സമര്‍ഖന്ദ് സന്ദര്‍ശനം കഴിഞ്ഞ് അന്നു രാത്രി അവിടെ ചെലവഴിച്ചു. പിറ്റേന്ന് വ്യാഴാഴ്ച ഞങ്ങള്‍ തിര്‍മുദിയിലേക്ക് യാത്രയായി. സ്വിഹാഹുസ്സിത്തകളില്‍ പെട്ട അല്‍ജാമിഉത്തിര്‍മുദിയുടെ കര്‍ത്താവായ ഇമാം അബൂ ഈസാ മുഹമ്മദ്ബ്നു ഈസാ അത്തിര്‍മിദി(റ)ന്റെ ചാരത്തേക്ക്. സമര്‍ഖന്ദില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിക്കണം അവിടേക്ക്. ബസ്സിലാണ് യാത്ര. അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തുകൂടെയുള്ള യാത്ര വളരെ രസകരമാണ്. റോഡിനിരുവശവും മുന്തിരി, മാതളം, ആപ്രിക്കോട്ട് തുടങ്ങിയ പഴവര്‍ഗങ്ങള്‍ പഴുത്തുനില്‍ക്കുന്നു. അതിനപ്പുറത്തേക്ക് നീണ്ടു നീണ്ടു പോകുന്ന മലനിരകള്‍. ഇടക്ക് പരുത്തിച്ചെടികള്‍. മലയടിവാരത്ത് കൂട്ടമായി മേയുന്ന ആട്ടിമ്പറ്റങ്ങള്‍. തൊട്ടുകാണുന്ന റോഡിനപ്പുറമുള്ള മലഞ്ചെരുവുകള്‍ അഫ്ഗാനിസ്ഥാന്റെ ഭാഗങ്ങളാണെന്ന് ഗൈഡ് പറഞ്ഞു.
റോഡ് സാമാന്യം ഭേദപ്പെട്ടതാണ്. ഇടക്ക് കുതിരവണ്ടികള്‍ കാണാം. അതിനിടെ, ഒറ്റപ്പെട്ട് കഴുതപ്പുറത്ത് സാവധാനം പോകുന്ന യാത്രികര്‍ കൗതുകമുണര്‍ത്തി. ഗ്യാസ് സിലിണ്ടറും മറ്റുമാണ് അവ ചുമന്നിരുന്നത്. റോഡിനോടു ചേര്‍ന്ന് ഒറ്റവരി റെയില്‍പാതയിലൂടെ ഒരു ഗുഡ്സ് ട്രെയിന്‍ ചൂളംവിളിച്ച് കടന്നുപോയി.
വൈകീട്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഇമാം തിര്‍മുദി(റ)യുടെ ദര്‍ഗയിലെത്തിച്ചേര്‍ന്നു. തുര്‍മുദ് പട്ടണത്തിന്റെ വടക്കുവശത്തായി 60 കിലോമീറ്റര്‍ അകലെ ‘ഷെറാബാദ്’ എന്ന സ്ഥലത്താണീ മഖ്ബറ. റോഡില്‍ നിന്നു ഉള്‍ഭാഗത്തേക്ക് പ്രവേശിക്കുന്നിടത്ത് മഹാനവര്‍കളുടെ പേരെഴുതിയ വലിയ കമാനമുണ്ട്. വിശാലമായ ഭൂമികയില്‍ ഒത്ത നടുക്കായിട്ടാണ് ദര്‍ഗാശരീഫ്. ചുറ്റും തോട്ടങ്ങളാണ്. കായ്ച്ചുനില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍. അരുവിയുമുണ്ട് അഴകായി.
നിസ്കാരം നിര്‍വഹിച്ചതിനു ശേഷം ഞങ്ങള്‍ സിയാറത്തിന് ഒരുങ്ങവെ, ഒരു ബറ്റാലിയന്‍ ഉസ്ബക് പട്ടാളക്കാര്‍ അവിടെയെത്തി മഖ്ബറ സിയാറത്ത് ചെയ്തു. മഖ്ബറ പരിപാലകനായ ഇമാം അവര്‍ക്ക് ആവേശം പകരുന്ന വിധത്തില്‍ ചരിത്രവസ്തുതകള്‍ പറഞ്ഞുകൊടുക്കുന്നു. യുവ പട്ടാളക്കാര്‍ക്കു വരെ മഹാനവര്‍കളെ വേണം! ബിദ്അത്തുകാര്‍ ഇതു കണ്ടിരുന്നെങ്കില്‍ എന്നാശിച്ചുപോയി!
എഡി 824ല്‍ (ഹി. 209) ജനിക്കുകയും 892ല്‍ വഫാത്താകുകയും ചെയ്ത ഇമാം തുര്‍മുദി(റ) ജനിച്ചതും മരിച്ചതുമെല്ലാം ഈ പട്ടണത്തില്‍ തന്നെ.
