വാര്‍ത്തകളുടെ തമസ്കരണത്തിന്റെ കാലമാണിത്. വ്യാപാര-രാഷ്ട്രീയ താല്പര്യങ്ങളുടെയും ഭരണകൂട സമ്മര്‍ദങ്ങളുടെയും ഫലമായി സമൂഹമറിയേണ്ട പല വാര്‍ത്തകളും ന്യൂസ്റൂമുകളില്‍ കൊല ചെയ്യപ്പെടുന്നു. പുറത്തുവിടുന്നതിലേറെയും അര്‍ധസത്യങ്ങളും. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കായി മൂടിവെക്കപ്പെടുന്ന സത്യങ്ങള്‍ വലിച്ചു പുറത്തിടുകയാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ദൗത്യം.
പത്രമാധ്യമങ്ങളുടെ മുഖ്യഭാഗവും അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും പ്രസ്താവനകള്‍ അപഹരിക്കുന്ന കാഴ്ചയാണിന്ന് കാണാനാവുന്നത്. ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. ഔദ്യോഗിക വൃത്തങ്ങളുടെ പ്രസ്താവനകള്‍ മറുചോദ്യമില്ലാതെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നതില്‍ കവിഞ്ഞ്, അവ സത്യസന്ധമാണോ എന്നൊരന്വേഷണം പോലും പത്രപ്രവര്‍ത്തകര്‍ നടത്തുന്നില്ല.
അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രമായി ഇത്രയേറെ മാധ്യമ സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്നതാണ് ഇന്നുയരുന്ന ചോദ്യം. സത്യസന്ധമായല്ല മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്നതിന് എമ്പാടും ഉദാഹരണങ്ങള്‍ പറയാനാവും. ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭീകരവാദാരോപണ കേസുകള്‍ തന്നെ എടുക്കാം. ഞാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലേക്കു വന്ന എണ്‍പതുകളുടെ മധ്യത്തില്‍ ഞങ്ങളുടെ അന്വേഷണങ്ങളെ പോലീസ് അസ്വസ്ഥതയോടെയാണ് അഭിമുഖീകരിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു. നിയമപാലകര്‍ പ്രസ്താവിക്കുന്നതിനപ്പുറത്തേക്കുള്ള ചോദ്യങ്ങള്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ ജിജ്ഞാസുവായ അന്വേഷകന് അതുപോരല്ലോ. ഇന്നും മിക്ക മാധ്യമപ്രവര്‍ത്തകരും പോലീസ് പ്രസ്താവനകള്‍ മറുചോദ്യമില്ലാതെ പ്രക്ഷേപണം ചെയ്യുന്നുവെന്നത് ലജ്ജാകരമാണ്. ഭീകരവാദി മുദ്രകുത്തി പിടിക്കപ്പെട്ടവരുടെ കാര്യത്തിലും സ്ഫോടനക്കേസ് റിപ്പോര്‍ട്ടിംഗിലും പോലീസ് പറയുന്നതിനപ്പുറത്തേക്കൊരു അന്വേഷണം ഇവര്‍ നടത്താത്തതെന്താണ്? പ്രതി മുസ്ലിമാണെങ്കില് വിശേഷിച്ചും. ഇത്തരം കേസുകളില്‍ കോടതിക്കകത്ത് നടക്കുന്ന വിചാരണ നേരില്‍ കണ്ട് പുറത്തുവിടുന്നതിലും പത്രപ്രവര്‍ത്തകര്‍ ഉത്സുകരല്ല.
മറ്റൊരു സംഭവം കൂടി പറയാം. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നാലു വര്‍ഷത്തിനകം രണ്ടു ഡസനോളം പേരെയാണ് അഹമ്മദാബാദ് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. കൊല്ലപ്പെട്ടവരെ കുറിച്ച് പോലീസ് പറഞ്ഞത് അവരെല്ലാം ഭീകരരാണെന്നാണ്. ഇക്കഥ വിശ്വസിച്ച് പത്രങ്ങള്‍ അവരെയെല്ലാം ഭീകരമുദ്ര കുത്തി. പ്രമാദമായ സുഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊല നടന്ന് നാലു വര്‍ഷത്തിനു ശേഷം സഹോദരന് റുബാബുദ്ദീന് പോലീസ് കഥ കള്ളമാണെന്നും അദ്ദേഹം ഭീകരനായിരുന്നില്ലെന്നും വ്യാജ ഏറ്റുമുട്ടലിലാണ് സുഹ്റാബുദ്ദീന്‍ കൊല്ലപ്പെട്ടതെന്നും കോടതിയില്‍ ബോധിപ്പിച്ച ശേഷമാണ് ചില മാധ്യമങ്ങളെങ്കിലും സത്യം പുറത്തു പറഞ്ഞുതുടങ്ങിയത്.
