അല്ലാഹുവിന്റെ വചനമായ ഖുർആനും നബിചര്യയും അവയുടെ ഔദ്യോഗികമായ പ്രയോഗമാതൃകകളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇസ്‌ലാമിക പ്രമാണ സാകല്യം.നബി(സ്വ)യും അനുചരന്മാരും അവരെ തുടർന്നുവന്നവരും നിർവഹിച്ച പ്രമാണപരമായ ദൗത്യത്തെ അംഗീകരിക്കുന്ന നിലപാടാണ് അഹ്‌ലുസ്സുന്നയുടേത്. ഓരോ തലമുറയും അവരുടെ ദൗത്യം കൃത്യമായും കണിശമായും നിർവഹിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൾ നിലനിന്നപ്പോഴും അവരാരും ദൗത്യത്തിൽ നിന്ന് പിറകോട്ട് പോയില്ല. അതുകൊണ്ടാണ് സത്യം അംഗീകരിക്കുന്നവർക്ക് പ്രമാണമായും മതവിരോധികൾക്ക് ദുരുപയോഗം ചെയ്യാനും സാധിക്കും വിധം ഖുർആനും സുന്നത്തും നിലനിന്നത്.

മതപരവും ആദർശപരവുമായ പശ്ചാത്തലത്തിലും പ്രചോദനത്തിലുമാണ് പ്രമാണങ്ങളും അതിന്റെ പ്രയോക്താക്കളും മധ്യവർത്തികളും വിലയിരുത്തപ്പെടേണ്ടത്. ഈ വൃത്തത്തിൽ നിന്നു പുറം കടന്നതാണ് മതപരിഷ്‌കരണ വാദഗതിക്കാരുടെ വലിയ  പിഴ. ഒരു വിശ്വാസി ഖുർആനെയും സുന്നത്തിനെയും അവയുടെ വിശുദ്ധ പാരമ്പര്യത്തെയും വിശ്വാസത്തിലൂന്നി നിന്നാണ് ആലോചനക്ക് വിധേയമാക്കേണ്ടത്. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അവന്റെ വചനമായ ഖുർആനിൽ  സംശയിക്കില്ല. നബി(സ്വ)യിൽ വിശ്വസിക്കുന്നവൻ തിരുസുന്നത്തിലും സംശയാലുവാകില്ല.

ഖുർആൻ പ്രഖ്യാപിച്ച പ്രാധാന്യവും നിയോഗവും സംശയിക്കുന്നിടത്താണ് ആദർശപരമായ വ്യതിയാനങ്ങളുണ്ടായിത്തീരുന്നത്. ഏതൊരു മത നവീകരണ വിഭാഗത്തെ പരിശോധിച്ചുനോക്കിയാലും നമുക്കിത് ബോധ്യപ്പെടും. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഇത്തരക്കാരെ കാണാനാവും. തങ്ങളുടെ നിലപാടിന്റെ യഥാർത്ഥ സ്ഥിതി ആലോചിക്കാൻ തയ്യാറാവാത്തതാണ് അവരെ അതിൽ അടിയുറച്ചുനിർത്തുന്നത്.

ഇസ്‌ലാമിക ചരിത്രത്തിന്റെ ആദ്യകാലഘട്ടത്തിൽ കാണാൻ കഴിയാത്ത ഒരു വിഭാഗമാണ് ഖവാരിജത്ത്. അവരുമായി ഇബ്‌നുഅബ്ബാസ്(റ) നടത്തിയ ചർച്ചയും അതിന്റെ പരിണതിയും ചരിത്രത്തിലുണ്ട്. ഇമാം അഹ്മദ്(റ) മുസ്‌നദിലും ഹാകിം(റ) മുസ്തദ്‌റകിലും അബൂനുഐം(റ) ഹിൽയതുൽ ഔലിയാഇലും മറ്റു ഹദീസ് – ചരിത്ര ഗ്രന്ഥങ്ങളിലും ഇതുദ്ധരിച്ചിട്ടിട്ടുണ്ട്. അബൂസമീലുൽ ഹനഫി(റ) ഇബ്‌നുഅബ്ബാസ്(റ)വിൽ നിന്ന് ഉദ്ധരണം. ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു:

