മദീനാ നിവാസികളായ ദക്വാനുബ്നു അബ്ദുല്‍ ഖൈസും അസ്അദുബ്നു സുറാറയും ഉറ്റമിത്രങ്ങളായിരുന്നു. ഒരിക്കല്‍ സംസാരമധ്യേ എന്തിനെയോ ചൊല്ലി ഇരുവരും വഴക്കായി. തര്‍ക്കം മൂത്തു. ഒടുവില്‍ വിഷയം സുഹൃത്തും പൗരപ്രധാനിയുമായി മക്കയിലെ ഉത്ബത്തുബ്നു റബീഅ(റ)യുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പാക്കാമെന്ന് ഇരുവരും തീരുമാനിച്ചു. അവര്‍ മക്കയിലേക്ക് പുറപ്പെട്ടു.

തിരുദൂതര്‍(സ്വ) മക്കയിലെയും പരിസര പ്രദേശങ്ങളിലെയും ബുദ്ധിജീവികള്‍ക്കും സത്യാന്വേഷികള്‍ക്കും ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും സത്യമതത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന സന്ദര്‍ഭമായിരുന്നു അത്.

അസ്അദ്ബ്നു സുറാറക്ക് ഇസ്‌ലാമിനെപ്പറ്റി അതുവരെ അറിവൊന്നുമുണ്ടായിരുന്നില്ല. തിരുനബി (സ്വ)യുടെ ദൃഷ്ടിയില്‍ പെട്ട ഇവര്‍ക്ക് അവിടുന്ന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും സത്യസാക്ഷ്യം വഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ദക്വാനും അസ്വദും സത്യമതം മനസ്സിലാക്കി ശഹാദത്ത് മൊഴിഞ്ഞു. അതിനിടയില്‍ അവര്‍ തങ്ങളുടെ വഴക്കും മക്കയിലേക്കുള്ള യാത്രാ ലക്ഷ്യവുമെല്ലാം മറന്നു. ഉത്ബയെ കാണാന്‍ പോലും നില്‍ക്കാതെ ഇസ്‌ലാമികാശ്ലേഷണത്തിന്റെ പ്രകാശ കിരണങ്ങളുമായി സ്വദേശത്തേക്ക് മടങ്ങി. മദീനയിലെ പ്രഥമ സത്യസാക്ഷി എന്ന പദവി അസ്അദുബ്നു സുറാറ(റ)യെ തേടിയെത്തിയതിങ്ങനെയാണ്.

ഓരോ വെള്ളിയാഴ്ചയും ജുമുഅയുടെ വാങ്ക് കേള്‍ക്കവെ കഅ്ബ്ബ്നു മാലിക്(റ)ന് ഒരു പ്രാര്‍ത്ഥന പതിവുണ്ട്. അസ്അദ്ബ്നു സുറാറക്ക് വേണ്ടിയുള്ള അനുഗ്രഹ പ്രാര്‍ത്ഥനയാണത്. ഇതൊരിക്കലും അദ്ദേഹം ഒഴിവാക്കിയിരുന്നില്ല, കാഴ്ചശക്തി നഷ്ടപ്പെട്ട് അവശതനയനുഭവിച്ച ജീവിതാവസാന ഘട്ടത്തില്‍ പോലും.

പ്രിയ പിതാവേ, ജുമുഅ വാങ്ക് കേള്‍ക്കുമ്പോഴൊക്കെ അങ്ങ് അബൂഉമാമ(റ)ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ, എന്താണ് കാരണം?

വല്‍സലനായ പിതാവിന്റെ കരം കവര്‍ന്ന് ആ പ്രാര്‍ത്ഥനയുടെ രഹസ്യം പുത്രന്‍ ആരാഞ്ഞു.

മോനേ, മദീനയില്‍ ആദ്യമായി ഞങ്ങളെകൂട്ടി ജുമുഅ നിസ്കാരം നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. ഞങ്ങളന്ന് നാല്‍പ്പത് പേരായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ മദീനയിലെ ജുമുഅ സ്ഥാപകന്‍ അസ്അദ്ബ്നു സുറാറ(റ) ആയി. മാത്രമല്ല, ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം മദീനയിലേക്ക് പ്രഥമമായി എത്തിയതും ഇദ്ദേഹത്തിന്റെ സത്യസാക്ഷ്യത്തോടെയത്രെ. ഒന്നാം അഖബ ഉടമ്പടിയിലും രണ്ടാം ഉടമ്പടിയിലും അസ്അദുബ്നു സുറാറയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. പ്രഥമ ഉടമ്പടിയില്‍ ആദ്യമായി തിരുനബി(സ്വ)യോട് പ്രതിജ്ഞ ചെയ്തതും അദ്ദേഹം. തിരുകരങ്ങളില്‍ കൈവെച്ച് നിര്‍വഹിച്ച ആ പ്രതിജ്ഞയില്‍ സംബന്ധിച്ച ഉബാദത്തുബ്നു സ്വാമിത്ത്(റ)ന്റെ ദൃക്സാക്ഷി വിവരണം ഇങ്ങനെ:

