markaz-malayalam
  1. സുന്നി ആദര്‍ശം, സാംസ്‌കാരിക ജീവിതം

പ്രാമാണിക പരിശുദ്ധിയും പാരമ്പര്യ സംസ്‌കൃതിയും കൈയൊഴിയാതെയുള്ള ആദര്‍ശ-ആശയ മുന്നേറ്റം.

ആചാരം, അനുഷ്ഠാനം, ആഘോഷം തുടങ്ങിയവയില്‍ മതപരമായ കീഴ്‌വഴക്കങ്ങള്‍ക്കൊപ്പം സമുദായത്തെ നിറുത്തി പരിരക്ഷിച്ചു. അനുധാവനം, അനുസരണം, അനുകരണം എന്നിവയില്‍ പൂര്‍വസൂരികള്‍ ആധികാരികമായി അടയാളപ്പെടുത്തിയ അറിവനുഭവങ്ങള്‍ മാതൃകയാക്കി കേരളീയ സമൂഹത്തെ സമകാലികമായി വഴിനടത്തി. സുന്നിയാവുക, സാംസ്‌കാരിക വാദിയാവുക എന്ന തലത്തിലേക്ക് കേരള മുസ്‌ലിംകളുടെ ചിന്താഗതിയെ മര്‍കസ് പ്രസ്ഥാനം പുനര്‍നിര്‍ണയിച്ചു.ബുര്‍ദ/വേള്‍ഡ് മീലാദ് കോണ്‍ഫറന്‍സ്/സൂഫീസംഗമം/ആത്മീയ സമ്മേളനം/മതേതര സംഗമം മര്‍കസ് കാണിച്ച മാതൃകകള്‍ നീണ്ടതാണ്.

  1. സ്വാഭിമാനം: പണ്ഡിത കര്‍മം, ധര്‍മം

കേരളീയ പണ്ഡിത സമൂഹത്തിന് ആദരവും അംഗീകാരവും ആത്മാഭിമാനവും മര്‍കസും അതിന്റെ ശില്‍പിയും നേടിക്കൊടുത്തു. പാണ്ഡിത്യത്തെ ‘പണയം’ വെക്കാനുള്ളതല്ലെന്ന തിരിച്ചറിവ് പണ്ഡിതന്മാര്‍ക്ക് പകര്‍ന്നു നല്‍കി. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം കൈവരിക്കാനുള്ള  വഴികളും അതുവഴി ആര്‍ജിച്ചെടുക്കാനാവുന്ന മത-ഭൗതിക-ദ്വിലോക നേട്ടവും വിജയവും പണ്ഡിതന്മാരെ ബോധ്യപ്പെടുത്തി. നടപ്പിലും ഇരിപ്പിലും പ്രവര്‍ത്തന രംഗത്തും സേവന മേഖലയിലും സമൂലമായ മാറ്റം സൃഷ്ടിക്കാന്‍ പ്രേരണ നല്‍കി. വേഷവിധാനങ്ങളില്‍ വരെ കണിശമായ നിഷ്ഠയുംചിട്ടയും ആവിഷ്‌കരിച്ചു. സമൂഹത്തിന്റെ/സമുദായത്തിന്റെ കടിഞ്ഞാണ്‍/ നായകത്വം പണ്ഡിതന്മാര്‍ക്കാണെന്ന് തെളിയിച്ചു.മത വിഷയങ്ങള്‍ക്കു പുറമെ  ആധുനിക വിഷയങ്ങള്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. അറബി-ഉറുദു-ഇംഗ്ലീഷ് ഭാഷകള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം-പേഴ്സണാലിറ്റി എന്നിവയ്ക്ക് പ്രാധാന്യം നല്‍കി.

  1. സമന്വയ വിദ്യാഭ്യാസം,സാര്‍ത്ഥക വിജ്ഞാനം

മതവിദ്യാഭ്യാസം-ഭൗതിക വിദ്യാഭ്യാസം എന്ന ഭിന്ന ധ്രുവങ്ങളില്‍ വിദ്യാഭ്യാസത്തെ നിര്‍വചിച്ചെടുത്ത ഒരു കാലഘട്ടത്തിലാണ് ‘സമന്വയ വിദ്യാഭ്യാസത്തിലൂടെ സാര്‍ത്ഥക വിജ്ഞാനം സാധ്യമാക്കുക’ എന്ന സന്ദേശവുമായി മര്‍കസ് ‘സമന്വയ’ വിദ്യാ വിപ്ലവത്തിന് തുടക്കം കുറിച്ചത്. മത വിജ്ഞാനീയങ്ങളില്‍ അവഗാഹവും ഭൗതിക വിഷയങ്ങളില്‍ സമകാലിക പരിജ്ഞാനവും ഈ ‘സമന്വയ’ പദ്ധതിവഴി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. ‘ബോര്‍ഡിംഗ് മദ്രസ’യിലൂടെ ‘സമന്വയ’ പ്രഥമ പഠനരീതിക്ക് കവാടം തുറന്ന മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ദഅ്‌വാ കോളേജ്, ശരീഅ കുല്ലിയ്യ, എന്‍ജിനീയറിംഗ് കോളേജ്, വനിതാ കോളേജ് തുടങ്ങി ഏത് ഭൗതിക ക്യാംപസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും മതപഠനം കൂടി സാധ്യമാകുന്ന സംവിധാനമൊരുക്കി.

