Dars in Kerala - Malayalam

‘അപ്പോൾ കൃഷ്ണൻ മാസ്റ്റർ കീശയിൽ നിന്ന് ഒരു കാലുറുപ്പികയെടുത്ത് ശ്രീധരന്റെ കൈയിൽ കൊടുത്ത ശേഷം നേർച്ചപ്പെട്ടിയിൽ പൊലിക്കാൻ പറയും. ശ്രീധരൻ ശങ്കയോടെ മുഖത്തു നോക്കി ചോദിക്കും: ഇതു മാപ്പിളമാരുടെ പള്ളിയല്ലേ? നമ്മുടെ അമ്പലമല്ലല്ലോ? ‘പറഞ്ഞതനുസരിക്ക്.’ ശാസനാ ഭാവത്തിൽ അച്ഛൻ ശ്രീധരന്റെ മുഖത്തേക്കൊന്നു നോക്കും. ശ്രീധരൻ ഉടൻ പണം നേർച്ചപ്പെട്ടിയിലിടും. അവിടെ നിന്നു മടങ്ങുമ്പോൾ കൃഷ്ണൻ മാസ്റ്റർ ശ്രീധരനെ ഉപദേശിക്കും. മോനേ, ഇതൊരു സിദ്ധന്റെ സ്ഥലമാണ്. സിദ്ധൻമാർക്ക് മാപ്പിളയെന്നോ ഹിന്ദു എന്നോ ഒന്നുമില്ല. സിദ്ധൻമാർ എല്ലാവരും ഒരുപോലെയാണ്. എല്ലാ മനുഷ്യരും ആ പുണ്യവാളരെ വന്ദിക്കണം.’
മുസ്‌ലിം പുണ്യാത്മാക്കളോടുള്ള ഇതര മതസ്ഥരുടെ സമീപനത്തിന്റെ ഏകദേശ ചിത്രമാണ് അപ്പവാണിഭ നേർച്ചയെപ്പറ്റി എസ്‌കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ മേൽ വിവരണം. കേരളത്തിൽ നൂറിൽപരം മഖ്ബറകളുണ്ട്. അവയിൽ അന്തിയുറങ്ങുന്ന പുണ്യാത്മാക്കളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ ഇസ്‌ലാമിക സംസ്‌കാരം വളർന്നത്. അവരുടെ ലളിതമായ ജീവിതരീതിയിലും നിസ്വാർത്ഥ സമീപനത്തിലും ജ്ഞാനവൈപുല്യത്തിലും ആകൃഷ്ടരായാണ് കേരളീയർ ഇസ്‌ലാമിലേക്കു കടന്നുവന്നത്. ജീവിത കാലത്ത് വഴിവിളക്കുകളായി ജ്വലിച്ചുനിന്ന അവർ മരണാനന്തരവും കെടാജ്യോതിസ്സുകളായി പരിലസിക്കുന്നു.
പുരാതനമായ ഒട്ടുമിക്ക പള്ളികളുടെ ചരിത്രം പരിശോധിച്ചാലും ഒരു പുണ്യപുരുഷന്റെ ത്യാഗസ്മരണങ്ങൾ അതിൽ സ്പന്ദിക്കുന്നുണ്ടാവും. അപരിചിത നാട്ടിൽ ഏകനായി ചെന്ന് തദ്ദേശീയരുടെ എല്ലാമായി മാറുന്ന അദ്ദേഹത്തിൽ നിന്ന് അവർ മതത്തിന്റെ വിശുദ്ധി പഠിച്ച് മന:പരിവർത്തനം നടത്തുന്നു. പിന്നെ അവരുടെ കൂടി സഹകരണത്തോടെ അവിടെ ആരാധനാലയം പണിയുന്നു. നാട്ടുകാരുടെ സങ്കടങ്ങൾ നിവർത്തിച്ചും സന്തോഷങ്ങളിൽ പങ്കുചേർന്നും ആരാധനകളിൽ മുഴുകിയും ജീവിക്കുന്ന ആ മഹത്തുക്കൾ മരിക്കുമ്പോൾ അവരെ ആദരവോടെ കണ്ടിരുന്ന ജനങ്ങൾ ഉചിതമായ സ്മാരകങ്ങൾ പണിയുന്നു. പ്രാചീനമായ പല പള്ളികൾക്കും ചാരത്ത് അതിന്റെ ശിൽപിയുടെ മഖ്ബറകൾ ഉയർന്നത് അങ്ങനെയാണ്.
മഖ്ബറകളോടനുബന്ധിച്ച് പള്ളികൾ പടുത്തുയർത്തപ്പെട്ട ഇടങ്ങളുമുണ്ട്. ലൗകിക വിരക്തരായി ജനങ്ങളിൽ നിന്നകന്ന് കാടുകളിലും മലകളിലും ആരാധനാനിരതരായി ഏകാന്തജീവിതം നയിച്ച ധാരാളം പുണ്യപുരുഷന്മാരുണ്ട്. മരണശേഷം അവരെ അവിടെതന്നെ മറവു ചെയ്തു. പിന്നീട് അവിടം ഒരു സന്ദർശന കേന്ദ്രമായി മാറും. സന്ദർശകരുടെ ബാഹുല്യം കാരണം പള്ളിയും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ശൗചാലയവും സജ്ജീകരിക്കുന്നു. പിൽക്കാലത്ത് ആ മഖ്ബറ കേന്ദ്രീകരിച്ച് ഒരു ജനപഥം തന്നെ രൂപപ്പെടുന്നു.

