റമളാന്‍ മാസം അവസാനിക്കുകയും ശവ്വാല്‍ മാസം ആരംഭിക്കുകയും ചെയ്യുമ്പോഴാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. നോമ്പിന്റെ അവസാനത്തോടെ നിര്‍ബന്ധമാകുന്നതിനാലാണ് “ഫിത്വ്ര്‍ സകാത്ത്’ എന്ന പേരുവന്നത്.

ഹിജ്റ രണ്ടാം വര്‍ഷത്തില്‍ പെരുന്നാളിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സകാത്ത് നിര്‍ബന്ധമാണെന്ന കല്‍പനയുണ്ടായി. സഹ്വിന്റെ സുജൂദ് നിസ്കാരത്തിലെ വീഴ്ചകള്‍ക്ക് പരിഹാരമാകുന്നതുപോലെ റമളാന്‍ മാസത്തിലെ നോന്പുകളുടെ ന്യൂനതകള്‍ക്ക് ഫിത്വ്ര്‍ പരിഹാരമാണ്. ഇബ്നു ഉമര്‍(റ)ല്‍ നിന്നു റിപ്പോര്‍ട്ട്: “റമളാനിലെ നോമ്പ് കഴിയുന്നതോടെ കാരക്കയില്‍ നിന്നോ ബാര്‍ലിയില്‍ നിന്നോ ഓരോ സ്വാഅ് വീതം മുസ്‌ലിംകളില്‍ പെട്ട സ്ത്രീകള്‍, പുരുഷന്മാര്‍, സ്വതന്ത്രര്‍, അടിമകള്‍ തുടങ്ങി ഓരോരുത്തരുടെ മേലിലും നല്‍കണമെന്ന് നബി(സ്വ) നിര്‍ബന്ധമാക്കി’ (ബുഖാരി, മുസ്‌ലിം).

അബൂസഈദ്(റ)ല്‍ നിന്നും റിപ്പോര്‍ട്ട്: നബി(സ്വ) ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഗോതമ്പ്, കാരക്ക, ബാര്‍ലി, ഉണക്കമുന്തിരി, പാല്‍ക്കട്ടി തുടങ്ങിയവയില്‍ നിന്ന് ഒരു സ്വാഅ് ഫിത്വ്ര്‍ സകാത്തായി ഞങ്ങള്‍ നല്‍കിയിരുന്നു (ബുഖാരി, മുസ്‌ലിം).

ഹദീസുകള്‍ക്ക് പുറമേ പണ്ഡിതന്മാരുടെ ഇജ്മാഅ് കൂടി ഫിത്വ്ര്‍ സകാത്തിന് തെളിവാണ്. റമളാനിന്റെ അവസാന ദിവസം സൂര്യന്‍ അസ്തമിച്ചതിനു ശേഷം പ്രസവിക്കപ്പെട്ട കുഞ്ഞ്, വിവാഹം ചെയ്ത ഭാര്യ, ഇസ്‌ലാം സ്വീകരിച്ചവര്‍ എന്നിവര്‍ക്ക് വേണ്ടി ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമില്ല. സൂര്യനസ്തമിക്കുന്നതിനു മുമ്പ് മരണപ്പെട്ടവര്‍ക്കു വേണ്ടിയും അതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യക്കു വേണ്ടിയും ഫിത്വ്ര്‍ നിര്‍ബന്ധമില്ല.

പെരുന്നാളിന്റെ പകല്‍ സൂര്യനസ്തമിക്കുന്നതു വരെ ഫിത്വ്ര്‍ സകാത്തിന്റെ സമയം നീണ്ടുനില്‍ക്കുന്നു. എങ്കിലും പെരുന്നാള്‍ നിസ്കാരം നടക്കുന്നതിന് മുന്പുതന്നെ നല്‍കലാണ് സുന്നത്ത്. റമളാനിന്റെ തുടക്കം മുതല്‍ എപ്പോള്‍ വേണമെങ്കിലും മുന്‍കൂട്ടി നല്‍കാവുന്നതാണ്. പെരുന്നാളിന്റെ പകല്‍ അവസാനിക്കുന്നതിനു മുമ്പ് നല്‍കാതിരിക്കല്‍ ഹറാമാണ്. അങ്ങനെ ആരെങ്കിലും ഖളാആക്കിയാല്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടേണ്ടതുണ്ട്. അടുത്ത വര്‍ഷം വരെ കാത്തിരിക്കരുത്.

