‘തിരുവമ്പാടി കേരളത്തിലെ ആഫ്രിക്ക’യെന്ന തലവാചകത്തിൽ പ്രമുഖ മലയാളപത്രത്തിൽ വന്ന ലേഖനം പ്രബോധന തൽപരർ മറന്ന് കാണില്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലായിരുന്നു അത്.

മലയോര പിന്നാക്ക മേഖലയുടെ പഴയകാല ചിത്രം അതിദാരുണമാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക-ധാർമ്മിക രംഗങ്ങളിലെല്ലാം വളരെ പുറകിലായിരുന്നു.

പ്രായപൂർത്തിയായിട്ടും ചേലാകർമം ചെയ്തിട്ടില്ലാത്ത മുസ്‌ലിം യുവാക്കൾ! പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്ത ബാല്യകൗമാരങ്ങൾ!! സാർവത്രികമായ മിശ്രവിവാഹം, ഫാത്തിമാ-അവറാച്ചന്മാർക്ക് ജനിക്കുന്ന ജാരസന്തതികളുടെ പിതൃത്വം സംബന്ധിച്ച വിവാദങ്ങൾ, നിസ്‌കാരമെന്തെന്നറിയാത്ത വയോജനങ്ങൾ, ലഹരിയിൽ കുളിച്ചു നിൽക്കുന്ന കുടുംബിനികൾ… ഇങ്ങനെ നീളുന്നു പൂർവകാല മലയോര ജീവിതങ്ങൾ.

പേര്, വേഷം, ആരാധനകൾ, ആചാരങ്ങൾ എന്നിവ കൊണ്ടൊന്നും തിരിച്ചറിയാത്ത സങ്കര സംസ്‌കാരമാണ് മലയോരത്ത് നിലനിന്നിരുന്നത്. കുരിശണിയാനും പൊട്ട് തൊടാനും ഞായറാഴ്ച ചർച്ചുകളിൽ കുർബാനക്ക് പങ്കെടുക്കാൻ പോലും മടി കാണിക്കാത്തവർ നിരവധി. നിസ്‌കാരക്കുപ്പായമോ മുസ്ഹഫോ ഇല്ലാത്ത വീടുകൾ. മതപാഠശാലകൾ തീരെയില്ലാത്ത പ്രദേശങ്ങൾ. അതെല്ലാം ഓർമകൾ മാത്രമായി.

ഇന്ന് അടിമുടി മാറി! കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടയിൽ നൂറു കൊല്ലത്തെ മാറ്റവും പുരോഗതിയുമാണുണ്ടായത്. സാങ്കേതിക സൗകര്യങ്ങൾ മലയോരത്തെ ശരിക്കും മാറ്റിമറിച്ചു. സമ്പന്നരുടെ അടിമകളായി ജീവിതം ഹോമിക്കപ്പെടാൻ വിധിക്കപ്പെട്ടവൻ സർവ്വതന്ത്ര സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങി. വിപുലമായ സൗകര്യങ്ങളോടെയല്ലെങ്കിലും അധിക സ്ഥലങ്ങളിലും വിദ്യാലയങ്ങളും ആരാധനാ സംവിധാനങ്ങളും നിലവിൽ വന്നു. ദഅ്‌വാ പ്രവർത്തനങ്ങളുടെ പ്രതിഫലനങ്ങൾ പ്രകടമായി തുടങ്ങി. സാന്ത്വന-സേവന സംരംഭങ്ങൾ സാർവത്രികമായി. അതോടെ സാംസ്‌കാരിക ജീവിതത്തിന്റെ റിക്ടർ സ്‌കെയിലിൽ അൽഭുതകരമായ പരിവർത്തനമാണ് ഉണ്ടായിട്ടുള്ളത്.

ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസക്കുറവ് എന്നീ ദൗർബല്യങ്ങൾ ചൂഷണം ചെയ്തുകൊണ്ട് വിവിധ മിഷനറി സംഘങ്ങളും സുവിശേഷ പ്രബോധകരും മലയോര മേഖലയെ ഉഴുതു മറിക്കുകയായിരുന്നു. ദുർബല മനസ്‌കരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയും മതപരിവർത്തനം നടത്തിയും ജൈത്രയാത്ര നടത്തിയ മിഷനറി സംഘങ്ങളെ പ്രതിരോധിക്കാനെന്ന പേരിൽ ബിദഈ ദഅ്‌വാ സംഘങ്ങൾ വിവിധ രീതികളിലായി മലയോര മേഖലകളിൽ മതവിരുദ്ധതയുടെ വിത്തു വിതക്കാൻ തുടങ്ങി. അതോടെ മുസ്‌ലിം ഉമ്മത്തിന്റെ മതജീവിതം ദുഷ്‌കരമായി. അതുവരെ വ്യവസ്ഥാപിതമല്ലാതിരുന്ന അഹ്‌ലുസ്സുന്നയുടെ പ്രബോധക സംഘം അതോടെ സടകുടഞ്ഞെഴുന്നേറ്റു. അവർ ചെറു സംഘങ്ങളായി വീടു വീടാന്തരം കയറി ഇറങ്ങി-അഗതികൾക്കും അവശതയനുഭവിക്കുന്നവർക്കും അഭയവും അത്താണിയുമായി പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളും റിലീഫു വിതരണവും സജീവമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥാപിച്ചു. ആദ്യം ഓല ഷെഡുകളിലാണ് മദ്രസയും പള്ളിയും പ്രവർത്തിച്ചത്. കൊച്ചു കൂരകളുടെ മുറ്റത്ത് മതപഠന ക്ലാസുകളും തുടങ്ങി. കവലകളിൽ പ്രഭാഷണങ്ങളും. മുസ്ഹഫ്, നിസ്‌കാരക്കുപ്പായം, പഠനോപകരണങ്ങൾ, ഭക്ഷണക്കിറ്റുകൾ, ടൈലറിംഗ് മെഷീനുകൾ തുടങ്ങി ഒട്ടേറെ ജീവൽ പ്രധാന്യമുള്ള വസ്തുക്കൾ പല ഏരിയകളിലും വിതരണം ചെയ്തു ജീവിത മാർഗമൊരുക്കി. വിവാഹത്തിനും വീട് നിർമാണത്തിനും സഹായം നൽകി. കാൽനടയായും സൈക്കിൾ ചവിട്ടിയും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചും മലയോര പ്രദേശങ്ങളിലെ ഗിരിശിഖരങ്ങളിൽ പ്രാക്ടിക്കൽ ദഅ്‌വാ പ്രവർത്തനങ്ങൾ ഉജ്ജ്വലമായി. ഇതിന്റെയെല്ലാം ഫലം ചുരുങ്ങിയ കാലം കൊണ്ട് കണ്ടു തുടങ്ങി. പ്രസ്തുത കാലയളവിൽ പലഭാഗങ്ങളിലായി സംഘടിപ്പിച്ച സുന്നത്ത് ക്യാമ്പുകളും സ്പിരിച്ച്വൽ കൗൺസിലുകളും ഇന്നും സ്മരിക്കപ്പെടുന്നുണ്ട്. ദൈവ വചന പ്രഘോഷണങ്ങളെന്ന പേരിൽ സുവിശേഷ പ്രസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന ഉൽബോധനങ്ങൾ മാത്രം കേട്ട് പരിചയിച്ചവർ യഥാർത്ഥ ഇസ്‌ലാമിക പ്രഭാഷണങ്ങൾ ഉൾകൊണ്ട് പരിവർത്തനത്തിന് സന്നദ്ധരായി.

മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടേയും നമ്മുടെ സംഘടനകൾക്കു കീഴിലുള്ള മലയോരമേഖലാ ദഅ്‌വാ സമിതിയുടേയും തെച്ച്യാട്ട് ദാറുൽ ഇർഷാദ് സ്ഥാപനങ്ങളുടേയും നേതൃത്വത്തിലുള്ള പ്രബോധന ദൗത്യങ്ങൾക്ക് ഇതിനകം സർവസ്വീകാര്യതയും പ്രതിഫലനവും നേടാൻ കഴിഞ്ഞിട്ടുണ്ട്. സ്ഥാപന നിർമാണത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പുരോഗതിയുണ്ടാക്കുന്നതിലും മറ്റും പ്രസ്തുത സ്ഥാപനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്.

നിസ്‌കരിക്കാൻ യാതൊരു സൗകര്യവുമില്ലാതിരുന്ന ഒട്ടേറെ പ്രദേശങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ മനോഹരമായ മസ്ജിദുകൾ നിർമിക്കാനായി. വിദ്യാലയങ്ങളുടെ സമീപത്ത് വിദ്യാർത്ഥികൾ നിസ്‌കാര സൗകര്യത്തിന് പ്രയാസപ്പെടുന്ന കാലമായിരുന്നു അത്. ഇതിനു പരിഹാരമായി തിരുവമ്പാടി, കോടഞ്ചേരി, ചെമ്പ് കടവ്, ഈങ്ങാപുഴ, നൂറാൻതോട്, മരുതിലാവ്, അമ്പലത്തിങ്ങൽ, മീമുട്ടി, പുവ്വത്തിൻചുവട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പള്ളികൾ ഉയർന്നു.

