വിശുദ്ധ ഖുർആനിന്റെ ശക്തവും സുഭദ്രവുമായ സാക്ഷ്യത്തോടു കൂടിയാണ് സുന്നത്ത് നിലനിൽക്കുന്നത്. ഖുർആനിന്റെ തനതായ വിശദീകരണത്തിന് സുന്നത്തിന്റെ പിൻബലവും അംഗീകാരവും വേണമെന്നത് ഖുർആൻതന്നെ മൗലികമായി പ്രതിപാദിക്കുന്ന തത്ത്വമാണ്. തമ്മിൽ തമ്മിൽ ബലപ്പെടുത്തിയും അംഗീകരിച്ചുമാണ് ഖുർആനും സുന്നത്തും നിലകൊള്ളുന്നത്: സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതരെയും അനുസരിക്കുക. (സത്യം) കേട്ടുകൊണ്ടിരിക്കെ നിങ്ങൾ ദൂതരെ വിട്ടുകളയരുത്. ഞങ്ങൾ കേട്ടിരുന്നു എന്ന് പറയുകയും ഒന്നും കേൾക്കാതിരിക്കുകയും ചെയ്തവരെ പോലെ നിങ്ങൾ ആകരുത്. തീർച്ചയായും ജനങ്ങളിൽ നിന്ന് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും മോശപ്പെട്ടവർ ചിന്തിച്ച് ഉൾക്കൊള്ളാത്ത ഊമകളും ബധിരരുമാകുന്നു (അൻഫാൽ 20-22).
ഇബ്‌നു കസീർ എഴുതി: അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്ന് ഈ വചനം കൽപ്പിക്കുന്നു. നബിതിരുമേനിയെ ധിക്കരിക്കുന്നത് അവിശ്വാസികളുടെ പ്രവണതയാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു (ഇബ്‌നുകസീർ). പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കളായ റാസിയും ത്വബ്‌രിയുമെല്ലാം ഈ ആശയം സമർത്ഥിക്കുന്നുണ്ട്. നബിയെ ഉൾക്കൊണ്ടിരിക്കുന്നുവെന്ന് പറയുകയും അതോടൊപ്പം നബികൽപനകളെയും നിരോധനങ്ങളെയും അവമതിക്കുകയും ചെയ്യുന്നവർക്കുള്ള കഠിന വിമർശനമാണ് ഈ വചനത്തിൽ പൊരുൾ. നബിസുന്നത്തിനെ നിഷേധിക്കുകയും ഹദീസുകളെ തള്ളിക്കളയുകയും ചെയ്യുന്നവരെല്ലാം ഈ വചനത്തിന്റെ പരിധിയിൽ വരുമെന്നതിൽ തർക്കമില്ല. സത്യം കണ്ടെത്തുന്നതിൽ ബോധം നഷ്ടപ്പെട്ടവരെ കുറിച്ചു ഖുർആൻ അൽബഖറയിലടക്കം പലയിടത്തായി ഉപയോഗിച്ച ഉപമയാണ് സുന്നത്ത് നിഷേധികൾക്കെതിരെ ഖുർആൻ പ്രയോഗിച്ച ‘ബോധവും ഉൾക്കാഴ്ചയും നഷ്ടപ്പെട്ടവർ’ എന്നത്.
റസൂലിനെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചു, നബിയെ ആരെങ്കിലും വിട്ടുകളയുന്നുവെങ്കിൽ അവരുടെ കാര്യത്തിൽ വിചാരണ ചെയ്യുന്ന നിലയിൽ നബിയെ നാം അയച്ചിട്ടില്ല (നിസാഅ് 80). അല്ലാമാ ത്വബ്‌രി എഴുതി: തിരുനബിയെ കുറിച്ച് അല്ലാഹുവിന്റെ കൃത്യമായ ബോധ്യപ്പെടുത്തലാണിത്. അല്ലാഹു പറയുന്നതിന്റെ സാരം ഇതാണ്: മനുഷ്യരേ, നിങ്ങൾ മുഹമ്മദ് നബിയെ അനുസരിക്കുമ്പോൾ എന്നെയാണ് അനുസരിക്കുന്നത്. നബിയുടെ വാക്കുകൾ നിങ്ങൾ കേൾക്കുക. കൽപ്പനകൾക്ക് കീഴ്‌പ്പെടുക. നബി നിങ്ങളോട് കൽപ്പിക്കുന്നത് എന്റെ കൽപ്പനയാണ്. നബിയുടെ നിരോധനങ്ങൾ എന്റെ നിരോധനങ്ങളാണ്. മുഹമ്മദ് നബി ഞങ്ങളെ പോലുള്ള ഒരാളല്ലേ! ഞങ്ങളെക്കാൾ അദ്ദേഹത്തിനെന്ത് സ്ഥാനം? എന്ന് നിങ്ങൾ പറയരുത് (തഫ്‌സീറുത്വബ്‌രി). അല്ലാഹുവിനോടുള്ള അനുസരണത്തിന്, തിരുസുന്നത്തിനെ പ്രകാശിപ്പിക്കുന്ന ഹദീസുകളെ സമീപിക്കുക മാത്രമേ മാർഗമായുള്ളൂ എന്ന് വ്യക്തമായി ബോധിപ്പിക്കുന്നതാണ് അല്ലാമാ ത്വബ്‌രിയുടെ വിശദീകരണം.
നബിയെ അനുസരിക്കൽ നിർബന്ധം എന്ന ശീർഷകത്തിൽ ഇമാം ശാഫിഈ(റ) എഴുതി: റസൂലിനെ അനുസരിച്ചാൽ അല്ലാഹുവിനെ അനുസരിച്ചു എന്നതിന്റെ താൽപര്യമെന്താണ്? വുളൂഅ്, നിസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയവയെല്ലാം അല്ലാഹു തന്റെ അടിമകളോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും ഖുർആൻ വ്യക്തമായി പറഞ്ഞിട്ടില്ല. ഇവയുടെയെല്ലാം കൃത്യവും വ്യക്തവുമായ രൂപങ്ങളും ക്രമവും മനസ്സിലാക്കാൻ തിരുനബി(സ്വ)യെ ആശ്രയിക്കുകയല്ലാതെ മാർഗമില്ല. നബിയെ അനുസരിക്കുന്നതിനാൽ അല്ലാഹുവിനെ അനുസരിക്കുന്നുവെന്ന് ഖുർആൻ പറഞ്ഞതിന്റെ പൊരുൾ അതാണ് (രിസാല).
നബിയുടെ അധ്യാപനങ്ങളും തീരുമാനങ്ങളും ഉൾക്കൊള്ളണമെന്നും അംഗീകരിക്കണമെന്നും നിരവധിയിടങ്ങളിൽ ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്. ഖുർആനിന്റെ വ്യാഖ്യാനവും വിശകലനവും ഇസ്‌ലാമിന്റെ നിയമനിർമാണങ്ങളുമെല്ലാം തിരുനബി(സ്വ)യിലൂടെ മാത്രമേ സാധ്യമാവൂ എന്നാണ് ഖുർആൻ പറഞ്ഞുകൊണ്ടിരിക്കുന്നത്: ഇല്ല. താങ്കളുടെ രക്ഷിതാവിനെ തന്നെയാണ് സത്യം. അവർക്കിടയിൽ ഭിന്നതയുണ്ടാകുമ്പോൾ അവർ താങ്കളെ വിധികർത്താവാക്കുകയും താങ്കൾ വിധിച്ചതിൽ അവർക്ക് ഒരു വിഷമവും ഉണ്ടാകാതിരിക്കുകയും അത് പൂർണമായി അനുസരിക്കുകയും ചെയ്യുന്നത് വരെ അവർ വിശ്വാസികളാവുകയില്ല (നിസാഅ് 65).
