നബി(സ്വ)യുടെ ജന്മദേശമായ മക്കയിലെ മസ്ജിദുൽ ഹറാമിനാണ് പള്ളികളിൽ പ്രഥമസ്ഥാനം. ഇബ്‌റാഹിം(അ)ന്റെ ത്യാഗപൂർണമായ ഓർമകൾ ആ ഭൂമിയിൽ നിലനിൽക്കുന്നു. വിശുദ്ധ കഅ്ബാലയം ആരാധനയുടെ കേന്ദ്രമാകണമെന്ന തിരുനബി(സ്വ)യുടെ മോഹത്തിന് സാക്ഷാത്കാരമായാണ് ലോകമുസ്‌ലിംകൾ അവിടേക്ക് തിരിയണമെന്ന ഇലാഹീ കൽപന വരുന്നത്. നബി(സ്വ)ക്ക് പ്രവാചകത്വ സൂചനകൾ ലഭിച്ചുതുടങ്ങിയതും അവിടെ വെച്ചാണ്. വിശ്വസ്ത ദേശമെന്നും ലോകരുടെ രക്ഷാകേന്ദ്രമെന്നും ഖുർആൻ ഉദ്‌ഘോഷിച്ചത് മസ്ജിദുൽ ഹറമിനെ കുറിച്ചാണ്. അവിടെ ഒരു റക്അത്ത് നിസ്‌കരിക്കുമ്പോൾ മറ്റു പള്ളികളിൽ ഒരു ലക്ഷം റക്അത്ത് നിസ്‌കരിക്കുന്ന പുണ്യമുണ്ട്.

മസ്ജിദുന്നബവി

മദീനയിൽ സ്ഥാപിതമായ വിശുദ്ധ പള്ളിയാണ് മസ്ജിദുന്നബവി. പലപ്പോഴും മസ്ജിദീ (എന്റെ പള്ളി), മസ്ജിദുനാ (നമ്മുടെ പള്ളി) എന്നൊക്കെ അവിടുന്ന് തന്നെ മസ്ജിദുന്നബവിയെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. സഹ്ൽ, സുഹൈൽ എന്നീ രണ്ടു അനാഥ ബാലന്മാരുടെ സ്ഥലം വിലകൊടുത്തു വാങ്ങിയാണ് നിർമാണമാരംഭിച്ചത്. അവരത് സൗജന്യമായി നൽകാൻ തയ്യാറായിട്ടും തിരുനബി(സ്വ) പത്ത് ദീനാർ വില നിൽകിയാണ് വാങ്ങിയത്. സിദ്ദീഖ്(റ)വാണ് പണം കൊടുത്തത്. മുഹാജിരീങ്ങളോടും അൻസ്വാറുകളോടുമൊപ്പം നബി(സ്വ)യും കല്ലും മണ്ണും ചുമന്നാണ് ഈ പള്ളി പൂർത്തിയാക്കിയത്. ജോലിക്കിടയിലായി അൻസ്വാറുകൾക്കും മുഹാജിരീങ്ങൾക്കുമൊക്കെ വേണ്ടി അവിടുന്ന് പ്രാർത്ഥനകൾ പദ്യരൂപത്തിൽ ആലപിച്ചിരുന്നതും സ്വഹാബത്ത് അതിനു പദ്യരൂപത്തിൽ തന്നെ മറുപടി നൽകിയതും പ്രസിദ്ധം.

കല്ലുകൊണ്ടു തറയും മൺകട്ട കൊണ്ട് ചുമരും ഈത്തപ്പനത്തടി കൊണ്ടു തൂണുകളും ഈന്തയോല കൊണ്ടു മേൽക്കൂരയും നിർമിച്ചു. ശേഷം ഹിജ്‌റ ഏഴാം വർഷം ഖൈബർ വിജയത്തെത്തുടർന്ന് തിരുനബി(സ്വ) തന്നെ മസ്ജിദുന്നബവി വിപുലീകരിച്ചു. പിന്നീട് ഉസ്മാൻ(റ)ന്റെ കാലത്താണ് ജനങ്ങളെ ഉൾക്കൊള്ളാനാവാത്തതു കാരണം വിപുലീകരിച്ചത്. ശേഷം ഉമവി ഭരണാധികാരി വലീദുബ്‌നു അബ്ദിൽ മലിക് പള്ളി അതിവിശാലമാക്കി. അന്നത്തെ മദീന ഗവർണറായിരുന്ന ഉമറുബ്‌നു അബ്ദിൽ അസീസിന്റെ നേതൃത്വത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ.

