സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സംവരണം നിലവിലെ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്നതാണെന്ന ആശങ്കകൾക്ക് അടിസ്ഥാനമുണ്ട്. ഒരു ജനവിഭാഗത്തിന്റെ ന്യായമായ ആശങ്കകളെ രാഷ്ട്രീയ നീക്കമെന്ന നിലയിൽ കണ്ട് അവഗണിക്കുന്നത് മതേതര ജനാധിപത്യ സർക്കാറിന് ഭൂഷണമാകില്ല. ഘടനാപരമായി സാമ്പത്തിക സംവരണമെന്ന ആശയം തന്നെ സംവരണത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ പരിഹസിക്കുന്നതാണ്. ചരിത്രപരമായും സാമൂഹികപരമായും രാജ്യത്ത് നിലനിന്ന പ്രത്യേക സാഹചര്യങ്ങളുടെ ഇരകളായി അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നടപ്പിലാക്കിയ സംവരണം അതിന്റെ ഉദ്ദേശ്യ ശുദ്ധിയോടും അടിസ്ഥാന തത്ത്വങ്ങളോടും ഒരു തരി പോലും നീതി പുലർത്താത്ത രീതിയിൽ അനർഹമായി ഒരു വിഭാഗത്തിന് നൽകുന്നത് തന്നെ ചരിത്രത്തോടുള്ള അവഹേളനമാണ്. സ്വാതന്ത്ര്യാനന്തരം ഭരണാധികാരികൾ സംവരണത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി പലകുറി ഉപയോഗിച്ചതിന്റെ തുടർച്ചയായാണ് സംവരണത്തിന് സാമ്പത്തിക മാനദണ്ഡമെന്ന ആശയം ഉടലെടുക്കുന്നത് തന്നെ. ഇതിന് പിന്നിലെ ഒളിയജണ്ടകളെ യഥാസമയം എതിർക്കാൻ സംവരണ ജനവിഭാഗങ്ങൾക്ക് കഴിയാതെ പോയതും വലിയ സംവരണ വിഭാഗങ്ങളേക്കാൾ ചെറിയ ശതമാനം വരുന്ന വരേണ്യ വിഭാഗത്തോടുള്ള രാഷ്ട്രീയ പാർട്ടികളുടെ ആഭിമുഖ്യവും സാമ്പത്തിക സംവരണമെന്ന ഈ ചതിക്ക് പിന്നിലുണ്ട്.