റസൂൽ(സ്വ)യുടെ തീരുമാനങ്ങളും തീർപ്പുകളുമാണ് അവിടത്തെ സുന്നത്ത്. വിശ്വസ്തരും സത്യസന്ധരുമായ നിവേദകരിലൂടെ പ്രസരണം ചെയ്യുന്നത് തിരുസുന്നത്തിന്റെ പകർപ്പുകളാണ്. ഇമാം റാസി(റ) മേൽ വചനം വ്യാഖ്യാനിച്ച് എഴുതി: അഭിപ്രായ ഭിന്നതകളുണ്ടാകുന്ന വിഷയങ്ങളിൽ പ്രവാചക തീരുമാനം അംഗീകരിക്കണമെന്ന് ഈ വചനം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ തർക്കിക്കുന്നവരെ നാം കാണുന്നു. ഖദ്‌രിയ്യ, ജബ്‌രിയ്യ തുടങ്ങി എത്ര അഭിപ്രായക്കാരുണ്ട്? നബിയുടെ നിർദേശങ്ങളുൾക്കൊള്ളുക എന്ന വചനപ്പൊരുളാണ് ഭിന്നതകൾ ഇല്ലാതാക്കാനുള്ള പരിഹാരം. കാരണം ഇലാഹീ രഹസ്യങ്ങളും ദർശനങ്ങളും കണ്ടെത്താൻ മനുഷ്യബുദ്ധിക്ക് കഴിയില്ല. മനുഷ്യബുദ്ധി അതിന് അശക്തമാണ്. എന്നാൽ പരിപൂർണവും പ്രഭാപൂരിതവുമാണ് നബിയുടെ ബുദ്ധി. പ്രവാചക ബുദ്ധിയുടെ പ്രഭാകിരണങ്ങൾ മനുഷ്യബുദ്ധികളോട് ചേർന്ന് നിൽക്കുമ്പോൾ മനുഷ്യന് കഴിവും കരുത്തും ലഭിക്കും. കുറവുകൾ പരിഹരിച്ച് മനുഷ്യന് മുന്നേറാൻ കഴിയും. നബിയുടെ കാലം വിശ്വാസത്തിലും ഇലാഹീ ജ്ഞാനത്തിലും പൂർണത നേടിയവരുടെ കാലമായിരുന്നു. പിൽക്കാലത്ത് പല ചിന്താവ്യതിയാനങ്ങളും ഭിന്നതകളും ഉടലെടുത്തു (റാസി).
അബുൽ അസ്‌വദ്(റ)യിൽ നിന്ന്: രണ്ടു പേർ ഒരു വിഷയത്തിൽ പരിഹാരത്തിനായി നബി സവിധത്തിലെത്തി. തിരുനബി(സ്വ) തീരുമാനം പറഞ്ഞു. പക്ഷേ ആ തീരുമാനം ഇഷ്ടപ്പെടാത്തയാൾ പറഞ്ഞു: പരിഹാരം നിർദേശിക്കാൻ ഉമർ(റ)വിന്റെ അരികിലേക്ക് ഞങ്ങളെ വിടുക. നബി(സ്വ) അവരെ ഉമർ(റ)വിന്റെ അരികിലേക്ക് പറഞ്ഞുവിട്ടു. നബിയുടെ തീരുമാനം ഇഷ്ടപ്പെടാത്തയാൾ ഉമർ(റ)നോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഉമർ(റ) അയാളെ തൽക്ഷണം വധിച്ചുകളഞ്ഞു (ദുർറുൽ മൻസൂർ).
