വസ്തുവിതരണത്തിന് മുൻകൂട്ടി പണമടക്കുന്ന ഇടപാടായി ബയ്അ്‌സലം (forword buying  മുൻകൂർ കച്ചവടം) നിർവചിക്കാം. ഇത്തരം ഇടപാടിൽ ബാങ്ക് കരാറിൽ പറഞ്ഞിരിക്കുന്ന ധനസഹായത്തുക മുൻകൂട്ടി നൽകുന്നു. നിശ്ചിത ദിവസം പറഞ്ഞിരിക്കുന്ന സ്ഥലത്ത് വെച്ച് ബാങ്കിന് ചരക്ക് നൽകുന്നു. കരാർ പ്രകാരമുള്ള തുക മുഴുവനായും കരാറിൽ ഏർപെടുന്ന സമയത്ത് തന്നെ ഈ ഇടപാടിൽ നൽകപ്പെടുന്നു. കക്ഷി ചരക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ മുൻകൂറായി നൽകിയ തുക തിരിച്ചുപിടിക്കാൻ ബാങ്കിന് അധികാരമുണ്ട്. ചരക്കുകളുടെ വിതരണം ഉറപ്പുവരുത്താൻ ബാങ്കിന് ഈടുകൾ ആവശ്യപ്പെടാവുന്നതാണ്. ഈടുകളിൽ് നിന്ന് എന്തെങ്കിലും ആദായം ലഭിച്ചാൽ അത് പണയക്കാരന് നൽകണം. ചരക്കുകൾ സംഘടിപ്പിക്കാനുള്ള പണം മുൻകൂറായി ലഭിക്കുന്നതുകൊണ്ട് കക്ഷിക്കും വിലയിലെ വ്യത്യാസം മൂലം സാമ്പത്തിക ലാഭം കിട്ടുന്നത് കൊണ്ട് ബാങ്കിനും ഗുണകരമാണ് സലം കച്ചവടം. മുൻകൂർ വ്യാപാരത്തിൽ എപ്പോഴും റൊക്കം പണം നൽകി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ചരക്കുകൾ ലഭിക്കുന്നതിനാലാണ് അത്. തിരിച്ചടവ് വൈകിച്ചാൽ നഷ്ടപരിഹാരമായി എന്ത് നടപടിയെടുക്കണമെന്ന് മതകാര്യ ബോർഡ് തീരുമാനമെടുക്കണം.

