Gujrat Politics-Malayalam

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിന്റെ ഭൂരിപക്ഷത്തിലേക്ക് ബി ജെ പി ചുരുങ്ങിയത് വലിയ സംഭവമാക്കാതിരിക്കാന്‍ മാധ്യമഭീമന്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും രാജ്യം ആ ജനവിധിയുടെ ചര്‍ച്ച പല നിലകളില്‍ തുടരുക തന്നെയാണ്. സത്യത്തില്‍  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് അനുഭവിച്ചുവരുന്ന പരാജയത്തിന്റെ എണ്ണപ്പെരുക്കത്തിലേക്ക്  ഒരു വിരല്‍ കൂടി മടങ്ങുന്നുവെന്നല്ലാതെ ഗുജറാത്ത് സംഖ്യാപരമായി ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാനാകാത്ത എണ്ണത്തിലേക്ക് ചുരുങ്ങിയ ഈ വലിയ പാര്‍ട്ടി പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബീഹാറും പഞ്ചാബും ഒഴിച്ച് എല്ലായിടത്തും തോറ്റു.  മഹാസഖ്യത്തിന്റെ അംഗബലത്തിലാണ് ബീഹാറില്‍ ജയിച്ചതെങ്കില്‍ പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്ന ഒറ്റയാള്‍ പട്ടാളത്തിന്റെ കരുത്തിലായിരുന്നു ജയം. ഒരു പ്രതീക്ഷയും നല്‍കാത്ത കോണ്‍ഗ്രസിനെയാണ് ഈ ഘട്ടങ്ങളിലെല്ലാം കണ്ടത്. ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചലിലും കോണ്‍ഗ്രസ് തോല്‍ക്കുക തന്നെയാണ് ചെയ്തത്.

അധ്യക്ഷസ്ഥാനത്ത് എത്തിയിട്ട് ചൂടാറിയിട്ടില്ലാത്ത രാഹുല്‍ ഗാന്ധി എന്നിട്ടും പറഞ്ഞു: ‘ജനവിധിയില്‍ നിരാശയില്ല’. രാഹുലിന്റെ ഈ വാക്കുകള്‍ രാജ്യം ഏറ്റുപറയുന്നുവെങ്കില്‍, ഒരു ഡസനിലധികം സീറ്റുകള്‍ വര്‍ധിപ്പിച്ച കോണ്‍ഗ്രസിനെ അഭിനന്ദനം കൊണ്ടു മൂടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ദാവീദ്- ഗോലിയാത്ത് ഉപമയുടെ ആനന്ദം ജനം ആസ്വദിക്കുന്നുവെന്നാണ്. നാടാകെ വിറപ്പിച്ച് വാണിരുന്ന മല്ലനെ ഒന്നു വിറപ്പിക്കാനെങ്കിലും സാധിച്ചുവെന്നത്  വലിയ കാര്യമായി സാധാരണ ജനങ്ങള്‍ കാണുന്നു. ഒരു പക്ഷേ അങ്ങനെ ആനന്ദിക്കുന്നവരുടെ കൂട്ടത്തില്‍ ഇത്തവണ ബി ജെ പിക്ക് വോട്ട് ചെയ്ത സൂറത്തിലെ കച്ചവടക്കാരുമുണ്ടാകാം. താമരക്ക് തന്നെ ബട്ടണമര്‍ത്തിയ മുസ്‌ലിം പോക്കറ്റുകളിലെ വോട്ടര്‍മാരുമുണ്ടാകാം. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെ പാര്‍ട്ടിക്കകത്ത് വെല്ലുവിളിക്കാന്‍ ത്രാണിയില്ലാതെ പഞ്ചപുച്ഛമടക്കി കഴിയുന്ന ഒന്നാം നിരയിലെയും രണ്ടാം നിരയിലെയും ബി ജെ പി നേതാക്കളും ഗൂഢമായ ആനന്ദം അനുഭവിക്കുന്നുണ്ടാകാം. ഇങ്ങനെ പല തലങ്ങളിലെ മനുഷ്യര്‍ ഗുജറാത്ത് ജനവിധിയെ പ്രതീക്ഷാപൂര്‍വം കാണുന്നത് കൊണ്ടാണ് വിശകലനങ്ങളുടെ മരം പെയ്ത്ത് നിലയ്ക്കാത്തത്.

