Mathrka Dambathikal - Malyalam

രുപത്തിയൊന്നുകാരനായ അലി(റ) ബദ്റില്‍ കാണിച്ച ധീരതയോര്‍ത്ത് വിശ്വാസികള്‍ അഭിമാനം കൊള്ളുന്ന സമയം. ഫാത്വിമ(റ)യുടെ വിവാഹം നടത്താന്‍ നബി(സ്വ) ഉദ്ദേശിക്കുന്നുവെന്ന വിവരം ചില വേണ്ടപ്പെട്ടവര്‍ ഉണര്‍ത്തിയപ്പോള്‍ എന്തുകൊണ്ടും തനിക്ക് ഇണയൊത്തവരാണ് മഹതിയെന്ന് അലി(റ)യുടെ അകതാരില്‍ നിന്നാരോ മന്ത്രിച്ചു. റസൂലിന്‍റെ കരളാണവര്‍. സ്വര്‍ഗീയ വനിതകളുടെ നായിക. ഈ ബന്ധം നടന്നുകിട്ടിയാല്‍ തന്‍റെ ഭാഗ്യമാണ്. പക്ഷേ തനിക്കു വേണ്ടി റസൂലിനോട് ആരു സംസാരിക്കും. പിതാവ് അബൂത്വാലിബുണ്ടായിരുന്നുവെങ്കില്‍ എല്ലാം എളുപ്പമായിരുന്നു. പക്ഷേ അദ്ദേഹം മരണപ്പെട്ടുപോയി. മുതിര്‍ന്ന സഹോദരന്‍ ജഅ്ഫര്‍(റ)വാണെങ്കില്‍ അങ്ങ് എത്യോപ്യയിലും. പിന്നെ തന്നെ മകനെ പോലെ കാണുന്ന റസൂലാണ് എല്ലാത്തിനുമുള്ളത്. ചോദിക്കാനുള്ളതും പറയാനുള്ളതും ഒരേയാള്‍!

വൈകിയാല്‍ അപകടമാണ്. മറ്റാരെങ്കിലുമായി റസൂല്‍ വിവാഹം ഉറപ്പിച്ചാല്‍… വലിയ നഷ്ടബോധം തോന്നി അദ്ദേഹത്തിന്. ഏതായാലും രണ്ടും കല്‍പിച്ച് അലി(റ) നബി(സ്വ)യുടെ വീട്ടിലേക്ക് തിരിച്ചു. പിന്നെ നടന്നത് അദ്ദേഹം തന്നെ പറയട്ടെ: ഫാത്വിമയെ കല്യാണാലോചന നടത്താന്‍ ഞാന്‍ പ്രവാചക ഗൃഹത്തിലെത്തി. അവിടുത്തെ മുഖത്തെ ഗാംഭീര്യം കണ്ടപ്പോള്‍ എന്‍റെ നാവിറങ്ങിയ പോലെ. ഒന്നും പറയാനാകാതെ ഞാന്‍ നിന്നു പരുങ്ങി. അപ്പോള്‍ തിരുദൂതര്‍ തന്നെ സംസാരത്തിന് തുടക്കമിട്ടു. അലി എന്തിനാണ് വന്നത്? ഞാന്‍ ഒന്നും പറഞ്ഞില്ല. ഫാത്വിമയെ വിവാഹമന്വേഷിച്ചു വന്നതാണോ എന്നായിരുന്നു അടുത്ത ചോദ്യം. അതേയെന്ന് ഞാന്‍ തലയാട്ടി. അവള്‍ക്ക് നല്‍കാന്‍ നിന്‍റെ പക്കല്‍ മഹ്റായി എന്താണുള്ളതെന്ന് റസൂല്‍. ഒന്നുമില്ലെന്ന് എന്‍റെ മറുപടി. അപ്പോള്‍ അവിടുന്ന് തന്നെ പരിഹാരം നിര്‍ദേശിച്ചു: ഞാന്‍ വാങ്ങിത്തന്ന പടയങ്കിയില്ലേ. അത് വില്‍ക്കുക. എന്നിട്ടു മഹ്ര്‍ സംഘടിപ്പിക്കുക.

