‘തോറ്റു തൊപ്പിയിടുക’/ ‘തൊപ്പിയിൽ ഒരു പൊൻതൂവൽ’/ ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തിന് ‘തൊപ്പിയിടുക’ എന്നതെല്ലാം തൊപ്പിയുമായി ബന്ധപ്പെട്ട ഭാഷാ പ്രയോഗങ്ങളാണ്. തൊപ്പിയെ ചുറ്റിപ്പറ്റി ചിലതു പറയാം. ചെലോൽക്കത് തിരിയും, ചെലോൽക്ക് തിരിയൂല; തിരിയാത്തോൽടെ നാട്യം നടാടെയല്ല നാട്ടുകാര് കാണ്ണത്.
തൊപ്പിയൊരു രക്ഷാകവചമാണ്. വെയിലിൽ നിന്നും മഞ്ഞിൽ നിന്നും മഴയിൽ നിന്നും നമ്മെ തടയുന്ന രക്ഷാകവചം. ഹൈന്ദവർക്കിടയിൽ നിലനിന്നിരുന്ന ഐതിഹ്യത്തിൽ തൊപ്പി പലരെയും രക്ഷിച്ചിട്ടുണ്ടെന്ന് കുമാരനാശാൻ. ഹൈപോതെർമിയ(ശരീരത്തിന്റെ താഴ്ന്ന താപനില) എന്ന അസുഖത്തെ പ്രതിരോധിക്കാൻ ശിരോവസ്ത്രമാണ് മുഖ്യമായും നിർദേശിക്കപ്പെടുന്നത്.
തൊപ്പിയൊരു സമരായുധവുമാണെന്ന് കാണാം. ഫ്രഞ്ച് വിപ്ലവകാരികൾ ഫ്രീജിയൻ ക്യാപ് ധരിച്ചാണ് പോർക്കളം സക്രിയമാക്കിയിരുന്നത്. ഗാന്ധിത്തൊപ്പി ഇതിന്റെ ഇന്ത്യൻ പതിപ്പാണ്. ചാണകരാജ്യത്തിന് വേണ്ടി പൊരുതുന്നവർ കോണകവും കുറുവടിയും മാത്രമല്ല ഒരു തൊപ്പിയും തരപ്പെടുത്തിയത് കാണാം.
സ്ഥാനമാനങ്ങളുടെ അഭിമാന ചിഹ്നമാണ് തൊപ്പി; അധികാരത്തിന്റേയും. പോലീസ്, പട്ടാളം, വിവിധ ബിരുദ ബിരുദാനന്തര സനദ് കരസ്ഥമാക്കുന്നവർ അങ്ങനെ പലരും തലയിൽ കമിഴ്ത്തുന്ന വൈവിധ്യമേ നിന്റെ പേരാണ് തൊപ്പി. ഉർദുക്കാരന്റെ ‘ടോപ്പി’യിൽ നിന്നാണ് തൊപ്പി നിഷ്പന്നമായത്. രാജാവിന്റേതാവുമ്പോൾ കിരീടമായി; രൂപഭേദങ്ങളോടെയും ആർഭാടങ്ങളൊടെയും.
റോമിൽ സ്വാതന്ത്ര്യത്തിന്റെ സിംബലായിരുന്നു തൊപ്പി. അടിമ വിമോചിതനായിരുന്നത് തലമുണ്ഡനം ചെയ്ത് തൊപ്പി വെക്കുന്നതോടെയാണത്രെ. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും ലോകത്ത് എല്ലായിടത്തും ശിരോവസ്ത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഗുജ്ജാറുകളും സിക്കുകാരും മുസ്‌ലിംകളുമടങ്ങുന്ന ഒട്ടനവധി വിഭാഗങ്ങൾ തൊപ്പിയോ തലപ്പാവോ അണിഞ്ഞുവരുന്നു.
ഇസ്‌ലാമിൽ ശിരോവസ്ത്രത്തിന് വലിയ പുണ്യമാണ് കൽപിക്കുന്നത്. അത് നബിചര്യയാണ്. വിശ്വാസത്തിന് മാറ്റുകൂട്ടുന്നു. ശിരോവസ്ത്രധാരിക്ക് വേണ്ടി മലാഖമാർ പ്രാർത്ഥിക്കുന്നു. അത് മുസ്‌ലിമിന്റെ സ്വാഭിമാന കിരീടമാണെന്നാണ് പ്രവാചകാധ്യാപനം. ഈ പുണ്യം പുൽകാനാണ് മുസ്‌ലിംകൾ തലമറക്കുന്നത്. വേറൊരു ലക്ഷ്യവും തൊപ്പികൊണ്ട് നേടാനില്ല. ഒരപകടവും വരുത്താനുമില്ല. എന്നാൽ ഇതൊന്നും ചെലോൽക്ക് കേൾക്കണ്ട. അവർ ചെലച്ച്‌കൊണ്ടേയിരിക്കും. അതോണ്ട് ഞമ്മക്കൊരു കൊയപ്പോല്ല്യ.
