ഗ്രന്ഥപ്പുര പണികഴിപ്പിച്ചു. തന്റെ പക്കലുള്ള സകല കിതാബുകളും അവിടെ വഖ്ഫ് ചെയ്തു. അടിസ്ഥാനഗ്രന്ഥങ്ങളുടെ വൻ ശേഖരമുണ്ടായിരുന്നു അതിൽ. ബൃഹത്തും ഗംഭീരവുമായ അപൂർവ ഗ്രന്ഥങ്ങൾ സ്വയം എഴുതി ശേഖരിച്ചിരുന്നു. തന്റെ കൈപട മനോഹരമായിരുന്നു. എഴുതിയെടുക്കുന്ന കിതാബുകളിലെല്ലാം കുത്തും പുള്ളിയും സ്വരങ്ങളും അടയാളപ്പെടുത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു.

വലിയ ധനാഢ്യനായിരുന്നു അബുൽ അലാഅ്. ധനത്തോടുള്ള ആർത്തി ഒട്ടും ഇല്ലായിരുന്നു. ധനത്തെ നിസ്സാരമായി കണക്കാക്കി. കച്ചവടമായിരുന്നു കുടുംബത്തിന്റെ തൊഴിൽ. അനന്തരമായി കിട്ടിയതെല്ലാം ജ്ഞാനസമ്പാദനമാർഗത്തിൽ വിനിയോഗിച്ചു. ദീർഘമായ ജ്ഞാനയാത്രകളെല്ലാം കാൽനടയായിട്ടായിരുന്നു. ഹമദാനിൽ നിന്ന് ബഗ്ദാദിലേക്കും പിന്നെ ഇസ്ഫഹാനിലേക്കും പലവട്ടം യാത്ര ചെയ്തത് കാൽനടയായിട്ടു തന്നെ. കെട്ടുകളാക്കി കിതാബുകൾ തോളിൽ തൂക്കും. സഹായത്തിന് വാഹനം ഉപയോഗിച്ചില്ല.

ഒരിക്കൽ അദ്ദേഹം ബഗ്ദാദിലുള്ളപ്പോൾ, വിശ്രുതനായ ഇബ്‌നുൽ ജവാലീഖിയുടെ കിതാബുകൾ വിൽപനക്കു വെച്ചതായി അറിഞ്ഞു. അബുൽ അലാഅ് അവിടെ പാഞ്ഞെത്തി. അവയിൽ നിന്നും ഏതാനും കിതാബുകൾ വിലയാക്കി. അറുപത് ദീനാർ. അടുത്ത വ്യാഴാഴ്ച സംഖ്യ തരാമെന്നുറപ്പിച്ചു. അറുപത് ദീനാർ സംഘടിപ്പിക്കാൻ വഴിയൊന്നുമില്ലായിരുന്നു. ഒടുവിൽ അദ്ദേഹം ഹമദാനിലേക്കുള്ള വഴിയിൽ എത്തി. തന്റെ വീടു വിൽക്കാനുണ്ടെന്ന് വിളിച്ചുപറഞ്ഞു. നാട്ടുകാർ അടുത്തുകൂടി. പലരും വില പറഞ്ഞു. അറുപത് ദീനാറിനു കച്ചവടം ഉറപ്പിച്ചു. പണവുമായി വന്ന് സാഹ്ലാദം കിതാബുകൾ സ്വന്തമാക്കി. കാലങ്ങൾ കഴിഞ്ഞാണ് അത്രയും സംഖ്യ സമ്പാദിച്ച വഴി സഹജ്ഞാനികൾ അറിയുന്നത് (സിയർ/ദഹബി, മുഅ്ജമുൽ ഉദബാഅ്/ഹമവി).

ഇബ്‌നുൽ ജൗസി പറയുന്നു: മഹാനായ അബുൽ അലാഉൽ ഹമദാനിയുടെ വിയോഗാനന്തരം സുഹൃത്തുക്കളിലൊരാൾ അദ്ദേഹത്തെ സ്വപ്നത്തിൽ ദർശിച്ചു. വലിയൊരു നഗരം. കിതാബുകൾ അടുക്കിവെച്ചുണ്ടാക്കിയ ചുറ്റുമതിൽ. അസംഖ്യം കിതാബുകൾ. മഹാനവർകൾ കിതാബുകൾ മുത്വാലഅ ചെയ്യുകയാണ്. എന്താണീ ഗ്രന്ഥങ്ങൾക്കിടയിൽ? അദ്ദേഹം പറഞ്ഞു: ദുൻയാവിൽ ഞാൻ മുഴുകിയിരുന്ന അതേ സംഗതിയിൽ മരണാനന്തരവും മുഴുകാൻ അനുവദിക്കണേ എന്നായിരുന്നു എന്റെ പ്രാർത്ഥന. അല്ലാഹു അതു അനുവദിച്ചു.