മോദി പ്രഭാവം തളര്‍ന്നിരിക്കുന്നുവെന്നും രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ബി ജെ പി സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ലെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയെന്നത് ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രവര്‍ത്തനമായിരിക്കും. അങ്ങനെ ആവര്‍ത്തിച്ചാണ് ഗുജറാത്ത് മോഡല്‍ വികസനം എന്ന വ്യാജം ഒരു യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിത്തീര്‍ത്തത്. അങ്ങനെ ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഒരു വിഭാഗത്തിന്റെ സ്വപ്നം വരാന്‍ പോകുന്ന വസ്തുതയാക്കി മാറ്റിയത്. ഇടതടവില്ലാത്ത പ്രചാരണം തന്നെയാണ് ആയിരക്കണക്കിന് മനുഷ്യരുടെ ചോര പുരണ്ട കൈകളുള്ള ഒരു സംസ്ഥാന നേതാവില്‍ നിന്ന്   രാജ്യം മുഴുവന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു ‘ആഗോള നേതാവി’നെ സൃഷ്ടിച്ചെടുത്തത്. അത്‌കൊണ്ട് അല്‍പ്പം അതൃപ്പം പറച്ചിലായാല്‍ പോലും ഗുജറാത്തിലെ ജനവിധിയെ പറഞ്ഞ് കൊണ്ടിരിക്കുക തന്നെ വേണം.

ഗുജറാത്തിലെ ബി ജെ പി വിജയം സാങ്കേതികം മാത്രമാണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ മൂന്ന് കാരണങ്ങളെങ്കിലും ഉണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ  എല്ലാ മെഷിനറികളും സമ്പൂര്‍ണമായി ഉപയോഗിച്ചാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകിപ്പിക്കാന്‍  കമ്മീഷനെ സ്വാധീനിച്ചു. ജി എസ് ടിയില്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഇത് ഉപകരിച്ചു. കോടികളുടെ പാക്കേജ് പ്രഖ്യാപിച്ചു. തുറമുഖ വികസനം അടക്കമുള്ള പദ്ധതികള്‍ ആരംഭിച്ചു. ആനന്ദി ബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയതിന് ശേഷം താഴേതട്ട് മുതല്‍ നടത്തിയ ഒരുക്കങ്ങളുടെ ഒടുങ്ങാത്ത ആത്മവിശ്വാസത്തിന്റെ പിന്‍ബലവും ബി ജെ പിക്കുണ്ടായിരുന്നു. ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടത്തിയ ബൂത്ത് മാനേജ്‌മെന്റ് തന്ത്രങ്ങള്‍ അത്രമേല്‍ പഴുതടച്ചതായിരുന്നു. കോണ്‍ഗ്രസിന് ചിന്തിക്കാന്‍ പോലുമാകാത്ത സംഘടനാ സംവിധാനമാണ് ഇത്തവണ സംഘ് കക്ഷികള്‍ ഗുജറാത്തില്‍ പുറത്തെടുത്തത്. നോട്ട് നിരോധനം വലിയ സാമ്പത്തിക ആഘാതം ഏല്‍പ്പിച്ചുവെന്നും സാധാരണക്കാരും കച്ചവടക്കാരും കര്‍ഷകരും നിരാശയിലാണെന്നുമുള്ള വസ്തുത നിലനില്‍ക്കെ തന്നെയാണ് ബീഹാറില്‍ മഹാസഖ്യം പൊളിച്ച് നിതീഷ് കുമാര്‍ ബി ജെ പി പാളയത്തില്‍ എത്തിയത്. ഇത് ബി ജെ പി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല ഉയര്‍ത്തിയത്. പ്രതിപക്ഷ സഖ്യത്തിന്റെ കാറ്റു പോകുന്നതിനും ഇത് കാരണമായി. മാത്രമല്ല, പിന്നീട് നടന്ന ചെറുതും വലുതുമായ തെരഞ്ഞെടുപ്പുകളിലെല്ലാം ബി ജെ പി വന്‍ വിജയം കാഴ്ചവെക്കുകയും ചെയ്തു. യു പിയിലെ ഗംഭീര വിജയം മാത്രം മതിയായിരുന്നു ആ പാര്‍ട്ടിക്ക് വേണ്ടി രാപ്പകല്‍ അത്യധ്വാനം ചെയ്യാന്‍ തയ്യാറാകുന്നവരെ ആവേശം കൊള്ളിക്കാന്‍. ഇപ്പറഞ്ഞതും പറയാത്തതുമായ അനവധിയായ ആത്മവിശ്വാസത്തിന്റെ പുറത്താണ്  ആകെയുള്ള 182 സീറ്റില്‍ 150 നേടുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത്. ഒടുവില്‍ നൂറ് തൊടാനാകാതെ കിതച്ചു നിന്നുവെന്ന് മാത്രം.