ഇമാം ബുഖാരി(റ)യുടെ പ്രിയ ശിഷ്യനായ ഇമാം തിര്‍മുദി(റ) 114 തവണ ഇമാം ബുഖാരി(റ)യുടെ പേര്‍ തന്റെ ജാമിഉത്തിര്‍മുദിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇമാം തിര്‍മുദിയുടെ വൈജ്ഞാനിക അടിത്തറ ഇമാം ബുഖാരി(റ)യാണെന്ന് ഹാഫിള് ദഹബി പറയുന്നു.
ഇരുപതാം വയസ്സ് മുതല്‍ ഹദീസ് സന്പാദനത്തിനായി അദ്ദേഹം ഖുറാസാന്‍, ഇറാഖ്, മക്ക എന്നിവിടങ്ങളില്‍ ധാരാളം യാത്രകള്‍ ചെയ്തു. ഹദീസ് വിജ്ഞാനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാന്റെ വഫാത്തിനോടടുത്ത രണ്ടു വര്‍ഷങ്ങളില്‍ കാഴ്ച നഷ്ടപ്പെട്ടുവത്രെ! ഗുരുനാഥന്‍ ഇമാം ബുഖാരി(റ)യുടെ വേര്‍പാടില്‍ മനം നൊന്ത് കൂടുതലായി കരഞ്ഞതിനാലാണിതെന്ന് ചില പണ്ഡിതര്‍. അല്ലാഹുവെ ഭയപ്പെട്ട് നിത്യവും കരഞ്ഞതു കൊണ്ടാണെന്നാണ് മറ്റു ചിലര്‍ പറഞ്ഞത്. ഏതായാലും തുര്‍മുദി നഗരത്തിന്റെ അഭിമാനസ്തംഭമാണ് മഹാന്‍.
അന്നു തിര്‍മുദില്‍ കഴിഞ്ഞു. സാമാന്യത്തിലധികം തണുപ്പുണ്ട്. പിറ്റേന്നു രാവിലെ ഞങ്ങള്‍ ഇമാം ഹക്കീമുത്തിര്‍മുദി(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു. പ്രശസ്ത സ്വൂഫിവര്യനും ചരിത്രകാരനുമായിരുന്നിദ്ദേഹം. ഗംഭീരമായ മഖ്ബറയോട് ചേര്‍ന്നു തിര്‍മുദിന്റെ പഴയകാല ചിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു മ്യൂസിയവുമുണ്ട്. പ്രാചീന കാലത്തെ നാണയങ്ങളും വീട്ടുപകരണങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
തുര്‍മുദിയില്‍ നിന്നു ലോക്കല്‍ ഫ്ളൈറ്റുണ്ട് താഷ്കന്‍റിലേക്ക്. ഇതില്‍ 50 പേര്‍ക്ക് യാത്ര ചെയ്യാം. ഒക്ടോബര്‍ 25ന് രാത്രി ഞങ്ങള്‍ താഷ്കന്‍റ് വിമാനത്താവളത്തിലിറങ്ങി. നല്ല മഞ്ഞ് വീഴ്ചയുണ്ടായിരുന്നു അപ്പോള്‍. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍, എയര്‍പോര്‍ട്ടിനു പുറത്തു നിര്‍ത്തിയിരുന്ന ബസ്സില്‍ എല്ലാവരും ഓടിക്കയറി. നേരത്തേ താമസിച്ച ഹോട്ടലിലേക്ക് തന്നെ തിരിച്ചു.
നേരം പുലര്‍ന്നിട്ടും തണുപ്പിന് ഒരു ശമനവുമില്ല. പോരാത്തതിന് നല്ല മഴയും. മിക്കവരും പുറത്തിറങ്ങാതെ ഹോട്ടലില്‍ തന്നെ കഴിച്ചുകൂട്ടി. വൈകീട്ട്, താഷ്കന്‍റിലെ പുരാതനമായ മൗലാന സെങ്കി അത്വാഅ്(റ)യുടെ മഖ്ബറ സിയാറത്ത് ചെയ്തു. നമ്മുടെ വെളിയങ്കോട് ഉമര്‍ഖാളി(റ)യെ പോലെ വൈദേശികാധിപത്യത്തോട് ചെറുത്തുനിന്ന മഹാനാണ് ഇദ്ദേഹം. ധാരാളം സന്ദര്‍ശകര്‍ എപ്പോഴുമുണ്ടാകുമിവിടെ.
ഉസ്ബക്കിലെ അറിവും ആത്മീയതയും ഉള്‍ച്ചേര്‍ന്ന യാത്ര അന്ത്യത്തോടടുക്കുകയായിരുന്നു. ഏതാനും സമയത്തിനകം ഈ രാജ്യത്തോട് വിടയോതുകയായി. മോഹിപ്പിച്ചിരുന്ന ഉസ്ബക് പലതും പകരാന്‍ ബാക്കിവെച്ചാണ് ഞങ്ങള്‍ക്കു യാത്രാമൊഴി നേര്‍ന്നത്.