സാമ്പത്തിക സംവരണം ചരിത്ര നിഷേധം

സവർണ രാഷ്ട്രീയ താത്പര്യങ്ങളുടെ മറവിൽ വെള്ളം ചേർക്കപ്പെട്ട സംവരണത്തിന് ഒടുവിൽ സവർണാഭിമുഖ്യമുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ ഭരണം നടത്തിയപ്പോഴാണ് സാമ്പത്തിക പിന്നാക്കാവസ്ഥയെന്ന ലേബലിൽ സംവരണ തത്ത്വങ്ങളെ അട്ടിമറിച്ച് നിയമപരിരക്ഷ നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഒരു ജാതീയതയുടെയോ സാമൂഹികതയുടെയോ അവഗണന അനുഭവിച്ചവരല്ല. ഈ സാഹചര്യത്തിൽ അവരെ സാമ്പത്തികമായി ശാക്തീകരിക്കാൻ സാമ്പത്തിക സഹായമാണ് നൽകേണ്ടതെന്നിരിക്കെ ഇവരെ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം നൽകി ഉയർത്തിക്കൊണ്ടുവരികയെന്ന ആശയം തന്നെ യുക്തിഭദ്രമല്ല. ഇതിനെല്ലാമപ്പുറം സാമ്പത്തിക പിന്നാക്കമെന്ന ഓമനപ്പേരിൽ സവർണർക്ക് നിലവിലെ സംവരണ വിഭാഗങ്ങളേക്കാൾ കൂടുതൽ ശതമാനം ഉപാധി രഹിതമായി സംവരണം നൽകുമ്പോൾ സംവരണ വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം നിഷേധിക്കപ്പെടുന്നതും ചട്ടങ്ങളുടെ മറവിൽ ഒളിച്ചുകടത്തപ്പെടുന്ന ഉദ്യോഗസ്ഥ താത്പര്യങ്ങളും സംബന്ധിച്ച ആശങ്കളോട് സാമ്പത്തിക സംവരണം നടപ്പാക്കാൻ കാണിച്ച താത്പര്യത്തിന്റെ പകുതിയെങ്കിലും കാണിക്കണമെന്നത് ന്യായമായ ഒരാവശ്യമാണ്. മാത്രമല്ല, സാമ്പത്തിക സംവരണം സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുകയുമാണ്. ഇത് തീർപ്പാക്കാൻ കാത്തുനിൽക്കുക പോലും ചെയ്യാതെ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന ഉത്സാഹത്തിന് പിന്നിലെ താത്പര്യങ്ങളും അത്ര ആശാവഹമാകാനിടയില്ല.
സംവരണവുമായി ബന്ധപ്പെട്ട് ആദ്യകാലം തൊട്ടേ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. സംവരണത്തെ എതിർത്തിരുന്ന ഗാന്ധിജിയും ഇതിന്റെ പേരിൽ ഗാന്ധിജിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. അംബേദ്കറും രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. എന്റെ ജനതക്ക് പ്രത്യേക സംവരണത്തിന്റെ ആവശ്യമില്ലെന്നും അതില്ലാതെ തന്നെ അവരെ ഉയർത്തിക്കൊണ്ടുവരാനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യണമെന്നുമായിരുന്നു ഗാന്ധിജിയുടെ പക്ഷം. എന്നാൽ രാജ്യത്തെ ജാതി വ്യവസ്ഥിതിയുടെ ഇരകൂടിയായ അംബേദ്കറിന് ഇതിലെ അപകടം തിരിച്ചറിയാൻ ഏറെ ആലോചിക്കേണ്ടി വന്നിരുന്നില്ല. എന്നെ വിളക്കുകാലിൽ തൂക്കിലേറ്റിയാലും എന്റെ ജനതയെ ഞാൻ വഞ്ചിക്കില്ലെന്ന നിശ്ച ദാർഢ്യത്തിലൂടെയാണ് അംബേദ്കർ നേരിട്ടത്. എന്നാൽ സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ടിനിപ്പുറം രാജ്യത്തെ താഴ്ന്ന വിഭാഗക്കാർ നേടിയ നേട്ടങ്ങളെല്ലാം ഈ സംവരണത്തിന്റെ പിൻബലത്തിൽ മാത്രമായിരുന്നുവെന്ന യാഥാർത്ഥ്യം ഡോ. അംബേദ്കറിന്റെ ദീർഘ വീക്ഷണത്തിന് അടിവരയിടുന്നതാണ്.

