thajushareeah- malayalam

ലോകം മുഴുവൻ പ്രവാചക സ്‌നേഹസംഗീതം നിറച്ച പണ്ഡിത ശ്രേഷ്ഠർ അഹ്മദ് റസാഖാൻ ബറേൽവിയെ എങ്ങനെ മറക്കാൻ കഴിയും ഒരു മുസ്‌ലിമിന് ? ബ്രിട്ടീഷ് ഇന്ത്യയിൽ സലഫിസത്തിന്റെ വളർച്ചയെ മുരടിപ്പിച്ച് സുന്നിസത്തിന് കരുത്തു പകർന്ന ബറേൽവി പ്രസ്ഥാനത്തിന്റെ ഊർജസ്വലനായ സ്ഥാപക നേതാവായിരുന്നു അദ്ദേഹം. ‘വിത്തുഗുണം പത്തുഗുണമെന്നാണല്ലോ’ ഇവരുടെ പേരമക്കളിൽ പ്രധാനിയാണ് ആഴ്ചകൾക്ക് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ അഖ്തർ റസാഖാൻ ബറേൽവിയെന്ന, ഉത്തരേന്ത്യയിലെ തലയെടുപ്പുള്ള പണ്ഡിത പ്രമുഖർ.

താജുശ്ശരീഅ:

ഇസ്‌ലാമിക നിയമ സംഹിതയുടെ കിരീടധാരികൾ എന്ന് അർത്ഥം വരുന്ന താജുശ്ശരീഅഃ എന്ന പദമാണ് ബറേൽവി കുടുംബത്തിലെ മഹനീയ സ്ഥാനീയർക്ക് ഉപയോഗിച്ച് വരുന്നത്. പേരിനെ അന്വർത്ഥമാക്കും വിധം തന്നെയാണ് അവരുടെ പ്രവർത്തനവും.  അഹ്മദ് റസാഖാൻ ബറേൽവിയുടെ മൂന്നാമത്തെ തലമുറയിൽ 1942 സഫർ 25 നാണ് അഖ്തർ റസാഖാന്റെ ജനനം. അഖീഖത്ത് അറുക്കുന്ന ദിവസം മുഹമ്മദ് എന്നും ശേഷം ഇസ്മാഈൽ എന്നും നാമകരണം ചെയ്‌തെങ്കിലും ‘അഖ്തർ റസാഖാൻ’ എന്ന പേരിലാണ് അദ്ദേഹം വിശ്രുതനായത്.  അസ്ഹരിയ്യ മിയഃ, ജനഷിനേ സർക്കാർ മുഫ്തീ, മുഫ്തിയേ ആസാം, ശൈഖുൽ ഇസ്‌ലാം, ഖാളീ ഖുളാത് ഫിൽഹിന്ദ് എന്നീ പേരുകളിലെല്ലാം പണ്ഡിതലോകം അദ്ദേഹത്തെ വാഴ്ത്തി. നാലാം വയസ്സിൽ തന്നെ പിതാവ് മരണപ്പെട്ടെങ്കിലും കുട്ടിയുടെ ജീവിതവിജയം സുനിശ്ചിതമാക്കുന്നതിന് വേണ്ടി ‘ബറേൽവികൾ’ മുൻകയ്യെടുത്ത് പ്രവർത്തിച്ചു. പരമ്പരാഗതമായ  ‘ബിസ്മില്ല ഖവാലിയിൽ’ മാസ്മരികമായ കഴിവുള്ളയാളായിരുന്ന പിതാവിന്റെ ആത്മീയ പ്രഭാവം മകനിലും തുടർന്നു.

പഠനകാലം

പിതാവ് നഷ്ടപ്പെട്ട കുട്ടിയുടെ കാര്യത്തിൽ ബദ്ധശ്രദ്ധ കാണിച്ച മാതാവ് ഹുസൂർ അലാഗിർ റഹ്മാന്റെ മകൾ പഠനത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തില്ല. ഭാവിയിൽ ബറേൽവി കുടുംബത്തിന്റെ ഖലീഫ സ്ഥാനാരോഹകൻ ആവാനുള്ള പ്രതിഭ തന്നെയാകണം തന്റെ മകൻ എന്നവർ ഉറച്ച് വിശ്വസിച്ചു. ഖുർആൻ മുഴുവൻ ഹൃദ്യസ്തമാക്കുന്നതോടൊപ്പം മുഴുവൻ വിഷയങ്ങളിലേയും അടിസ്ഥാനവും വീട്ടിൽ നിന്ന് തന്നെയാണ് കരസ്ഥമാക്കിയത്. ഉത്തരേന്ത്യയുടെ പ്രത്യേകത വീട്ടിലെ പല അംഗങ്ങളും ഹാഫിളുകൾ ആയിരിക്കുമെന്നതാണല്ലോ. വീട്ടിലെ പഠനം കഴിഞ്ഞ് നേരെ അദ്ദേഹത്തെ ബറേൽവി ശരീഫിലെ ദാറുൽ ഉലൂമിൽ തുടർപഠനത്തിനായി ചേർത്തു. കഴിവും പ്രാപ്തിയുമുള്ള പണ്ഡിതപ്രഗത്ഭരിൽ നിന്നും തുടക്കം മുതലുള്ള അനേകം കിതാബുകളിൽ അവഗാഹം നേടി.