ചരിത്ര സ്മാരകങ്ങൾ

വിശ്വാസികൾക്ക് ആത്മീയ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന വഴിവിളക്കുകളാണ് മഖ്ബറകൾ. ഇസ്‌ലാമിന്റെ വളർച്ചയുടെ നാൾവഴികൾ ഓർമപ്പെടുത്തുന്ന ചരിത്ര മുദ്രകൾ കൂടിയാണ് അവ. മുസ്‌ലിംകളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതിലും സമുദായത്തിന് ദിശാബോധം നൽകുന്നതിലും നിർണായക പങ്കുവഹിച്ച നവോത്ഥാന നായകൻമാരുടെ ത്യാഗോജ്വലമായ ഇന്നലെകളിലേക്ക് ഓരോ മഖ്ബറയും വെളിച്ചം പകരുന്നു. കാസർകോട്ടെ മാലിക് ദീനാർ(റ)ന്റെയും കൊടുങ്ങല്ലൂരിലെ ഹബീബുബ്‌നു മാലിക്(റ)ന്റെയും പന്തലായനിയിലെ തമീമുദ്ദാരി(റ)യുടെയും മഖ്ദൂമുമാരുടെയും മമ്പുറം തങ്ങളുടെയുമൊക്കെ മഖ്ബറകൾ കാണുന്ന ആരുടെയും മനസ്സിൽ അവർ ചെയ്ത ദീനീ സേവനങ്ങളുടെ സ്മരണികകൾ താളുകൾ നിവർത്താതിരിക്കില്ല. മഖ്ബറകൾക്കു നേരെ തിരിയുന്നവർ മുസ്‌ലിംകളുടെ ചരിത്ര പുസ്തകങ്ങളിൽ നിന്ന് നല്ലൊരു ഭാഗമാണ് കീറിയെറിയാൻ തുനിയുന്നതെന്ന് സാരം.

സയ്യിദുമാർ

സ്വഹാബികൾ, പണ്ഡിതന്മാർ, രക്തസാക്ഷികൾ, സയ്യിദുമാർ തുടങ്ങി ഇസ്‌ലാമിന്റെ വ്യാപനത്തിലും മുസ്‌ലിംകളുടെ ഉയർച്ചയിലും നിറസാന്നിധ്യമായി തിളങ്ങിനിന്ന ആത്മീയ ജ്യോതിസ്സുകളാണ് മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്നത്. യമനിൽ നിന്നും ബുഖാറയിൽ നിന്നും മറ്റും കേരളത്തിലെത്തിയവരും ഇവിടെ ജനിച്ചുവളർന്നവരുമായ പ്രധാന സയ്യിദുമാരുടെയെല്ലാം മഖ്ബറകൾ കാണാം. വളപട്ടണം ജലാലുദ്ദീൻ ബുഖാരി, കണ്ണൂർ സിറ്റിയിലെ മൗലൽ ബുഖാരി, കുറ്റിച്ചിറ ശൈഖ് ജിഫ്‌രി, മമ്പുറം സയ്യിദലവി തങ്ങൾ തുടങ്ങി അനേകം മഹത്തുക്കളുടെ മഖാമുകൾ ഈ ഗണത്തിൽ പെടുത്താം. മലബാറിലെ ഇസ്‌ലാമിക പ്രചാരണത്തിൽ സയ്യിദുമാർ വഹിച്ച പങ്ക് നിസ്തുലവും നിസ്സീമവുമാണ്. അവരുടെ ഔന്നത്യം അനുഭവിച്ചറിയാത്ത വിശ്വാസികൾ വളരെ വിരളമായിരിക്കും.

