വിശുദ്ധ ഖുര്‍ആന്‍ തുറന്നാല്‍ ആദ്യം കാണുന്ന സൂക്തം ബിസ്മില്ലാഹി… അതിവിസ്മയകരമായ ആശയപ്രപഞ്ചത്തിലേക്ക് സാധകന്റെ മനസ്സിനെ ഉണര്‍ത്തുന്നതാണത്. യോഗാത്മകമായ ആനന്ദം ബിസ്മിയിലൂടെ മുന്നേറുമ്പോള്‍ അനുഭവവേദ്യമാകും. കാരണം അതിന്റെ തുടക്കത്തിനുപോലും അധ്യാത്മമായ ആത്മികലോകത്തെ ഓര്‍മയിലേക്കെത്തിക്കാന്‍ കഴിയും. ആത്മാക്കളെ ഒരുമിച്ചുകൂട്ടി അല്ലാഹു ചോദിച്ചു: ഞാന്‍ നിങ്ങളുടെ റബ്ബ് അല്ലയോ? ആത്മാക്കള്‍ പ്രതിവചിച്ചു ‘അതേ’യെന്ന്. ആത്മാവ് ഉച്ചരിച്ചതില്‍ വെച്ചേറ്റവും ആദ്യത്തേത് അംഗീകാരത്തിന്റെ ഈ ‘ബലാ’ ശബ്ദമാണ്. ‘ബ’ എന്ന ഓഷ്ഠ്യാക്ഷരം ആത്മാവിനു ശീലമുണ്ടെന്നര്‍ത്ഥം. അതേ ഓഷ്ഠ്യാക്ഷരമാണ് വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമസൂക്തം ബിസ്മിയിലും. ബ എന്നത് ബി എന്നാകുന്നുവെന്ന് മാത്രമേയുള്ളൂ.
മനുഷ്യാത്മാവിന്റെ ആന്തരിക വിനിമയങ്ങളിലേക്ക് വാതില്‍ തുറക്കുന്ന ഒരു ചിന്തയുണ്ടിവിടെ. മനുഷ്യന്റെ പ്രകൃതത്തോട് ഇണങ്ങുന്നതാണ് ഇലാഹീ സന്ദേശങ്ങള്‍. ശരീരത്തിന്റെ പോഷണത്തിന് സമീകൃതാഹാരം ഏതുവിധം ആവശ്യമായിരിക്കുന്നുവോ അതിലുപരി ആത്മികവളര്‍ച്ചക്ക് ഇലാഹീ സന്ദേശങ്ങള്‍ ആവശ്യമാണ്. വ്യാജമായ സന്ദേശങ്ങള്‍ ആത്മാവിന്റെ പോഷണത്തിന് വിഘാതവുമാണ്. മനുഷ്യാത്മാവിന്റെ ആദിശബ്ദം ‘ബ’യില്‍ നിന്നാരംഭം കുറിക്കുന്ന ബിസ്മിയിലൂടെ ഒരു അന്വേഷി കണ്ടെത്തുന്നത് ഖുര്‍ആനും ആന്തരാത്മാവും തമ്മിലുള്ള അവിഭാജ്യ സമ്പര്‍ക്കമായിരിക്കും.
ആത്മാവും ഖുര്‍ആനും ഇണങ്ങിച്ചേരുന്നതാണെന്ന പാഠമാണത് ഉല്‍പാദിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ ആശയപരമായ ഉള്ളടക്കത്തിലേക്ക് ശ്രദ്ധിച്ചാല്‍ അതു ഗ്രഹിക്കാനാകും. ഖുര്‍ആന്‍ ഊന്നല്‍ നല്‍കുന്ന ത്രിദര്‍ശനങ്ങള്‍ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവയാണ്. പരിപാലനത്തിന്റെയും സൃഷ്ടിപ്പിന്റെയും വസ്തുതാപരമായ പ്രതിഫലനം തൗഹീദിലും രിസാലത്തിലും ആഖിറത്തിലും മാത്രമേ കണ്ടെത്താനാകൂ. സ്രഷ്ടാവ് പലതെന്ന വിശ്വാസം അപ്രസക്തമാണല്ലോ. അധികാരം, പാലനം തുടങ്ങി ദൈവിക നടപടിക്രമങ്ങളുടെ അഗ്രിമാവസ്ഥ പലതുകളെ നിഷേധിക്കുന്നുണ്ട്; ബഹുത്വത്തെ നിരാകരിക്കുന്നുണ്ട്. പകരം ഏകത്വത്തെ സ്ഥാപിക്കുന്നുമുണ്ട്.
