അന്ന് കൗൺസലിംഗ് സെന്ററിൽ നല്ല തിരക്കായിരുന്നു. സുമുഖനായൊരു ചെറുപ്പക്കാരൻ പുഞ്ചിരിയോടെ മുന്നിലിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങൾ പറയാൻ തുടങ്ങി. അകാരണ ഭയം, ശ്വാസംമുട്ടൽ, വയറിൽ അസ്വസ്ഥത, ശരീരം ചുട്ടുപൊള്ളുന്ന പോലെ, കണ്ണിൽ ഇരുട്ടുകയറും, തൊണ്ട വരളും… ചില പ്രത്യേക സമയങ്ങളിൽ എല്ലാം ഒരുമിച്ചു വരും. ജോലിയൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. രണ്ടു വർഷമായി പല ചികിത്സകളും ചെയ്യുന്നു, മാറ്റമില്ല. ഇപ്പോൾ പുതിയൊരു ഡോക്ടറുടെ മരുന്നു കഴിക്കുന്നു. ഇനി കൈവിഷം എടുക്കാനുണ്ട്, ഒരു ‘പോക്ക്’ ശരിയാക്കാനുണ്ട്, മുമ്പ് കല്യാണം ആലോചിച്ച പെൺകുട്ടിയുടെ ‘ശാപം’ ഉണ്ടെന്നും പറയുന്നു… അങ്ങനെ പോയി പ്രശ്‌നാവതരണം.

ഭയം മനുഷ്യനെ പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നു. അടിസ്ഥാന വിശ്വാസ കാര്യങ്ങളിൽ ഈ ഭയം സ്വാധീനിക്കുന്നുവെങ്കിൽ ജീവിത ചര്യകളിലും വ്യവഹാരങ്ങളിലും പറയേണ്ടതില്ലല്ലോ?

പറഞ്ഞു വരുന്നത് ചികിത്സാ രീതികളെക്കുറിച്ചാണ്. വിശ്വാസപരമായ വിദ്യാഭ്യാസവും മനസ്സിലാകാത്ത വസ്തുതകളുടെ വിശകലനത്തിനുള്ള വിവേചന ശക്തിയും കുറയുന്നതുമൂലം മനുഷ്യൻ പല വിപത്തുകളിലും ചെന്നുപെടുന്നു.

ശാസ്ത്ര സാങ്കേതിക വിദ്യകൾ വളരെയേറെ പുരോഗമിച്ച ഈ കാലത്തും രോഗങ്ങളെയും പ്രശ്‌നങ്ങളെയും എങ്ങനെ നേരിടണം എന്ന തിരിച്ചറിവ് സാമാന്യ ജനത്തിന് കൈവന്നിട്ടില്ല എന്നത് ഖേദകരമാണ്. എന്നാൽ സാധാരണക്കാർക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ ഏീീഴഹല സെർച്ചു ചെയ്തു നോക്കൽ പ്രായോഗികമല്ല എന്നത് യാഥാർത്ഥ്യം. പക്ഷേ, ചികിത്സകർ അങ്ങനെയാകുന്നത് അപലപനീയം തന്നെ! ബിരുദമെടുത്ത മെഡിക്കൽ ഡോക്ടർമാരിൽ പോലും ചിലർ ഈ വിഷയത്തിൽ കാണിക്കുന്ന അലംഭാവം കാണുമ്പോൾ എന്തു പറയാൻ?

എന്തായാലും, ഏതു വിഭാഗം ചികിത്സകരാണെങ്കിലും തങ്ങളുടെ മേഖല അല്ലാത്ത (specialized area) ചികിത്സാവിധികൾ ആവശ്യമായി വരുമ്പോൾ ആ വിഷയത്തിൽ പരിചയസമ്പന്നരായവർക്ക് റഫർ ചെയ്യണം എന്നതാണ് നൈതികത. മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സിക്കാൻ അംഗീകാരമുള്ള സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളാണ് സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും. മാനസിക രോഗങ്ങൾക്ക് അലോപ്പതി മരുന്നുകൾ നൽകി സൈക്യാട്രിസ്റ്റ് ചികിത്സിക്കുമ്പോൾ മരുന്നുകളില്ലാതെയാണ് (spychotherapy) സൈക്കോളജിസ്റ്റ് ചികിത്സിക്കുന്നത്. അതേ സമയം ആയുർവേദം, യൂനാനി, ഹോമിയോപ്പതി, സിദ്ധ വിഭാഗങ്ങളിൽ ഇത്തരം മരുന്നുകൾ ഇല്ലെന്ന്  വാദിക്കുന്നില്ല. ഈ വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റുകൾ ഇല്ലെന്നു തന്നെ പറയാം.