ഇമാം മാലിക്(റ)ന്റെ ശിഷ്യനായിരുന്നു ഹിശാമുബ്‌നു അമ്മാർ അസ്സുലമി അദ്ദിമശ്ഖി (153-245). ഡമസ്‌കസിലെ ഖതീബും പാരായണ വിദഗ്ധനും മുഹദ്ദിസും മഹാഗുരുവുമായിരുന്നു അദ്ദേഹം. ഇമാം ബുഖാരിയുടെയും അബൂദാവൂദിന്റെയും നസാഈയുടെയും ഹദീസ് ഗുരു. ദീർഘായുഷ്മാനായ പരിത്യാഗി കൂടിയായിരുന്നു അദ്ദേഹം. പിതാവ് അമ്മാർ, താൻ പാർത്തിരുന്ന വീട് ഇരുപത് ദീനാറിനു വിറ്റൊഴിവാക്കിയാണ് ഇമാം മാലികിൽ നിന്നും പഠിക്കാൻ പുത്രനെ വിശുദ്ധ മദീനയിലേക്കയച്ചത്.

അൽബറാലി (അൽബർവലി) എന്ന നാമധേയത്തിലറിയപ്പെട്ട അബുൽ ഖാസിം ഖലഫ് സ്‌പെയിൻകാരനും മാലികി മദ്ഹബുകാരനുമായിരുന്നു (മ. 444). അദ്ദേഹമെഴുതിയ തഖ്‌രീബ് എന്ന കിതാബ് വിദ്യാർത്ഥികളുടെ ആവേശമായി മാറി. അതിന്റെ പകർപ്പുകൾ തേടി ജ്ഞാനദാഹികൾ പരക്കംപാഞ്ഞു. സിവിലിയ്യ നഗരത്തിൽ തഖ്‌രീബിന്റെ ഒരു കോപ്പി എത്തി. അന്നവിടത്തെ പ്രധാനഫഖീഹായിരുന്നു അബ്ദുൽ ഹഖ് അസ്സഹ്മി അസ്സിഖ്‌ലി (മ. 466) തഖ്‌രീബ് സസൂക്ഷ്മം പരിശോധിച്ചു. നന്നായി ബോധിച്ചു. അതിന്റെ ഒരു കോപ്പി സ്വന്തമാക്കാൻ അദമ്യമായ ആഗ്രഹം. പക്ഷേ, ആവശ്യത്തിന് പണം കൈവശമില്ല. തക്‌രീബിന്റെ ആശയ സമ്പുഷ്ടിയും വശ്യവിവരണാത്മകതയും തന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി. ഒടുവിൽ വീട്ടിലെ ഉപകരണങ്ങളെല്ലാം വിറ്റ് അദ്ദേഹം ഒരു കോപ്പി തഖ്‌രീബ് സ്വന്തമാക്കി. ‘ഒറ്റ രാത്രി കൊണ്ട് ഫഖീഹാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ബർയലിയുടെ തഖ്‌രീബ് വായിക്കുക’യെന്നായിരുന്നു പ്രശസ്ത ഫഖീഹ് അബുൽ വലീദ്ബ്‌നു ഹിശാം(റ) പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എങ്കിൽ പിന്നെ വീട്ടുസാമാനങ്ങൾക്കെന്തു വില?

ഇമാം അബൂഹനീഫ(റ)യുടെ പ്രധാന ശിഷ്യനാണ് മുഹമ്മദ് ബ്‌നു ഹസൻ അശ്ശൈബാനി (132-189). അദ്ദേഹം പറയുന്നു: എന്റെ പിതാവ് മുപ്പതിനായിരം ദിർഹം അനന്തരമായുപേക്ഷിച്ചാണ് വിടപറഞ്ഞത്. അതിൽ പതിനയ്യായിരം ദിർഹം ഞാൻ വ്യാകരണവും പദ്യശാസ്ത്രവും പഠിക്കാൻ ചെലവാക്കി. അവശേഷിക്കുന്ന പതിനയ്യായിരം ഹദീസും ഫിഖ്ഹും പഠിക്കാൻ വിനിയോഗിച്ചു (താരീഖു ബഗ്ദാദ്/ഖതീബ്; ദൈലുൽ ജവാഹിർ/മുല്ലാഖാരി).

