ഖുർആൻ ഏറ്റവും ആധികാരികമാണെന്നും അത് തികച്ചും ദൈവികമാണെന്നുമാണല്ലോ താങ്കൾ പറഞ്ഞുവരുന്നത്. എല്ലാ ഗ്രന്ഥങ്ങളും വായിച്ചു പഠിച്ച് വിലയിരുത്തിയതിനു ശേഷം ഒരു തീരുമാനത്തിലെത്തുന്നതല്ലേ കരണീയം?

ലോകത്തുള്ള എല്ലാ പുസ്തകങ്ങളും പഠിച്ച് ശരിയായ വഴിയിൽ എത്തിച്ചേരുക എന്നത് താത്ത്വികമായി സുന്ദരമായൊരാശയമായി തോന്നുമെങ്കിലും പ്രയോഗതലത്തിൽ നടക്കാത്ത കാര്യമാണ്. പത്ത് ജന്മങ്ങൾ വായിച്ചാലും ലോകത്തെ പ്രധാന ഗ്രന്ഥങ്ങൾ തന്നെ വായിച്ചു തീർക്കാൻ കഴിയില്ല. അന്വേഷണം അവസാനിക്കും മുമ്പേ നമുക്ക് മരിക്കേണ്ടിവരും.

? അപ്പോൾ സത്യാന്വേഷണത്തിനുള്ള എളുപ്പവഴി എന്താണ്?
ഈ പ്രപഞ്ചത്തിന്റെ ഉൺമക്ക് പ്രപഞ്ചാതീതമായ ഒരു ശക്തിവേണമെന്നത് ഏത് ലളിതബുദ്ധിക്കും മനസ്സിലാവുന്ന സാമാന്യ യുക്തിയാണ്. എത്ര പെരുംബുദ്ധികൾ ഒരുമിച്ചുകൂടിയാലും അതിനെതിരെ ഒരു വാദം തെളിയിക്കാൻ കഴിയില്ല. അതിനാൽ നാസ്തിക വിശ്വാസം പ്രചരിപ്പിക്കുന്ന എല്ലാ ‘ദൈവ’ങ്ങളെയും അവരുടെ വാദങ്ങളെയും ധീരമായി അവഗണിക്കാം. ദൈവം പ്രപഞ്ചേതരനേ ആകാവൂ എന്ന് നമുക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് പ്രാപഞ്ചിക ഗുണങ്ങളുള്ള ദൈവത്തെ വിശ്വസിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നവരുടെ വാദങ്ങളും ഗ്രന്ഥങ്ങളെയും അവഗണിക്കാം. ദൈവികമാണെന്ന് സ്വയം അവകാശപ്പെടാത്തതോ, ആര് എപ്പോൾ എവിടെ നിന്ന് എങ്ങനെ കൊണ്ടുവന്നുവെന്ന് കൃത്യമായി ബോധ്യപ്പെടാത്തതോ, അവതരിപ്പിക്കപ്പെട്ടത് അതേപടി അല്ല എന്നുറപ്പുള്ളതോ ആയ ഗ്രന്ഥങ്ങളെയും മാറ്റിനിർത്താം. അങ്ങനെ മാറ്റിനിർത്തിയാൽ പിന്നെ ഖുർആൻ മാത്രമേ ബാക്കിയുണ്ടാവൂ.

? മറ്റ് പുസ്തകങ്ങളൊന്നും വായിക്കരുതെന്നാണോ?
അല്ല. വായനയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. വൈജ്ഞാനികാന്വേഷണങ്ങളുടെ കവാടങ്ങൾ അത് മലർക്കെ തുറന്നിട്ടു. വായിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് വിശുദ്ധ വേദം ആരംഭിക്കുന്നത് തന്നെ. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അത് എവിടെ കണ്ടാലും നിങ്ങൾ കൈവശപ്പെടുത്തുക എന്നാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചത്.

? അപ്പോൾ ഖുർആൻ മാത്രം പഠിച്ചാൽ മതിയെന്ന് പറഞ്ഞതോ?

അങ്ങനെ പറഞ്ഞിട്ടില്ല. ദൈവം ആരാണ്, എങ്ങനെയാണ് എന്നൊക്കെ അറിയാൻ ദൈവത്തിൽ നിന്നുള്ളതാകാൻ സാധ്യതയുള്ള സ്രോതസ്സ് അവലംബിച്ചുള്ള പഠനങ്ങൾക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നാണ് പറഞ്ഞുവന്നത്. അത്തരത്തിൽ ഒരു സാധ്യത ഖുർആന്റെ കാര്യത്തിൽ മാത്രമേ തെളിയുന്നുള്ളൂ.