നിങ്ങൾക്ക് നബി തങ്ങൾ കൊണ്ടുവന്നത് സ്വീകരിക്കുക. നബി വിരോധിച്ചതിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുക (ഹശ്ർ 7). തിരുനബിയുടെ പ്രതിപാദ്യങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന രൂപത്തിലാണ് ഈ വചനത്തിന്റെ ഉള്ളടക്കം. വമാ ആതാകും എന്നത് നബിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവും അടക്കമുള്ള ജീവിതത്തെ അടയാളപ്പെടുത്തുന്ന പ്രയോഗമാണ്. നബിജീവിതത്തെ പൂർണമായി ഒപ്പിയെടുക്കാനാണ് ഇവിടെ ആവശ്യപ്പെടുന്നത്. വമാ നഹാകും എന്ന ഭാഗം നിരോധനത്തിന്റെ പ്രതിപാദ്യങ്ങളെയെല്ലാം ഉൾപ്പെടുത്തുന്ന പ്രയോഗമാണ്.
അല്ലാമാ ഖുർതുബി എഴുതി: ഈ വചനം ഗനീമത് സംബന്ധിയായ വിഷയത്തിൽ അവതീർണമായതാണെങ്കിലും നബിയുടെ മുഴു കൽപനകളും നിരോധനങ്ങളും ഇതിൽ കടന്നുവരുന്നുണ്ട്. നബി(സ്വ) പറഞ്ഞിട്ടുണ്ട്; ഖുർആനിനെ പരിഗണിക്കാത്തവർക്ക് ഖുർആൻ പ്രയാസകരമാണ്. എന്നാൽ ഖുർആനിനെ അന്വേഷിക്കുന്നവർക്ക് എളുപ്പവുമാണ്. എന്റെ ഹദീസും പ്രയാസകരം തന്നെ. എന്നാൽ എന്റെ ഹദീസാണ് തീരുമാനങ്ങൾ കൽപ്പിക്കുന്നത്. എന്റെ ഹദീസിനെ അവലംബിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നവർ ഖുർആനിനോടൊപ്പം രക്ഷപ്പെടും. ഖുർആനിനെയും ഹദീസിനെയും നിസ്സാരപ്പെടുത്തുന്നവർ രണ്ട് ലോകത്തും പരാജയപ്പെടും. എന്റെ പ്രതിപാദ്യങ്ങളെ പിൻപറ്റണമെന്നും സുന്നത്തിനെ അനുസരിക്കണമെന്നുമാണ് കൽപനയുള്ളത്. എന്റെ വാക്കുകളിൽ തൃപ്തിയുള്ളവർക്ക് ഖുർആൻ കൊണ്ട് തൃപ്തിപ്പെടാം. എന്നെ പരിഹസിക്കുന്നവർ ഖുർആനിനെയാണ് പരിഹസിക്കുന്നത്. നിങ്ങൾക്ക് റസൂൽ കൊണ്ടുവന്നത് സ്വീകരിക്കുക. വർജിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക എന്നതിന്റെ താൽപര്യം അതാണ് (ഖുർതുബി).
നബിയുടെ അധ്യാപനങ്ങൾ ഖുർആനിന്റെ വ്യാഖ്യാനവും അർത്ഥവുമായാണ് സ്വഹാബത്ത് കണ്ടിരുന്നത്. അവ ഖുർആനിന് വിരുദ്ധമാണെന്നോ ഖുർആനിന്റെ മൗലിക തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നോ സ്വഹാബത്ത് ഊഹിക്കുക പോലും ചെയ്തിട്ടില്ല. അബ്ദുറഹ്‌മാനുബ്‌നു സൈദ്(റ) പറഞ്ഞു: ഇഹ്‌റാമിലായിരിക്കെ വസ്ത്രം ധരിച്ച ഒരാളെ ഇബ്‌നു മസ്ഊദ്(റ) കാണാനിടയായി. വസ്ത്രം ഒഴിവാക്കാൻ നിർദേശിച്ച ഇബ്‌നു മസ്ഊദി(റ)നോട് അയാൾ ചോദിച്ചു: അല്ലാഹുവിന്റെ കിതാബിൽനിന്ന് നിങ്ങൾക്ക് ഒരു ആയത്ത് തെളിവായി ഉദ്ധരിക്കാൻ കഴിയുമോ? ഇബ്‌നു മസ്ഊദ്: റസൂൽ നിങ്ങൾക്ക് നൽകിയത് നിങ്ങൾ ഉൾക്കൊള്ളുക. വർജിച്ചതിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുക.
