??? വെള്ളിയാഴ്ച ബന്ധുക്കളുടെ ഖബർ സിയാറത്ത് സുന്നത്താണല്ലോ. ഇത് ജുമുഅക്ക് ശേഷമാണോ മുമ്പാണോ?
-സലീം എംസി ചെറുമുക്ക്

ഖബർ സിയാറത്ത് സുന്നത്താണ്. ഏത് ദിവസം, ഏത് സമയം സിയാറത്ത് ചെയ്താലും സുന്നത്ത് ലഭിക്കും. സിയാറത്ത് സുന്നത്താവാൻ വെള്ളിയാഴ്ച എന്ന ഉപാധിയില്ല. എന്നാൽ വെള്ളിയാഴ്ച സൽകർമങ്ങൾക്കും ഖബർ സിയാറത്തിനുമെല്ലാം കൂടുതൽ പ്രാധാന്യമുണ്ട്. ഈ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ അത് ജുമുഅക്ക് മുമ്പും ശേഷവും ആകാവുന്നതാണ്. വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷം കഴിയുന്നതും നേരത്തെ ജുമുഅക്ക് വേണ്ടി പള്ളിയിൽ എത്തിച്ചേരുന്നതിന്റെ ശ്രേഷ്ഠത പരിഗണിച്ച് അസൗകര്യമില്ലെങ്കിൽ സിയാറത്ത് ജുമുഅക്ക് ശേഷമാക്കുന്നത് ഉചിതമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
വെള്ളിയാഴ്ച പ്രഭാതത്തിൽ ഖബർ സിയാറത്ത് ചെയ്യുന്ന പതിവുണ്ട്. വ്യാഴാഴ്ച അസ്വർ മുതൽ ശനിയാഴ്ച സൂര്യോദയം വരെയുള്ള സമയം ഖബറുകളിൽ മറ്റു സമയങ്ങളിൽ ഉള്ളതിൽ കൂടുതലായി ആത്മാക്കളുടെ പ്രത്യേക സാന്നിധ്യം ഉണ്ടാകുമെന്നത് ഇതിന് കാരണമായി പറയാവുന്നതാണ്. എന്നാൽ നബി(സ്വ) ഉഹുദ് ശുഹദാക്കളെ സിയാറത്ത് ചെയ്തിരുന്നത് ശനിയാഴ്ചയായതിനാൽ സിയാറത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് ശനിയാഴ്ചയാണെന്ന് പറയാനിടയുണ്ട്. ജുമുഅക്ക് നേരത്തെ ഹാജരാവലും മറ്റുമായി വെള്ളിയാഴ്ച നിർദേശിക്കപ്പെട്ട കർമങ്ങൾ കാരണമായും ഉഹുദ് മദീനയിൽ നിന്ന് അൽപം ദൂരെയായതിനാലുമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് മറുപടി പറയാവുന്നതാണ്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ പരാമർശങ്ങൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് പരിശോധിക്കേണ്ടതാണ് എന്നെല്ലാം ഇബ്‌നു ഖാസിം എഴുതിയിട്ടുണ്ട് (ഹാശിയതുന്നിഹായ 3/37, ഹാശിയതുൽ ജമൽ 2/09).

യാത്രയുടെ സുന്നത്ത് നിസ്‌കാരം

??? യാത്രയുടെ മുമ്പുള്ള സുന്നത്ത് നിസ്‌കാരം പാടില്ലാത്ത സമയങ്ങളുണ്ടോ?
-ബാപ്പു ഹാജി പടിഞ്ഞാറത്തറ

ഉണ്ട്. കാരണമില്ലാത്ത മുത്വ്‌ലഖായ സുന്നത്ത് നിസ്‌കാരങ്ങളും പിന്തിയ കാരണമുള്ള നിസ്‌കാരങ്ങളും നിരോധിക്കപ്പെട്ട സമയങ്ങളിൽ യാത്രയുടെ സുന്നത്ത് നിസ്‌കാരം നിർവഹിച്ചു കൂടാ. പ്രസ്തുത നിസ്‌കാരത്തിന്റെ കാരണം യാത്രയാണല്ലോ. അത് നിസ്‌കാരത്തേക്കാൾ പിന്തിയതാണ്.
സുബ്ഹി നിസ്‌കാര ശേഷം നമ്മുടെ കാഴ്ചയിൽ ഏഴു മുഴം സൂര്യൻ ഉയരുന്നത് വരെയും അസ്വർ നിസ്‌കാര ശേഷം സൂര്യോദയം വരെയും വെള്ളിയാഴ്ചയല്ലാത്ത ദിവസങ്ങളിൽ സൂര്യൻ മധ്യത്തിലെത്തുന്ന സമയത്തും കാരണമില്ലാത്തതും പിന്തിയ കാരണമുള്ളതുമായ നിസ്‌കാരങ്ങൾ ഹറാമാകുന്നു. അത്തരം നിസ്‌കാരങ്ങൾ പ്രസ്തുത സമയങ്ങളിൽ സ്വഹീഹാകുന്നതുമല്ല (ഫത്ഹുൽ മുഈൻ 47, തുഹ്ഫ 1/441 കാണുക).