  1. സാമൂഹ്യ നവോത്ഥാനം,ബൗദ്ധിക പ്രതിരോധം

1977-ല്‍ മര്‍കസ് പ്രസ്ഥാനത്തിന് ശില പാകിയതോടെ പുതിയൊരു സാമൂഹ്യ  നവോത്ഥാനത്തിനും നവ ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുടക്കം കുറിച്ചത്. കേരളീയ ചരിത്രത്തില്‍ അനേകം പദ്ധതികളുടെ പ്രഖ്യാപനം സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചു. സുന്നിസത്തിന്റെ സര്‍ഗാത്മകമായ അസ്തിത്വം പ്രബോധന മേഖലയില്‍ നവീന മാറ്റം കൊണ്ടുവന്നു. ‘യാഥാസ്ഥിതികത്വം’എന്ന തലത്തിലേക്ക് പാര്‍ശ്വവല്‍ക്കരിച്ച സുന്നി ആശയത്തിന് ‘നവോത്ഥാന’ മാനം നല്‍കി പുതിയ ‘ദഅ്‌വ’ തലവും  പ്രാമാണിക പ്രതലവും സൃഷ്ടിച്ചു.നന്മയുടെ പക്ഷത്തു നിന്ന് സാമൂഹ്യപരമായുള്ള ആദര്‍ശ നവോത്ഥാനം (സുന്നിസം) മൊത്തം സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതവുമായി ഏറെ സാമ്യപ്പെട്ടു കിടക്കുന്നതാണെന്നും തെളിയിച്ചു.

  1. നിര്‍മാണാത്മക സനാഥത്വം

ജീവിത സൗരഭ്യങ്ങളുടെ ശാദ്വല വീഥിയിലേക്ക് പാദമൂന്നാന്‍ തുടങ്ങുന്നതിനു മുമ്പേ ജന്മം നല്‍കിയ പിതാവിന്റെ വിയോഗത്തില്‍ സനാഥത്വം നഷ്ടപ്പെട്ട കുരുന്നു ജീവിതങ്ങള്‍ക്ക് അറിവും ആഹാരവും ചികിത്സയും നല്‍കി സ്നേഹതണലിടം ഒരുക്കി. അനാഥത്വത്തിന്റെ വിഹ്വലതയും ദാരിദ്ര്യത്തിന്റെ ആകുലതയും മറികടക്കാന്‍ അനാഥകള്‍ക്ക് പ്രൊഫഷണല്‍ തലം വരെ പഠിക്കാനും ജീവിക്കാനും സംവിധാനം. ഹോം കെയര്‍, തകാഫുല്‍ വഴി മാതൃത്വ പരിരക്ഷണവും പിതൃതുല്യമായ പരിലാളനവുമൊരുക്കി.

  1. അവബോധ രാഷ്ട്രീയം,ജനാധിപത്യ വീക്ഷണം

രാഷ്ട്രീയം രാഷ്ട്ര സേവനത്തിനും രാജ്യ നന്മക്കുമായി വിനിയോഗിക്കാനും രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് കേരളീയ സമൂഹത്തെ സാംസ്‌കാരികമായി വിമോചിപ്പിക്കാനും മര്‍കസിനു സാധിച്ചു. രാഷ്ട്രീയ സദാചാരവും അരാഷ്ട്രീയ സാക്ഷരതയും സംബന്ധിച്ച അവബോധം നല്‍കി. രാഷ്ട്രീയം ജനജീവിതത്തിന്റെ പുരോഗതിയിലേക്കുള്ള സാമൂഹ്യ സേവനമാണെന്നും പൊളിറ്റിക്കല്‍ പാര്‍ട്ടികളുടെ മാത്രം സംഘബലത്തെ പുഷ്ടിപ്പെടുത്താനുള്ള ഉപാധിയല്ലെന്നുമുള്ള രാഷ്ട്രീയ തിരിച്ചറിവ് പകര്‍ന്നു. കുത്തക രാഷ്ട്രീയ നയത്തിന് സാമൂഹ്യ തലത്തില്‍ മാറ്റം സൃഷ്ടിച്ചു.

  1. സ്നേഹസാന്ത്വനം

രാജ്യത്തെ നിരാലംബരും നിര്‍ധനരും അഗതികളുമായ  ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രിതത്വം പകര്‍ന്നു. കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി മര്‍കസ് സാന്ത്വനമേകി. രോഗങ്ങള്‍, ജീവിത പ്രാരാബ്ധങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, മാനസിക പ്രയാസങ്ങള്‍, ശാരീരിക വൈഷമ്യങ്ങള്‍ എല്ലാത്തിനുംപരിഹാരം തേടി മര്‍കസിലെത്തുന്ന പതിനായിരങ്ങള്‍ക്ക് മരുന്നും മന്ത്രവും സ്നേഹ സാന്ത്വനവുമായി മര്‍കസ് സഹായ ഹസ്തം നീട്ടി.