പിന്നീട് പല കാരണങ്ങളാൽ, പലപ്പോഴായി വിപുലീകരണം നടന്നു. അവസാനം ഫഹദ് രാജാവ് നടത്തിയ വികസന പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്. ഫഹദിന്റെ വികസനത്തിൽ ഭൂഗർഭനിലക്ക് 79000 ചതുരശ്ര മീറ്ററും അടിനിലത്തിന് 82000 ച.മീറ്ററും ഒന്നാം നിലക്ക് 67000 ച.മീറ്ററുമായിരുന്നു വ്യാപ്തി.

മസ്ജിദുന്നബവിയുടെ മഹത്ത്വങ്ങളിൽ ഏറ്റവും പ്രധാനം തിരുനബി(സ്വ)യുടെ സാന്നിധ്യം തന്നെയാണ്. അവിടുന്ന് പറഞ്ഞു: ‘എന്റെ പള്ളിയിൽ വെച്ച് നിസ്‌കരിക്കുന്നത് മസ്ജിദുൽ ഹറാമല്ലാത്ത മറ്റു പള്ളികളിൽ വെച്ച് ആയിരം തവണ നിസ്‌കരിക്കുന്നതിനു തുല്യമാണ്’ (ബുഖാരി 1116).

പിൽക്കാലത്ത് പള്ളിയോട് ചേർക്കപ്പെട്ട സ്ഥലത്തുള്ള നിസ്‌കാരത്തിന് പ്രസ്തുത പ്രതിഫലം ലഭിക്കുകയില്ലെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് (ഫത്ഹുൽ മുഈൻ/57).

മസ്ജിദുന്നബവിയുടെ വാതിലുകളും ചരിത്രത്തിൽ പരാമർശിതം. പല പേരുകളിലാണവ അറിയപ്പെടുന്നത്. ബാബുർറഹ്മ, ബാബു ജിബ്‌രീൽ, ബാബുസ്സലാം, ബാബു അബീബക്കർ, ബാബു ഉമർ, ബാബുന്നിസാഅ് തുടങ്ങിയവ പ്രസിദ്ധം. ഇതിനു സമാനമാണ് മസ്ജിദുന്നബവിയുടെ തൂണുകളും. വ്യത്യസ്ത പേരുകൾ അവക്കുമുണ്ട്. ഉസ്തുവാനതു മുഖലഖ, ഉസ്തുവാനതുസ്സയിദത് ആഇശ(റ), ഉസ്തുവാനത്തുത്തൗബ, ഉസ്തുവാനത്തുസ്സരീർ, ഉസ്തുവാനത്തുൽ ഹിർസ്, ഉസ്തുവാനത്തുൽ വഫ്‌ലദ് ചിലതാണ്.

പള്ളിയുടെ വാതിലുകളിലും ചുമരുകളിലുമൊക്കെ ആയത്തുകളും അർത്ഥവത്തായ പദ്യങ്ങളും ഉല്ലേഖിതമാണ്; ചിലത് ഇന്ന് അപ്രത്യക്ഷ്യമായിട്ടുണ്ടെങ്കിലും. തിരുനബിയുടെ ശബ്ദത്തേക്കാൾ നിങ്ങൾ ശബ്ദമുയർത്തരുതെന്ന ആയത്തടക്കം ഇന്നും മസ്ജിദുന്നബവിയുടെ ചുമരുകളിൽ കാണാം.

