“ഒരു മുസ്‌ലിം ദൂതന്‍ സന്ദര്‍ശനത്തിനു അനുമതി കാത്ത് പുറത്തു നില്‍ക്കുന്നുണ്ട്.’

കിസ്റയുടെ മേല്‍ക്കോയ്മക്ക് അംഗീകാരം നല്‍കിയ ഹീറത്തിലെ രാജാവ് നുഅ്മാനുബ്നു മുന്‍ദിറിന്റെ സേനാമേധാവിയായ ഇല്‍യാസ് രാജസന്നിധിയില്‍ അറിയിച്ചു. മുസ്‌ലിംകളുമായുള്ള യുദ്ധത്തിന് പേര്‍ഷ്യന്‍ സൈന്യം തയ്യാറായി നില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച. മുസ്‌ലിം ദൂതന് രാജസന്നിധിയിലേക്ക് പ്രവേശനാനുമതി ലഭിച്ചു.

“താങ്കള്‍ ആചാരമര്യാദകള്‍ പാലിച്ചേ പറ്റൂ, രാജസന്നിധിയില്‍ സാഷ്ടാംഗം ചെയ്തുവേണം പ്രവേശിക്കാന്‍…!’ കൊട്ടാര സേവകര്‍ ദൂതനെ അറിയിച്ചു. പക്ഷേ, ദൂതന്‍ വിസമ്മതിച്ചു. ശിരസ്സ് നമിക്കുന്നതിനു പകരം അന്തസ്സോടെ തലയുയര്‍ത്തിപ്പിടിച്ച് രാജാവിന്റെ മുമ്പിലേക്കു ചെന്നു. സദസ്യരോടായി പറഞ്ഞു:

“മനുഷ്യന്‍ മറ്റൊരു മനുഷ്യന് സുജൂദ് ചെയ്യാന്‍ പാടില്ല. സ്രഷ്ടാവിന് മുമ്പിലേ അവന്‍ സുജൂദ് ചെയ്യാവൂ. അജ്ഞാനകാലത്തെ ഈ സന്പ്രദായം മുഹമ്മദ് നബി(സ്വ)യുടെ നിയുക്തിയോടെ ഇല്ലാതായി. പകരം അസ്സലാമു അലൈക്കും എന്ന അഭിവാദനരീതിയാണ് വിശ്വാസികള്‍ കൈമാറുക. സലാം എന്നത് ദൈവ കാരുണ്യത്തിനുള്ള അനുഗ്രഹ പ്രാര്‍ത്ഥനയാണ്. ഗതകാല പ്രവാചക ഗുരുക്കന്മാര്‍ അനുവര്‍ത്തിച്ച ഈ ശാന്തിമന്ത്രം നിങ്ങളും പിന്തുടരുക.’

തുടര്‍ന്ന് രാജാവും ആഗതനും തമ്മില്‍ ഏറെ നേരം വാഗ്വാദം നടന്നെങ്കിലും ആഗതന്റെ സത്യത്തോടുള്ള സമര്‍പ്പണം രാജാവില്‍ മതിപ്പുളവാക്കി.

ആഗതന്‍ തുടര്‍ന്നു: “ഞങ്ങളുടെ സേനാനായകന്‍ സഅദുബ്നു അബീ വഖാസ്(റ)യാണ് എന്നെ ഇങ്ങോട്ടയച്ചത്. നിങ്ങളുടെ ജീവിതം ഒരു ആദര്‍ശത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല. അറബികളായ നിങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് നന്നായി അറിയാമല്ലോ. ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നത് ഏകദൈവ വിശ്വാസത്തിലേക്കും അന്ത്യദൂതര്‍ മുഹമ്മദ് നബി(സ്വ)യാണെന്ന പരമസത്യത്തിലേക്കുമാണ്. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ സംരക്ഷണ നികുതി നല്‍കുക. അതിനൊരുക്കമല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാവുക.’