  1. തൊഴിലധിഷ്ഠിത വിജ്ഞാന സംസ്‌കാരം

വിജ്ഞാന വിനിമയത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളില്‍ തൊഴിലധിഷ്ഠിത വിദ്യയുമായി ബന്ധപ്പെടുത്തി ശിക്ഷണാത്മക വിജ്ഞാന പദ്ധതി നടപ്പില്‍ വരുത്തി. പഠനത്തോടൊപ്പം സ്വയം പര്യാപ്ത വ്യക്തികളായി മാറാന്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ കഴിവുകള്‍ക്ക് പരിപോഷണം നല്‍കി. വ്യത്യസ്തമായ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് തുടക്കം കുറിച്ചു.

  1. അധ്യാത്മിക ബോധനം, ആത്മീയ പാലനം

ദൈനംദിന ജീവിത നിഷ്ഠകള്‍ക്കും ചര്യകള്‍ക്കും ആത്മീയ തലവും ചിട്ടയും വരുത്താനുള്ള മജ്‌ലിസുകള്‍ തുടങ്ങി. ലോക പ്രശസ്തരായ സൂഫികള്‍, ആരിഫുകള്‍, സാത്വികരായ വ്യക്തികള്‍,പണ്ഡിതന്മാര്‍ ആത്മീയ വേദികള്‍ക്ക് നേതൃത്വംനല്‍കി. ആത്മീയതയെയും സൂഫീ ചിന്താധാരയെയും വിമര്‍ശിച്ച സംഘടിത ശക്തികള്‍ക്ക് ആത്മീയതയുടെ അകവും തികവും ബോധ്യപ്പെടുത്തി.

  1. പണ്ഡിതന്മാര്‍ക്ക്അംഗീകാരം, ആദരം

സാമുദായിക, സാമൂഹ്യ ഇടങ്ങളില്‍ നിന്നും മാറ്റി നിറുത്തിയിരുന്ന പണ്ഡിതന്മാര്‍ക്ക് അംഗീകാരം നേടിക്കൊടുത്തു. സാമുദായിക നേതൃത്വവും സാമൂഹ്യ മേഖലകളിലെ സാരഥ്യവും പണ്ഡിതരെ തേടിയെത്തി. പാണ്ഡിത്യത്തിന്റെ കര്‍മവും ധര്‍മവും ദൗത്യവും സമൂഹത്തെ ബോധ്യപ്പെടുത്തി. നഷ്ട പ്രതാപം വീണ്ടെടുത്ത് ഭൗതിക ആത്മീയ-മത-രാഷ്ട്രീയ സേവന രംഗങ്ങളിലെല്ലാം പണ്ഡിതന്മാര്‍ ആദരിക്കപ്പെട്ടു.

  1. സ്ത്രീ ശാക്തീകരണം,വിധവ സംരക്ഷണം

സ്ത്രീകളുടെ സാംസ്‌കാരിക ശാക്തീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കി വിമന്‍സ് ക്യാംപസുകള്‍ക്ക് തുടക്കം കുറിച്ചു. വുമണ്‍സ് മോറല്‍ അസംബ്ലി, വുമണ്‍സ് അക്കാദമി തുടങ്ങി സ്ത്രീ ശാക്തീകരണത്തിനുള്ള വൈജ്ഞാനിക പഠന സംവിധാനങ്ങള്‍ മതപരമായ ചുറ്റുപാടില്‍ നടപ്പിലാക്കി.

  1. പരിരക്ഷിത പ്രവാസം

ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകളെ കേരളീയ സമൂഹത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തി. പ്രവാസികളുടെ ജീവിത പ്രതിസന്ധികള്‍ക്ക് പ്രതിവിധി കണ്ടെത്തി പരിരക്ഷണം സാധ്യമാക്കി. പ്രവാസികള്‍ക്കിടയില്‍ ധാര്‍മിക ബോധനത്തിനും സാംസ് കാരിക ജീവിതത്തിനും ഉപയുക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.

  1. ദേശാന്തരങ്ങളുടെ സ്‌നേഹ വിരുന്ന്

മര്‍കസ് സമ്മേളനങ്ങള്‍ ദേശാന്തരങ്ങളുടെ സ്‌നേഹ വിരുന്നുകള്‍ സൃഷ്ടിച്ചു. ലോക പണ്ഡിതന്മാരുടെയും രാഷ്ട്ര നേതാക്കന്മാരുടെയുംസാമുദായിക സാരഥികളുടെയും അന്താരാഷ്ട്ര സംഗമവേദിയായി മര്‍കസ് മാറി. വിശ്വസംസ്‌കാരങ്ങളെ ഒരു വേദിയിലെത്തിച്ച് ഇന്ത്യയുടെയും കേരളത്തിന്റെയും മികവും മേന്മയും ലോകത്തിന് പരിചയപ്പെടുത്തി.

  1. ഖുര്‍ആന്റെ തണലില്‍

മനുഷ്യ ജീവിതത്തിന്റെ ഭൗതികവും പാരത്രികവുമായ വിജയ നിദാനങ്ങള്‍ക്ക് വെളിച്ചവും വഴിയുമായി മാര്‍ഗദര്‍ശനമേകുന്ന വേദത്തെ അടുത്തറിയാനുള്ള പഠന-പാരായണ-പ്രകീര്‍ത്തന-ആസ്വാദന തലങ്ങള്‍ ഒരുക്കി. ദൗറത്തുല്‍ ഖുര്‍ആന്‍, സഹ്‌റത്തുല്‍ ഖുര്‍ആന്‍, തഹ്ഫീളുല്‍ ഖുര്‍ആന്‍, ഖുര്‍ആനിക സാക്ഷരതയ്ക്കും ഖുര്‍ആനികമായ ആത്മീയ ജീവിതത്തിനും സംവിധാനം.