? നമ്മുടെ ചർച്ചയിൽ മറ്റുള്ളവയുടെ സാധ്യത ഇല്ലായ്മ മാത്രമേ തെളിഞ്ഞിട്ടുള്ളൂ. ഖുർആന്റെ സാധ്യത വ്യക്തമായി തെളിഞ്ഞിട്ടില്ല. ഖുർആൻ ദൈവികമാണെന്ന് അവകാശപ്പെടുന്നുണ്ടെന്ന് തെളിഞ്ഞു. എന്നാൽ ഖുർആനിലെ ദൈവം പ്രപഞ്ചേതരനാണെന്ന് തെളിഞ്ഞോ?

തെളിയിക്കാം. ഖുർആനിൽ പ്രപഞ്ചങ്ങളെ മുഴുവൻ സൃഷ്ടിച്ച് പരിപാലിക്കുന്ന (റബ്ബുൽ ആലമീൻ) ദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്. അവൻ പ്രപഞ്ചേതരനേ ആകൂ എന്നത് ലളിത യുക്തിയാണ്.

? ഖുർആനിൽ ദൈവത്തിന്റെ കണ്ണും കൈയും മുഖവുമൊക്കെ പറയുന്നില്ലേ? അതൊക്കെ പദാർത്ഥങ്ങളല്ലേ? പിന്നെങ്ങനെ ഖുർആനിലെ ദൈവം പ്രപഞ്ചേതരനാകും?

ദൈവം പ്രപഞ്ചത്തിന്റെ ഭാഗമാണെന്ന് ഒരു മുസ്‌ലിമും വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്നവൻ മുസ്‌ലിമുമല്ല. ഖുർആനിൽ എവിടെയും അങ്ങനെ പഠിപ്പിക്കുന്നില്ല. അവൻ എല്ലാ അർത്ഥത്തിലും ഏകനാണ് (സംയുക്തമല്ല). ജനകനോ ജാതനോ അല്ല. സ്ഥലം, കാലം, വസ്തു, വസ്തുത തുടങ്ങിയ ഒന്നിന്റെയും ആശ്രയമില്ലാത്തവനാണവൻ. അവനെപ്പോലെ ഒന്നുമില്ല, ഏതുമില്ല. ദൈവത്തെ വിശദീകരിക്കാൻ വേണ്ടി അവതരിച്ച ഖുർആനികാധ്യായത്തിന്റെ സംക്ഷിപ്തമാണിത്. പിന്നെ എങ്ങനെ അവന് കണ്ണും കാതുമുണ്ടാകും?

? ഖുർആനിൽ പറഞ്ഞ കണ്ണ്, കൈ പ്രയോഗങ്ങളെ കുറിച്ച് പറഞ്ഞില്ല!

കണ്ണ്, കൈ എന്നൊക്കെ നിങ്ങൾ സാധാരണ പറയുമ്പോഴൊക്കെയും നമ്മുടെ അവയവങ്ങളായ കണ്ണും കൈയും തന്നെയാണോ ഉദ്ദേശിക്കുക?! ‘അവൻ പാവമാണ്, നിങ്ങളെല്ലാവരും അവനൊരു കൈത്താങ്ങ് നൽകണം.’ ‘നിങ്ങൾ എവിടെ പോയാലും നിങ്ങളുടെ ഒരു കണ്ണ് ഇവിടെ വേണം.’ എന്നെല്ലാം നിങ്ങൾ പറഞ്ഞാൽ ആദ്യ വാചകത്തിൽ കൈ എന്നാൽ സഹായം എന്നും രണ്ടാം വാചകത്തിൽ കണ്ണെന്നാൽ ശ്രദ്ധ എന്നുമാണർത്ഥം. അല്ലേ? അവ രണ്ടും പദാർത്ഥങ്ങളല്ല.
പ്രപഞ്ചത്തിന്റെ/ശരീരത്തിന്റെ ഭാഗമായ കണ്ണും കൈയും ഖുർആനിലെ ദൈവത്തിന് ഇല്ലെന്ന കാര്യം മുസ്‌ലിംകൾക്ക് കട്ടായമാണ്. ഓരോ ഗ്രന്ഥത്തിനും ഒരോ പഠനരീതിയുണ്ട്. അതനുസരിച്ചാണ് അത് പഠിക്കേണ്ടത്.