ഇമാം മാലിക്(റ)യുടെയും ഇമാം ലൈസ്(റ)യുടെയും അനുചരന്മാരിൽ പെട്ട ഇബ്‌നുഖാസിമിൽ ഉതഖി(132-191) ഈജിപ്തിൽ നിന്നും ഹിജാസിലേക്ക് പന്ത്രണ്ടു തവണ യാത്ര ചെയ്തിട്ടുണ്ട്. മാലിക്(റ)യുമായി കൂടിക്കാഴ്ച ലക്ഷ്യമാക്കിയുള്ള ഓരോ യാത്രയിലും ഉതഖിയ്ക്കു ചെലവായത് ആയിരം ദീനാർ വീതം (തർത്തീബുൽ മദാരിക്/ഖാളി ഇയാള്).

ഇറാഖിലെ പ്രധാനജ്ഞാനിയും ഹാഫിളുമായ അബുൽ ഹസൻ അലിയ്യുൽ വാസിഥി-റ(105-201) ഇമാം അഹ്മദ് ബ്‌നുൽ ഹമ്പൽ(റ)യുടെ ഹദീസ് ഗുരുനാഥന്മാരിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ആസ്വിം ഒരു ലക്ഷം ദിർഹം മകനെ ഏൽപിച്ചുകൊണ്ട് പറഞ്ഞു: ‘പോകൂ, ഒരു ലക്ഷം ഹദീസ് പഠിച്ച ശേഷമല്ലാതെ നിന്റെ മുഖം എനിക്ക് കാണേണ്ട.’ മുപ്പതിനായിരം ശിഷ്യന്മാർ പങ്കെടുത്തിരുന്ന വലിയൊരു സദസ്സിനു നേതൃത്വം നൽകിയ മഹാ ഹദീസ് പണ്ഡിതനായിത്തീർന്നു അദ്ദേഹം (തദ്കിറ/ദഹബി).

ഹനഫി പാതയിലെ ആദ്യനിരയിൽ വിശ്രുതനായ ഹിശാമുബ്‌നു ഉബൈദില്ലാ ഫിർദൗസി-റ(മ 261) ഇമാം ശൈബാനിയുടെയും അബൂയൂസുഫിന്റെയും വിദ്യാർത്ഥിയായിരുന്നു. അദ്ദേഹം പറയുന്നു: ഞാൻ ആയിരത്തി എഴുന്നൂറ് മഹാ ഗുരുക്കന്മാരിൽ നിന്നും ഹദീസ് പകർത്തിയിട്ടുണ്ട്. ഈ ജ്ഞാനാന്വേഷണ പാതയിൽ എനിക്ക് ഏഴു ലക്ഷം ദിർഹം ചെലവായിട്ടുമുണ്ട് (തദ്കിറ/ദഹബി).

ഇമാം ബുഖാരി(റ)യുടെ ഗുരുവായിരുന്ന മുഹമ്മദ് ബ്‌നു സലാമിൽ ബീകന്ദി-റ(161-225) ജ്ഞാനം തേടി മഹായാത്രകൾ ചെയ്ത വിശ്രുത പണ്ഡിതനായിരുന്നു. ആവേശപൂർവം ഹദീസുകൾ പകർത്തിയെടുക്കുന്നതിനിടയിൽ ഒരു വിജ്ഞാനസദസ്സിൽ വെച്ച് തന്റെ തൂലികയുടെ മുനപൊട്ടിയപ്പോൾ പെട്ടെന്ന് മറ്റൊരു തൂലിക ലഭിക്കാൻ അദ്ദേഹം വിളിച്ചുപറഞ്ഞുവത്രെ: ഒരു പേനതരൂ, ഒരു ദീനാർ തരാം. അന്നത്തെ പേനയുടെ നൂറിരട്ടി വില ലഭിക്കാൻ പോകുന്നതിനാൽ എത്രയെത്ര പേനകളാണെന്നോ സദസ്സിലെ സഹപാഠികൾ എറിഞ്ഞുകൊടുത്തത്. അദ്ദേഹമാണ് പറഞ്ഞത്, ജ്ഞാനം ആർജിക്കാൻ എനിക്ക് നാൽപതിനായിരം ദീനാർ ചെലവായി, അതുപോലെ ജ്ഞാനം പ്രചരിപ്പിക്കാനും ഞാൻ നാൽപതിനായിരം ദീനാർ ചെലവഴിച്ചുവെന്ന് (സിയർ/ദഹബി).