ഹീറത്തിലെ നുഅ്മാന്‍ രാജാവിന് ആഗതന്റെ വാക്കുകള്‍ രസിച്ചില്ല. അഹങ്കാരത്തോടെയും പരിഹാസത്തോടെയും അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ റോമാ സൈന്യക്കാരെ പോലെ നിസ്സാരരല്ല. ഇത് പേര്‍ഷ്യയാണെന്നോര്‍മ വേണം. നിങ്ങള്‍ക്കു തെറ്റി. കിസ്റാ സാമ്രാജ്യവും ഇവിടത്തെ രാജകീയ സമ്പത്തും ആഭരണങ്ങളും പ്രതീക്ഷിച്ച് ദരിദ്രരാജ്യത്ത് നിന്ന് ഇങ്ങോട്ടുവരാന്‍ നിങ്ങള്‍ക്കെങ്ങനെ ധ്യൈം വന്നു? അസ്ദശീര്‍ ചക്രവര്‍ത്തിയുടെ സൈന്യം ഇവിടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതോടെ നിങ്ങളുടെ അഹങ്കാരവും ദുര്‍മോഹവും അവസാനിക്കുക തന്നെ ചെയ്യും….’

“നുഅ്മാന്‍, അതിരുകവിഞ്ഞ വര്‍ത്തമാനം പറയാതിരിക്കുക. താങ്കളുടെ ഈ കണക്ക് തെറ്റും, തീര്‍ച്ച. ദൈവഭയമുള്ളവര്‍ക്കാണ് അന്തിമ വിജയമെന്ന് താങ്കള്‍ക്ക് ബോധ്യമാവും. സര്‍വലോക പരിപാലകന്റെ ഔദാര്യത്താല്‍ ആപത്തില്‍ നിന്നും ഞങ്ങള്‍ രക്ഷപ്രാപിക്കും. കിസ്റയുടെയും കൈസറിന്റെയും ഖജാനകള്‍ നിങ്ങള്‍ കീഴ്പ്പെടുത്തുമെന്ന് പ്രവചിച്ചത് മുഹമ്മദ് നബി(സ്വ)യാണ്. കൈസറിന്‍റേത് ഞങ്ങള്‍ കീഴ്പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ താങ്കളുടെ മേല്‍ക്കോയ്മ അവശേഷിക്കുന്നു. അതുവഴി നിങ്ങള്‍ ദുര്‍ബലരെ പീഡിപ്പിക്കുകയും മതസ്വാതന്ത്ര്യം തടയുകയും ചെയ്യുന്നു. ഇന്‍ശാ അല്ലാഹ് അതും ഞങ്ങള്‍ ഇല്ലാതെയാക്കും.’

ഇത്രയുമായപ്പോള്‍ നുഅ്മാനിന് കലിയടക്കാനായില്ല. അദ്ദേഹം ആക്രോശിച്ചു: “പോവുക, വാക്കുകള്‍ കൊണ്ടിനി മറുപടിയില്ല. വാളുകള്‍ കൊണ്ടാണിനി പ്രതികരണം…’

വൈകാതെ ഇരുസൈന്യങ്ങളും മുഖാമുഖം നിന്നു. കാഹളം മുഴങ്ങി. യുദ്ധം രൂക്ഷമായി. തനിക്കു പിഴക്കുന്നതായി രാജാവിനു വൈകാതെ ബോധ്യപ്പെട്ടു. മുസ്‌ലിംകള്‍ മുന്നേറുകയാണ്. ഒടുവില്‍, ധിക്കാരിയായ രാജാവ് വധിക്കപ്പെട്ടു. മുസ്‌ലിംകള്‍ കിസ്റ കീഴ്പ്പെടുത്തി. അവശേഷിച്ച സൈനികര്‍ ജീവനും കൊണ്ടോടി. കിസ്റായുടെ കോട്ടയിലേക്ക് കൂസലന്യേ കടന്നുചെന്ന് തൗഹീദിന്റെ പ്രോജ്ജ്വല പ്രോക്തത്താല്‍ പ്രകമ്പനം സൃഷ്ടിച്ച ധീര പോരാളിയായ ഈ ദൂതന്‍ ആരാണെന്നല്ലേ…?