  1. മര്‍കസ് മസ്‌റ: കാര്‍ഷിക സംസ്‌കാരത്തിന്റെകരുത്തും കരുതലും

പ്രകൃതിദത്തവും ആരോഗ്യദായകവുമായ ജൈവ കൃഷിയിലൂടെ കരുത്തും കരുതലുമുള്ള കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തി. പരിസ്ഥിതിക്ക് നാശവും നഷ്ടവും വരുത്താതെ പ്രകൃതിയോടും ഭൂമിയുടെ ജൈവികതയോടും ഇണങ്ങുന്ന തരത്തിലുള്ള കൃഷി സമ്പ്രദായം.

  1. സാര്‍ത്ഥക സാരഥ്യം,

    സമുല്‍കൃഷ്ട സംഘാടനം: സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രീയ സംരംഭങ്ങളിലൂടെ സാര്‍ത്ഥക സാരഥ്യങ്ങളെ/ നേതൃശേഷിയുള്ള ലീഡേഴ്‌സിനെ വാര്‍ത്തെടുക്കാനുംവളര്‍ത്തിയെടുക്കാനും മര്‍കസിന് സാധിച്ചു.മര്‍കസ് ഭൂമികയില്‍ നിന്നും നേതൃത്വ പരിശീലനം സിദ്ധിച്ച ബിരുദ ധാരികളായ പണ്ഡിതന്മാര്‍ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കുന്നു – സാരഥ്യം വഹിക്കുന്നു.

  1. മതം തിരിച്ചറിയപ്പെടുന്നു

ഇസ്‌ലാം എന്ന ജീവിത ശാസ്ത്രത്തിന്റെ സാമൂഹ്യതലവും സൗന്ദര്യാത്മകതയും ദാര്‍ശനിക പൊരുളും മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി ഇസ്‌ലാമേതര സമൂഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇസ്ലാമിന്റെ മാനവിക മാനവും സാംസ്‌കാരിക വൈപുല്യവും വായിച്ചെടുത്തു സംവേദനാത്മക മതപരിസരം മര്‍കസ് സൃഷ്ടിച്ചു.

  1. മര്‍കസ് മാതൃക

നന്മകള്‍ക്കും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ഉപമയായി തീര്‍ന്ന മഹാപ്രസ്ഥാനമായി മര്‍കസ് ലോക തലങ്ങളിലും ജനഹൃദയങ്ങളിലും സ്ഥാനം നേടി. മര്‍കസ് മാതൃകയാക്കി നിരവധി മര്‍കസുകള്‍ വ്യത്യസ്ത വൈജ്ഞാനിക സംരംഭങ്ങളായി സ്ഥാപിതമായി. അങ്ങനെ പ്രചോദനം, അഭയസ്ഥാനം എന്നീ തലത്തില്‍ പ്രതിഗമനബോധം സൃഷ്ടിച്ചു.

  1. സുരക്ഷിത ജീവിതം,

   സുസ്ഥിര ആശ്രയം:മര്‍കസ് ലൈഫ് കെയര്‍

മര്‍കസ് മികവുറ്റൊരു ജീവിതപാത പണിതു.  സമ്പന്ന വര്‍ഗത്തിനൊപ്പം പഠനവും ജീവിതവുംഒരേ ആശയത്തിന്റെയും ആദര്‍ശത്തിന്റെയുംഅളവു കോലില്‍ ദരിദ്ര വിഭാഗങ്ങള്‍ക്കും പ്രാപ്തമാക്കി. ധനം ഉള്ളവരില്‍ നിന്നും ഇല്ലാത്തവരിലേക്ക് കൈമാറ്റം ചെയ്യാനുള്ള പ്രേരണ നല്‍കി ആദാനപ്രദാന ജീവിതരീതി നിര്‍മിച്ചെടുത്തു. എക്‌സലന്‍സി ക്ലബ്ബിലൂടെ മ്യൂച്ചല്‍ ഫണ്ട് സംവിധാനവും സാമ്പത്തിക സാക്ഷരതയും സംസ്‌കാരവും രൂപപ്പെടുത്തി.

  1. വ്യവസായ സംസ്‌കാരം; മര്‍കസ് മോഡല്‍

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മികച്ച വ്യവസായ സംരംഭങ്ങള്‍ക്ക് അവസരം നല്‍കി. കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് സ്ഥാപിച്ച് കച്ചവടത്തോടൊപ്പംധാര്‍മിക ജീവിതം, വിനിമയ സംസ്‌കാരം എന്നിവ ചിട്ടപ്പെടുത്തി. മര്‍കസ് പ്ലാന്റേഷന്‍ സ്‌കീം, നഗര കേന്ദ്രീകൃത കച്ചവട സ്ഥാപനങ്ങള്‍ എന്നിവയിലൂടെ മതജീവിതവും ഭൗതിക ജീവിതോപാധിയും വളര്‍ത്തിയെടുത്തു.

