ജീവികള്‍ക്ക് പ്രവര്‍ത്തനോര്‍ജം പകരുന്ന ഉറവിടമാണ് വയര്‍. ധര്‍മാധര്‍മങ്ങള്‍ക്ക് മനുഷ്യന്‍റെ അവയവങ്ങളെ ഉത്തേജിപ്പിക്കുന്നതില്‍ അന്നപാനത്തിന് അനല്‍പമായ പങ്കുണ്ട്. അതുകൊണ്ട് തന്നെ വയറിനെ നിഷിദ്ധവും സംശയാസ്പദവുമായ ഭോജ്യവസ്തുക്കളില്‍ നിന്ന് മുക്തമാക്കണം. അല്ലാഹുവിനുള്ള ആരാധനയില്‍ താല്‍പര്യമുണ്ടെങ്കില്‍ അനുവദനീയമായവ തന്നെ ആവശ്യത്തിനപ്പുറം തിന്നരുത്. ഇതാണ് സ്വൂഫികളുടെ നിലപാട്.

ഹറാമും ശുഹ്ബതും (വ്യക്തതയില്ലാത്തത്) ഒഴിവാക്കല്‍ മൂന്ന് കാര്യങ്ങള്‍ക്ക് അത്യാവശ്യമാണ്. ഒന്ന്: നരകത്തെ തടുക്കാന്‍. രണ്ട്: അല്ലാഹുവിനുള്ള ഇബാദത്തുമായി ലയിക്കാന്‍. ശുദ്ധമായ മനസ്സിന്‍റെ വക്താവ് മാത്രമാണ് അല്ലാഹുവിനുള്ള അടിമവൃത്തിക്ക് പൂര്‍ണാര്‍ത്ഥത്തില്‍ അര്‍ഹന്‍. ഹറാമും ശുബ്ഹയുമടങ്ങുന്ന മലിനതകളില്‍ അടിമുടി മുങ്ങിക്കളിച്ച ഒരാളെ എങ്ങനെയാണ് അല്ലാഹു തന്‍റെ ദാസ്യവൃത്തിക്കു വെക്കുക. തന്‍റെ മഹോന്നത നാമം ജപിക്കാന്‍ എങ്ങനെയാണവനെ നാഥന്‍ ക്ഷണിക്കുക? മൂന്ന്: പരലോകത്ത് തിരസ്കൃതനാവുന്നത് തടയാന്‍. നിഷിദ്ധവും സംശയാസ്പദവുമായവ തിന്നുന്നവന്‍റെ സദ്വൃത്തികള്‍ അല്ലാഹു സ്വീകരിക്കില്ല. അവന്‍ സഹിച്ച വിഷമവും ക്ഷീണവും ബാക്കിയാകും.

അന്യന്‍റെ അവകാശമാണെന്നുറപ്പോ മികച്ച ഭാവനയോ ഉള്ളവ അഹിതമായി നേടല്‍ ഹറാമാകുന്നു. ഹറാം, എല്ലാ അര്‍ത്ഥത്തിലും ഇസ്ലാം വിലക്കിയതാണല്ലോ. ഹറാമിന്‍റെയും ഹലാലിന്‍റെയും സാധ്യതകള്‍ തുല്യ അളവില്‍ നിലനില്‍ക്കുന്നവയാണ് ശുബ്ഹതായ ധനങ്ങള്‍. ഹറാമിനോടും ഹലാലിനോടും കൂട്ടുചേരാനുള്ള ഈ സാധ്യതയാണ് ഇത്തരം വസ്തുക്കളുടെ ദുരന്തം.

ഹറാം ഒഴിവാക്കല്‍ നിര്‍ബന്ധമാണെന്ന് നമുക്കറിയാം. ശുബ്ഹ വെടിയല്‍ ഭക്തിയും ശൂക്ഷ്മതയുമാകുന്നു. ഇവിടെ രണ്ടു വസ്തുതകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാഹ്യമായ മതവിധി, രണ്ടാമത്തേത് ആന്തരികമായ സൂക്ഷ്മതാബോധം. പ്രത്യക്ഷത്തില്‍ തെറ്റില്ലാത്തവ സ്വീകരിക്കലാണ് ഒന്നാമത്തേത്. അതേ സമയം സൂക്ഷ്മതാ ബോധപ്രകാരം പരമാവധി അന്വേഷണം ആവശ്യമാണ്. അന്വേഷണാനന്തരം ഒരു തരത്തിലും ഹറാമുമായി കലര്‍പ്പില്ലാത്തതാണെന്നുറപ്പായാലേ അത് ഉപയോഗ യോഗ്യമാകൂ. മതവിധികളില്‍ പലതിനെയും രണ്ടു രീതിയില്‍ സമീപിക്കാം. അനുവദനീയമാണെന്ന നിലക്കും കൂടുതല്‍ സൂക്ഷ്മവും ശ്രേഷ്ഠതയും പാലിക്കുക എന്ന നിലക്കും. ഒന്നാമത്തേതിന് സാങ്കേതികമായി ശറഈ വിധി എന്നും രണ്ടാമത്തേതിന് വറഅ് (സൂക്ഷ്മത) എന്നും പറയും.