വലിയ്യുമാർ

ലൗകിക ബന്ധങ്ങളെല്ലാം വിച്ഛേദിച്ച് ഹൃദയത്തെ സ്ഫുടം ചെയ്ത് അതീന്ദ്രിയജ്ഞാനം നേടിയ മഹാത്മാക്കളാണ് വലിയ്യുമാർ. പഞ്ചേന്ദ്രിയങ്ങളുടെ സഹായം കൂടാതെ അന്തർദൃഷ്ടിയിലൂടെ അദൃശ്യങ്ങൾ വായിച്ചെടുക്കാനുള്ള സിദ്ധിയും അല്ലാഹുവുമായുള്ള സാമീപ്യം വഴി അത്ഭുത കാര്യങ്ങൾ പ്രവർത്തിക്കാനുള്ള അസാധാരണ കഴിവും പലപ്പോഴും അവർക്ക് സ്രഷ്ടാവിൽ നിന്ന് ലഭ്യമാകുന്നു. ഒരൊറ്റ സൂഫിവര്യൻ നിമിത്തമായി ഒരു പ്രദേശം ഒന്നടങ്കം മന:പരിവർത്തനം വരുത്തിയ ഒട്ടേറെ ചരിത്ര സംഭവങ്ങളുണ്ട്. പെരിങ്ങത്തൂരിലെ അലിയ്യുൽ കൂഫീ, ചോമ്പാലയിലെ ഉമർ സുഹ്‌റവർദി, പുറത്തീൽ അബ്ദുൽ ഖാദിർ സാനി, നൂഞ്ഞേരി കുഞ്ഞഹമ്മദ് സൂഫി, ഇടിയങ്ങര ശൈഖ് മുഹമ്മദ് ഹിമ്മസി, പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാർ, വെളിയങ്കോട് ഉമർ ഖാളി, കാഞ്ഞിരമുറ്റം ഫരീദ് ഔലിയ തുടങ്ങി ഈ ഗണത്തിൽ എണ്ണാവുന്ന ധാരാളം മഹാന്മാരുണ്ട്. അവരുടെ ആശീർവാദവും ആശ്വാസവാക്കും പ്രാർത്ഥനയും മന്ത്രിച്ചൂതിയ വെള്ളവും കാരണം അനേകായിരങ്ങൾ ആത്മശാന്തി നേടുകയും ഇസ്‌ലാമിന്റെ തീരത്തണയുകയുമുണ്ടായി.

പണ്ഡിതന്മാർ

മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ച അനേകം പണ്ഡിതവര്യന്മാരുടെ മഖ്ബറകളും കേരളത്തിലുണ്ട്. വിജ്ഞാന പ്രചരണത്തിന് പ്രാമുഖ്യം നൽകി പ്രബുദ്ധരായ സമുദായത്തെ വാർത്തെടുക്കാൻ പ്രയത്‌നിച്ചവരാണ് അവർ. വൈജ്ഞാനിക രംഗത്ത് മഹാവിപ്ലവം തന്നെ അവർ സാധിച്ചെടുക്കുകയുണ്ടായി. പൊന്നാനിയിലെ ശൈഖ് സൈനുദ്ദീൻ കബീർ ഉൾപ്പെടെയുള്ള മഖ്ദൂമുമാർ, കുഞ്ഞിപ്പള്ളിയിലെ മഖ്ദൂം രണ്ടാമൻ, ചൊക്ലിയിലെ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ, കുറ്റിച്ചിറ ഖാളി മുഹമ്മദ്, അഹ്‌മദ് കോയ ശാലിയാത്തി, തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാർ, പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാർ, പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, ഓടക്കൽ അലി ഹസൻ മുസ്‌ലിയാർ, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, ഒകെ ഉസ്താദ് തുടങ്ങിയുള്ള മഹാന്മാരുടെ നീണ്ട നിരതന്നെ എണ്ണാനാവും.