ഒന്നാം അഖബയില്‍ പന്ത്രണ്ടു പേരായിരുന്നു സംബന്ധിച്ചിരുന്നത്. ഔഫ് ബ്നു ഹാരിസ്, മുആദുബ്നു ഹാരിസ്, റാഫിഉബ്നു മാലിക്, ദക്വാനുബ്നു അബ്ദില്‍ ഖൈസ്, യസീദുബ്നു സഅ്ലബ, അബ്ബാസ്ബ്നു ഉബാദ, ഉഖ്ബത്തുബ്നു ആമിര്‍, അബുല്‍ ഹൈസമുബ്നു തൈഹാന്‍, ഉവൈമുബ്നു സാഇദ്, ഉബാദത്തുബ്നു സ്വാമിത്ത് (റ.ഹും) തുടങ്ങി പതിനൊന്ന് പേരെയും തിരുസന്നിധിയില്‍ എത്തിച്ചത് അസ്അദുബ്നു സുറാറ(റ) ആണ്. യുദ്ധാനുമതി ലഭിക്കുന്നതിനു മുന്പായിരുന്നു സംഭവം.

തിരുദൂതര്‍ പ്രതിജ്ഞയെപ്പറ്റി പറഞ്ഞു: നിങ്ങള്‍ ചെയ്യുന്ന പ്രതിജ്ഞ ലംഘിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കും. വീഴ്ച വരുത്തിയാല്‍ നിങ്ങളുടെ കാര്യം പരമദയാലുവായ അല്ലാഹുവിന്റെ പക്കലായിരിക്കും. അവന്‍ ഉദ്ദേശിച്ചാല്‍ ശിക്ഷിക്കും, അല്ലെങ്കില്‍ മാപ്പ് നല്‍കും.

അനന്തരം അസ്അദുബ്നു സുറാറ(റ) എഴുന്നേറ്റു. തിരുദൂതരുടെ കരം ഗ്രഹിച്ച് ഇങ്ങനെ പ്രതിജ്ഞയെടുത്തു: അല്ലാഹുവില്‍ ഞങ്ങള്‍ ഒന്നിനെയും പങ്ക് ചേര്‍ക്കുകയില്ല. മോഷണം നടത്തുകയില്ല. വ്യഭിചരിക്കുകയില്ല. സന്താനങ്ങളെ വധിക്കുകയില്ല. ലൈംഗികമായ വ്യാജാരോപണം നടത്തുകയില്ല. ഉത്തമമായ കാര്യങ്ങളില്‍ ധിക്കാരം കാണിക്കുകയില്ല.

അനന്തരം ഒപ്പമുള്ളവരോടായി അദ്ദേഹം പറഞ്ഞു: പ്രിയപ്പെട്ട കൂട്ടുകാരേ, അല്ലാഹുവിന്റെ ഹബീബിനോട് നിങ്ങള്‍ ചെയ്യുന്ന പ്രതിജ്ഞ എന്താണെന്ന് നിങ്ങള്‍ ഗ്രഹിച്ചോ? അറബികളായാലും അനറബികളായാലും ഭൂത വര്‍ഗമായാലും മനുഷ്യരായാലും പ്രതിയോഗികളോട് ഒന്നടങ്കം പോരാടണമെന്നാണ് പ്രതിജ്ഞയുടെ വിവക്ഷ…. നിങ്ങള്‍ക്ക് മനസ്സ് തുറക്കാം..?

അവര്‍ പ്രതികരിച്ചു: ഞങ്ങള്‍ തയ്യാറാണ്. അക്രമികളോട് ഞങ്ങള്‍ യുദ്ധം ചെയ്യും. സമാധാനത്തില്‍ വര്‍ത്തിക്കുന്നവരോട് അതേ രൂപേണ ഇടപെടും.

തിരുനബി(സ്വ)യോട് ചെയ്ത വാഗ്ദാനത്തില്‍ നിന്ന് അണു അളവ് വ്യതിചലിക്കാതെ ജീവിത കാലമത്രയും അസ്അദുബ്നു സുറാറ(റ) ഉറച്ചുനിന്നു.

മദീനയിലെ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനെയും ഖുര്‍ആനും പഠിപ്പിക്കാന്‍ പ്രഥമ അധ്യാപകനായി നിയമിതനായ മിസ്അബ് (റ) താമസിച്ചത് അസ്അദുബ്നു സുറാറ(റ)യുടെ കൂടെയായിരുന്നു. മിസ്അബ്(റ)ന് ഒപ്പം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി അദ്ദേഹം വര്‍ത്തിച്ചു. ഇരുവരും ജനങ്ങളെ സംഘടിപ്പിച്ചു ആവശ്യമായ ഉപദേശങ്ങള്‍ നല്‍കിയും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തും സേവന പാതയില്‍ വിരാചിച്ചുകൊണ്ടിരുന്നു.