? ഖുർആൻ എങ്ങനെയാണ് പഠിക്കേണ്ടത്?
മുഹമ്മദ് നബി(സ്വ)ക്കാണ് ഖുർആൻ അവതരിച്ചത്. അവിടുന്ന് അത് തന്റെ അനുചരർക്ക് വിശദീകരിച്ചുകൊടുത്തു. അവരത് പിൻതലമുറകൾക്ക് കൈമാറി. ധിഷണാശാലികളായ മുൻകാല പണ്ഡിതർ അവ ക്രോഡീകരിക്കുകയും അവയിൽ നിന്ന് നിയമങ്ങൾ നിർധാരണം നടത്തുകയും ചെയ്തു.

? കണ്ണ്, കൈ തുടങ്ങിയ പരാമർശമുള്ള സൂക്തങ്ങൾ ആലങ്കാരികമാണെന്നാണോ ഖുർആൻ പണ്ഡിതർ പറയുന്നത്?

അങ്ങനെയാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ അഭിപ്രായം.

ഖുർആൻ വാഹകന്റെ ചരിത്രപരത

? ഖുർആൻ ആർക്ക്, എവിടെ, എപ്പോൾ, എങ്ങനെ അവതരിച്ചതാണ് എന്നതൊക്കെ ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ?
അതേ. മുഹമ്മദ് നബിക്ക്(സ്വ) 40 വയസ്സ് പൂർത്തിയായ ശേഷം റമളാൻ മാസം മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ(അ) എന്ന മാലാഖയാണ് ഖുർആൻ ഓതിക്കേൾപ്പിച്ചു തുടങ്ങിയത്. പിന്നീട് വ്യത്യസ്ത സന്ദർഭങ്ങളിലായി അവതരണം നടന്നു. 23 വർഷം കൊണ്ട് പൂർത്തിയായി.

? ഇത് ചരിത്രപരമായി തെളിയിക്കാമോ എന്നാണ് ചോദ്യം.

അതേ, ആദ്യം നമുക്ക് മുഹമ്മദ്(സ്വ) എന്ന വ്യക്തിത്വത്തെ ഹ്രസ്വമായി പരിചയപ്പെടാം.

? അദ്ദേഹം ഒരു ചരിത്ര പുരുഷനാണ് എന്ന് ആദ്യം സമർത്ഥിക്കണം.

വർത്തമാന ബിന്ദുവിൽ നിന്ന് പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചരിത്രത്തിലൂടെ സഞ്ചരിച്ചാൽ മുഴുവൻ സമയതന്തുക്കളിലും ആരോഗ്യത്തോടെ ജീവിക്കുന്ന ചരിത്ര പുരുഷനാണ് മുഹമ്മദ്(സ്വ) എന്ന് നമുക്ക് മനസ്സിലാവും.

? അതെങ്ങനെ?

ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ വിളിക്കപ്പെടുന്ന പേര് മുഹമ്മദ് എന്നാണ്. മുസ് ലിംകളിൽ അധികപേരുടേയും തലക്കൽ ഒരു മുഹമ്മദ് ഉണ്ടാകും. ലോകത്തുള്ള എല്ലാ മുസ്‌ലിം പള്ളികളിൽ നിന്നും അഞ്ച് നേരം മുഹമ്മദ് എന്ന നാമം ഉയരുന്നു. ഭൂമി ഉരുണ്ടതായതിനാൽ അനുനിമിഷം ആ നാമം ഭൂമിയിൽ ഉയർന്ന് കേൾക്കുന്നു. ഇങ്ങനെ മറ്റാരെങ്കിലും ലോകത്തുണ്ടോ?

? ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. ചരിത്ര പുരുഷനാണ് എന്ന് ഇപ്പോൾ തെളിഞ്ഞോ?
ഈ നാമകീർത്തി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചരിത്രം തെളിയിക്കപ്പെടുന്ന മാനദണ്ഡങ്ങളിലൂടെ വീക്ഷിച്ചാൽ തന്നെ ഈ നാമത്തിന്റെ അദ്വിതീയതയും അതിന്റെ അവകാശിയുടെ സാന്നിധ്യവും കൃത്യമായി മനസ്സിലാകും. കാലത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഈ സത്യസന്ധമായ വാർത്താ ശ്രേണിയെ തമസ്‌ക്കരിക്കുന്ന ഒരാൾക്കും ഒരു ചരിത്രവും വിശ്വസിക്കാനാവില്ല. നെപ്പോളിയനും സോക്രട്ടീസും ജീവിച്ചിരുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കാവുന്ന കാര്യമാണോ?