ചെറിയ പെരുന്നാളിന്റെ രാപകലുകളില്‍ സ്വന്തം ശരീരത്തിനാവശ്യമായതും തന്നെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യമാര്‍, കുടുംബങ്ങള്‍, അടിമകള്‍ (ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍) എന്നിവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, താമസസ്ഥലം, ആവശ്യമായ വേലക്കാര്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാറ്റിവെച്ച ശേഷം സമ്പത്തില്‍ ബാക്കി വരുന്നവരാണ് ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടത്. റമളാനിന്റെ അവസാനത്തെ പകല്‍ സൂര്യനസ്തമിക്കുന്ന സമയത്ത് ഈ വിധം സമ്പത്ത് അവശേഷിക്കാത്തവര്‍ക്ക് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമില്ല. എങ്കിലും പെരുന്നാളിന്റെ പകല്‍ അവസാനിക്കുന്നതിന് മുന്പായി ഫിത്വ്ര്‍ സകാത്ത് നല്‍കുന്നതിനാവശ്യമായത് ഒരാള്‍ സ്വായത്തമാക്കിയാല്‍ സകാത്ത് നല്‍കല്‍ സുന്നത്തുണ്ട്. തനിക്ക് അനുയോജ്യമായതിനപ്പുറം മുന്തിയ വീട് സ്വന്തമായുണ്ടെങ്കില്‍ അതു വിറ്റ ശേഷം അനുയോജ്യമായ വീട് വാങ്ങുകയും ബാക്കി തുകയില്‍ നിന്ന് ഫിത്വ്ര്‍ സകാത്തിന് വേണ്ടി ചെലവഴിക്കുകയും വേണം. സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് താമസിക്കുന്നവനും വാടകവീട്ടില്‍ താമസിക്കുന്നവനും ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനാണ്.

സ്വന്തം ശരീരത്തിന് വേണ്ടി ഫിത്വ്ര്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമുള്ളവര്‍ അവന്റെ ഭാര്യമാര്‍, മാതാപിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും അവനെ ആശ്രയിക്കുന്നവര്‍, സ്വന്തം അടിമകള്‍ എന്നിവര്‍ക്ക് വേണ്ടിയും ഫിത്വ്ര്‍ സകാത്ത് നല്‍കണം. ദിവസക്കൂലിക്കോ ശമ്പളത്തിനോ ജോലിചെയ്യുന്ന വേലക്കാരുടെ ഫിത്വ്ര്‍ സകാത്ത് ജോലി ചെയ്യിപ്പിക്കുന്നവന്റെ ബാധ്യതയല്ല. സ്വന്തം പിതാവിന്റെ ഭാര്യക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുണ്ടെങ്കിലും ഫിത്വ്ര്‍ സകാത്ത് നല്‍കേണ്ടതില്ല. ഭര്‍ത്താവ് ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവനാണെങ്കില്‍ ഭാര്യയുടെ സകാത്ത് ഒഴിവാകുന്നതാണ്. എങ്കിലും ഭാര്യയുടെ പക്കല്‍ സകാത്ത് നല്‍കാന്‍ ആവശ്യമായ സമ്പത്തുണ്ടെങ്കില്‍ തന്‍റേതു നല്‍കല്‍ അവള്‍ക്കു സുന്നത്തുണ്ട്. ഭര്‍ത്താവിനോടു പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ സകാത്ത് അവള്‍തന്നെയാണ് നല്‍കേണ്ടത്. പെരുന്നാള്‍ ദിവസത്തിനാവശ്യമായ ചെലവ് സ്വന്തം കൈവശമുള്ള മക്കളുടെ സകാത്ത് ആശ്രിതരല്ലാത്തതിനാല്‍ പിതാവ് നല്‍കേണ്ടതില്ല. മക്കള്‍ക്ക് സ്വന്തമായി കഴിയുമെങ്കില്‍ അവര്‍തന്നെ നല്‍കേണ്ടതും അല്ലെങ്കില്‍ സകാത്ത് ഒഴിവാകുന്നതുമാണ്.