ഖുർആൻ പാരായണ വിദഗ്ധനായിട്ടാണ് ഖലഫ് ബ്‌നു ഹിശാം അൽ അസദി (150-229) അറിയപ്പെട്ടത്. എന്നാൽ അദ്ദേഹം മുഹദ്ദിസും സ്വൂഫിയുമായിരുന്നു. ഇമാം മുസ്‌ലിമിന്റെയും അബൂദാവൂദിന്റെയും ഗുരു. വ്യാകരണ ശാസ്ത്രത്തിൽ ഒരധ്യായം അൽപം പ്രയാസമായപ്പോൾ, അത് വഴക്കിയെടുക്കാൻ അദ്ദേഹം ചെലവാക്കിയതെത്രയാണെന്നോ, എൺപതിനായിരം ദിർഹം! (മഅ്‌രിഫത്തുൽ ഖുർറാഅ്/ദഹബി, ഗായത്തുന്നിഹായ/ഇബ്‌നുൽ ജസരി).

ഖുറാസാൻ ദേശത്തെ ജ്ഞാനതാരകമായിരുന്ന ഹാഫിളു ദുഹലി (172-258) ഒരിക്കൽ സദസ്സിലേക്ക് കയറിവന്നപ്പോൾ ഇമാം അഹ്മദ് ബ്‌നു ഹമ്പൽ(റ) എഴുന്നേറ്റുനിന്നു. അവിടുന്ന് ശിഷ്യന്മാരോടു പറഞ്ഞു: ‘പോയി അദ്ദേഹത്തിൽ നിന്നും വല്ലതും എഴുതിയെടുത്തോളൂ മക്കളേ.’ മൂന്നു സുദീർഘ യാത്രകളിലൂടെയാണ് ഇമാം ദുഹലി ഹദീസിൽ പ്രാവീണ്യം സമ്പാദിക്കുന്നത്. അദ്ദേഹത്തിന് ഒന്നര ലക്ഷം ദിർഹം യാത്രയാവശ്യാർത്ഥം ചെലവായി. ഒരിക്കൽ യഹിയബ്‌നു ഖഥാനെകാണാൻ ദീർഘയാത്ര ചെയ്ത് ബസ്വറയിലെത്തിയപ്പോൾ യഹ്‌യ എന്നവരുടെ ജനാസ ചുമക്കുന്ന ജനാവലിയാണ് അദ്ദേഹത്തെ എതിരേറ്റത് (തദ്കിറ/ദഹബി).

സമ്പന്ന കുടുംബാംഗമായിരുന്നു ഹദീസ് മഹാഗുരുവായിരുന്ന ഇബ്‌നു ശൈബ (180-262) അദ്വിതീയമായ മുസ്‌നദിന്റെ കർത്താവ്. മുപ്പതു വാള്യങ്ങളിലായി തയ്യാറാക്കിയ മുസ്‌നദ് പൂർത്തിയാക്കിയിരുന്നെങ്കിൽ നൂറു വാള്യം വേണ്ടിവരുമായിരുന്നത്രെ. അതിന്റെ വിവരണ-ക്രോഡീകരണ രീതി വേറിട്ടതായിരുന്നു. ആദ്യം ഒരു സ്വഹാബി വര്യന്റെ ചരിത്രം പറയും; വിശദമായിത്തന്നെ. പിന്നെ അദ്ദേഹം റിപ്പോർട്ട് ചെയ്ത ഹദീസുകൾ നിരത്തും. ഓരോ ഹദീസിന്റെയും പരമ്പര പരിശോധിച്ച് അതിന്റെ ‘ആരോഗ്യനില’ വിശദമാക്കും. അനുവാചകരെ മടുപ്പിക്കാത്ത രചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഇബ്‌നു ശൈബയുടെ വീട്ടിൽ നാൽപതു റീം പേപ്പർ ശേഖരിച്ചുവെച്ചതു കണ്ട വിശ്വസ്ത കേന്ദ്രങ്ങളെ ഖതീബുൽ ബഗ്ദാദി ഉദ്ധരിക്കുന്നുണ്ട്. മിനിമം പതിനായിരം ദീനാർ അതിനു വിലവരുമത്രെ (സിയറ്/ദഹബി).