1991 വരെ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്നു ഇന്നത്തെ ഉസ്ബക്കിസ്ഥാന്‍. മധ്യേഷ്യയിലെ ഖുറാസാന്‍ എന്നറിയപ്പെട്ടിരുന്ന ദേശം. അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നിവയാണ് അയല്‍രാജ്യങ്ങള്‍. ഏതാണ്ട് കേരളത്തിലെയത്ര ജനസംഖ്യയുള്ള ഉസ്ബക്കില്‍ ഉസ്ബക്ക്, റഷ്യന്‍, താജിക്, പേര്‍ഷ്യന്‍ ഭാഷകള്‍ പ്രചാരത്തിലുണ്ട്.
ഖുറാസാന്‍ 2000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ലോക പ്രശസ്തമായതിനാല്‍ തന്നെ, ഒരുപാട് വിദേശീയര്‍ ഇവിടെ ആധിപത്യം പുലര്‍ത്തി കടന്നുപോയിട്ടുണ്ട്. റഷ്യ, ചൈന, അഫ്ഗാന്‍, ഇറാന്‍, പാകിസ്താന്‍, ഇന്ത്യ, കൊറിയ, മംഗോള്‍, അറബ്, തുര്‍ക്കി… അങ്ങനെ പലരും.
സ്വാതന്ത്ര്യം നേടി 22 വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും പഴയ റഷ്യന്‍ ഇരുമ്പുമറയുടെ ബാക്കി പത്രമെന്നോണം പുറംനാടുകളുമായി അധികം ഇടപാടുകളില്ല. കാര്യമായ ഇറക്കുമതിയുമില്ല. ജനങ്ങള്‍ തനിനാടന്‍ വിഭവങ്ങളില്‍ തൃപ്തരാണ്. ഫോറിന്‍ ജ്വരം ഇല്ലേയില്ല.
റൊട്ടിയും സൂപ്പും കബാബും സാലഡും മറ്റുമാണ് പ്രധാന ഭക്ഷണങ്ങള്‍. പാലുല്‍പന്നങ്ങളും സമൃദ്ധമായി ഉപയോഗിക്കുന്നു. ചോറ് നന്നേ വിരളം. സായാഹ്നമാകുന്നതോടെ ഹോട്ടലുകള്‍ സജീവമാകുന്നു. വ്യത്യസ്ത ദേശക്കാര്‍ അധിവസിക്കുന്ന മേഖലയായതിനാല്‍ രാത്രി വൈകുവോളം തീന്‍മേശകള്‍ ശബ്ദമുഖരിതമായിരിക്കും. അധിക ഹോട്ടലുകളും ഓരോ വീട്ടുകാര്‍ തന്നെ നടത്തുന്നതായിരിക്കും.
ഉസ്ബക്കിലെ പ്രധാന കൃഷി പട്ടുനൂലാണ്. അതുപോലെ പരുത്തിയുമുണ്ട്. സ്വര്‍ണനിക്ഷേപവും ധാരാളം. ‘സോം’ ആണ് ഉസ്ബക് നാണയം. സോമിന് തീരെ മൂല്യമില്ല. ഒരു യുഎസ് ഡോളറിന് 2200 സോം ലഭിക്കും. അതുകൊണ്ടുതന്നെ ഒരു ചായ കുടിച്ചാല്‍ ചിലപ്പോള്‍ 1000 സോം കൊടുക്കേണ്ടിവരും. വലിയ ഇടപാടുകളൊക്കെ ഡോളറിലാണ്.
മടക്കയാത്രയില്‍ വിമാനത്താവളത്തിലും കസ്റ്റംസിലുമൊക്കെ ഉഗ്രന്‍ പരിശോധനയാണ്. എന്തെല്ലാം പുതിയ അറിവുകള്‍, അനുഭവങ്ങള്‍. വിമാനം പുറപ്പെടുന്ന മുന്നറിയിപ്പു ലഭിച്ചപ്പോള്‍ ചിന്താവ്യാപാരത്തെ കടിഞ്ഞാണിട്ടു പിടിച്ചു. ഡല്‍ഹിയിലേക്കാണു പ്ലെയ്ന്‍. നാട് എന്നെ മടക്കിവിളിക്കുന്നു. താഷ്കന്‍റ് എയര്‍പോര്‍ട്ടില്‍ നിന്ന് ആ കൂറ്റന്‍ ആകാശയാനം ഉയര്‍ന്നുപൊങ്ങി.
(അവസാനിച്ചു)
യാത്ര/ത്വബീബ് മുഹമ്മദ് കൊച്ചി
കണ്ണൂര്‍ കെഎസ്ഇബിയില്‍ എഎഫ്ഒ യാണ് ലേഖകന്‍