സംഗതി തീരുമാനമായ സന്തോഷത്തോടെ അലി(റ) ഇറങ്ങി. പിന്നെ പടയങ്കിയെടുത്ത് ചന്തയിലേക്ക്. ആവശ്യക്കാരെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്നു. അത് ഫാത്വിമയുടെ ഇത്താത്ത ഉമ്മുകുല്‍സൂമി(റ)ന്‍റെ ഭര്‍ത്താവ് ഉസ്മാന്‍(റ)വായിരുന്നു. നാനൂറ് ദിര്‍ഹമിന് കച്ചവടമുറപ്പിച്ചു. പണവും സാധനവും പരസ്പരം കൈമാറി. കാര്യങ്ങളെല്ലാം അറിഞ്ഞായിരിക്കണം ഉസ്മാന്‍(റ) പറയുകയുണ്ടായി: പടയങ്കി എന്നെക്കാള്‍ അത്യാവശ്യം ധീരയോദ്ധാവായ താങ്കള്‍ക്കുതന്നെയാണ്. അതുകൊണ്ട് പണവും അങ്കിയും താങ്കള്‍ തന്നെ വച്ചോളൂ.

മഹ്റിനുള്ള പണവുമായി ചെന്നപ്പോഴാണ് നബി(സ്വ) രണ്ടാമത്തെ കാര്യം പറയുന്നത്. കല്യാണത്തിന്‍റെ പേരില്‍ ഒരു സദ്യ വിളമ്പണം. പാവപ്പെട്ട മുഹാജിറായ അലി(റ)ന് അതിനുള്ള ശേഷിയില്ലായിരുന്നു. വിവരമറിഞ്ഞ സഅ്ദുബ്നു മുആദ്(റ) പറഞ്ഞു: ഒരാടിനെ ഞാന്‍ തരാം. അതു കേട്ടപ്പോള്‍ ഏതാനും സ്വാഅ് ഗോതമ്പ് മറ്റ് ചില അന്‍സ്വാരികളും ഏറ്റെടുത്തു. അങ്ങനെ ലളിതമായൊരു കല്യാണ സദ്യക്ക് വകയൊരുങ്ങി.

മകള്‍ക്കും മരുമകനും താമസിക്കാനുള്ള ചെറിയ വീട് നബി തങ്ങള്‍ തന്നെ തരപ്പെടുത്തി. നിലത്ത് മണല്‍ വിരിച്ച ഓല മേഞ്ഞ കുടില്‍. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അത്യാവശ്യക്കാരെ മാത്രം വിളിച്ച് ലളിതമായി ആ കല്യാണം നടത്തി. തോഴിമാര്‍ ഒട്ടകപ്പുറത്തേറ്റി ഫാത്വിമ(റ)യെ മണവാളന്‍റെ വീട്ടിലേക്ക് ആനയിച്ചു.

സൗന്ദര്യത്തിന്‍റെ പര്യായമായ, സല്‍സ്വഭാവത്തിലും പെരുമാറ്റത്തിലും റസൂല്‍(സ്വ)യെ അതേപടി അനുകരിക്കുന്ന ഫാത്വിമ(റ)ക്ക് മദീനയിലെ ഏതു തറവാട്ടില്‍ നിന്നും സമ്പന്നനായ ഭര്‍ത്താവിനെ തന്നെ ലഭിക്കുമായിരുന്നു. പക്ഷേ അതല്ല പിതാവും മകളും പരിഗണിച്ചത്. അലി(റ)ന്‍റെ ദീനും സ്വഭാവവുമായിരുന്നു. യഥാര്‍ത്ഥ സമ്പത്ത് മതബോധവും സല്‍സ്വഭാവവുമാണ്. ഭൗതിക ധനം നീങ്ങിപ്പോകുന്ന നിഴലാണെന്ന് ലോകത്തെ പഠിപ്പിച്ച റസൂല്‍ ഈ വിവാഹത്തിലൂടെ അതിന് ജീവമാതൃക പകരുകയുണ്ടായി. ഇന്നത്തെ പണക്കാരന്‍ നാളത്തെ ഭിക്ഷക്കാരന്‍. ഇന്നലെ കഷ്ടപ്പെട്ടവന്‍ ഇന്നു ധനാഢ്യന്‍. ഭൗതിക ലോകം ഇത്തരം മായാജാലങ്ങളുടെ രംഗവേദിയത്രെ. ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരും പാലിക്കേണ്ടതും ഇതുതന്നെ.