ഹറമിന് ശേഷം രണ്ടാമത് എന്റെ മസ്ജിദെന്നു പറഞ്ഞ് മസ്ജിദുന്നബവിയെയാണ് തിരുനബി(സ്വ) എണ്ണിയത്. അവിടെയാണ് ഭൂമിയിലെ സ്വർഗമുള്ളത്. തിരുമിമ്പറും ഹുജ്‌റത്തുശരീഫയും അവിടെയാണ്. മക്കയെ ഇബ്‌റാഹിം(അ) ഹറമാക്കിയതു പോലെ മദീനയെ നബി(സ്വ)യും ഹറമായി പ്രഖ്യാപിച്ചു.

‘എന്റെ ഈ പള്ളിയിൽ നാൽപത് നിസ്‌കാരങ്ങൾ നിർവഹിച്ചാൽ അത് നഷ്ടമാവുകയില്ല. അവന് കാപട്യത്തിൽ നിന്നും ശിക്ഷയിൽ നിന്നും നരകത്തിൽ നിന്നും മോചനമുണ്ട്. ഇവിടെ ഒരു റക്അത്ത് നിസ്‌കരിക്കുമ്പോൾ മക്ക ഹറമൊഴികെയുള്ള പള്ളികളിൽ ആയിരം റക്അത്ത് നിസ്‌കരിക്കുന്നതിന്റെ പുണ്യമുണ്ടെന്ന് റസൂൽ(സ്വ). എന്നാൽ മക്കയിലെ മസ്ജിദിലേറെ പുണ്യം മദീനാ പള്ളിയിലാണെന്ന് ഇമാം മാലിക്(റ)വും ഒരു പറ്റം പണ്ഡിതരും അഭിപ്രായപ്പെടുന്നതു കാണാം. മദീനയുടെയും മസ്ജിദുന്നബവിയുടെയും മഹത്ത്വം ധാരാളം ഹദീസുകളിൽ വായിക്കാം. വിശ്വാസിയുടെ ഈമാൻ മദീനയിലേക്കു മടങ്ങുമെന്നു നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

മസ്ജിദുൽ അഖ്‌സക്കാണ് മൂന്നാം സ്ഥാനം. പൂർവ നബിമാരുടെ പള്ളിയാണത്. മിഅ്‌റാജ് വേളയിൽ അവിടെവെച്ച് തിരുനബി(സ്വ) പ്രവാചകന്മാർക്ക് ഇമാമായി നിസ്‌കരിച്ചു. സുലൈമാൻ നബി(അ)മാണ് ഇത് പണികഴിപ്പിച്ചത്. ഇവിടെ നിസ്‌കരിക്കുന്നവരെ ഉമ്മ പ്രസവിച്ച ദിവസം പോലെ പാപമുക്തമാക്കണമെന്ന് സുലൈമാൻ നബി(അ) പ്രാർത്ഥിക്കുകയുണ്ടായി. അവിടെ ഒരു റക്അത്ത് നിസ്‌കരിക്കുമ്പോൾ മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി ഒഴികെയുള്ള പള്ളികളിൽ അഞ്ഞൂറ് റക്അത്ത് നിസ്‌കരിക്കുന്ന പുണ്യമുണ്ടെന്ന് തിരുനബി(സ്വ) അറിയിച്ചു. പതിനേഴ് മാസം മുസ്‌ലിം ഉമ്മത്തിന്റെ ഖിബ്‌ലയായിരുന്നു ബൈതുൽ മുഖദ്ദസ്.

