വദ്ദാന്‍. മക്കയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈ ചെരുവിലാണ് ഗിഫാര്‍ ഗോത്രം കഴിഞ്ഞിരുന്നത്. ഖാഫിലകള്‍ നല്‍കുന്ന വിഭവങ്ങളാണ് ഗിഫാര്‍ ഗോത്രത്തിന്റെ ഭക്ഷണങ്ങള്‍. അപ്രഖ്യാപിതമായ ചുങ്കം നല്‍കാത്തവരെയും തൃപ്തികരമല്ലാത്ത വിഭവങ്ങള്‍ നല്‍കുന്നവരെയും അവര്‍ കൊള്ളയടിച്ചു.
ജുംദുബ്നു ജുനാദ പിറന്നത് ഗിഫാര്‍ ഗോത്രത്തിലാണ്. അബൂദര്‍റ് എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. ദീര്‍ഘ ദൃഷ്ടിയും ബോധത്തിന്റെ തെളിച്ചവും നെഞ്ചുറപ്പും അദ്ദേഹം വ്യത്യസ്തനാക്കി. ആരാധനാ മൂര്‍ത്തികളായ ബിംബങ്ങള്‍ അബൂദര്‍റിനെ വെറിപിടിപ്പിച്ചു. ചൈതന്യമറ്റ അറേബ്യന്‍ വിശ്വാസവും മതനവീകരണവും വിമര്‍ശിച്ചു. തനിക്ക് ബോധ്യപ്പെട്ട വിശ്വാസത്തിലെ പൊള്ളത്തരം ഉറക്കെ പറഞ്ഞു. ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന ധിഷണയും ബോധവും ഉണര്‍ത്തുന്ന ഒരു പ്രവാചകന്റെ നിയോഗത്തിനായി അബൂദര്‍റ് കാത്തിരുന്നു.
* * *
ലാഇലാഹ ഇല്ലല്ലാഹ്
“നിങ്ങളെപ്പോലെ ഇങ്ങനെ പറയുന്ന ഒരാള്‍ മക്കയിലുണ്ട്. അയാള്‍ പ്രവാചകനാണു പോലും…’
അബൂദര്‍റിനോട് വദ്ദാനിലൂടെ പോകുകയായിരുന്ന ഒരു വര്‍ത്തകന്‍ പറഞ്ഞു. പ്രവാചകനെക്കുറിച്ചറിയാന്‍ അദ്ദേഹം ജിജ്ഞാസുവായി.
“ഉനൈസ്… നീ മക്കയിലേക്കു പോവുക. നബിയാണെന്ന് വാദിക്കുന്ന, ആകാശത്തുനിന്ന് വഹ്യ് എത്തുന്ന വ്യക്തിയെ അറിയുക. അയാളുടെ വചനങ്ങള്‍ എനിക്ക് എത്തിച്ചുതരിക.’ അബൂദര്‍റ് സഹോദരനെ പ്രേരിപ്പിച്ചു.
ഉനൈസ് മക്കയില്‍ നിന്നും തിരിച്ചെത്തി. അബൂദര്‍റ് തന്റെ സഹോദരനെ കാണാന്‍ ധൃതിപ്പെട്ടു. ഓടിച്ചെന്ന് വിശേഷങ്ങള്‍ ആരാഞ്ഞു.
“ഉന്നത മൂല്യങ്ങളിലേക്ക് വഴിനടത്തുന്ന ഒരാളെ ഞാന്‍ കണ്ടെത്തി, അയാളുടെ വചനങ്ങള്‍ കവിത പോലെയാണ്’ ഉനൈസ് പറഞ്ഞു. (ഉനൈസ് ഒരു കവിയായിരുന്നു.)
അബൂദര്‍റ്: “ജനങ്ങള്‍ എന്തു പറയുന്നു…?’
“കവിയെന്നും ജ്യോത്സ്യനെന്നും മാരണക്കാരനെന്നും വിളിക്കുന്നു.’
