ഈ ആഴ്ച ഏതെല്ലാം രോഗികളെ സന്ദര്‍ശിക്കണം?  സുഹൃത്ത് ചോദിക്കുന്നു.
സാന്ത്വനത്തിന്റെ ഭാഗമായി ഇതും ആവശ്യമാണെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. കുറച്ചധികം ആളുകളെ ഇതിനകം കണ്ടുകഴിഞ്ഞു. അന്വേഷണത്തില്‍ തെളിഞ്ഞുവരുന്നു ബോംബെക്കാരി ഐശുമ്മയുടെ മുഖം…
“അതു വേണോ?’ ഉള്ളില്‍ നിന്നൊരു ചോദ്യം.
“വേണം, അബലയായ ആ വൃദ്ധയെ കാണാതിരുന്നാല്‍…’
മനഃസാക്ഷിയുടെ പ്രതികരണം.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അത്ര നല്ല അഭിപ്രായമില്ലാത്ത ചിലരുണ്ടാവുമല്ലോ! അതില്‍ അംഗത്വമെടുത്തയാളായിരുന്നു ഐശുമ്മ.
പഴയ തലമുറക്ക് അവര്‍ ആവേശമായിരുന്നു. ചുറുചുറുക്കിന്റെ പ്രായം. ആരെയും ആകര്‍ഷിക്കുന്ന ആകാരഭംഗി. ചെറുപ്പക്കാര്‍ പലരും അവരെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. കടക്കണ്ണെറിഞ്ഞ്, അവര്‍ ആശ നല്‍കിയത് നിരവധി പേര്‍ക്ക്….
ഒടുവില്‍ അയല്‍നാട്ടുകാരനായ ഒരു പ്രമാണിയാണ് അവളെ ഇണയാക്കിയത്. ബോംബെയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന അയാള്‍ ഐശുവിനെ ബോംബെയില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയും ചെയ്തു.
വര്‍ഷത്തിലൊരിക്കല്‍ അവര്‍ നാട്ടില്‍ വരിക പതിവായിരുന്നു. വലിയ നിലയിലായിരുന്നു ഐശു. അതിനൊത്ത അഹങ്കാരവും അവള്‍ കൊണ്ടുനടന്നിരുന്നു. ആറ് ആങ്ങളമാരുടെ ഏക പെങ്ങളല്ലേ… പോരാത്തതിന് പണക്കാരന്റെ ഭാര്യയും. അനുഭവിച്ചതു മുഴുവന്‍ ആങ്ങളമാരുടെ ഭാര്യമാര്‍. അവധിക്കു വരുന്ന നാളുകളില്‍ നാത്തൂന്മാര്‍ ശരിക്കും പൊറുതിമുട്ടിയിരുന്നു.
മക്കള്‍ മുതിര്‍ന്നതോടെ ഐശുവിന്റെ ബോംബെ യാത്ര നിന്നു. ആറു മാസത്തിലൊരിക്കല്‍ ഭര്‍ത്താവ് നാട്ടില്‍ വരും. മൂന്നാഴ്ച ഒപ്പം കഴിയും. മക്കളുടെ വിദ്യാഭ്യാസവും മറ്റു കാര്യങ്ങളും സുഗമമാവാന്‍ അവര്‍ നാട്ടില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് ഭര്‍ത്താവ് തീരുമാനിക്കുകയായിരുന്നു.
മൂന്നു ആണ്‍മക്കളും മുതിര്‍ന്നു. അവര്‍ കല്യാണവും കഴിച്ചു. എന്നിട്ടും ഐശു സ്വഭാവത്തില്‍ മാറ്റമൊന്നും വരുത്തിയില്ല. നാത്തൂന്മാര്‍ സ്വന്തം തട്ടകങ്ങളിലേക്ക് ചേക്കേറിയപ്പോള്‍, പുത്രഭാര്യമാര്‍ ആ റോള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായെന്നു മാത്രം.
പണം, ഒരാളെ എങ്ങനെ പൊങ്ങച്ചക്കാരിയാക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു ആ നാട്ടിമ്പുറത്തുകാരി. സ്വന്തമായി വസ്ത്രം അലക്കിയത് അവര്‍ക്കോര്‍മയില്ല. ചൂലെടുത്തു, ബാത്റൂം ക്ലീനാക്കിയ ഒരു ദിനം ആ ജീവിതത്തിലുണ്ടായിട്ടില്ല. ഇതൊക്കെ ഒരു നേട്ടമായി അവര്‍ തന്നെ മറ്റുള്ളവരോട് പറയുമ്പോള്‍ ശാപവാക്കുകളാണ് മനസ്സില്‍ പൂത്തിരുന്നത്.
പക്ഷേ, അതിനിടക്ക് ബോംബെക്കാരന്‍ ഭര്‍ത്താവ് ട്രെയിനില്‍ നിന്നു വീണ്, ആസ്പത്രിയിലായി. വൈകാതെ മരണവും സംഭവിച്ചു. ബോംബെയില്‍ തന്നെ മറമാടിയതിനാല്‍ ആ മൃതദേഹമൊന്നു കാണാന്‍ പോലും ഐശുവിന് അവസരമുണ്ടായില്ല.