മീസാൻ കല്ല് തൊട്ടുമുത്തൽ

??? മാതാപിതാക്കളുടെയും മറ്റും ഖബറിങ്കൽ സ്ഥാപിച്ചിട്ടുള്ള മീസാൻ കല്ല് തൊട്ടുമുത്താമോ?
എംആർ മക്കരപ്പറമ്പ്

അത് ശരിയല്ല. പൊതുവെ ഖബറും ഖബറിങ്കൽ സ്ഥാപിച്ചിട്ടുള്ള മീസാൻ കല്ലും മറ്റും തൊട്ടുമുത്തലും ചുംബിക്കലും കറാഹത്താകുന്നു. ബറകത്തെടുക്കപ്പെടുന്ന മഹത്തുക്കളുടെ ഖബറുകളും അതിനോടനുബന്ധിച്ചും തബറുകിന് വേണ്ടി തൊട്ടുമുത്തുന്നതിന് വിരോധമില്ലെന്ന് കർമശാസ്ത്ര ഇമാമുകളിൽ പലരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാധാരണക്കാരുടെ ഖബറുകളും മീസാൻ കല്ലുകളും തൊട്ടുമുത്തൽ കറാഹത്ത് തന്നെയാണ്. അതൊഴിവാക്കേണ്ടതാണ് (തുഹ്ഫ ഹാശിയതുശ്ശർവാനി സഹിതം 3/175).

അടുത്തുള്ള പള്ളിയിലെ ജമാഅത്ത്

??? എന്റെ വീട്ടിനടുത്തുള്ള ചെറിയ പള്ളിയിൽ നിസ്‌കരിക്കുകയാണെങ്കിൽ ഒറ്റക്ക് നിസ്‌കരിക്കണം. ജമാഅത്ത് ലഭിക്കുകയില്ല. എന്നാൽ അൽപം ദൂരെയുള്ള പള്ളിയിലേക്ക് പോയാൽ ജമാഅത്ത് ലഭിക്കും. വീടിനടുത്തുള്ള പള്ളിയുടെ ഇമാറത്തിനായി(പരിപാലനം) അവിടെ ഒറ്റക്ക് നിസ്‌കരിക്കലാണോ ജമാഅത്തിനായി അപ്പുറത്തെ പള്ളിയിൽ പോവലാണോ ഉത്തമം?
-ശാക്കിർ സിപി മണ്ണൂർ

വീടിനടുത്തുള്ള പള്ളിയിൽ ഒറ്റക്ക് നിസ്‌കരിക്കുന്നതിലേറെ ഉത്തമം ദൂരെയുള്ള പള്ളിയിൽ ജമാഅത്തിൽ പങ്കെടുത്ത് നിസ്‌കരിക്കൽ തന്നെയാണ്. ഇഅ്തികാഫ്, ഖുർആൻ പാരായണം, ളുഹാ നിസ്‌കാരം തുടങ്ങിയവ നിർവഹിച്ചുകൊണ്ട് താങ്കളുടെ തൊട്ടടുത്തുള്ള പള്ളിയുടെ ഇമാറത്തിൽ ശ്രദ്ധിക്കുകയും ചെയ്യാം.
വലിയ ജമാഅത്ത് ലഭിക്കാനായി ഒരു പള്ളിയിലേക്ക് പോകുന്നതിനാൽ മറ്റൊരു പള്ളിയിലെ ജമാഅത്ത് തന്നെ മുടങ്ങിപ്പോകുന്ന അവസ്ഥയാണെങ്കിൽ ആ ജമാഅത്ത് മുടങ്ങുന്ന പള്ളിയിൽ ചെറിയ ജമാഅത്ത് നടത്തലാണ് വലിയ ജമാഅത്തിലേക്ക് പോകുന്നതിലേറെ ഉത്തമം. എന്നാൽ നിസ്‌കാരം മുടങ്ങിപ്പോകുന്ന പള്ളിയിൽ തനിച്ച് നിസ്‌കരിക്കൽ ജമാഅത്തുള്ള പള്ളിയിലെ ജമാഅത്തിൽ പങ്കെടുക്കുന്നതിലേറെ ഉത്തമമാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് പ്രബലമല്ലെന്നും അതിന്റെ വിപരീതമാണ് പ്രബലമെന്നും ഇമാം ഇബ്‌നു ഹജർ(റ) വ്യക്തമാക്കിയിരിക്കുന്നു (തുഹ്ഫ 2/255).

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം.…

ഉള്ഹിയ്യത്തിന്റെ കർമശാസ്ത്ര പാഠങ്ങൾ

അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്ത്. സൂറത്തുൽ…