“നീ എന്റെ വിശപ്പടക്കിയില്ല, ദാഹം തീര്‍ത്തില്ല…’ താന്‍ പ്രതീക്ഷിക്കുന്ന വിവരങ്ങള്‍ ലഭിച്ചില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അബൂദര്‍റിന്റെ മറുമൊഴി.
“ഞാന്‍ പോയി വരുന്നതുവരെ നീ എന്റെ കുടുംബത്തെ പരിചരിക്കുമോ?’
“ഓ… പിന്നെ, നീ മക്കക്കാരെ സൂക്ഷിക്കണം.’
അബൂദര്‍റ് ആവശ്യമായ ഭക്ഷണം പൊതിഞ്ഞെടുത്തു. വെള്ളപ്പാത്രവും കരുതി. അടുത്ത പ്രഭാതത്തില്‍ പ്രവാചകനെ കണ്ടെത്താനായി മക്കക്കു തിരിച്ചു.
* * *
അബൂദര്‍റ് മക്കയിലെത്തി.
ഖുറൈശികള്‍ പൊതുവെ ആ സത്യവചനത്തോട് എതിരാണെന്ന് അദ്ദേഹം മനസ്സിലാക്കി. മുഹമ്മദ് നബി(സ്വ)യെ പിന്തുടരുന്നവരെ അവര്‍ പീഡിപ്പിച്ചിരുന്നു. പ്രവാചക ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയാത്തതിനാല്‍ ആരോടും ഒന്നും അപേക്ഷിച്ചിട്ടില്ല.
* * *
നേരം ഇരുട്ടായി. അലി(റ) പള്ളിയിലെത്തിയപ്പോള്‍ അപരിചിതനായ ഒരാള്‍ പള്ളിയില്‍ കിടക്കുന്നത് കണ്ട് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
അബൂദര്‍റ് കൂടെ പോയി, രാപാര്‍ത്തു. പ്രഭാതത്തില്‍ ആരോടും പറയാതെ വെള്ളപാത്രവും പാഥേയവുമായി പള്ളിയിലേക്കു മടങ്ങി.
രണ്ടാം ദിവസം. അന്നും പ്രവാചകനെ കണ്ടെത്താനാവാതെ പ്രദോഷമായപ്പോള്‍ പള്ളിയില്‍ കിടക്കാനിടമൊരുക്കി. അപ്പോഴതാ അലി(റ) വരുന്നു.
അന്നും അലി(റ)യുടെ കൂടെ താമസിച്ചു. എന്നിട്ടും പരസ്പരം പരിചയപ്പെടാന്‍ നിന്നില്ല. മൂന്നാം ദിവസവും തലേനാളുകളുടെ ആവര്‍ത്തനമായിരുന്നു. പക്ഷേ, അന്ന് അലി(റ) തന്റെ അതിഥിയോട് ചോദിച്ചു:
നിങ്ങളുടെ ആഗമന ലക്ഷ്യത്തെക്കുറിച്ച് എന്നെ അറിയിക്കുമോ…?
“ഞാന്‍ ഒരുക്കമാണ്, എന്റെ ആവശ്യം നിവര്‍ത്തിച്ചു തരുമെന്ന് ഉറപ്പു തരികയാണെങ്കില്‍.’
അലി(റ) വാക്കു നല്‍കി.
അബൂദര്‍റ്: “വിദൂരദിക്കില്‍ നിന്നും പുതിയ പ്രവാചകനെ കാണാനും വചനങ്ങള്‍ കേള്‍ക്കാനുമാണ് ഞാന്‍ മക്കയിലെത്തിയത്.’