അപ്പോഴാണ് ഇടിത്തീ പോലെ ഒരു വാര്‍ത്ത കാതിലെത്തിയത്. അതുകേട്ട്, നാത്തൂന്മാരും മരുമക്കളും ഉള്ളാലെ സന്തോഷിക്കുകയും സ്വകാര്യമായി പൊട്ടിച്ചിരിക്കുകയും ചെയ്തു. ഐശുവിന്റെ ഭര്‍ത്താവിന് ബോംബെയില്‍ ഒരു ഭാര്യയുണ്ടെന്നും അവരില്‍ മൂന്നു മക്കളുണ്ടെന്നതുമായിരുന്നു അത്.
ഒരാള്‍പോലും തന്നെ സമാധാനിപ്പിക്കാന്‍ വന്നില്ലല്ലോ എന്ന് ഐശു ഞെട്ടലോടെ ഓര്‍ത്തു. ഒറ്റപ്പെടലാണ് വലിയ വേദനയെന്നും അവര്‍ തിരിച്ചറിഞ്ഞു. തന്നോട് ചിരിച്ചു സംസാരിച്ചിരുന്ന പലരുടെയും ഉള്ളില്‍ വെറുപ്പാണ് നിറഞ്ഞിരുന്നതെന്ന് അവര്‍ മനസ്സിലാക്കി.
ഇടിയേറ്റവനെ പാമ്പു കടിച്ചപോലെയാണ് മറ്റൊരു ദുരിതം അവരെ തേടിയെത്തിയത്. വയറുവേദനക്ക് പരിശോധിച്ച പ്രഗത്ഭനായ ഡോക്ടര്‍ അസുഖത്തിന്റെ ആഴം തിരിച്ചറിഞ്ഞു. സ്കാനിംഗില്‍ അദ്ദേഹത്തിന്റെ നിഗമനം ശരിപ്പെടുകയും ചെയ്തു; ക്യാന്‍സര്‍ എന്ന വില്ലന്‍.
അറിഞ്ഞപ്പോള്‍ തന്നെ ഐശുമ്മ പകുതി മരിച്ചു കഴിഞ്ഞിരുന്നു. ശരീരം തളര്‍ന്നുപോവാന്‍ അധികം നാളുകള്‍ വേണ്ടിവന്നില്ല. പ്രതിരോധ മരുന്നുകള്‍ ഏശിയതേയില്ല.
ആരാണ് ഐശുമ്മയുടെ കൂടെ നില്‍ക്കുക? മക്കളൊക്കെ ഇതിനകം പുതിയ വീടുകള്‍ പണിത് താമസമാക്കിയിരുന്നു. “ഞാന്‍ നില്‍ക്കാം, ഞാന്‍ നില്‍ക്കാം’ എന്നു പറയാന്‍ മരുമക്കളാരും തയ്യാറായില്ല. നിര്‍ബന്ധിക്കാന്‍ മാത്രം മക്കളും മതമൂല്യമുള്ളവരായിരുന്നില്ല.
ആരുടെ പുണ്യമാണെന്നറിയില്ല. അയല്‍വാസിയായ ഒരു കൂട്ടുകാരി സാഹസത്തിനു തയ്യാറായി. വലിയ വീട്ടില്‍, ഐശുമ്മയുടെ സഹജീവിയായി അവര്‍ കഴിഞ്ഞുകൂടി.
ഞങ്ങള്‍ ചെന്നത് ഒരു സായംസന്ധ്യയില്‍. കീമോതെറാപ്പി കഴിഞ്ഞ്, ക്ഷീണിതയായി കിടക്കുകയായിരുന്നു അവര്‍. ശരിക്കും ഒരു പേക്കോലം. മുറിയിലെ ഗന്ധം അത്ര സുഖകരമായിരുന്നില്ല.
സാമ്പത്തിക സഹായത്തേക്കാള്‍ അവരാഗ്രഹിച്ചത് ആശ്വാസ വചസ്സുകളായിരുന്നു. മരുന്നിനേക്കാള്‍ തേന്‍മഴയാണ് നല്ല വാക്കുകളെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍…
ഞങ്ങള്‍ പറഞ്ഞതത്രയും, കാരുണ്യവാനായ റബ്ബിന്റെ കരുണക്കടലിനെക്കുറിച്ചായിരുന്നു. മനം നൊന്തു പ്രാര്‍ത്ഥിക്കുക, പശ്ചാതാപ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുക, ചോദിക്കുന്നവരെ അവന്‍ നിരാശനാക്കില്ല….
തുടര്‍ന്ന്, ഞങ്ങള്‍ മക്കളെ ഓരോരുത്തരെയും കണ്ടു. പ്രതികാരം ചെയ്യാന്‍ നിങ്ങള്‍ക്കെന്തധികാരം? പെറ്റുവീണ നിമിഷം അവര്‍ നിങ്ങളെ കൊന്നുകളഞ്ഞിരുന്നെങ്കിലോ? ആ കാരുണ്യം ഓര്‍ത്താല്‍ മറ്റെല്ലാം എത്ര ചെറുതാണ്… ഞങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
തിരിച്ചുനടക്കുമ്പോള്‍, ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. എല്ലാം കലങ്ങിത്തെളിയണേ എന്ന പ്രാര്‍ത്ഥനയും.

ഇബ്റാഹിം ടിഎന്‍ പുരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