മുഴുകുടിയനായ ഒരു “മുസ്ലിമി’നെ കാണാന്‍ ചെന്നു. അപ്പോഴും ആള് ഫുള്‍ മൂഡിലാണ്. താമരയെപ്പോലെ വെള്ളത്തില്‍ നിന്നു കയറിയ സമയം തന്നെ അയാള്‍ക്കില്ലെന്നതാണ് ശരി. സംസാരിച്ചിരുന്നപ്പോള്‍, ദരിദ്രരായ കുടുംബത്തിന്റെയും പച്ചപ്പാവം ഭാര്യയുടെയും കണ്ണീര്‍ തുള്ളികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ മദ്യപാനത്തിന്റെ പോരിശ അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ ഏറെ രസകരമായി ഇത്രകൂടി പ്രഖ്യാപിച്ചു: “മുസ്ല്യാറേ, ങ്ങള്‍ ഒരു ദിവസം എന്‍റൊപ്പം നില്‍ക്കിന്‍. ന്നാല്‍ നിങ്ങളെയും ഞാന്‍ പട്ട അടിപ്പിക്കും… ന്തേയ്!’
രണ്ടു ദിവസം നിരന്തരം ആ സാധുവിനെ പിന്തുടര്‍ന്നു. ഒടുവില്‍ ലഹരിയില്ലാത്ത, മക്കളെ കണ്‍കുളിര്‍ക്കെ കണ്ട, ഭാര്യ പുഞ്ചിരിക്കുന്ന ദിവസം അയാള്‍ക്കുണ്ടാവുക തന്നെ ചെയ്തു. കടുത്ത വിറയലും പനിയും സമ്മാനിച്ച് പിണങ്ങിയാണ് മദ്യാസക്തി അദ്ദേഹത്തില്‍ നിന്ന് ഇറങ്ങിപ്പോയത്, ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതവുമായി പൊരുത്തപ്പെട്ട് നിസ്കാരാദി കര്‍മങ്ങള്‍ നിര്‍വഹിച്ച് പുതുജന്മം പ്രാപിച്ചിരിക്കുന്നു.
“മുസ്ള്യാറെ’ കുടിപ്പിക്കുമെന്ന അതിവാദമൊന്നുമില്ലായിരുന്നു മറ്റൊരു “താമര’ക്ക്. മദ്യം കയറി ചുവന്നുതുടുത്ത കണ്ണുകളും തലേന്നാള്‍ ലഭിച്ച അടി കാരണം വൃണമായ ചുണ്ടുകളും പാറിപ്പറന്ന മുടിയുമായി ആ പച്ച മനുഷ്യന്‍ പൊട്ടിക്കരഞ്ഞു. നഷ്ടപ്രതാപങ്ങളെക്കുറിച്ച്, പിണങ്ങിപ്പോയ ഭാര്യയെയും മക്കളെയും കുറിച്ച്, ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവില്ലെന്ന് വിശ്വസിച്ച സുന്ദരജീവിതത്തെക്കുറിച്ച് വിലപിച്ചുകൊണ്ട്. തെറ്റു ചെയ്യുന്നുവെന്ന് ബോധമുള്ള ഒരു ഹൃദയം. പക്ഷേ, അതില്‍ നിന്നു വിടുതലിനാവുന്നില്ല; അവഗണിക്കാനും പരിഹസിക്കാനുമല്ലാതെ ഒന്നു സമാശ്വസിപ്പിക്കാനും പ്രതീക്ഷ നല്‍കാനും ആരും തയ്യാറാവുന്നുമില്ല. ആത്മഹത്യക്കു വേണ്ടി റെയില്‍പാളം തിരഞ്ഞു നടന്ന തലേന്നാളത്തെ കാളരാത്രിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സിരയെ സ്വാധീനിച്ച മദ്യാധിക്യത്തിനു നന്ദി! അതു കാരണം അയാള്‍ക്കു