ഒരു സ്രഷ്ടാവും ഒരു പരിപാലകനുമല്ലാതെ പല സ്രഷ്ടാക്കളും പരിപാലകരും പരിപാലനം, സൃഷ്ടികര്‍മം തുടങ്ങിയ കര്‍മങ്ങളും സമഗ്രദര്‍ശനത്തെ തകിടം മറിക്കുകതന്നെ ചെയ്യുമല്ലോ. ആ നിലക്ക് ആത്മികമായ വിമോചനമെന്നത് വ്യാജമായ ബഹുത്വത്തിന് വിധേയപ്പെടുന്നതിലോ സമര്‍പ്പിക്കുന്നതിലോ അല്ല. പ്രത്യുത, ബഹുത്വത്തെ നിരാകരിച്ച് ഏകത്വത്തെ അംഗീകരിക്കുമ്പോഴായിരിക്കും. വിശുദ്ധ ഖുര്‍ആനിന്റെ ഉള്ളടക്കത്തില്‍ അതീവ ശ്രദ്ധകൊടുത്ത ഈ ഏകത്വദര്‍ശനം ആത്മാവുമായി ഇണങ്ങിപ്പോകുന്നതത്രെ. വിധേയത്വം, സമര്‍പ്പണം തുടങ്ങിയ മാനുഷിക കര്‍മങ്ങളുടെ പൂര്‍ണതയും സമഗ്രതയും പലതുകളെ നിഷേധിച്ചുകൊണ്ടേ സാധ്യമാകൂ. പൂര്‍ണ സമര്‍പ്പണം. അതല്ലെങ്കില്‍ പൂര്‍ണവിധേയത്വം ഒന്നിനോടുമാത്രമേ അക്ഷരാര്‍ത്ഥത്തില്‍ പുലരുകയുമുള്ളൂ. ആകയാല്‍ ഖുര്‍ആന്‍ ബി അക്ഷരത്തിലൂടെ ഓര്‍മയിലെത്തിക്കുന്ന ആദിശബ്ദം ആത്മാവും ഖുര്‍ആനും തമ്മില്‍ ലയിക്കുന്നതിലേക്കുള്ള ഒരു പാഠമുദ്രയായി വികസിക്കുന്നതായിക്കാണാം.
ബിസ്മിയിലെ ‘ബി’ എന്ന അക്ഷരത്തെ മാത്രമെടുത്ത് അസ്തിത്വരഹസ്യത്തെ അനാവരണം ചെയ്യാന്‍ സ്വൂഫികള്‍ ശ്രമിച്ചിട്ടുണ്ട്. ‘ബി’ എന്നാല്‍ ‘കൊണ്ട്’ എന്നാണര്‍ത്ഥം. ‘ബീ മാ കാന വബീ മാ യകൂനു’ എന്നാണ് ‘ബി’യെ മാത്രമെടുത്ത് വികസിപ്പിച്ചവരുടെ ഭാഷ്യം. അതായത്, ഞാന്‍ മൂലമാണ് ഉണ്ടായതെല്ലാം ഉണ്ടായത്; ഞാന്‍ മൂലമാണ് ഉണ്ടാകാനുള്ളതെല്ലാം ഉണ്ടാകാനിരിക്കുന്നതും. ബിസ്മിയിലെ ബിയില്‍ അസ്തിത്വത്തിന്റെ ദ്വൈതാവസ്ഥയും അതിലൊന്നിന്റെ നിരുപാധികത്വത്തിനും മറ്റേതിന്റെ സാപേക്ഷിക സ്വഭാവത്തിനും ഇടംകൊടുക്കുന്ന നിഗൂഢാര്‍ത്ഥവാദമാണ് ഇത്. വുജൂദ് അഥവാ അസ്തിത്വം നിരുപാധികം, സോപാധികം എന്നിങ്ങനെ രണ്ടാണ്. ഇലാഹീ അസ്തിത്വം നിരുപാധികമാണ്. മറ്റുള്ളതെല്ലാം സോപാധികവും. ആ യാഥാര്‍ത്ഥ്യത്തിലേക്കാണ് ബിസ്മിയിലെ ബി വാതില്‍ തുറന്നത്.
ഇത്തരമൊരന്വേഷണത്തിന്റെ വൈജ്ഞാനികമായ ഉയര്‍ച്ചയാണ്, നാലു വേദങ്ങള്‍ മുഴുവന്‍ ഖുര്‍ആനിലുണ്ടെന്നും ഖുര്‍ആനിലുള്ളതെല്ലാം ഫാതിഹയിലുണ്ടെന്നും ഫാതിഹയുടെ ഉള്ളടക്കമെല്ലാം ബിസ്മിയിലുണ്ടെന്നും അതിലുള്ളതെല്ലാം ‘ബാ’ഇല്‍ ഉണ്ടെന്നുമുള്ള പ്രസ്താവം. ബാഅ് എന്ന ഔഷ്ഠ്യാക്ഷരത്തിന്റെ വ്യാകരണ സംബന്ധിയായ ഒരു ഗുണം ‘ചേര്‍ക്കുക’ എന്നതാണ്. ഈ അര്‍ത്ഥത്തിലൂടെ ദാര്‍ശനിക തലത്തിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടുണ്ട് ചില പണ്ഡിതര്‍. ‘നസല ബിഹീ’ എന്നാല്‍ അതുമായി വന്നിറങ്ങിയെന്നാണര്‍ത്ഥം. ആ നിലക്ക് ബി എന്ന ശബ്ദത്തിന് കൂടെയായിരിക്കുക, ചേരുകയെന്ന ആശയമുണ്ടല്ലോ. ബിസ്മിയിലെ ബി യില്‍ സദൃശമായ ഒരു ചേര്‍ക്കല്‍ ഉണ്ട്. ഒരടിമ യജമാനനായ അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെടുക എന്ന ആശയമാണ് അപ്പോള്‍ ഉരുത്തിരിഞ്ഞു വരിക. അതു തന്നെയാണല്ലോ വേദഗ്രന്ഥങ്ങളും ഖുര്‍ആന്‍ മുഴുക്കെയും സാധിക്കാന്‍ ശ്രമിച്ചത്. ആ നിലക്ക് ബി ചരിത്രാനുഭവത്തിന്റെ ഒരു പാഠമുദ്രയായിത്തീരുന്നുണ്ട്. ബി യില്‍ തന്നെ അസ്തിത്വ രഹസ്യവും പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരത്തിന്റെ താത്ത്വികദര്‍ശനവും കുടികൊള്ളുന്നു.