ഖലീഫ

1962 ജനുവരി 15, ഇരുപതാം വയസ്സിൽ ഹുസൂർ മുഫ്തി അലാഗിർ റഹ്മാന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യക്കകത്തെ സൂഫി പണ്ഡിത ശൃംഖലയിലെ നിരവധി മഹോന്നതരുടെ സാന്നിധ്യത്തിൽ ബറേൽവി പരമ്പരയുടെ ഖലീഫയായി സ്ഥാനമേറ്റു. വർഷങ്ങൾക്ക് ശേഷം 1984ൽ ഖാദിരിയ്യ, ബറകാത്തിയ്യ, നൂരിയ്യ എന്നീ ത്വരീഖത്തുകളുടെയെല്ലാം ഖലീഫ സ്ഥാനങ്ങൾ മൗലാന ഹസ്സൻ മിയ അദ്ദേഹത്തിന് കൈമാറി.

ഖലീഫയായി സ്ഥാനക്കയറ്റം കിട്ടിയ പിറ്റേ വർഷമാണ് (തന്റെ 21ാം വയസ്സിൽ) ഈജിപ്തിലെ അൽ അസ്ഹറിലേക്ക് ഉന്നത പഠനത്തിന് വേണ്ടി പോകുന്നത്. തഫ്‌സീറും ഹദീസും പഠിക്കാൻ വന്ന ചെറുപ്പക്കാരൻ ഏവരെയും അത്ഭുതപ്പെടുത്തി. സ്ഫുടമായ അറബി സംസാരിക്കുന്നത് കണ്ട് ഉസ്താദുമാർ പലപ്പോഴും ആശ്ചര്യം പൂണ്ടു. അൽ അസ്ഹറിലെ മൂന്ന് വർഷം പിന്നിടുമ്പോഴേക്ക് തഫ്‌സീർ, ഹദീസ് വിഷയങ്ങളിൽ അഗ്രഗണ്യനായിത്തീർന്നു അഖ്തർ റസാഖാൻ. എഴുത്ത് പരീക്ഷയായിരുന്നു അസ്ഹറിലെ പ്രധാന രീതി. പഠിച്ച മൂന്ന് വർഷവും മുഴുവൻ പരീക്ഷകളിലും ഒന്നാം സ്ഥാനം ലഭിച്ചു എന്നതിന് പുറമെ ചിലപ്പോഴെല്ലാമുള്ള മുഖാമുഖം പരീക്ഷകളിലും ഉസ്താദുമാരെ അദ്ദേഹം ഞെട്ടിച്ചു. വിശ്വാസ ശാസ്ത്രത്തിൽ ഈ വിദ്യാർത്ഥിയുടെ കഴിവിനെ പ്രശംസിക്കാത്ത ഒരു അധ്യാപകനും അസ്ഹറിൽ ഉണ്ടായിരുന്നില്ല. ഇന്നും മറക്കാത്ത ഒരു അനൗൺസ്‌മെന്റ് അസ്ഹറിലെ പൂർവ്വ വിദ്യാർത്ഥികൾ പങ്കുവെക്കുന്നതിങ്ങനെയാണ്: ‘മൗലാനാ ഹുസൂർ ഹുജ്ജതുൽ ഇസ്‌ലാം ഹാമിദ് ഖാന്റെ പേരമകനും ജീലാനി മിയയുടെ മകനുമായ അഖ്തർ റസാഖാൻ ബി.എ അറബി അത്ഭുതകരമാം വിധം വിജയിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഒന്നാം സ്ഥാനം അസ്ഹറിന്റെതു മാത്രമല്ല; ഖൈറോവിലെ മുഴുൻ നഗരങ്ങളുടെയും ഒന്നാം സ്ഥാനമാണിത്’. സ്വർണ്ണ മെഡലോട് കൂടെ അസ്ഹറിലെ കാലം തീർത്തും അവിസ്മരണീയമായി.

