ലോകത്തുള്ള മിക്ക മതഗ്രന്ഥങ്ങളും അവയിലെ അധികം നിയമങ്ങളുമെല്ലാം ഫോക് ലോറുകളായിട്ടാണ് ഗണിക്കപ്പെടുന്നത്. നാടോടി വിജ്ഞാനീയമെന്നാണ് ഫോക്‌ലോറുകളെ പൊതുവെ മലയാളീകരിക്കാറുള്ളത്. ഉദാഹരണത്തിന്, ഒരു കഥ ഒരു തലമുറക്ക് കിട്ടിയാൽ ആ കഥ അവർക്ക് ലഭിച്ച അതേ രൂപേണ അടുത്ത തലമുറക്ക് ലഭിക്കണമെന്നില്ല. മറിച്ച്, നിലവിലെ തലമുറയുടെ കൂട്ടിച്ചേർപ്പും വകഭേദങ്ങളും കഴിഞ്ഞ ശേഷമായിരിക്കും അടുത്ത തലമുറക്ക് കിട്ടുക.
അതുകൊണ്ടാണ് ഒരേ കഥക്ക് പല നാടുകളിലും വകഭേദങ്ങൾ വരുന്നത്. മിക്ക മതഗ്രന്ഥങ്ങളും ഫോക്‌ലോറായി ഗണിക്കപ്പെടുമ്പോഴും വിശുദ്ധ ഖുർആനെ ഫോക്‌ലോറായി ഗണിക്കാത്തതിന്റെ കാരണം അതിന് ലോകത്താകമാനമുള്ള ഏകീകൃത സ്വഭാവമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനമായ എല്ലാ നിയമങ്ങളും ഇങ്ങനെ തന്നെയാണ്. അവകൾക്കെല്ലാം ഒരു പൊതുസ്വഭാവം കാണാം. ഇതിനു കാരണം തിരുനബി(സ്വ)യുടെ ജീവിതം കൃത്യമായി രേഖപ്പെടുത്തപ്പെട്ടുവെന്നുള്ളതാണ്. ഇങ്ങനെ രേഖപ്പെടുത്തിയതിനാൽ തന്നെ മറ്റു പല ഇസങ്ങളിലും മതങ്ങളിലും കാണുന്ന പോലെ അടിസ്ഥാന കാര്യങ്ങളിലുള്ള തർക്കം ഇസ്‌ലാമിൽ തീരെയില്ല.
പരിശുദ്ധ ഹദീസുകളിലും ഇതുപോലെയുള്ള സൂക്ഷ്മത കാണാം. തിരുനബി(സ്വ)യിൽ നിന്ന് അവിടത്തെ ചര്യകൾ അനുഭവിച്ച് പഠിച്ച സ്വഹാബാക്കൾ വാമൊഴി രൂപത്തിൽ അണുഅളവ് മാറ്റം വരാതെ ശിഷ്യർക്ക് പകർന്നുകൊടുത്തു. എന്നാൽ വാചികമായ ഈ കൈമാറ്റ പ്രക്രിയയിൽ നുഴഞ്ഞു കയറാനും തിരുഹദീസുകളിൽ വൈകൃതങ്ങൾ സൃഷ്ടിക്കാനും പിൽക്കാലത്ത് കുത്സിത ശ്രമങ്ങളുണ്ടായി. ഇത്തരം പ്രതിസന്ധികൾ രൂപപ്പെട്ടപ്പോഴാണ് റസൂൽ(സ്വ)യുടെ വാക്കുകളും പ്രവൃത്തികളും അവിടത്തെ ഓരോ അടക്കവും ഒതുക്കവും വരെ രേഖപ്പെടുത്തി വെക്കണം എന്ന ആലോചനയിലേക്ക് വരുന്നത്. അങ്ങനെയാണ് ഹദീസുകളുടെയും നബിചരിത്രങ്ങളുടെയും കൃത്യമായ കോഡ്രീകരണം വരുന്നത്.