ബാധ്യതയുള്ള എല്ലാവരുടെയും സകാത്ത് നല്‍കാന്‍ ആവശ്യമായത് കൈവശമില്ലാത്തവര്‍ ആദ്യം സ്വന്തം ശരീരത്തിന് വേണ്ടിയും പിന്നീട് ഭാര്യമാര്‍, ചെറിയ മക്കള്‍, ഉപ്പ, ഉമ്മ, വലിയ മക്കള്‍ എന്നീ ക്രമത്തിലാണ് സകാത്ത് നല്‍കേണ്ടത്. ഓരോ പ്രദേശത്തും മുഖ്യഭക്ഷണങ്ങളായി ഉപയോഗിക്കുന്ന ഗോതമ്പ്, അരി, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളും വെണ്ണ നീക്കം ചെയ്യാത്ത പാല്‍ക്കട്ടികളും അതത് നാടിനനുസരിച്ച് നല്‍കേണ്ടതാണ്. ഉദാഹരണത്തിന് അരിഭക്ഷണം കൂടുതലായി ഉപയോഗിക്കുന്ന കേരളം പോലോത്ത സ്ഥലങ്ങളില്‍ അരിയും, ഗോതമ്പ് മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഗോതന്പും നല്‍കണം. ഒരു പ്രദേശത്ത് മുഖ്യ ഭക്ഷണമായി ഒന്നിലധികം വസ്തുക്കള്‍ ഉപയോഗിക്കപ്പെടുകയും താരതമ്യേന അവയുടെ ഉപയോഗം തുല്യമാവുകയും ചെയ്താല്‍ അവയില്‍ ഏതു ഭക്ഷണവും സകാത്തായി നല്‍കാവുന്നതാണ്.

കുടുംബനാഥന്‍ വിദേശരാജ്യത്തും കുടുംബങ്ങള്‍ സ്വന്തം രാജ്യത്തും താമസിക്കുന്നവരാണെങ്കില്‍ കുടുംബനാഥന്റെ സകാത്ത് അയാള്‍ താമസിക്കുന്ന സ്ഥലത്തുള്ള മുഖ്യ ഭക്ഷണമായി അവിടെ നല്‍കുകയും കുടുംബത്തിന്‍റേത് അവരുടെ നാട്ടിലെ മുഖ്യ ഭക്ഷണത്തില്‍ നിന്ന് ഇവിടെ നല്‍കുകയും വേണം.

അരിയേക്കാള്‍ ഉത്തമമായി ഗോതമ്പ് കണക്കാക്കപ്പെടുന്നതിനാല്‍ അരി മുഖ്യഭക്ഷണമായ സ്ഥലങ്ങളില്‍ പകരം ഗോതമ്പ് നല്‍കാവുന്നതാണ്. ഒരു സ്വാഇല്‍ നിന്ന് പകുതി ഗോതന്പും പകുതി അരിയും നല്‍കാന്‍ പറ്റില്ലെങ്കിലും ഒരു കുടുംബത്തിലെ ചിലരുടെ സകാത്തായി അരിയും മറ്റുള്ളവരുടേതായി ഗോതന്പും നല്‍കാവുന്നതാണ്. ധാന്യങ്ങള്‍ നല്‍കുന്നതിന് പകരം അതിന്റെ വിലയോ ധാന്യങ്ങള്‍ പൊടിച്ചോ വേവിച്ചോ നല്‍കുന്നത് സ്വീകാര്യമല്ല. പുഴുക്കുത്തേറ്റ ധാന്യങ്ങളും ന്യൂനതയുള്ളതും നല്‍കാവുന്നതല്ല. പഴകിയ കാരണത്താല്‍ ധാന്യത്തിന്റെ നിറത്തിനോ രുചിയിലോ മണത്തിലോ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതും മതിയാവില്ല. സ്വന്തം തന്നെ കൊടുക്കുകയാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ വിശ്വസ്തനായ വക്കീലിനെ ഏല്‍പിക്കാം. ഇതല്ലാതെ കമ്മിറ്റിക്കു നല്‍കിയാല്‍ സകാത്ത വീടുകയില്ല.

 

അബ്ദുറഹ്മാന്‍ സഖാഫി പുതുപ്പറമ്പ്

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