രക്തസാക്ഷികൾ

വിശ്വാസികൾ വളരെ പ്രാധാന്യപൂർവം സമീപിക്കുന്ന മഖാമുകളാണ് രക്തസാക്ഷികളുടേത്. ആരാധനാ സ്വാതന്ത്ര്യത്തിനും ആരാധനാലയങ്ങളുടെ സംരക്ഷണത്തിനും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനും മറ്റുമായി ആയുധമണിഞ്ഞ് ജീവത്യാഗം വരിച്ചവരാണ് അവർ. ഇസ്‌ലാം മതം സ്വീകരിച്ച്, സവർണ മേധാവിത്വത്തെ അംഗീകരിക്കാത്തതിൽ അസഹിഷ്ണുക്കളായ നാടുവാഴികളും മാടമ്പികളും പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരുമായിരുന്നു വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ മാപ്പിളമാർ ഏറ്റുമുട്ടിയ പ്രധാന ശത്രുക്കൾ. രാമന്തളി, പറമ്പത്ത്, ഓമാനൂർ, പുല്ലാര, മലപ്പുറം, ചേരൂർ, മുട്ടിയറ, പുത്തനങ്ങാടി, മണത്തല എന്നീ ശുഹദാ മഖാമുകൾ വിശ്രുതം.

സ്വഹാബികൾ

സ്വഹാബികൾ കേരളത്തിലെത്തിയതായി പശ്ചാത്തല തെളിവുകളും മുസ്‌ലിം അധിവാസ സാക്ഷ്യങ്ങളും പരമ്പരാഗതമായുള്ള ഓർമകളുടെ കൈമാറ്റങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. സ്വഹാബികളുടേതെന്ന് വിശ്വസിക്കപ്പെടുന്ന നിരവധി മഖ്ബറകൾ കേരളത്തിലുണ്ട്. കാസർകോട് തളങ്കരയിലെ മാലികുബ്‌നു ദീനാർ, ബദ്ർ യുദ്ധത്തിൽ പങ്കെടുത്തവരുൾപ്പെടെയുള്ള സ്വഹാബികൾ മൺമറഞ്ഞു കിടക്കുന്നതായി കരുതപ്പെടുന്ന നിലാമുറ്റം മഖാം, സ്വഹാബീ പ്രമുഖൻ അദിയ്യുബ്‌നു ഹാതിം(റ) മറപെട്ടു കിടക്കുന്നുവെന്ന് പറയപ്പെടുന്ന ശ്രീകണ്ഠാപുരം മഖ്ബറ, തമീമുൽ അൻസ്വാരി ഉൾപ്പെടെ പതിനൊന്നോളം സ്വഹാബിമാരുടേതെന്ന് അനുമാനിക്കുന്ന പന്തലായനി പാറോപ്പള്ളി മഖ്ബറ, കൊടുങ്ങല്ലൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹബീബുബ്‌നു മാലിക്(റ) തുടങ്ങിയവർ ഇവരിൽ പെടുന്നു.

സാന്ത്വന കേന്ദ്രങ്ങൾ

മഹാൻമാരുടെ ഖബറിടങ്ങൾ അഭയ കേന്ദ്രങ്ങളും സാന്ത്വന സദനങ്ങളുമായിട്ടാണ് വിശ്വാസികൾ കരുതുന്നത്. നീറുന്ന പ്രശ്‌നങ്ങൾക്കും മാറാരോഗങ്ങൾക്കും ശാന്തി തേടി അവരവിടെയെത്തുന്നു. ജീവിതകാലത്തെന്ന പോലെ മരണാനന്തരവും അവർ സഹായിക്കുമെന്നും അതിനുള്ള കഴിവ് അല്ലാഹു അവർക്ക് നൽകുമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ പറയുന്നു. ചില മഖ്ബറകൾ പ്രത്യേക ചികിത്സക്കു പ്രസിദ്ധമായിട്ടുണ്ട്. വിഷം തീണ്ടി മരണവക്കിലെത്തിയ നൂറുകണക്കിനാളുകൾ പുത്തൻപള്ളിയിൽ വന്ന് ജലപാനം നടത്തി വിഷമുക്തി നേടി തിരിച്ചുപോകുന്നു. ബീമാ പള്ളി മാനസിക രോഗത്തിനും ഐലക്കാട് മഖാം കൂടോത്ര നിവാരണത്തിനും വിശ്രുതമത്രെ.