തുടർന്ന് പരിശുദ്ധ ഹദീസുകളുടെയും നബിചരിതങ്ങളുടെയും അമൂല്യമായ നിരവധി ഗ്രന്ഥങ്ങൾ പിറവിയെടുത്തു. ഇതിലൂടെ ഈ മേഖലകളിൽ ശക്തമായ ഒരു വിമലീകരണം നടത്താൻ തന്നെ ഇസ്‌ലാമിക ലോകത്തെ സാത്വികരായ പണ്ഡിതർക്ക് സാധിച്ചു. അത്രമേൽ സൂക്ഷ്മതയോടെയാണ് ഈ പണ്ഡിത മഹത്തുക്കളെല്ലാം അവരവരുടെ മേഖല കൈകാര്യം ചെയ്തത്. ഹദീസ് രേഖപ്പെടുത്തിയ പണ്ഡിതർ അവരുടെ ക്രോഡീകരണത്തിന് പ്രത്യേക മാനദണ്ഡം രൂപപ്പെടുത്തി. ഇതുപോലെ നബിചരിത്ര രചന നടത്തിയവരും അവരുടേതായ നിദാനശാസ്ത്രങ്ങളുണ്ടാക്കി. അങ്ങനെ വ്യക്തമായ അവബോധത്തോടു കൂടിയാണ് ഈ മേഖല ഇന്ന് കാണുന്നത് പോലെ വ്യവസ്ഥാപിതമായത്.
എത്ര സൂക്ഷ്മതയോടെയാണ് മഹത്തുക്കൾ ഈ മേഖലയിലിടപെട്ടത് എന്ന് മനസ്സിലാകണമെങ്കിൽ ഇമാം ബുഖാരി(റ)യുടെ ചരിത്രം മാത്രം ഒരാവർത്തി വായിച്ചാൽ മതി. സൂക്ഷ്മത ജീവിതത്തിന്റെ അടിസ്ഥാനമാക്കിയ മഹാമനീഷിയാണ് ഇമാം ബുഖാരി(റ). ഹദീസുകൾ സ്വീകരിക്കുന്നിടത്ത് അദ്ദേഹം കാണിച്ച കണിശത ഈ സൂക്ഷ്മതയുടെ ഭാഗമായിരുന്നു. ഒരിക്കൽ അനേകം മൈലുകൾ താണ്ടി ഹദീസിന് വേണ്ടി ഒരാളുടെ സമീപത്തെത്തി മഹാൻ. അപ്പോൾ അദ്ദേഹം മൃഗത്തിന് ഭക്ഷണമില്ലാത്ത പാത്രം കാണിച്ച് കബളിപ്പിച്ച് വിളിക്കുന്നതാണ് കണ്ടത്. ആ നിമിഷം തന്നെ അദ്ദേഹത്തിൽ നിന്ന് ഹദീസ് സ്വീകരിച്ചു കൂടെന്ന് തീരുമാനിച്ച് തിരിച്ചുനടന്നു ഇമാം. ദീർഘ യാത്രയുടെ കഷ്ടതകൾ വെറുതെയാവുന്നതിലായിരുന്നില്ല മഹാന്റെ ആവലാതി. ഇങ്ങനെയൊരാളുടെ ഹദീസ് സ്വീകരിച്ചാൽ അതൊരുപക്ഷേ, തന്റെ ഉദ്ദേശ്യശുദ്ധിയിൽ നിന്ന് വ്യതിചലിച്ച് പോകുന്നതിന് സമാനമാകുമോ എന്നതായിരുന്നു മഹാന്റെ പേടി. അതിലൂടെ തെറ്റായ ഒരു സന്ദേശം ലോകമുസ്‌ലിമിന് നൽകാൻ താൻ കാരണക്കാരനാവുമെന്ന് മഹാനവർകൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