മഹാ സമ്പന്നനായി ജീവിതം നയിച്ച ഇബ്‌നു റുസ്തം അൽമദദി (മ. 272) ശാമിലും മിസ്‌റിലും ഇറാഖിലും ജ്ഞാനം പ്രസരിപ്പിക്കുകയും മുസ്‌നദ് രചിക്കുകയും ചെയ്ത മഹാഗുരുവാണ്. ഹദീസ് സമാഹരണത്തിനും വ്യാപനത്തിനും വേണ്ടി മൂന്നു ലക്ഷം ദിർഹം ചെലവ് ചെയ്തിട്ടുണ്ടദ്ദേഹം. എന്നാൽ നാൽപതു വർഷം ഒരു മൃദുല വിരിപ്പിൽ അദ്ദേഹം കിടന്നിട്ടില്ല. ഹദീസ് നിർധാരണ യത്‌നത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശ്രമം. ഇബ്‌നു റുസ്തമിനേക്കാൾ കൂടുതൽ ഹദീസ് സമാഹരിച്ച മറ്റൊരാൾ അന്ന് ഇസ്ബഹാനിലില്ല.

സ്‌പെയിൻ സ്വദേശിയായ ഇബ്‌നു ആമിർ മാലികി (213-289), ഖുർഥുബയിൽ ജനിച്ച് ഖൈറുവാനിലും ഒടുവിൽ സൂസ് പട്ടണത്തിലും ജീവിച്ചു. ജ്ഞാനയാത്രാ തൽപരനായിരുന്ന അദ്ദേഹം ആഫ്രിക്കയിൽ പോയും ബസ്വറയിൽ വന്നും ഹിജാസിലെത്തിയും ജ്ഞാനം നുകർന്നു. ആറായിരം ദീനാർ അദ്ദേഹത്തിന് ഈയാവശ്യാർത്ഥം ചെലവായിട്ടുണ്ട്. വിദ്യാർത്ഥികൾ പിന്നീട് അദ്ദേഹത്തെ തിരഞ്ഞു സൂസിലേക്ക് ട്രിപ്പുകൾ സംഘടിപ്പിക്കുമായിരുന്നു. തന്റെ ബസ്വറ യാത്രയിൽ എഴുത്തു സഹായികൾക്കു മാത്രം പതിനായിരം ദിർഹം കൂലി നൽകിയ അനുഭവം പറയുന്നു അബൂ അബ്ദില്ലാഹിൽ ബജലിർറാസി-റ (200-294). ഫളാഇലുൽ ഖുർആൻ എന്ന മഹദ് രചനയുടെ ഉടമയാണദ്ദേഹം.

വിശുദ്ധ ഖുർആൻ ഒരാവർത്തി ഓതിക്കേൾപ്പിച്ചാൽ എല്ലാം കഴിഞ്ഞു എന്ന ധാരണയായിരുന്നില്ല, പാരായണ വിദഗ്ധനായി മാറിയ അബൂബക്‌റിൽ ഇസ്ബഹാനിയുടേത് (മ. 296). ഇസ്ബഹാനിൽ നിന്നും ഈജിപ്തിലേക്ക് ഖുർആൻ പാരായണത്തിന്റെ ആഴങ്ങളിലേക്കും വൈവിധ്യങ്ങളിലേക്കും ഊളിയിടാൻ പുറപ്പെടുമ്പോൾ ആ മഹാ ഗുരുവിന്റെ പക്കൽ എൺപതിനായിരം ദിർഹം ഉണ്ടായിരുന്നു. വ്യത്യസ്ത ഗുരുക്കന്മാരുടെ സന്നിധിയിൽ ചെന്ന് വിശുദ്ധ ഖുർആൻ ആദ്യാവസാനം ഓതിക്കേൾപ്പിച്ച് അവരിൽ നിന്ന് അംഗീകാരം വാങ്ങുകയായിരുന്നു അദ്ദേഹം. അങ്ങനെ എൺപതു ഗുരുക്കന്മാരെ സമീപിച്ച് 80 ഖത്മ് ഓതിക്കൊടുത്തു. ഇതിനുവേണ്ടി മാത്രം എൺപതിനായിരം ദിർഹം ചെലവഴിച്ചു (മഅ്‌രിഫതുൽ ഖുർറാഅ്/ദഹബി).

