athmeeyam-malaylam article

സ്രഷ്ടാവിന്റെ ദൂതന്മാരാണ് പ്രവാചകന്മാർ. സമൂഹ മധ്യേ അവർ പ്രവാചകത്വം വാദിക്കുമ്പോൾ സ്വഭാവികമായും ജനം തെളിവാവശ്യപ്പെടും. അത് നേരിടാൻ അല്ലാഹു പ്രവാചകന്മാരിലൂടെ നടപ്പിലാക്കുന്ന അമാനുഷിക സംഭവങ്ങളാണ് മുഅ ജിസത്ത്. അത് മാരണങ്ങളോ മായാജാല വിദ്യകളോ അല്ല. വ്യക്തവും യാഥാർത്ഥ്യവുമായ ദൃഷ്ടാന്തങ്ങളാണ്.
‘മുഹമ്മദ് നബി(സ്വ) ലോകാവസാനം വരെയുള്ളവർക്ക് നിയോഗിക്കപ്പെട്ട അന്ത്യ പ്രവാചകനാണ്. അവിടന്ന് നിരവധി മുഅ് ജിസത്തുകൾ പ്രകടപ്പിച്ചിട്ടുണ്ട്. അതിൽ അതിപ്രധാനവും എന്നെന്നും നിലനിൽക്കുന്നതുമാണ് ഖുർആൻ. അതിന്റെ സൂക്ഷിപ്പ് അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട്. തീർച്ച, നാമാണാ ഉത്‌ബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാമതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്’ (ഹിജ്ർ: 9). ഖുർആൻ എന്നും സാഹിത്യ കുലപതികൾക്കും ശാസ്ത്രീയ നിരീക്ഷകർക്കും മുന്നിൽ അജയ്യമായി തലയുയർത്തി നിൽക്കുന്നു.
ഖുർആനെതിരെ പല വിമർശനങ്ങളും കാലാകാലങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിമർശനങ്ങൾ പുത്തരിയല്ല. പ്രവാചക കാലത്തും നിരവധി അപവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഖുർആൻ പൂർവ വേദങ്ങളിൽ നിന്ന് പകർത്തിയതാണ്, പ്രവാചകൻ സ്വയം നിർമിച്ചതാണ്, കെട്ടുകഥകളാണ് എന്നെല്ലാം ആരോപിക്കപ്പെടുകയുണ്ടായി. നിരക്ഷരനായ നബി(സ്വ)ക്ക് പൂർവ വേദങ്ങൾ വായിക്കാനോ അതു പകർത്താനോ സ്വന്തമായൊരു ഗ്രന്ഥം രൂപപ്പെടുത്താനോ സാധിക്കില്ലെന്നത് വ്യക്തമാണ്. ആരോപണങ്ങൾ ഉന്നയിച്ച ശേഷം അബദ്ധം മനസ്സിലാക്കി ചില നാസ്തികരും മറ്റും പ്രവാചകൻ നിരക്ഷനല്ലെന്ന് വാദിക്കാൻ ശ്രമിച്ചിട്ടുണ്ട്. നബിയുടെ സമകാലികർക്ക് പക്ഷേ മുഹമ്മദ്(സ്വ)ക്ക് എഴുത്തും വായനയും വശമില്ലായിരുന്നുവെന്നതിൽ തർക്കമേ ഉണ്ടായിരുന്നില്ല. പക്ഷേ, തിരുനബിയെ സാക്ഷരനാക്കുന്നതിൽ വല്ലാതെ ഉത്സാഹം കാണിക്കുന്നത് ആധുനിക സ്വതന്ത്ര-ശാസ്ത്രവാദികളാണ്. നബി(സ്വ) ഒരു ഗുരുവിൽ നിന്ന് അക്ഷരം അഭ്യസിച്ചതായി തെളിക്കാൻ ഒരു ന്യായവുമില്ല. ഖുർആൻ തന്നെ പറയുന്നു: ‘അക്ഷരജ്ഞാനമില്ലാത്തവർക്കിടയിൽ തന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് കേൾപ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്ക് വേദ ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാൻ അവരിൽ നിന്നു തന്നെ ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ (ജുമുഅ: 2). അതിനാൽ അല്ലാഹുവിലും അവന്റെ ദൂതരെയും നിങ്ങൾ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷര ജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ (അഅ്‌റാഫ്: 157). ഖുർആന്റെ തന്നെ പ്രഖ്യാപനമാണ് പ്രവാചകരുടെ അക്ഷരാഭ്യാസമില്ലായ്മ.