മരഞ്ചാട്ടിയിലെ മർകസ് ബനാത്ത് ഓർഫനേജ് കൈതപ്പോയിലെ മർകസ് പബ്ലിക് സ്‌കൂൾ, തെച്ച്യാട് അൽ ഇർശാദ് തിരുവമ്പാടിയിലെ ഗെയിഡൻസ് സ്‌കൂൾ, ദഅ്‌വാ കോളേജ്, കട്ടിപ്പാറയിലെ അൽ ഇഹ്‌സാൻ, ഈങ്ങാപുഴയിലെ സുപ്രധാന ധർമസ്ഥാപനങ്ങളിൽ ചിലത് മാത്രമാണ്.

നവോത്സാഹത്തിന്റെ തുടിപ്പുകൾ

നാം ന്യൂനപക്ഷമാണ്, നമുക്കൊന്നും ചെയ്യാനാവില്ല എന്ന അപകർഷ ബോധവും നമ്മൾ എന്നും പിന്നാക്കമായി നിലനിൽക്കണമെന്ന വരേണ്യ വർഗത്തിന്റെ താൽപര്യങ്ങളും ഒരു പോലെ ആപത്കരമാണ്. അത്തരം ചിന്താഗതികൾ മലയോര പിന്നാക്ക വിഭാഗക്കാരെ എക്കാലത്തും അടിത്തട്ടിൽ തന്നെ നിലകൊള്ളാനേ ഉപകരിക്കൂ.

‘വിദ്യാഭ്യാസമാണ് ശക്തി, മതവിദ്യാഭ്യാസം സാർവ്വത്രികമാക്കുക, തുടർവിദ്യാഭ്യാസ സംസ്‌കാരം സാധ്യമാക്കുക’ തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങളിലായി ദഅ്‌വാ സ്‌കോഡുകൾ പ്രവർത്തനം സജീവമാക്കിയപ്പോൾ മലയോരത്ത് പുത്തനുണർവുകൾ പ്രത്യക്ഷപ്പെട്ടു. സമസ്ത കേരള സുന്നീ യുവജന സംഘം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ സർവതല സ്പർശിയായ ദഅ്‌വയുടെ പ്രയോഗവൽക്കരണത്തിലൂടെയും വമ്പിച്ച മാറ്റങ്ങളുണ്ടായി. തൊഴിലാളികൾക്കും മുതലാളിമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും മതപഠനത്തിനും ആത്മീയ അഭിവൃദ്ധിക്കും അവസരങ്ങളുണ്ടായി. ഒളിച്ചോട്ടവും മതം മാറ്റവും മിശ്രവിവാഹവും സങ്കര ജനനവും താരതമ്യേന കുറഞ്ഞു. തിന്മയുടെ ആധിക്യവും ആധിപത്യവും കാരണം വരണ്ടുണങ്ങിയ ഗ്രാമ നഗരങ്ങളിൽ നന്മയുടെ ഈർപ്പവും തിളക്കവും പ്രകടമായിത്തുടങ്ങി. വലിയ മാറ്റമാണിത്.

ജനവാസമുള്ള അധികസ്ഥലത്തും പള്ളി മദ്രസകൾ നിർമിക്കപ്പെടുകയും മഹല്ല് ജമാഅത്തുകൾ നിലവിൽ വരികയും ചെയ്തു. ഇനി സ്വയം പര്യാപ്തത നേടാനുള്ള ഒരുക്കത്തിലാണ് മലയോരം. ഇതിന്റെ ഭാഗമായി ചെറിയ ദർസുകളും ദഅ്‌വാകോളേജുകളും ആരംഭിച്ചു കഴിഞ്ഞു. വയോജനങ്ങൾക്കും വനിതകൾക്കുമുള്ള ക്ലാസുകളും ഖുർആൻ പഠനവേദികളും ആത്മീയ സമ്മേളനങ്ങളും മഹല്ലുകൾ കേന്ദ്രീകരിച്ചു വിപുലമായി നടന്നു കൊണ്ടിരിക്കുന്നു. മർകസ് നോളജ് സിറ്റി നിലവിൽ വരുന്നതോടെ മലയോരത്തിന്റെ പുരോഗതി കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂതനകൾ, സാധ്യതകൾ

വിവിധ മിഷനറികൾ നടത്തി വന്ന ഭീഷണിയുടേയും പ്രകോപനത്തിന്റെയും പ്രലോഭനത്തിന്റെയും സഹാനഭൂതിയുടേയും മാർഗേണയുള്ള പ്രബോധനങ്ങൾക്ക് അഹ്‌ലുസ്സുന്നയുടെ ഈ കുത്തൊഴുക്കിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല. സമാധാനപരവും സമാശ്വാസപരവുമായ സത്യപ്രബോധനത്തിന് മാത്രമേ പരിവർത്തനത്തിന് സാധ്യമാവൂ. അവശതയനുഭവിക്കുന്നവരുടെ ഹൃദയങ്ങളിൽ തൊട്ടുള്ള പ്രബോധനമാണാവശ്യം.