ഹദീസ് പഠിക്കാൻ മുവായിരം ദീനാർ ചെലവ് ചെയ്ത മഹാജ്ഞാനിയാണ് ഇബ്‌നു റുമൈസ് അൽബഗ്ദാദി(റ). എന്നാൽ ജ്ഞാനമാർഗത്തിൽ അമ്പതിനായിരത്തിലേറെ ദീനാർ ചെലവ് ചെയ്ത മഹാനാണ് പ്രഗത്ഭ വൈയാകരണൻ ഇബ്‌നുൽ കൂഫി (254-348). ധാരാളം കിതാബുകൾ ശേഖരിച്ചിരുന്ന ഇബ്‌നുൽ കൂഫി ധനിക കുടുംബത്തിലാണ് പിറക്കുന്നത്. നല്ല ഗ്രന്ഥങ്ങൾ കാണുന്ന മാത്രയിൽ അത് സ്വന്തമാക്കുകയോ പകർത്തിയെഴുതുകയോ ചെയ്യും. അവയെല്ലാം ദരിദ്ര വിദ്യാർത്ഥികൾക്ക് ദാനം ചെയ്യും. അദ്ദേഹത്തിന്റെ വീട്ടിൽ എപ്പോഴും കിതാബ് തിരഞ്ഞ് വിദ്യാർത്ഥികളുടെ വൻ തിരക്കാണ്. മുതഅല്ലിംകൾക്കു വേണ്ടി ധാരാളം ചെലവ് ചെയ്തു ആ മഹാ പണ്ഡിതൻ. വിദ്യാർത്ഥികൾക്കു വേണ്ടി, മക്കയിലും ഇറാഖിലും സിങ്കിസ്താനിലും ഒട്ടേറെ ധർമം ചെയ്ത മഹാജ്ഞാനിയായിരുന്നു ഹദീസ് വിശാരദനായിരുന്ന ദഅ്‌ലജ്-റ (260-351), ജ്ഞാനഭണ്ഡാരമായിരുന്ന അദ്ദേഹം മക്കയിലെ ദാറുൽ അബ്ബാസിയ്യ മുപ്പതിനായിരം ദീനാർ വില കൊടുത്താണ് സ്വന്തമാക്കിയത്. തന്റെ അനർഘ രചനയായ അൽ മുസ്‌നദുൽ കബീർ പരിശോധിച്ച മഹാനായ ഇബ്‌നു ഇഖ്ദക്ക് പേജൊന്നിന് രണ്ടു ദീനാർ വെച്ച് പാരിതോഷികം നൽകുവാൻ അദ്ദേഹം തയ്യാറായി. വിശ്രുതമായ സ്വഹീഹ് മുസ്‌ലിമിന് സ്വഹീഹുൽ മുഖർറജ് എന്ന അനുബന്ധം തയ്യാറാക്കിയ നൈസാബൂരിലെ ഹദീസ് ഗുരു അബൂബക്‌റുൽ ജൗസഖി (306-388) ഹദീസ് അന്വേഷണ പാതയിൽ ഒരു ലക്ഷം ദിർഹം ചെലവഴിച്ചു.