വായ്പ തിരിച്ചടവ് ഉറപ്പുവരുത്താനുള്ള ചില നിർദ്ദേശങ്ങൾ

  1. പ്രോ നോട്ടിനൊപ്പം വിശ്വസ്തനായ ഒരു മൂന്നാം കക്ഷിയുടെ ഉറപ്പും വസ്തു ജാമ്യവും.
  2. ലിമിറ്റഡ് കമ്പനികളിൽ വ്യക്തിഗത ജാമ്യം പ്രധാന ഓഹരി ഉടമകളിൽ നിന്നും വാങ്ങിയിരിക്കണം.
  3. സാമ്പത്തിക സഹായം നൽകുന്ന സംരംഭത്തിൽ ഇടപാടുകാരന് മതിയായ പരിചയം ഉണ്ടായിരിക്കണം.
  4. സ്വതന്ത്ര അന്വേഷണങ്ങളും ബാങ്ക് റഫറൻസുകളും ഇടപാടുകാരൻ വിശ്വസ്തനും നല്ല സാമ്പത്തിക സ്ഥിതിയിലുള്ളവനുമാണെന്ന് സൂചിപ്പിക്കുന്നതായിരിക്കണം.
  5. വേണ്ടത്ര മൂലധനമില്ലാതെയാണ് കമ്പനി തുടങ്ങിയതെന്ന് ബാലൻസ് ഷീറ്റ് കാണിക്കാൻ പാടില്ല. കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും തുടർച്ചയായി ലാഭം നൽകുന്നുണ്ടെന്നും അത് കാണിക്കണം. മൊത്തം ആസ്തികളിൻമേലും ഇക്വിറ്റിയിൻമേലും ഉള്ള ആദായം നല്ല നിലയിലായിരിക്കണം.
  6. സംരംഭം സാങ്കേതികമായി പ്രയോഗക്ഷമവും ഉൽപന്നങ്ങൾ എളുപ്പത്തിൽ വിപണനം ചെയ്യാൻ സാധിക്കുന്നതുമാകണം.
  7. പണത്തിന്റെ വരവ്‌പോക്കുകളും(Flow of Money) തിരിച്ചടവു സാധ്യതകളും വ്യക്തമായിരിക്കേണ്ടതാണ്.
  8. ധനമിടപാടുനിർദ്ദേശങ്ങൾ അനുയോജ്യമായ രീതിയിൽ വിലയിരുത്തുകയും ശരിയായ തീരുമാനങ്ങളെടുക്കാൻ അതിലടങ്ങിയ അപായ സാധ്യതകൾ വിശദമായി പരിശോധിക്കേണ്ടതുമാണ്.
  9. പണമിടപാട് കരാറുകളും മറ്റ് രേഖകളും ഉചിതമാംവണ്ണം തയ്യാറാക്കണം.
  10. തിരിച്ചടവ് തീയതികൾ കാണിക്കുന്ന പട്ടിക തയ്യാറാക്കുക. ഓരോ തീയതികളും വെവ്വേറെ പ്രോ നോട്ടുകൾ കൊണ്ട് സാക്ഷ്യപ്പെടുത്തുക.
  11. മറ്റ് രാജ്യങ്ങളിലെ ഇടപാടുകാരുമായി ബന്ധം വെക്കുമ്പോൾ തിരിച്ചടവിന്റെ കറൻസിയെക്കുറിച്ചും വിനിമയ നിയന്ത്രണ നിയമങ്ങളെ (exchange control regulation) കുറിച്ചും പരിശോധന നടത്തേണ്ടതാണ്.
  12. ഇടപാടുകാലയളവിൽ ചരക്കിന് വന്നുഭവിക്കാവുന്ന അപകട നഷ്ടം പ്രോമിസറി നോട്ട് സംബന്ധമായ ധാരണ, big bond, performance bond, തുടങ്ങിയവയെ സംബന്ധിച്ച കാര്യങ്ങൾ വായ്പാ കാര്യാലോചനാ കമ്മിറ്റിയെ (credit committee) അടവുകൾ തെറ്റിയാലുണ്ടാകുന്ന നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ പലിശരഹിത ബാങ്കിന്റെ നിലവിലുള്ള Regulations എല്ലാം, രാജ്യത്തെ പരമ്പരാഗത ബാങ്കിന്റെ നിയമങ്ങളുമായി ഒത്തുനോക്കുകയും ആവശ്യമായ നിയമഭേദഗതികൾ (regulatory changes)െ വരുത്തുകയും വേണം.

കൂടാതെ വഞ്ചന, ചൂതാട്ടം, ചൂഷണം എന്നിവ സാമ്പത്തിക മേഖലയിൽ ഇല്ലായ്മ ചെയ്യത്തക്ക വിധം മേൽ വിശദീകരിച്ച ബാങ്കിംഗ് സങ്കേതങ്ങൾക്ക് നടപ്പിലാക്കാവുന്ന ഇസ്‌ലാമിക് ബാങ്കിംഗ് റെഗുലേഷൻസ് പൂർണ്ണമായും നടപ്പിൽ വരുത്താൻ ശ്രമിക്കേണ്ടതാണ്.

