ഇസ്‌ലാം ദര്‍ശനം എന്താണെന്നും എന്താവരുതെന്നും പൂര്‍വസൂരികളെ കണ്ടും അവര്‍ പകര്‍ന്ന വിശ്വാസ ധാരയെ ഉള്‍ച്ചേര്‍ത്തും ഗൃഹപാഠം ചെയ്ത് ജീവിച്ച ഭക്തനായ പണ്ഡിത ശ്രേഷ്ഠന്‍ 400 വര്‍ഷം മുമ്പ് രചിച്ചതും തലമുറകള്‍ നെഞ്ചോട് ചേര്‍ത്തതുമായ മഹാ കാവ്യമാണ് മുഹ്യിദ്ദീന്‍ മാല. അതിരുകള്‍ ഭേദിക്കാതെ വിശുദ്ധ ഖുര്‍ആനും തിരുനബി ചര്യയും അകംകൊണ്ട ഔലിയാക്കളുടെ മഹാ ഗുരു ശൈഖ് ജീലാനി(റ)യാണിതില്‍ പ്രതിപാദ്യം. അതാകട്ടെ അഗാധ പാണ്ഡിത്യമുള്ളവര്‍ക്കുമാത്രം വഴങ്ങുന്ന ആധികാരിക ഗ്രന്ഥങ്ങളെ ചൂഴ്ന്നു നോക്കിയും ആവാഹിച്ചും വിരചിതമായതുമാണ്. മുഹ്യിദ്ദീന്‍ ശൈഖ് ജ്ഞാനതീക്ഷ്ണതയില്‍ വളര്‍ന്നവരാണെന്ന് തിരുനബി(സ്വ) സ്വഹാബത്തിനും അവര്‍ പിന്‍ഗാമികളായ മഹദ് ജനങ്ങള്‍ക്കും കൈമാറിയ ആദര്‍ശനാളം കെടാതെ സംരക്ഷിച്ച മഹാമനീഷിയായിരുന്നെന്ന് തികഞ്ഞ ബോധ്യം വന്ന ശേഷം തന്നെയാണ് ഈ രചന പ്രചരിച്ചത്.
വിശ്വാസി ഹൃദയങ്ങള്‍, ഇരുമ്പ് കാന്തത്തിലേക്കെന്ന പോലെ, ആകൃഷ്ടരാവുകയും ആദരവോടെ മാത്രം സമീപിക്കുകയും ചെയ്ത പുണ്യ പുരുഷന്‍മാരുടെ ജീവിതാനുഭവങ്ങളെയും അല്ലാഹു അവര്‍ക്കു നല്‍കിയ സിദ്ധികളെയും ഇതിവൃത്തങ്ങളാക്കി വിരചിതമായതാണെല്ലോ പരാമര്‍ശ കൃതിയടക്കമുള്ള മാലപ്പാട്ടുകള്‍. അല്ലെങ്കിലും പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും കത്തുപാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും മദ്ഹ്പാട്ടുകളുമെല്ലാം ചേര്‍ന്ന് മലയാളം തളിരിട്ട് പൂത്ത് ഫലങ്ങളെറിഞ്ഞു തുടങ്ങുന്നതിനു മുമ്പേ അറബി മലയാളത്തില്‍ ഒരു സാഹിത്യ സംസ്കൃതി വികാസം പ്രാപിച്ചതിന്റെ വേരും വളവുമന്വേഷിക്കാതെയും പാരമ്പര്യം കരുതലോടെ കാത്തുപോന്ന ആദര്‍ശത്തെ പഠന വിധേയമാക്കാതെയുമുള്ള കേവല വിമര്‍ശനം ചരിത്രത്തെ കരിവാരിത്തേക്കുക മാത്രമേ ചെയ്യൂ. ഇപ്പറഞ്ഞതിനര്‍ത്ഥം അറബിമലയാള സാഹിത്യങ്ങളെല്ലാം പൂക്കളും വിമര്‍ശങ്ങളൊക്കെയും മുള്ളുകളുമാണെന്നല്ല. ഇതിവൃത്തം വിചാരണക്കു വിധേയമാക്കുമ്പോള്‍ ചിലത് അസ്പൃശ്യമായി മാറുമെന്നതും പറയണമല്ലോ. കല്‍പ്പിത കഥകളെ പശ്ചാത്തലമാക്കിയ സൃഷ്ടികളും വികാരഛായയില്‍ കുതിര്‍ത്ത കത്തുപാട്ടുകളുമെല്ലാം ഇതില്‍പ്പെടുന്നു.
