കർണാടകയിലെ മഞ്ഞനാടിക്കടുത്ത മോണ്ടു ഗോളിയിലെ ഒരു മതപ്രഭാഷണവേദി. സൂഫിവര്യനായ ശൈഖുനാ മഞ്ഞനാടി ഉസ്താദാണ് പ്രസംഗകൻ. വഅള് കേട്ട ഒരു കുട്ടിക്ക് ഓതാൻ പോകണമെന്ന് കലശലായ മോഹം. എനിക്കും പണ്ഡിതനാവണം, ദീൻ പഠിപ്പിച്ചുകൊടുക്കണം. ആ കുട്ടിയെ പിന്നീട് കേരളത്തിലെയും കർണാടകയിലെയും മുസ്‌ലിം ജനാവലി ആദരവോടെ വിളിച്ചു; ശൈഖുന ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർ. മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി പിൽക്കാലത്ത് പ്രസിദ്ധി നേടിയ അദ്ദേഹം കർമശാസ്ത്ര പണ്ഡിതരുടെ കിരീടം(താജുൽ ഫുഖഹാഅ്) എന്ന ശ്രേഷ്ഠനാമത്തിൽ വിശ്രുതനായി.
കർഷകനും ദീനീ സ്‌നേഹിയുമായ മുഹ്‌യിദ്ദീൻ എന്നവരുടെ മകൻ മോണ്ടുഗോളി മുഹമ്മദാണ് പിതാവ്. മാതാവ് ഖദീജ. ഇവരുടെ എട്ടുമക്കളിൽ ആറാമനായി 1949 ഫെബ്രുവരി 27 ഞായറാഴ്ച ഇബ്‌റാഹിം മുസ്‌ലിയാർ ബേക്കലിൽ ജനിച്ചു. അന്നത്തെ സമ്പ്രദായമനുസരിച്ച് നാലുവർഷം ഓത്തുപ്പള്ളിയിൽ പഠിച്ചു. അഞ്ചാം വയസ്സിലാണ് ഓത്തുപള്ളിയിൽ ചേർത്തത്. ആ പഠനമാണ് അദ്ദേഹത്തിന്റെ ഹൃദയത്തിൽ ആധ്യാത്മിക ജ്ഞാനത്തോടുള്ള ജിജ്ഞാസയേറ്റിയത്.
പള്ളിയുടെ തൊട്ടടുത്ത ഹാളാണ് ഓത്തുപള്ളി. നാട്ടുകാർ സ്ഥാപനത്തെ പൊതുവെ വിളിച്ചിരുന്നത് ‘ഓതുന്ന കൊട്ട്‌ള്’ എന്നാണ്. അറുപതോളം കുട്ടികളാണ് അവിടെ പഠിച്ചിരുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണിവരെയായിരുന്നു ക്ലാസ്. അറബി അക്ഷരമാണ് പ്രാഥമികമായി പഠിപ്പിക്കുക. കാൽകഴുകിക്കയറി തവറുക്കിന്റെ ഇരുത്തമിരുന്നാണ് ഖുർആൻ പഠനം. പണ്ഡിതനും ഖാരിഉമായ മേരിക്കള മഹ്‌മൂദ് മുസ്‌ലിയാരായിരുന്നു ഓത്തുപള്ളിയിലെ പ്രഥമ ഗുരുനാഥൻ. വ്യത്യസ്ത പാഠങ്ങളാണ് ഓരോ കുട്ടിക്കുമുണ്ടാവുക. ഖുർആൻ പഠനത്തിനു പുറമെ മഊനത്തുൽ ഇസ്‌ലാം, തജ്‌വീദ്, ഫിഖ്ഹ്, കൈഫിയ്യതുസ്സ്വലാത്ത് തുടങ്ങിയ കിതാബുകളും ഓത്തുപള്ളിയിൽ നിന്ന് സ്വായത്തമാക്കി. ധന്യമായ ആ ഓർമകൾ മരിക്കുവോളം ഉസ്താദ് അയവിറക്കുമായിരുന്നു.