മുസ്‌ലിംകൾ മാത്രമല്ല ശിരോവസ്ത്രം ധരിക്കുന്നതെന്ന് ഉപരിസൂചിത വരികളിൽ നിന്ന് ഗ്രഹിക്കാമെങ്കിലും അൽപം കൂടി പറയാം. അമിത്ഷായുടെ ചൊൽപ്പടിയിലെ ചൂലായ ഹനുമാൻ സേനാധിപൻ കെ’ഞ്ചി’രിവാളിന്റെ കോപ്പിലെ പാർട്ടിയായ ആപ്പിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം പോലും തൊപ്പി! യുപിഎയുടെ കാലത്തെ ഇന്ത്യൻ ഭരണാധിപൻ മൻമോഹൻസിങ്ങും, അദ്ദേഹത്തെ താഴെയിറക്കാൻ മോഡിയുടെ മൂഡ് താങ്ങി രാംലീല മൈതാനിയിൽ പല ലീല വേലകളും കാണിച്ച വല്യണ്ണൻ ഹസാരെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പാർലമെന്റേറിയനുമായ നവജ്യോത് സിങ് സിദ്ദുവും, എന്തിനേറെ തീവ്രവാദികളോടൊപ്പം പിടിക്കപ്പെട്ട കശ്മീർ പോലീസിലെ ഡപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്രസിംഗുമടക്കം എണ്ണിയാലൊടുങ്ങാത്ത എത്രയെങ്കിലും ആളുകൾ ഒടുക്കത്തെ ശിരോ വസ്ത്രധാരികളത്രെ. തൊപ്പി കാണുമ്പൊ ചുവപ്പ് രക്തം തിളച്ച് തുടിക്ക്ണ ചുകപ്പൻമാരുടെ തലതൊട്ടപ്പന്മാരിലുമുണ്ട് തലയിൽ കെട്ടുകാർ. ഹർകിഷൻ സിംഗ് സുർജിത് സൂചന മാത്രം. പക്ഷേങ്കില് ചെലോൽത് പറ്റും, ചെലോൽത് പറ്റൂല. മാപ്പിളയല്ലാത്ത ആരിട്ടാലും ഞമ്മക്കൊരു കൊയപ്പോല്ല്യ. തൊപ്പിവെച്ച തലയുടെ മതം ഇസ്‌ലാമെങ്കിൽ ചെലോൽക്ക് മദമിളകും, തൊപ്പിയുടെ തലവിധി മാറിമറിയും. അത് ബോംബാകും, ഭദ്ര ഭാസുര ഭാരത ഭാവിക്ക് ആസുരതയുടെ ഭീഷണിയാകും! ഛിദ്രതയുടെ വിഷവിത്താകും. മായം!! മറിമായം!!!

ഇക്കഴിഞ്ഞ വാരം ലോകമലയാളികളുടെ അഭിമാനതാരവും മോട്ടിവേറ്ററും ഹീറോയും കൊച്ചുമിടുക്കൻ ഫാഇസായിരുന്നു. വീട്ടിലെ മറ്റ് അംഗങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ഉമ്മയുടെ മൊബൈലെടുത്ത് നൈസായി ഷൂട്ട് ചെയ്ത സെൽഫി വീഡിയോയാണ് വൈറലായത്. കടലാസും പെൻസിലും കത്രികയുമെടുത്ത് സ്വതസിദ്ധമായ ശൈലിയിലും ഭാഷയിലും തന്മയത്തത്തോടെ പേപ്പർ കൊണ്ട് പൂവുണ്ടാക്കുന്ന വിദ്യ പകരുകയായിരുന്നു ആ കുരുന്ന്. അബദ്ധത്തിൽ സംഭവിച്ച കൈപ്പിഴ, ഉദ്യമത്തിൽ ഫായിസിനെ തോൽപ്പിച്ചെങ്കിലും തോൽവിയെ തോൽപ്പിക്കുന്ന മനക്കരുത്തോടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെയാകെ കോർമയിർ കൊള്ളിച്ച അപാരമായ ആത്മവിശ്വാസത്തിന്റെ നിശ്ചയദാർഢ്യത്തിന്റെ ആ പ്രഖ്യാപനമാണ് ഫായിസിന് താരപരിവേഷം നൽകിയത്. വീണത് വിദ്യയാക്കാതെ നിഷ്‌കളങ്കമായി തോൽവി സമ്മതിച്ചും തോൽക്കാൻ വിസമ്മതിച്ചുമുള്ള ആ ഇൻസ്‌പൈറിംഗ് ഡയലോഗ് ഇങ്ങനെയാണ്: ‘ഇന്റത് റെഡ്യായീല, എന്നാലും ഞമ്മക്കൊരു കൊയപ്പീല്ല്യ.’