കോണ്‍ഗ്രസിന് ഒന്നുമുണ്ടായിരുന്നില്ല. തരാതരം കളവ് പ്രചരിപ്പിക്കാന്‍ റിപ്പബ്ലിക്ക് പോലുള്ള മാധ്യമങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. വിജയങ്ങളുടെ ആത്മവിശ്വാസവും. നിര്‍ലജ്ജം തീവ്രഹിന്ദുത്വ ആക്രോശങ്ങളിലേക്ക് കൂപ്പുകുത്താന്‍ മെയ്‌വഴക്കമുള്ള ഒരു നേതാവ്, അതും രാജ്യത്തിന്റെ പ്രധാനമന്ത്രിയും അവര്‍ക്കുണ്ടായിരുന്നില്ലല്ലോ. ഗുജറാത്തില്‍ മുപ്പതോളം റാലികളിലാണ് നരേന്ദ്ര മോദി പങ്കെടുത്തത്. മണിശങ്കര്‍ അയ്യര്‍ തനിക്കെതിരെ നടത്തിയ നീച് ആദ്മി ആക്ഷേപത്തെ എത്ര സുന്ദരമായാണ് മോദി വികാരഭരിതമായ പ്രചാരണ വിഷയമാക്കി മാറ്റിയത്. പിന്നാക്കക്കാരനും ഗുജറാത്തിന്റെ മകനുമായ തന്നെ അപമാനിച്ചുവെന്ന് കണ്ഠമിടറി പ്രചരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതു പോലെയുള്ള കംപ്ലീറ്റ് ആക്ടിംഗില്‍ ഡോക്ടറേറ്റ് എടുത്ത ആരുണ്ട് കോണ്‍ഗ്രസില്‍. ശങ്കര്‍ സിംഗ് വഗേല കൂടി അപ്പുറത്ത് പോയതോടെ താറുമാറായ സംഘടനാ സംവിധാനമായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഈ പ്രതികൂല ഘടകങ്ങളെ മുഴുവന്‍ മറികടന്നാണ് ബി ജെ പിയെ ഈയിടെ നടന്ന ആറ് തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും മോശം പ്രകടനത്തിലേക്ക് താഴ്ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചത്. ജനവികാരത്തിനൊപ്പം നില്‍ക്കാനും വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും പണ്ട് ആനപ്പുറത്തിരുന്ന തഴമ്പ് കാണിച്ച് നടക്കാതെ സഖ്യങ്ങളുടെ വിനീത ഭാവത്തിലേക്ക് താഴാനും തയ്യാറാകുകയാണെങ്കില്‍ ബി ജെ പിയെയും മോദിയെയും വെല്ലുവിളിക്കാന്‍ സാധിക്കുമെന്ന് ഗുജറാത്തില്‍ തെളിഞ്ഞിരിക്കുന്നു. മല്ലന്‍മാരുടെ സ്ഥിതി അതാണ്. ഒരിക്കല്‍ അടി തെറ്റിയാല്‍ പിന്നെ നിരന്തരം അവര്‍ അടി വാങ്ങിക്കൊണ്ടിരിക്കും.

ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി കുറേക്കൂടി രാഷ്ട്രീയ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രകടനം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നതിന് നിരവധി കാരണങ്ങള്‍ ഗുജറാത്തില്‍ നിന്ന് കാണാനാകും. രാഹുല്‍ ഗാന്ധിയിലെ ശക്തനായ നേതാവിനെ ഇതാദ്യമായി ദൃശ്യമായി എന്നതാണ് ഒന്നാമത്തെ വസ്തുത. അസ്ഥിരമായ നിലപാടുകളും ശൈലിയും മൂലം  പരിഹാസ പാത്രമായി മാറിക്കഴിഞ്ഞിരുന്നു രാഹുലിന്റെ പ്രതിച്ഛായ. ഇവിടെ നിന്നാണ് സ്ഥിരതയുള്ള പ്രചാരണ തന്ത്രങ്ങളും കുറിക്കുകൊള്ളുന്ന വാക്കുകളുമായി പുതിയ രാഷ്ട്രീയ മുഖം പുറത്തെടുക്കാന്‍ ശേഷിയുള്ള യഥാര്‍ത്ഥ നേതാവായി രാഹുല്‍ രംഗപ്രവേശം ചെയ്തത്. കരുത്തനായ നരേന്ദ്ര മോദി പോലും രാഹുലിന് മുന്നില്‍ ഒരു ഘട്ടത്തില്‍ നിരായുധനാകുന്ന സ്ഥിതിയുണ്ടായി. രാഹുലിന്റെ മുന്‍ പ്രതിച്ഛായകളെ മുഴുവന്‍ പൊളിച്ചു പണിയാന്‍ ഗുജറാത്തിലെ പ്രകടനം പര്യാപ്തമാണ്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഈ പുതിയ പ്രതിച്ഛായ കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനെ സഹായിക്കാന്‍ പോകുന്നത്. അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ അവരോധിതനായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചില ഏറ്റുപറച്ചിലുകളാണ് തന്റെ വാക്കുകള്‍ക്ക് രാജ്യം ചെവിയോര്‍ക്കുന്ന നിലയിലേക്ക് രാഹുലിനെ ഉയര്‍ത്തിയതെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ വ്യക്തമാകും. അമേരിക്കയിലെ ബര്‍ക്കിലി നഗരത്തില്‍ കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ ചടങ്ങില്‍ രാഹുല്‍ നടത്തിയ പ്രസംഗം ഈയിനത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ രാഹുല്‍ സമ്മതിച്ചു.  മുന്‍കാല നേതാക്കളുടെ ധാര്‍ഷ്ട്യവും അമിതാത്മവിശ്വാസവും പാര്‍ട്ടിയെ തളര്‍ത്തിയെന്ന് അദ്ദേഹം ഏറ്റുപറഞ്ഞു. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് സമ്മതിച്ചു കൊണ്ടാണ് മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയത്തെ അദ്ദേഹം കടന്നാക്രമിച്ചത്. മുരടിച്ച സാമ്പത്തിക രംഗത്തിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാറിന് മാത്രമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. 100 മുന്‍നിര കമ്പനികള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സാമ്പത്തിക നയം കൊണ്ട് മാത്രമേ തൊഴിലില്ലായ്മ മറികടക്കാനാകൂ എന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമുണ്ടെന്ന് സമ്മതിച്ച രാഹുല്‍ ഇന്ത്യയില്‍ അതൊരു യാഥാര്‍ത്ഥ്യമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും കലയിലും സിനിമയില്‍ പോലും അത് കാണാമെന്നും സമര്‍ത്ഥിച്ചു. മുന്നോട്ടുള്ള വെല്ലുവിളികളെ ബദല്‍ നയങ്ങള്‍കൊണ്ട് മറികടക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു നേതാവിന്റെ സ്വരമാണ് അവിടെ കേട്ടത്. ബി ജെ പി നേതാക്കള്‍ ഈ പ്രസംഗത്തെ അപഹസിക്കാനാണ് ശ്രമിച്ചത്. പരാജയപ്പെട്ട കുടുംബാധിപത്യവാദിയെന്ന് അവര്‍ കളിയാക്കി. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആരും മറുപടി നല്‍കിയില്ല. യശ്വന്ത് സിന്‍ഹയെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കളാകട്ടെ ജെയ്റ്റിലിയുടെ സാമ്പത്തിക നയത്തെ കടന്നാക്രമിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് ഇതാദ്യമായി കൃത്യമായ രാഷ്ട്രീയ ലൈന്‍ സ്വീകരിച്ചുവെന്നതാണ് രണ്ടാമത്തെ കാര്യം. ന്യൂനപക്ഷ അനുകൂല പ്രതിച്ഛായയില്‍ നിന്ന് നേട്ടം കൊയ്യാനാകുന്നില്ല, ഭൂരിപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനുമാകുന്നില്ല എന്നതായിരുന്നു മുമ്പത്തെ സ്ഥിതി. ഹിന്ദു വിരുദ്ധ പാര്‍ട്ടിയെന്ന പ്രചാരണം അഴിച്ചു വിടാന്‍ ബി ജെ പിക്ക് സാധിക്കുംവിധത്തിലുള്ളതായിരുന്നു കോണ്‍ഗ്രസിന്റെ ലൈന്‍. എന്നാല്‍ ഇത്തവണ രാഹുലിന്റെ ക്ഷേത്ര സന്ദര്‍ശനമടക്കമുള്ള നീക്കങ്ങള്‍ ഈ പ്രചാരണത്തിന്റെ മുനയൊടിക്കുന്നതിന് ഉപകരിച്ചു. അതേസമയം, ആറ് പേരെ മത്സരിപ്പിച്ച് മുസ്‌ലിംകളോടുള്ള കരുതല്‍ കോണ്‍ഗ്രസ് അടയാളപ്പെടുത്തുകയും ചെയ്തു. ഹിന്ദു സ്വത്വത്തിന്റെ കുത്തകാവകാശം ബി ജെ പിക്ക് പതിച്ചു കൊടുക്കരുതെന്ന നയമാണ് കോണ്‍ഗ്രസ് ഗുജറാത്തില്‍ കൈകൊണ്ടത്. ശുദ്ധ മതേതരവാദികള്‍ ഇതില്‍ കുഴപ്പം കാണുമെങ്കിലും രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള നീക്കമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

പോളിംഗ് ബൂത്തുകളില്‍ പൂര്‍ണമായി വിജയപ്രദമായില്ലെങ്കിലും ഗുജറാത്തില്‍ കൃത്യമായ ‘വര്‍ഗ രാഷ്ട്രീയം’ കളിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. നോട്ട് നിരോധവും ജി എസ് ടിയും ഗ്രാമീണ മേഖലയില്‍ പടര്‍ത്തിയ അതൃപ്തിയെ കോണ്‍ഗ്രസ് നന്നായി അഭിസംബോധന ചെയ്തു. ഉന്നത പഠനത്തിന് വന്‍തുക മുടക്കിയ യുവാക്കള്‍ കടുത്ത തൊഴിലില്ലായ്മ അനുഭവിക്കുന്ന ഗുജറാത്തില്‍ അത് തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനും പാര്‍ട്ടിക്ക് സാധിച്ചു. ഗുജറാത്ത് വികസനം നഗരത്തില്‍ മാത്രം കാണുന്ന മിനുക്കു പണിയാണെന്ന് കൃത്യമായി പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിനായി. അത് ദൂരവ്യാപകമായ സ്വാധീനമുണ്ടാക്കുന്ന രാഷ്ട്രീയ വിജയമാണ്. മോദിയുടെ പ്രതിച്ഛായയുടെ അടിസ്ഥാനം തന്നെ ഈ വ്യാജ വികസനമാണല്ലോ. അപ്രതീക്ഷിതമായ കോണില്‍നിന്നു പോലും മോദി സ്തുതികള്‍ വന്നത് വികസനത്തിന്റെ പേരിലായിരുന്നുവെന്നോര്‍ക്കണം. തങ്ങളുടെ വോട്ട്‌ബേങ്ക് കിടക്കുന്നത് ഗ്രാമത്തിലാണെന്ന് വൈകിയെങ്കിലും കോണ്‍ഗ്രസ് തിരിച്ചറിഞ്ഞുവെന്നതാണ് ഗുജറാത്തിന്റെ അനുഭവം.

വിവിധ ജാതി വിഭാഗങ്ങളെ ഒന്നിച്ച് ഹിന്ദുത്വ അജന്‍ഡയില്‍ കോര്‍ത്തിണക്കുന്നതില്‍ വിജയിക്കുമ്പോഴാണ് ബി ജെ പി വന്‍നേട്ടം കൊയ്യാറുള്ളത്. ഈ സാഹചര്യത്തെ ഹര്‍ദിക് പട്ടേലും അല്‍പേഷ് ഠാക്കൂറും ജിഗ്നേഷ് മേവാനിയുമായുള്ള സഖ്യത്തിലൂടെ കോണ്‍ഗ്രസ് മറികടന്നുവെന്നുള്ളതാണ് നാലാമത്തെ വിജയം. നേതൃദാരിദ്ര്യത്തില്‍ ഉഴലുന്ന കോണ്‍ഗ്രസിന് ഇവര്‍ വലിയ ആശ്വാസമാണ് പകര്‍ന്നത്. ഈ സഖ്യം തുടരാന്‍ സാധിച്ചാല്‍ പുതിയ ചരിത്രമെഴുതാന്‍ അത് മതിയാകും.  ഈ മൂന്ന് യുവാക്കളെ ജാതിനേതാക്കളായി ചുരുക്കിക്കാണിക്കാനാണ് മാധ്യമങ്ങള്‍ മുതിര്‍ന്നത്. ഒ ബി സിക്കാര്‍ക്കായി നിലകൊള്ളുന്ന അല്‍പേഷ് ഠാക്കൂര്‍. ദളിത് പീഡനത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന ജിഗ്നേഷ് മേവാനി. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. ഇവര്‍ വിരുദ്ധ താത്പര്യങ്ങള്‍ പുലര്‍ത്തുന്നവരാണെന്നും സഖ്യം കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുമെന്നും ബി ജെ പി ആശ്വസിച്ചു. ആ ആശ്വാസം ഒരര്‍ത്ഥത്തില്‍ വസ്തുതാപരവുമായിരുന്നു. പക്ഷേ, പ്രചാരണം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ സ്ഥിതി മാറി.  അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും പ്രചാരണരീതിയും കേവല ജാതി നേതാക്കളുടേതായിരുന്നില്ല. പരസ്പരം കലഹിക്കുന്ന ജാതികളുടെ നേതാക്കളായ അവര്‍ ഉന്നയിച്ചത് പൊതുസമൂഹത്തിന്റെ അഥവാ യുവസമൂഹത്തിന്റെ പ്രശ്‌നങ്ങളായിരുന്നു. സംവരണം അടിസ്ഥാന പ്രശ്‌നമായിരുന്നെങ്കിലും ഈ യുവാക്കള്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ വന്നപ്പോള്‍ കൊട്ടിഘോഷിച്ച വികസനത്തിന്റെ പൊള്ളത്തരമാണ് അനാവരണം ചെയ്യപ്പെട്ടത്. എല്ലാ വിഭാഗത്തിലും പെട്ട യുവാക്കള്‍ ഒരേ പ്രശ്‌നം അനുഭവിക്കുന്നുവെന്ന സത്യം ഈ നേതാക്കളിലൂടെ  പ്രചരിക്കപ്പെട്ടു. രാഹുലിന് ഗുജറാത്തില്‍ ലഭിച്ച സ്വീകാര്യതക്ക് ഈ മണ്ണൊരുക്കല്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ദളിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും കര്‍ഷകരെയുമെല്ലാം അഭിസംബോധന ചെയ്യാന്‍ ഇവര്‍ വഴി സാധിച്ചു.

ചില വിഗ്രഹങ്ങള്‍ ഉടച്ച് കളഞ്ഞുവെന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രഭാവം. മോദി തരംഗത്തിന്റെ ശക്തി വല്ലാതെ കുറഞ്ഞിരിക്കുന്നു. മണിശങ്കര്‍ അയ്യരുടെ നീച് പ്രയോഗവും അവസാന ഘട്ടത്തില്‍ മോദി ഇറക്കിയ പാക് ഗൂഢാലോചനാ സിദ്ധാന്തവും ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഹര്‍ദിക്കിനെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയതോടെ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ചിലവ ബി ജെ പിക്കൊപ്പം പോയിട്ടുണ്ട്.  മോദി അപമാനിക്കപ്പെട്ടുവെന്ന ഒറ്റ പ്രചാരണം മതിയായിരുന്നു നഗര പ്രദേശങ്ങളിലെ ലക്ഷണമൊത്ത വര്‍ഗീയവാദികള്‍ക്ക് സമ്പൂര്‍ണമായി കാവി പുതക്കാന്‍. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവുമെല്ലാം പാക്കിസ്ഥാന്‍ എന്ന് കേട്ടാല്‍ ഒലിച്ചു പോകുന്ന സ്ഥിതിയാണ് ഈ മേഖലയില്‍ കണ്ടത്. ഹര്‍ദിക്കിന്റെയും അല്‍പേഷിന്റെയും ജിഗ്നേഷിന്റെയും  പേരിന്റെ ആദ്യ അക്ഷരം ചേര്‍ത്ത്  ബി ജെ പിയുടെ സോഷ്യല്‍ മീഡിയാ യോദ്ധാക്കള്‍ ഉണ്ടാക്കിയ ‘ഹജ് സംഘം’  എന്ന പ്രയോഗം പോലും ഇത്തരക്കാരെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നുവെച്ചാല്‍ മോദി പ്രതിച്ഛായ സംരക്ഷിച്ച് നിര്‍ത്താന്‍ എല്ലാ അടവും പുറത്തെടുത്തുവെന്ന് തന്നെ. എന്നിട്ടും കാര്‍ഷിക സമൂഹത്തിന്  പ്രാധാന്യമുള്ള സൗരാഷ്ട്ര, വടക്കന്‍ ഗുജറാത്ത് മേഖലകളില്‍ കോണ്‍ഗ്രസ് വന്‍തോതില്‍ ജയിച്ചു കയറി. യഥാര്‍ത്ഥ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാല്‍ തകര്‍ക്കാവുന്നതേയൂള്ളൂ നെഞ്ചളവ് പ്രതിച്ഛായയെന്ന് ഇത് തെളിയിക്കുന്നു. മോദിക്കെതിരായി പാര്‍ട്ടിയില്‍ രൂപപ്പെട്ടുവരുന്ന വിമതസ്വരം ശക്തമാകുമെന്നതാണ് പ്രതിച്ഛായാ നഷ്ടത്തിന്റെ അനന്തരഫലം. വികസനമെന്ന് ഇനി ഉരിയാടാന്‍ പോലുമാകാത്ത വിധം ഗുജറാത്ത് വികസന മോഡല്‍ തകര്‍ന്നടിഞ്ഞുവെന്നതാണ് മറ്റൊരു വിഗ്രഹഭഞ്ജനം.