ആറായിരം പേരടങ്ങുന്ന ഒരു സംഘം ഹറൂറിയ്യ എന്ന സ്ഥലത്ത് ഒരു വീട്ടിൽ കേന്ദ്രീകരിച്ച് അലി(റ)വിനെതിരെ പടപ്പുറപ്പാട് നടത്തുന്ന സമയം. ഞാൻ അലി(റ)വിനോട് ജമാഅത്ത് നിസ്‌കാരം അൽപം താമസിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടു ഞാൻ പറഞ്ഞു: ഞാനവരോടൊന്ന് സംസാരിക്കട്ടെ.’ അലി(റ) പറഞ്ഞു: ‘അവർ താങ്കളെ വല്ലതും ചെയ്‌തേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.’

‘അങ്ങനെയൊന്നും സംഭവിക്കില്ല’ എന്നു പറഞ്ഞ് മുന്തിയ യമനീ വസ്ത്രം നന്നായി ധരിച്ച്, മുടി ചീകി, അവർ ഒരുമിച്ചുകൂടിയ വീടിനടുത്തേക്ക് ഞാൻ ചെന്നു. ഉച്ചസമയം. എന്നെക്കണ്ടപ്പോൾ അവർ സ്വാഗതം ചെയ്തുകൊണ്ട് ചോദിച്ചു: എന്താണിത്ര നല്ല വസ്ത്രമൊക്കെ ധരിച്ചിരിക്കുന്നത്?’ ഞാൻ പറഞ്ഞു: ‘ഞാൻ നല്ല വസ്ത്രം ധരിച്ചതിനെ നിങ്ങൾ ആക്ഷേപിക്കുകയാണോ? നബി(സ്വ) നല്ല വസ്ത്രം ധരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ. മാത്രമല്ല, ‘അല്ലാഹു അവന്റെ അടിമകൾക്കായി ഒരുക്കിയ സൗന്ദര്യത്തെയും നല്ല ഭക്ഷണങ്ങളെയും സ്വയം നിഷിദ്ധമാക്കുന്നവനാരാണെന്ന് അവരോട് നിങ്ങൾ ചോദിക്കൂ നബിയേ?’ (അൽ അഅ്‌റാഫ്: 32) എന്ന് ഖുർആൻ വ്യക്തമാക്കിയിട്ടുമുണ്ട്.ശേഷം അവരെന്നോട് ചോദിച്ചു: ‘നിങ്ങളിങ്ങോട്ട് വന്ന കാര്യം?’

‘നബി(സ്വ)യുടെ സ്വഹാബികളെക്കുറിച്ച് സംസാരിക്കാൻ അവിടുത്തെ ജാമാതാവിന്റെ അടുക്കൽ നിന്നു വന്നതാണ്. അവരിലേക്കാണല്ലോ ഖുർആൻ വഹ്‌യായി അവതരിച്ചത്. അതിനാൽ അവരാണ് അതിന്റെ വിവരണം നന്നായറിയുന്നവർ. നിങ്ങളിൽ ഒരാൾ പോലും അവരിൽപെട്ടവരല്ലല്ലോ.’

ഇതുകേട്ടപ്പോൾ അവരിൽ ചിലർ പറഞ്ഞു: ‘ഖുറൈശികളോട് തർക്കിക്കാൻ പോകണ്ട. അവർ താർക്കികൻമാരായ ജനതയാണെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണ്.’പക്ഷേ, അവരിൽ നിന്ന് രണ്ടോ മൂന്നോ ആളുകൾ എന്നെ കാര്യം പറയാനനുവദിച്ചു.ഞാനവരോട് ചോദിച്ചു: ‘നബി(സ്വ)യുടെ ജാമാതാവും, ആദ്യവിശ്വാസികളിൽ പെട്ടവരും, സ്വഹാബികൾ കൂടെ നിൽക്കുന്നവരുമായ പ്രവാചകരുടെ പിതൃവ്യപുത്രന് മേൽ എന്ത് കുറ്റാരോപണമാണ് നിങ്ങൾക്കുള്ളത്?’

അവർ: ഞങ്ങൾ മൂന്ന് കുറ്റങ്ങൾ അദ്ദേഹത്തിൽ കാണുന്നു.’