ഇതര സേവനങ്ങൾ

പരമ്പരാഗത ബാങ്കുകൾ എല്ലാ മേഖലകളിലും വായ്പ നൽകുന്നു. എന്നാൽ പലിശ രഹിത ബാങ്ക് ചൂതാട്ടം, നിഷിദ്ധമായ വസ്തുക്കൾ, ലഹരിവസ്തുക്കൾ തുടങ്ങിയ അന്യായമായ മേഖലകളിൽ വായ്പ നൽകുന്നില്ല. പരമ്പരാഗത ബാങ്കുകൾക്ക് ഒരു ബാങ്കിംഗ് ടൂൾ മാത്രമേ ഉള്ളൂ. അതായത് ഏതു കാര്യത്തിനും ലോൺ കൊടുക്കുന്നു. തിരിച്ച് പലിശയും മുതലും സ്വീകരിക്കുന്നു. പലിശരഹിത ബാങ്കിന് വായ്പക്ക് മുമ്പ് വിവരിച്ച ഏഴുതരം ഉപകരണങ്ങളു്. ഇതൊഴിച്ചാൽ ബാക്കി കാര്യങ്ങളിലെല്ലാം ഇരു ബാങ്കുകളും തുല്യ സേവനം ചെയ്യുന്നു എന്ന് പറയാം. കമ്മീഷൻ, ഫീസ്, എക്‌സ്‌ചേഞ്ച്, ഇടനിലക്കൂലി(ബ്രോക്കറേജ്) തുടങ്ങിയവയും പലിശരഹിത ബാങ്കിംഗിലൂടെ ലഭ്യമാക്കുന്നു. ചൂതാട്ടം പോലെ നിരോധിത ബിസിനസുമായി ബന്ധപ്പെടാത്തതും പലിശയുടെ സാന്നിധ്യമില്ലാത്തതുമായിരിക്കുന്ന കാലത്തോളം ശരീഅ പ്രിൻസിപ്പിൽ അനുസൃതമായ സേവനങ്ങളാണ് ഇവ. ഇരു ബാങ്കുകളും ഒരേ രീതിയിൽ തന്നെയാണ് ഈ മേഖലയിൽ ഇടപെടുന്നത്.

എ. രേഖാമൂലമുള്ള വായ്പ((documentary credit)

പലിശരഹിത ബാങ്ക് ചരക്ക് സ്വയം തന്നെ വാങ്ങുമ്പോൾ സാമ്പ്രദായിക ബാങ്ക് ഇടപാടുകാരന്റെ  പ്രതിനിധിയായി നിൽക്കുന്നു എന്നതൊഴിച്ചാൽ -ലെറ്റർ ഓഫ് ക്രഡിറ്റ് -നൽകുന്നതിൽ രണ്ടു രീതികളും ഒരേപോലെയാണ്. ബാങ്കിന് ലെറ്റർ ഓഫ് ക്രഡിറ്റ്  ഇഷ്യൂ ചെയ്തതിന് കമ്മീഷൻ ലഭിക്കുന്നു. ചരക്കുകൾ എത്തിയാൽ പലിശരഹിത ബാങ്ക് ഏറ്റെടുക്കുകയും കക്ഷിക്ക് വിൽക്കുകയും ചെയ്യുന്നു. എന്നാൽ സാമ്പ്രദായിക ബാങ്കിൽ കക്ഷിയെ വിവരമറിയിക്കുകയും ചരക്ക് ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. പണമടച്ചാൽ ഇടപാടുകാരന് ബിൽ ഓഫ് ലേഡിംഗ് (bill of lading) നൽകുന്നു.

കയറ്റുമതിയിൽ ധനസഹായം ആവശ്യമായി വരികയാണെങ്കിൽ പലിശരഹിത ബാങ്ക്’ ‘സലം.’ കച്ചവടത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഒരേ സമയം രണ്ടുപേർക്ക് ചരക്ക് വിൽക്കാൻ പറ്റില്ലായെന്നതുകൊണ്ട് ബാങ്ക് ഒന്നുകിൽ മുശാറക ഇടപാടിൽ ഏർപ്പെടണം. അല്ലെങ്കിൽ കപ്പലിൽ കയറ്റുന്നതിന് മുമ്പ് ചരക്ക് വാങ്ങണം. കയറ്റുമതി ബിൽ അടക്കുന്നത് വരെ ബാങ്ക് ചരക്കിന്റെ ഉടമസ്ഥനായി തുടരും. ബാങ്ക് -ബില്ല് ഇടപാടുകാരന് അയക്കുന്നു. പണമടച്ചാൽ ബാങ്കിന്റെ അക്കൗണ്ടിൽ ബിൽ തുക ഇടപാടുകാരന്റെ പേരിൽ വരവ് വെക്കുകയും ചെയ്യുന്നു. മുമ്പ് നൽകിയ വിലയും നിശ്ചിത ലാഭവും ബാങ്ക് തിരിച്ചെടുക്കുന്നു. ശേഷിച്ച തുക ഇടപാടുകാരന് നൽകുന്നു. ബാങ്ക് ധനസഹായം നൽകാത്ത സന്ദർഭങ്ങളിൽ കൈകാര്യം ചെയ്തതിന് കമ്മീഷൻ മാത്രമേ ഈടാക്കാറുള്ളൂ.