ആരാധനയല്ല; ഇസ്‌ലാമിന്റെ തണലില്‍ നിന്നുകൊണ്ടുള്ള ആദരവാണ് വിശ്വാസി സഞ്ചയം നെഞ്ചേറ്റിയ മാലപ്പാട്ടുകളിലെ പ്രകീര്‍ത്തന ശീലുകള്‍. പ്രകീര്‍ത്തിക്കപ്പെടുന്നവര്‍ മഹാത്മാക്കളുമാണ്. നാലു നൂറ്റാണ്ടു പഴക്കമുള്ള മുഹ്യിദ്ദീന്‍ മാലയിലേക്കും അതിന്റെ രചയിതാവിലേക്കും ഇറങ്ങിച്ചെല്ലുമ്പോള്‍ നമുക്കിതു ഗ്രഹിക്കാനാവും. ഉന്നത നിലവാരമുള്ള ഭാഷ പലപ്പോഴും സാധാരണക്കാരനു വഴങ്ങുകയില്ല. ബാഹ്യമാത്രയില്‍ വാക്കുകള്‍ക്ക് അര്‍ത്ഥം കല്‍പ്പിച്ച് അവയുടെ ആശയം ഇസ്‌ലാമിനെതിരാണെന്ന് വിധിയെഴുതുന്നതല്ല ബുദ്ധി; പ്രത്യുത അഗാധ ജ്ഞാനം നേടി വികല ചിന്തയില്‍ നിന്ന് മുക്തി നേടലാണ്.
മലയാള പദ്യ സാഹിത്യത്തില്‍ പ്രഥമ സ്ഥാനം അദ്ധ്യാത്മ രാമായണത്തെക്കാള്‍ അഞ്ചുക്കൊല്ലം പഴക്കമുള്ള മുഹ്യിദ്ദീന്‍ മാലക്കാണല്ലോ. കൊല്ല വര്‍ഷം 782ലാണ് ഖാളീ മുഹമ്മദ്(റ) ഈ കാവ്യം രചിച്ചത്. ഹിജ്റ 470/എ.ഡി 1077ല്‍ ബിലാദുല്‍ അജ്മിലെ/പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) ജീലാനില്‍ ജനിച്ച് ഹിജ്റ 561/എഡി 1165 റബീഉല്‍ ആഖിര്‍ പത്തിന് 91 വര്‍ഷത്തെ ജീവിതത്തിനു ശേഷം വഫാത്തായ ശൈഖ് ജീലാനി(റ)യുടെ അത്ഭുത സിദ്ധികളെയും വ്യക്തിപ്രഭാവത്തെയും ആദരവോടെ അവതരിപ്പിക്കുന്ന ഭക്ത കവിയായാണ് ഖാളി മുഹമ്മദിനെ പണ്ഡിതലോകം കാണുന്നത്. ഫുതൂഹുല്‍ ഗൈബില്‍ ശൈഖ് ജീലാനി(റ)ന്റെ ജനന മരണ കണക്കുകള്‍ കുറിച്ചിട്ട വരികള്‍ രചയിതാവ് അകം കൊണ്ടിട്ടുണ്ട്, അതോടൊപ്പം ഒട്ടനേകം അധ്യാത്മിക പദാവലികളും.
ഇന്ന ബാസല്ലാഹി സുല്‍ത്വാനുരിജാലി
ജാഅ ഫീ ഇശ്ഖിന്‍ വമാത ഫീ കമാലിന്‍
അഥവാ; അല്ലാഹുവിന്റെ പക്ഷി, മഹാന്‍മാരുടെ സുല്‍ത്വാന്‍/പ്രണയാര്‍ത്ഥിയായി വന്ന് പൂര്‍ണതയില്‍ പൊലിഞ്ഞു.
