\
ദീനി പ്രബോധനം വനിതകൾക്കുമാകാം. കുടുംബാഗങ്ങളിൽ സംസ്‌കരണം നടത്താൻ സ്ത്രീകളേക്കാൾ അവസരമുള്ളവരല്ല പുരുഷൻ മാർ, ഇതിനായി അവർ വീടു വിട്ടു പോകേണ്ടി വരുന്നുമില്ല. ഇങ്ങനെ സ്വന്തം ചുറ്റുവട്ടത്തിൽ ഒതുങ്ങിനിന്നുകൊണ്ട് തന്നെ പ്രബോധനരംഗത്ത് മഹത്തായ സംഭാവന നൽകിയ മഹിളാരത്‌നങ്ങളിൽ പ്രധാനിയാണ് നഫീസത്തുൽ മിസ്‌രിയ്യ(റ). അവരുടെ ജീവിതത്തിലെ ചില പ്രധാന നിമിഷങ്ങൾ:
നൈൽ നദിയിലെ ജല സാന്ദ്രത വർധിച്ചു വെള്ളപ്പൊക്കമുണ്ടായി. കൃഷി നശിച്ചതിനാൽ കർഷകർ ദുരിതത്തിലായി. അവർ പതിവുപോലെ ആവലാതിയുമായി ബീവിയെ സമീപിച്ചു: മഹതി തന്റെ മുഖമക്കന അഴിച്ച് അവരെ ഏൽപ്പിച്ചു പറഞ്ഞു: ‘നിങ്ങളിത് നൈലിൽ കൊണ്ടു പോയി ഇടുക.’ ജനങ്ങൾ അപ്രകാരം ചെയ്തു അതോടെ ജലനിരപ്പ് താഴുകയും സാധാരണ നില കൈവരിക്കുകയും ചെയ്തു.
ഒരു ഖിബ്തി(കോപ്റ്റിക്ക്) വംശജയുടെ പുത്രനെ ആരോ തട്ടിക്കൊണ്ടുപോയി. ക്രൈസ്തവ വിശ്വാസിയായ മാതാവ് കനീസകളിലും മഠങ്ങളിലും കാണിക്കകളും നേർച്ചകളുമായി കയറിയിറങ്ങിയെങ്കിലും കുട്ടിയെ കിട്ടിയില്ല. ഒടുവിൽ അവരുടെ ഭർത്താവ് ബീവിയെ സമീപിച്ചു പുത്രന്റെ തിരോധാനം അറിയിച്ചു. ബീവി കൈകളുയർത്തി പ്രാർത്ഥിച്ചു. കൊള്ളക്കാർ ബന്ധിയാക്കിയിരുന്ന കുട്ടി ബന്ധന മുക്തനായി അന്നുതന്നെ വീടണഞ്ഞു.
ബീവിയുടെ അയൽക്കാരായി ഒരു ജൂത കുടുംബം താമസിച്ചിരുന്നു. ഇവർക്ക് സ്വയം എഴുന്നേറ്റു നിൽക്കാനും നടക്കാനും ശേഷിയില്ലാത്ത ഒരു പെൺകുട്ടിയുണ്ടായിരുന്നു. വീട്ടിലും മുറ്റത്തുമൊക്കെ ഇഴഞ്ഞു നീങ്ങിയിരുന്ന അവളൊരിക്കൽ ആരുമില്ലാത്ത ഒരു സന്ധ്യാസമയത്ത് ഇഴഞ്ഞിഴഞ്ഞു ബീവിയുടെ ഉമ്മറത്തെത്തി. ബീവി നിസ്‌കരിക്കാൻ വുളൂഅ് ചെയ്യുകയായിരുന്നു. കുട്ടി ഇഴഞ്ഞെത്തിയത് അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. മഹതിയുടെ വുളൂഅ് (അംഗ ശുദ്ധി വരുത്തുന്ന വെള്ളം) പെൺകുഞ്ഞി ന്റെ ശരീരത്തിൽ വീണ് അവൾ നനഞ്ഞു. ബീവി നിസ്‌കാരത്തിനായി അകത്തേക്കു നീങ്ങി. വുളൂഇന്റെ വെള്ളം ആ തളർന്ന കാലുകളിൽ അദ്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. കുട്ടി പരസഹായമില്ലാതെ എഴുന്നേറ്റു വീട്ടിലേക്ക് ഓടി പ്പോയി, മാതാവിനെ കെട്ടിപ്പിടിച്ചു. അവർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സംഭവമറിഞ്ഞ ജൂതനായ പിതാവ് ഇങ്ങനെ പ്രാർത്ഥിച്ചു: ‘തമ്പുരാനേ, നീ ഇച്ഛിക്കുന്നവരെ നീ സന്മാർഗത്തിലാക്കുന്നു, നീ ഉദ്ദേശിച്ചവരെ ദുർമാർഗത്തിലുമാക്കുന്നു. നിന്റെ ശരിയായ സരണി ഇസ്‌ലാമാണെന്നും നീ തൃപ്തിപ്പെട്ട മതം ഇസ്‌ലാം മാത്രമാണെന്നും ഞാൻ മനസ്സിലാക്കുന്നു.’