ബി എന്ന അക്ഷരത്തെ മനസ്സോടു ചേര്‍ത്ത് വെച്ച് ആലോചിക്കുമ്പോള്‍ ഇലാഹിയായ അടുപ്പത്തിന്റെ മറ്റൊരു യോഗാത്മകത കൂടി ബോധ്യപ്പെടും. ഞാന്‍ നിങ്ങളോട് കണ്ഠനാഡിയേക്കാള്‍ അടുത്തവനാണെന്ന അല്ലാഹുവിന്റെ പ്രഖ്യാപനത്തെ ഹൃദയാ വരിക്കാന്‍ ബിസ്മിയിലൂടെ സാധ്യമാണ്. അല്ലാഹുവിന്റെ നാമം കൊണ്ട് ഞാന്‍ തുടങ്ങുന്നുവെന്നാണല്ലോ ബിസ്മില്ലാഹി എന്നതിന്റെ അര്‍ത്ഥം. ഈ വാക്യം ശ്രദ്ധിച്ചുനോക്കൂ. അത് മനുഷ്യന്റെ വാക്യമല്ലേ? ഓരോ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴും മനുഷ്യന്‍ ഉരുവിടുന്നു, അല്ലാഹുവിന്റെ പേരുകൊണ്ടു ഞാന്‍ തുടങ്ങുന്നുവെന്ന്. മനുഷ്യന്റെ ഭാഷയില്‍ മനുഷ്യന്റെ ആവിഷ്കാരമാണ് ആ വാക്യമെന്നിരിക്കെതന്നെ അത് വിശുദ്ധ ഖുര്‍ആനിലെ ആദിവചനമാണ്. എന്നു പറഞ്ഞാല്‍ അല്ലാഹുവിന്റെ വചനമാണ്. മനുഷ്യന്റെ ഭാഷയില്‍ അവന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടുന്ന ഒരു വാക്യമാണ് വിശുദ്ധ ഖുര്‍ആന്‍അല്ലാഹുവിന്റെ കലാം ആയി നമുക്ക് എത്തിയിട്ടുള്ളത്. മനുഷ്യന്റെ ഭാഷയും വാക്കും അതനുസരിച്ച് നമുക്ക് നല്‍കിയിരിക്കുന്നു.
ബിസ്മില്ലാഹി… മനുഷ്യനും വേദഗ്രന്ഥവും തമ്മില്‍ എങ്ങനെ നിലകൊള്ളുന്നുവെന്നതിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ഈ ബിസ്മി ചിന്ത വാതില്‍ തുറക്കുന്നു. മനുഷ്യന്റെ ആന്തരാത്മാവിന്റെ ശരിയായ ബന്ധം അവന്റെ സ്രഷ്ടാവിനോട് ആവണമെന്നും വിനിമയപ്പെടണമെന്നുമൊക്കെയാണ്, സൃഷ്ടിയുടെ ഉള്ളിന്റെയുള്ളിലെ അതിസൂക്ഷ്മമായ ഈ ബോധം ഓരോ മനുഷ്യനും ഉള്‍വഹിക്കുന്നുണ്ട്. മനുഷ്യന്‍ എന്നതിനെ ഒരസ്തിത്വം എന്ന നിലക്കും അല്ലാഹുവെ സ്രഷ്ടാവ് എന്ന നിലക്കും കരുതുന്ന ഒരു ഭൂമികയില്‍ മനുഷ്യന്റെയുള്ളിലെ ഈ ബോധത്തെ അവന്റെ സ്രഷ്ടാവ് തിരിച്ചറിഞ്ഞേറ്റെടുക്കുന്ന ഒരനുഭവമാണ് ബിസ്മിയിലൂടെ അനാവൃതമാകുന്നത്.

ഇഎംഎ ആരിഫ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