അബ്ദുല്ലാഹിബ്‌നു മുഹമ്മദ് പറഞ്ഞു: ഇമാം ശാഫിഈ(റ) പറയുന്നത് ഞാൻ കേട്ടു; നിങ്ങൾക്ക് ആവശ്യമുള്ളത് എന്നോട് ചോദിക്കുക. അല്ലാഹുവിന്റെ കിതാബിൽ നിന്നും തിരുസുന്നത്തിൽ നിന്നും ഞാൻ മറുപടി നൽകും. ഞാൻ ചോദിച്ചു: ഇഹ്‌റാം ചെയ്തവൻ കടന്നലിനെ കൊല്ലുന്നതിന്റെ വിധിയെന്താണ്? ഇമാം ശാഫിഈ: റസൂൽ നിങ്ങൾക്ക് നൽകിയത് ഉൾക്കൊള്ളുക. വർജിച്ചതിൽ നിന്ന് വിട്ടുനിൽക്കുക. എനിക്ക് ശേഷം അബൂബക്‌റിനെയും ഉമറിനെയും നിങ്ങൾ അനുകരിക്കണം എന്ന് നബി(സ്വ) നിർദേശിച്ചിട്ടുണ്ട്. ഇഹ്‌റാമിലുള്ളവന് കടന്നലിനെ കൊല്ലാമെന്നാണ് ഉമർ(റ)വിന്റെ പക്ഷം. പണ്ഡിതന്മാരുടെ ഫത്‌വകൾ പിൽക്കാലത്ത് ഉണ്ടായതും ഉമർ(റ)വിന്റെ ഈ നിലപാട് അംഗീകരിച്ചു കൊണ്ടായിരുന്നു. നബിയെ ഉൾക്കൊള്ളണമെന്ന് അല്ലാഹു കൽപിക്കുമ്പോൾ ഇഹ്‌റാം ചെയ്തവർക്ക് കടന്നലിനെ കൊല്ലൽ അനുവദനീയമാണെന്ന നിയമം ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ലഭിച്ചതാണെന്ന് മനസ്സിലാക്കാം (ഖുർതുബി).
ഇബ്‌നു മസ്ഊദ്(റ)വിൽ നിന്ന്: സൗന്ദര്യത്തിനായി ശരീരപ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുന്നവരെയും സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിച്ചിട്ടുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇത് കേട്ട ബനൂഅസദുകാരിയായ സ്ത്രീ ഇബ്‌നു മസ്ഊദിനോട്: ശരീര പ്രകൃതിയിൽ മാറ്റം വരുത്തുന്നവരെ അല്ലാഹു ശപിച്ചിട്ടുണ്ടെന്ന് നബി(സ്വ) പറഞ്ഞുവെന്ന് നിങ്ങൾ പറഞ്ഞല്ലോ. ഇബ്‌നു മസ്ഊദ്: നബി(സ്വ) ശപിച്ചു പറഞ്ഞത് എനിക്ക് പറയാതിരിക്കാനാവില്ലല്ലോ. ഉടൻ സ്ത്രീ പറഞ്ഞു: ഖുർആൻ മുഴുവനും ഞാൻ പരിശോധിച്ചു. പക്ഷേ നിങ്ങൾ പറഞ്ഞതു പോലെ ഒരു ശാപം ഖുർആനിൽ ഞാൻ കണ്ടില്ല. ഇബ്‌നു മസ്ഊദ്: റസൂൽ നിങ്ങൾക്ക് കൊണ്ടുവന്നത് ഉൾക്കൊള്ളുക. വർജിച്ചത് തടയുക എന്ന് നിങ്ങൾ ഖുർആനിൽ കണ്ടോ? അവർ പറഞ്ഞു: അതേ. നബി(സ്വ)യുടെ നിരോധനത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ വിഷയവും എന്ന് ഇബ്‌നു മസ്ഊദ്(റ) മറുപടി നൽകി. ഖുർതുബി അടക്കം നിരവധി തഫ്‌സീർ ഗ്രന്ഥങ്ങൾ ഇത്തരം സംഭവങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.