ഹലാലായ ഭക്ഷണത്തിനു തന്നെ സാന്ദര്‍ഭികമായി വിധികള്‍ മാറാവുന്നതാണ്. പേരിനും പെരുമക്കുമൊരുക്കുന്ന സദ്യ ബാഹ്യാര്‍ത്ഥത്തില്‍ ആക്ഷേപകരവും ആന്തരിക തലത്തില്‍ നരകശിക്ഷക്ക് അര്‍ഹനാക്കുന്ന ദുഷ്ടതയുമാണ്. കാരണം, പൊങ്ങച്ചം ഇസ്ലാം വിലക്കിയ തെറ്റാകുന്നു. ദേഹേച്ഛ തീര്‍ക്കാനുള്ള തീറ്റയും ഈ ഗണത്തില്‍ പെട്ടതുതന്നെ. പരലോക വിചാരണക്കതും വിധേയമാക്കപ്പെടും. അല്ലാഹുവിനുള്ള ആരാധനക്ക് സഹായകമാകാന്‍ മാത്രമുള്ള തീറ്റയാണ് അത്യുത്തമവും മര്യാദപൂര്‍ണവും. വിചാരണയും ആക്ഷേപവും അര്‍ഹിക്കില്ലെന്നു മാത്രമല്ല, വന്‍ പ്രതിഫലവും പ്രശംസയും നേടിയെടുക്കാവുന്ന ഭോജനമത്രെ ഇത്.

സൂക്ഷ്മതയുടെ തീരത്ത്

അടിമക്ക് അല്ലാഹുവിനോടുള്ള ബാധ്യതകള്‍ രണ്ടിനമാണ്. നിര്‍ബന്ധ കാര്യങ്ങള്‍ ചെയ്യുകയും നിഷിദ്ധ കാര്യങ്ങള്‍ വെടിയുകയുമാണവ. ഇവ രണ്ടും തഖ്വയുടെ ഭാഗമാകുന്നു. സ്വര്‍ഗീയ സുഖവും ഇലാഹീ തൃപ്തിയും കരസ്ഥമാക്കാന്‍ അവസരമുണ്ടായിരിക്കെ നിഷിദ്ധങ്ങള്‍ ചെയ്യല്‍ ഇഹ-പര നാശമാണ് വരുത്തുക.

അനുസരണ കൊണ്ടല്ലാതെ അല്ലാഹുവിലേക്ക് അടുക്കുക സാധ്യമല്ല. അല്ലാഹുവിനുള്ള അനുസരണം സാര്‍ത്ഥകമാകണമെങ്കില്‍ സുന്നത്തും വാജിബും ചെയ്യുകയും ഹറാമും കറാഹത്തും വെടിയുകയും വേണം. ഐഛിക കാര്യങ്ങളെക്കാള്‍ നിര്‍ബന്ധങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കലും കറാഹത്തുകളെക്കാള്‍ ഹറാമുകള്‍ വെടിയുന്നതിന് പ്രാമുഖ്യം കൊടുക്കലും തഖ്വയില്‍ പെട്ടതാണ്. ചില വിവരദോഷികള്‍ മുന്‍ഗണന നോക്കാതെ തങ്ങള്‍ ചെയ്യുന്ന എന്തും അല്ലാഹുവിലേക്കടുക്കാന്‍ പ്രാപ്തമാണെന്ന് ധരിച്ചിരിക്കുന്നു. എന്നിട്ടവര്‍ സുന്നത്തുകളുടെ പേരില്‍ നിര്‍ബന്ധങ്ങള്‍ പാഴാക്കും. കറാഹത്തുകളുപേക്ഷിച്ച് ഹറാമുകള്‍ ചെയ്യും. ഇവര്‍ അല്ലാഹുവില്‍ നിന്ന് അകലുക മാത്രമേയുള്ളൂ. മനസ്സില്‍ കുശുമ്പും അസൂയയും അഹന്തയും സ്വയം മതിപ്പും മറ്റുള്ളവരെ കാണിക്കലുമൊക്കെ കുത്തിനിറച്ച് കുറേ ഇബാദത്തുകള്‍ ചെയ്യുന്ന സാധുക്കളെ കാണാം. മുകളില്‍ പറഞ്ഞ വിഡ്ഢിത്തത്തിന്‍റെ പര്യായങ്ങളാണിവരും.