അനന്തരം അദ്ദേഹം ബീവിയുടെ വസതിയിലെത്തി സംസാരിച്ചു. ബീവി ആ കുടുംബത്തിന്റെ സൻമാർഗ ലബ്ധിക്കായി പ്രാർത്ഥിച്ചു. ഉടനെ കുട്ടിയുടെ പിതാവ് അബുസ്സറായ സത്യസാക്ഷ്യം ഉരുവിട്ടു മുസ്‌ലിമായി. തുടർന്ന് കുടുംബവും ഇസ്‌ലാമിലെത്തി. ആ മതാശ്ലേഷവും രോഗം സുഖപ്പെട്ട അത്ഭുത സംഭവവും നാട്ടിലും ജൂത കുടുംബങ്ങളിലുമെല്ലാം വലിയ ചർച്ചയായി. പ്രദേശത്തെ എൺപതോളം വരുന്ന ജൂത കുടുംബങ്ങൾ ഒന്നടങ്കം ഇസ്‌ലാംമതം സ്വീകരിക്കുകയും ബീവിയുടെ അനുയായികളായിത്തീരുകയും ചെയ്തു.
തിരു പുത്രി ഫാതിമ(റ)യുടെ സന്താനങ്ങളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരയിലാണ് ബീവിയുടെ മാതാവിന്റെയും പിതാവിന്റെയും കുടുംബ വേരുകൾ സംഗമിക്കുന്നത്. ഹിജ്‌റ 145 (ക്രി-760) ൽ നഫീസത്തുൽ മിസ്‌രിയ്യ(റ) മക്കയിൽ ജനിച്ചു. പിതാവ് അബൂമുഹമ്മദ് ഹസനുൽ അൻവർ, മാതാവ് ഉമ്മുസലമ. ബീവിയെ കൂടാതെ ഇവർക്ക് ഖാസിം, മുഹമ്മദ്, അലി, ഇബ്‌റാഹീം, സൈദ്, അബ്ദുല്ല, യഹ്‌യ, ഇസ്മാഈൽ, ഇസ്ഹാഖ്, ഉമ്മുകുൽസൂം എന്നീ പത്ത് സന്താനങ്ങളുമുണ്ടായിരുന്നു.
ബീവിയുടെ ശൈശവം ആദ്യം മക്കയിലും പിന്നീട് മദീനയിലുമായിരുന്നു. മഹതിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് കുടുംബം മദീനയിൽ താമസമാക്കിയത്. നാൽപത്തിയെട്ടാം വയസ്സിൽ (ഹിജ്‌റ വർഷം 193-ൽ) അവർ മിസ്്വർ (ഈജിപ്ത്) ലേക്ക് മാറിത്താമസിച്ചു. 63-ാം വയസ്സിൽ അവിടെ തന്നെയായിരുന്നു അന്ത്യവും. ഈജിപ്തിലേക്കു ചേർത്താണ് മിസ്‌രിയ്യ എന്ന് പേരിനൊപ്പം വന്നത്.