അലി(റ)യുടെ മുഖം ശോണിമയായി. “സത്യം, അദ്ദേഹം പ്രവാചകനാണ്, തീര്‍ച്ചയായും… തീര്‍ച്ചയായും…’
“അതിരാവിലെ നമുക്ക് പ്രവാചകരെ കാണാനായി പുറപ്പെടാം, നിങ്ങളെന്നെ പിന്തുടരുക. അരുതാത്തതെന്തെങ്കിലും ഉണ്ടായാല്‍ ഞാന്‍ വെള്ളം പകര്‍ന്നു തരുന്നതുപോലെ കാണിക്കും. പ്രവാചകരുടെ വസതിയിലെത്തും വരെ എന്നെ പിന്തുടരുക.’
അബൂദര്‍റിന് ആ രാത്രിയില്‍ ഉറങ്ങാനായില്ല. നിമിഷങ്ങള്‍ക്ക് നാഴികകളുടെ ദൂരം അനുഭവപ്പെട്ടു. മുത്ത്നബിയെ കാണാനും ദൈവവചനങ്ങള്‍ കേള്‍ക്കാനുമായി ആ ഹൃദയം മിടിച്ചുകൊണ്ടിരുന്നു. ശരീരം തണുത്ത് മരവിക്കുന്നതുപോലെ….
പ്രഭാതം വിടര്‍ന്നു. അലി(റ) അബൂദര്‍റുമായി പ്രവാചകര്‍(സ്വ)യുടെ വീട്ടിലേക്ക് പുറപ്പെട്ടു. അബൂദര്‍റ് നിമിഷങ്ങളെണ്ണി നടന്നു. വഴിയോരക്കാഴ്ചകളില്‍ കണ്ണുടക്കിയില്ല. ആ മനസ്സില്‍ കാണാനിരിക്കുന്ന പ്രവാചകന്റെ സാങ്കല്‍പിക ചിത്രങ്ങള്‍ മാറിമറിഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു.
വീടെത്തി. “അസ്സലാമു അലൈക്കും’ അബൂദര്‍റ് പ്രവാചകര്‍ക്ക് സലാം ചൊല്ലി.
“വ അലൈകുമുസ്സലാം വറഹ്മതുല്ലാഹ്…’ (ആദ്യമായി പ്രവാചകര്‍ക്ക് ഇസ്‌ലാമികാഭിവാദ്യമര്‍പ്പിച്ചത് അബൂദര്‍റായിരുന്നുവെന്ന് ചരിത്രം).
അബൂദര്‍റ് കാത് കൂര്‍പ്പിച്ചിരുന്നു. നോട്ടം പ്രവാചകരുടെ വദനത്തില്‍ കേന്ദ്രീകരിച്ചു. ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയാണ്. ഉള്ളം തുറന്ന് എല്ലാം കേട്ടിരുന്നു. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ ഹൃദയത്തില്‍ ഊര്‍ന്നിറങ്ങി. വിമോചനത്തിന്റെ വഴി പരതിയിറങ്ങിയ ആ യാത്രികന്‍ മടിയേതുമില്ലാതെ സത്യപ്രസ്താവം നടത്തി. പ്രവാചകരില്‍ വിശ്വസിക്കുന്ന നാലാമത്തെ അനുചരനായി.
ഇനിയുള്ള കഥകള്‍ അബൂദര്‍റ്(റ) തന്നെ പറഞ്ഞുതരും:
ഞാന്‍ മക്കയില്‍ കഴിഞ്ഞു. ഇസ്‌ലാമിക പാഠങ്ങള്‍ ചൊല്ലിപ്പഠിച്ചു. പ്രവാചകര്‍ എനിക്ക് ഖുര്‍ആന്‍ പാരായണം ചെയ്തുതന്നു. അവിടുന്ന് എന്നോട് പറഞ്ഞു:
“അബൂദര്‍റ്, നിങ്ങള്‍ മുസ്ലിമായത് ഖുറൈശികള്‍ അറിയരുത്. നിങ്ങളെ അവര്‍ അപകടപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
ഞാന്‍ പറഞ്ഞു: “എന്റെ ആത്മാവിന്റെ അധികാരിയാണേ സത്യം, പള്ളിയില്‍ ഖുറൈശീ പ്രമുഖര്‍ക്ക് മുന്നില്‍ സത്യപ്രസ്താവം ഉറക്കെ പറഞ്ഞിട്ടല്ലാതെ ഞാന്‍ മക്ക വിട്ടുപോകില്ല.’