തഖ്വ രണ്ടിനമുണ്ട്. ഒന്നാമത്തേത് മനസ്സുമായി ബന്ധപ്പെട്ടതാണ്. ഇതുതന്നെ നിര്‍ബന്ധം നിഷിദ്ധം എന്നിങ്ങനെ രണ്ടു തരമുണ്ട്. വിശ്വാസ-കര്‍മങ്ങളിലുള്ള ആത്മാര്‍ത്ഥതയാണ് നിര്‍ബന്ധമായ തഖ്വ. വിഗ്രഹവന്ദനയും ലോകമാന്യവുമാകുന്നു നിഷിദ്ധമായ തഖ്വ.

ഭക്തിയുടെ രണ്ടാം ഇനം ബാഹ്യാംഗങ്ങളുമായി ബന്ധപ്പെടുന്നതാണ്. നോട്ടം, പിടുത്തം, നടത്തം, സംസാരം തുടങ്ങിയവ ഇതില്‍പ്പെടും. ഇവയെല്ലാം ഭക്തിയോടെയായാലേ ഫലം കാണൂ. കുറ്റത്തില്‍ അകപ്പെടുമെന്ന് ഭയന്ന് ദോഷകരമല്ലാത്തതു കൂടി വെടിയുന്ന സ്വഭാവമാണ് വറഅ് അഥവാ സൂക്ഷ്മത.

നന്ദി പ്രകാശനം

ഒരു അടിമക്ക് ഒഴിച്ചുകൂടാനാവാത്ത നډയാണ് നന്ദി പ്രകാശനം. അനുഗ്രഹങ്ങളത്രയും അല്ലാഹുവില്‍ നിന്നാണെന്ന ബോധമാണ് ശുക്റിന്‍റെ പൊരുള്‍. അല്ലാഹുവിലുള്ള വിശ്വാസത്തിന്‍റെ ഭാഗമാണെന്നതു കൊണ്ടുതന്നെ ഇത് ബാധ്യതയാകുന്നു. അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ക്ക് കിട്ടുന്ന ഏതൊരനുഗ്രഹവും അല്ലാഹുവില്‍ നിന്നു മാത്രമാണ്.’ ഗുണം ചെയ്തവനോട് നന്ദി കാണിക്കല്‍ നിര്‍ബന്ധമാണ്. ഈമാനിന്‍റെ ഭാഗമാണത്. അല്ലാഹുവിന്‍റ അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കല്‍ ശുക്റിന്‍റെ ഭാഗമത്രെ. വിശ്വാസത്തിന്‍റെ ആകെത്തുകയും ശുക്ര്‍ തന്നെ. ശുക്റിന്‍റെ ഭാഗമായി വരുന്ന അനുഷ്ഠാനങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ലഭിച്ച അനുഗ്രഹത്തിന്‍റെ സ്ഥിരതക്കും കൂടുതല്‍ അനുഗ്രഹം സിദ്ധമാകാനും ഇതനിവാര്യമാകുന്നു. അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തലും ശുക്റിന്‍റെ ഭാഗമത്രെ. ‘ചെയ്യേണ്ടതും ഉള്‍ക്കൊണ്ടതും യഥാവിധി ചെയ്യുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നവനാണ് സാത്വികനായ താത്ത്വികന്‍’ (ഹാകിം). അനുഗ്രഹത്തിന്‍റെ പേരിലുള്ള മാനസികോല്ലാസം ശുക്റിന്‍റെ അനുബന്ധമാണെന്ന പോലെ ഹിക്മതും ശുക്റിന്‍റെ അനുബന്ധമാകുന്നു.

വിനയത്തിന്‍റെ വഴി

എളിമ കാണിക്കുന്നവനെ അല്ലാഹു ഉയര്‍ത്തുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. പ്രകൃതിദത്ത അവസ്ഥയില്‍ അധമത്വമോ അമിതത്വമോ കൈകൊള്ളാന്‍ തുനിയാതിരിക്കലാണ് തവാളുഅ്. അഹങ്കാരമോ അധോഗതിയോ നടിക്കാതിരിക്കലാണിത്. സത്യത്തോട് വണക്കവും അനുസരണയും ഉറപ്പാക്കല്‍ വിനയത്തിന്‍റെ കാതലാകുന്നു. സത്യം കൊണ്ടുള്ള ഉദ്ദേശ്യം അല്ലാഹുവിന്‍റെ ആജ്ഞക്കു വിധേയനാകലാണത്രെ. പ്രശംസമൂലം ആനന്ദമോ നൃശംസ മൂലം അസ്വാസ്ഥ്യമോ തോന്നിക്കാതിരിക്കലാണ് വിനയത്തിന്‍റെ ആത്യന്തികത. അല്ലാഹുവിന്‍റെ യുക്തിക്കനുസരിച്ചാണ് എല്ലാം എന്ന തിരിച്ചറിവുണ്ടെങ്കില്‍ ഈ സ്വഭാവം നേടാം. യജമാനനു മുമ്പില്‍ നൃശംസ നിസ്സാരതയായി അനുഭവപ്പെടേണ്ട ഒന്നല്ല. സാത്വികര്‍ അതു വരിച്ചവരാണ്. അവര്‍ സ്വന്തത്തിനു യാതൊരു സ്ഥാനവും കല്‍പ്പിക്കില്ല. അതുകൊണ്ട് തന്നെ നിസ്സാരത അവര്‍ക്ക് അനുഭവവേദ്യമാകില്ല. ഉന്നതമായ ആത്മീയ പദവിയാണിതെന്നറിയുക. എന്നാല്‍ ഒരു സാധാരണ വിനയാന്വിതന്‍ സ്വന്തത്തിന് ചില സ്ഥാനങ്ങള്‍ കണക്കാക്കിയെന്നു വരും. അതുകൊണ്ടാണ് താഴ്മ അവനില്‍ അനുഭവവേദ്യമാകുന്നത്. വിനയാന്വിതന്‍ അഹന്തയോ അധമത്വമോ പ്രാപിക്കാത്തവനാകണമെന്ന തത്ത്വത്തിനോട് ഇത് എതിരല്ല.