തെളിവില്ലെങ്കിൽ ആ വസ്തുവില്ല എന്നത് ഡൊകിൻസിയൻ മണ്ടത്തരമാണ്. കൊളംബസ് കണ്ടുപിടിക്കുന്നതിനു മുമ്പ് അമേരിക്ക ഇല്ലെന്നാണ് ഇതു പ്രകാരം വരിക. ശാസ്ത്രത്തെ കൂട്ടുപിടിച്ചാണ് യുക്തിവാദിയുടെ വരവ്. പക്ഷേ അവർക്ക് ശാസ്ത്രീയമായ അടിസ്ഥാന ബോധം പോലുമില്ലെന്ന് അടുത്തു നോക്കിയാലറിയാം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദൈവം പ്രപഞ്ച ഭാഗമോ പാദാർത്ഥമോ അല്ല. പ്രാപഞ്ചിക വസ്തുക്കളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നതു പോലെ കാലാതീതനും പ്രപഞ്ചാതീതനുമായ ദൈവത്തെ കണ്ടെത്താനാവില്ല. കാരണം ശാസ്ത്രം പ്രപഞ്ചാധീനവും ദൈവം പ്രപഞ്ചാതീതനുമാണ്. ഈ പരിമിതി കൊണ്ടാണ് നാസ്തികർ മതങ്ങളിലെ ശാഖപരമായ കാര്യങ്ങളിൽ ചോദ്യങ്ങളുന്നയിച്ചു തുടങ്ങുന്നത്. ഒരു വിഡ്ഢിക്ക് ആയിരം ചോദ്യങ്ങളുന്നയിക്കാം എന്ന് ഷേക്‌സ്പിയർ പണ്ടേ പറഞ്ഞതാണല്ലോ.
ലോകത്ത് യുക്തിവാദികളെക്കാൾ, ശാസ്ത്രീയ നിരീക്ഷണങ്ങളവതരിപ്പിച്ച വരിലധികവും ദൈവവിശ്വസികളാണെന്നാണ് വസ്തുത. ദൈവനിരാസത്തിനപ്പുറം ദൈവമുണ്ടെന്ന തീർച്ചപ്പെടുത്തലിലേക്കാണവരെല്ലാം എത്തിപ്പെട്ടത്. ഭ്രൂണ വളർച്ചയുടെ അത്ഭുതാവഹമായ അവസ്ഥകൾ ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃത സമൂഹത്തിൽ ജനിച്ച പ്രവാചകർ പറഞ്ഞതു കണ്ട് മോറിസ് ബുക്കായി അടക്കുള്ളവർ ഇസ്‌ലാം ആശ്ലേഷിച്ചത് നമുക്കറിയാം. മാത്തമാറ്റിക്കൽ മിറാക്കിൾസ് എന്ന വലിയൊരു വിജ്ഞാനശാഖ തന്നെ രൂപം കൊണ്ടതും എടുത്തു പറയണം. ഖുർആനിലുള്ളതിനു സമാനമായൊരു ഗ്രന്ഥം, അധ്യായം കൊണ്ടുവരാനുള്ള വെല്ലുവിളി അറേബ്യയിലെ സാഹിത്യ കുലപതികളോട് മാത്രമല്ല, ആധുനിക നാസ്തികരോട് കൂടിയാണ്. ഇന്നുമത് അന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുന്നു. ഖുർആൻ ആശയ പുഷ്ടിക്കപ്പുറം അതിന്റെ ഒരോ പദത്തിനും അക്ഷരങ്ങൾക്കും ഒരുപാട് പൊരുളുകളുണ്ട്.
ഖുർആനൊരു ശാസ്ത്ര ഗ്രന്ഥമല്ല. മാലോകരുടെ ഇരുലോക വിജയത്തിനുള്ള ദൈവിക വചനങ്ങളാണ്. മുഹമ്മദ്(സ്വ)യിലൂടെ അതവതരിപ്പിക്കുന്നത് ലോകാവസാനം വരെയുള്ളവർക്ക് വഴികാട്ടിയായാണ്. അതിനാൽ കാലാതീതമാണ് അതിലുള്ളതെല്ലാം. വസ്തുതകൾക്ക് നിരക്കാത്തതോ കാലോചിതമായി മാറ്റത്തിരുത്തലാവശ്യമായതോ ആയ ഒന്നും അതിലില്ല.
എല്ലാത്തിലും യുക്തി കണ്ടെത്താൻ ഉദ്യമിക്കുന്നതും വിഡ്ഢിത്തമല്ലേ. കാരണം പ്രപഞ്ചത്തിൽ യുക്തിപരമായതും യുക്തിക്കതീതമായതും ഏറെയുണ്ട്. എന്തുകൊണ്ട് സ്ത്രീ മാത്രം ഗർഭം ധരിക്കുന്നു? പുരുഷന് എന്തുകൊണ്ട് മുലയൂട്ടാൻ പോലുമാകുന്നില്ല? അതിനാവശ്യമായ ഹോർമോണുകളും എൻസൈമുകളും പുരുഷനില്ലാത്തതെന്ത്? എന്തുകൊണ്ട് ഇതിൽ പരിണാമമുണ്ടാകുന്നില്ല? ഇതെല്ലാം പ്രപഞ്ചത്തിലെ യുക്ത്യാതീതമായ കാര്യങ്ങളാണ്. ഇസ്‌ലാമിലും യുക്തിപരമായതും യുക്ത്യാതീതമായതുമായ കാര്യങ്ങളുണ്ട്. പക്ഷേ, യുക്തിരഹിതമായ ഒന്നും ദീനിലില്ല. പ്രവാചക മുഅ്ജിസതുകൾ, ദൈവാസ്തിക്യം, മതത്തിനെതിരായ നാസ്തികരുടെ ഇതര വാദങ്ങൾ എല്ലാം ഉൾക്കരുത്തില്ലാത്ത വ്യർത്ഥ്യാരോപണങ്ങൾ മാത്രമാകുന്നതും ഇതുകൊണ്ടാണ്.

കെഎം സുഹൈൽ എലമ്പ്ര

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