? ജനങ്ങൾക്കിടയിൽ പേരും പെരുമയും കിട്ടണം. ആളുകൾ ശ്രദ്ധിക്കണം. ഇതൊക്കെ ആരും ആഗ്രഹിച്ചുപോകുന്ന മോഹങ്ങളാണ്. മുഹമ്മദ് നബിയുടെ പ്രവാചകത്വവാദത്തിന് പിന്നിൽ അങ്ങനെ വല്ല പ്രേരകങ്ങളും ഉണ്ടായിക്കൂടേ?

പ്രശസ്തിമോഹം കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് കരുതാൻ യാതൊരു ന്യായീകരണവുമില്ല. കാരണം കവികൾക്കും സാഹിത്യകാരൻമാർക്കും ഏറ്റവും കൂടുതൽ സ്വീകാര്യതയും പ്രസിദ്ധിയും കിട്ടിയിരുന്ന കാലമായിരുന്നു അത്. ഒരു ഗോത്രത്തിൽ ഒരു കവി ഉദയം ചെയ്തുവെന്നറിഞ്ഞാൽ കവിത കഅ്ബയിൽ കെട്ടിത്തൂക്കുകയും അതൊരാഘോഷമായി കൊണ്ടാടുകയും ചെയ്യുമായിരുന്നു. ഖുർആൻ ഉൽകൃഷ്ട സാഹിത്യമാണെന്ന കാര്യത്തിൽ, പ്രവാചകരോട് കഠിന ശാത്രവം പുലർത്തിപ്പോന്ന ഖുറൈശികൾക്ക് പോലും തർക്കമുണ്ടായിരുന്നില്ല. ഇസ്‌ലാമിന്റെ കഠിന വിരോധിയായ വലീദ് പോലും ഇക്കാര്യം ആണയിട്ട് സമ്മതിക്കുന്നുണ്ട്. പ്രശസ്തിയും അംഗീകാരവുമാണ് നബി(സ്വ) ഉദ്ദേശിച്ചിരുന്നതെങ്കിൽ ഇത് തന്റെ സ്വന്തം സാഹിത്യ രചനയാണെന്ന് പറയുകയായിരുന്നു വേണ്ടിയിരുന്നത്. എങ്കിൽ ഉന്നത സാഹിത്യകാരൻ എന്ന മേൽവിലാസവും ആദരവും പ്രശസ്തിയും മുഹമ്മദ് നബി(സ്വ)ക്ക് കൈവരുമായിരുന്നു. ആരോപണങ്ങളുമായി ആരും കല്ലെറിയുമായിരുന്നില്ല. എന്നിട്ടും ഇത് തന്റേതല്ല എന്നാണ് മുഹമ്മദ് നബി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന്റെ പേരിൽ അവിടന്ന് ഏറെ പീഡനങ്ങളും താഡനങ്ങളും സഹിക്കേണ്ടിവന്നു.

?പ്രവാചകത്വവാദത്തിനൊടുവിൽ സംഭവിക്കുന്നത് മുഹമ്മദ് നബി അധികാരത്തിലേക്ക് നടന്നുകയറുന്നതാണ്. അധികാരമോഹം ഈ വാദത്തിന് പിന്നിലെ ഒരു ഫാക്ടറാണ് എന്ന നിരീക്ഷണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

മുഹമ്മദ് നബി(സ്വ)യുടെ ലക്ഷ്യം അധികാരമായിരുന്നില്ല എന്ന് വ്യക്തമാണ്. കാരണം ദിവ്യബോധനം തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ നബി(സ്വ)യുടെ അടുക്കൽ പൗരപ്രമുഖരെല്ലാം ചെന്ന് വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർ പറഞ്ഞു: നീ സമ്പത്താണ് കൊതിക്കുന്നതെങ്കിൽ നിനക്ക് വേണ്ടത്ര ധനം ഞങ്ങൾ നൽകാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇവിടത്തെ രാജാവായി നിന്നെ വാഴിക്കാം. സൗന്ദര്യമാണ് മോഹിക്കുന്നതെങ്കിൽ നിനക്ക് ഇഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം.
പക്ഷേ, തിരുനബിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അധികാരമോ കവർച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യർക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് എന്നെ നിയോഗിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ സന്ദേശമാണ് ഞാൻ നിങ്ങൾക്ക് എത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവർക്ക് ഈ ലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും നേടാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവർക്കിടയിൽ തീർപ്പ് കൽപ്പിക്കുന്നവൻ അവൻ തന്നെയാണ്.’
അധികാരം മോഹിച്ചില്ലെങ്കിലും പിൽക്കാലത്ത് അധികാരം തന്റെ കൈയിൽ വന്നണഞ്ഞു എന്നത് നേരാണ്. പക്ഷേ, അപ്പോഴും ഒരു രാജകീയ പ്രൗഢിയോടെ അവിടന്ന് ജീവിച്ചിട്ടില്ല. തനിക്ക് മുമ്പിൽ സുജൂദ് (സാഷ്ടാംഗം) ചെയ്യാൻ സമ്മതം ചോദിച്ച അനുചരനെ അവിടന്ന് വിലക്കുകയാണുണ്ടായത്. ദൈവികതയിലേക്ക് ഉയർത്തുംവിധം തന്നെ അമിതമായി ആദരിക്കരുതെന്ന് പഠിപ്പിക്കുകയായിരുന്നു തിരുനബി. ഒരിക്കൽ പ്രവാചകർ പറഞ്ഞു: ക്രിസ്ത്യാനികൾ മർയമിന്റെ പുത്രനെ പുകഴ്ത്തിയത് പോലെ നിങ്ങൾ എന്നെ വാഴ്ത്തരുത്. അനുയായികൾക്കിടയിൽ അവരെപ്പോലെയുള്ള സൗകര്യങ്ങൾ പോലും ഉപയോഗിക്കാതെ അവരിലൊരാളായിട്ടാണ് തിരുനബി(സ്വ) ജീവിച്ചത്. എന്നെ ദുർബലർക്കിടയിൽ നിങ്ങളന്വേഷിക്കുക, നിങ്ങൾക്ക് അന്നവും സഹായവും കിട്ടുന്നത് ദുർബലർ കാരണമാണ് എന്ന് പ്രസ്താവിച്ചു. തനിക്ക് മറ്റുള്ളവർ സേവനം ചെയ്യുന്നത് പോലും നബി ഇഷ്ടപ്പെട്ടിട്ടില്ല. ഭക്ഷണത്തിന് വേണ്ടി മൃഗത്തെ അറുക്കാൻ അനുയായികൾ തീരുമാനിച്ചപ്പോൾ വിറക് ശേഖരിക്കാൻ പോയത് നബിയാണ്. അവിടന്ന് സ്വന്തം കൈ കൊണ്ട് ചെരുപ്പ് തുന്നിയിരുന്നു. വസ്ത്രം നെയ്തിരുന്നു. വീട്ടുജോലികൾ ചെയ്തിരുന്നു. ഈത്തപ്പനയോലകളിൽ കിടന്നുറങ്ങിയത് നിമിത്തം ശരീരത്തിൽ അതിന്റെ പാടുകൾ കാണാമായിരുന്നു. ഭരണാധികാരിയായ കാലത്ത് തന്നെ അങ്ങനെ ജീവിച്ച ഒരു മനുഷ്യനെ അധികാരമോഹിയെന്ന് എങ്ങനെ വിളിക്കും?