സന്ദർശക പ്രവാഹം

മഖ്ബറകളിൽ ഇസ്‌ലാമേതര മതസ്ഥർ സ്ഥിരം സന്ദർശകരാണ്. മുസ്‌ലിം പുണ്യപുരുഷന്മാരോട് ഇതര മതവിശ്വാസികൾ പ്രകടിപ്പിക്കുന്ന സ്‌നേഹാദരവുകൾ ആ മഹാന്മാർക്ക് പൊതുജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയാണ് അടയാളപ്പെടുത്തുന്നത്. ജതിമത ഭേദമന്യേ അശരണർക്കും ഹാതാശർക്കും അഭയം നൽകിയ ആ മഹത്തുക്കളുടെ ജീവിത വിശുദ്ധിയിലും വിശാല മനസ്‌കതയിലും ആകൃഷ്ടരായാണ് ഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാമിന്റെ തീരത്തണഞ്ഞത്. അവർ ഉയർത്തിപ്പിടിച്ച മതസൗഹാർദത്തിന്റെ സ്‌നേഹ മുദ്രകൾ ഇന്നും കാണാം. കളിയാട്ടുകാവിലെ ഉത്സവത്തിന് വരുന്ന ഭക്തജനങ്ങൾ പൊയ്ക്കുതിരകളുമായി മമ്പുറത്തു വന്ന് അനുഗ്രഹം വാങ്ങുന്നു. അയ്യപ്പ ഭക്തന്മാർ പേട്ട തുള്ളി വാവർ പള്ളിയിൽ ചെന്ന് പാരിതോഷികങ്ങൾ കാഴ്ചവെക്കുന്നു.
പല മഖ്ബറകളോടനുബന്ധിച്ചും നടന്നിരുന്ന നേർച്ചകൾ മതമൈത്രിയുടെ നേർക്കാഴ്ചകളായിരുന്നു. ചിലതൊക്കെ ഇസ്‌ലാമികാചാരങ്ങൾക്കന്യമായ ഉത്സവങ്ങളായി മാറിയപ്പോൾ പണ്ഡിതർ എതിർക്കുകയും നേർരീതിയിലാക്കുകയും ചെയ്തതും കാണാം. കച്ചവട താൽപര്യങ്ങളായിരുന്നു ഉത്സവാന്തരീക്ഷത്തിൽ അത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ചോതോവികാരമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ചില വൈകല്യങ്ങൾ മാറ്റിവെച്ചാൽ നേർച്ചയിൽ കണ്ടുവന്നിരുന്ന ബഹുമത പങ്കാളിത്തം എന്തുകൊണ്ടും എടുത്തു പറയേണ്ടതാണ്. പല നേർച്ചകളിലും ഹൈന്ദവ സഹോദരങ്ങൾക്ക് വ്യക്തമായ റോളുകൾ കാലങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നതുമാണ്. അവിടങ്ങളിൽ മറപെട്ടു കിടക്കുന്ന മഹാന്മാരോട് അവരുടെ ജീവിത കാലത്ത് സഹോദര സമുദായാംഗങ്ങൾക്കുണ്ടായിരുന്ന സ്‌നേഹാദരവുകളാണ് ഇതിനു പ്രചോദനം. അവരത് തങ്ങളുടെ പിൻതലമുറകളിലേക്കു പകർന്നു. ഇത്തരം ഹൃദയൈക്യം തന്നെയാണ് കേരളത്തിൽ ഇസ്‌ലാമിന്റെ വളർച്ചക്ക് സഹായമേകിയത്. എട്ടര നൂറ്റാണ്ടോളം മുസ്‌ലിംകൾ ഉത്തരേന്ത്യ ഭരിച്ചിട്ടും മലബാറിലേതു പോലൊരു വളർച്ച അവിടങ്ങളിൽ ഉണ്ടായില്ലെന്ന യാഥാർത്ഥ്യം കൂടി ഇതിനോട് ചേർത്തു വെക്കാവുന്നതാണ്.

അലി സഖാഫി പുൽപറ്റ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