ഞാൻ: ‘അതെന്തെല്ലാമാണ്?’

അവർ: ‘അദ്ദേഹം ആളുകളെ അല്ലാഹുവിന്റെ ദീനിൽ തീരുമാനം കൈക്കൊള്ളാനേൽപ്പിക്കുന്നു. വിധികർതൃത്വം അല്ലാഹുവിനു മാത്രമാണ്’ എന്നല്ലേ ഖുർആൻ പറയുന്നത്. അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കെ ആളുകൾക്കും വിധി തീർപ്പിനും തമ്മിലെന്ത് ബന്ധമാണുള്ളത്?

ഞാൻ: ‘പിന്നെ എന്താണ്?’

അവർ: ‘അദ്ദേഹം യുദ്ധം ചെയ്തു. പക്ഷേ, യുദ്ധത്തടവുകാരായി ആരെയെങ്കിലും

പിടിക്കുകയോ ഗനീമത്ത് (യുദ്ധമുതൽ) സംഭരിക്കുകയോ ചെയ്തില്ല. തന്റെ പ്രതിയോഗികൾ സത്യനിഷേധികളായിരുന്നെങ്കിൽ അവരുടെ സമ്പത്ത് അദ്ദേഹത്തിന് അനുവദനീയമാകുമായിരുന്നല്ലോ. ഇനി അവർ വിശ്വാസികളാണെങ്കിൽ അവരുടെ രക്തം അദ്ദേഹത്തിന് നിഷിദ്ധമായിരുന്നുവല്ലോ.’

ഞാൻ: മൂന്നാമത്തേതോ?

അവർ: ‘തന്റെ പേരിൽ നിന്ന് അമീറുൽ മുഅ്മിനീൻ എന്നദ്ദേഹം ഒഴിവാക്കി. അദ്ദേഹം അമീറുൽ മുഅ്മിനീനല്ലെങ്കിൽ പിന്നെ അമീറുൽ കാഫിരീൻ ആണോ?’

ഇതു പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ അവരോട് ചോദിച്ചു: ഇതല്ലാതെ മറ്റെന്തെങ്കിലും പറയാനുണ്ടോ?

അവർ പറഞ്ഞു: ‘ഞങ്ങൾക്കിത് തന്നെ ധാരാളം മതി.’

ഞാൻ ചോദിച്ചു: ‘സത്യസുഭദ്രമായ അല്ലാഹുവിന്റെ കിതാബിൽ നിന്ന് നിങ്ങൾക്ക്

നിഷേധിക്കാനാവാത്തത് ഞാൻ ഓതിത്തന്നാലും നബി(സ്വ)യുടെ സുന്നത്തിൽ നിന്ന് ഹദീസ് പറഞ്ഞുതന്നാലും നിങ്ങൾ യാഥാർത്ഥ്യത്തിലേക്ക് മടങ്ങാൻ തയ്യാറാണോ?’

അവർ പറഞ്ഞു: ‘അതേ, ഞങ്ങൾ മടങ്ങാം.’

ഞാൻ: ‘ആളുകളെ തീർപ്പുകാരാക്കുന്നതിനെക്കുറിച്ച് നിങ്ങൾ പറഞ്ഞു. വിശ്വാസികളേ, ഇഹ്‌റാം ചെയ്തവരായിരിക്കെ നിങ്ങൾ വേട്ടമൃഗത്തെ കൊല്ലരുത്. ഇനി നിങ്ങളിലാരെങ്കിലും മന:പൂർവം വല്ലതിനെയും കൊന്നാൽ നിങ്ങൾ കൊന്നതിന് പ്രായശ്ചിത്തമായി തുല്യമായ വളർത്തുമൃഗത്തിൽ നിന്ന് പകരം നൽകണം.

നിങ്ങളിൽ നിന്നു നീതിമാനായ രണ്ടാൾ അതുകൊണ്ട് വിധി തീർപ്പു കൽപിക്കണം’ (അൽമാഇദ: 95).