ആശങ്കകൾ പലവിധം

സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ സംവരണം മാത്രമാണ് വഴിയെന്ന ഭരണാധികാരികളുടെ വാശിയിലാണ് ഇതിന് പിന്നിലെ പ്രത്യേക താത്പര്യം ഒളിച്ചിരിക്കുന്നത്. ഇത്തരം ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ സാമ്പത്തിക സഹായമുൾപ്പെടെ ഒട്ടേറെ മാർഗങ്ങൾ ഉണ്ടെന്നിരിക്കെ അവരെ സംവരണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിലവിലെ സംവരണ വിഭാഗങ്ങളുടെ കഞ്ഞിയിൽ കൂടിയാണ് മണ്ണു വാരിയിടുന്നത്. കേരള സമൂഹത്തിലെ ചെറിയ ശതമാനം വരുന്ന മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാരുടെ ധനപരമായ അവശത പരിഹരിക്കാൻ മറ്റു മാർഗങ്ങൾ പരീക്ഷിക്കുന്നതിന് പകരം സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് മുന്നാക്ക സംവരണം നടപ്പാക്കിയിരിക്കുന്നത്.
സാമ്പത്തിക സംവരണം നിലവിലെ സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്ന് സർക്കാർ ആണയിടുന്നുണ്ടെങ്കിലും ഇത് ശരിയല്ലെന്ന വ്യക്തമായ കണക്കുകളോടും ആശങ്കകളോടും ശരിയായ രീതിയിൽ പ്രതികരിക്കാൻ തയ്യാറാകാത്തത് ദുരൂഹത വർധിപ്പിക്കുന്നതാണ്. സർക്കാർ നിർദേശങ്ങളും ഉത്തരവും മറികടന്ന് സംവരണ വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ സാങ്കേതികതയുടെ ചെറിയ പഴുതകൾ പോലും ഉപയോഗിക്കുന്ന സവർണ ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് കാര്യമായ ഉപാധികളൊന്നുമില്ലാതെ മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്നത് ഏറെ ആശങ്കാജനകമാണ്. മുന്നാക്ക സംവരണത്തിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒഴിവാക്കിയ ന്യൂനപക്ഷ പദവിയുള്ള എൻജിനീയറിംഗ് കോളജുകളായ കൊല്ലം ടികെഎം, കോതമംഗലം മാർ അത്തനേഷ്യസ് എന്നിവിടങ്ങളിൽ എൻജിനീയറിംഗ് പ്രവേശനത്തിന് നിയമം ലംഘിച്ച് മുന്നാക്ക സംവരണ പ്രകാരം സീറ്റ് അലോട്ട്‌മെന്റ് നടത്തിയ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇടപെടൽ ഈ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നതാണ്. നിലവിൽ ഭരണഘടന അനുവദിച്ച അവകാശങ്ങൾക്ക് വേണ്ടി ദളിത്-ന്യൂനപക്ഷങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ യാചനാപൂർവം കൈകൂപ്പി നിൽക്കേണ്ടിവരുന്ന കേരളത്തിൽ മുന്നാക്ക സംവരണം നടപ്പാക്കി മണിക്കൂറുകൾക്കകം ഉത്തരവ് മറികടന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ പോലും സംവരണം നടപ്പാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരിക്കുന്നുവെന്നത് ഇക്കാര്യത്തിൽ സമീപ ഭാവിൽ വരാനിരിക്കുന്ന അപകടത്തിന്റെ സൂചനയാണ്.
സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്ത്വം അട്ടിമറിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിൽ നഷ്ടം അനുഭവിക്കേണ്ടിവരിക നിലവിലെ സംവരണ വിഭാഗങ്ങൾ തന്നെയാണെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. മുന്നാക്കക്കാർക്ക് സംവരണം നൽകുന്നത് പൊതുവിഭാഗത്തിൽ നിന്നാണെന്നും നിലവിലെ സംവരണ വിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ സർക്കാറിന്റെ ഈ വാദത്തെ നിലവിൽ അലോട്ട് ചെയ്യപ്പെട്ട സീറ്റുകളും സംവരണം നടപ്പിലാക്കുന്ന രീതിയും ശരിവെക്കുന്നില്ലതന്നെ. പട്ടികവിഭാഗ-പിന്നാക്ക സമുദായങ്ങൾക്ക് നിലവിലുള്ള 50 ശതമാനത്തിൽ ഒരു കുറവും വരുത്താതെ, 50 ശതമാനം പൊതുവിഭാഗത്തിൽ നിന്നുള്ള പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കുന്നതെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. എന്നാൽ ഇത് തീർത്തും തെറ്റാണെന്ന് സാമ്പത്തിക സംവരണത്തിന് ഗവൺമെന്റ് നടപ്പിലാക്കുന്ന നടപടിക്രമങ്ങളിൽ തന്നെ വ്യക്തമാണ്.