വീഡിയോ വൈറലായപ്പോൾ സ്വാഭാവികമായും പലരും വന്നു, അഭിനന്ദനങ്ങളും അഭിമുഖങ്ങളുമൊക്കെ നടന്നു. പുറമേന്ന് ആരു വരുമ്പോഴും നാം പുറത്ത് പോകുമ്പോഴും ഓരോരുത്തരും അവരവരുടെ അഭിരുചിക്കും സംസ്‌കാരത്തിനും ചേരുന്ന വസ്ത്രം ധരിക്കൽ സാധാരണമാണ്. ഫായിസും അത്രയേ ചെയ്തുള്ളൂവെന്ന് ജിദ്ദയിലുള്ള പിതാവ് മുനീർ സഖാഫിയും കൂട്ടുകാരും കുഴിമണ്ണ ഇസ്സത്തുൽ ഇസ്‌ലാം സ്‌കൂളിലെ അവന്റെ സഹപാഠികളും സാക്ഷ്യപ്പെടുത്തി. എന്നാൽ ചില ദോഷൈക ദൃക്കുകൾക്ക് അത് ദഹിക്കുന്നില്ല. ഫായിസ് ഏത് വള്ളിട്രൗസറാണോ വീഡിയോ ചെയ്യുമ്പോളണിഞ്ഞത്, അതുതന്നെ പബ്ലിക്കിൽ വരുമ്പോഴുമിടണം, എങ്കിലേ മതേതരമാവൂത്രെ. നിക്കറിന്മേൽ മാത്രമായാലും കൊയപ്പല്യ; തൊപ്പി വെക്കാതിരുന്നാൽ മതി. അല്ലെങ്കിൽ പിന്നെ തീവ്രവാദികളുടെ കളിപ്പാവ, ജിഹാദികളുടെ കൈകുഞ്ഞ് ഇങ്ങനെ പലതുമാവും.
തൊപ്പിയിൽ കണ്ണുടക്കി വിരട്ടാൻ വന്നവരോട് വിരിമാറ് കാണിച്ച വീരചരിത വീരസ്യം കേൾക്കണോ? മർകസ് ആർട്‌സ് കോളേജിൽ പഠിക്കുന്ന കാലം. വെണ്ണക്കോട് എംഡിഎസിലേക്കുള്ള യാത്രയിൽ കണ്ടക്ടർ വിളിച്ചുപറഞ്ഞു: ‘തൊപ്പീ, മുന്നോട്ടു നീങ്ങ്’. ദേഷ്യം അടക്കാനാവാതെ ‘പൊട്ടാ എങ്ങോട്ട് നീങ്ങാൻ?’ എന്നു ഞാനും. പൊട്ടുതൊട്ട കണ്ടക്ടർ കുപിതനായി കുതിച്ചെത്തി. കൂട്ടുകാരുടെ പൊട്ടിച്ചിരിയും സപ്പോർട്ടുമായിരുന്നു അയാളുടെ ‘കിളി’ പോവാൻ കാരണം.
‘ഇയ്യെന്താ വിളിച്ചത്?’
‘പൊട്ടാന്ന്… തൊപ്പി വെച്ച ഞാൻ തൊപ്പിയെങ്കിൽ പൊട്ട് തൊട്ട നിങ്ങൾ പൊട്ടൻ തന്നെ. കുരിശണിഞ്ഞയാളോട് മുമ്പീന്ന് മാറെടാ കുരിശേ എന്നാണോ നിങ്ങൾ പറയാ?’ ഇതികർത്തവ്യ മൂഢനായ കണ്ടക്ടർ അതിലേറെ ഇളിഭ്യനായി ബാഗ് കിലുക്കി ‘ടിക്കറ്റ് ടിക്കറ്റ്’ വിളിച്ചു.
മറ്റൊരു സംഭവം കൂടി പറയാം. ഫറോക്ക് കോളേജിൽ പി.ജി ചെയ്യാൻ ചേലേമ്പ്രയിൽ മുതഅല്ലിമായി താമസിക്കുന്ന കാലം. ഒരു ദിവസം ദർസിലെ ജൂനിയർ വിദ്യാർത്ഥികളെ ഹൈസ്‌കൂളിൽ ചേർക്കാൻ ഉസ്താദിനൊപ്പം പോകേണ്ടിവന്നു. തൊപ്പി വെച്ച മുതഅല്ലിമുകളുമായി തലപ്പാവുധാരികളായ ഞങ്ങൾ രണ്ടുപേരും ഹെഡ്മിസ്ട്രസിന്റെ മുറിയിലെത്തി. പഠിതാക്കളുടെ പ്രവേശന പ്രൊസീജ്യറൊക്കെ കഴിഞ്ഞിറങ്ങിയ ഞങ്ങളെ തിരിച്ചുവിളിച്ച് ടീച്ചർ പറഞ്ഞു: ‘പിന്നേ, ഇതൊരു സെക്കുലർ സ്ഥാപനമാണ്. മതചിഹ്നങ്ങളൊന്നും ഇവിടെ പാടില്ല. അതുകൊണ്ട് തൊപ്പി ഇടാതെ വേണം സ്‌കൂൾ കാമ്പസിലേക്ക് കയറാൻ.’
ആദ്യം ഇത് പറയാതിരുന്ന ടീച്ചറെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് മറ്റാരുമല്ല, അപ്പോൾ സമീപത്തുണ്ടായിരുന്ന ടീച്ചറുടെ അസിസ്റ്റന്റായ പനയപ്പുറത്തുള്ള മുജാഹിദുകാരൻ തന്നെ. മഞ്ചേരി ലോക്‌സഭാ ഇലക്ഷനിൽ മുജാഹിദ് മജീദ് തോറ്റതിന്റെ ദേഷ്യം അദ്ദേഹത്തിന്റെ മുഖകമലങ്ങളിൽ നിഴലിച്ചുകണ്ടിരുന്നു. പെരിണ്ണീരിയുടെ അയൽ പ്രദേശമാണ് പനയപ്പുറം. ആലിമുകളുടെ കോലം മുക്കാല് മുടക്കിയുണ്ടാക്കി കത്തിക്കാൻ വ്രതമെടുത്തിരുന്ന മുജ.ലീഗ് ഭക്തരിലൊരാളായിരുന്നു ടിയാൻ. പക്ഷേ രസം അതല്ല. മതചിഹ്നം പാടില്ലെന്നു പറയുന്ന ടീച്ചറുടെ തിരുനെറ്റിയിൽ സിന്ദൂര പൊട്ടിന്റെ കുറിമാനം!
‘മതേതരമെന്നാൽ മതനിരാസമല്ല മാഡം; അത് നിരീശ്വരത്വമാണ്. മതചിഹ്നങ്ങളോടുള്ള നീരസവുമല്ല. അത് അസഹിഷ്ണുതയാണ്. മതാചാരങ്ങളെ നിഹനിക്കുന്നത് നീതിനിഷേധമാണ്. മതേതരമെന്നാൽ ഏത് മതത്തെയും കൊള്ളാനും തള്ളാനുമുള്ള സ്വാതന്ത്ര്യം പൗരന് നൽകലാണ്. മാഡം പൊട്ട് തൊട്ടതുപോലെ നമ്മുടെ മക്കൾ തൊപ്പി വെക്കട്ടെ. കൊച്ചച്ചായന്മാർ കുരിശുമണിയട്ടെ. നമ്മളായിട്ടെന്തിനാ വെറുതെ ആ കുരുന്നുകളെ ക്രൂശിക്കുന്നേ?’
‘തൊപ്പി വെക്കൽ നിർബന്ധമല്ലല്ലോ നമ്മുടെ മതത്തിൽ?’ കുടുങ്ങിയ ടീച്ചറെ താങ്ങാൻ ആസനംതാങ്ങി ഗുമസ്ഥന്റെ വിഫലശ്രമം.
‘തൊപ്പി വെക്കരുതെന്നു നിർബന്ധമുണ്ടോ മതത്തിൽ? വെപ്പിക്കൂലെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടോ? സ്‌കൂളിനങ്ങനെയൊരു നിയമമുണ്ടെങ്കിൽ അതൊന്നെഴുതിത്തരണം’.
അതു കേട്ട് അണ്ടിപോയ അണ്ണാനെ പോലെയിരിക്കുന്ന മുജാഹിദണ്ണനെ ചൂണ്ടി മന്ദസ്മിതയായി ടീചർ ചോദിച്ചു: ‘നിങ്ങൾ രണ്ട് ചേരിയിലാല്ലേ?’ നർമം നുകർന്ന ക്ലൈമാക്‌സോടെ ഞങ്ങൾ പടിയിറങ്ങി. ശിരോവസ്ത്രത്തിന്റെ ശിരോമണികളായി, വിജയശ്രീലാളിതരായി.