പ്രായത്തെ വെല്ലുന്ന ബുദ്ധി ബാല്യകാലത്തേ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ആയത്തുൽ കുർസിയ്യ,് സൂറതു തൗബയിലെ അവസാനത്തെ രണ്ട് ആയത്തുകൾ, ഹദ്ദാദ് തുടങ്ങിയവ മാതാവാണ് പഠിപ്പിച്ചത്. മഗ്‌രിബ് മുതൽ ഇശാഅ് വാങ്ക് വരെ വീട്ടിലിരുന്ന് ഖുർആൻ ഓതും. അത് മാതാപിതാക്കൾ ശീലിപ്പിച്ചതാണ്. പിതാവിന്റെ ഖുർആനോത്തും മറ്റു വിർദുകളും ഒരുപാട് സമയം നീണ്ടുനിൽക്കും. പണ്ഡിതനല്ലെങ്കിലും ഭക്തനായിരുന്ന അദ്ദേഹത്തിന്റെ മതചിട്ടകൾ അനുകരണീയമായിരുന്നു.
മഞ്ഞനാടി ഉസ്താദിന്റെ പ്രസംഗം കേട്ടുണ്ടായ ആവേശത്തിനൊപ്പം പഴമയുടെ മഹിത മാതൃകയായ ഓത്തുപള്ളിയിൽ നിന്നും കൈമുതലാക്കിയ ആവേശം കെടാതെ സൂക്ഷിച്ച് മുന്നേറിയതും ദർസ് പഠനത്തിന് ഉസ്താദിനെ പ്രേരിപ്പിച്ചു. കാർഷിക രംഗത്തേക്ക് മകനെയും തിരിക്കണമെന്ന നിർബന്ധം കുടുംബക്കാർക്കുണ്ടായിരുന്നില്ല. മകന്റെ താൽപര്യത്തിനൊത്ത് ദീനീ പഠനവുമായി മുന്നോട്ടു പോകാൻ അവർ എല്ലാവിധ സഹായവും ചെയ്തുകൊടുത്തു.
1962-ൽ കർണാടകയിലെ കിന്യയിലാണ് ദർസ് പഠനത്തിന് തുടക്കമിട്ടത്. പി.ടി അബ്ദുൽ ഖാദിർ മുസ്‌ലിയാരായിരുന്നു അവിടെ മുദരിസ്. മീസാൻ, ഇർശാദുൽ ഇബാദ്, ഉംദ, ഫത്ഹുൽ മുഈൻ, അൽഫിയ്യയുടെ പകുതി ഭാഗം, തഅ്‌ലീമുൽ മുതഅല്ലിം, ഫത്ഹുൽ ഖയ്യൂം തുടങ്ങിയ കിതാബുകൾ അവിടെ വെച്ച് ഓതിപ്പഠിച്ചു.
1964 മുതൽ പഠനം കുമ്പോലിലായി. പണ്ഡിതലോകത്തെ ഇതിഹാസവും ഗുരുനാഥന്മാരുടെ ഗുരുവുമായ ശൈഖുന അലിക്കുഞ്ഞി ഉസ്താദാണ് അന്ന് കുമ്പോൽ പള്ളിയിലെ മുദരിസ്. വീട്ടിൽ നിന്നു കാൽനടയായി ഉള്ളാളത്തേക്ക്. അവിടെ നിന്ന് അമ്പത് പൈസ കൂലി കൊടുത്ത് ട്രെയിൻ മാർഗം കുമ്പളയിൽ ഇറങ്ങി കുമ്പോൽ വരെ നടക്കും. നടത്തം ഹരമായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാർ എന്നിവർ അന്നത്തെ സതീർത്ഥ്യരായിരുന്നു.
കിന്യയിലും കുമ്പോലിലും പഠിക്കുമ്പോൾ രാത്രി പതിനൊന്നര വരെയാണ് ലൈറ്റുണ്ടാവുക. അതിന് ശേഷം പഠിക്കാനിരിക്കുന്നവർ സ്വന്തമായി വിളക്ക് കരുതണം. അങ്ങനെ ചിമ്മിനി വെട്ടത്തിരുന്ന് ഓതിപ്പഠിച്ച രംഗം മരിക്കാത്ത ഓർമയായി ഉസ്താദ് സ്മരിക്കുമായിരുന്നു. പള്ളിയിലെ മുക്രി 12 മണിക്ക് ലൈറ്റണച്ചാലും രണ്ട് മണി വരെ ഒറ്റക്കിരുന്ന് കിതാബ് നോക്കിയിരുന്നു അദ്ദേഹമെന്ന് സതീർത്ഥ്യനും സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ അനുസ്മരിക്കുന്നു.