ഔസ് ഗോത്രത്തിലെ ബനൂ ഉമയ്യയില്‍ പെട്ട ഉബൈദിന്റെ പുത്രന്‍ സഅദ്(റ). ഔസുകാരില്‍ സമാദരണീയനായിരുന്ന ഇദ്ദേഹം വലിയ പണ്ഡിതനും തിരുദൂതരുടെ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ ശേഖരണം നടത്തിയ നാലുപേരില്‍ ഒരാളും പാരായണ വിദഗ്ധനുമായിരുന്നു.

“ഭക്തിയില്‍ അസ്ഥിവാരമിട്ട പള്ളി’ എന്നു വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച പള്ളിയിലെ ദീര്‍ഘകാല ഇമാമായിരുന്നു സഅദുബ്നു ഉബൈദ്(റ).

മക്കയില്‍ നിന്നും തിരുദൂതരും സിദ്ദീഖ്(റ)വും മദീനയിലെ ബനൂ അംറുബ്നു ഔഫിന്റെ വാസസ്ഥലമായിരുന്ന ഖുബാഇല്‍ എഡി 622 സപ്തംബര്‍ 22 (റബീഉല്‍ അവ്വല്‍ രണ്ട്) വന്നിറങ്ങി. ഏതാനും ദിവസം ഇുവരും ഖുബാഇല്‍ താമസിച്ചു. അവിടെ ഒരു പള്ളിയും നിര്‍മിച്ചു; മസ്ജിദുല്‍ ഖുബാഅ്. പള്ളിയിലെ ഇമാമായി തിരുനബി(സ്വ) നിയമിച്ചത് സഅദുബ്നു ഉബൈദ്(റ)നെയാണ്. ആ നിയമനം സിദ്ദീഖ്(റ)ന്റെയും ഉമര്‍(റ)ന്റെയും കാലത്തും തുടര്‍ന്നു.

പണ്ഡിതനും ഖാരിഉം ഇമാമും മാത്രമായിരുന്നില്ല; ശൂരനായ യോദ്ധാവ് കൂടിയായിരുന്നു അദ്ദേഹം. ബദ്ര്‍ മുതല്‍ പേര്‍ഷ്യന്‍ അടര്‍ക്കളത്തില്‍ വരെ പടയാളിയായി ധീരേതിഹാസം രചിച്ചു. ഉഹ്ദില്‍ ചിതറാതെ നിന്നു പൊരുതിയവരില്‍ സഅ്ദ്(റ)വും ഉണ്ടായിരുന്നു.

വലിയ പണ്ഡിതനും ഖാരിഉമെല്ലാമായ സഅദ്(റ)ന്റെ മരണം സമുദായത്തിന് കനത്ത വൈജ്ഞാനിക നഷ്ടമാകുമെന്ന് കണ്ട് മതഭ്രഷ്ടരായ (മുര്‍ത്തദ്ദ്) ഛിദ്രശക്തികള്‍ക്കെതിരെ സിദ്ദീഖ്(റ)ന്റെ ഭരണകാലത്ത് യുദ്ധത്തിനൊരുങ്ങവെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഅദ്(റ) സാവേശം പൊരുതി ശത്രുക്കള്‍ക്ക് നഷ്ടം വിതച്ചു.