ചെറുപ്രായത്തിൽ തന്നെ അധ്യാത്മിക ജീവിതത്തിന്റെ ആദ്യപാഠങ്ങളും മതവിദ്യയും നല്ലമാതൃകകളും സ്വന്തം പിതാവിൽ നിന്നു അവർക്ക് ലഭിച്ചു. മക്ക, മദീന പുണ്യനഗരങ്ങളുടെ സവിശേഷ അന്തരീക്ഷവും മഹതിയുടെ വ്യക്തിത്വരൂപീകരണത്തിലും അഭിരുചി നിർണയത്തിലും സ്വാധീനം ചെലുത്തുകയുണ്ടായി. ഗാർഹികവും സാമൂഹികവുമായ നല്ല പരിസരം വിജ്ഞാനത്തിനും അധ്യാത്മികാനുഭവങ്ങൾക്കും വളർച്ചക്കും അവസരമേകി.
ആറാം വയസ്സിൽ തന്നെ ഖുർആൻ മുഴുവനും വൈകാതെ ഇമാം മാലിക്(റ)ന്റെ സുപ്രസിദ്ധ ഹദീസ് സമാഹാരമായ അൽ മുവത്വയും ഹൃദിസ്ഥമാക്കി. ബാല്യകൗമാരങ്ങളിൽ തന്നെ കർമശാസ്ത്ര വിശദാംശങ്ങളും ഖുർആൻ വ്യാഖ്യാനങ്ങളും ചരിത്രവും സാഹിത്യവുമെല്ലാം വിശദമായി പഠിച്ചതുമൂലം വിജ്ഞാനദാഹികളുടെ ആശ്രയമായിത്തീർന്നു. സംശയ നിവാരണാർത്ഥം ജനങ്ങൾ അവരെ സമീപിക്കുക പതിവായിരുന്നു.
അവരുടെ പാണ്ഡിത്യത്തിന്റെ ആഴവും ആധ്യത്മിക ഔന്നത്യവും അടയാളപ്പെടുത്തുന്നതാണ് ഇമാം ശാഫിഈ(റ) അവരെ കൊണ്ട് പ്രാർത്ഥിപ്പിക്കാറുണ്ടായിരുന്നുവെന്നത്. നഫീസത്തുൽ മിസ്‌രിയ്യ(റ)യുടെ ആത്മീയ സദസ്സുകളിൽ സംബന്ധിക്കാറുണ്ടായിരുന്നു ഇമാം ശാഫീ(റ). ഈജിപ്തിലെ അംറുബ്‌നു ആസ് മസ്ജിദ് കേന്ദ്രമാക്കി വൈജ്ഞാനിക പ്രവർത്തനങ്ങളിൽ വ്യാപൃതമായിരിക്കെയാണ് ഇമാം ശാഫിഈ(റ)വും സയ്യിദ നഫീസയും ഊഷ്മള ആത്മീയ ബന്ധം നിലനിറുത്തി പോന്നത്. പല വൈജ്ഞാനിക വിഷയങ്ങളിലും ഇരുവരും ചർച്ചകൾ നടത്തിയിരുന്നു. ശാഫിഈ ഇമാം രോഗബാധിതനാവുന്ന വേളയിലെല്ലാം ശമനത്തിനായി ദുആ ചെയ്യാൻ ബീവിയോട് ആവശ്യപ്പെടുകയും തദ്ഫലമായി സുഖം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ഇമാമിന്റെ മരണത്തിലേക്കെത്തിച്ച രോഗഘട്ടം പ്രാർത്ഥനാഭ്യർത്ഥനയുമായി ചെന്ന ശിഷ്യനോട് പ്രാർത്ഥനക്കു പകരം മഹതി പറഞ്ഞു: ‘അല്ലാഹു തിരുദർശനത്തിന് ഇമാമിനെ അനുഗ്രഹിക്കുമാറാകട്ടേ.’ തന്റെ മടക്കയാത്രക്കു സമയമായെന്ന് ബീവിയുടെ പ്രതികരണത്തിൽ നിന്നും ഇമാം മനസ്സിലാക്കി മരണത്തിനൊരുങ്ങി. തന്റെ ജനാസ നിസ്‌കരിക്കാൻ ഇമാം ബീവിയോട് വസ്വിയ്യത്ത് ചെയ്തു. ഹിജ്‌റ:204 (ക്രി: 820) റജബ് 29 വെള്ളിയാഴ്ച ഇമാം ഇഹലോകവാസം വെടിഞ്ഞു. വസ്വിയ്യത്ത് പ്രകാരം ഇമാം ശാഫിഈ(റ)യുടെ ജനാസ ബീവി നിസ്‌കരിക്കുകയും ചെയ്തു.