പക്ഷേ ഒന്നു പറയാതെ വയ്യ. തൊപ്പി അഴിപ്പിക്കുന്നവർ അവിടെ നിൽക്കട്ടെ. തൊപ്പി അഴിക്കുന്നവരെ കുറിച്ച് പറയാം. തൊപ്പിയുടെ വക്താക്കളായ നാംതന്നെ നിലവാരത്തകർച്ച പേടിച്ച് പലപ്പോഴും തൊപ്പി അഴിക്കുന്ന അഴകൊഴമ്പൻ നയം സ്വീകരിക്കാറുണ്ട്. ‘അസ്സലാമു അലൈക്കും’ എന്ന നമ്മുടെ അഭിവാദനരീതി അറുപിന്തിരിപ്പൻ യാഥാസ്ഥിതികത്വമെന്ന് സ്വതവേ മനസ്സിലാക്കി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ലൈവായും അല്ലാതെയും പ്രത്യക്ഷപ്പെടുന്നവർ നമ്മുടെ സംസ്‌കൃതികൾ വിസ്മരിക്കുന്ന വിവരക്കേട് നിർത്തണം.
നമ്മുടെ സംസ്‌കാരത്തോടൊപ്പമുള്ള പരിഷ്‌കാരമാണ് പുരോഗതി. സലാമൊക്കെ ഒഴിവാക്കി ‘ഹായ് ഡിയർ’ തുടങ്ങിയ ആംഗലേയൻ സംസ്‌കാരമല്ല. മറിച്ച് സലാം അസ്സലായി പറഞ്ഞ് നിവർന്നുനിന്ന് വടിവൊത്ത വർത്താനം പറയണം. ഭാഷ ഏതായാലും കൊയ്പല്ല്യ. സംസ്‌കാരം നമ്മുടേതാവണം, നമ്മുടേത് മാത്രം.
ആളുകൾക്ക് മോട്ടിവേഷൻ കൊടുക്കുന്നവർ തന്നെ നമ്മുടെ ഉപചാരാചാരങ്ങളെ അപകർഷതയോടെ സമീപിക്കുന്നത് തെറ്റായ സന്ദേശം സമൂഹത്തിൽ സന്നിവേശിപ്പിക്കുകയാണ് അറിഞ്ഞോ അറിയാതെയോ. സലാമൊക്കെ ഒഴിവാക്കിയാലേ ബഹുസ്വര സമൂഹം ഏറ്റെടുക്കൂ എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. പല മോട്ടിവേറ്റേഴ്‌സിനെയും അറിയാം, സലാം പറഞ്ഞുകൂടാത്തവർ. മതബിരുദധാരിയായിട്ടും തൊപ്പിവെച്ചു കൂടാത്തവർ, നിലവാരമാനിയയും അതിന്റെ തകർച്ചാഫോബിയയുമാണവരുടെ രോഗം! പബ്ലിക്കിൽ ഒരു സംഗതി ചെയ്യുമ്പൊ തൊപ്പിയും സലാമും പോലുള്ളവ കൊള്ളില്ലെന്നുള്ള പ്രതീതിയാണവർ ജനിപ്പിക്കുന്നത്. അത് സാമൂഹ്യ ദ്രോഹമാണ്. സലാം പറഞ്ഞ് തുടങ്ങുന്നതുകൊണ്ട് ഫിറോസ് കുന്നുംപറമ്പിന്റെ കളക്ഷനിൽ ഒരു ചില്ലിക്യാശും കുറഞ്ഞിട്ടില്ല. അതിന്റെ പേരിലാരും അദ്ദേഹത്തെ വർഗീയവാദിയാക്കിട്ടുമില്ല. അദ്ദേഹം സംവദിക്കുന്നതും ബഹുസ്വരസമൂഹത്തോടാണ്. നമ്മുടെ സ്ഥാപനങ്ങളിൽ ഭൗതിക വിദ്യാഭ്യാസം നൽകുന്നത് അത് പൊതുവിദ്യാലയങ്ങളിലില്ലാത്തതു കൊണ്ടല്ല. മറിച്ച് നാം വിഭാവനം ചെയ്യുന്ന സംസ്‌കാരത്തിൽ അഭ്യസ്തവിദ്യരെ വാർത്തെടുക്കാനാണെന്നെങ്കിലും അത്തരക്കാർ മനസ്സിലാക്കണം.

സഅദ് അമാനി ഇരിക്കൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