ഔലിയാക്കളുടെ ലക്ഷ്യം അല്ലാഹുവിന്‍റെ തൃപ്തിയും അവനിലുള്ള ആനന്ദാതിരേകവുമാണ്. അല്ലാഹുവിന്‍റെ വിധി, പ്രവൃത്തി, അറിവ്, താല്‍പര്യം എന്നിവയിന്‍ മാത്രമായി ലയം പ്രാപിച്ചതിനാല്‍ മറ്റൊന്നുമവര്‍ക്ക് അനുഭവവേദ്യമാകില്ല. നൃശംസ അലോസരമായി അനുഭവപ്പെടുന്നവന്‍ വിഡ്ഢിയും അഹങ്കാരിയുമാകുന്നു. അവന്‍ ബാഹ്യ പ്രവൃത്തികളില്‍ കണ്ണുനട്ട് കഴിയുന്നവനുമായിരിക്കും. നിസ്സാരത വര്‍ധിക്കുന്നതിനനുസൃതമായി അഹങ്കാരം വര്‍ധിക്കുമെന്ന് ആത്മജ്ഞാനികള്‍ പറയാറുണ്ട്.

എളിമ ഗുണമായവന്‍റെ മനോമുകുരത്തിലല്ലാതെ ആധ്യാത്മികജ്ഞാനം കുടിയിരിക്കില്ലെന്നാണ് പണ്ഡിതമതം. ഇത്തരക്കാര്‍ എപ്പോഴും അല്ലാഹുവിന്‍റെ നിയന്ത്രണത്തിലായി നീങ്ങുന്നവരാകും. വാനലോക ഉന്നതങ്ങളിലേക്കിവര്‍ ആരോഹണം ചെയ്യപ്പെട്ടാല്‍ സ്വന്തത്തിന് ഒരു പൂര്‍ണതയോ നരകത്തിന്‍റെ അന്ത്യത്തിലേക്ക് താഴ്ത്തപ്പെട്ടാല്‍ സ്വന്തത്തിന് ഒരപൂര്‍ണതയോ അനുഭവിക്കാത്ത നിസ്വരാകും ഇവര്‍. വിധിതീര്‍പ്പിന്‍റെ ഉടമ അല്ലാഹുവാണെന്ന ബോധം അകത്തളത്തിലുള്ളത് കാരണം സ്വന്തമായ താല്‍പര്യമോ ഉദ്ദേശ്യമോ ഇവരെ തീണ്ടുകയില്ല. ഇലാഹീ പ്രീതിയുടെ പരിധിയിലാകുമവര്‍. സ്വന്തത്തെയും രക്ഷിതാവിനെയും പറ്റിയുള്ള പരിജ്ഞാനത്തിന്‍റെ തോതനുസരിച്ച് വിനയം വ്യത്യസ്ത പദവി പ്രാപിക്കുമെന്ന് ചുരുക്കം.

വിനയത്തിന്‍റെ പ്രകടമായ ലക്ഷണം അല്ലാഹുവിന്‍റെ കല്‍പനയുമായി ഇണങ്ങിപ്പോകലാണ്. അവന്‍റെ വല്ല കല്‍പനയുമായി പിണക്കം തോന്നിയാല്‍ സത്യം സ്വീകരിക്കാന്‍ കൂട്ടാക്കാത്ത അഹങ്കാരികളില്‍ പെട്ട് അധഃപതിക്കും. കഠിനമായ തെറ്റാണിതെന്നറിയാമല്ലോ.

 

ഇമാം ഗസ്സാലിറ);പറുദീസ/15 എസ്എസ് ബുഖാരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