കണക്കുകൾ പറയുന്നത്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസാവസരങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം നടപ്പിലാകുമ്പോൾ പിന്നാക്ക സമുദായങ്ങൾക്ക് ഭീമമായ നഷ്ടമാണ് പൊതുവിഭാഗത്തിൽ നേരിടുക. പത്ത് ശതമാനമാണ് സംവരണമെങ്കിലും ഫലത്തിൽ 20 ശതമാനത്തോളമാണ് മുന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കുക. സർക്കാരിന്റെ വിശദീകരണപ്രകാരം സംവരണ വിഭാഗങ്ങളുടേത് മാറ്റിവെച്ച് ശേഷിക്കുന്ന 50 ശതമാനം പൊതുവിഭാഗത്തിൽ നിന്നാണ് സാമ്പത്തിക സംവരണത്തിന് പത്ത് ശതമാനം നീക്കിവെക്കുന്നതെങ്കിൽ വിദ്യാഭ്യാസ മേഖലയിൽ ആകെ 100 സീറ്റുകളിലേക്ക് പ്രവേശനം നടത്തുമ്പോൾ പൊതുവിഭാഗത്തിലെ 50-ൽ പത്ത് ശതമാനമായ അഞ്ചു സീറ്റുകളിലേക്കാണ് സാമ്പത്തിക സംവരണം നടപ്പാക്കേണ്ടത്. എന്നാൽ, സർക്കാരിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി പ്രവേശനം നടത്തുന്ന 100 ഒഴിവുകളിൽ നിന്ന് പത്ത് ശതമാന(പത്ത് സീറ്റ്)മാണ് മുന്നാക്കക്കാർക്കായി മാറ്റുന്നത്. ഇതുവഴി 20 ശതമാനം സംവരണം മുന്നാക്കാർക്ക് ലഭിക്കുന്നു.
മെഡിക്കൽ, പിജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും അർഹതപ്പെട്ടതിന്റെ ഇരട്ടി സംവരണമാണ് ഇത്തരത്തിൽ മുന്നാക്കക്കാർക്കു ലഭിക്കുക. വരാനിരിക്കുന്ന പിഎസ്‌സി നിയമനങ്ങളിലും എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിലും ഇതേ മാനദണ്ഡം തന്നെയാകും നടപ്പിലാക്കുക.
പിഎസ്‌സി നിയമനങ്ങളിലും മുന്നാക്ക സംവരണം വൻ പ്രതിഫലനം സൃഷ്ടിക്കും. ഇതോടെ നിലവിൽ ഉന്നതോദ്യോഗ മേഖലകളിൽ മുസ്‌ലിംകൾ ഉൾപ്പെടയുള്ള സംവരണ വിഭാഗങ്ങളുടെ അഭാവം കൂടുതൽ പ്രകടമാവുകയും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന സവർണ മേൽക്കോയ്മ കൂടുതൽ അരക്കിട്ടുറപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
നിലവിൽ പിഎസ്‌സിയുടെ ഓരോ റാങ്ക് ലിസ്റ്റിലെയും 20 ഒഴിവുകൾ വീതം ഒരു യൂണിറ്റായി കണക്കാക്കിയാണ് പൊതു, സംവരണ നിയമനക്രമം നിശ്ചയിക്കുന്നത്. ഇതുപ്രകാരം ഒന്ന്, മൂന്ന്, അഞ്ച് തുടങ്ങി 19 വരെയുളള പത്ത് ഒഴിവുകൾ പൊതുവിഭാഗത്തിനും രണ്ട്, നാല്, ആറ് തുടങ്ങി 20 വരെയുള്ള പത്ത് ഒഴിവുകൾ സംവരണത്തിനുമാണ് നിശ്ചയിക്കുക. എന്നാൽ മുന്നാക്ക സവരണം നടപ്പിലാകുന്നതോടെ പൊതുവിഭാഗത്തിലെ രണ്ട് സീറ്റുകൾ മുന്നാക്കക്കാർക്കായി മാറ്റിവെക്കേണ്ടി വരുമ്പോൾ ഈ റാങ്കിലെത്തുന്ന പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ അർഹതപ്പെട്ട പൊതുവിഭാഗത്തിൽ നിന്ന് സംവരണ പട്ടികയിലേക്ക് നീക്കപ്പെടും. ഇതോടെ നിലവിൽ ആ സ്ഥാനത്തുണ്ടായിരുന്ന സംവരണ വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് അവസരം നിഷേധക്കപ്പെടുന്ന അവസ്ഥ സംജാതമാകും.
എംബിബിഎസ് പ്രവേശനത്തിൽ മുന്നാക്ക സംവരണം നടപ്പിലാക്കാനായി അർഹതപ്പെട്ടതിന്റെ ഇരട്ടിയിലേറെ സീറ്റുകളാണ് മുന്നക്കക്കാർക്കായി സർക്കാർ അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം പ്രവേശനം നടന്ന സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ 1555 എംബിബിഎസ് സീറ്റുകളാണുള്ളത്. ഇതിൽ 423 സീറ്റ് അഖിലേന്ത്യാ ക്വാട്ടയും പാലക്കാട് മെഡിക്കൽ കോളജിലെ 100-ൽ 85 സീറ്റുകൾ പട്ടിക വിഭാഗങ്ങൾക്കും സംവരണം ചെയ്തതാണ്. ശേഷിക്കുന്ന 1047 സീറ്റിൽ പിന്നാക്ക വിഭാഗക്കാർക്ക് 30 ശതമാനവും, പട്ടിക വിഭാഗക്കാർക്ക് പത്ത് ശതമാനവുമാണ് സംവരണം. എന്നാൽ പൊതുവിഭാഗത്തിലെ 628 സീറ്റുകളിൽ നിന്നുള്ള പത്ത് ശതമാനം (63) സീറ്റുകളാണ് മുന്നാക്ക സംവരണത്തിന് നൽകേണ്ടതെന്നിരിക്കെ 130 സീറ്റുകളാണ് നൽകിയിരിക്കുന്നത്. സർക്കാറിന്റെ വാദം തള്ളി മൊത്തം സീറ്റിന്റെ പത്ത് ശതമാനം കണക്കാക്കിയപ്പോൾ 67 സീറ്റുകളാണ് മുന്നാക്കക്കാർക്ക് അധികമായി ലഭിച്ചിരിക്കുന്നത്.