ഈ വിഭാഗത്തിലൊന്നും പെടാത്ത ചില ചികിത്സകർ എല്ലാ രോഗങ്ങൾക്കും ചികിത്സിക്കുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. മാന്ത്രിക ചികിത്സ, ഭൂത, കുട്ടിച്ചാത്തൻ സേവാ ചികിത്സ, കൈവിഷ ചികിത്സ, ഹോമം തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു. ഈ ചികിത്സകരിൽ പലരും ശാരീരിക മാനസിക രോഗങ്ങൾക്കെല്ലാം ഒരു പോലെ ചികിത്സിക്കുന്നു എന്നതാണ് മറ്റൊരു അദ്ഭുതം!

മാനസിക രോഗങ്ങളെ ലഘു മാനസിക പ്രശ്‌നങ്ങളെന്നും (ന്യൂറോസിസ്) കഠിന മാനസിക പ്രശ്‌നങ്ങളെന്നും (സൈക്കോസിസ്) സാമാന്യമായി വേർതിരിക്കാം. ഇതിൽ ഒന്നാമത്തെ ഗണത്തിൽ വരുന്ന രോഗങ്ങൾക്ക് ചിലപ്പോൾ ദീർഘകാല സൈക്കോ തെറാപ്പിയോ മരുന്നുകളോ വേണ്ടി വരില്ല. പക്ഷേ രണ്ടാമത്തേതിന് വേണ്ടി വന്നേക്കും. ഈ രണ്ടു ഗണങ്ങളിലും വരുന്ന മാനസിക രോഗങ്ങൾ ശാരീരിക രോഗങ്ങൾ പോലെ ഒരുപാടുണ്ട്. മാനസിക രോഗങ്ങളുടെ WHO  പുറത്തിറക്കിയ പട്ടിക ICd-10 ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ രോഗങ്ങളുടെയൊന്നും തരമോ ലക്ഷണങ്ങളോ കാരണങ്ങളോ മനസ്സിലാക്കാതെയാണ് പല ചികിത്സകരും അരങ്ങുവാഴുന്നത്. വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നവയും കുട്ടികളിലെ പഠന പ്രശ്‌നങ്ങൾ പോലും മൊത്തത്തിൽ ‘പൈശാചിക’ ശല്യമാണെന്നു പറഞ്ഞു സാധാരണ ജനങ്ങളെ കബളിപ്പിച്ചു ജീവിക്കുന്ന വ്യാജന്മാരാണ് ഈ ചികിത്സകരിൽ കൂടുതലും. വേണ്ട രീതിയിൽ ചികിത്സാവിധികൾ പഠിക്കാതെ തൊപ്പിയോ കാവി വസ്ത്രമോ ധരിച്ച് ഒരു പണിയുമെടുക്കാതെ സാധുജനങ്ങളെ കബളിപ്പിച്ച് ജീവിക്കുന്ന മാന്ത്രികരുടെ ഒരു പാട് ഇരകളെ കണ്ടിട്ടുണ്ട്.

ഈയടുത്ത ദിവസം കൗൺസലിംഗ് സെന്ററിൽ വന്ന ഒരു കേസുമാത്രം പറയാം. 17 വയസ്സുള്ള പെൺകുട്ടിക്ക് രണ്ടു വർഷം മുമ്പാണ് അകാരണമായ ഭയവും ആളുകളോട് ഇടപഴകാൻ പേടിയും ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കലും തുടങ്ങിയത്. ഒടുവിൽ ഒരു സൈക്യാട്രിസ്റ്റിന്റെ നിർദേശപ്രകാരം മരുന്നു കഴിച്ചു തുടങ്ങി. അസുഖത്തിനു ശമനം വന്നു. രക്ഷിതാക്കൾക്ക് മരുന്നു നിർത്തണമെന്ന സ്വാഭാവികമായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അവർ ഒരു സിദ്ധനെ പരിചയപ്പെടുന്നത്. മരുന്ന് നിർത്തിക്കൊടുക്കാമെന്നും രോഗം പൂർണമായി മാറ്റാമെന്നുമുള്ള അയാളുടെ വാക്കു വിശ്വസിച്ച് മരുന്നു നിർത്തി. അയാളുടെ നിർദേശപ്രകാരം പല ചികിത്സകൾ, ഒരുപാടു ചെലവുകൾ. അയാളുടെ ഫീസു വേറെയും. എന്നാൽ കാശു പോയെങ്കിലും മരുന്ന് നിർത്തിയതോടെ കുട്ടിക്ക് അസുഖം കൂടിവന്നു. വീണ്ടും മരുന്നു കഴിച്ച് ഇപ്പോൾ ഏതാണ്ട് അസുഖം പൂർണമായി സുഖപ്പെട്ടു.