കവിതയിലെ ഇശ്ഖ് എന്ന പദത്തിനു അറബി സംഖ്യാ ശാസ്ത്രമനുസരിച്ച് 470 ആണ് മൂല്യം. ശൈഖവര്‍കള്‍ ഹിജ്റ 470ലാണ് ജനിക്കുന്നത്. കമാലുന്‍ എന്നതിന് 91ാണ് വില. 91 വര്‍ഷമാണ് ജീവിതം. ഇശ്ഖ്+കമാല്‍=561 ശൈഖ് ജീലാനി വഫാത്താകുന്നത് ഹിജ്റ 561 ലും. ഫുതൂഹുല്‍ ഗൈബും ഗുന്‍യയും ബഹ്ജയുമെല്ലാം പരതിപ്പഠിച്ച് അധ്യാത്മിക തലത്തില്‍ കല്ലും കരടും വേര്‍തിരിച്ചറിഞ്ഞ് വളരെ സൂക്ഷ്മതയോടെ വിരചിതമായ മാലയാണ് ഖാളീമുഹമ്മദിന്റെ അറബിമലയാള സാഹിത്യ രചന.
സ്വന്തം ജീവിതത്തെ ശൈഖ് ജീലാനി(റ) ആത്മിക ശൈലീവിന്യാസത്തിന്റെ പണിയാലയാക്കിയ സന്ദര്‍ഭങ്ങളെ രചയിതാവ് നന്നായി പരിചയിച്ചിട്ടുണ്ട്.”ഖലാഇദുല്‍ ജവാഹിര്‍’എന്ന മുഹിബ്ബുദ്ദീന്‍ മുഹമ്മദ് ബിന്‍ നജ്ജാറിന്റെ ഗ്രന്ഥം ആദ്യന്തം പഠിച്ചത് ഈ കാവ്യത്തില്‍ ഓളം വെട്ടുന്നത് കാണാം: “18ാം വയസ്സില്‍ ജീലാനിയവര്‍കള്‍ ബഗ്ദാദില്‍ പ്രവേശിച്ചു. ഫിഖ്ഹും നിദാന ശാസ്ത്രവുമെല്ലാം പഠനം നടത്തി. മതോപദേശത്തില്‍ മുഴുകിയങ്ങനെയിരിക്കെ ഒരു രംഗമാറ്റമുണ്ടായി. ആത്മിക ശിക്ഷണ പരീക്ഷണങ്ങളില്‍ ഒറ്റയാനായി സ്വന്തത്തോട് പോരടിച്ചു. ഉറക്കമിളച്ചും വിശപ്പു സഹിച്ചും മരുഭൂ വിജനതയില്‍ താമസിച്ചുമങ്ങനെ…”
ശൈഖ് ജീലാനിയുടെ ജീവിതം ഒപ്പിയെടുത്തും അദ്ധ്യാത്മിക ഉറവകളില്‍ നിന്ന് ആവോളം ഊര്‍ജ്ജം സംഭരിച്ചുമൊക്കെയാണ് മുഹ്യിദ്ദീന്‍ മാലയുടെ രചനക്കൊരുങ്ങിയതു തന്നെ. രചയിതാവിന്റെ വരികള്‍:
അവര്‍ ചൊന്ന ബൈത്തിന്നും ബഹ്ജാകിതാബിന്നും
അങ്ങിനെ തക്മീല തന്നിന്നും കണ്ടോവര്‍
ഖാളീ മുഹമ്മദ് അവര്‍കളുടെ പാരമ്പര്യവും അങ്ങനെയാണ്. കോഴിക്കോട് ഖാളീ കുടുംബത്തിലെ സുസമ്മതനായ പണ്ഡിതന്‍, കേരളത്തിലേക്ക് തിരുനബി സന്ദേശമെത്തിച്ച മാലിക്ബിന്‍ ദീനാറിന്റെ സംഘത്തിലുണ്ടായിരുന്ന മാലിക്ബിന്‍ ഹബീബാണ് ഖാളീ കുടുംബത്തിന്റെ പിതാവ്. മുഹമ്മദുല്‍ അന്‍സാരി(റ) എന്ന സ്വഹാബിയാണ് മാലികുബിന്‍ ഹബീബിന്റെ പിതാവ്. പരമ്പര ഇങ്ങനെ വരും: ഖാളീ മുഹമ്മദ്(റ), ഖാളീ അബ്ദുല്‍ അസീസ്(റ), ഖാളീ ശിഹാബുദ്ദീന്‍(റ), അഹ്മദ്(റ), ഖാളീ അബൂബക്ര്‍ ഫഖ്റുദ്ദീന്‍(റ), ഖാളീ സൈനുദ്ദീന്‍(റ), റംസാന്‍(റ), ഖാളീ മൂസ(റ), ഖാളീ ഇബ്റാഹിം(റ), ഖാളീ മുഹമ്മദ്ബിന്‍ മാലിക്(റ), മാലിക്ബിന്‍ ഹബീബ്(റ), ഹബീബു ബിന്‍മാലിക്(റ), മുഹമ്മദുല്‍ അന്‍സാരി(റ).