പ്രവാചകര്‍(സ്വ) മൗനിയായി.
ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. ഖുറൈശികള്‍ അവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് നടുവില്‍ ചെന്ന് ഉറച്ച ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു:
“ഓ ഖുറൈശികളേ, ആരാധ്യന്‍ ഏകനെന്നും മുഹമ്മദ്(സ്വ) അവന്റെ പ്രവാചകനെന്നും ഞാന്‍ സത്യസാക്ഷ്യം വഹിച്ചിരിക്കുന്നു.’
എന്റെ ശബ്ദം ചെവിയിലടിച്ചപ്പോള്‍ അവരെല്ലാം ഞെട്ടിത്തരിച്ചു. ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റു.
അവര്‍ പറഞ്ഞു: നീ ആ മതം ഉപേക്ഷിക്കണം. ഞാന്‍ വിസമ്മതിച്ചു. അവര്‍ എനിക്ക് നേരെ തിരിഞ്ഞു. എന്നെ അടിച്ചുവീഴ്ത്തി. മരണവക്കോളമെത്തിച്ചു. അപ്പോഴവിടെയെത്തിയ പ്രവാചക പിതൃവ്യന്‍ അബ്ബാസ്(റ) ഇടപെട്ട് എന്നെ രക്ഷിച്ചു. പിന്നെ അവരോടു പറഞ്ഞു;
“നിങ്ങളെന്ത് മൂഢന്മാര്‍, നിങ്ങളുടെ ഖാഫിലകള്‍ കടന്നുപോകുന്ന ഗിഫാര്‍ ഗോത്രത്തിലെ ഒരാളെയാണോ നിങ്ങള്‍ കൊല്ലുന്നത്…’
ഇതുകേട്ട് അവരൊക്കെ പിന്മാറി.
അടിയുടെ വിഷമതകള്‍ ഒട്ടൊന്നു വിട്ടു മാറിയപ്പോള്‍ ഞാന്‍ പ്രവാചക സവിധത്തിലേക്ക് വേച്ചുവേച്ചു നടന്നു.
“ഇസ്‌ലാം പരസ്യമാക്കുന്നത് ഞാന്‍ വിലക്കിയതല്ലേ…’ എന്നെ കണ്ടയുടന്‍ പ്രവാചകര്‍(സ്വ) ചോദിച്ചു.
“നബിയേ, അതെന്റെ ആവശ്യമായിരുന്നു, ഞാനത് നിറവേറ്റി.’
പ്രവാചകര്‍: “നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുക, നീ അറിഞ്ഞതും അനുഭവിച്ചതും അവരോട് പങ്കുവെക്കുക. അത് അവര്‍ക്ക് ഉപകരിച്ചേക്കും. അല്ലാഹു നിങ്ങളുടെ വാക്കുകള്‍ക്ക് സ്വാധീനവും സ്വീകാര്യതയും നല്‍കിയേക്കും.’
അങ്ങനെ ഞാന്‍ നാട്ടിലേക്കു മടങ്ങി. എന്റെ സഹോദരന്‍ ഉനൈസിനെ കണ്ടുമുട്ടി. അവന്‍ വിശേഷങ്ങളാരാഞ്ഞു. ഞാന്‍ അവനില്‍ ഇസ്‌ലാമിനെ കുറിച്ച് താല്‍പര്യമുണ്ടാക്കി. വൈകാതെ അവന്‍ ഉള്ളം തുറന്നു സത്യപ്രകാശം സ്വീകരിച്ചു മുസ്ലിമായി. പിന്നെ ഞങ്ങളിരുവരും മാതാവിന്റെ അരികില്‍ ചെന്ന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. അവരും ഇസ്‌ലാം വരിക്കാന്‍ മടി കാണിച്ചില്ല.