നബിയെ അനുസരിക്കുക. അവിടത്തെ കൽപന ഉൾകൊള്ളുക. നിരോധനങ്ങൾ ഒഴിവാക്കുക എന്നതിന്റെ താൽപര്യമെന്താണ്? ഖുർആനിൽ നിരവധി ഇടങ്ങളിൽ പ്രതിപാദിച്ച ഈ കൽപനകളെ ഹദീസ് വിരോധികൾ എങ്ങനെയാണ് സമീപിക്കുന്നത്? നബിയെ അനുസരിക്കുക എന്ന് പറയുമ്പോൾ തിരുസുന്നത്ത് പഠിപ്പിക്കുന്ന ഹദീസുകളെ അവലംബിക്കുകയല്ലാതെ വേറെ എന്താണ് മാർഗം. വിശ്വസ്തവും ബുദ്ധിപരവുമായ നിലയിൽ ഇന്നും നിലനിൽക്കുന്ന ഹദീസുകളെ സ്വീകരിക്കുക മാത്രമേ നബിസുന്നത്തിന്റെ അനുസരണത്തിന് മാർഗമുള്ളൂ.
ഹദീസ് വിരോധികളുടെ പതിവ് ചോദ്യമുണ്ട്; ഖുർആനല്ലേ ആധികാരികം? എല്ലാറ്റിന്റെയും അവലംബം ഖുർആനല്ലേ? ശരിയാണ്. ഖുർആൻ തന്നെയാണ് അടിസ്ഥാനം. എല്ലാ വിശ്വാസ-കർമ മണ്ഡലങ്ങളുടെയും അടിത്തറ ഖുർആൻ തന്നെ. പക്ഷേ ഖുർആൻ നമുക്ക് എവിടന്നാണ് കിട്ടിയത്? ആരാണ് ഓതിക്കേൾപ്പിച്ചുതന്നത്. ആവശ്യമായ പാഠവും വിശദീകരണവും നൽകിയത് ആരാണ്? നാം അല്ലാഹുവിൽ നിന്ന് നേരിൽ കേട്ടതാണോ? മലക്കുകൾ മുഖേന നമ്മിൽ ഖുർആൻ ആവാഹിച്ചതാണോ? അങ്ങനെയൊന്നുമല്ലല്ലോ! നമുക്ക് ഖുർആൻ കൈമാറിയത് മുഹമ്മദ് നബി(സ്വ)യാണ്. നബിയെ കുറിച്ചുള്ള സത്യസന്ധമായ വിശ്വാസത്തിലാണ് ഖുർആനിന്റെ പ്രാമാണികത നിലകൊള്ളുന്നത്. ഇതാണ് സൂറതുൽ ഹശ്‌റിന്റെ ഏഴാം വചനത്തിന്റെ താൽപര്യം. റസൂൽ നിങ്ങൾക്ക് കൊണ്ടുവന്നത് ഉൾകൊള്ളുക. റസൂൽ നിരോധിച്ചത് നിങ്ങൾ ഉപേക്ഷിക്കുക.