  1. മസ്ജിദുകള്‍ ;ആശ്രയ നിലയങ്ങള്‍

ആരാധനകള്‍ക്കപ്പുറം മസ്ജിദുകളുടെ ദൗത്യത്തിന് മര്‍കസ് വഴി നവീനമായ സാമൂഹ്യ ലക്ഷ്യങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടു. നാടിന്റെ നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ സാംസ്‌കാരിക കേന്ദ്രങ്ങളായി മസ്ജിദുകള്‍ അടയാളപ്പെട്ടു.

  1. മര്‍കസ് ഹാന്റി ക്രാഫ്റ്റ്

പഠന പാഠങ്ങളെ പ്രവൃത്തി പഥങ്ങളിലൂടെ നിര്‍മിതികളാക്കുന്ന കരകൗശല വിദ്യയിലൂടെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ ശേഷിയും സ്വയം പര്യാപ്തതയും വളര്‍ത്തിയെടുത്തു.അറിവുകളെ നിര്‍മിതികളാക്കുന്ന അക്ഷയവിദ്യ സ്വയം തൊഴില്‍ എന്ന ചിന്തയിലേക്ക് വിദ്യാര്‍ഥികളെ നയിച്ച് മര്‍കസ് ഹാന്റി ക്രാഫ്റ്റ് മികച്ച നിര്‍മാണ നികേതമായി മാറി.

  1. മര്‍കസ് പ്രൊഫഷണലിസം

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് പ്രായോഗിക സംവിധാനം. മത ധാര്‍മിക പാഠങ്ങള്‍ക്കൊപ്പം ജീവിച്ചുതന്നെ ഭൗതികപരമായ പ്രൊഫഷണലിസം ജീവിതത്തില്‍ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിയൊരുക്കി. മര്‍കസ് പ്രൊഫഷണലിസം മത ബിരുദ രംഗത്തും ഭൗതിക തലത്തിലും ചര്‍ച്ച ചെയ്യപ്പെട്ടു.

  1. ലോകം തിരിച്ചറിയുന്ന നേതൃത്വം

ലോകതലത്തില്‍ സര്‍വാദരണീയ നേതൃത്വം. സാംസ്‌കാരിക ഇസ്ലാമിന്റെയും ആധ്യാത്മിക ഇസ്‌ലാമിന്റെയും മഹിതമായ ജീവിത സാന്നിധ്യം.പാണ്ഡിത്യത്തിന്റെ വിവിധ തലങ്ങളെ സമന്വയിപ്പിച്ച വ്യക്തിത്വം അന്താരാഷ്ട്ര വേദികളില്‍ ലോക മത രാഷ്ട്ര സാംസ്‌കാരിക നേതാക്കള്‍ക്കൊപ്പം സര്‍വാംഗീകാര സാരഥ്യം.ശൈഖുന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരളീയ ഭൂപടത്തിനപ്പുറം തേജോമയമായ മേല്‍വിലാസമായി അടയാളപ്പെട്ടിരിക്കുന്നു.മതത്തിന്റെ ആധികാരിക ശബ്ദമായി സാമൂഹ്യസേവന സാംസ്‌കാരിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുടെ പരിഷ്‌കര്‍ത്താവായി ഇസ്‌ലാമിക ദര്‍ശനത്തിന്റെ ജീവല്‍ പാഠമായി ലോകംതിരിച്ചറിയുന്ന നേതൃത്വം.

  1. അതിരുകള്‍ മായ്ച്ചു കൈകോര്‍ക്കുന്ന ജീവിതങ്ങള്‍ :ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും പേരില്‍ മനുഷ്യ ജീവിതങ്ങള്‍ക്ക് അതിരു നിശ്ചയിച്ചിരുന്ന സ്ഥിതി വിശേഷത്തെ ജീവിത നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു കൊടുത്ത് മര്‍കസ് മായ്ച്ചുകളഞ്ഞു.ഒരേ വിശ്വാസം, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങളില്‍ ജീവിച്ചവരെ വിഭജിച്ചു നിര്‍ത്തിയിരുന്ന അരേഖീയ അതിരുകള്‍ മര്‍കസ് എടുത്തുമാറ്റി. ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും അതിരുകള്‍ക്കും അതീതമായി മര്‍കസ് വൈജ്ഞാനിക വിനിമയത്തിന്റെ  നവാധ്യായങ്ങള്‍ രചിച്ചു.ഹിന്ദിയും മറാത്തിയും ഉര്‍ദുവും കൊങ്കിണിയും ഹിന്ദിയും അറബിയുംതമിഴും തെലുങ്കും മലയാളവും ഇടകലര്‍ന്ന ഭാഷകളുടെ ലയവും സൗന്ദര്യവും ഹൃദയതാളങ്ങള്‍ സൃഷ്ടിച്ചു. മാനവികതയുടെ വാതായനങ്ങള്‍, തിരിച്ചറിവിന്റെ ആഹ്ലാദ പരിസരങ്ങള്‍, സാഹോദര്യത്തിന്റെ സൗന്ദര്യ സരണികള്‍ മനുഷ്യനിലേക്ക് മര്‍കസ് നന്മയുടെ പാലംപണിതു. അതിരുകളില്ലാത്ത ബഹുസ്വരതയുടെ വിസ്തൃതമായ ലോകം സാധ്യമാക്കി.
  1. ആദരിക്കപ്പെടുന്നആസാറുകള്‍