തിരുനബി(സ്വ)യെ കാണുകയും അനുഭവിക്കുകയും ചെയ്ത ലക്ഷക്കണക്കിനാളുകൾ ആ തിരുസാന്നിധ്യത്തെ ലക്ഷോപലക്ഷം ആളുകളിലൂടെ കൈമാറിവന്നു എന്നതിന് പുറമെയാണ് ഞാൻ പറഞ്ഞ നാമകീർത്തിപ്പെരുമ.

?ചരിത്ര ഗ്രന്ഥങ്ങളിലുണ്ടോ എന്നാണ് ചോദിച്ചത്?
അങ്ങേയറ്റം ബാലിശമായ ചോദ്യമാണിതെന്ന് പറയുന്നതിൽ ഖേദമുണ്ട്. ചരിത്ര പഠനത്തിലെ ഏറ്റവും ആധികാരികമായ തെളിവാണ് ഞാൻ പറഞ്ഞത്. പുതിയ ചരിത്ര പുസ്തകം കൊണ്ട് പഴയ ചരിത്രം തെളിയില്ല. അന്നത്തെ ഗ്രന്ഥമാണെങ്കിൽ ആദ്യം ആ ഗ്രന്ഥം അന്ന് എഴുതിയതാണെന്ന് തെളിയണം. ഒരു ചരിത്രപുരുഷൻ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിനെക്കാൾ പ്രയാസമാണ് അന്ന് അങ്ങനെ ഒരാൾ ഒരു പുസ്തകം എഴുതി എന്ന് തെളിയിക്കൽ. രണ്ടിനുമുള്ള രേഖ ആദ്യമേ സൂചിപ്പിച്ച അനേകായിരം ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അനിഷേധ്യമായ വാർത്തയാണ്.
പിന്നെ ലോകത്ത് അറേബ്യൻ ചരിത്രമെഴുതിയ ഒരാളും മുഹമ്മദ് നബി(സ്വ)യെ മാറ്റി ചരിത്രം എഴുതിയിട്ടില്ല. അവിടുത്തെ ജീവിതം മാത്രമല്ല, സത്യസന്ധതയും നിരക്ഷരതയുമെല്ലാം ഇങ്ങനെ തെളിയിക്കപ്പെട്ട കാര്യങ്ങളാണ്. ചരിത്ര പണ്ഡിതൻമാർക്കിടയിൽ ഐകകണ്‌ഠ്യേന അംഗീകരിക്കപ്പെട്ട കാര്യങ്ങളാണതെല്ലാം.