പോലീസ് കഥക്കപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ പത്രങ്ങള്‍ മുമ്പേ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഭീകരചാപ്പയടിച്ച് വധിച്ച ഒട്ടേറെ നിരപരാധരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ഇന്നും അവിശ്വസനീയമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്നത്.
പുതിയ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പറഞ്ഞത്, ഒരു വര്‍ഷം കൊണ്ട് എട്ടിലധികമാവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെന്നാണ്. കഴിഞ്ഞ വര്‍ഷം 5.5 ശതമാനം മാത്രമായിരുന്നിതെന്നോര്ക്കണം. എങ്ങനെ വിശ്വസിക്കും ഈ അതിശയോക്തി? പക്ഷേ, ഒരു പത്രക്കാരനും മന്ത്രിയോട് എതിര് ചോദ്യമുന്നയിക്കുന്നില്ല. മാവോയ്സ്റ്റുകളെ കുറിച്ചുള്ള വാര്‍ത്തകളിലും ഈ അവിശ്വസനീയത നിലനില്‍ക്കുന്നുണ്ട്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് അധീന പ്രദേശമായ ബസ്തര്‍ സന്ദര്‍ശിക്കാനിടയായി. അവിടെ യഥാര്‍ത്ഥത്തില്‍ നടക്കുന്ന കാര്യങ്ങളല്ല ദേശീയ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കുന്നതെന്ന് അപ്പോഴാണ് ബോധ്യപ്പെട്ടത്. മാവോയിസ്റ്റുകളെ തൊടാനാവാത്ത നിയമപാലകര്‍ ഗ്രാമീണര്‍ക്കെതിരെ അക്രമമഴിച്ചുവിടുകയും അവരെ വിഘടനവാദികളാക്കി ചിത്രീകരിക്കുകയുമാണ്. ജീവഹാനിയും മാനഹാനിയും അറസ്റ്റും നിര്‍ബാധം നടത്തുന്നു.
കാശ്മീരിലും സ്ഥിതി ഭിന്നമല്ല. ഹൃദയഭേദകമാണവിടത്തെ കാഴ്ചകള്‍. താഴ്വരയിലെ ഗ്രാമീണരോടും സ്ത്രീകളോടും സൈനികരും ഉദ്യോഗസ്ഥരും കാണിക്കുന്ന മനുഷ്യത്വരാഹിത്യങ്ങള്‍ പക്ഷേ, പുറംലോകമറിയാതെ പോവുന്നു. കൂടംകുളം പദ്ധതിയിലും ദലിത് വിഷയത്തിലും യാഥാര്‍ത്ഥ്യങ്ങളുടെ മൂടിവെക്കല്‍ കാണാം. ഭരണകൂട താല്പര്യത്തോടൊട്ടിനിന്ന് ഇവയൊന്നും വെളിച്ചത്തു കൊണ്ടുവരുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ മാപ്പില്ലാത്ത അപരാധമാണ് ചെയ്യുന്നത്. ഗവണ്മെന്റിനെയും ഉദ്യോഗസ്ഥ ലോബികളെയും സംരക്ഷിക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ കൈവിടുന്നത് ജനങ്ങളെയാണ്, സത്യത്തെയും. ജോര്‍ജ് വാഷിംഗ്ടണ്‍ പറഞ്ഞതാണു ശരി: ജനാധിപത്യം വിജയിക്കണമെങ്കില്‍ അതിന്റെ മേല്‍ ജനങ്ങളുടെ ഒരു കണ്ണ് വേണം.’
മാധ്യമങ്ങള്‍ ജനതാല്പര്യങ്ങള് സംരക്ഷിക്കുന്നതാവണം. ഭരണകൂടത്തിന്റെയും കുത്തകകളുടെയും ചട്ടുകമാകരുത്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കോര്‍പ്പറേറ്റ് ഭീമന്മാരുടെയും ബിസിനസുകാരുടെയും ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ടാണവ ലക്ഷ്യം കാണാത്തത്. മീഡിയകള്‍ക്കോ ഭരണാധികാരികള്‍ക്കോ സ്വയം നന്നാവാനാകില്ല. പുറത്തുനിന്നുള്ള ജനകീയ സമ്മര്‍ദങ്ങള്‍ അവയുടെ മനോഭാവം മാറ്റാന്‍ അനിവാര്യമാണ്.
അജിത് സാഹി