ബി ജെ പിയെയും മോദിയെയും വെല്ലുവിളിക്കാന്‍ പോന്ന  ശക്തിയായി കോണ്‍ഗ്രസും രാഹുലും മാറുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുക്കും. കേവലമായ അധികാര മോഹങ്ങളും പ്രത്യയശാസ്ത്ര വരട്ടുവാദങ്ങളും ഉപേക്ഷിച്ച് അര്‍ത്ഥപൂര്‍ണമായ കൂട്ടുകെട്ട് രൂപപ്പെടുത്തിയാല്‍ മാത്രമേ 2019-ല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുകയുള്ളൂ. രാജ്യത്തിന്റെ തനതായ ഭാവം നശിപ്പിക്കുന്ന തരത്തില്‍ ഹിന്ദുത്വ ഫാസിസം ശക്തി സംഭരിക്കുകയാണെന്നും ഒരു അഞ്ച് വര്‍ഷം കൂടി ഇവര്‍ക്ക് അധികാരം കൈവന്നാല്‍ ഭരണഘടനയുടെ നിലനില്‍പ്പ് അപകടത്തിലാണെന്നും ബോധ്യമുള്ള മുഴുവന്‍ പേരുടെയും സഖ്യമാണ് ഉണ്ടാകേണ്ടത്. ഈ ബോധ്യം സി പി എമ്മിനുണ്ടെങ്കില്‍ ഒന്നാം യു പി എ മാതൃകയില്‍ സഖ്യം രൂപപ്പെടുത്താന്‍ അവര്‍ തയ്യാറാകണം. യെച്ചൂരിക്ക് അത് ബോധ്യമുണ്ട്. ബംഗാള്‍ ഘടകത്തിനും. കേരളത്തിന്റെ സവിശേഷ സാഹചര്യം മാത്രം കണക്കിലെടുത്ത് ഈ രാഷ്ട്രീയ മനുഷ്യച്ചങ്ങലയില്‍ അണിചേരാതിരിക്കുന്നത് മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിപ്പോകും. സി പി എം ആള്‍ബലത്തില്‍ ഇന്ത്യയിലെ വലിയ പാര്‍ട്ടിയല്ലായിരിക്കാം. പക്ഷേ അതിന് ഒരു സ്ഥാനം ഇന്നും ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ട്. ആ പാര്‍ട്ടി എടുക്കുന്ന സമീപനം അതിന്റെ വലിപ്പത്തേക്കാള്‍ വലിയ പ്രഭാവം സൃഷ്ടിക്കും.

എന്നാല്‍ ഇത്തരമൊരു സഖ്യം രൂപപ്പെടേണ്ടത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമല്ല. അങ്ങനെ ഏച്ച് കെട്ടിയ സഖ്യം ജനങ്ങളില്‍ ഒരു ചലനവുമുണ്ടാക്കില്ല. കോര്‍പറേറ്റുകളുമായി അപകടകരമായ ചങ്ങാത്തം പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ യഥാര്‍ത്ഥ ജനകീയ സമരം ഉയര്‍ത്തിക്കൊണ്ടു വന്നാകണം ഈ സഖ്യമുണ്ടാകേണ്ടത്. സാമ്പത്തിക രംഗത്ത് ഒരു കാലത്ത് സംഭവിച്ച തെറ്റുകള്‍ ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ് തന്നെ ഈ സമരപരമ്പരക്ക് നേതൃത്വം നല്‍കണം. കര്‍ഷകരും ചെറുകിടക്കാരും കൂലിപ്പണിക്കാരും ജീവനക്കാരും ഉള്‍ക്കൊളളുന്ന മഹാഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ് വിശാല സഖ്യമെന്ന ആത്മവിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കണം. എല്ലാ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ പ്രബല പാര്‍ട്ടികളെ മുന്‍ നിര്‍ത്താന്‍ മാത്രം വിനീതമാകാന്‍ കോണ്‍ഗ്രസിന് സാധിക്കണം.

