സന്തോഷവും സങ്കടവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം നിറഞ്ഞതാണ് മനുഷ്യ ജീവിതം. ജീവിതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ളൊരാരാധനയാണ് പ്രാര്‍ത്ഥന. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഒരു അടിമക്ക് പ്രാര്‍ത്ഥനയില്ലാതെ ജീവിക്കാനാവില്ല. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ് എന്നാണ് പ്രവാചകര്‍(സ്വ) പഠിപ്പിച്ചത് (തുര്‍മുദി/3371).

പ്രാര്‍ത്ഥനക്ക് ഒരുപാട് മര്യാദകളുണ്ട്. അല്ലാഹു പറയുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം ചെയ്യാം (അല്‍ഗാഫിര്‍/60). അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടാണ് പ്രാര്‍ത്ഥന തുടങ്ങേണ്ടത് (ആമീന്‍ എന്നത് കൊണ്ടല്ല). അല്‍ഹംദുലില്ലാഹി എന്നത് കൊണ്ട് തുടങ്ങിയ ശേഷം നബി(സ്വ)യുടെ മേലില്‍ സ്വലാത്ത് ചൊല്ലുക. ഏതു സ്വലാത്തായാലും മതിയാകുന്നതാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാന്‍ ഏറ്റവും മുഖ്യമായ ഒന്നാണത്. താഴ്മയോടെയും വിനയത്തോടെയും പ്രതീക്ഷയോടെയും ഭയത്തോടെയുമാണ് പ്രാര്‍ത്ഥന നിര്‍വഹിക്കേണ്ടത്. അല്ലാഹു എന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യും എന്ന് പ്രതീക്ഷ ഉണ്ടാവുകയും അങ്ങനെ ദുആ നിര്‍വഹിക്കുകയും ചെയ്യുന്നത് അവന് ഇഷ്ടമുള്ള കാര്യമാണ്.

ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ഉയര്‍ത്തി ദുആ ചെയ്യുക. ശേഷം ഇരു കൈകളും മുഖത്ത് തടവുകയും ചെയ്യുക. കൂടിയിരുന്ന് പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിന് സന്തോഷമുള്ള കാര്യമാണ്. അത് കൂടുതല്‍ ഉത്തരം കിട്ടാന്‍ കാരണമാവുകയും ചെയ്യും. അത് കൊണ്ട് തന്നെ കൂട്ടു പ്രാര്‍ത്ഥന നല്ലതാണ്. ഇമാമിന് നിസ്കാരം കഴിഞ്ഞാല്‍ ഖിബ്ലയില്‍ നിന്നും അവന്റെ വലതു ഭാഗത്തേക്ക് തിരിഞ്ഞിരിക്കലാണ് സര്‍വോപരി ശ്രേഷ്ഠത. അത് നിസ്കാര ശേഷം ദുആ ചെയ്യാതിരിക്കലിനു തെളിവല്ല. മറിച്ച് പിന്നില്‍ ഒരാള്‍ നിസ്കരിക്കാന്‍ വരുമ്പോള്‍ ജമാഅത്ത് കഴിഞ്ഞിട്ടുണ്ടെന്നറിയിക്കാനാണ് അപ്രകാരം ചെയ്യുന്നത്. അത്രയും അച്ചടക്കത്തോടെയാണ് നിസ്കാരം നിര്‍വഹിക്കേണ്ടത് എന്നര്‍ത്ഥം.

പ്രാര്‍ത്ഥനക്ക് കൂടുതല്‍ ഉത്തരം ലഭിക്കുന്ന പ്രത്യേക സമയവും സ്ഥലവുമുണ്ട്. ശറഫാക്കപ്പെട്ട ചില സമയങ്ങള്‍ ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു. അറഫാ ദിവസം, റമളാന്‍, വെള്ളിയാഴ്ച, രാത്രിയിലെ മൂന്നില്‍ അവസാന സമയത്ത് അതായത് അത്താഴഘട്ടം തുടങ്ങിയ സമയങ്ങളില്‍ പ്രാര്‍ത്ഥന ഏറ്റവും നല്ലതാണ്. മഴ ചൊരിയുന്ന സമയവും നിസ്കാരത്തിലേക്ക് നില്‍ക്കുമ്പോഴും നിസ്കാര ശേഷവും ഹൃദയം വിങ്ങിപ്പൊട്ടുന്ന സന്ദര്‍ഭങ്ങളിലും പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്.

വിശുദ്ധ കഅ്ബയെ നോക്കി പ്രാര്‍ത്ഥിക്കുന്നതും നബി(സ്വ)യുടെ ചാരത്തു ചെന്ന് പ്രാര്‍ത്ഥിക്കുന്നതും മഹാന്‍മാരുടെ അടുക്കല്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്നതും നമ്മുടെ പ്രാര്‍ത്ഥന സ്വീകരിക്കാന്‍ കൂടുതല്‍ കാരണമാകും. മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുക എന്നതും നല്ല കാര്യമാണ്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ മറ്റുള്ളവരെ ഉള്‍പ്പെടുത്തുമ്പോള്‍ പെട്ടെന്ന് ഉത്തരം ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോഴും സ്വന്തം ശരീരത്തിനെയാണു മുന്തിക്കേണ്ടത്.

പ്രാര്‍ത്ഥന എന്നത് മുഅ്മിനിന്റെ ആയുധമാണ് (ഫൈളുല്‍ ഖദീര്‍/4258). അത് കൊണ്ട് തന്നെ ഈ ആയുധത്തെ നമുക്ക് ഏതു സമയത്തും പ്രയോജനപ്പെടുത്താം. അല്ലാഹു ആദരിച്ച മാസമായ റമളാനിലെ ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്നതാണ്. നമുക്ക് എന്ത് പ്രശ്നം നേരിടുമ്പോഴും മറ്റുള്ളവരെ ദുആ കൊണ്ട് ഏല്‍പിക്കുക മാത്രം ചെയ്യാതെ നാം തന്നെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം. കരഞ്ഞു കലങ്ങിയ കണ്ണുകളോടെയും വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെയും നാഥനോട് ചോദിച്ചാല്‍ അവന്‍ കേള്‍ക്കാതിരിക്കില്ല.

പ്രാര്‍ത്ഥന നടത്തുന്നവരോട് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടമാണ്. പക്ഷി മൃഗാദികള്‍ വരെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നു. അല്ലാഹു പറഞ്ഞു: ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ജീവികളും അല്ലാഹുവിന് സാഷ്ടാംഗ പ്രണാമം നടത്തുന്നു (16/49).

സര്‍വ ജീവിജാലങ്ങളുടെയും ദുആയും തസ്ബീഹുമാണ് ഇവിടെ ഉദ്ദേശ്യം എന്ന് മഹാന്മാര്‍ പഠിപ്പിക്കുന്നു. ഹയാതുല്‍ ഹയവാന്‍, തുഹ്ഫതുല്‍ മര്‍ളിയ്യ, നുത്ഖുല്‍ മഫ്ഹൂം എന്നീ കിതാബുകളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രാര്‍ത്ഥനകള്‍ വിവരിച്ചുകാണാം. ഈ ലോകത്തെ മുഴുവന്‍ സംവിധാനങ്ങളും അല്ലാഹു നമുക്ക് വേണ്ടി പടച്ചതായതിനാല്‍ അവനോട് യാചിക്കാന്‍ നാം ഏറെ കടപ്പെട്ടവരാണ്.

റഊഫ് വാവൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