അധ്യാപനം, ഫത്‌വ

ദാറുൽ ഉലൂമിൽ 25ാം വയസ്സിലാണ് അസ്ഹരി മിയ അധ്യാപനം ആരംഭിക്കുന്നത്. ദാറുൽ ഉലൂമിന്റെ സുവർണ്ണകാലമായി അദ്ദേഹം അധ്യാപനം ചെയ്ത പന്ത്രണ്ട് വർഷം മാറി. പ്രബോധനാവശ്യാർത്ഥമുള്ള നീണ്ട യാത്രകളുള്ളതിനാൽ ദാറുൽ ഉലൂമിൽ നിയമിതനായുള്ള രീതിയിൽ നിന്നും മാറി സ്വന്തമായി അധ്യാപനം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1986, 1987 വർഷങ്ങളിൽ രാംപൂരിലെ ജാമിഅ ഇസ്‌ലാമിയ്യ ഗൻസിൽ പരിശുദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ പൂർത്തീകരണം (ഖത്തം) തീർത്തും നവ്യാനുഭവമായി ശ്രോതാക്കൾക്ക്. തുടർന്ന് 1987ൽ തന്നെ ജാമിഅ ഫാറൂഖിയ്യയിലും അടുത്തവർഷം ജാമിഅ അംജദിയ്യയിലുമെല്ലാം സ്വഹീഹുൽ ബുഖാരി അധ്യാപനം നടത്തി. 19ാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ട് ഇരുന്നൂറ് വർഷങ്ങളായി തുടരുന്ന ബറേൽവികളുടെ സേവനങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് വിവിധ വിഷയങ്ങളിലുള്ള ഫത്‌വകൾ. സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി പറയാൻ ബറേൽവികൾക്കുള്ള ശേഷി പ്രശംസനീയം തന്നെയായിരുന്നു. പതിനേഴാം വയസ്സിൽ തുടങ്ങിയ താജുശ്ശരീഅ അഖ്തർ റസാഖാൻ ബറേൽവിയുടെ ഫത്‌വകൾ അയ്യായിരത്തിലധികം രേഖകളിൽ എഴുതിയതായിത്തന്നെയുണ്ട്.

ജയിൽവാസവും മോചനവും

1986 സെപ്തംബർ 15 ന് ബോംബൈ നഗരം, ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു സമരമുറക്ക് സാക്ഷിയായി. അല്ലാമ ളിയാഉൽ മുസ്ത്വഫ അൽ അംജദിയുടെ നേതൃത്ത്വത്തിൽ അരലക്ഷത്തോളം പേർ പങ്കെടുത്ത പ്രതിഷേധറാലി. സൗദി ഗവൺമെന്റ് മക്കയിൽ തീർത്ഥാടനത്തിന് എത്തിയ താജുശ്ശരീഅയെ അകാരണമായി അറസ്റ്റ്‌ചെയ്തിരിക്കുന്നു എന്നതായിരുന്നു കാരണം. മക്കയിലെ വിശ്രുത പണ്ഡിതനായ അലവി മാലികിയെ സന്ദർശിച്ച് തിരിച്ച് ഹറമിലെ തന്റെ റൂമിൽ വിശ്രമിക്കുന്നതിനിടയിലായിരുന്നു ചോദ്യങ്ങളും അന്വേഷണങ്ങളുമായി സി.ഐ.ടി കൾ എത്തുന്നത്. ലഗേജുകളും സാധനങ്ങളുമെല്ലാം പരിശോധിച്ചിട്ടും സംശയാസ്പദമായ ഒന്നും ലഭിക്കാതെ വന്നപ്പോൾ ഇന്ത്യയിലെ വിവിധ തരം തീവ്രവാദ ഗ്രൂപ്പുകളെ പറ്റിയായി പിന്നെ ചോദ്യങ്ങൾ. അലവി മാലികിയുടെ പുസ്തകങ്ങൾ മുന്നിൽ കണ്ടതും പോലീസുകാർ കൂടുതൽ പ്രകോപിതരായി. നേരം വെളുക്കും വരെ ചോദ്യോത്തരങ്ങൾ നടന്നെങ്കിലും ഒന്നും ലഭിച്ചില്ല. എങ്കിലും സലഫിസ്റ്റ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി പതിനൊന്ന് ദിവസം ഗവൺമെന്റ് ബറേൽവിയെ തുറങ്കിലടച്ചു. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം അദ്ദേഹത്തിന് ഒരു പോറലുപോലും ഏൽപ്പിച്ചില്ല. മുംബൈയിൽ നടന്ന വൻ പ്രധിഷേധത്തോടൊപ്പം ലോകമുസ്‌ലിം സംഘടനകളുടെ ആഹ്വാനം കൂടി വന്നപ്പോൾ ഗത്യന്തരമില്ലാതെ സൗദിക്ക് അദ്ദേഹത്തെ ജയിൽ മോചിതനാക്കേണ്ടി വന്നു.