നേരാംവണ്ണം റെയില്‍ട്രാക്ക് കണ്ടുപിടിക്കാനായില്ലത്രെ. ഇല്ലാതായ കച്ചവടസ്ഥാപനം തിരിച്ചുപിടിച്ച് നല്ല കുടുംബനാഥനായി പുനര്‍ജനിക്കാന്‍ അതിമോഹമുള്ളതിനാല്‍ ഒരു ഘട്ടത്തില്‍ 40 ദിവസവും രണ്ടാമതായി 30 ദിനങ്ങളും ചട്ടിയും സ്റ്റൗവുമായി തബ്ലീഗുകാര്‍ക്കൊപ്പം ഊരുചുറ്റി നോക്കുകയും ചെയ്തു. 70 ദിവസങ്ങള്‍ നഷ്ടപ്പെട്ടതു ലാഭം. കുടി പൂര്‍വോപരി ശക്തിയായി തുടരുന്നു. ഞങ്ങളുടെ കാലുപിടിച്ച് തലയില്‍ വെക്കാന്‍ ശ്രമിക്കാന്‍ വരെയും വിനയഭാവവും നന്മക്കായുള്ള മോഹവും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. മലപ്പുറം മഅ്ദിനിലെ മദ്യപചികിത്സാ കേന്ദ്രത്തിലേക്ക് വരാന്‍ തയ്യാറെടുപ്പിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്.
“എന്തു വേണമെങ്കിലും പറഞ്ഞോളൂ, എന്നാല്‍ മാലയിട്ട് ലൈറ്റ് കത്തിച്ചുവെച്ച ഗുരുജിയുടെ (ശ്രീശ്രീ രവിശങ്കര്‍) ഫോട്ടോ വീട്ടിനകത്തുനിന്ന് എടുത്തുമാറ്റാന്‍ ആവശ്യപ്പെടരുത്’ എന്ന് വിനയത്തോടെ പറഞ്ഞ മറ്റൊരു മുസ്‌ലിം! യേശുദേവന്‍ ഈ വീടിന്റെ എ്വെര്യം എന്ന ബോര്‍ഡ് വെച്ച് മറ്റുചിലര്‍. അമ്മയും സത്യസായി ബാബയും എല്ലാം കേറിമറിയുന്ന മറ്റു ഭവനങ്ങള്‍. പേരിനുമാത്രം മുസ്‌ലിംകളുള്ള കേരളത്തിന്റെ തെക്കന്‍ മേഖലകളിലെ ചില ദഅ്വാ അനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഇതൊക്കെ. ഇതര മതസ്ഥരുടെ ശൈലിയും സംസ്കാരവും മാത്രമല്ല, ദൈവങ്ങളെ കൂടി സ്വീകരിച്ച പാവങ്ങള്‍. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു പോവട്ടെ, അറബി അക്ഷരങ്ങള്‍ പോലുമറിയാത്ത സാധുക്കള്‍! മദ്യപാനം ഉപേക്ഷിക്കാമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി മതം തന്നെ ധ്യാനകേന്ദ്രങ്ങളില്‍ ഉപേക്ഷിച്ച് തിരിഞ്ഞുനടക്കേണ്ടി വരുന്നവര്‍!
ഇനി നമുക്ക് തീരുമാനിക്കാം, സൗകര്യങ്ങളുടെ ശീതളഛായയില്‍ ഒരു ജോലി തരപ്പെടുത്തിയെടുക്കലാണോ ദഅ്വത്? അതോ ആള്‍ സാമ്പത്തിക ആധിക്യത്താല്‍ അന്യനെ അപഹസിക്കാനും അക്രമിക്കാനും അതിജയിക്കാനുമുള്ള ശ്രമങ്ങളോ? വേട്ടപ്പട്ടികള്‍ കുരക്കട്ടെ, സുന്നി പ്രവര്‍ത്തകരേ, നമുക്ക് ഇനിയുമേറെ പ്രവര്‍ത്തിക്കാനുണ്ട്.