എന്തെങ്കിലും ഭൗതിക മോഹങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കാമോ?
ഈ ചോദ്യത്തിന് ഇനിയും മറുപടി പറയണമെന്ന് തോന്നുന്നില്ല. ഭൗതിക മോഹങ്ങളൊന്നും തിരുനബി(സ്വ)യെ ഭരിച്ചിരുന്നില്ല എന്ന് മേൽ വിശദീകരണങ്ങളിൽ തന്നെ വ്യക്തമാണ്. ഉള്ളതെല്ലാം മറ്റുള്ളവർക്ക് നൽകി അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ ഒരു സാമൂഹ്യ സേവകനാണ് മുഹമ്മദ്(സ്വ). മഹതി ആഇശ(റ) വിശദീകരിക്കുന്നു: ഞങ്ങളുടെ വീട്ടിൽ പാചകം ചെയ്യാൻ ഒന്നുമില്ലാത്തതിനാൽ അടുപ്പ് പുകയാത്ത ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞു പോകാറുണ്ടായിരുന്നു. ഈത്തപ്പഴവും വെള്ളവുമായിരുന്നു ഞങ്ങളുടെ ഉപജീവനം. ചിലപ്പോൾ മദീനത്തുകാർ കൊണ്ടുവരുന്ന ആട്ടിൻപാലും ഈത്തപ്പഴത്തോടൊപ്പമുണ്ടാകും. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ തിരുനബിയുടെ ‘കൊട്ടാര’ത്തിലേക്ക് ഉമർ(റ) ഒരിക്കൽ കടന്നുചെന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ കരയിപ്പിച്ച് കളഞ്ഞു. മഹാന്റെ വിവരണം കേൾക്കുക: ഒരു ഈന്തപ്പനയോലയിൽ നബിതിരുമേനി കിടക്കുന്നു. വിരിപ്പോ കിടക്കയോ ഒന്നുമില്ല. തലക്കടിയിൽ ഈന്തപ്പന നാരുകൾ നിറച്ച തോൽ നിർമിതമായ ഒരു തലയണയുണ്ട്. കാലിന്റെ ഭാഗത്ത് ഊറക്കിടാൻ ഉപയോഗിക്കുന്ന കുറച്ച് ഇലകൾ കൂട്ടിയിട്ടിരിക്കുന്നു. തലഭാഗത്ത് കുറച്ച് തോൽക്കഷ്ണങ്ങളും തൂക്കിയിട്ടിരിക്കുന്നു. അവിടത്തെ ദേഹത്ത് ഈത്തപ്പനയോലയുടെ പാടുകൾ പതിഞ്ഞിരുന്നു. സഹിക്കാനാവാതെ ഉമർ(റ) കരഞ്ഞുപോയി. അപ്പോൾ നബി(സ്വ) ചോദിച്ചു: എന്തിനാണ് കരയുന്നത്? അദ്ദേഹം മറുപടി നൽകി: ‘കിസ്‌റയും ഖൈസറുമൊക്കെ എത്ര വലിയ സമൃദ്ധിയിലാണ്. അങ്ങ് അല്ലാഹുവിന്റെ തിരുദൂതരല്ലേ!?’ തിരുനബി പ്രതിവചിച്ചു: അവർക്ക് ഐഹിക സുഖങ്ങളും നമുക്ക് പാരത്രിക സുഖവുമായിക്കോട്ടെ. അതിന് താങ്കൾക്ക് ഇഷ്ടമല്ലേ?’
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ! ഈ പരിത്യാഗിയെയാണോ ഭൗതിക പ്രേമിയായി മുദ്രകുത്തിയത്? ചരിത്രത്തോടും വസ്തുതയോടുമുള്ള നീതികേടാണിത്.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