ഭാര്യഭർത്താക്കന്മാരുടെ കാര്യത്തിൽ അല്ലാഹു പറയുന്നു: ‘അവർക്കിടയിൽ

പിണക്കത്തെ നിങ്ങൾ ഭയന്നാൽ അവന്റെ കുടുംബത്തിൽ നിന്ന് തീർപ്പ് കൽപിക്കുന്ന ഒരാളെയും അവളുടെ കുടുംബത്തിൽ നിന്ന് തീർപ്പ് കൽപിക്കുന്ന ഒ

രാളെയും നിങ്ങൾ ഏർപ്പാടാക്കുക’ (അന്നിസാഅ്: 35).

നാല് ദിർഹം വിലയുള്ള ഒരു മുയലിനെ വേട്ടയാടിയ വിഷയത്തിലും സ്ത്രീയുടെ രഹസ്യഭാഗത്തിന്റെ കാര്യത്തിലും മധ്യസ്ഥർക്ക് വിധിതീർപ്പ് നടത്താമെങ്കിൽ, അല്ലാഹുവിനെ മുൻനിർത്തി ഞാൻ ചോദിക്കട്ടെ, മനുഷ്യരക്തം ചിന്താതിരിക്കാനും ശരീരം പിച്ചിച്ചീന്താതിരിക്കാനും പരസ്പരം നന്നാകുന്നതിനും തീർപ്പ്കാരെ വെച്ചുകൂടെന്നാണോ നിങ്ങൾ പറയുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരിലേക്കേൽപിക്കാതെ അവൻ തന്നെ തീരുമാനമെടുക്കുമെന്ന്

നിങ്ങൾക്കറിയില്ലേ?

അപ്പോൾ അവർ പറഞ്ഞു: രക്തം ചിന്താതിരിക്കാനും പരസ്പരം രഞ്ജിപ്പിലാക്കാനുമാണെങ്കിൽ അതെത്രയോ ന്യായമാണ്.

ഞാൻ: ‘അപ്പോൾ ഈ ആരോപണം കൂട്ടത്തിൽ നിന്നൊഴിവാകുമല്ലോ?’

അവർ: ‘അതേ.’

ഞാൻ: ‘ഇനി രണ്ടാമത്തെ കുറ്റം. യുദ്ധം ചെയ്ത് ആരെയും യുദ്ധത്തടവുകാരാക്കുകയോ ഗനീമത്ത് എടുക്കുകയോ ചെയ്തില്ല എന്നല്ലേ ആക്ഷേപം. നിങ്ങളുടെ ഉമ്മയായ പ്രവാചക പത്‌നി ആഇശ(റ)യെ യുദ്ധത്തടവുകാരിയാക്കാൻ നിങ്ങൾക്ക് കഴിയുമോ? മറ്റുള്ളവരിൽ നിന്നാകാവുന്നത് അവരിൽ നിന്ന് അനുവദനീയമായി നിങ്ങൾ കരുതുമോ? അങ്ങനെയാണെങ്കിൽ നിങ്ങൾ വിശ്വാസികളല്ല തന്നെ. ഇനി അവർ ഉമ്മുൽമുഅ്മിനീൻ അല്ല എന്നാണ് നിങ്ങൾ വാദിക്കുന്നതെങ്കിൽ അപ്പോഴും നിങ്ങൾ വിശ്വാസികളല്ല. ഇസ്‌ലാമിൽ നിന്ന് പുറത്താണ്. അല്ലാഹു പറയുന്നത് കാണുക: ‘നബിതങ്ങൾ സത്യവിശ്വാസികളോട് അവരുടെ സ്വന്തം ശരീരത്തേക്കാൾ ബന്ധപ്പെട്ടവരാണ്. അവിടുത്തെ പത്‌നിമാർ അവരുടെ മാതാക്കളാണ്’ (അൽഅഹ്‌സാബ്: 5).

അതിനാൽ, രണ്ട് പതനങ്ങൾക്ക് (ളലാലത്തുകൾക്ക്) മധ്യേയാണ് നിങ്ങൾ. ഏതാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അപ്പോൾ, ഈ കുറ്റവും അലിയിൽ നിന്ന് ഒഴിവല്ലേ?

അവർ പരസ്പരം നോക്കിയിട്ട് പറഞ്ഞു: ‘അതേ.’