മുത്വലാഖ് ബില്‍ തിരക്കിട്ട് പാസ്സാക്കിയെടുക്കുക വഴി ബി ജെ പി അതിന്റെ ഭാവി അജന്‍ഡ പ്രഖ്യാപിച്ചുകഴിഞ്ഞു. വികസനമല്ല, കടുത്ത ഹിന്ദുത്വമായിരിക്കും അവരുടെ തുറുപ്പ് ചീട്ട്. ഒപ്പം കാര്‍ഷിക മേഖലക്ക് ചില ഇളവുകളും മുന്നോട്ട് വെക്കും. മുത്വലാഖ് വിഷയത്തില്‍ കണ്ടത് പോലെ ഒരു കക്ഷിക്കും കൃത്യമായ നിലപാടെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള കുഴികളാകും ബി ജെ പി ഒരുക്കുക. അപ്പോള്‍ രാഹുലിന്റെ ഗുജറാത്ത് നയമാണ് കരണീയമെന്ന് മതേതരചേരി തീരുമാനത്തിലെത്തേണ്ടിവരും. ക്ഷേത്ര പ്രവേശനം നടത്തിയ രാഹുല്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഓടിനടക്കുകയായിരുന്നുവല്ലോ. അഹ്മദ് പട്ടേലിന് ഒരു റാലിയിലും നിലക്കും വിലയ്ക്കുമൊത്ത ഇരിപ്പിടം കിട്ടിയില്ല. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ല. തീവ്ര ഹിന്ദുത്വം ഉദിച്ചു നില്‍ക്കുമ്പോള്‍ ‘ആ അങ്ങനെയൊക്കെയാകട്ടെ’ എന്ന് പറയാമെങ്കിലും അതല്ല ആത്യന്തികമായ ശരി. ഹിന്ദുത്വത്തെ മറ്റൊരു ഹിന്ദുത്വം കൊണ്ട് നേരിടാമെന്നത് ഭാവിയുള്ള രാഷ്ട്രീയമല്ല. ജാതി ഗ്രൂപ്പുകളെ കൈയിലെടുത്ത് നടത്തുന്ന മുന്നേറ്റത്തിനും ആയുസ്സില്ല. ഹര്‍ദിക് പട്ടേലിന്റ വാക്കുകള്‍ ഇതിന് തെളിവാണ്. വലിയ കള്ളനെ നേരിടാന്‍ ചെറിയ കള്ളനൊപ്പം കൂടുന്നുവെന്നാണ്  ആ യുവാവ് പറഞ്ഞത്. അയാള്‍ക്ക് തന്റെ രാഷ്ട്രീയ മൂലധനം കാവി വിലാസം ബേങ്കിലേക്ക് മാറ്റാന്‍ നിഷ്പ്രയാസം സാധിക്കും.

അതുകൊണ്ട് രാജ്യത്തിന്റെ ചരിത്രം ഏല്‍പ്പിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് തയ്യാറാകണം. കേസുകളെ പേടിച്ച് രാഹുലും സംഘവും നിലപാടില്‍ വെള്ളം ചേര്‍ക്കരുത്. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കണം. ഓരോയിടത്തും തനതായ രാഷ്ട്രീയ പോരാട്ടഭൂമി തുറക്കണം. ഇന്ത്യയിലെ ജനങ്ങള്‍ ദരിദ്രരായിരിക്കാം. നല്ലൊരു ശതമാനം നിരക്ഷരരുമായിരിക്കാം. അവര്‍ ജാതിയില്‍ കുടുങ്ങിക്കിടക്കുകയായിരിക്കാം. പക്ഷേ, പോളിംഗ് ബൂത്തില്‍ പാഠം പഠിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍ അത് നടപ്പാക്കുക തന്നെ ചെയ്യും. മാധ്യമ മേലാളന്‍മാര്‍ സൃഷ്ടിക്കുന്ന പൊതുബോധമൊന്നും ആ പ്രതികാരാഗ്നിയെ കെടുത്താന്‍ പര്യാപ്തമായിരിക്കില്ല. ബി ജെ പിക്ക് ഗുജറാത്തിലേറ്റ പരുക്ക് അവിടുത്തെ ഒരു പത്രവും പ്രവചിച്ചില്ലെന്നോര്‍ക്കണം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