മുജാഹിദുകള്‍ക്കിടയില്‍ പുതിയ പ്രശ്നമായി നാരിയതുസ്വലാത്ത് കടന്നുവന്നിരിക്കുന്നു. മുസ്ലിം സമൂഹം ആദരപൂര്‍വം ചൊല്ലിവന്നിരുന്ന ഈ സ്വലാത്ത് ബിദ്അത്തുകാര്‍ക്ക് ഇതുവരെയും നരകത്തിലേക്കുള്ളതായിരുന്നല്ലോ. തീരെ വെളിവു കാണിക്കാത്ത ചില മൗലവിമാര്‍ ‘നാറിയ സ്വലാത്ത്’ എന്നാണ് പ്രയോഗിക്കുക. മനസ്സിലാകെ മാലിന്യം നിറഞ്ഞവരുടെ വായനാറ്റം.
തലതിരിഞ്ഞവര്‍ക്ക് ഈ സ്വലാത്ത് ഏറെ പ്രകോപനമായിത്തീരാന്‍ കാരണം, സാധാരണ ‘അറബിപ്പയ്യന്‍’ എന്ന നബി(സ്വ)യെ കുറിച്ചുള്ള അവരുടെ വിശ്വാസത്തിനെതിരായി, അവിടുന്നാണ് വിശ്വാസികള്‍ക്ക് ആശ്രയം എന്ന ആശയം തന്നെ. നബി(സ്വ)യെ കൊണ്ട് പ്രയാസങ്ങള്‍ നീങ്ങുന്നു, പ്രതിസന്ധികള്‍ പരിഹാരമാവുന്നു, ആവശ്യങ്ങള്‍ നേടാനാവുന്നു പോലുള്ള വിശേഷണങ്ങള്‍ വരണ്ട മസ്തിഷ്കങ്ങള്‍ക്ക് എങ്ങനെയാണ് സഹിക്കാനാവുക? അതുകൊണ്ടുതന്നെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഈ സ്വലാത്ത് എതിര്‍ത്തുപോന്നു. അങ്ങനെ ആയുസ്സ് തുലച്ചുവെന്ന് മറ്റൊരു ഭാഷ്യം.
എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ തലകീഴായി നിന്നിരിക്കുന്നു. അവരില്‍ വലിയൊരു വിഭാഗത്തിന് ഈ സ്വലാത്ത് പഥ്യമായിരിക്കുകയാണ്. ശിര്‍ക്ക്, നാറിയത്, നരകത്തിലേക്കുള്ളത് പോലുള്ള വിശേഷണങ്ങള്‍ അവ്വിധത്തില്‍ വീക്ഷിക്കുന്നതിന്റെ കുഴപ്പമാണത്രെ. നല്ല നിലയില്‍ പരിഗണിച്ചാല്‍ കാര്യം ഇതിന്റെയൊക്കെ നേരെ മറുവശമായിത്തീരുമത്രെ. അതയാത് ശിര്‍ക്ക് തൗഹീദും, നാറ്റം സുഗന്ധവും, നരകം സ്വര്‍ഗവുമായിത്തീരും!
നോക്കണേ, വൈകിയുദിക്കുന്ന ഓരോ വിവേകങ്ങള്‍. താന്തോന്നികളായി നിലകൊള്ളുമ്പോള്‍ അമ്മയ്ക്കും കുറ്റം കാണുമല്ലോ. പിതാവും മാതാവും അവരുടെ ലൈംഗിക താല്‍പര്യം പൂര്‍ത്തീകരിക്കാന്‍ നടത്തിയ ഏര്‍പ്പാടിന്റെ അനന്തരം ഞാന്‍ എന്ന് അത്തരം തലതിരിഞ്ഞ മക്കള്‍ക്ക് വീക്ഷിക്കുകയുമാവാം. എന്നാല്‍ മാതാവ്, പിതാവ് എന്ന മഹദ് ദര്‍ശനമാണെങ്കിലോ, അതാണ് മനുഷ്യകുലത്തിന്റെ നില്‍നില്‍പു തന്നെയാവുന്നത്. മതസ്തംഭങ്ങളെ ശരിയായ വിധം വീക്ഷിക്കാതിരുന്നാല്‍ അവയിലും കുറ്റങ്ങളുണ്ടാവും. അങ്ങനെയാണല്ലോ നാസ്തികര്‍ പിറക്കുന്നത്.
മതയുക്തിവാദികളും ഇങ്ങനെയുള്ള താന്തോന്നികളായിരുന്നു ഇതുവരെ. ഇപ്പോള്‍ ചിലര്‍ക്കെങ്കിലും വെളിവു വന്നിരിക്കുന്നു. ഇസ്തിഗാസ ശിര്‍ക്കല്ലെന്ന് അങ്ങനെയങ്ങ് പറഞ്ഞിട്ടില്ലെങ്കിലും അതിനു സമാനമായ പ്രയോഗങ്ങളും വിശ്വാസവും വളരെ കൂടുതല്‍ മുജാഹിദുകള്‍ ഇപ്പോള്‍ വച്ചുപുലര്‍ത്തുന്നതും വിവേകമുദിക്കലിന്റെ ഭാഗം തന്നെയാണ്. ബിദ്അത്തുകാര്‍ ഇനിയും മാറും, ഭൗതിക ദര്‍ശനങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതനിവാര്യമാണല്ലോ. ജിന്ന്, മലക്ക് സഹായാര്‍ത്ഥനയിലും മറ്റും പുതിയ കൂട്ടര്‍ ന്യായമായിപ്പറയുന്ന ശ്രദ്ധേയമായൊരു വസ്തുതയുണ്ട്. ഇതൊക്കെ ശിര്‍ക്കാണെങ്കില്‍ ഇസ്തിഗാസയും തവസ്സുലും അദൃശ്യ സഹായാര്‍ത്ഥനയുമൊക്കെ നടത്തിയ സുലൈമാന്‍ നബി(അ)യെ പോലുള്ള പ്രവാചകന്മാരും ഹാജറ(റ)യെ പോലുള്ള പ്രവാചക ഭാര്യമാരും ഇതുവരെയുള്ള എണ്ണിയാലൊടുങ്ങാത്ത പണ്ഡിതരും മുശ്രിക്കായിപ്പോവില്ലേ എന്ന്.
അറബി അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്ത നിരവധി മുജ്തഹിദുകളാല്‍ ‘സമ്പന്നമായ’ മുജാഹിദ് പ്രസ്ഥാനത്തിലെ ഓരോരുത്തരും ഇതു സംബന്ധമായൊരു ഗവേഷണം നടത്തുക. ശിര്‍ക്കല്ലെങ്കിലും ഹറാമാകുമെന്ന് ഗ്രൂപ്പുകളിയില്‍ ന്യായം പറയുന്ന ജിന്നൂരികളും ഗവേഷണം നിര്‍ത്തരുത്. എങ്കില്‍ മേല്‍പറഞ്ഞ മഹാന്മാരൊക്കെയും ഹറാം ചെയ്യുന്നവരാണെന്നു പറയേണ്ടി വരില്ലേ എന്ന വിഷയത്തില്‍ അതു തുടരുക. അല്ലാഹു സല്‍ബുദ്ധി പ്രദാനം ചെയ്യട്ടെ.