ഞാൻ തുടർന്നു: ‘അമീറുൽ മുഅ്മിനീൻ എന്ന് ചേർത്തെഴുതിയില്ല എന്നാണല്ലോ മൂന്നാമത്തെ ആരോപണം. എന്നാൽ ഞാൻ നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളെത്തന്നെ കൊണ്ടുവരാം. തിരുനബി(സ്വ) ഹുദൈബിയ്യാ സന്ധി സമയത്ത് ഖുറൈശികളെ കരാറെഴുതാനായി വിളിച്ചു. അങ്ങനെ സഹ്‌ലുബ്

നുഅംറിനോടും അബൂസുഫ്‌യാനോടും പ്രവാചകർ കരാറെഴുതി. നബി(സ്വ) അലി(റ)വിനോട് പറഞ്ഞു: അലീ എഴുതുക! ‘ഇത് മുഹമ്മദുർറസൂലുല്ലാഹി തീരുമാനത്തിലെത്തിയ കരാറാണ്.’ അപ്പോൾ ഖുറൈശികൾ തടസ്സം പിടിച്ചു: ‘നീ റസൂലാണെന്നത് ഞങ്ങളംഗീകരിച്ചിരുന്നെങ്കിൽ കഅ്ബയെ തൊട്ട് നിന്നെ തടയുമായിരുന്നോ? നിന്നോട് യുദ്ധം ചെയ്യുമായിരുന്നോ? അതുകൊണ്ട് മുഹമ്മദ്ബ്‌നു അബ്ദില്ലാ എന്നെഴുതണം.’ അപ്പോൾ നബി(സ്വ) പറഞ്ഞു: ‘അല്ലാഹു സത്യം, നിങ്ങളെന്നെ കളവാക്കുന്നെങ്കിലും ഞാൻ റസൂലാണെന്നത് യാഥാർത്ഥ്യമാണ്.’ എന്നിട്ടവിടുന്ന് പറഞ്ഞു: ”അലീ, മുഹമ്മദുബ്‌നു അബ്ദില്ലാ എന്നെഴുതൂ.

ഇനി പറയൂ, നബി(സ്വ) അലി(റ)വിനെക്കാൾ ശ്രേഷ്ഠനല്ലേ? അവിടുന്ന് റസൂൽ എന്നത് ഒഴിവാക്കിയതിനാൽ നബി(സ്വ) നുബുവ്വത്തിൽ നിന്ന് പുറത്തായിട്ടില്ലല്ലോ. അതിനാൽ അലി(റ) ‘അമീറുൽ മുഅ്മിനീൻ’ എന്ന് ഒഴിവാക്കിയതിലെന്താണ് തെറ്റ്?

അതിനാൽ, നിങ്ങളുടെ ഈ കുറ്റാരോപണവും പുറത്തായില്ലേ?

അവർ സമ്മതിച്ചു. അങ്ങനെ രണ്ടായിരമാളുകൾ മടങ്ങി. എന്നാൽ നാലായിരമാളുകൾ ദുർമാർഗത്തിലായിത്തന്നെ കൊല്ലപ്പെട്ടു.”

ധാരാളം ഗുണപാഠങ്ങൾ നൽകുന്ന ഒരു രംഗമാണിത്. പ്രമാണങ്ങളെക്കുറിച്ചുള്ള അജ്ഞത, ചരിത്രബോധമില്ലായ്മ, മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള വൈമനസ്യം ഇതൊക്കെയാണ് ഏത് പിഴച്ച പ്രസ്ഥാനക്കാരുടെയും അപചയ കാരണം. പ്രമാണങ്ങൾക്കും ഇസ്‌ലാമിക പാഠങ്ങൾക്കും ജീവിതത്തിലൂടെ മാതൃക അവതരിപ്പിച്ചവരാണ് പൂർവികർ. അവരെ നിരാകരിക്കുന്ന ധിക്കാരപരമായ സമീപനത്തെ അഭിമാനമായിക്കാണുകയാണ് ബിദഇകൾ. അതിന് വേണ്ടി ഖുർആനിനെയും സുന്നത്തിനെയും ദുരുപയോഗിക്കുന്ന അപകടകരമായ സമീപനവും അവർ സ്വീകരിക്കുന്നു.