ഔസ്ഖസ്റജ് ഗോത്രക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന കുടിപ്പകയും വെറുപ്പും അലിയിച്ചെടുത്ത് അവരെ ഇസ്‌ലാമിക സാഹോദര്യത്തിന്റെയും ഏകതാ മനോഭാവത്തിന്റെയും വിശാലമായ സ്വാതന്ത്ര്യ ലോകത്തേക്ക് എത്തിച്ചതില്‍ അസ്അദ്(റ)ന്റെ പങ്ക് അനുപമമാണ്. ഇരു ഗോത്രക്കാരും തമ്മിലുണ്ടായിരുന്ന ഛിദ്രതയും മാനസികമായ അകല്‍ച്ചയും നിമിത്തം ഔസിന് ഖസ്റജും ഖസ്റജിന് ഔസും ഇമാമുമാരായി അവരോധിക്കപ്പെടുന്നത് ആദ്യഘട്ടത്തിലൊന്നും അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മക്കക്കാരനായ മിസ്അബ്(റ) അല്ലാതെ മറ്റൊരാളും തങ്ങള്‍ക്ക് നിസ്കാരത്തിന് ഇമാമായി നില്‍ക്കുന്നത് അവര്‍ക്ക് തൃപ്തികരമായിരുന്നില്ല. അതേ സമയം ഖസ്റജുകാരനാണെങ്കിലും അസ്അദുബ്നു സുറാറ(റ) ഇരുഗോത്രക്കാര്‍ക്കും സുസമ്മതനും സമാദരണീയനുമായിരുന്നു.

ദൗത്യം പൂര്‍ത്തിയാക്കി മിസ്അബ്(റ) മദീനയോട് വിട പറഞ്ഞുപോയതില്‍ പിന്നെ ആ ചുമതല അസ്അദ്(റ)ന്റെ ഉത്തരവാദിത്തത്തിലായി. ജുമുഅക്കും ജമാഅത്തിനും നേതൃത്വം നല്‍കിയതെല്ലാം അദ്ദേഹം തന്നെ. ആദ്യമായി മദീനയില്‍ ജുമുഅ നിസ്കാരത്തിന് അദ്ദേഹം കാര്‍മികത്വം വഹിച്ചത്. നാല്‍പത് പേരായിരുന്നു പ്രഥമ ജുമുഅയില്‍ സംബന്ധിച്ചിരുന്നത്.

തൊണ്ടക്കു വ്രണബാധയുണ്ടായി ഏതാനും നാള്‍ ശയ്യാവലംബിയായ അസ്അദുബ്നു സുറാറ(റ) മരണപ്പെട്ടു. മദീനയില്‍ തിരുനബി (സ്വ)യുടെ പള്ളി നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടമായിരുന്നു മദീനയിലെ ആദ്യ മുസ്ലിമിന്റെ മരണം. ഹബീബ, ഫുറൈഅ, കബ്ശ എന്നീ മൂന്ന് പെണ്‍മക്കളായിരുന്നു അദ്ദേഹത്തിന്. അവരെ റസൂലിന്റെ തൃക്കരങ്ങളില്‍ ഏല്‍പ്പിച്ചായിരുന്നു വിയോഗം. മുത്ത് നബി(സ്വ) തന്റെ കുടുംബത്തോടൊപ്പം അവരെ വളര്‍ത്തുകയും സ്വന്തം കുടുംബാംഗങ്ങളെ പോലെ പരിഗണിച്ചു പോരുകയും ചെയ്തു.

യാ റസൂലല്ലാഹ്, ഞങ്ങളുടെ നായകന്‍ വിട പറഞ്ഞുപോയത് അങ്ങേക്കറിയാമല്ലോ? ഞങ്ങള്‍ക്കൊരു നേതാവിനെ കല്‍പ്പിച്ചുതന്നാലും…

അസ്അദ്ബ്നു സുറാറ(റ)ന്റെ വിയോഗാനന്തരം ബനൂനജ്ജാര്‍ കുടുംബക്കാര്‍ തിരുദൂതരുടെ സന്നിധിയില്‍ വന്നു ആവശ്യപ്പെട്ടു.

നിങ്ങളുടെ നായകനായി ഞാന്‍ മതിയല്ലോ? തിരുനബി(സ്വ) പ്രതികരിച്ചു.

ബഖീഅ് ഖബറിസ്ഥാനില്‍ ആദ്യം ഖബറടക്കപ്പെട്ട അന്‍സ്വാരിയും മഹാനായ അസ്അദുബ്നു സുറാറ(റ) ആണ്.

(സുവറുന്‍ മിന്‍ ഹയാതിസ്വഹാബ)

ടിടിഎ ഫൈസി പൊഴുതന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