മുഹമ്മദ് റസൂല്‍(സ്വ)യുടെ നിസ്തുലജീവിതത്തിന്റെ നേര്‍ പ്രകാശനം കേരളീയ സമൂഹത്തെ സാരവത്തായി പരിചയപ്പെടുത്തി.മതചിഹ്നങ്ങള്‍ സാംസ്‌കാരിക അടയാളങ്ങളാണെന്നും വിശ്വാസ ബന്ധിതമായാണവയെന്നും പ്രാമാണികമായിവിവരിച്ചു ബോധ്യപ്പെടുത്തി. തിരു ജീവിതത്തിന്റെ നേര്‍ സാക്ഷ്യങ്ങളിലേക്ക് തിരുആസാറുകള്‍ വഴി വിശ്വാസി സമൂഹത്തെ ആനയിച്ചു. ശഅ്‌റ് മുബാറക് അടങ്ങുന്ന തിരുശേഷിപ്പുകളെ ആദരിക്കേണ്ടത് തഖ്‌വയുടെ ഭാഗമാണെന്ന് ഖുര്‍ആനികമായി സ്വീകരിച്ചു.ഇതിനായി മര്‍കസ് വിവിധ തരത്തിലുള്ള സംവിധാനമൊരുക്കി. തിരുശേഷിപ്പുകളുടെ സൂക്ഷിപ്പിനും പരിപാലനത്തിനുമായി പൈതൃക ആസ്ഥാനം  (ഹെറിറ്റേജ് വില്ലേജ്) യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

  1. രചനാത്മകംപണ്ഡിത പാതകള്‍

അറിവനുഭവങ്ങളുടെ സര്‍ഗ ഭൂമികയില്‍ നിന്നും രചനാത്മക പാതകള്‍ പണിതെടുത്തു. സഖാഫികള്‍, പാണ്ഡിത്യത്തിന്റെ സര്‍വതല പരിജ്ഞാനങ്ങള്‍ക്കൊപ്പം സര്‍ഗാത്മക സൗഹൃദത്തിന്റെ രുചിക്കൂട്ടുകളും പകര്‍ന്നു.സാഹിത്യ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തി. ഗ്രന്ഥകര്‍ത്താക്കള്‍, എഴുത്തുകാര്‍, ലേഖകന്മാര്‍ സാഹിത്യത്തിലും കലയിലും സഖാഫികള്‍ പ്രതിഭാത്വം തെളിയിച്ചു. പ്രഭാഷണ കലയില്‍ വേറിട്ടൊരു വേദി സൃഷ്ടിച്ചെടുത്തു. സംവാദാത്മകവും സര്‍ഗാത്മകവുമായ പ്രതിരോധ മേഖലകളില്‍ പ്രാമാണികതയോടെ സംവദിക്കാന്‍ ആര്‍ജ്ജവം നേടി. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പുതുമയാര്‍ന്ന തലങ്ങള്‍ പണിതു.

  1. പണ്ഡിത ഭാരതം ഒരുമയുടെ പാദുകം

അഖിലേന്ത്യാ തലത്തില്‍ പണ്ഡിത സഭയ്ക്കുരൂപം നല്‍കി. ഒരേ ആശയത്തിലും ആദര്‍ശത്തിലും വിശ്വസിച്ചിരുന്ന പണ്ഡിതന്മാരെ സംസ്ഥാന തല കൂട്ടായ്മയിലൂടെ അഖിലേന്ത്യാ തലത്തില്‍ ഒന്നിപ്പിച്ചു. പണ്ഡിതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഏകീകൃത രൂപം നല്‍കി.

  1. കര്‍മരംഗം: ഉമറാ കര്‍ത്തവ്യം

സമുദായത്തിന്റെ ചാലക ശക്തികളായ ഉമറാക്കളെ / പൗരപ്രധാനികളെ കര്‍മരംഗത്ത് സജീവമാക്കി. മതപണ്ഡിതന്മാര്‍ക്കൊപ്പം സേവന മേഖലയില്‍ ഉമറാഇന്റെ ദൗത്യം ബോധ്യപ്പെടുത്തി ഒത്തൊരുമിച്ചുള്ള സാംസ്‌കാരിക പ്രവര്‍ത്തനം സാധ്യമാക്കി.

  1. അഹ്‌ലുബൈത്തിനൊപ്പം

തിരു ജീവിതത്തിന്റെ പാരമ്പര്യ കണ്ണികളായ അഹ്‌ലുബൈത്തിനെ ആദരണീയതയോടെ നേതൃ സ്ഥാനങ്ങളില്‍ അവരോധിച്ചു.സമുന്നത ശ്രേഷ്ഠരായ സാദാത്തുക്കള്‍ക്ക് സാമുദായിക സമാജത്തില്‍ അര്‍ഹമായ പദവിയും അംഗീകാരവും ഉറപ്പുവരുത്തി.