ഇവരില്‍ പൊന്നാനിയില്‍ ശൈഖ് വലിയ സൈനുദ്ദീന്‍ മഖ്ദൂം(റ)മുതല്‍ ഇന്നുവരെ അനുവര്‍ത്തിച്ചു വരുന്ന ദര്‍സ് സിലബസിനു രൂപം നല്‍കിയ വിശ്രുത പണ്ഡിതന്‍ ഫഖ്റുദ്ദീന്‍(റ)യും ഇമാം അബ്ദുല്ലാഹില്‍ യാഫിഈ (റ)ന്റെ ശിഷ്യനും പേരുകേട്ട പണ്ഡിതനുമായ ഖാസി സൈനുദ്ദീന്‍ റംസാന്‍(റ)വുമുണ്ട്. പ്രഥമ മത പാഠങ്ങള്‍ പിതാവില്‍ നിന്നു നേടി. ഉപരിപഠനം പ്രധാനമായും പ്രശസ്ത ആത്മജ്ഞാനി ഉസ്മാന്‍ ലബ്ബല്‍ ഖാഹിരി(റ)യില്‍ നിന്നായിരുന്നു. ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനം, കര്‍മശാസ്ത്രം എന്നിവ കൂടാതെ ഗോള ശാസ്ത്രം, നിദാന ശാസ്ത്രം, ഫിലോസഫി തുടങ്ങി വിവിധ ശാഖകളില്‍ വ്യുല്‍പത്തി നേടി. ബഹുഭാഷാ പാണ്ഡിത്യം എടുത്തു പറയേണ്ട മറ്റൊരു ഗുണമാണ്. അതിനാല്‍ തന്നെ ഈ പാണ്ഡിത്യത്തിനു ചുറ്റും മലയോളം പോന്ന പണ്ഡിതര്‍/സമകാലീനര്‍ തപസ്സിരുന്നു. സാമൂതിരിയുടെ കാലത്താണ് ഖാളി മുഹമ്മദ് ഖാളിയായി അവരോധിതനായത്. കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ ദീര്‍ഘകാലം മുദരിസായി സേവനം ചെയ്ത ഖാളിയവര്‍കള്‍ 500 ഗ്രന്ഥങ്ങള്‍ അറബിയില്‍ തന്നെ രചിച്ചിട്ടുണ്ട്. 520 പദ്യങ്ങളടങ്ങുന്ന ഫത്ഹുല്‍ മുബീന്‍ ഫീ അഖ്ബാരി ബുര്‍തുഗാലിയ്യീന്‍ എന്ന കൃതി പോര്‍ച്ചു ഗീസുകാരുടെ കിരാത വാഴ്ചയെയും മുസ്‌ലിം വിരുദ്ധ സമീപനങ്ങളെയും മനസ്സ് പൊള്ളിക്കും വിധം വരച്ചിട്ടതാണ്. മര്‍ഹും അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തന്റെ “ജവാഹിറുവല്‍ അശ്ആറില്‍’ “ഫത്ഹുല്‍ മുബീന്‍’എടുത്ത് ചേര്‍ത്തിട്ടുണ്ട്.