ചട്ടങ്ങളും നിയമങ്ങളും താഴ്ന്ന വിഭാഗങ്ങൾക്ക് മാത്രം

ദളിത്-പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കൽ എത്ര ദുഷ്‌കരമായിരിക്കുമെന്ന് നമുക്ക് ബോധ്യമുള്ളതാണ്. വർഷങ്ങളെടുത്ത് കമ്മീഷനുകൾ തയ്യാറാക്കി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ വെളിച്ചം കാണാനെടുക്കുന്ന സമയ ദൈർഘ്യവും പിന്നിട്ട്, അതിൽ പിന്നെയും വെള്ളം ചേർത്ത് നടപ്പിലാക്കുമ്പോൾ അതിനെതിരെ ശക്തമായി രംഗത്തെത്തുന്നവരുടെ സമ്മർദങ്ങൾക്ക് വഴങ്ങി ഭരണകൂടങ്ങൾ വരുത്തുന്ന തിരുത്തലുകളും കഴിഞ്ഞ് നാമമാത്രമായ ആനുകൂല്യങ്ങൾ മാത്രമായിരിക്കും ഇത്തരം വിഭാഗങ്ങൾക്ക് ലഭിക്കുക. മണ്ഡൽ കമ്മീഷൻ മുതൽ പാലോളി കമ്മിറ്റി വരെ ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ്. ഇതിനെതിരെ വരേണ്യ വർഗം ഉയർത്തിക്കൊണ്ടുവന്ന സംഘർഷങ്ങളിലേക്ക് നീങ്ങിയ അസഹിഷ്ണുതയും രാജ്യം കണ്ടതാണ്. എന്നാൽ, കാര്യമായ എതിർപ്പുകളും വ്യക്തമായ പഠനങ്ങളോ പരിശോധനകളോ ഒന്നുമില്ലാതെ തന്നെ മുന്നാക്ക സംവരണം സംസ്ഥാനത്ത് യാഥാർത്ഥ്യമായിരിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ നാലിൽ മൂന്ന് ശതമാനം വരുന്ന ജനവിഭാഗത്തെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിവെട്ടിമൂടി സാമ്പത്തിക സംവരണം നടപ്പിലാക്കിയിരിക്കുന്നത്.