ഹദീസ് ശാസ്ത്രത്തിൽ യുഗപുരുഷനാണ് ബഗ്ദാദുകാരനായ യഹ്‌യബ്‌നു മഈൻ-റ (158-233). ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഗുരുനാഥൻ. പിതാവ് മഈൻ അബ്ദുല്ലാഹിബ്‌നു മാലികിന്റെ എഴുത്തു സഹായിയായിരുന്നു. പിന്നെ റയ്യിലെ നികുതി പിരിവുകാരനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം മരണപ്പെട്ടപ്പോൾ ഏക പുത്രൻ യഹ്‌യക്ക് അനന്തരമെടുക്കാൻ പതിനഞ്ചു ലക്ഷം ദിർഹമാണ് അവശേഷിച്ചത്. എന്നാൽ ജ്ഞാനദാഹിയായ യഹ്‌യ അവയത്രയും ജ്ഞാനമേഖലയിൽ ചെലവഴിച്ചു. അണിയാൻ ഒരു പാദരക്ഷ വാങ്ങാൻ പോലും ഒന്നുമില്ലാത്ത അവസ്ഥയുണ്ടായി അദ്ദേഹത്തിന്. അതിനേക്കാൾ ഉജ്ജ്വലമായ കഥ പറയാനുണ്ട് ഇമാം മാലിക്(റ)ന്റെ ഗുരുവായിരുന്ന മദീനത്തുകാരൻ റബീഅത്തുർറഅ്‌യിന്റെ മാതാവിന്. ഹിജ്‌റ 136-ൽ ദിവംഗതനായ താബിഈ പ്രമുഖനാണ് റബീഅത്ത്. ബനൂ ഉമയ്യാ ഭരണകാലത്ത് ഖുറാസാനിലേക്ക് സന്ദേശദൂതുമായി പോയതായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ഫർറൂഖ്. അപ്പോൾ റബീഅത്ത് മാതാവിന്റെ ഉദരത്തിൽ രൂപം കൊള്ളുന്നേയുള്ളൂ. പത്‌നിയെ മുപ്പതിനായിരം ദീനാർ ഏൽപ്പിച്ചാണ് ഫർറൂഖ് യാത്ര തിരിച്ചത്. ഫർറൂഖ് പക്ഷേ, തിരിച്ചുവന്നത് 27 വർഷത്തിനു ശേഷമാണ്. ഒരു കുതിരപ്പുറത്ത് കുന്തവുമേന്തി നാട്ടിലെത്തിയ അദ്ദേഹം നേരെ വീട്ടിനു മുന്നിലെത്തി. വാഹനമിറങ്ങി, കുന്തം കൊണ്ട് വാതിലിൽ അധികാര ഭാവത്തിൽ ശബ്ദമുണ്ടാക്കി. പുറത്തുവന്നത് റബീഅത്തായിരുന്നു. റബീഅത്തിന് ആഗതന്റെ മട്ടും ഭാവവും ഒട്ടും പിടിച്ചില്ല: ഹേ ധിക്കാരീ, എന്റെ വീട്ടിലേക്ക് അതിക്രമിച്ചുവരുന്നോ? ഗൗരവത്തിൽ റബീഅ് ചോദിച്ചു. ഫർറൂഖ് വിട്ടില്ല: ധിക്കാരി നീയാണടാ, നീയാരാ എന്റെ പുരയിൽ?

ഇരുവരും പരസ്പരം ചാടിവീണതും മൽപിടുത്തം തുടങ്ങിയതും പെട്ടെന്നായിരുന്നു. ഇരുവരും ബലാബലം പിടിച്ചുനിന്നു. അപ്പോഴേക്കും റബീഅത്തിന്റെ മാതാവും അയൽവാസികളും സ്ഥലത്തെത്തി. മസ്ജിദിലുണ്ടായിരുന്ന ഇമാം മാലികും മറ്റു ഗുരുസംഘവും അവിടെ പാഞ്ഞെത്തി. മദീനയുടെ പ്രിയഗുരുവിനെ ജനം വളഞ്ഞ് സംരക്ഷണമേറ്റെടുത്തു. ആകെ ബഹളം. ഇമാം മാലികിനെ കണ്ടപ്പോൾ ജനം ഒന്നടങ്ങി. അദ്ദേഹം പ്രശ്‌നത്തിൽ ഇടപെട്ടു. പ്രായം തോന്നിക്കുന്ന ആഗതനോട് അദ്ദേഹം ചോദിച്ചു: കാരണവരേ, നിങ്ങൾക്ക് ഈ വീട്ടിലെന്താണ് കാര്യം?

‘ഇതെന്റെ വീടാണ്’ ഫർറൂഖ് വിറക്കുന്നുണ്ടായിരുന്നു.

‘ഞാൻ ഫർറൂഖ്, മുൻകദിർ കുടുംബത്തിന്റെ വിമോചിത അടിമയാണ് ഞാൻ.’

