താജുല്‍ ഉലമ അനുസ്മരണം പ്രൗഢമായി
മലപ്പുറം:മുസ്ലിംകളെ പാശ്ചാത്യവത്കരിക്കാന്വേണ്ടി നടന്ന ശ്രമങ്ങളെ നവോത്ഥാനം എന്നുവിളിക്കുന്നത് അപഹാസ്യമാണെന്നും കേരളത്തിന്റെ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മുസ്ലിം നവോത്ഥാനത്തിന്റെ ഉടമസ്ഥത അവകാശപ്പെടാന്‍ ചിലരെ പ്രേരിപ്പിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. മലപ്പുറത്ത് സമസ്ത കേന്ദ്ര കമ്മിറ്റി നടത്തിയ താജുല്‍ ഉലമ അനുസ്മരണ സമ്മേളത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം തെറ്റായ നീക്കങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പാരമ്പര്യ മുസ്ലിം പണ്ഡിതന്മാര് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പൊതുസമൂഹവുമായും സന്ദര്‍ഭങ്ങളുമായുള്ള മുസ്ലിംകളുടെ ബന്ധത്തെ സൗഹാര്ദ്ധപൂര്ണമായി നിലനിര്‍ത്തിയത് ഇവരുടെ ഇടപെടലുകളാണ്. അതിന്റെ മികച്ച ഉദാഹരണമാണ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. തന്റെ വ്യക്തി പ്രഭാവവും ആത്മീയ സ്വാധീനവും രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാന്‍ താജുല്‍ ഉലമ തയ്യാറായില്ല. വിശ്വാസികളെ ധാര്‍മികമായി ചിട്ടപ്പെടുത്തുന്നതിലായിരുന്നു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്കാന്തപുരം പറഞ്ഞു.
സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് എംഎ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ സന്ദേശം വായിച്ചു. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, പേരോട് അബ്ദുറഹ്മാന് സഖാഫി, ഇബ്റാഹീം മുസ്ലിയാര് ബേക്കല്‍ പ്രസംഗിച്ചു. എ.പി മുഹമ്മദ് മുസ്ലിയാര് സ്വാഗതവും വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി നന്ദിയും പറഞ്ഞു.