മാനദണ്ഡങ്ങളിലും അടിമുടി ദുരൂഹത

സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ ഇതിന് അർഹരെ തിരഞ്ഞെടുക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ സാമൂഹിക നീതിയുടെ എല്ലാ വശങ്ങളെയും നിരാകരിക്കുന്നതാണ്. സാധാരണഗതിയിൽ ഒരു സംവിധാനം നടപ്പിലാക്കുമ്പോൾ അർഹരെ തിരഞ്ഞെടുക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളുടെയും സാമൂഹിക ഘടനയുടെയും അടിസ്ഥാനത്തിലായിരിക്കും. എന്നാൽ മുന്നാക്ക സംവരണത്തിന്റെ കാര്യത്തിൽ അത് ലംഘിക്കപ്പെട്ടിരിക്കുന്നു. മുന്നാക്ക സംവരണത്തിന് അർഹരെ കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്തിയതായി ഒരു വ്യക്തതയുമില്ല. കേന്ദ്രസർക്കാറിന്റെ അനുബന്ധ ഉത്തരവിന് വിരുദ്ധമായി സാമ്പത്തിക സ്ഥിതി സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിച്ച് കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്ന തരത്തിൽ ഭേദഗതികൾ വരുത്തിയത് സംസ്ഥാന സർക്കാറിന്റെ രാഷ്ട്രീയ താത്പര്യം വെളിവാക്കുന്നതാണ്. ലക്ഷക്കണക്കിന് ഭൂ, ഭവന രഹിതരുള്ള നാട്ടിൽ സാമ്പത്തിക പിന്നാക്കാവസ്ഥക്കുള്ള മാനദണ്ഡമായി പഞ്ചായത്തിൽ രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയിൽ മുക്കാൽ ഏക്കറും കോർപ്പറേഷനിൽ അരയേക്കറും പരിധി നിശ്ചയിച്ചത് സാമ്പത്തിക അവശതയുടെ ഏത് അളവുകോൽ വെച്ചാണെന്ന് വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ അരയേക്കർ ഭൂമി കൈയിലിരിക്കെ ‘സാമ്പത്തിക അവശത’ അനുഭവിക്കുന്നവന് സംവരണം നൽകുന്നതിലൂടെ സർക്കാർ സംരക്ഷിക്കുന്ന താത്പര്യം ആരുടേതാണെന്ന സംശയം പ്രധാനമാണ്. സർക്കാർ നിലപാട് ആശങ്കയകറ്റാൻ പര്യാപ്തമല്ല

വലിയൊരു ജനവിഭാഗത്തിന്റെ ഭാവി ഭാഗധേയം നിർണയിക്കുന്ന അതിപ്രധാനമായ ഒരു വിഷയത്തിലെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പുറംതിരിഞ്ഞു നിൽക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ നിലപാട് ഈ വിഭാഗങ്ങളുടെ ആശങ്കകളകറ്റാൻ ഒട്ടും പര്യാപ്തമല്ല. നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്ന പതിവ് പല്ലവിക്കപ്പുറം മുന്നാക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങളെ ബാധിക്കുന്ന രീതിയും ഇത് ഈ വിഭാഗങ്ങളിൽ സൃഷ്ടിച്ച ന്യായമായ ആശങ്കകളെയും നിയമം നടപ്പാക്കുന്നതിലെ ഉദ്യോഗസ്ഥരുടെ കൈകടത്തലുകളെയും കുറിച്ച് പഠിക്കാനും അതിലെ അപാകതകൾ പരിഹരിക്കാനും സർക്കാറിന് നിർബന്ധ ബാധ്യതയുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഒരു വിഭാഗത്തെ ചൂണ്ടിക്കാട്ടി ആശങ്കകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തി മൗനം പാലിച്ചാൽ അത് സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതം ചെറുതായിരിക്കില്ല.

ഖാസിം എ ഖാദർ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