നബി(സ്വ) പറഞ്ഞിരിക്കുന്നു, അംഗീകരിച്ചിരിക്കുന്നു എന്നിങ്ങനെയായിരുന്നു എല്ലാ ചോദ്യങ്ങൾക്കും മുൻഗാമികൾ പറഞ്ഞിരുന്ന മറുപടി. ചോദ്യവും ഉത്തരവുമെല്ലാം അവിടെ അവസാനിക്കുന്നു. മഹാന്മാരായ സ്വഹാബത്തിന്റെ ജീവിതത്തിൽ എത്രയെത്ര തെളിവുകളാണ് ഇതിനുള്ളത്. നബിയുടെ ജീവിതകാലത്ത് തന്നെ ഇസ്‌ലാമിക പ്രബോധനത്തിനായി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പുറപ്പെട്ട സ്വഹാബത്തിന്റെ ചരിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നതും ഇതുതന്നെ. പ്രസിദ്ധമായ മതവിധികളുടെയും ഫത്‌വകളുടെയും സമാഹാരങ്ങൾ നിരവധി വിരചിതമായിട്ടുണ്ട്. അവകളിൽ എല്ലാ ചോദ്യങ്ങളുടെയും വിശകലനങ്ങളുടെയും ആകെത്തുക മുഹമ്മദ് നബി(സ്വ)യുടെ അംഗീകാരത്തിലും പ്രതിപാദ്യത്തിലും ഒതുങ്ങുന്നു.
വെറും വിശ്വാസ കാര്യങ്ങൾ മാത്രമല്ലല്ലോ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്. ഇസ്‌ലാമിന്റെ പ്രായോഗികവും സമ്പൂർണവുമായ രൂപം നബി(സ്വ) കൈമാറിയതും പഠിപ്പിച്ചതുമാണ്. ആരാധനാ കർമങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ക്രയവിക്രയങ്ങൾ, കുടുംബജീവിതം. ജീവിത വ്യവഹാരങ്ങൾ, സാമൂഹിക അച്ചടക്കം, സ്വഭാവം, സംസ്‌കരണം തുടങ്ങി എല്ലാറ്റിലും റസൂൽ(സ്വ) നടത്തിയ വിശദീകരണങ്ങളുടെ മുഹമ്മദീയ ഇടപെടലുകളുടെ സാരാംശമാണ് ഇസ്‌ലാം. ഹദീസുകൾ നിർവഹിക്കുന്നത് പ്രസ്തുത ദൗത്യമാണ്. നുബുവ്വത്തിന്റെ മഹിമ കൂടിയാണ് ഹദീസുകളിലൂടെ സാധ്യമാവുന്നത്. തിരുനബി ഭൗതിക ലോകത്തു നിന്ന് വേർപിരിഞ്ഞെങ്കിലും എല്ലാ സമയത്തും എല്ലാറ്റിലും അവിടത്തെ സാന്നിധ്യം ഹദീസുകൾ ബോധ്യപ്പെടുത്തുന്നുണ്ട്.
സത്യത്തിൽ ഹദീസുകളെ നിഷേധിക്കുമ്പോൾ ചെന്നെത്തുന്നത് നുബുവ്വത്തിന്റെ നിഷേധത്തിലേക്കാണ്. കാരണം ഖുർആനിന്റെ പ്രാമാണികതയുമായി ബന്ധപ്പെട്ടാണ് ഹദീസുകൾ നിലകൊള്ളുന്നത്. ഹദീസുകളുടെ പ്രാമാണികത പ്രവാചകത്വവുമായി ബന്ധപ്പെട്ടും. മനുഷ്യന്റെ ഇഹപര മോക്ഷത്തിനുള്ള മുഴുവൻ വിജ്ഞാനവും അല്ലാഹു നിക്ഷേപിച്ച മുഹമ്മദ് നബി(സ്വ)യെ ഒഴിച്ചുനിർത്തുമ്പോൾ, അഥവാ ഹദീസുകൾ നിഷേധിക്കുമ്പോൾ ഇസ്‌ലാമിന്റെ അടിത്തറയിലാണ് കോടാലി വീഴുന്നതെന്ന് ചുരുക്കം.

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