അതുപോലെ തന്നെ തന്റെ വ്യക്തിത്വത്തിൽ മറ്റുള്ളവർക്ക് തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങൾ വരാതിരിക്കാനും ബുഖാരി(റ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ആയിരം ദീനാറുമായി കപ്പലിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. മഹാനരോട് സൗഹൃദം നടിച്ച് ഒരു യാത്രക്കാരൻ ഈ വിവരം അറിയുകയും തന്റെ ആയിരം ദീനാർ മോഷ്ടിക്കപ്പെട്ടെന്ന് ഉറക്കെ വിളിച്ച് കൂവുകയും ചെയ്തു. മഹാനരെ മോഷ്ടാവായി ചിത്രീകരിച്ച് പണം കവരാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാൽ മഹാനവർകൾ തന്റെ പണം നഷ്ടപ്പെട്ടാലും വേണ്ടിയില്ല, വ്യക്തിത്വം നഷ്ടപ്പെടരുതെന്ന് തീരുമാനിച്ചു. സങ്കോചമൊന്നും കൂടാതെ ആ പണം കടലിലേക്ക് വലിച്ചെറിഞ്ഞു. കാരണം മഹാന്റെ വിശ്വാസ്യതയിൽ ആരോപണമുയർന്നാൽ തിരുഹദീസുകളുടെ വിശ്വാസ്യതയെ കൂടി അത് ബാധിക്കും. വ്യക്തിപരമായ കാരണത്താൽ അത് സംഭവിക്കരുതെന്ന നിർബന്ധമാണ് വലിയൊരു നഷ്ടം സഹിച്ചും അങ്ങനെ ചെയ്യാൻ മഹാനെ പ്രേരിപ്പിച്ചത്.
എത്ര കഷ്ടത സഹിച്ചാണ് അദ്ദേഹം ഹദീസുകൾ തേടിയത്. അറിവന്വേഷണ യാത്രക്കിടയിൽ പട്ടിണി കിടക്കേണ്ടിവന്നു, വിശപ്പാറ്റാൻ പച്ചിലകൾ തിന്നേണ്ടി വന്നു. എന്തിനേറെ, ഉടുവസ്ത്രമൊഴിച്ചുള്ള വസ്ത്രങ്ങൾ പോലും വിൽക്കേണ്ട അവസ്ഥയുണ്ടായി. രേഖപ്പെടുത്തുന്ന ഹദീസുകളിൽ പ്രായോഗികമായതെല്ലാം തന്റെ ജീവിതത്തിൽ പകർത്താനും മഹാനവർകൾ പ്രത്യേകം ശ്രദ്ധിച്ചു. അമ്പെയ്ത്തിനെ പറ്റിയുള്ള ഹദീസ് വരെ അദ്ദേഹം പ്രയോഗവത്കരിച്ചു. അഹ്‌സാബ് യുദ്ധവേളയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകിയ പ്രവാചക മാതൃക സ്വീകരിച്ച് തന്റെ പ്രദേശത്തെ സത്ര നിർമാണത്തിൽ ഇമാം കല്ല് ചുമക്കുകയും മറ്റു സഹായങ്ങൾ ചെയ്യുകയുമുണ്ടായി. ഇവ്വിധം നബിതങ്ങളുടെ ജീവിതവും സംസാരവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടതു കൊണ്ടാണ് ഇന്ന് ലോകത്ത് ഇസ്‌ലാം ഇതര മതങ്ങളിൽ നിന്നും ഇസങ്ങളിൽ നിന്നും വ്യതിരിക്തമാകുന്നത്. ഇസ്‌ലാമിക ലോകത്തിന് ഈ മഹത്തായ ഹദീസ്-ചരിത്ര രചനകൾ സംഭാവന ചെയ്ത മഹാത്മാക്കളെ അടുത്തറിയാനും അവരുടെ ജീവിതരീതികൾ കൃത്യമായി പഠിക്കാനും നാം മുന്നോട്ടു വരേണ്ടതുണ്ട്.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