ഇറാഖിലേക്കുള്ള സൈന്യത്തിലും സഅദ്(റ) അംഗമായിരുന്നു. പകല്‍ പോരാട്ടവും രാത്രി സൈനികര്‍ക്ക് സദുപദേശവുമായിരുന്നു രീതി. ഏറെ നേരം ഖുര്‍ആന്‍ പാരായണത്തിലും നിസ്കാരത്തിലും മുഴുകി. ഇലാഹീ മാര്‍ഗത്തിലുള്ള യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടുന്നത് അപമാനത്തിനപ്പുറം മഹാപാപവുമാണ്. നിര്‍ഭാഗ്യവശാല്‍, ഇത്തരമൊരബദ്ധം ഇറാഖിലെ സൈനികരില്‍ ചിലര്‍ക്ക് പിണഞ്ഞു.

ദിജ്ല നദിയുടെ കുറുകെ സ്ഥാപിച്ചിരുന്ന പാലം തകര്‍ന്നു. പാലത്തിലുണ്ടായിരുന്നു മുസ്‌ലിം സൈനികര്‍ നദിയില്‍ വീണു. സൈന്യാധിപന്‍ അബൂഉബൈദതുസ്സഖഫി(റ) അപകടത്തില്‍ മരണപ്പെട്ടു. പലര്‍ക്കും സാരമായ പരിക്കേറ്റു. എന്തു ചെയ്യണമറിയാതെ നിസ്സഹായരായി. ചിലര്‍ ശത്രുസേനക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പിന്തിരിഞ്ഞോടി. അതില്‍ അബദ്ധവശാല്‍ സഅദുബ്നു ഉബൈദ്(റ)വും ഉള്‍പ്പെട്ടിരുന്നു.

വന്നുഭവിച്ച പാതകത്തില്‍ ആ മനം നൊന്തു. മരുഭൂമി വിഷണ്ണനായി താണ്ടി സഅദ്(റ) നാട്ടില്‍ മടങ്ങിയെത്തി. അപരാധഭാരത്താല്‍ ഖലീഫക്കു മുഖം നല്‍കിയതേയില്ല. ആ കളങ്കം കഴുകിക്കളയാന്‍ പിന്തിരിഞ്ഞോടിയ അതേ മണ്ണിലേക്ക് തിരിച്ചുപോവാമെന്നുറച്ചു. അപ്പോഴാണ് സഅദുബ്നു അബീ വഖാസ്(റ)ന്റെ നേതൃത്വത്തില്‍ പേര്‍ഷ്യയിലേക്ക് സൈന്യം പുറപ്പെടുന്നത്. സഅദ്(റ) അതിലൊരാളായി.

ചുടുചോര നദിപോലെ ഒഴുകിയ യുദ്ധമായിരുന്നു ഖാദിസിയ്യ. അതില്‍ സഅദുബ്നു ഉബൈദ്(റ)വും സംബന്ധിച്ചു. രണ്ടാം നാള്‍ രാത്രി സഅദ്(റ) സൈനികരെ അഭിസംബോധനം ചെയ്തു ആവേശകരമായ പ്രഭാഷണം നടത്തി:

“നാളെ നാം പതറാതെ പൊരുതി രക്തസാക്ഷിത്വമെന്ന ബഹുമതി നേടിയെടുക്കും. ചോര കഴുകിക്കളയാതെ അതേ വസ്ത്രത്തില്‍ ആറടി മണ്ണില്‍ മറവ് ചെയ്യപ്പെടുകയും ചെയ്യും!’

സഅദുബ്നു ഉബൈദ്(റ)ന്റെ പ്രവചനം പുലര്‍ന്നു. മൂന്നാം നാള്‍ മുസ്‌ലിം സൈന്യം ശത്രുക്കളെ തുരത്തി, ഖാദിസിയ്യയില്‍ വിജയക്കൊടി പാറിച്ചു. രക്തസാക്ഷികളില്‍ അദ്ദേഹവും ഉണ്ടായിരുന്നു. നിണമണിഞ്ഞ പുടവയില്‍ മുസ്‌ലിംകള്‍ മഹാനെ മറമാടി.

(സുവറുന്‍ മിന്‍ ഹയാത്തിസ്വഹാബ).

ടിടിഎ ഫൈസി പൊഴുതന

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