മാംസവില്‍പനക്കാരില്‍ നിന്നും അറവുമൃഗങ്ങളുടെ തല ശേഖരിച്ച്, സവിശേഷമായി പാചകം ചെയ്ത വിഭവങ്ങള്‍ വില്‍ക്കുന്ന ദരിദ്രനായ ഒരു പിതാവിന്റെ പുത്രന്‍ ഉലകം ചുറ്റി ഹദീസ് ഗുരുവായി മാറിയതിനു പിന്നില്‍ ദുആ ബറകത്തിന്റെയും മഹത്തുക്കളെ സല്‍ക്കരിച്ചു നേടുന്ന പുണ്യത്തിന്റെയും ഒരുജ്ജ്വല കഥയുണ്ട്. വിശ്രുതനായ അബൂ മസ്ഊദ് അല്‍ ബങ്കലി അര്‍റാസി (റ) യാദൃച്ഛികമായാണ് ദിഹിസ്താന്‍ ഗ്രാമത്തിലെത്തിയത്. വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ ചെന്നു. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന പുതുമുഖത്തെ ശ്രദ്ധിച്ച കച്ചവടക്കാരന്‍ ചോദിച്ചു: താങ്കളെ കണ്ടിട്ട് ഒരു ആലിമിന്റെ പ്രഭാവമുണ്ടല്ലോ, ആരാണ് താങ്കള്‍? അബൂ മസ്ഊദ് ചെറുതായൊന്ന് പരിചയപ്പെടുത്തി. ജ്ഞാനികളുടെ മഹത്ത്വവും സ്ഥാനവും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യവും അറിയാമായിരുന്ന കച്ചവടക്കാരന്‍ വിനയത്തോടെ പറഞ്ഞു: “ഇത്തരം തട്ടുകടയില്‍ കയറിയിരുന്ന് ഭക്ഷണം കഴിക്കേണ്ടവരല്ല താങ്കളെപ്പോലുള്ളവര്‍; അത് മോശമാണ്. നിങ്ങള്‍ ആ കാണുന്ന മസ്ജിദില്‍ പോയിരിക്കിന്‍, ഭക്ഷണം അങ്ങോട്ടെത്തിച്ചു തരാം.’ കച്ചവടക്കാരന്റെ വിനയവും ആദരപ്രകടനങ്ങളും കണ്ട് അത്ഭുതപ്പെട്ട മഹാനവര്‍കള്‍ മസ്ജിദില്‍ ചെന്നിരുന്നു. താമസംവിനാ, പൊരിച്ച തലയും ചൂടുള്ള കുബ്ബൂസും സുര്‍ക്കയും പച്ചക്കറി സലാഡുമായി കച്ചവടക്കാരനും മകനും മസ്ജിദിലെത്തി. റവ്വാസിന്റെ (തല കച്ചവടക്കാരന്‍) ആതിഥ്യമര്യാദകള്‍ ഗംഭീരമായിരുന്നു. സംതൃപ്തിയോടെ ഭക്ഷണം കഴിച്ചശേഷം മഹാന്‍ റബ്ബിന് നന്ദി പറഞ്ഞു: “താങ്കള്‍ ഈ വിനീതനോടു വല്ലാത്ത ആദരവാണു കാണിച്ചിട്ടുള്ളത്. പകരം തരാന്‍ എന്റെ പക്കല്‍ ഒന്നുമില്ല. താങ്കളുടെ ഈ കൊച്ചുമകനെ എന്നെ ഏല്‍പിക്കാന്‍ സമ്മതമാണെങ്കില്‍ ഞാനവനു തിരുഹദീസുകള്‍ പഠിപ്പിച്ചോളാം.’ റവ്വാസിനു മനം നിറഞ്ഞു. മകനെ ഗുരുവിനെ ഏല്‍പ്പിച്ചു. മഹാഗുരു അബൂമസ്ഊദ് തന്റെ പക്കലുള്ള ഹദീസുകള്‍ മകന്‍ ഉമറിനെ പഠിപ്പിച്ചു. ദിഹിസ്താനിലെ ഹദീസ് ഗുരുക്കളെ സമീപിച്ചു കുട്ടിക്കു കൂടുതല്‍ പഠിക്കാന്‍ അവസരമുണ്ടാക്കി. ഉമര്‍ ഹദീസുലോകം പരിചയപ്പെട്ടു. ജ്ഞാനരസം അനുഭവപ്പെട്ട ബാലന്‍ അക്കാലത്തു തുടങ്ങിയതായിരുന്നു ഹദീസ് തേടിയുള്ള യാത്ര. ദുന്‍യാവ് മുഴുവന്‍ ചുറ്റി സഞ്ചരിച്ച് മുവായിരത്തി അറുനൂറ് ഗുരുക്കളില്‍ നിന്നും ഹദീസ് ശേഖരിക്കുകയും പഠിക്കുകയും നിരൂപിക്കുകയും ചെയ്ത ഹാഫിള് ഉമര്‍ തന്റെ ജ്ഞാന മേഖലയില്‍ അതിപ്രശസ്തനായി വളര്‍ന്നു. അക്കാലത്തെ നോളജ് സിറ്റികളായിരുന്ന ഖുറാസാനിലും ഇറാഖിലും ശാമിലും ഹിജാസിലും മിസ്റിലും അല്‍ജീരിയയിലും അദ്ദേഹം ജ്ഞാനമന്വേഷിച്ചെത്തി. മുസ്‌ലിം ജ്ഞാനികള്‍, മധുതേടിയിറങ്ങുന്ന തേനീച്ചകളെപ്പോലെയായിരുന്നു ആ സുവര്‍ണ കാലഘട്ടങ്ങളില്‍. അബുല്‍ഫിത്യാന്‍ റവ്വാസി എന്നറിയപ്പെട്ട ഹാഫിള് ഉമര്‍ അദ്ദിഹിസ്താനി (ഹി. 428503) ഭാരിച്ച കുടുംബ ബാധ്യതകള്‍ക്കിടയിലും ത്യാഗനിര്‍ഭരമായ പര്യടനങ്ങളിലേര്‍പ്പെട്ടു. ശക്തമായ തണുപ്പുള്ള പ്രദേശങ്ങളില്‍ കഠിനമായ പ്രയാസം സഹിച്ചു യാത്ര തുടര്‍ന്ന മഹാനവര്‍കളുടെ ഒരു വിരല്‍ തണുപ്പിനാല്‍ കോച്ചുകയും മരവിക്കുകയും അടര്‍ന്നുവീഴുകയും ചെയ്തു. ഹാഫിള് അബൂ ജഅ്ഫര്‍ ഹമദാനി(റ) പറയുന്നു: “ദുന്‍യാവ് ആകെയും അദ്ദേഹത്തിനു തത്തുല്യനായ മറ്റൊരു ഹദീസ് ഹൃദിസ്ഥനെ എനിക്കു കാണാന്‍ സാധിച്ചിട്ടില്ല. സഞ്ചരിക്കുന്ന ഗ്രന്ഥപ്പുരയായിരുന്നു അദ്ദേഹം. മക്കയില്‍ വെച്ചാണ് ഞാനദ്ദേഹവുമായി സംഗമിക്കുന്നത്. ഹദീസ് ഗുരുക്കന്മാരഖിലവും അദ്ദേഹത്തെ പ്രശംസിക്കുന്നതു ഞാന്‍ കണ്ടു, കേട്ടു. പിന്നെ ഞാന്‍ ജൂര്‍ജാനില്‍ വെച്ചും റവ്വാസിയെ കാണുകയുണ്ടായി.’ ഹദീസ് ജ്ഞാനത്തില്‍ നക്ഷത്രതുല്യനായിരുന്ന അദ്ദേഹത്തിന്റെ ഗുരുനാഥരിലൊരാളായിരുന്നു വിശ്രുതനായ ഹാഫിള് ഖതീബുല്‍ ബഗ്ദാദി(റ). പക്ഷേ, ശിഷ്യന്റെ ഹദീസ് നൈപുണ്യം തിരിച്ചറിഞ്ഞ ഖതീബ്, ശിഷ്യനില്‍ നിന്നും ധാരാളം ഹദീസ് പകര്‍ത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. അബുല്‍ ഫിത്യാന്‍ വേറെയും ഒട്ടേറെ അതിപ്രഗത്ഭ ജ്ഞാനികളുടെ ഗുരുവായിരുന്നു. ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദ് അല്‍ഗസ്സാലി(റ), അബൂഹഫ്സ് അല്‍ ജൂര്‍ജാനി(റ) തുടങ്ങിയവര്‍ തന്റെ ശിഷ്യഗണത്തില്‍ പെടുന്നു. പ്രസിദ്ധനായ ഇബ്നുമാകൂലാ തന്റെ ഗുരുവും ശിഷ്യനുമാണ്. ലളിത ജീവിതം നയിച്ച മഹാനവര്‍കള്‍ ത്വൂസ് സന്ദര്‍ശിച്ചപ്പോള്‍, ഇമാം ഗസ്സാലി(റ) അദ്ദേഹത്തെ സ്വീകരിച്ചു, സല്‍ക്കരിച്ചു. തന്റെ സത്രത്തില്‍ താമസിപ്പിച്ചു. സ്വൂഫിയും മുഹദ്ദിസും ഒരു താവളത്തില്‍ ഏറെ മാസങ്ങള്‍ ഒന്നിച്ചു പാര്‍ത്തു. നേരത്തെ അബൂസഹല്‍ അല്‍ഹഫ്സ്വിയില്‍ നിന്നും സ്വഹീഹുല്‍ ബുഖാരി ഓതിപ്പഠിച്ചിരുന്നെങ്കിലും, അവസരം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയ ഇമാം ഗസ്സാലി(റ) തന്റെ അതിഥിയില്‍ നിന്നും ബുഖാരിയും മുസ്‌ലിമും ആഴത്തില്‍ പഠിച്ചു. പിന്നീട് ത്വൂസില്‍ നിന്നും പുറപ്പെട്ട ദഹിസ്താനി സറഖ്സിലെത്തിയപ്പോള്‍ അദ്ദേഹത്തോട് ഒരജ്ഞാതന്‍ പറഞ്ഞുവത്രെ, സറഖ്സ് ജ്ഞാനങ്ങളുടെ ഖബ്റിടമാണെന്ന്. അല്ലാഹുവിന്റെ വിധി അങ്ങനെതന്നെ സംഭവിച്ചു. അപാര ജ്ഞാനശേഖരമായിരുന്ന ഹദീസ് സേവകന്‍ ഹാഫിള് ദഹിസ്താനിയുടെ ജ്ഞാനയാത്ര സറഖ്സില്‍ സമാപിച്ചു. അദ്ദേഹത്തെ അവിടെ ഖബ്റടക്കം ചെയ്തു. (സംആനി/അന്‍സാബ്, ദഹബി/തദ്കിറ). ഖാളി അബൂബക്ര്‍ അല്‍ ബസ്സാര്‍ (442535) ദുരിതപര്‍വങ്ങള്‍ താണ്ടി ജ്ഞാനശേഖരണവിനിമയ പാതയില്‍ തെളിഞ്ഞു കത്തിയ മഹാവിളക്കായിരുന്നു. ഹാഫിള് ഇബ്നുറജബ് അല്‍ഹമ്പലി, ത്വബഖാതുല്‍ ഹനാബിലയുടെ അനുബന്ധത്തില്‍ മാരിസ്താനിലെ ഖാളിയെ പരിചയപ്പെടുത്തുന്നുണ്ട്. “കളിവിനോദങ്ങളില്‍ എന്റെ ആയുസ്സിലെ ഒരു നിമിഷം പോലും ഞാന്‍ പാഴാക്കിയിട്ടില്ല’ എന്നു വെളിപ്പെടുത്തിയ ഹാഫിള് സകലകലാ വല്ലഭനായിരുന്നു. അദ്ദേഹത്തിന്റെ ഹദീസ് പാരായണ ശൈലി ഇമ്പമാര്‍ന്നതായിരുന്നു. ശിഷ്യന്‍ ഇബ്നുസ്സംആന്‍ ഗുരുവിന്റെ ഒരു ത്യാഗകഥ അദ്ദേഹം പറഞ്ഞതായി ഇങ്ങനെ ഓര്‍ക്കുന്നു: ഒരു ജ്ഞാനാന്വേഷണ യാത്രക്കിടെ റോമിലെത്തിയ എന്നെ അവിടുത്തെ ക്രിസ്ത്യാനികള്‍ ബന്ധനസ്ഥനാക്കി. ഒന്നരവര്‍ഷം അവര്‍ എന്നെ തടവിലിട്ടു. അഞ്ചുമാസക്കാലം എന്റെ കഴുത്തില്‍ ചങ്ങലപ്പൂട്ടിട്ടു. കൈകാലുകളില്‍ ഇരുമ്പുചങ്ങലയും. ക്രിസ്തുമതം സ്വീകരിക്കാന്‍ ശക്തമായി ആവശ്യപ്പെട്ടു. “മസീഹ് ദൈവത്തിന്റെ പുത്രനാകന്നു’ എന്നു ഞാന്‍ പറയണമായിരുന്നു അവര്‍ക്ക്. ഞാന്‍ അതിനു കൂട്ടാക്കിയില്ല. തടവറയില്‍ റോമന്‍ ഭാഷ പഠിപ്പിക്കുന്ന ഒരു വാധ്യാരുണ്ടായിരുന്നു. അയാളില്‍ നിന്നും ഞാന്‍ ഇതിനിടയില്‍ റോമന്‍ ഭാഷ എഴുതാനും വായിക്കാനും പഠിച്ചു. ജ്ഞാനസമ്പാദനം ഒരു വിനോദയാത്ര പോലെ സരസമായി കരുതിയ ത്യാഗിവര്യന്മാരുടെ ഗണത്തില്‍ എണ്ണാവുന്ന മഹാഗുരുവാണ് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവും ഭാഷാപടുവുമായിരുന്ന സമഖ്ശരി (467538). ഖാളി ഇബ്നുഖല്ലിഖാന്‍ വഫയാതുല്‍ അഅ്യാനില്‍ ജാറുല്ലാഹ് എന്ന അഭിധാനത്തില്‍ വിശ്രുതനായ ഖുവാറസം സ്വദേശിയായ മഹ്മൂദ് സമഖ്ശരിയെ പരിചയപ്പെടുത്തവേ, ഓര്‍ക്കുന്നു: “ഞാന്‍ എന്റെ ഗുരുനാഥനില്‍ നിന്നും കേട്ടതാണ്: സമഖ്ശരിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടതു കാരണം മരത്തിന്റെ ഊന്നുവടിയുപയോഗിച്ചായിരുന്നു ആ മഹാഗുരുവിന്റെ നടത്തം. ഒരു ജ്ഞാനാന്വേഷണ യാത്രക്കിടെ ഖുവാറസമില്‍ ഉണ്ടായ മഞ്ഞുവര്‍ഷത്തില്‍ അകപ്പെട്ട് അദ്ദേഹത്തിന്റെ കാല്‍ മരവിച്ചു ഉതിര്‍ന്നുപോവുകയായിരുന്നു. ഇതിനു സാക്ഷിയായ നാട്ടുകാരില്‍ നിന്നും അദ്ദേഹം സംഭവത്തിന്റെ സാക്ഷ്യപത്രം എഴുതിവാങ്ങി സൂക്ഷിക്കുകയുണ്ടായി. ഒരു കാല്‍ നഷ്ടപ്പെട്ടതിന്റെ കാരണത്തെക്കുറിച്ച് ആളുകള്‍ തെറ്റായി ധരിച്ചുപോകാതിരിക്കാനും ശത്രുക്കളുടെ കുപ്രചാരണങ്ങളെ മറികടക്കാനുമായിരുന്നു ആ സക്ഷ്യപത്രങ്ങള്‍ തന്റെ ഭാണ്ഡത്തില്‍ അദ്ദേഹം എപ്പോഴും കൊണ്ടുനടന്നിരുന്നത്.’ ഖുവാറസം പ്രദേശത്ത് മഞ്ഞുവീഴ്ചയുണ്ടാകുമ്പോള്‍ ഇപ്രകാരം അവയവ നഷ്ടം ഉണ്ടാകാറുണ്ടെന്ന് ഇബ്നുഖല്ലിഖാന്‍ തുടര്‍ന്ന് അറിയിക്കുന്നുണ്ട്. ഫലസ്തീന്‍ മുഫ്തി ആയിരുന്ന മുഹമ്മദ് അമീന്‍ ഹുസൈനി മോസ്കോ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍, തണുപ്പിറങ്ങിയ സന്ദര്‍ഭത്തില്‍ ഒരാള്‍ ചെവി തടവിയപ്പോള്‍ അതു കൈയിലേക്കടര്‍ന്നുവീണ രംഗം അനുസ്മരിക്കുന്നത് ഇവിടെ പ്രസക്തമാണ്. ഏഴാം വയസ്സില്‍ സ്വഹീഹൈനി പഠിച്ചുതുടങ്ങാന്‍ സൗഭാഗ്യം ലഭിച്ച മഹാത്ഭുതങ്ങളിലൊരാളായിരുന്നു ഹാഫിള് അബുല്‍ വഫ്ത് അസ്സിജ്സി (റ). പരിത്യാഗിയും മഹാ സാത്വികനുമായിരുന്ന സിജ്സി ദിഗന്തങ്ങളിലേക്ക് ഹദീസ് പരമ്പരകള്‍ കണ്ണിചേര്‍ത്ത ശൈഖുല്‍ ഇസ്‌ലാമായിരുന്നു. അനേകം ഗുരുനാഥരില്‍ നിന്നും ഹദീസ് പഠിച്ച അദ്ദേഹം ഖുറാസാന്‍, ഇസ്ബഹാന്‍, കിര്‍മാന്‍ ഹമദാന്‍, ബഗ്ദാദ് തുടങ്ങിയ ജ്ഞാനനഗരങ്ങള്‍ കേന്ദ്രീകരിച്ചു തിരുഹദീസുകള്‍ക്ക് സേവനം ചെയ്തു. പ്രധാന സനദുകള്‍ കേന്ദ്രീകരിക്കുന്ന വിശ്വപ്രസിദ്ധനായിരുന്ന അബ്ദുല്‍ അവ്വല്‍ എന്ന അബുല്‍ വഖ്തില്‍ നിന്നും ഹദീസ് പകര്‍ത്താന്‍ വിദൂര ദിക്കുകളില്‍ നിന്നും അനേകം പഠിതാക്കള്‍ വന്നെത്തുമായിരുന്നു. ഇബ്നു അസാകിര്‍, സംആനി, ഇബ്നുല്‍ ജൗസി, യൂസുഫ് ശീറാസി, സുഫ്യാനുബ്നു മന്‍ദഹ്, ബുശഞ്ചി തുടങ്ങിയ എണ്ണമറ്റ അതി പ്രഗത്ഭ ശിഷ്യഗണങ്ങളെക്കുറിച്ച് ഹാഫിളുദ്ദഹബി സിയറില്‍ പരിചയപ്പെടുത്തുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ഹദീസ് പാരായണ ചര്‍ച്ചയില്‍ നിമഗ്നനാകാറുള്ള, ദിക്റിലും തഹജ്ജുദിലും ആത്മനിരൂപണ രോദനങ്ങളിലും മുഴുകാറുള്ള ഗുരുവിനെ ഇബ്നുല്‍ ജൗസി അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം മരണപ്പെട്ട വര്‍ഷം ഹജ്ജിനു പോകാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായിരുന്നു. ശിഷ്യന്‍ യൂസുഫ് ശീറാസി, തന്റെ “നാല്‍പതു രാജ്യങ്ങള്‍’ എന്ന കൃതിയില്‍ ഗുരുവിന്റെ ബാല്യ ഘട്ടത്തില്‍ തുടങ്ങിവെച്ച ജ്ഞാനാന്വേഷണ യാത്രയെക്കുറിച്ച് അദ്ദേഹത്തില്‍ നിന്നും നേര്‍ക്കുനേര്‍ ഉദ്ധരിക്കുന്നുണ്ട്. ശീറാസി തുടങ്ങുന്നതിങ്ങനെ: “എന്റെ ഗുരു, ലോകസഞ്ചാരിയും സമകാലത്തെ ഹദീസ് കണ്ണിയുമായ അബുല്‍ വഖ്തിനെ കാണാന്‍ ഞാന്‍ പുറപ്പെട്ടപ്പോള്‍ കിര്‍മാന്‍ പ്രദേശത്തിന്റെ അങ്ങേതലക്കല്‍ വെച്ചാണു അദ്ദേഹത്തെ കണ്ടുമുട്ടാന്‍ അല്ലാഹു അവസരം നിര്‍ണയിച്ചത്. ഞാന്‍ അദ്ദേഹത്തോട് സലാം പറഞ്ഞു: ആ സന്നിധിയില്‍ ഇരുന്നു. ഇന്നാട്ടിലേക്ക് വരാന്‍ എന്താണു പ്രത്യേക താല്‍പര്യം? ഗുരു തിരക്കി. ഞാന്‍ പറഞ്ഞു: അങ്ങയെ ഉദ്ദേശിച്ചു മാത്രമാണ് ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത്. താങ്കളാണ് എന്റെ അവലംബം. താങ്കളിലൂടെ കടന്നുവന്ന ഒട്ടേറെ ഹദീസുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അവയെല്ലാം എന്റെ തൂലിക കുറിച്ചുവെച്ചിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ ഞാന്‍ നടന്നിതുവരെ വന്നത്, അങ്ങയുടെ ശ്വാസോഛ്വാസങ്ങളുടെ ബറകത്ത് ലഭിക്കുക എന്നു കരുതിയാണ്. താങ്കള്‍ കണ്ണിചേര്‍ക്കുന്ന ഉന്നത നിലവാരമുള്ള ഹദീസ് പരമ്പരയില്‍ ഇടം ലഭിക്കാനും.’ ഗുരുവര്യര്‍ സവിനയം പ്രതികരിച്ചതിങ്ങനെ: എനിക്കും താങ്കള്‍ക്കും പ്രീതി ലഭിക്കുന്ന കര്‍മങ്ങള്‍ ചെയ്യാന്‍ അവന്‍ തൗഫീഖ് ചെയ്യട്ടെ. നമ്മുടെ പരിശ്രമങ്ങളെല്ലാം അവനു വേണ്ടിയുള്ളതാക്കട്ടെ. അവനായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. എന്നെപ്പറ്റി താങ്കള്‍ കൃത്യമായി മനസ്സിലാക്കിയിരുന്നെങ്കില്‍, എന്നോട് സലാം പറയുകയോ ഇവിടെ വന്നിരിക്കുകയോ ചെയ്യുമായിരുന്നില്ല. ഇതു പറഞ്ഞു തീരും മുമ്പേ ആ മഹാഗുരു ദീര്‍ഘമായി പൊട്ടിപ്പൊട്ടി കരഞ്ഞുപോയി. സന്നിഹിതരായിരുന്നവര്‍ സകലരും കരഞ്ഞു. തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, സുന്ദരമായ നിലയില്‍ നീ ഞങ്ങളുടെ ന്യൂനതകള്‍ മറച്ചുവെക്കണേ, ഞങ്ങളില്‍ നിന്നും നീ സംതൃപ്തിപ്പെടുന്ന കാര്യങ്ങളാക്കണേ മറക്കു പിറകിലുള്ളതെല്ലാം.’ മഹാഗുരു തുടര്‍ന്നു: മകനേ, നിനക്കറിയാമോ, ഞാനും ഒരിക്കല്‍ ബുഖാരി, മുസ്‌ലിം ഓതിപ്പഠിക്കാന്‍ വേണ്ടി എന്റെ ഉപ്പയുടെ കൂടെ ഒരു ദീര്‍ഘ കാല്‍നടയാത്ര ചെയ്തിട്ടുണ്ടായിരുന്നു. എന്റെ ജന്മനാടായ ഹറാത്തില്‍ നിന്നും ബൂശഞ്ചിലേക്കായിരുന്നു അത്. അവിടെ, ഇസ്‌ലാമിന്റെ സൗന്ദര്യം എന്നു വാഴ്ത്തപ്പെട്ടിരുന്ന അബുല്‍ഹസന്‍ ദാവൂദിയുടെ ഹദീസ് മജ്ലിസുണ്ടായിരുന്നു. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം, ദാരിമി, മുസ്നദ് അബ്ദിബ്നു ഹുമൈദ് എന്നീ കിതാബുകള്‍ ഓതിയത് അദ്ദേഹത്തില്‍ നിന്നാണ്. ആ യാത്രാ സന്ദര്‍ഭത്തില്‍ എനിക്കു വയസ്സ് ഏഴ്. എന്റെ പിതാവ്, എന്നെ ത്യാഗശീലനാക്കാന്‍ എന്റെ ഇരുകൈകളില്‍ സാമാന്യം ഭാരമുള്ള രണ്ടു കല്ലുകള്‍ വെച്ചുതന്നു. അവ ചുമന്ന് നടന്നോളാന്‍ പറഞ്ഞു. അദ്ദേഹത്തെ ഭയന്ന് ഞാന്‍ അവ താങ്ങി പിന്നാലെ നടന്നു. പിതാവ് എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുറേ അങ്ങെത്തിയപ്പോള്‍, ഞാന്‍ പ്രയാസപ്പെടുന്നത് കണ്ട് ഒരു കല്ല് നിലത്തിടാന്‍ അനുവാദം തന്നു. എനിക്ക് ആശ്വാസമായി. ഒരു കല്ലുമായി ഞാന്‍ നടത്തം തുടര്‍ന്നു. നടത്തത്തിന് വേഗത കുറഞ്ഞപ്പോള്‍ പിതാവ്: എന്തേ തളര്‍ന്നോ? ഭയം കാരണം ഞാന്‍ പറഞ്ഞു: “ഇല്ല’. പിന്നെന്താ നടത്തം പതുക്കെ? ഞാന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. വീണ്ടും തളര്‍ന്നു. രണ്ടാമത്തെ കല്ലും എന്റെ കയ്യില്‍ നിന്നു വാങ്ങി വഴിയിലിട്ടു. സ്വയം നടക്കാന്‍ കഴിയാതാകുവോളം പിന്നെയും മുന്നോട്ടുപോയി. ആകെ കുഴഞ്ഞപ്പോള്‍ പിതാവ് എന്നെ തോളിലേറ്റി. വിവിധ വാഹനമൃഗങ്ങളുടെ പുറത്ത് സഞ്ചരിക്കുന്ന കര്‍ഷകരും മറ്റും ഞങ്ങളെ കടന്നുപോകുന്നുണ്ടായിരുന്നു. അവരില്‍ പലരും ഉപ്പയോട് പറഞ്ഞുനോക്കി: ആ കുട്ടിയെ ഇങ്ങുതരൂ, ഞങ്ങള്‍ ഇവിടെ കയറ്റിയിരുത്തി ബൂശഞ്ചിലെത്തിക്കാം, വേണമെങ്കില്‍ താങ്കള്‍ക്കും കയറാം. പിതാവ് പ്രതികരിച്ചതിങ്ങനെ: “മആദല്ലാഹ്! അല്ലാഹുവിന്റെ തിരുദൂതരുടെ വിശുദ്ധമൊഴികള്‍ തേടിയിറങ്ങിയവര്‍ വാഹനപ്പുറത്തു കയറുകയോ? വേണ്ട, ഞങ്ങള്‍ നടന്നോളാം. വിശുദ്ധ വചനങ്ങളോടുള്ള ബഹുമാനത്താല്‍ ഞാന്‍ ഇവനെ എന്റെ തലയില്‍ ചുമന്നോളാം; ധാരാളം പ്രതിഫലവും ലഭിക്കുമല്ലോ.’ ഗുരു പിതാവിന്റെ നടപടിയെ സംതൃപ്തിയോടെയാണ് പില്‍ക്കാലത്ത് വിലയിരുത്തുന്നത്: “അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തിന്റെ ഫലമായിട്ടാണ് എനിക്കു ഹദീസ് കേട്ടുപഠിച്ച് സേവിക്കാന്‍ സാധിച്ചത്. എന്റെ സഹപാഠികളില്‍ ആരും ഇപ്പോള്‍ അവശേഷിക്കുന്നില്ല. എന്നെത്തേടി വിദൂരനാടുകളില്‍ നിന്നും വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.’ ശിഷ്യന്‍ യൂസുഫ് ശീറാസി, മഹാഗുരുക്കളുമായുള്ള തന്റെ തുടര്‍ന്നുള്ള അനുഭവം വിവരിക്കുന്നു: “എന്റെ സഹപാഠിയായിത്തീര്‍ന്ന അബ്ദുല്‍ ബാഖി അല്‍ഹറവിയോട് എനിക്ക് അല്‍പം ഹല്‍വ സമ്മാനിക്കാന്‍ ഗുരു നിര്‍ദേശിച്ചു. ഞാന്‍ പറഞ്ഞുനോക്കി: സയ്യിദീ, അബുല്‍ ജഹ്മ് സമാഹരിച്ച ഹദീസ് ഭാഗം വായിച്ചുകേള്‍പ്പിക്കുന്നതാണ് എനിക്ക് ഹല്‍വ ഭക്ഷിക്കുന്നതിലും ഇഷ്ടം.’ ഗുരുവര്യര്‍ പുഞ്ചിരിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ശരിയാണ്, ഭക്ഷണം അകത്തുചെന്നാല്‍ പഠനചര്‍ച്ചകള്‍ പുറത്തുപോകും (ഇദാ ദഖലത്ത്വആം ഖറജല്‍ കലാം). ഒരു പാത്രത്തില്‍ വിശിഷ്ട ഹല്‍വ കൊണ്ടുവന്നു. ഞങ്ങള്‍ അല്‍പം തിന്നു. ഞാന്‍ ഹദീസ് കിതാബെടുത്തു. അതിന്റെ ഒറിജിനല്‍ കോപ്പി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഗുരുവര്യര്‍ അതു പുറത്തെടുത്തു. ഞാന്‍ ഹദീസ് വായിച്ചുകേള്‍പ്പിക്കാന്‍ തുടങ്ങി. എനിക്ക് വല്ലാതെ സന്തോഷം അനുഭവപ്പെട്ടു. സ്വഹീഹുകളും മറ്റും ആവര്‍ത്തിച്ചു കേള്‍ക്കാന്‍ എനിക്ക് അല്ലാഹു ഭാഗ്യം തന്നു. അദ്ദേഹത്തെ സേവിച്ചും സഹവസിച്ചും ഞാന്‍ മാസങ്ങള്‍ അവിടെ കൂടി; ഹി. 553 ദുല്‍ഖഅ്ദ ആറിനു ചൊവ്വാഴ്ച രാവില്‍ അദ്ദേഹം വഫാതാകുവോളം. മഹാഗുരുവിന്റെ അന്ത്യനിമിഷങ്ങള്‍ ഹൃദയ സ്പര്‍ശിയാണ്. യൂസുഫ് ശീറാസി ഓര്‍ക്കുന്നു: മരണാസന്നനായപ്പോള്‍ ഞാന്‍ ഗുരുവിനെ എന്റെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചു. അദ്ദേഹം ദിക്റില്‍ മുഴുകിയിരിക്കുന്നു. പ്രദേശത്തെ പ്രസിദ്ധ സ്വൂഫിവര്യനായ മുഹമ്മദുബ്നുല്‍ ഖാസിം അവിടെ വന്ന് ഗുരുസന്നിധിയില്‍ മുട്ടുകുത്തിയിരുന്നു. അദ്ദേഹം പറഞ്ഞു: “സയ്യിദീ, നബി(സ്വ) പറഞ്ഞിട്ടുണ്ട്: ആരുടെ അന്ത്യവചനം ലാഇലാഹ ഇല്ലല്ലാഹ് എന്നാണോ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.’ ഇതു കേട്ടപ്പോള്‍ ഗുരുവര്യര്‍ മിഴിതുറന്നു, ഓതാന്‍ തുടങ്ങി: എനിക്ക് അല്ലാഹു പൊറുത്തുതന്ന വിവരവും എന്നെയവന്‍ കറാമത്തുള്ളവരില്‍ (ആദരിക്കപ്പെട്ടവരില്‍) പെടുത്തിയ കാര്യവും എന്റെ ജനങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.. സൂറതു യാസീനിലെ തുടര്‍ന്നുള്ള ആയത്തുകള്‍, അവസാനം വരെയും ഗുരുശ്രേഷ്ഠര്‍ ഓതിത്തീര്‍ത്തു. സന്നിഹിതരായവരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട്, എന്റെ നെഞ്ചില്‍ നിന്നും അകന്ന് നിസ്കാരപ്പായയില്‍ ഇരുറപ്പിച്ച് അല്ലാഹ്, അല്ലാഹ്, അല്ലാഹ് എന്നു മൊഴിഞ്ഞ് അദ്ദേഹം യാത്രയായി.    ജ്ഞാനയാത്ര/5 സ്വാലിഹ് പുതുപൊന്നാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