മസ്ജിദുൽ ഖുബാഅ്

പവിത്രതയിൽ മസ്ജിദുൽ അഖ്‌സക്ക് ശേഷം ഖുബാ പള്ളിയെയാണ് പ്രവാചകർ(സ്വ) എണ്ണിയത്. തിരുനബി മദീനയിലേക്ക് വരുന്ന വേളയിലാണ് ഇത് പണിതത്. പീഡനങ്ങളുടെ നടുക്കടലിൽ നിന്ന് മോചനം തേടിവന്നവർക്ക് മദീനയുടെ പരിസരം പോലും ഊഷ്മള വരവേൽപ്പ് നൽകുകയുണ്ടായി. നബിയുടെ വരവു കാത്തിരുന്നവരിൽ യഹൂദരും മുശ്‌രിക്കുകളുമുണ്ടായിരുന്നു. ഒരു യഹൂദനാണ് നബിയെ ആദ്യം കണ്ടത്. അങ്ങനെയാണ് മദീനയുടെ തെക്ക് മസ്ജിദുന്നബവിയിൽ നിന്നും ഏകദേശം മൂന്നര കിലോമീറ്റർ അകലെ ഖുബാഇൽ തിരുനബി(സ്വ) എത്തിയത്. ബനൂഅംറുബ്‌നു ഔഫ് തലവൻ കുൽസൂമുബ്‌നു ഹദ്മിൽ നിന്ന് കാരക്ക ഉണക്കാറുള്ള ആ സ്ഥലം അവിടുന്ന് വാങ്ങി. സ്വഹാബികൾ കല്ല് സംഘടിപ്പിച്ചു. തിരുനബി(സ്വ)യുടെ കരങ്ങളാൽ അവിടെ പള്ളി പണിതു. ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യം നിർമിച്ച പള്ളി അതാണ്. അവിടെവെച്ചാണ് ജമാഅത്ത് നിസ്‌കാരത്തിനുള്ള പ്രഖ്യാപനമുണ്ടായതും ആദ്യമായി ജമാഅത്തായി നിസ്‌കരിച്ചതും.

മക്കയിൽ നിന്നും ഹിജ്‌റ പുറപ്പെട്ട് മദീനയിലെത്താൻ കേവലം മൂന്ന് മൈൽ ബാക്കി നിൽക്കുന്നിടത്ത് തിരുനബി(സ്വ)യുടെ ഒട്ടകം മുട്ടുകുത്തി. ആ സ്ഥലമാണ് ഖുബാഅ്. മസ്ജിദുന്നബവി സ്ഥാപിക്കപ്പെട്ട ശേഷം ശനിയാഴ്ചകളിൽ നടന്നും വാഹനത്തിലുമൊക്കെ അവിടുന്ന് മസ്ജിദുൽ ഖുബാഇലെത്താറുണ്ടായിരുന്നുവെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിൽ കാണാം. മുമ്പു തുടങ്ങിവെച്ചിട്ടുള്ളൊരു ഹൃദയബന്ധം കാത്തുസൂക്ഷിക്കലോടൊപ്പം എത്ര തിരക്കുകൾക്കിടയിലും തന്റെ അനുചരന്മാർക്കിടയിലൂടെ ഇറങ്ങി നടക്കാനുള്ള അവസരം സൃഷ്ടിക്കാൻ കൂടിയായിരുന്നു ആ സന്ദർശനം. ഖുബാഇലെ ഒരു നിസ്‌കാരം ഒരു ഉംറയ്ക്കു സമമാണെന്നും രണ്ടു തവണ ബൈത്തുൽ മുഖദ്ദസിൽ പോകുന്നതിനേക്കാൾ എനിക്കിഷ്ടം മസ്ജിദു ഖുബാഇലെ രണ്ടു റക്അത്ത് നിസ്‌കാരമാണെന്നും അവിടുന്ന് പറഞ്ഞിട്ടുണ്ട്.

മസ്ജിദുന്നബവി കൊളുത്തിവെച്ച വൈജ്ഞാനിക വെളിച്ചം അറബ് സാംസ്‌കാരികതയെപ്പോലും മാറ്റിയെഴുതി. കുടിപ്പക കൂടെ കൊണ്ടുനടന്ന ഔസ്-ഖസ്‌റജ് ഗോത്രങ്ങളുടെ സംഘട്ടനങ്ങളുടെ ഭൂമിയിൽ തിരുമിമ്പർ ചരിത്രം തിരുത്തിക്കുറിച്ചു. പാപം പേറിയവർ പശ്ചാതപിച്ചു. കലഹം കൂട്ടിയവരും കൊലപാതകികളും മോഷ്ടാക്കളും വ്യഭിചരിച്ചവരും ശിക്ഷിക്കപ്പെട്ടു. ആ തിരുമിമ്പറിനു കീഴെ എല്ലാവരും അഭയം കണ്ടെത്തി.