ബി. ജാമ്യം (guarantees)

മൂന്നാം കക്ഷി വീഴ്ച വരുത്തുന്ന പക്ഷം, അയാളുടെ വാഗ്ദാന നിർവ്വഹണമോ ബാധ്യതാ മോചനമോ നടത്തുന്നതിന് വേണ്ടിയുള്ള കരാറാണ് ഗ്യാരണ്ടി. മിക്ക പലിശരഹിത ബാങ്കുകളും അവരുടെ ഇടപാടുകാരന് വേണ്ടി ഗ്യാരണ്ടി നൽകാറുണ്ട്. ഇതിനൊരു കമ്മീഷനും ഈടാക്കുന്നു. നിശ്ചിത ശതമാനമായിരിക്കും കമ്മീഷൻ. എന്നാൽ ഈ ഇനത്തിലുള്ള എഴുത്തുകുത്തുകൾക്ക് വേണ്ട ചെലവ് (Secretarian expence)  മാത്രമേ ഈടാക്കാവൂ എന്നാണ് മിക്ക ശരീഅ പണ്ഡിതൻമാരും അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇടപാടുകാരൻ പണമടച്ചില്ലെങ്കിൽ ബാങ്ക് പണം നൽകേണ്ടിവരും എന്നതുകൊണ്ട് ബിഗ് ബോണ്ട്, പെർഫോമൻസ് ബോണ്ട് എന്നിവയിൽ ബാങ്ക് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നിർമ്മാണ പദ്ധതികളിൽ സാധാരണയായി കോൺട്രാക്ടർ ജോലി തുടങ്ങാൻ വേണ്ട പണം പ്രിൻസിപ്പലിൽ നിന്നും വാങ്ങാറുണ്ട്. ഇത് ബാങ്ക് ഗ്യാരണ്ടി ചെയ്യുന്നു. ബാങ്ക് ഈ പണം കസ്റ്റഡിയിൽ വെക്കുകയും പ്രവർത്തന പുരോഗതി അനുസരിച്ച് കക്ഷിക്ക് നൽകുകയും ചെയ്യുന്നു.

സി. വിദേശ വിനിമയ നിയമം (foreign exchange regulation )

സാമ്പ്രദായിക ബാങ്കുകളെപ്പോലെ പലിശരഹിത ബാങ്കും വിദേശ കറൻസികൾ റൊക്കമായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. പക്ഷേ, ഫോർവേഡിന്റെയും ഫ്യൂച്ചറിന്റെയും വിൽപനയിൽ വ്യത്യാസമുണ്ട്. currency commodity trading regulation എന്ന വിഷയത്തിൽ ദീർഘമായ ചർച്ച ആവശ്യമുള്ളതുകൊണ്ട് ഇവിടെ ചുരുക്കുന്നു.

ഡി. ശേഖരവും അടവും (collection and remitance)

 

ബാങ്ക് ഇടപാടുകാരന് വേണ്ടി ചെക്കുകളും ബില്ലുകളും തയ്യാറാക്കുകയും രാജ്യത്തിന്റെ അകത്തും പുറത്തും പണം കൈമാറുകയും ചെയ്യുന്നു. ഇന് ഒരു കമ്മീഷൻ ഈടാക്കുന്നു. പലിശയുടെ സാന്നിധ്യം ഇത്തരം ഇടപാടുകളിൽ കാണുകയില്ല.