പിന്നീട് ക്ഷീണങ്ങളേതുമില്ലാതെ മതപ്രചാരണത്തിലേര്‍പ്പെട്ടപ്പോള്‍ അനേകം ഗിഫാര്‍ കുടുംബങ്ങള്‍ മുസ്‌ലിംകളായി. നിസ്കാരവും മറ്റു മതകര്‍മങ്ങളും ഭംഗിയായി നിര്‍വഹിക്കപ്പെട്ടു.
പ്രവാചകര്‍(സ്വ)യുടെ മദീനാ പ്രവേശം വരെ ചില കുടുംബങ്ങള്‍ തങ്ങളുടെ ഇസ്‌ലാമികാശ്ലേഷണത്തെ വൈകിപ്പിച്ചു. പ്രവാചകര്‍ മദീനയിലെത്തിയ ഉടന്‍ അവരും മുസ്‌ലിംകളായി.
പ്രവാചകര്‍(സ്വ) ഒരുവേള പറഞ്ഞു: “ഗിഫാര്‍ ഗോത്രത്തിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. അവര്‍ മുസ്‌ലിംകളായി, അല്ലാഹു അവരെ രക്ഷിക്കട്ടെ.’
* * *
ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ് യുദ്ധങ്ങള്‍ കഴിയുന്നതുവരെ അബൂദര്‍റ്(റ) നാട്ടില്‍ തന്നെ താമസിച്ചു. ശേഷം മദീനയിലെത്തി പ്രവാചകരെ ചുറ്റിപ്പറ്റി ജീവിച്ചു. അവിടുത്തെ സേവകനാകാന്‍ താല്‍പര്യപ്പെട്ടു. പ്രവാചക സേവനത്തില്‍ വിജയിക്കുകയും സഹവാസം കൊണ്ട് ശ്രേഷ്ഠനാവുകയും ചെയ്തു.
അബൂദര്‍റിന് ഇസ്‌ലാമില്‍ ഉന്നത സ്ഥാനവും സ്വീകാര്യതയും ലഭിച്ചു. പ്രവാചകരുടെ തണല്‍ അദ്ദേഹത്തെ ധന്യനാക്കി.
* * *
പ്രവാചകര്‍(സ്വ) അല്ലാഹുവിന്റെ സവിധത്തിലേക്കു നീങ്ങി. അവിടുന്ന് വിട്ടുമാറിയ മദീന അബൂദര്‍റില്‍ മുറിപ്പാടുണ്ടാക്കി. ജ്ഞാനമുത്തുകള്‍ വിതറിയിരുന്ന മദീനാ പള്ളിയുടെ അകത്തളം മൂകമായത് അദ്ദേഹത്തില്‍ ശക്തമായ നീറ്റലുണ്ടാക്കി.
മറ്റു പലരെയും പോലെ അബൂദര്‍റും മദീന വിട്ട് ശാമിലേക്ക് യാത്രപോയി. ഉമര്‍(റ)ന്റെ കാലം വരെ അവിടെ കഴിഞ്ഞു.