മദീനയുടെ ഭരണാധികാരി കൂടിയായിരുന്ന മുത്ത് നബിയുടെ മകള്‍ ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്ന സൗകര്യങ്ങളെ സംബന്ധിച്ച് അലി(റ) തന്നെ പറയും: ഞാന്‍ ഫാത്വിമയെ കല്യാണം കഴിച്ച കാലത്ത് എനിക്കും അവര്‍ക്കും കൂടി ഒരാട്ടിന്‍ തോലായിരുന്നു കിടക്കാന്‍ വിരിപ്പായുണ്ടായിരുന്നത്. അത് പകലില്‍ ഒട്ടകത്തിന് ഭക്ഷണം നല്‍കാന്‍ നിലത്തു വിരിക്കുകയും രാത്രി കഴുകിയുണക്കി ഞങ്ങള്‍ കിടക്കാനുപയോഗിക്കുകയും ചെയ്യും (കന്‍സുല്‍ ഉമ്മാല്‍).

അഭയാര്‍ത്ഥികളായി മദീനയിലെത്തിയവരാണല്ലോ മുഹാജിറുകള്‍. എല്ലാ സമ്പാദ്യങ്ങളും മക്കയില്‍ ഇട്ടെറിഞ്ഞാണ് ദീനിന്‍റെ സംരക്ഷണത്തിനായി അവര്‍ നാടുവിട്ടത്. മദീനയില്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു പലരും. അനുയോജ്യമായ ജോലി പോലും ലഭിക്കാത്ത സാഹചര്യം. കുടുംബത്തിന്‍റെ പട്ടിണി മാറ്റാന്‍ തൊഴില്‍ തേടിയിറങ്ങിയ കഥ അലി(റ) പറയുന്നു: അതികഠിനമായ വിശപ്പ് നിമിത്തം ഞാന്‍ മദീനയുടെ മേല്‍ ഭാഗത്ത് തൊഴിലന്വേഷിച്ചു ചെന്നു. ഒരു സ്ത്രീ കട്ട തയ്യാറാക്കാന്‍ മണ്ണ് കൂട്ടിയിട്ടത് കണ്ടപ്പോള്‍ അങ്ങോട്ട് ചെന്നു. മണ്ണ് നനച്ചു തരാമെന്ന് അവരുമായി കരാറുണ്ടാക്കി. ഒരു തോല്‍പാത്രം വെള്ളം കോരി ചുമന്ന് കൊണ്ടുവന്നാല്‍ ഒരു കാരക്കച്ചുള തരാമെന്ന് ആ സ്ത്രീ പറഞ്ഞു. അങ്ങനെ പതിനാറു തോല്‍പാത്രം വെള്ളം കോരിയപ്പോഴേക്ക് എന്‍റെ കൈ പൊട്ടി. ചോരയൊലിക്കുന്ന കൈ കാണിച്ച് ഇനി ജോലിക്കു വയ്യെന്ന് പറഞ്ഞപ്പോള്‍ അവരെനിക്ക് കരാറനുസരിച്ച് പതിനാറ് കാരക്കകള്‍ തന്നു. ഞാനതുമായി വീട്ടില്‍ ചെന്നു. ഞങ്ങള്‍ അതു പങ്കിട്ട് ഭക്ഷിച്ചു (മുസ്നദ് അഹ്മദ്).

രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ ഫാത്വിമ(റ) രണ്ടു മക്കളുടെ ഉമ്മയായി. ജോലിഭാരം കൂടിവന്നു. ഗോതമ്പ് പൊടിക്കാന്‍ കല്ലുലക്ക ഉരലിലിട്ട് തിരിക്കണം. എന്നിട്ടു വേണം റൊട്ടിയുണ്ടാക്കാന്‍. വിറകും വെള്ളവും ദൂരെ പോയി ചുമന്നു കൊണ്ടുവരണം. കാരക്കക്കുരു പൊടിച്ച് കാലിത്തീറ്റയുണ്ടാക്കണം. അലക്കും പാചകവും അടിച്ചുതെളിയും പുറമെ. എല്ലാം ഒറ്റക്ക് ചെയ്ത് കൈകള്‍ തഴമ്പുപൊട്ടി ചോര പൊടിഞ്ഞുതുടങ്ങി. പ്രിയതമയുടെ കഷ്ടപ്പാടുകള്‍ കണ്ട് അലി(റ) വിഷണ്ണനായി. പിതാവിനോട് ഒരു വേലക്കാരിയെ ചോദിക്കാന്‍ പലപ്പോഴായി പ്രേരിപ്പിച്ചു.