കേവലമായ ഭാഷാ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ഖുർആൻ, ഹദീസ് വചനങ്ങളെ മനസ്സിലാക്കാനാവുമെന്ന വാദം അപായകരമാണ്. അല്ലാഹുവിന്റെ വചനങ്ങൾ അവൻ നിശ്ചയിച്ച മാർഗേണ ഗ്രഹിക്കാനവസരമുണ്ടായിരിക്കെ അവഗണിച്ച് സ്വയം യോഗ്യത ചമയുന്നത് അൽപത്തമാണ്.

ഉപര്യുക്ത സംഭവത്തിൽ ഖവാരിജുകൾ അവർക്കിണങ്ങിയ ഒരു സൂക്തത്തിന്റെ കഷ്ണം പൊക്കിപ്പിടിച്ചു. പക്ഷേ, അതിന്റെ വ്യാഖ്യാന സാധ്യതയെ നിജപ്പെടുത്തുന്നതിൽ ഇതര ഖുർആൻ ഭാഗങ്ങൾക്കുള്ള പങ്ക് അവർ വിസ്മരിച്ചു. തങ്ങൾ പ്രതിസ്ഥാനത്ത് നിർത്തിയ അലി(റ)വിനുള്ള സമുന്നത സവിശേഷതകൾ അവരോർത്തില്ല. സ്വന്തംനിലപാടുകൾക്ക് ന്യായം മെനയുമ്പോൾ അതിന്റെ മറുവശത്തെക്കുറിച്ചാലോചിച്ചതുമില്ല.

ഇന്നു നമുക്കിടയിൽ പ്രവർത്തിക്കുന്ന പുത്തൻവാദികളുടെ സ്ഥിതിയും മറിച്ചല്ല. നബി(സ്വ) ചെയ്തില്ല എന്നത് ഒരു കാര്യത്തിന്റെ നിരാകരണത്തിന് മാത്രമല്ല മതവിരുദ്ധതക്ക് വരെ ന്യായമായി ഉയർത്തിക്കാട്ടുന്നു അവർ. എന്നാൽ, തിരുനബി(സ്വ) ചെയ്യാത്തതെല്ലാം ദീനിൽ നിന്ന് പുറത്താണെന്ന് ഒരു പ്രമാണത്തിലുമില്ല എന്നതാണ് വാസ്തവം. ഇനി റസൂൽ(സ്വ) നിരോധിച്ചുവെന്ന് സ്ഥിരപ്പെട്ട കാര്യങ്ങൾ പ്രവർത്തിച്ചാൽ തന്നെ അവൻ മതത്തിൽ നിന്നു പുറത്താവില്ല. കാരണം തിരുനബി(സ്വ) നിരോധിച്ചത് പ്രവർത്തിച്ചാൽ ഇസ്‌ലാമിൽ നിന്ന് പുറത്താവുമെന്ന് പ്രമാണങ്ങളിലെവിടെയുമില്ല. ആ പ്രവൃത്തി ഒരുപക്ഷേ, നിഷിദ്ധമായേക്കാമെന്നുമാത്രം. മതത്തിൽ നിന്ന് പുറത്താണെന്ന് മറ്റൊരുവനെക്കുറിച്ച് വിധിയെഴുതാൻ സാർവത്രികമായ അനുവാദവും ഇസ്‌ലാം നൽകുന്നില്ല.

സാധിക്കുമെങ്കിൽ ഒരാളെ ഗുണദോഷിച്ചും ഉപദേശിച്ചും സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാനാവുന്നത് മഹാഭാഗ്യമാണ്, പുണ്യകരവും. എന്നാൽ ഒരാളെ ചൂണ്ടി അയാൾ മതത്തിന് പുറത്താണെന്ന് പറയാനോ ഒരാളെ മതത്തിൽ നിന്ന് പുറത്ത് നിറുത്താനോ ആർക്കാണധികാരം?

പക്ഷേ, ഇന്നത്തെ ചില മതപരിഷ്‌കരണ വാദികൾ സമുദായത്തിലെ മഹാഭൂരിഭാഗത്തെയും ദീനിൽ നിന്ന് പുറത്താക്കുന്ന തിരക്കിലാണ്. അതിനായി, ആയത്തും ഹദീസും ഉദ്ധരിക്കുന്നു. പ്രസ്തുത വചനങ്ങൾ എന്ത് ആശയമാണ് പ്രസരിപ്പിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണിത് ചെയ്യുന്നത് എന്നതാണ് അത്ഭുതം!