തിരുനബി(സ്വ)യുടെ ജീവിതവുമായി അഗാധമായ ബന്ധമാണ് പള്ളികൾക്കുള്ളത്. അധികസമയവും അവിടുന്ന് പള്ളിയിലായിരുന്നു. തന്റെ അനുചരർക്ക് അറിവുകൾ പകരാൻ, പ്രശ്‌നങ്ങൾക്ക് മധ്യസ്ഥത വഹിക്കാൻ, വിദേശ പ്രതിനിധികളെ സ്വീകരിക്കാൻ തുടങ്ങി തന്നെത്തേടിയെത്തുന്നവരെല്ലാം ആംദ്യം പള്ളിയിലാണ് അന്വേഷിക്കുക.

മസ്ജിദുൽ ജുമുഅ

ഹിജ്‌റ വരുന്ന സമയത്ത് ആദ്യം ഇറങ്ങി തിരുനബി(സ്വ) ജുമുഅ നിസ്‌കരിച്ചയിടമാണ് പിന്നീട് മസ്ജിദുൽ ജുമുഅയായിത്തീർന്നത്. ബനൂസാഇദക്കാരുടെ ഭൂമിയായിരുന്നു അത്.

മസ്ജിദുൽ ഖിബ്‌ലതൈനി

കഅ്ബയെ ഖിബ്‌ലയാക്കിക്കിട്ടുവാനുള്ള തിരുനബി(സ്വ)യുടെ ആഗ്രഹം നിറവേറിയ പള്ളിയാണ് പിന്നീട് മസ്ജിദുൽ ഖിബ്‌ലതൈനി (രണ്ട് ഖിബ്‌ലകളുള്ള പള്ളി) എന്നറിയപ്പെട്ടത്. അന്നത്തെ ളുഹ്ർ നിസ്‌കാരത്തിനിടയിലാണ് ഖിബ്‌ലമാറ്റത്തെക്കുറിച്ചുള്ള ആയത്തിറങ്ങുന്നത്.

ഇതിനെല്ലാം പുറമെ മദീനയുടെ ചരിത്രത്തിൽ മുപ്പതിലേറെ പള്ളികളുടെ കഥകൾ കാണാം. പലപ്പോഴായി തിരുനബി(സ്വ) അവകളിൽ നിസ്‌കരിച്ചിരുന്നുവെന്നാണ് രേഖകൾ പറയുന്നത്. നീണ്ടയാത്രകളിൽ നബിയുടെ തിരുനെറ്റിത്തടം പതിഞ്ഞ സ്ഥലങ്ങളിലെല്ലാം പിന്നീടു മസ്ജിദുകൾ പണികഴിപ്പിക്കപ്പെട്ടു. തബൂക്കിലേക്കുള്ള വഴിയിൽ ഇരുപതോളം സ്ഥലങ്ങളിൽ നബിയും സ്വഹാബത്തും നിസ്‌കരിച്ചു. അവിടെയെല്ലാം പിൽക്കാലത്ത് പള്ളികൾ നിർമിതമായി. വിശ്വാസികൾക്ക് വിശ്രമിക്കാനും നിസ്‌കരിക്കാനുമുള്ള ഇടങ്ങളായി. വിജ്ഞാന പ്രസരണങ്ങൾ അവയിൽ സജീവമാവുകയും ചെയ്തു.

മസ്ജിദുന്നബവിയാണ് ആദ്യപാഠശാല.നിസ്‌കാര ശേഷം റസൂൽ(സ്വ) ജനങ്ങളിലേക്ക് തിരിഞ്ഞിരിക്കും. തിരുസന്നിധിയോടു ചേർന്നിരിക്കാൻ സ്വഹാബികൾ തിരക്കുകൂടിയിരുന്നു. ചെറിയവരും വലിയവരും പിതാവും മകനുമെല്ലാം ആ ‘ക്ലാസ്മുറി’യിൽ ഒന്നിച്ചിരുന്നു. വിജ്ഞാനങ്ങളെല്ലാം അവിടെ ലഭ്യമായിരുന്നു. ഭൂമിയും ആകാശവും ജീവനും ആത്മാവും പക്ഷികളും മൃഗങ്ങളുമെന്നു വേണ്ട, പ്രപഞ്ചത്തിലെ സർവപ്രതിഭാസങ്ങളെ കുറിച്ചും അവരവിടെ നിന്നു പഠിച്ചു. ചരിത്രപാഠങ്ങളിൽ നിന്നു ഊർജമുൾക്കൊണ്ടു.