ഖൈബര്‍ യുദ്ധം കഴിഞ്ഞ സമയത്ത് അവസരം ഒത്തുവന്നു. ഖൈബര്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളായിരുന്നല്ലോ അലി(റ). അതിനാല്‍ തങ്ങളുടെ ആവശ്യം നിരസിക്കപ്പെടില്ലെന്ന് ഉറപ്പായിരുന്നു ആ ദമ്പതികള്‍ക്ക്. പൊട്ടിപ്പൊളിഞ്ഞ കൈകളുമായി ഫാത്വിമ(റ) പിതാവിനെ സമീപിച്ചു. മുഖത്തെ ദു:ഖവും ക്ഷീണവും കണ്ട് അവിടുന്ന് ചോദിച്ചു: പൊന്നു മോള്‍ എന്തിനാണ് വന്നത്? വല്ല ആവശ്യവും? എന്നാല്‍ തന്‍റെ വിഷമങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ ലജ്ജിച്ചു. ഒന്നു പരുങ്ങി ‘വെറുതെ കണ്ടു സലാം പറയാന്‍ വന്നതാണെ’ന്നു പറഞ്ഞു വീട്ടിലേക്കു മടങ്ങി. പ്രിയതമനോട് പറഞ്ഞു: എനിക്കൊന്നും ചോദിക്കാന്‍ തോന്നിയില്ല. പ്രയാസങ്ങളെല്ലാം ഞാന്‍ സഹിച്ചോളാം.

പക്ഷേ അലി(റ) വിട്ടില്ല: ‘ഇങ്ങനെ മടിച്ചുനിന്നാല്‍ പറ്റില്ല. നമുക്ക് ഒന്നിച്ചു പോയി പറയാം.’ അങ്ങനെ ഇരുവരും തിരുസവിധത്തിലെത്തി ഒരു വേലക്കാരിയെ വിട്ടുതരാനാവശ്യപ്പെട്ടു. ഖൈബറില്‍ നിന്നു ലഭിച്ച ഏതാനും അടിമ സ്ത്രീകള്‍ അപ്പോള്‍ നബി(സ്വ)യുടെ അധീനത്തിലുണ്ടായിരുന്നു. ഫാത്വിമ തന്‍റെ കരളിന്‍റെ കഷ്ണമാണെങ്കിലും മകളുടെ പ്രയാസത്തെക്കാള്‍ വലിയ സാമ്പത്തികാവശ്യം പ്രവാചകര്‍ക്കു മുമ്പിലുണ്ടായിരുന്നു. മദീന പള്ളിയില്‍ പഠിക്കുന്ന നുറുകണക്കായ സുഫ്ഫത്തിന്‍റെ അഹ്ലുകാര്‍ എന്നറിയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിഷയമായിരുന്നുവത്. അവിടുന്ന് പറഞ്ഞു: ‘ഇവരൊക്കെ പട്ടിണിയിലും ദുരിതത്തിലുമാണ് മോളേ. ഈ അടിമകളെ വിറ്റ് ഇവരുടെ ചെലവ് നടത്താനാണ് ഞാനുദ്ദേശിക്കുന്നത്. അതിനാല്‍ ഒരാളെ പോലും നിനക്കു വിട്ടുതരാന്‍ നിര്‍വാഹമില്ല.’ കാര്യം ഉള്‍ക്കൊണ്ട ദമ്പതികള്‍ പരിഭവമില്ലാതെ മടങ്ങി.