ഇസ്‌ലാമിക സമൂഹത്തെ സംബന്ധിച്ചിടത്തോളം മതത്തിലും പ്രമാണത്തിലുംപുതിയ വിശദീകരണത്തിന്റെ ആവശ്യമില്ല. പുതിയ ദുർവ്യാഖ്യാനങ്ങൾ നൽകുന്നത് ആരെ തൃപ്തിപ്പെടുത്താനായാലും വിശ്വാസികൾക്ക് അതംഗീകരിക്കാനാവില്ല. സമൂഹത്തിൽ നിലനിന്നിരുന്ന മതകീയ ചടങ്ങുകളെയും ശീലങ്ങളെയും ഇക്കൂട്ടർ കടന്നാക്രമിച്ചത് പ്രമാണ ദുർവ്യാഖ്യാനത്തിലൂടെയാണ്. പ്രമാണങ്ങളെയും ചരിത്രത്തെയും കൃത്യമായി പഠിപ്പിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിരുന്ന പാരമ്പര്യത്തിന് ഉടവു തട്ടിയത് ബിദഇകളുടെ രംഗപ്രവേശത്തോടെയാണെന്നത് മറക്കാവതല്ല.

ദുർവ്യാഖ്യാനം കാടു കയറി ഇന്നിപ്പോൾ സമുദായം പരസ്പരം കലഹിക്കുന്ന സ്ഥിതിയായി. അവർ ഒരുമയില്ലാത്തവരാണെന്ന് ഇതര ജനങ്ങളെ കൊണ്ട് പറയിക്കുംവിധം ഓരോ ബിദഈ കേന്ദ്രങ്ങളും കാഫിർ വിളികളിൽ മത്സരമാണ്. മതത്തിന്റെ ശരിയായ മാർഗത്തിൽ നിന്നും പരിധിയിൽ നിന്നും പുറം കടന്ന് വിശ്വാസികളെ കല്ലെറിഞ്ഞ് ആനന്ദം കൊള്ളുന്നു. അവരെ പ്രോത്സാഹിപ്പിക്കാനും ആവേശം നൽകാനും മുസ്‌ലിം വിരുദ്ധരും കേന്ദ്രങ്ങളും ആവത് ചെയ്തുകൊണ്ടേയിരിക്കുന്നു.പൂർവികരെ ഒന്നടങ്കം മതത്തിൽ നിന്ന് മാറ്റിനിർത്തിയാലേ തങ്ങൾക്ക് നിലനിൽപുണ്ടാകൂ എന്നാണവരുടെ ദുർചിന്ത.

പാരമ്പര്യത്തിൽനിന്ന് ഒറ്റപ്പെട്ടു നിന്നെങ്കിലേ മഹത്ത്വമുണ്ടാകൂ എന്ന ധാരണ തിരുത്തപ്പെടേണ്ടതാണ്. കാരണം, വിജയം സമുദായത്തിലെ ഭൂരിപക്ഷത്തിനാണെന്നാണ് തിരുസുവിശേഷം. അസ്സവാദുൽ അഅ്‌ളം! അവരാണ് വിജയികളെന്ന് നബി(സ്വ) പഠിപ്പിച്ചു. അതിനാൽ മഹാന്മാർ ജീവിച്ച വഴിയിൽ അവർക്ക് പിറകെ അച്ചടക്കത്തോടെ സഞ്ചരിച്ച് രക്ഷ പ്രാപിക്കാനാണ് നാം ഉത്സാഹിക്കേണ്ടത്.

ഇബ്‌നുഅബ്ബാസ്(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘നിങ്ങൾ അഭിപ്രായ ഭിന്നതകൾ കാണുമ്പോൾ മഹാസംഘത്തെ പിന്തുടരുക’ (ഇബ്‌നുമാജ). വലിയ സംഘത്തോടൊപ്പം നന്മയും ഗുണവും നിറഞ്ഞ സച്ചരിതരായ വിശ്വാസികളിൽ ഒരാളായി ജീവിക്കണം. അതാണ് മോക്ഷമാർഗം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