ഇ. സാമ്പത്തിക മാനേജ്‌മെന്റ് (cash management)

 

ഒരു ബിസിനസ് സ്ഥാപനത്തിനോ ഗവൺമെന്റിനോ വേണ്ടി പണം ശേഖരിക്കുകയോ വിതരണം നടത്തുകയോ ചെയ്തുകൊണ്ട് കമ്മീഷൻ നേടുന്നു.

എഫ്. സൂക്ഷിപ്പു സേവനങ്ങൾ (custoudial services)

ലോട്ടറി, പ്രൈസ് ബോണ്ടുകൾ പോലുള്ള പലിശാധിഷ്ഠിത സെക്യൂരിറ്റികളോ ഉപകരണങ്ങളോ സംരക്ഷണത്തിന് സ്വീകരിക്കുന്നതല്ലെന്നത് ഒഴിച്ചാൽ പരമ്പരാഗത ബാങ്കുകളുമായി ഒരു വ്യത്യാസവുമില്ല. മിക്ക ബാങ്കുകളിലും ലോക്കർ സൗകര്യങ്ങൾ ഒരുക്കുന്നതാണ്. അതിലുള്ള ചരക്കുകൾക്കും വസ്തുക്കൾക്കും മൂല്യവർദ്ധനയുണ്ടായാൽ ഉടമക്ക് മാത്രം അവകാശപ്പെട്ടതാണ്.

ജി. സ്ഥാവര സ്വത്തുക്കൾ (real estate)

രാജ്യത്തിന്റെ നിയമം അനുവദിക്കുമെങ്കിൽ ബാങ്ക് വാടക വരുമാനം ലഭിക്കുന്ന ഉപാധികളിൽ പണം നിക്ഷേപിക്കും. വസ്തുവിന്റെ വാങ്ങലിലൂടെയും വിൽപനയിലൂടെയും മൂലധനലാഭമുണ്ടാക്കുന്നു. ബാങ്കിന് വസ്തുക്കളുടെ മാനേജ്‌മെന്റിൽ മുൻ പരിചയമില്ലെങ്കിൽ ഒരു ഏജന്റിനെ നിയമിക്കാവുന്നതാണ്. ഏജന്റ് ബാങ്കിന് വേണ്ടി വാടക പിരിക്കുകയും വസ്തു വകകൾ പരിപാലിക്കുകയും ചെയ്യുന്നു.

എച്ച്. ഫീസുകൾ ലഭിക്കുന്ന മറ്റ് സേവനങ്ങൾ

ബാങ്ക് അസംസ്‌കൃത വസ്തുക്കളും ഉൽപന്നങ്ങളും കക്ഷിക്ക് വേണ്ടി വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കമ്പനികളുടെ പലിശരഹിത സെക്യൂരിറ്റികൾ മിക്ക ബാങ്കുകളും വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നു. കക്ഷിക്കും വിപണിക്കുമിടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്നതിന് ഇടനിലക്കൂലി (brokerage)  ലഭിക്കുന്നു. ചിലപ്പോൾ ഇടപാടുകാർക്കുവേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ട ആളായോ (nominee)  കൈകാര്യാധികാരിയായോ പ്രവർത്തിക്കുന്നു. ഇത്തരം സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നു.

ഇത്തരം ബാങ്കുകൾ വർദ്ധിതമായ തോതിൽ നിക്ഷേപാധിഷ്ഠിത ബാങ്കിംഗിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പലിശയുടെ സാന്നിധ്യമില്ലാത്തതും കുറഞ്ഞ അപായ സാധ്യതയും ഇതിന്റെ മെച്ചങ്ങളാണ്. സ്വകാര്യ (private investment portfolio)  ഇടപാടുകാരന് വേണ്ടി മാനേജ് ചെയ്ത് ഫീ ഈടാക്കുന്നു. ഇവ കൂടാതെ ഓഹരികളും സ്റ്റോക്കുകളും വിപണിയിൽ വിറ്റ് പോകുന്നില്ലെങ്കിൽ അവ വാങ്ങുന്ന ഉത്തരവാദിത്വമേറ്റ് (underwriting)  ബാങ്ക് ഫീ ഈടാക്കുന്നു.

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