ഇവിടെ നാം മനസ്സിലാക്കേണ്ട വസ്തുത, മതപരമായ ആചാരാനുഷ്ഠാനങ്ങൾ, പ്രാർത്ഥനകൾ, മന്ത്രം, ഉറുക്ക്, പിഞ്ഞാണമെഴുതി കുടിക്കൽ എന്നിവയാൽ രോഗങ്ങർക്ക് ശമനമുണ്ടാകും എന്നത് വസ്തുത തന്നെയാണ്. ഇതിന് ശാസ്ത്രീയ അടിത്തറ ഉണ്ടുതാനും. ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ഖുർആൻ ഓതുന്നതിലൂടെ തന്നെ രോഗ ശമനം (ശിഫാ) ലഭിക്കും. അതുപോലെ തന്നെ പൂർവികരായ മഹത്തുക്കൾ പഠിപ്പിച്ച ഇസ്‌ലാമിക ചികിത്സാ രീതികൾ, മഹാന്മാരുടെ ആശീർവാദങ്ങൾ എന്നിവയെല്ലാം ഭൗതിക യുക്തി ചിന്തക്ക് നിരക്കുന്നില്ലെങ്കിലും ഫലം ചെയ്യുമെന്നതിൽ യഥാർത്ഥ മുസ്‌ലിമിന് സംശയമുണ്ടാവില്ല. എന്നാൽ ഈ ശിഫ മാനസിക രോഗങ്ങൾക്കും ശാരീരിക പ്രശ്‌നങ്ങൾക്കും ഒരുപോലെ ബാധകമാണ്. പക്ഷേ, മേൽ പറഞ്ഞ ഇസ്‌ലാമിക ചികിത്സാ രീതികൾ നന്നായി പഠിച്ചവർ വളരെ കുറവും ഈ പേരിൽ ചികിത്സാനാടകം നടത്തുന്നവർ എണ്ണിയാൽ തീരാത്തത്രയുമുണ്ട് എന്നതാണ് രസം!

ഇനിയാണ് നമുക്ക് മനസ്സിലാവാത്ത ചില രീതികൾ ഇത്തരം വ്യാജ മാന്ത്രികർ ചെയ്യുന്നത്. മഞ്ഞപ്പിത്തം (jaundice) വന്നാൽ മരുന്ന് കഴിക്കണമെന്നും സ്‌കിസോഫ്രീനിയ (schezophrenia) വന്നാൽ മരുന്ന് കഴിക്കേണ്ട ഹോമവും പൂജയും നടത്തണം എന്നും പറയുന്നതിലെ സാംഗത്യം മനസ്സിലാവുന്നില്ല!

ഏതെങ്കിലുമൊരു മതത്തിൽ മാത്രമല്ല ഇത്തരം തട്ടിപ്പുകാരുള്ളത്. ഏറ്റവും രസകരം ഇവരിൽ ഇന്റർ റിലീജിയസ് കോക്കസുകളും ഉണ്ട് എന്നതാണ്. മാനസിക പ്രശ്‌നങ്ങളാൽ കലശലായ ഛർദ്ദി (spycho somatic) ബാധിച്ച ഒരു കുട്ടിക്ക്, രക്തരക്ഷസ് ബാധയാണെന്നു പറഞ്ഞു അമ്പലപ്പൂജാരിയുടെയടക്കലേക്ക് പൂജ ചെയ്യാൻ അയച്ച മുസ്‌ലിം പേരുള്ള ചികിത്സകൻ മുതൽ മുസ്‌ലിംകൾക്ക് ഖുർആൻ സൂറത്തുകളുടെ ലിസ്റ്റ് വെച്ച് ദിവസം 1001 തവണ അമ്പത് പേജ് വരുന്ന അൽബഖറ ഓതി വരാൻ പറയുന്ന ഹിന്ദു സിദ്ധൻ വരെ പാവങ്ങളുടെ അനുഭവങ്ങളിൽ ചിലത് മാത്രം. രോഗം തുടങ്ങിയിട്ട് ഒമ്പത് വർഷമായി. എന്നിട്ടും നാലു വർഷം മുമ്പു നിർമിച്ച വീട്ടിലെ അടുക്കളയുടെ സ്ഥാനം ശരിയല്ല, മതില് പൊളിക്കണം എന്നൊക്കെ പറഞ്ഞു സാധുക്കളെ കടക്കെണിയിലാക്കിയ വ്യാജന്മാരും ഏറെയുണ്ട്.

എന്തൊരു കഷ്ടമാണിത്! ഇത്തരം ചികിത്സകർ മാനസിക രോഗങ്ങളെക്കുറിച്ച് പഠിച്ചിട്ട് ചികിത്സിക്കണം എന്നു പറഞ്ഞാൽ നടക്കുമോ എന്നറിയില്ല. (അങ്ങനെ ശാസ്ത്രീയമായി പഠിച്ച് ചികിത്സിക്കുന്ന ഉസ്താദുമാരും തങ്ങന്മാരും ഒരു പാട് ഉണ്ടെന്ന് മറക്കുന്നില്ല). ഇതെല്ലാം പഠിക്കാൻ പറ്റിയ സാഹചര്യങ്ങളും മർകസ്  പോലുള്ള സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തിയാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം ഏറെക്കുറെ പരിഹാരമാകും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