മലയോര മേഖലയിൽ ഇനിയും പ്രബോധക സംഘത്തെ ആവശ്യമുണ്ട്. ദഅ്‌വാ വികാരം ത്രസിച്ചു നിൽക്കുന്ന ചെറുസംഘങ്ങൾ ഓരോ ഗ്രാമത്തിലും നിലവിലുണ്ടായാൽ വലിയ മാറ്റം കൈവരും. അന്യതാ ബോധവും വിജയം സംബന്ധിച്ച നിരാശയും ഒഴിവ് കഴിവ് കണ്ടെത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങളും ഒഴിവാക്കണമെന്നു മാത്രം. വ്യക്തിഗത സമീപനങ്ങളും മുഖാമുഖ ദഅ്‌വകളുമാണ് കൂടുതൽ ഫലപ്രദം. പ്രിന്റ് മീഡിയകളെയും വിഷ്വൽ മീഡിയകളെയും ഉപയോഗപ്പെടുത്തി പ്രബോധന രംഗം പുനഃക്രമീകരിക്കുകയും വേണം. ചാനലുകളിലും ഇന്റർനെറ്റിലും മറ്റും ലഭിക്കുന്ന മതപാഠങ്ങൾ ശരിയായ ഇസ്‌ലാമികാശയങ്ങളാണെന്ന് ഉറപ്പ് വരുത്തണം. ഖാദിയാനികളും ശിയാക്കളും ബിദഇകളും വിശ്വാസികളെ വഴിതെറ്റിക്കാൻ കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ട്. വെല്ലുവിളികളെ ആസൂത്രിതവും ആരോഗ്യകരവും ബുദ്ധിപരവുമായി നേരിടുക. സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ എളുപ്പം പരിഹരിക്കുന്നതിന് മസ്‌ലഹത്ത് സമിതികൾ രൂപീകരിക്കേണ്ടി വരും. ദാരിദ്ര്യം കാരണം പഠനം മുടങ്ങാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരെ ഏറ്റെടുത്ത് പഠിപ്പിക്കാൻ സന്നദ്ധരാകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തുക, ദാരിദ്ര്യ നിർമാർജനത്തിന് എസ്.വൈ.എസ് വിഭാവനം ചെയ്ത കാർഷിക സംസ്‌കാരം ഗ്രാമങ്ങളിൽ നടപ്പിലാക്കുന്നത് സംഘടാനാപരമായി ഉപകാരമാണ്. അതിന് യോഗ്യരും സന്നദ്ധരുമായ ഒരു ടീമിനെ കണ്ടെത്തി വ്യവസ്ഥാപിതമായി ഉപയോഗപ്പെടുത്തുക. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കുടിൽ വ്യവസായങ്ങൾ ആരംഭിക്കുകയും ചെയ്യുന്നത് ആശ്വാസം നൽകും. ചൈനയുടെയും ജപ്പാന്റെയും പുരോഗതിയിൽ കുടിൽ വ്യവസായത്തിന്റെ പങ്ക് ചെറുതല്ലെന്ന് ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. ഗ്ലാസ്-വസ്ത്ര നിർമാണം, പട്ട്-പരുത്തി വ്യവസായം, സോപ്പ്-പേപ്പർ നിർമാണശാലകൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ അറബികളുടെ സംഭാവനകളായിരുന്നു. പത്ത് വർഷം കൊണ്ട് അറേബ്യ മുഴുവനും നൂറ് വർഷം കൊണ്ട് സ്‌പെയിൻ മുതൽ ഏഷ്യയും യൂറോപ്പും ആഫ്രിക്കയും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ ഇസ്‌ലാമിന്റെ കൊടിക്കീഴിലായത് മുസ്‌ലിംകളുടെ പ്രത്യേകതയായിരുന്നു.

ബോധവൽക്കരണം പ്രധാനം

വല്ലപ്പോഴും വഴിപാട് പോലെ നടക്കുന്ന ഉൽബോധനങ്ങൾ കാര്യമായ ഫലം ചെയ്യില്ല. നിരന്തരവും പ്രായോഗികവുമായ പ്രബോധനത്തിന് മാത്രമേ പ്രതിഫലനം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. ഖുർആൻ പറയുന്നു: നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരം നിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ! അവരത്രെ വിജയികൾ (ആലുഇംറാൻ/104).

വിശുദ്ധ ഇസ്‌ലാം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സവിശേഷ സന്ദേശമാണ്. വായു പോലെ അത് പ്രപഞ്ചമാകെ സഞ്ചരിക്കട്ടെ; ഗ്രാമനഗരങ്ങളിലും ഗിരിശിഖരങ്ങളിലും മറ്റിടങ്ങളിലെ മുഴുവൻ ജനങ്ങൾക്കും അത് ഉപകരിക്കട്ടെ.

ശുക്കൂർ സഖാഫി വെണ്ണക്കോട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