എന്നാല്‍ മകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനാകാത്ത വിഷമം സ്നേഹനിധിയായ പിതാവിനെ അലട്ടിക്കൊണ്ടിരുന്നു. അന്നു രാത്രി തന്നെ മകളെയും മരുമകനെയും ആശ്വസിപ്പിക്കാന്‍ അവിടുന്ന് ഫാത്വിമ(റ)യുടെ വീട്ടിലെത്തി. ഉറങ്ങാന്‍ കിടന്നിരുന്നു ദമ്പതികള്‍. ഇരുവരുടെയും ഇടയില്‍ വന്നിരുന്ന് റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ ഉത്തമമായൊരു കാര്യം നിങ്ങള്‍ക്കു ഞാന്‍ പഠിപ്പിച്ചു തരാം. നിങ്ങള്‍ ഉറങ്ങാനൊരുങ്ങുമ്പോള്‍ 33 തവണ വീതം സുബ്ഹാനല്ലാഹ്, അല്‍ഹംദു ലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ ദിക്റുകള്‍ ചൊല്ലി നൂറ് പൂര്‍ത്തീകരിക്കാന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു യുഹ്യീ വയുമീതു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്നും ചൊല്ലുക (ബുഖാരി).

വെറുതെയല്ല ഫാത്വിമതുല്‍ ബതൂല്‍ സ്വര്‍ഗീയ വനിതകളുടെ നേതൃപദവിയിലേക്കുയര്‍ന്നത്. ഭൗതിക ജീവിതത്തിലെ പ്രാരാബ്ദങ്ങളെയും പ്രയാസങ്ങളെയും ക്ഷമാപൂര്‍വം നേരിട്ടും ആഖിറമാണ് സുഖവാസത്തിനുള്ള ഇടമെന്നുറച്ചു വിശ്വസിച്ചുമാണ് പ്രസ്തുത പദവിയാര്‍ജിച്ചത്. ചില്ലറ അസ്വാരസ്യങ്ങളും അസൗകര്യങ്ങളുമുണ്ടാകുമ്പോഴേക്ക് ഭര്‍ത്താവിനെ കുത്തുവാക്കുകള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നവരും കലഹിച്ച് ‘സ്വന്തം വീട്ടിലേക്ക്’ മടങ്ങുന്നവരും എത്ര! സഹനത്തിന്‍റെ പ്രതീകമായ ബീവിയുടെ നേതൃത്വത്തില്‍ സ്വര്‍ഗപ്രവേശം ആഗ്രഹിക്കുന്നവരാണ് നാമെന്ന് മറക്കാതിരിക്കുക. റമളാന്‍ മാസത്തിലാണ് ഇരുവരും പരലോകം പൂകിയത്. റമളാന്‍ മൂന്നിന് ഫാത്വിമ(റ)യും 20-ന് അലി(റ)വും. ഇരുവര്‍ക്കുമൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ.

You May Also Like

നബി(സ്വ)യുടെ വിവാഹവും വിശുദ്ധ ലക്ഷ്യങ്ങളും

നബി(സ്വ)ക്ക് നാലിലധികം പത്‌നിമാരെ അനുവദിച്ചതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. സാർവകാലികവും സമ്പൂർണവുമായ ഒരു ശരീഅത്തെന്ന നിലയിൽ…

● മുഷ്താഖ് അഹ്മദ്‌

ഉമ്മു ഹബീബയിൽ നിന്ന് ഉമ്മുൽ മുഅ്മിനീനിലേക്ക്

ഉമ്മു ഹബീബ(റ) ഭർത്താവിനൊപ്പം സുഖനിദ്രയിലാണ്. അബ്‌സീനിയയിലെ മന്ദമാരുതന്റെ തലോടലേറ്റ് ശാന്തമായി മയങ്ങുന്നതിനിടയിൽ ബീവി ഒരു സ്വപ്‌നം…

● നിശാദ് സിദ്ദീഖി രണ്ടത്താണി

കുട്ടികളുടെ വൈകാരിക വളര്ച്ച

പിറന്നുവീഴുന്ന ശിശുവിനു യാതൊരു വികാരങ്ങളുമില്ല. പൊതുവായ ഉത്തേജനം മാത്രമേയുള്ളൂ. അതു വികാരമല്ല. ദേഹമാസകലം പ്രസരിച്ച വൈകാരിക…