വിജ്ഞാന സമ്പാദനം, അധ്യാപനം, ആരാധന, ഖുർആൻ പാരായണം, അഗതി സേവനം, ആതുര ശുശ്രൂഷ തുടങ്ങിയവക്കായി മഹതി ജീവിതം മാറ്റിവെച്ചു. ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജന സഹസ്രങ്ങൾ വിജ്ഞാനവും ഉപദേശ നിർദേശങ്ങളും സാന്ത്വനവും തേടി ബീവിയുടെ വസതിയിലേക്കൊഴുകി. ആരാധനയും പഠനവും അധ്യാപനവും ജനസേവനവുമെല്ലാം ഉൾപ്പെട്ടതായിരുന്നു നഫീസത്തുൽ മിസ്‌രിയ്യ(റ)യുടെ ദിനചര്യ. തന്റെ കടമകളും കടപ്പാടുകളും നിറവേറ്റുന്നതിൽ അവർ തീരെ വീഴ്ചവരുത്തിയില്ല. കുടുംബപരവും സാമൂഹികപരവുമായ ഉത്തരവാദിത്തങ്ങൾ മാറ്റിനിർത്തിയുള്ള ആധ്യാത്മിക ജീവിതമായിരുന്നില്ല ബീവിയുടേത്. യൗവനകാലത്ത് തന്നെ തനിക്കായി അന്ത്യവിശ്രമ സ്ഥലമൊരുക്കി മരണസ്മരണ നിലനിറുത്തി. അവിടെ നിസ്‌കാരവും ഖുർആൻ പാരയണവുമായി കഴിഞ്ഞു കൂടുകയും ചെയ്യുമായിരുന്നു.
മൂന്നു നാൾ കൂടുമ്പോഴേ അവർ ആഹാരം കഴിക്കാറുണ്ടായിരുന്നുള്ളൂ. ആരാധനാ മുറിക്കടുത്ത് ഒരു കൊട്ട തൂക്കിയിട്ടിരിക്കും. അവർക്ക് ആവശ്യമുള്ളതെന്തും ആ കൊട്ടയിൽ നിന്നു ലഭിക്കുമായിരുന്നു. ഞാനൊരിക്കലും നിനച്ചിട്ടില്ലാത്ത സാധനങ്ങൾ വരെ ആ വട്ടിയിൽ കാണുമായിരുന്നു. അതെവിടെ നിന്ന്? ആര്? എപ്പോൾ? എത്തിക്കുന്നുഎന്ന് ആരാഞ്ഞപ്പോൾ മഹതി പറഞ്ഞു:
‘ഏകനായ അല്ലാഹുവുമായുള്ള ദാസ്യം ശരിയാംവണ്ണം പാലിച്ചു ജീവിക്കുന്നവർക്കാണ് ഈ ലോകമൊന്നടങ്കം.’ ബീവിയുടെ സഹോദര പുത്രി സൈനബയുടെ അനുഭവസാക്ഷ്യമാണിത് (അസ്സയിദ നഫീസ, അൽ ഇൽമുൽ കരീമ അദ്ദരിയ്യ-ശൈഖ് ത്വാഹാഅബ്ദുർ റഊഫ് സഅദ്; ഹസൻ മുഹമ്മദ് അലി സഅദ്)
‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസിക്കുകയും കാര്യങ്ങളെല്ലാം അവനിൽ ഭരമേൽപിക്കുകയും ചെയ്യുന്ന ഭക്തർക്ക് വിഷമങ്ങളിൽ നിന്ന് മോചനം നേടാൻ നാഥൻ മാർഗമുണ്ടാക്കി കൊടുക്കും. ഊഹിക്കുകപോലും ചെയ്യാത്ത മാർഗത്തിലൂടെ അവൻ വിഭവ മരുളുകയും ചെയ്യും. ആർ അല്ലാഹുവിൽ ഭരമേൽ പിക്കുന്നുവോ അവർക്ക് അവൻതന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുകതന്നെ ചെയ്യും. സകലകാര്യത്തിനും അല്ലാഹു കണക്ക് നിശ്ചയിച്ചുവെച്ചിട്ടുണ്ട് (അത്വലാഖ്/2-3) എന്ന ഖുർആനിക വാഗ്ദാനത്തിന്റെ പുലർച്ചയാണ് ബീവിയുടെ ജീവിതം.