ഉസ്മാന്‍(റ)ന്റെ കാലത്ത് അദ്ദേഹം ദിമശ്ഖില്‍ താമസമാക്കി. പരിത്യാഗിയായ അബൂദര്‍റി(റ)ന് ചില മുസ്‌ലിംകളുടെ ദുന്‍യാവിനോടുള്ള അമിതപ്രതിപത്തിയോടും ആര്‍ത്തിയോടും യോജിക്കാനായില്ല. ഇതറിഞ്ഞ ഉസ്മാന്‍(റ) അദ്ദേഹത്തെ മദീനയിലേക്കു ക്ഷണിച്ചു. മദീനയിലെ ഉള്‍ഗ്രാമമായ അല്‍റിബ്സയിലേക്ക് താമസം മാറ്റാന്‍ ഉസ്മാന്‍(റ) നിര്‍ദേശം നല്‍കി. അദ്ദേഹത്തിന്റെ മാനസികാവസ്ഥക്ക് ഏറ്റവും അനുയോജ്യ ഇടമായിരുന്നു അത്. പാരത്രിക ലോകത്തിന് ഭൗതിക സുഖത്തേക്കാള്‍ പ്രാമുഖ്യം നല്‍കുന്ന പ്രവാചകരുടെയും അനുചരരുടെയും ശൈലിയെ ഉപജീവിച്ച് ദുന്‍യാവിന്റെ ആവശ്യത്തില്‍ നിന്നും വിട്ടുമാറി ജനങ്ങളില്‍ നിന്നകന്ന് ആ ഗ്രാമത്തില്‍ അദ്ദേഹം ആരാധനയുമായി കഴിഞ്ഞുകൂടി.
ഒരു ദിവസം ആ വീട്ടില്‍ ഒരാളെത്തി. വീട് മൊത്തം കണ്ണോടിച്ചു: വിഭവങ്ങളായി ഒന്നും അവിടെ കണ്ടില്ല. അദ്ദേഹം ചോദിച്ചു: അബൂദര്‍റ്, എവിടെ നിങ്ങളുടെ സന്പാദ്യങ്ങള്‍?
അബൂദര്‍റ്: “ഞങ്ങള്‍ക്കവിടെ ഒരു വീടുണ്ട് (പാരത്രിക ലോകത്ത്). നല്ല വിഭവങ്ങളങ്ങോട്ട് കയറ്റിയയക്കുന്നു.’
“ഇവിടെയുള്ളിടത്തോളം വിഭവങ്ങള്‍ ആവശ്യമാണ്’ഉദ്ദ്യേം മനസ്സിലാക്കിയ ആഗതന്‍ പറഞ്ഞു.
“ഉടമസ്ഥന്‍ ഞങ്ങളെ ഇവിടെ ഒഴിവാക്കിയിടുന്നില്ലല്ലോ.’ എന്നായിരുന്നു മഹാനുഭാവന്റെ പ്രതികരണം!
ഒരിക്കല്‍ ശാം ഗവര്‍ണര്‍ മുന്നൂറ് ദീനാര്‍ അയച്ചുകൊടുത്ത്, ഇതുകൊണ്ട് നിങ്ങളുടെ ആവശ്യം നിവര്‍ത്തിക്കുക എന്ന് അബൂദര്‍റ്(റ)നോട് ആവശ്യപ്പെട്ടു. ആ ദീനാര്‍ തിരിച്ചുകൊടുത്ത് അദ്ദേഹം പറഞ്ഞു: എന്നേക്കാള്‍ ദരിദ്രരെ നിങ്ങള്‍ ശാമില്‍ കണ്ടിട്ടില്ലേ…?
* * *
ഹിജ്റ 32, “ആകാശത്തിന്റെ തണലില്‍, ഭൂമിയുടെ ഉദരത്തില്‍ എന്നു പറയാവുന്നയാള്‍ അബൂദര്‍റാണ്’ എന്നു പ്രവാചകര്‍(സ്വ) വിശേഷിപ്പിച്ച പരിത്യാഗിയായ ആ അടിമയെ മരണത്തിന്റെ കരങ്ങള്‍ പിന്തുടര്‍ന്നെത്തി.

ഹിജ്റ 32, “ആകാശത്തിന്റെ തണലില്‍, ഭൂമിയുടെ ഉദരത്തില്‍ എന്നു പറയാവുന്നയാള്‍ അബൂദര്‍റാണ്’ എന്നു പ്രവാചകര്‍(സ്വ) വിശേഷിപ്പിച്ച പരിത്യാഗിയായ ആ അടിമയെ മരണത്തിന്റെ കരങ്ങള്‍ പിന്തുടര്‍ന്നെത്തി

മുശറഫ് കുറ്റ്യാടി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