  1. ജീവിതത്തിലേക്ക് തുറന്ന ജാലകം

അറിവും ആഹാരവും തലചായ്ക്കാന്‍ ഇടവുംഇല്ലാതെ സ്വപ്നങ്ങളില്‍ പോലും വറുതി അനുഭവിച്ച ജീവിതങ്ങളിലേക്ക് വെള്ളവും വെളിച്ചവും അന്നവുംഅറിവും നല്‍കി മര്‍കസ് മനുഷ്യ നന്മയുടെ ജാലകം തുറന്നു.കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ മര്‍കസ് ദത്തെടുത്തു അവിടങ്ങളിലെ ഗ്രാമീണ ജീവിതം സാംസ്‌കാരികമായിചിട്ടപ്പെടുത്തി. വസ്ത്രം, മരുന്ന്, ചികിത്സ, പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം, കുടിവെള്ളം, അടച്ചുറപ്പുള്ള വീട് തുടങ്ങി ജീവിതാവശ്യങ്ങള്‍ക്ക് പ്രായോഗികതലത്തില്‍ പരിഹാരവും പ്രതിവിധിയും കണ്ടെത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമായി മര്‍കസ് ഇന്ത്യയുടെ നാലതിരുകളിലും നിറഞ്ഞു നിന്നു.

  1. മനുഷ്യര്‍ക്കൊപ്പം, മനസ്സുകള്‍ക്കൊപ്പം

വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും കാര്‍മേഘങ്ങളെ, നന്മയുടെ സ്‌നേഹ പാഠങ്ങള്‍ കൊണ്ട്ഹൃദയങ്ങളില്‍ നിന്നും മായ്ച്ചു കളഞ്ഞു. ഒത്തൊരുമയുടെ സ്‌നേഹ ജീവിതം വ്യക്തി തലം മുതല്‍ കുടുംബം വരെ പ്രാവര്‍ത്തികമാക്കാനുള്ള ഗൃഹപാഠങ്ങള്‍ നല്‍കി. പ്രതീക്ഷകള്‍, ആശകള്‍, അഭിലാഷങ്ങള്‍, ജീവിത പ്രതിസന്ധികളില്‍ അന്യവല്‍ക്കരിക്കപ്പെട്ട ഹൃദയങ്ങള്‍ സ്വാസ്ഥ്യ ജനകമായ ജീവിതാന്തരീക്ഷത്തിനുള്ള പോംവഴി തേടി മര്‍കസിലെത്തി. സ്‌നേഹ സാന്ത്വനത്തിന്റെ ധാര്‍മിക മന്ത്രങ്ങളിലൂടെ ശൈഖുനാ അവര്‍ക്ക് ആശ്വാസവുംപ്രത്യാശയും പകര്‍ന്നു.

  1. ആതുരസേവനം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ളമനസ്സുണ്ടാവുകയുള്ളൂ. മര്‍കസ് ആരോഗ്യ പരിപാലനത്തിനും പരിരക്ഷണത്തിനും പ്രാധാന്യംനല്‍കിയുള്ള കാമ്പയിനുകള്‍ക്ക് തുടക്കം കുറിച്ചു. ആതുര സേവന മേഖലയില്‍ നടന്നിരുന്ന അനാരോഗ്യ പ്രശ്‌നങ്ങളില്‍ ധാര്‍മികമായി ഇടപെട്ടു.പുതിയൊരു ആരോഗ്യ സംസ്‌കാരവും ആതുരസേവനവും നടപ്പില്‍ വരുത്തി. പഠിതാക്കളുടെ ആരോഗ്യ പരിപോഷണം ലക്ഷ്യം വച്ച് തുടങ്ങിയ ഹെല്‍ത്ത് ഡിസ്‌പെന്‍സറിയില്‍ നിന്നും മെഗാ മെഡിക്കല്‍ ക്യാമ്പിലേക്കും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറുകളിലേക്കും ആരോഗ്യപ്രവര്‍ത്തനം വിപുലപ്പെടുത്തി.കേരളത്തിലെ ആദ്യത്തെ യൂനാനി മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു. ആരോഗ്യ പരിപാലനത്തിനും സൗഖ്യ ജീവിതത്തിനും പ്രവാചക വൈദ്യനയം നടപ്പില്‍ വരുത്തി.മര്‍കസ് ആവിഷ്‌കരിച്ച ആരോഗ്യ പദ്ധതി സാമൂഹ്യ തലങ്ങളിലേക്കും വ്യാപിപ്പിച്ചു. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലും ഇതര സംസ്ഥാനങ്ങളിലും മര്‍കസ് ഹെല്‍ത്ത് കെയര്‍ പദ്ധതി നടന്നുകൊണ്ടിരിക്കുന്നു.

  1. നഗര സംസ്‌കാരം ചിട്ടപ്പെടുത്തി

അധാര്‍മികതയുടെ കരിനിഴലില്‍ തെളിച്ചംനഷ്ടപ്പെട്ട ജീവിതവുമായി ഗമിച്ചിരുന്ന  നഗരഹൃദയങ്ങളെ സാന്മാര്‍ഗിക പാതയിലേക്ക് വഴി നടത്താന്‍ നഗര ഹൃദയങ്ങള്‍ കേന്ദ്രീകരിച്ച് മസ്ജിദുകള്‍ക്കൊപ്പം സാംസ്‌കാരിക വാണിജ്യ സമുച്ചയങ്ങള്‍ക്ക് തുടക്കം കുറിച്ചു.