സ്വന്തം വീടിനോടെന്നതിലുപരി സ്വഹാബത്തിന് മസ്ജിദിനോടായിരുന്നു ഹൃദയബന്ധം. സന്തോഷവും ദുഃഖവും പട്ടിണിയും ദാരിദ്രവും അവർ നബിയിൽ ഇറക്കിവെക്കും. തിരുനബി(സ്വ) അവരെ സാന്ത്വനപ്പെടുത്തുകയും പരിഹാരം നൽകുകയും ചെയ്യും. ഒരിക്കൽ, അബൂഉബൈദത്തുബ്‌നുൽ ജറാഹ്(റ) ബഹ്‌റൈനിൽ നിന്നും സകാത്ത് മുതൽ കൊണ്ടുവരുന്നതറിഞ്ഞ് ദരിദ്രരായ അൻസ്വാറുകൾ പള്ളിയിൽ ഒരുമിച്ചുകൂടി. നിസ്‌കാരം കഴിഞ്ഞ് നബി(സ്വ) അവരിലേക്ക് തിരിഞ്ഞിരുന്നു. ദാരിദ്ര്യത്തിന് സാന്ത്വനം നേടിയാണ് അവർ പിരിഞ്ഞത്.

മറ്റൊരിക്കൽ ഒരുപറ്റം മുളർ ഗോത്രക്കാർ നബിയുടെ പള്ളിയിൽ വന്നു. ഇല്ലായ്മയുടെയും പട്ടിണിയുടെയും ലക്ഷണങ്ങൾ അവരിൽ പ്രകടമായിരുന്നു. തോലുകൊണ്ടുള്ള വസ്ത്രം, വിശന്നൊട്ടിയ ശരീരം, നബിയുടെ മുഖത്ത് വേദന നിറഞ്ഞു. സമയമായപ്പോൾ ബിലാൽ(റ) വാങ്ക് വിളിച്ചു. നിസ്‌കാരാനന്തരം നബി(സ്വ) എണീറ്റു. തഖ്‌വയുടെയും വിശ്വാസത്തിന്റെയും ഖുർആനിക വാക്യങ്ങൾ ഓതി വഅള് പറഞ്ഞു. സ്വഹാബികൾ വസ്ത്രങ്ങളും കാരക്കയും കൊണ്ടുവന്ന് രണ്ട് കുന്നുകളായി കൂട്ടിയിട്ടു. നബി(സ്വ) അതെല്ലാം മുളർ ഗോത്രത്തിനു നൽകി.

സാമൂഹ്യ മണ്ഡലങ്ങളിൽ മസ്ജിദുന്നബവിയുടെ ഇടം വളരെ വലുതാണ്. അവിടെ നിന്നാണ് ഗോത്രങ്ങളോടും രാജ്യങ്ങളോടുമുള്ള ഉടമ്പടികൾക്കും സമരങ്ങൾക്കും സംയമനങ്ങൾക്കുമുള്ള ആഹ്വാനമുണ്ടായത്. ആ വെളിച്ചം കിഴക്കും പടിഞ്ഞാറും വ്യാപിച്ചു. പതിനഞ്ചു നൂറ്റാണ്ടിനിപ്പുറവും തിരുനബി(സ്വ) കത്തിച്ചുവെച്ച സ്‌നേവും സമാധാനവും തിരുമസ്ജിദിൽ കാണാം. ശാന്തിയും നന്മയുമെല്ലാം റസൂലിന്റെ പള്ളികളിൽ തളിർത്തുനിൽക്കുന്നു.