മഹതിയുടെ പ്രാർത്ഥനഫലമായി രോഗങ്ങൾ ഭേദമായവരും നഷ്ടപ്പെട്ടവ തിരിച്ചുകിട്ടിയവരും ജീവിതപ്രയാസം നീങ്ങി മന:സമാധാനം കൈവരിച്ചവരും നിരവധി. അവർ മുഖേന അനവധി കുടുംബങ്ങൾ ഇസ്‌ലാം സ്വീകരിച്ചതും ചിരിത്രത്തിൽ കാണാം.
ഹിജ്‌റ 208 റജബ്മാസം ബീവി രോഗബാധിതയായി. രണ്ടര മാസത്തോളം അത് നീണ്ടുനിന്നു. റമളാനിൽ രോഗം കലശലായെങ്കിലും നോമ്പ് ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. നോമ്പൊഴിവാക്കാനുള്ള വൈദ്യനിർദേശത്തിന് മഹതി പ്രതികരിച്ചതിങ്ങനെ: മുപ്പത് വർഷമായി നോമ്പുകാരിയായിരിക്കെ മരപ്പിക്കണമെന്ന് ഞാനെന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് അതിന് അവസരമെത്തിയപ്പോൾ നിങ്ങളെന്നോട് നോമ്പൊഴിവാക്കാൻ ആവശ്യപ്പെടുകയാണോ?’ ആ വർഷം റമളാൻ പതിനഞ്ചിന് ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെ മഹതി ഈ ലോകത്തോട് വിട പറഞ്ഞു. ”അവരുടെ രക്ഷിതാവിങ്കൽ അവർക്ക് രക്ഷയുടെ ഗേഹമുണ്ട്. അവൻ അവരുടെ രക്ഷാധികാരിയുമാകുന്നു; അവർ സ്വീകരിച്ച ശരിയായ കർമ മാർഗം കാരണമായി’ (അൽ അൻആം 127) മഹതി അവസാനമായി പാരായണം ചെയ്ത ഖുർആൻ സൂക്തം ഇതായിരുന്നു (അഹ്‌ലുബൈത്ത് അസ്സയ്യിദ നഫീസ).
എല്ലാനിലയിലും വിശ്വാസി വിശ്വാസിനികൾക്ക് മാതൃക പകരുന്ന ജീവിതമാണ് അവർ നയിച്ചത്. ബീവിയുടെ ജീവിതം കണ്ട് ഈജിപ്ഷ്യൻ വനിതകൾ ഇസ്‌ലാമിക പാഠങ്ങൾ ഉൾകൊണ്ടു. സ്ത്രീകളാണല്ലോ ഭാവി തലമുറയുടെ ആദ്യ പാഠശാല. അവരെ സംസ്‌കരിക്കുമ്പോൾ വലിയൊരു ജനപഥമാണ് പരിവർത്തിതമാകുന്നത്. ഇതാണ് ബീവി നഫീസയുടെ സാത്വിക പ്രബോധന ജീവിതത്തിന്റെ വർത്തമാന വായന.
ടിടിഎ ഫൈസി പൊഴുതന