ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുന്ന എബോള വൈറസിനു മുമ്പില്‍ ആശങ്കയോടെ നില്‍ക്കുകയാണ് ലോകം. സമീപ കാലത്ത് ഇത്രയേറെ ഭീതിവിതച്ച മറ്റൊരു രോഗമില്ല. അപ്രതിരോധ്യ പകര്‍ച്ചാ വ്യാധിയായ എബോള ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഭീതിയുടെ നിഴലിലാണു നാം.
വ്യൈശാസ്ത്രത്തിന് എബോള വൈറസിനെകുറിച്ചുള്ള ആശങ്ക ഗുരുതരമാക്കുന്നത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, അത്യാധുനിക ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും എബോള വൈറസിനുള്ള മരുന്നോ പ്രതിരോധ വാക്സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട,് രോഗബാധിതരില്‍ 90% വും മരണത്തിന് കീഴടങ്ങേണ്ടിവരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ആഴ്ചയിലും പതിനായിരം കടക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കേവലം രോഗമെന്നതില്‍ കവിഞ്ഞ് വലിയൊരു സാമൂഹിക വിപത്തായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള മാറിയിരിക്കുന്നു.
അസംഖ്യം സൂക്ഷ്മ ജീവികളുള്ള ലോകത്താണ് നമ്മുടെ ജീവിതം. സൂക്ഷ്മ ദര്‍ശനിയില്‍കൂടി മാത്രം കാണാന്‍ കഴിയുന്ന ഇവയില്‍ പലതും മാരകമായ രോഗാണുക്കളുമാണ്. രോഗാണുക്കള്‍ നിരന്തരമായി നമ്മുടെ ശരീരത്തില്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ പ്രതിരോധ ശക്തിമൂലം രോഗാണുക്കളെ നശിപ്പിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ എബോള ബാധിച്ചാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം പ്രതിരോധ ശേഷി തകരുന്ന അവസ്ഥയാണ് പ്രകടമാവുന്നത്.
1976ല്‍ ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലാണ് എബോള ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് 20 തവണ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ രോഗ ബാധയുണ്ടായി. മൂന്നര പതിറ്റാണ്ടുകള്‍ക്ക് ശേഷം 2014ലാണ് ഈ രോഗം ഭീകര രൂപം പ്രാപിക്കുന്നത്. ആഫ്രിക്ക കടന്ന് അമേരിക്കയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വൈറസ് സഞ്ചരിച്ചെത്തിയിരിക്കുന്നു.
ലോകത്ത് ഇതുവരെ എബോള ബാധിച്ചു അയ്യായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പതിനായിരത്തിലധികം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ എബോള രോഗത്തിന് കീഴടങ്ങി. 250 സന്നദ്ധ പ്രവര്‍ത്തകര്‍ എബോള ബാധിച്ച് ചികിത്സയിലാണ്. സുരക്ഷാകവചങ്ങള്‍ ധരിച്ചും എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെ ശുശ്രൂഷിക്കാറുള്ളത്. എന്നിട്ടും അവരില്‍ പലര്‍ക്കും രോഗം ബാധിച്ചത് ആരോഗ്യ മേഖലയെതന്നെ ആശങ്കയിലാഴ്ത്തുന്നു.
മൃഗങ്ങളിലൂടെയാണ് എബോള വൈറസ് മനുഷ്യരിലെത്തിയത്. മൃഗങ്ങളില്‍ ഈ വൈറസ് ജനിതക മാറ്റം സംഭവിച്ചാണ് മനുഷ്യരില്‍ പ്രവേശിച്ചത്. ഇറച്ചി എടുക്കുമ്പോഴും അവയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴും രോഗാണുബാധയുണ്ടാകാം. ആഫ്രിക്കയിലെ പഴം തീനി വവ്വാലുകള്‍, ചിമ്പാന്‍സി, പന്നി, ഗറില്ലകള്‍, മുള്ളന്‍ പന്നി, മാന്‍ എന്നിവയാണ് പ്രധാനമായും രോഗ വാഹകര്‍. ഇവയുടെ ശരീരത്തിലെ എല്ലാ തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകും. പക്ഷേ അവയില്‍ രോഗം മാരകഫലമുളവാക്കുകയില്ല എന്ന് മാത്രം.
എയ്ഡ്സിനേക്കാള്‍ ഭീകരമാണ് എബോള. മുന്‍കരുതലും ധാര്‍മികമായ അച്ചടക്കവുമുണ്ടെങ്കില്‍ എയ്ഡ്സിനെ പിടിച്ചുനിര്‍ത്താമെങ്കില്‍ എല്ലാ പ്രതിരോധ കവചങ്ങളെയും തകര്‍ത്തെറിഞ്ഞാണ് എബോളയുടെ കടന്നാക്രമണം. രോഗം വന്ന മനുഷ്യന്റെ ഉമിനീര്‍, വിയര്‍പ്പ്, രക്തം, ശുക്ലം, മറ്റു സ്രവങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം രോഗസംക്രമണത്തിനിടയാക്കും. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം ചുംബിക്കുക, കുളിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും രോഗം പകരാം.