 

അഹ്‌ലുസ്സുഫ്ഫ

അഹ്‌ലുസ്സുഫ്ഫയെ പരാമർശിക്കാതെ മസ്ജിദുന്നബവിയുടെ ചരിത്രം പൂർണമാവില്ല. ഇസ്‌ലാമിക വിജ്ഞാന രംഗത്തെ എക്കാലത്തെയും മാതൃകയായി മുസ്‌ലിം സമൂഹം നോക്കിക്കാണുന്നത് അഹ്‌ലുസ്സുഫ്ഫയെയാണ്. മസ്ജിദുന്നബവിയിൽ സ്ഥിരതാമസക്കാരായും അല്ലാതെയും തിരുചാരത്തുനിന്നു അറിവുനുകർന്ന സ്വഹാബി പ്രമുഖർക്കാണ് ‘അഹ്‌ലുസ്സുഫ്ഫ’ എന്നു പറയുന്നത്. പള്ളിയുടെ ചെരുവിന്റെ ഒരു ഭാഗം അവർക്കായി നീക്കിവെച്ചിരുന്നു. അവിടെ താമസിക്കുന്നവർ എന്ന അർത്ഥത്തിലാണ് അവരെ ‘സുഫ്ഫയുടെ ആളുകൾ’ എന്നു വിളിച്ചത്.

നബി(സ്വ)യിൽ നിന്നു ദീൻ പഠിക്കുകയും ശേഷം സ്വന്തം ഗോത്രത്തിലേക്കോ നാട്ടിലേക്കോ തിരിച്ചുപോയി അവിടത്തുകാർക്ക് പഠിപ്പിച്ചുകൊടുക്കുകയുമായിരുന്നു അവരുടെ രീതി.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുകൂടിയിരുന്ന ആ വിദ്യാർത്ഥി സമൂഹം സഹിച്ച വിശപ്പിന്റെ കാഠിന്യം ഹൃദയഭേദകമാണ്. അഹ്‌ലുസ്സുഫ്ഫയുടെ നേതാവായ അബൂഹുറൈറ(റ) പറയുന്നു:

അല്ലാഹു അല്ലാതെ ഇലാഹില്ല. വിശപ്പിനാൽ ഞാനെന്റെ കരങ്ങൾ ഭൂമിയിൽ ഊന്നിവെക്കുകയും വയറ്റത്ത് കല്ല് വെച്ചുകെട്ടുകയും ചെയ്യാറുണ്ടായിരുന്നു.

ഒരു ദിവസം ഞാൻ വിശന്നുവലഞ്ഞ് വഴിവക്കിലിരിക്കുകയാണ്. സിദ്ദീഖ്(റ) വന്നപ്പോൾ ഞാനൊരു ആയത്തിനെക്കുറിച്ച് ചോദിച്ചു. ഉദ്ദേശ്യം ഭക്ഷണമായിരുന്നു. പക്ഷേ, ഉത്തരം നൽകി അദ്ദേഹം പോയി. പിന്നീട് ഉമർ(റ)വും ഇപ്രകാരം തന്നെ ഉത്തരം നൽകി കടന്നുപോയി. പിന്നെ വന്നത് തിരുമേനി(സ്വ)യായിരുന്നു. എന്റെ ഉള്ളമറിഞ്ഞ അവിടുന്ന് എന്നെ വീട്ടിലേക്ക് വിളിച്ചു. വീട്ടിൽ ഹദ്‌യയായി കിട്ടിയ കുറച്ചു പാലുണ്ടായിരുന്നു. അവിടുന്ന് അഹ്‌ലുസ്സുഫ്ഫയെ വിളിപ്പിച്ചു. ആദ്യം അവരെല്ലാവരും കുടിച്ചു. എന്നിട്ടും പാൽ ബാക്കി. ശേഷം തിരുനബി(സ്വ) എന്നെയും വയർ നിറയെ കുടിപ്പിച്ചു, പിന്നെ അവിടുന്നും കുടിച്ചു (സ്വഹീഹുൽ ബുഖാരി).

ജാബിർ പൂനൂർ, അനസ് കൊളത്തൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