? ശരി. സോക്രട്ടീസിനെയും നെപ്പോളിയനെയുമൊക്കെ പോലെ മുഹമ്മദ് നബിയും ജീവിച്ചിരുന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ മുഹമ്മദ് നബിയുടെ ചരിത്രപരമായ സാന്നിധ്യം അടയാളപ്പെടുത്തുന്ന സവിശേഷമായ എന്തെങ്കിലും മാപിനികളുണ്ടോ?
നല്ല ചോദ്യം. തീർച്ചയായും ഉണ്ട്. മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിലെ ഓരോ സന്ദർഭവും അവിടത്തെ അനക്കവും അടക്കവും വാക്കും നോക്കും മൗനവും അനുവാദങ്ങളും അംഗവിക്ഷേപങ്ങളും നടത്തവും ഇരുത്തവും മൂത്രിച്ചതും തുപ്പിയതും ചിരിച്ചതും കരഞ്ഞതുമെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവയെല്ലാം സ്മരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടത്തെ മുഖവും കണ്ണും മൂക്കും ചെവിയും മുടിയും പല്ലുകളും പുരികവും നെഞ്ചും കൈയും വിരലും നഖവും അങ്ങനെയെല്ലാം വിശദീകരിക്കപ്പെട്ടിരിക്കുന്നു. അവിടത്തെ പ്രസവിച്ചതും മുലകുടിയും ബാല്യകാലവും കൗമാരവും യൗവനവും വാർധക്യവും വിവാഹവും കുടുംബ ജീവിതവും രോഗവും ക്ഷീണവും യുദ്ധവും സന്ധിയും സന്തോഷവും സന്താപവുമടക്കം മരിക്കുന്ന അവസരത്തിൽ താടിയിൽ എത്ര രോമം നരച്ചിരുന്നു എന്നുപോലും ചരിത്രത്തിലുണ്ട്.
അനുയായികളുടെയും ശത്രുക്കളുടെയും നാടും വീടും കുടുംബവുമൊക്കെ വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നു. അവിടുത്തെ ഇരുപത്തഞ്ച് ഉപ്പാപ്പമാരുടെ പേരു കൂടി മുസ്‌ലിംകൾ ഓർക്കുന്നു. നബി(സ്വ)യുടെ ശിഷ്യരായ സഹപ്രവർത്തകരുടെ ചരിത്രങ്ങളും ഏറെക്കുറെ മുഴുവനായും ലഭ്യമാണ്. അവിടുത്തോടൊപ്പം ഒന്നാം ധർമസമരത്തിൽ പങ്കെടുത്ത 313 സഖാക്കളുടെ പേരുകളും അവരുടെ പിതാവിന്റെയും പിതാവിന്റെ പിതാവിന്റെയും പേരുകളും കുടുംബവും ഗോത്രവും വംശവുമൊക്കെ ഒരു വലിയ വിഭാഗം മുസ്‌ലിംകൾക്ക് ഇന്നും മന:പാഠമാണ്. പതിനാല് നൂറ്റാണ്ട് മുമ്പ് നടന്ന ഒരു യുദ്ധത്തിൽ പങ്കെടുത്തവരുടെ പേരുകൾ തങ്ങളുടെ സ്‌നേഹനിധിയായ ദൈവദൂതന്റെ സഖാക്കളാണെന്നതിന്റെ പേരിൽ ഒരു സമൂഹം ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നു.

? ഇത് തീർച്ചയായും അദ്ഭുതകരം തന്നെ. ഇവ രേഖപ്പെടുത്തുന്നതിന് പ്രത്യേകമായ വല്ല രീതിശാസ്ത്രവുമുണ്ടോ?
ഇന്ന് പ്രവാചകന്റെ ഒരു വാക്ക് ഒരു ഗ്രന്ഥത്തിൽ നിന്ന് നാം (ഉദാ: ബുഖാരി, മുസ്‌ലിം, അബൂദാവൂദ്) വായിക്കുമ്പോൾ ആ ഗ്രന്ഥകാരൻ ആ വാക്ക് ആരിൽ നിന്ന് കേട്ടു എന്നും അദ്ദേഹം അത് ആരിൽ നിന്ന് കേട്ടു എന്നും അദ്ദേഹം ആരിൽ നിന്ന് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെ അവസാനം അത് തിരുനബി(സ്വ)യിൽ ചെന്ന് ചേരുന്നു. ഇങ്ങനെ പ്രവാചക വചനങ്ങൾ നിവേദനം ചെയ്യുന്നവർക്ക് ‘റാവി’മാർ എന്നും ഈ നിവേദന പരമ്പരക്ക് ‘സനദ്’ എന്നും വിളിക്കുന്നു. ഒരു നബിവചന(ഹദീസ്)ത്തെ കുറിച്ച് ‘അത് ശരിയാണ്’ (സ്വഹീഹ്) എന്ന് ഒരു ഗ്രന്ഥകർത്താവ് (ഉദാ: ഇമാം ബുഖാരി) വിധിക്കണമെങ്കിൽ നബി(സ്വ) വരെ മുട്ടുന്ന സനദിലെ മുഴുവൻ റാവിമാരെ കുറിച്ചും ശരിക്കും പഠിച്ചിരിക്കണം. അവർ കള്ളം പറയുന്നവരാണോ, ചതിക്കുന്നവരാണോ, സത്യസന്ധരാണോ, മുമ്പുള്ള നിവേദകനിൽ നിന്ന് നേരിട്ട് കേണ്ടിട്ടുണ്ടോ, കേൾക്കാൻ സാധ്യതയുണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷമാണ് ഹദീസുകൾ രേഖപ്പെടുത്തിട്ടുള്ളത്. ഈ അന്വേഷണം ഒരു വിജ്ഞാനശാഖയായി വികസിച്ചു. അങ്ങനെ നബിവചനം ഉദ്ധരിച്ച ഓരോ വ്യക്തിയുടെയും ചരിത്രം ക്രോഡീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതം, ജനനം, മരണം, വിദ്യാഭ്യാസം, ജീവിതരീതി, ബന്ധങ്ങൾ, സ്വഭാവം, ശൈലി, കഴിവ്, ഓർമശക്തി, വിശ്വസ്തത ഇവയെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്നു. ഇതേ കുറിച്ച് മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങൾതന്നെ നിരവധിയാണ്. അങ്ങനെ ഒരാളുടെ ജീവിത ചരിത്രം പഠിക്കാൻ വേണ്ടി മൂന്നാല് തലമുറകളുടെ ചരിത്രം മുഴുവൻ പഠനവിധേയമാക്കുക! അതിന് വേണ്ടി ‘അസ്മാഉ രിജാൽ’ എന്ന വിജ്ഞാനശാഖ തന്നെ പിറവിയെടുക്കുക. അവ രേഖപ്പെടുത്താൻ ആയിരക്കണക്ക് ഗ്രന്ഥങ്ങൾ വിരചിതമാവുക. മിക്കതും ഒരു ഡസനിലേറെ വാള്യങ്ങൾ! ചരിത്രത്തിൽ ഇങ്ങനെയൊരു ചരിത്രം എഴുതപ്പെട്ടിട്ടേയില്ല.