അണുബാധയുള്ളവരെ കുത്തിവെക്കാനുപയോഗിച്ച സിറിഞ്ചും സൂചിയും പൂര്‍ണമായും അണുനാശനം വരുത്താതെ മറ്റുള്ളവരില്‍ ഉപയോഗിച്ചാല്‍ രോഗം പകരും. ഗര്‍ഭിണികളിലും കുട്ടികളിലും നേരിയ സമ്പര്‍ക്കം പോലും എബോള ബാധിക്കാന്‍ കാരണമാകും.
ഉഷ്ണ മേഖല കാടുകള്‍ക്കടുത്തുള്ള മധ്യ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള വൈറസ് കൂടുതലായി കണ്ടുവരുന്നത്. കോംഗോ, സുഡാന്‍, ഐവറികോസ്റ്റ്, ഉഗാണ്ട, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളില്‍ രോഗം അതി ശീഘ്രം വളര്‍ന്നുകൊണ്ടിരിക്കുന്നു. ലൈബീരിയയില്‍ രണ്ടായിരത്തിലധികം പേര്‍ ഇതിനകം എബോള ബാധിച്ചു മരിച്ചു. സിയാറലിയോണില്‍ 900 പേരും ഗിനിയയില്‍ 800 പേരും എബോള ബാധിച്ചു മരിച്ചു. ഇവിടങ്ങളിലെല്ലാം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചും ആളുകള്‍ക്ക് യാത്രാ സ്വാതന്ത്ര്യം നിഷേധിച്ചും രോഗ വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
അഞ്ച് വ്യത്യസ്ത ഇനം എബോള വൈറസുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ബുന്‍ഡിബുഗ്യോ എബോള വൈറസ് (ആൗിറശയൗഴൗീ ഋയീഹമ ഢശൃൗ)െ സയര്‍ (ദമശൃല ഋയീഹമ ഢശൃൗ)െ റൈസ്റ്റന്‍ (ഞലെേീി ഋയീഹമ ഢശൃൗ)െ സുഡാന്‍ (ടൗറമി ഋയീഹമ ഢശൃൗ)െ തായ്ഫോറസ്റ്റ് (ഠമശ എീൃലെേ ഋയീഹമ ഢശൃൗ)െ എന്നിവയാണവ. രോഗം കണ്ടെത്തിയ സ്ഥലത്തോട് ചേര്‍ത്തിയാണ് ഇവക്ക് വ്യത്യസ്ത പേരുകള്‍ വന്നത്. കോംഗോ റിപ്പബ്ലിക്കിലെ യാംബുഗ ഗ്രാമത്തിനോടടുത്തുകൂടി ഒഴുകുന്ന എബോള അരുവിയുടെ പേരുമായി ബന്ധപ്പെട്ടതാണ് എബോള വൈറസ് ഡീസീസിന് (ഇ വി ഡി) എബോള എന്ന് പേര് നല്‍കിയത്. ഇപ്പോഴത്തെ രോഗബാധ സയര്‍ ഇനത്തില്‍ നിന്നാണ്.
മാരക രോഗങ്ങള്‍ കണ്ടെത്താന്‍ സാധാരണ നടത്തുന്ന എലിസ ടെസ്റ്റ് വഴി എബോള വൈറസിനെ തിരിച്ചറിയാനാകും. ആന്‍റിജന്‍ ഡിറ്റക്ഷന്‍ ടെസ്റ്റ്, ആര്‍. ടി. പി. സി. ആര്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി എന്നിവ വഴിയും വൈറസിനെ തിരിച്ചറിയാം. പക്ഷേ കോളറ, പ്ലേഗ്, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിക്കുമ്പോള്‍ മാത്രമേ രോഗം എബോളയാണെന്ന് വ്യക്തമാകൂ.
വൈറസ് പ്രവേശിച്ച് 6, 7 ദിവസങ്ങള്‍കൊണ്ട് ലക്ഷണങ്ങള്‍ പ്രകടമാവും. ചിലപ്പോള്‍ ഇതിന് 21 ദിവസം വരെ എടുക്കും. തല വേദന, സന്ധി വേദന, പേശി വേദന എന്നിവയോടെയുള്ള പനിയാണ് പ്രാരംഭ ലക്ഷണം. പന്നീട് വയറിളക്കം, ഛര്‍ദ്ദി, വയര്‍ വേദന, ദേഹത്ത് ചുവന്ന തുടിപ്പ് പ്രത്യക്ഷപ്പെടല്‍ എന്നിവ ഉണ്ടാകും. ഭക്ഷണത്തിന് താല്‍പര്യക്കുറവ് കണ്ണ് ചുവക്കുക, തൊലി വരണ്ട് പോകുക, ഉമിനീര് ഇറക്കുമ്പോള്‍ തൊണ്ടയില്‍ വേദന, ശ്വാസ തടസ്സം എന്നിവയും രോഗ ലക്ഷണങ്ങളാണ്. ദിവസങ്ങള്‍ക്കകം വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാകും. ചെവി, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രക്തം വരും. ആന്തര രക്ത സ്രാവവുമുണ്ടാവും. ചികിത്സയോ മരുന്നോ കണ്ടെത്താത്തതിനാല്‍ എബോള ബാധിച്ചാല്‍ മരണമാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

മുസ്തഫ സഖാഫി കാടാമ്പുഴ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