കുമ്പോൽ തങ്ങന്മാരുടെ പിതാവായ പുക്കോയ തങ്ങളുടെ വീട്ടിലായിരുന്നു ഇബ്‌റാഹീം മുസ്‌ലിയാർക്ക് ഭക്ഷണം. ആദ്യം ഉച്ചക്ക് മാത്രമായിരുന്നു അവിടെ ഭക്ഷണം. എന്നാൽ അദ്ദേഹത്തിന്റെ അദബും സ്‌നേഹവും കണ്ട് മനസ്സിലാക്കിയ പൂക്കോയ തങ്ങൾ രാത്രിയും ഇവിടെ തന്നെ വരണമെന്ന് നിർദേശിച്ചു. ഭക്ഷണം കഴിക്കുമ്പോൾ തങ്ങൾ അടുത്തിരിക്കും. അന്ന് പൂക്കോയ തങ്ങൾ നൽകിയ ഉപദേശമാണ് തന്റെ വളർച്ചയ്ക്കു പിന്നിലെന്ന് ഇബ്‌റാഹീം മുസ്‌ലിയാർ പറയാറുണ്ട്: ‘നന്നായി ഭക്ഷണം കഴിക്കണം. നല്ലോണം പഠിക്കണം. എല്ലാവരാലും നല്ലത് പറയിപ്പിക്കണം. ദർസ് നടത്തണം. നല്ല പണ്ഡിതനായി എല്ലാവർക്കും അറിയുന്ന ആളായി വളരണം’. പുക്കോയ തങ്ങളുടെ ആ വാക്കുകൾ യാഥാർത്ഥ്യമായതിന് കാലം സാക്ഷി. നാട്ടിൽ പോകുമ്പോൾ തങ്ങളോട് സമ്മതം ചോദിക്കും. അപ്പോൾ തലയണക്കടിയിൽ നിന്ന് പൈസയെടുത്ത് വഴിച്ചെലവിന് നൽകും.
1967 മുതൽ ആലമ്പാടി ഉസ്താദിന്റെ കീഴിലായി പഠനം. സമൃദ്ധമായിരുന്നില്ല അന്നൊന്നും ഉസ്താദിന്റെ ജീവിതം. ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് സമയമായിട്ടും അലക്കിയിട്ട വസ്ത്രം ഉണങ്ങാത്തതു കാരണം പള്ളിയുടെ മുകൾ നിലയിൽ ഒതുങ്ങിയിരുന്ന് ജുമുഅ നിർവഹിക്കേണ്ട അനുഭവമുണ്ടായി.
ആലമ്പാടിയിൽ നിന്ന് മാറി ചാലിയത്ത് ഒ.കെ ഉസ്താദിന്റെ ദർസിൽ പോകാനുള്ള ഒരുക്കത്തിൽ ഉള്ളാൾ മഖാമിൽ സിയാറത്തിന് പോയ കഥ പ്രസിദ്ധം. സിയാറത്ത് കഴിഞ്ഞപ്പോൾ ഉള്ളാൾ തങ്ങളുടെ ദർസിൽ നിൽക്കാമെന്നൊരു തോന്നൽ. ദർസിൽ ചേരാൻ സമ്മതം ചോദിക്കാനായി താജുൽ ഉലമയെ സമീപിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: ‘നിങ്ങൾ ചാലിയത്തേക്ക് പോകുന്നില്ലേ?’ തന്റെ മനസ്സിലെ ആഗ്രഹം പറയാതെ തന്നെ അറിഞ്ഞ താജുൽ ഉലമയുടെ ആത്മീയ ചൈതന്യം ഇബ്‌റാഹീം മുസ്‌ലിയാർക്ക് കൂടുതൽ ബോധിച്ചതപ്പോഴാണ്. തുടർന്ന് 1968 മുതൽ 72 വരെ ഉള്ളാളത്തായി പഠനം. താജുൽ ഉലമയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളാണ് ബേക്കൽ ഉസ്താദ്. സബ്ഖിൽ തങ്ങൾക്ക് കിതാബ് വായിച്ച് കൊടുത്തിരുന്നതും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം കുട്ടികൾക്ക് കിതാബ് ചൊല്ലിക്കൊടുത്തിരുന്നതും ഉസ്താദ് തന്നെ. ഗോളശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യം നേടിയതും താജുൽ ഉലമയിൽ നിന്നാണ്. രിസാല, തശ്‌രീഉൽ അഫ്‌ലാഖ് തുടങ്ങിയ കിതാബുകളും അവിടെ വെച്ചു പഠിച്ചു. പ്രസ്തുത വിഷയങ്ങളിൽ അവഗാഹം നേടാൻ താജുൽ ഉലമയുടെ പ്രത്യേക പ്രോത്സാഹനം പ്രചോദനമായി. ചന്ദ്ര ദർശനം എന്ന പേരിൽ കന്നടയിൽ പുസ്തകവും രചിച്ചു.
ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടി നാലു വർഷം മാത്രമേ അവസരമൊത്തുള്ളൂവെങ്കിലും ഗോളശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും അഗാധ പ്രാവീണ്യം നേടി അദ്ദേഹം. സുപ്രസിദ്ധരായ ആലിമീങ്ങളെ തിരഞ്ഞെടുത്ത് അവരിൽ നിന്ന് ശ്രദ്ധാപൂർവം പഠിച്ചത്‌കൊണ്ടാണ് ബേക്കൽ ഉസ്താദിന്റെ മികവിന് ആഴവും പരപ്പും കൈവന്നത്.
ഉപരി പഠനത്തിനായി 1972-ൽ ദയൂബന്ദിലേക്ക് പോയി. ഹദീസ് പഠനമായിരുന്നു മുഖ്യമായും. സനദ് നേടി 73-ൽ കർമ രംഗത്തേക്ക്. സൂരിഞ്ചയായിരുന്നു പ്രഥമ സേവന മണ്ഡലം. അവിടെ ഖത്തീബായി ചുമതലയേറ്റു. ഒരു ദിവസം പ്രഗത്ഭ സൂഫീവര്യനായ അഡ്യർ കണ്ണൂർ മുഹമ്മദ് ഹാജിയെ കാണുകയും നിങ്ങൾ ഖത്തീബായി മാത്രം നിൽക്കേണ്ട ആളല്ല, ദർസ് ചൊല്ലിക്കൊടുക്കേണ്ടയാളാണ് എന്ന് പറയുകയും അനുയോജ്യമായ സ്ഥലം ഒന്നുകിൽ ഞാൻ കാണിച്ചുതരും. അല്ലെങ്കിൽ കുഞ്ഞിക്കോയ തങ്ങൾ ശരിപ്പെടുത്തുമെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞതു പോലെ ഉള്ളാൾ തങ്ങൾ ദർസിനുള്ള സ്ഥലം നിർണയിക്കുകയും പിറ്റേ വർഷം ദർസ് ആരംഭിക്കുകയും ചെയ്തു. 1975-ൽ ദർസ് ബണ്ട്വാളയിലേക്ക് മാറ്റി. താജുൽ ഉലമയാണ് ഉദ്ഘാടനം ചെയ്തത്. 1976-ൽ അലിക്കുഞ്ഞി ഉസ്താദിന്റെ നിർദേശമനുസരിച്ച് ബേക്കൽ ഹൈദ്രോസ് ജുമാമസ്ജിദിൽ മുദരിസായി. നീണ്ട നാൽപ്പത് വർഷം അവിടെ തന്നെ മുദരിസായി തുടർന്നതിനാലാണ് ‘ബേക്കൽ ഉസ്താദ്’ എന്ന പേരിൽ പ്രസിദ്ധനായത്. 1983-ൽ മാതാവും 85-ൽ പിതാവും ഇഹലോകവാസം വെടിഞ്ഞു.
സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിർ തങ്ങളുടെ പ്രോത്സാഹന പ്രകാരമാണ് സംഘടനാ രംഗത്തേക്ക് സജീവമാകുന്നത്. 1990 കാലത്ത് കർണാടക സ്റ്റേറ്റ് സുന്നി ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അതിന്റെ പ്രസിഡന്റാവുകയും മരണം വരെ തൽസ്ഥാനത്ത് തുടരുകയും ചെയ്തു. 1997-ൽ ഉഡുപ്പി ഖാസിയായി നിയമിതനായി.
വർഷങ്ങൾക്ക് മുമ്പ് വടകര മുഹമ്മദ് ഹാജി തങ്ങൾ ഉസ്താദിനോട് പറഞ്ഞു: ‘കുഞ്ഞിക്കോയ തങ്ങൾ തലപ്പാവ് അണിയിക്കും.’ താജുൽ ഉലമയുടെ ദർസിൽ ബിരുദമില്ലല്ലോ. പിന്നെങ്ങനെ തലപ്പാവ് തരും? മഹാൻ പറഞ്ഞതിന്റെ പൊരുളെന്താണ്? ഇബ്‌റാഹീം മുസ്‌ലിയാരുടെ മനസ്സിൽ പലവിധ സന്ദേഹങ്ങൾ ഉദിച്ചു. പിന്നീട് ഉഡുപ്പി ഖാസിയായി സ്ഥാനമേൽക്കുമ്പോൾ ഉള്ളാൾ തങ്ങൾ തലപ്പാവണിയിച്ചപ്പോഴാണ് വടകര മുഹമ്മദ് ഹാജിയുടെ പ്രവചനം പുലർന്നത്.
1973-ലായിരുന്നു വിവാഹം. ബഡുവൻ ഹാജിയുടെ മകൾ ആസിയയാണ് ഭാര്യ. മൂന്ന് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. 1974-ൽ ബോംബെ വഴി കപ്പൽ മാർഗം ഹജ്ജിനു പോകാനും അവസരമുണ്ടായി. ഹജ്ജിന് പോയപ്പോഴുണ്ടായ ഒരനുഭവം ഉസ്താദ് അനുസ്മരിക്കാറുണ്ട്. മുറബ്ബിയായ ശൈഖിനെ കിട്ടാൻ വേണ്ടി പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നിടത്തെല്ലാം ദുആ ചെയ്യുമായിരുന്നു. ഒടുവിൽ ഹറമിൽ വെച്ച് സ്വപ്ന ഭർശനമുണ്ടായി. താജുൽ ഉലമയായിരുന്നു അത്. അതോടെ പ്രിയഗുരുവിനെ നിഴലായി പിന്തുടർന്നു തുടങ്ങി.
താജുൽ ഉലമാ ഉള്ളാൾ തങ്ങൾ, പൈയക്കി ഉസ്താദ്, അഡ്യാർ കണ്ണൂർ മുഹമ്മദാജി, കക്കിപ്പുറം ശൈഖ്, സി.എം മടവൂർ, വടകര മുഹമ്മദ് ഹാജി തങ്ങൾ എന്നിവർ ഉസ്താദിന്റെ മശാഇഖുമാരാണ്. കേരളത്തിലും കർണാടകയിലുമായി ആയിരക്കണക്കിന് ശിഷ്യസമ്പത്തുണ്ട്. അഹ്‌ലുസ്സുന്നക്കും ഇൽമിനും നൽകിയ സംഭാവനകൾ മുൻനിർത്തി ബേക്കൽ ഇബ്‌റാഹീം മുസ്‌ലിയാർക്ക് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം ഉസ്താദ് ‘താജുൽ ഫുഖഹാഹ്’ എന്ന സ്ഥാനപേര് നൽകി ആദരിക്കുകയുണ്ടായി. 2020 സെപ്തംബർ 24-ന് (ഹി. 1442സഫർ 6) ആ ജ്ഞാന കേസരി പരലോകം പൂകി. അല്ലാഹു അദ്ദേഹത്തിന്റെ ദറജ വർധിപ്പിക്കട്ടെ.

ഹാഫിള് എൻകെഎം മഹ്‌ളരി ബെളിഞ്ച

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