ഇതേ തുടർന്ന് സൗദി രാജാവായ കിംങ് ഫഹദിന് ലോക മുസ്‌ലിം നേതാക്കളുടെ ശകാരം കേൾക്കേണ്ടിവന്നു. ലണ്ടനിൽ നടന്ന ലോക മുസ്‌ലിം സമ്മേളനം ഇതിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു. 1987 ൽ ഡൽഹിയിലെ സൗദി എംബസിയിൽ നിന്നും ഒരു കത്ത് അഖ്തർ റസാഖാന് ലഭിച്ചു. ‘ഫഹദ് രാജാവിന്റെ പ്രത്യേക ക്ഷണം. മക്ക, മദീന സന്ദർശിക്കാനും ആരാധനകൾ ചെയ്യാനുമുള്ള സ്‌പെഷ്യൽ ഓഫർ ഒരുമാസത്തേക്ക് പൂർണ്ണമായും സൗജന്യമായി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു’. ആത്മാർത്ഥതയുള്ളവർക്ക് അല്ലാഹു നൽകുന്ന പാരിതോഷികം.

രചനകൾ, സ്ഥാപനങ്ങൾ

ഇറാഖ്, പാകിസ്താൻ, മക്ക, മദീന, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക തുടങ്ങി മുഴുവൻ രാജ്യങ്ങളിലും താജുശ്ശരീഅക്ക് മുരീദുമാർ ഉണ്ടെന്നതാണ് യാഥാർത്ഥ്യം.  അൽ ഹഖുൽ മുബീൻ, സഫീന ബക്ശിശ്, ഹിജ്‌റതേ റസൂൽ, ആസാറേ ഖിയാമ, ദിഫായെ കൻസുൽ ഈമാൻ, ഫസീലത്തെ നസബ്, സുനോ ഔർ ചുപ്‌രഹോ തുടങ്ങി അറബിയിലും ഉറുദുവിലുമായി നൂറോളം രചനകൾ പണ്ഡിത ലോകത്തിന് സമ്മാനമായി നൽകി.

മർകസു ദാറുൽ ഇഫ്താ, മഹ്‌നമ സുന്നി ദുനിയ എന്നീ സ്ഥാപനങ്ങൾ ബറേൽവി ശരീഫിലും പാകിസ്ഥാനിലെ ലാഹോറിൽ അഖ്തർ റസാ ലൈബ്രററി, ഹോളണ്ടിലെ മർകസു ദാറുൽ ഇഫ്താർ, സൗത്ത് ആഫ്രിക്കയിലെ ഇമാം അഹ്മദ് റസാ അക്കാദമി തുടങ്ങിയ പതിനാറോളം സ്ഥാപനങ്ങൾ ബറേൽവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായിട്ടുണ്ട്.

അറിവ് നേടാനും അതനുസൃതമായി പ്രവർത്തിക്കാനുമുള്ള വലിയ ഭാഗ്യം അല്ലാഹു താജുശ്ശരീഅക്ക് നൽകിയിട്ടുണ്ട്. നിഷ്‌കളങ്കമായ സൂഫീ ജീവിതത്തിന്റെ നേർചിത്രം കണ്ട് നൂറുകണക്കിനാളുകൾ ഇസ്‌ലാമിലേക്ക് കടന്നുവന്നു. പ്രവാചക ചര്യയെ അക്ഷരാർത്ഥത്തിൽ പിന്തുടരുന്നതുകൊണ്ടുതന്നെ പാശ്ചാത്യൻ സംസ്‌കാരങ്ങളോട് വലിയ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചിരുന്നു. ചെരുപ്പ് ധരിക്കുമ്പോൾ പോലും തിരുനബിയുടെ സുന്നത്ത് പിൻപറ്റുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ കാണിച്ചു. നബിതങ്ങൾ ചെയ്തതുപോലെ നിലത്തിരുന്നല്ലാതെ ഭക്ഷണം കഴിച്ചതായി ആർക്കും കാണാൻ കഴിയുമായിരുന്നില്ല. സമൂഹത്തിലെ ജീർണതകൾക്ക് ഒരളവുവരെ കാരണമായിരുന്ന ടെലിവിഷൻ കാണൽ വലിയ തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം രചനകൾ നടത്തി. അഹ്‌ലുസ്സുന്ന പറയുന്നിടത്തും പ്രവർത്തിക്കുന്നിടത്തും ഒരാളെയും ഭയപ്പെടാത്ത കർമ്മയോഗി ഒരുപാട് ന•കൾ ബാക്കിവെച്ച് നമ്മെ വിട്ട് യാത്രയയായി(ജൂലൈ 20/2018). അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിച്ചേർന്ന പരലക്ഷങ്ങൾ മഹാൻ സമൂഹത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നതിന്റെ പ്രമാണമാവുകയായിരുന്നു.

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