ഹിജ്റ: 1025 റബീഉല്‍ അവ്വല്‍ 25 ബുധനാഴ്ച്ചയാണ് മഹാനവര്‍കള്‍ ഇഹലോക വാസം വെടിയുന്നത്. കെടാവിളക്കായ മുഹ്യിദ്ദീന്‍ ശൈഖിനെ അറബിമലയാള പ്രകീര്‍ത്തന കാവ്യത്തില്‍ അനശ്വരനാക്കി ചരിത്രകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും അതിലുപരി വിശ്വാസി വൃന്ദത്തിന്റെയുമെല്ലാം മനങ്ങളില്‍ മങ്ങാതെ കിടക്കുകയാണ് കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്തു പള്ളിക്കു മുന്‍വശത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ഖാളി മുഹമ്മദ്(റ). മകന്‍ ഖാളീ മുഹ്യിദ്ദീന്‍ പിതാവിനു ശേഷം കോഴിക്കോട് ഖാളിയായി അവരോധിതനായി. ഇദ്ദേഹവും അറബിയിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകന്‍ ഖാളീ അബൂബക്കര്‍ കുഞ്ഞി മറ്റൊരു ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമാണ്. മഹാകവി മോയിന്‍ കുട്ടി വ്യൈര്‍ക്ക് ഉഹ്ദ് ചരിത്രം രചിക്കാന്‍ അറബിയിലെ ഉഹ്ദ് ചരിത്ര ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം ചെയ്ത് കൊടുത്തത് ഖാളി അബൂബക്കര്‍ കുഞ്ഞിയാണ്.
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്‍ ഖാളി മുഹമ്മദിന്റെ അഗാധ പാണ്ഡിത്യം സി.എന്‍ അഹ്മദ് മൗലവിയും സഹകാരി കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമും അംഗീകരിക്കുന്നുണ്ട്. പക്ഷേ മുഹ്യിദ്ദീന്‍ മാലയിലെ ആശയങ്ങള്‍ അവര്‍ക്ക് താല്‍പര്യമില്ല. വടികുത്തി ചെങ്കടലിന്റെ ആഴമളന്ന് രക്ഷപ്പെട്ടതാണ് മൂസാനബി എന്നെല്ലാം പറയുന്ന മതയുക്തി വാദത്തിന്റെ സി.എന്‍ ഖുര്‍ആന്‍ വ്യാഖ്യാന പ്രകാരം ഒരിക്കലും ഈ മാല ഒത്തുവരില്ല. ഇബ്നു അബ്ബാസ്, ഇബ്നു കസീര്‍, ത്വബ്രി, ബൈളാവി, ഖുര്‍ത്വുബി(റ) തുടങ്ങിയ മഹാഗുരുക്കളുടെ വ്യഖ്യാന പ്രകാരമെല്ലാം എളുപ്പത്തില്‍ മാല മനസ്സിലാകും. പക്ഷേ സി.എന്‍ പരിഭാഷ അപ്പോഴും ആര്‍ക്കും അറിയാതെ തുടരും.
അവലംബം:
1. മലയാളത്തിലെ മഹാരഥന്‍മാര്‍/മര്‍ഹും നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍
2.അറബി മലയാള സാഹിത്യ ചരിത്രം/ഒ അബൂ സാഹിബ്.
3.മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം/സി.എന്‍ അഹമ്മദ്, കെകെ മുഹമ്മദ്, അബ്ദുല്‍ കരീം
4.താരീഖുല്‍ ആലമില്‍ ഇസ്‌ലാമിയ്യ/കോടമ്പുഴ ബാവ മുസ്ലിയാര്‍
5.മുഹ്യുദ്ദീന്‍ മാല
6.”കെടാവിളക്കുകള്‍’/അല്‍ ഇര്‍ഫാന്‍ 2012 സോവനീര്‍

ടിടി ഇര്‍ഫാനി വാക്കാലൂര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