അദ്ദേഹത്തിന്റെ പത്‌നി ഇതു കേട്ടു. സകൗതുകം അതിലേറെ സസന്തോഷം മഹതി പുറത്തുവന്നു പറഞ്ഞു: ‘ഇതെന്റെ ഭർത്താവിന്റെ ശബ്ദം തന്നെ. അതേ, ഇതദ്ദേഹം തന്നെയാണ്. ഇദ്ദേഹം യുദ്ധസന്ദേശവുമായി ഇരുപത്തേഴു വർഷങ്ങൾക്കു മുമ്പ് ഖുറാസാനിൽ പോയതായിരുന്നു. അന്ന് റബീഅത്ത് മോൻ വയറ്റിലാ.’

ഉപ്പയും മകനും പരസ്പരം ആശ്ലേഷിച്ചു. സന്തോഷത്തിന്റെയും അനുതാപത്തിന്റെയും അശ്രുകണങ്ങൾ പൊഴിഞ്ഞു. ഫർറൂഖ് വീട്ടിൽ കയറി. വീട്ടിൽ ആഹ്ലാദം കളിയാടി. അടുത്ത ദിവസം ഫർറൂഖ് താനേൽപിച്ചുപോയ മുപ്പതിനായിരം ദീനാറിനെക്കുറിച്ചു ചോദിച്ചു. പരുങ്ങലിലായ പത്‌നി ‘ഒന്നു രണ്ടു ദിവസം കഴിഞ്ഞ് തിരികെ തരാം. അത് പെട്ടെന്നെടുക്കാൻ കഴിയാത്ത ഒരിടത്ത് സൂക്ഷിച്ചിരിക്കയാണെന്നു സമാധാനിപ്പിച്ചു. അടുത്ത ദിവസം മസ്ജിദിലെത്തിയ ഫർറൂഖ് ഒരു മഹാ ജ്ഞാനസദസ്സ് ശ്രദ്ധിച്ചു. മഹാജ്ഞാനികളുടെ സംഗമം. എല്ലാവരും വലിയ ആദരവാണ് ഗുരുവിനോട് കാണിക്കുന്നത്. പെട്ടെന്നു മനസ്സിലാകാതെ, ഫർറൂഖ് ഗുരുവിനെക്കുറിച്ച് ചോദിച്ചു: ‘അതോ, അത് മഹാഗുരു റബീഅത്തല്ലേ.’ സദസ്യർ പറഞ്ഞുകൊടുത്തു. ഫർറൂഖിന്റെ ഉള്ളു കുളിർത്തു. രോമാഞ്ചമുണ്ടായി. സന്തോഷാതിരേകത്താൽ അദ്ദേഹം വീട്ടിൽ ഓടിയെത്തി. തന്റെ പുത്രൻ ആർജിച്ച ജ്ഞാനമഹത്ത്വത്തെക്കുറിച്ച് പത്‌നിയോട് വാചാലനായി. അപ്പോൾ മഹതി വിശദീകരിച്ചു: താങ്കൾ എന്നെ ഏൽപ്പിച്ചുപോയ മുപ്പതിനായിരം ദീനാറില്ലേ, അതു മുഴുവൻ ചെലവു ചെയ്താണ് ഞാൻ നമ്മുടെ മകനെ വിദ്യയഭ്യസിപ്പിച്ചത്. ഇനി പറയൂ, എതാണ് താങ്കൾക്കു വേണ്ടത്? പണമാണോ, മകൻ നേടിയ മഹാസ്ഥാനമാണോ.’ ഫർറൂഖ് പ്രതിവചിച്ചു: അല്ലാഹുവാണെ! എനിക്കെന്റെ മകൻ മതി. അവന് ലഭിച്ചുകൊണ്ടിരിക്കുന്ന ആദരങ്ങൾ മതി. പൊന്നുമോൻ അല്ലാഹുവിങ്കൽ എത്തിപ്പെട്ട ഉന്നത സ്ഥാനങ്ങൾ മതി. പ്രിയ പത്‌നീ, നീ ചെലവഴിച്ച പണം ഒട്ടും പാഴായിട്ടില്ല.’

 

(ഖതീബുൽ ബഗ്ദാദി താരീഖു ബഗ്ദാദിലും ഇബ്‌നു ഖല്ലികാൻ വഫയാത്തിലും അനുസ്മരിച്ച ഈ സംഭവത്തെ പക്ഷേ, ഹാഫിള് ദഹബി ചോദ്യം ചെയ്യുന്നുണ്ട്.)

അഹ്മദ് മലബാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