  1. ധാര്‍മിക വിദ്യാര്‍ത്ഥിത്വം

സര്‍ഗാത്മക വിദ്യാര്‍ത്ഥിത്വം ധാര്‍മിക സൗഹൃദത്തിലൂടെ മര്‍കസ് ക്യാമ്പസുകള്‍ സൃഷ്ടിച്ചു. സമരമുക്ത കലാലയങ്ങള്‍ പരിചയപ്പെടുത്തിയ മര്‍കസ് ധാര്‍മിക അച്ചടക്കത്തിലൂടെ ഗുരു ശിഷ്യ ബന്ധങ്ങളുടെ സ്‌നേഹ പാഠങ്ങള്‍ കലാലയങ്ങളില്‍ സൃഷ്ടിച്ചെടുത്തു. വിദ്യാഭ്യാസം ജീവിത ശിക്ഷണത്തിനുള്ളതാണെന്ന് വിദ്യാര്‍ത്ഥികളെ തെര്യപ്പെടുത്താനും സദാചാരനിഷ്ഠയാര്‍ന്ന വിദ്യാര്‍ത്ഥിത്വമാണ് ലോകത്തിന്റെ സമ്പാദ്യമെന്നും വരച്ചു കാണിക്കാനും സാധ്യമായി.

  1. സുവ്യക്തമായ കാഴ്ചപ്പാടുകള്‍

സമകാലിക സമൂഹത്തിന്റെ വിചാരപഥങ്ങള്‍ക്കൊപ്പം നിന്ന് ധീരമായ ധാര്‍മിക നിലപാടുകള്‍ സുവ്യക്തമായ കാഴ്ചപ്പാടുകള്‍ എടുത്തു. മതത്തിന്റെ യഥാര്‍ത്ഥ തലത്തെയും നയത്തെയും പ്രതിനിധീകരിച്ചു കണിശമായ നയനിലപാടുകള്‍ സ്വീകരിച്ചു.മതത്തിനും സമുദായത്തിനുമെതിരെ ഉയര്‍ന്ന സ്വരങ്ങള്‍ക്ക് പ്രായോഗികവും ആധികാരികവും പണ്ഡിതോചിതവുമായ പ്രതിരോധം ഉയര്‍ത്തി.

  1. മാനവികതയെ ഉണര്‍ത്തുന്നു

രാജ്യത്തിന്റെ സര്‍വാത്മക പുരോഗതിക്കും ജനങ്ങളുടെ സാംസ്‌കാരിക വളര്‍ച്ചയ്ക്കും മര്‍കസ് ഒപ്പം സഞ്ചരിച്ചു. നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരതയെ പരിഗണിച്ച് ഇന്ത്യയിലെ മൊത്തം ജനവിഭാഗങ്ങളുടെയും മാനുഷികമായ വികാസത്തിന് പദ്ധതികള്‍ നടപ്പിലാക്കി.

  1. പ്രബോധന യാത്രകള്‍    : വൈജ്ഞാനിക വിനിമയത്തിനും കൈമാറ്റത്തിനുമായി മര്‍കസ് പ്രബോധനമെന്ന ദഅ്‌വത്തിന്റെ വിവിധ പാതകള്‍ തുറന്നു. ദേശാന്തരങ്ങളും അതിര്‍ത്തികളും ഭേദിച്ചുള്ള ഇത്തരം പ്രവര്‍ത്തികള്‍ ഇസ്‌ലാംസംസ്‌കൃതിയുടെയും അഹ്‌ലുസ്സുന്നയുടെയും പ്രാധാന്യം ബോധ്യപ്പെടുത്താന്‍ സഹായകമായി.
  1. നക്ഷത്രങ്ങളുടെ നഗരം;മര്‍കസ് നോളജ് സിറ്റി

സര്‍വജ്ഞാന ജീവിത പ്രിയ നഗരം. സംസ്‌കാരം, നാഗരികത, പൈതൃകം, ചരിത്രം, ആതുരാലയം, നിയമം, കാര്‍ഷികം, സ്ത്രീ ശാക്തീകരണം, ഗവേഷണം, കല, സാഹിത്യം, പര്യവേഷണം, ലൈബ്രറി, ഹിസ്റ്റോറിക്കല്‍ ഗാലറി, വിനോദം, വ്യാപാരം, ഷോപ്പിങ്, മാര്‍ക്കറ്റിങ്, കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങി സര്‍വ ജീവിത ചേരുവകളും ഇവിടെ സംഗമിക്കുന്നു.

  1. ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുന്നു

നന്മയുടെ നിറവില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ മര്‍കസ് വൈജ്ഞാനിക സാംസ്‌കാരിക വിപ്ലവത്തിലൂടെ ജീവിത ധര്‍മത്തിന്റെ കര്‍മ നിഷ്ഠമായ സംസ്‌കാരത്തെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. മതത്തിന്റെ നിയതമായ സനാതന സംസ്‌കൃതിയില്‍ അടിയുറച്ചു നിന്നുകൊണ്ട് തന്നെ മാനവികവും ഉദാത്തവുമായ ഒരു സംസ്‌കാരത്തെ ലോകത്തിനു സമകാലികമായി കാണിച്ചുകൊടുക്കാനും ആ സുകൃത വഴിയിലേക്ക് ജനഹൃദയങ്ങളെ വഴി നടത്തിക്കാനും മര്‍കസിന് സാധിച്ചു. മികച്ച ഒരു ജീവിത സംസ്‌കാരം മതപരവുംഭൗതികവുമായ പ്രാമാണിക വെളിച്ചത്തില്‍ തന്മയത്വത്തോടെ രൂപപ്പെടുത്തി.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