? ഹദീസ് നിവേദനത്തിന്റെ ഈ കൃത്യതയെ അടയാളപ്പെടുത്തുന്ന വല്ല സംഭവവും പറയാമോ?
ധാരാളം ഹദീസ് (നബി വചനങ്ങൾ) അറിയുന്ന ഒരു പണ്ഡിതനുണ്ടെന്ന് കേട്ട് ഇമാം ബുഖാരി(റ) അദ്ദേഹത്തിൽ നിന്ന് ഹദീസ് സ്വീകരിക്കാൻ പോകുന്നു. ദീർഘമായ യാത്ര. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് മൈലുകൾ താണ്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഇമാം ബുഖാരി(റ) നിരാശനായി. കാരണം എന്തെന്നറിയേണ്ടേ? ദൂരെ മേയുന്ന തന്റെ നാൽക്കാലി മൃഗത്തെ ഒരു പാത്രം കാണിച്ച് വിളിച്ച് വരുത്തുകയാണയാൾ. പാത്രത്തിലൊന്നുമില്ല. ബുഖാരി(റ) ചിന്തിക്കുന്നു; ഇദ്ദേഹം ഈ മൃഗത്തെ വഞ്ചിക്കുകയാണ്. മൃഗത്തെ വഞ്ചിക്കുന്നവൻ തിരുവചനങ്ങളിൽ വഞ്ചന നടത്തില്ലെന്നെന്താണുറപ്പ്? അദ്ദേഹത്തിൽ നിന്ന് ഹദീസ് സ്വീകരിക്കേണ്ടെന്ന് വെച്ചു ഇമാം.
ഇങ്ങനെ കടഞ്ഞുകിട്ടിയ വചനങ്ങളാണ് സ്വഹീഹായ ഹദീസുകൾ. ഒരു സ്വഹീഹായ ഹദീസ് വായിക്കുമ്പോൾ പതിനാല് നൂറ്റാണ്ട് മുമ്പ് ജീവിച്ച പ്രവാചകർ(സ്വ) നമ്മോട് നേരിട്ട് സംസാരിക്കുന്ന പോലെ അനുഭവപ്പെടും!

? ഇത് ഏറെ കൗതുകകരമാണ്. ചരിത്രപരതയെ നിർണയിക്കുന്ന മറ്റു വല്ല ഘടകങ്ങളുമുണ്ടോ?
ഉണ്ട്, ധാരാളം.
1. അന്നത്തെ പുരോഹിതരുടെ, രാജാക്കളുടെ സാക്ഷ്യപ്പെടുത്തലുകൾ.
2. മുൻവേദങ്ങളിലെ പ്രവചനങ്ങൾ.
3. ഖുർആൻ എന്ന കാലാതിവർത്തിയായ ജ്ഞാനവിസ്മയം.
4. മുസ്‌ലിം ഉമ്മത്ത് എന്ന ജീവിക്കുന്ന സാക്ഷ്യം.
6. പാശ്ചാത്യവും പൗരസ്ത്യവുമായ എണ്ണമറ്റ ചരിത്രകാരന്മാരുടെ സാക്ഷ്യപ്പെടുത്തലുകൾ. അങ്ങനെ പലതും.
(തുടരും)

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി-2

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