?ഭാര്യയെ മോളേ എന്നുവിളിച്ചാൽ തന്നെ നികാഹ് ബന്ധം മുറിയുമോ, ത്വലാഖ് ഉദ്ദേശിക്കാതെയാണെങ്കിലും വിധി ഇതു തന്നെയാണോ?

റാശിദ് പെരുമ്പടവം

ഭാര്യയെ മോളേ എന്നു വിളിച്ചതുകൊണ്ട് മാത്രം വിവാഹബന്ധം മുറിയുകയില്ല. യാ ബിൻതീ-ന്റെ മോളേ-എന്നത് ത്വലാഖിന്റെ വ്യക്തമായ വാചകമല്ല. അവ്യക്തമായ വാചകമാണ്. ത്വലാഖ് ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞാലേ പ്രസ്തുത വാചകം കൊണ്ട് വിവാഹ ബന്ധം മുറിയുകയുള്ളൂ. സ്‌നേഹവും ദയയും പ്രകടിപ്പിക്കാനായി സാധാരണ ഉപയോഗിക്കലുള്ള വാചകമായതിനാൽ ഒന്നും ഉദ്ദേശിക്കാതെയോ സ്‌നേഹപ്രകടനം ഉദ്ദേശിച്ചുകൊണ്ടോ പറഞ്ഞാൽ വിവാഹ ബന്ധം മുറിയുന്നതല്ല (അവലംബം: ഫത്ഹുൽ മുഈൻ/396, അസ്‌നൽ മത്വാലിബ് 3/271).

 

?ആവശ്യക്കാർ വന്നാൽ വിൽക്കാൻ കരുതിയ പത്ത് സെന്റ് സ്ഥലമുണ്ട്, മകളുടെ വിവാഹത്തിന് കൂടി കരുതിയതാണിത്. വിലയ്ക്ക് നിസ്വാബ് എത്തുമെന്നതിനാൽ ഇതിനും വർഷാവർഷം സകാത്ത് നൽകേണ്ടി വരുമോ?

മുഹമ്മദ്കുട്ടി കക്കോടി

വിൽപന ഉദ്ദേശിച്ചുകൊണ്ട് വില നൽകി വാങ്ങിയ ഭൂമിയാണെങ്കിൽ അത് കച്ചവട വസ്തുവാണ്. വർഷാവസാനം അതിന്റെ വില നിസ്വാബ് (സകാത്ത് നിർബന്ധമാകുന്ന മിനിമം സംഖ്യ) ഉണ്ടെങ്കിൽ അതിൽ കച്ചവട സകാത്ത് നിർബന്ധമാണ്. ഓരോ വർഷത്തിന്റെയും അവസാനം നിസ്വാബ് എത്തുന്നുണ്ടെങ്കിൽ ഓരോ വർഷവും സകാത്ത് നൽകേണ്ടതാണ്.

എന്നാൽ വിൽപന ഉദ്ദേശത്തിലല്ലാതെ വിലയ്ക്ക് വാങ്ങിയതോ അനന്തരാവകാശം, ദാനം തുടങ്ങിയ വഴികളിലൂടെ വിലയ്ക്ക് പകരമല്ലാതെ ലഭിച്ചതോ ആണെങ്കിൽ-ആവശ്യം വരുമ്പോൾ വിൽക്കണമെന്ന് കരുതിയത് കൊണ്ട് മാത്രം- പ്രസ്തുത ഭൂമി കച്ചവട വസ്തുവായി പരിഗണിക്കപ്പെടുകയില്ല. അതിൽ സകാത്ത് നിർബന്ധമാകുന്നതുമല്ല (തുഹ്ഫ 3/295,297).

 

?അമുസ്‌ലിം കുടുംബത്തിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച യുവതിയുടെ നികാഹ് ആരാണ് ചെയ്തുകൊടുക്കേണ്ടത്?

മുഹമ്മദ് മുർശിദ്

അവൾക്ക് മുസ്‌ലിമായ രക്ഷിതാക്കൾ ആരുമില്ലെങ്കിൽ അവളുള്ള പ്രദേശത്തെ ഖാസിയാണ് അവളെ നികാഹ് ചെയ്തു കൊടുക്കേണ്ടത്.

 

?ആണിനും പെണ്ണിനും തുല്യ സ്വത്തവകാശമല്ലല്ലോ ഇസ്‌ലാമിൽ. ആണിന്റെതിൽ പകുതിയാണല്ലോ പെണ്ണിന്. ഇത് പെണ്ണിനെ അവഗണിക്കലല്ലേ? വിവാഹം ചെയ്യാത്ത പെണ്ണിനും ഇത്രയേ ലഭിക്കൂ?

നാസിയ വാളക്കുളം

ഇസ്‌ലാമിലെ അനന്തരാവകാശ നിയമം ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാണ്. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയനുസരിച്ച് പെണ്ണിനുള്ളതിലേറെ സാമ്പത്തിക ബാധ്യതകൾ ആണിനുണ്ട്. ഇതിനാലാണ് അനന്തരാവകാശ നിയമത്തിലെ ചില വകുപ്പുകളിൽ ആണിന് കൂടുതലും പെണ്ണിന് കുറവും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇത് പെണ്ണിനോടുള്ള അവഗണനയല്ല. അനന്തരാവകാശികൾ ആണും പെണ്ണും വിവാഹിതരായാലും അവിവാഹിതരായാലും അവകാശത്തിൽ മാറ്റം വരുന്നതല്ല.

 

?വിവാഹിതയായ സ്ത്രീക്ക് കല്യാണത്തിന് മുമ്പ് ഒരു ജോലിയുണ്ടായിരുന്നു. ഭർത്താവിന്റെ താൽപര്യപ്രകാരം അവളത് ഉപേക്ഷിച്ചു. കുറച്ചു കാലത്തിന് ശേഷം അദ്ദേഹം രോഗം വന്നു മരിച്ചു. എങ്കിൽ അവൾക്കും മക്കൾക്കും ഭർത്താവിന്റെ സ്വത്തിനവകാശമുണ്ടാകുമല്ലോ. ഭർതൃ മാതാപിതാക്കൾ സ്വത്ത് നൽകിയില്ലെങ്കിൽ എന്തു ചെയ്യും, അവളുടെ ജീവിതം വഴിമുട്ടില്ലേ? പെണ്ണിനോട് ജോലിക്കു പോകരുതെന്ന് മതം പറയുന്നുണ്ടോ?

എൻ. വെന്നിയൂർ

മരിച്ച വ്യക്തിയുടെ അനന്തര സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശമുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പ്രസ്തുത അവകാശം തടഞ്ഞുവെക്കുന്നുവെങ്കിൽ കോടതി മുഖേന ലഭ്യമാക്കാവുന്നതാണ്. പെണ്ണ് യാതൊരു ജോലിയും ഏറ്റെടുത്ത് ചെയ്യാൻ പാടില്ലെന്ന് നിരുപാധികമായി ഇസ്‌ലാം പറയുന്നില്ല.

 

?തലമുടി വെട്ടിയ ശേഷം കുളിക്കാതെ നിസ്‌കരിക്കാമോ, കുറ്റിമുടി നജസാണോ?

സുബ്ഹ മക്കരപ്പറമ്പ്

മുടി വെട്ടിയ ശേഷം കുളിക്കാതെ നിസ്‌കരിക്കാവുന്നതാണ്. മുടിവെട്ടിയതു കൊണ്ട് കുളി നിർബന്ധമാകുന്നില്ല. കുറ്റിമുടി നജസല്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