muslim aikyam-malayalam

ആഗോള സൂഫീ പണ്ഡിത കൂട്ടായ്മയെയും അവര്‍ തമ്മിലുള്ള ബന്ധത്തെയും കുറിച്ച് വിശദീകരിക്കാമോ?

ഇസ്‌ലാമിക രാഷ്ട്രങ്ങളിലുള്ള സൂഫീ പണ്ഡിത കൂട്ടായ്മ ഇപ്പോള്‍ ബലഹീനമായിരിക്കുകയാണ്. പണ്ടത്തെപോലെയല്ല ഇപ്പോള്‍. പണ്ട് പരസ്പരം ബന്ധപ്പെടാനുള്ള മാധ്യമങ്ങള്‍ കുറഞ്ഞിട്ട് പോലും അവര്‍ ഒന്നിക്കുകയും ബന്ധപ്പെടുകയും അറിയുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ ഇന്ന് ബന്ധപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍, വാഹനങ്ങള്‍, വഴികള്‍ എന്നിവ എളുപ്പമായിട്ടും ബന്ധം കുറഞ്ഞിരിക്കുകയാണ്. ആ സുവര്‍ണ്ണകാലം തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നു. എന്റെ സമുദായം ഉന്നതരാകും എന്ന് നബി(സ്വ) പറഞ്ഞ കാലഘട്ടത്തിലാണ് നാമുള്ളത്. കാരണം മുഹമ്മദീയ സമുദായം അതിന്റെ ആദ്യത്തിലും മധ്യത്തിലും അന്ത്യത്തിലും ഉത്തമരായിരിക്കുമല്ലോ. അതിനാല്‍ ഈ നല്ല ആഗ്രഹം നടപ്പിലാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

സൂഫീ, സുന്നീ പണ്ഡിത കൂട്ടായ്മയും അവര്‍ തമ്മിലുള്ള ബന്ധവും ആഗോള തലത്തില്‍ ഇസ്‌ലാമിന് സഹായകമാകില്ലേ?

തീര്‍ച്ചയായും. കാരണം തസവ്വുഫ് (ആത്മീയത)ആണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ മൂന്ന് ഘടകങ്ങളില്‍ മൂന്നാമത്തേതാണ് തസവ്വുഫ്. ഇസ്‌ലാമിന്റെ മൂന്ന് ഘടകങ്ങള്‍ 1) ഇസ്‌ലാം കാര്യങ്ങള്‍ 2) ഈമാന്‍ കാര്യങ്ങള്‍ 3) ഇഹ്‌സാന്‍. ഇതില്‍ ഇഹ്‌സാന്‍ എന്നതില്‍ നിന്നും നിഷ്പന്നമായി വന്നതാണ് തസവ്വുഫ്. നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും നിന്നെ അവന്‍ കാണുന്നു എന്ന രൂപത്തില്‍ അല്ലാഹുവിനെ ആരാധിക്കലാണ് ഇഹ്‌സാന്‍. അത് തന്നെയാണ് തസവ്വുഫ്. അതിനാല്‍ തസവ്വുഫ് ഇസ്‌ലാമിന് പുറത്തുള്ള ഒരു ഘടകമല്ല. അപ്രകാരം പറയുന്നത് തെറ്റാണ്. നബി(സ്വ)യുടെ പരിപാലന രീതിയാണ് തസവ്വുഫ്. ഇതിനെക്കുറിച്ച് അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്: ഏറ്റവും നല്ല രീതിയില്‍ അല്ലാഹു എന്നെ മര്യാദ പഠിപ്പിച്ചു. ശേഷം നബി(സ്വ)യോട് അല്ലാഹു പറഞ്ഞത് താങ്കള്‍ മഹത്തായ സ്വഭാവത്തിനുടമയാണെന്നാണ്. അതിനാല്‍ ആദ്യം നല്ല പരിപാലനം, പിന്നീട് മതപരമായ അറിവ് നേടുക. അഥവാ ആദ്യം മര്യാദ പഠിക്കുക. പിന്നെ മതപരമായ വിജ്ഞാനം കരസ്ഥമാക്കുക. നബി(സ്വ) പഠിപ്പിച്ച മര്യാദ കൊണ്ടല്ലാതെ ഒരാള്‍ക്കും ഖുര്‍ആന്‍ മനഃപാഠമാക്കാനോ ഹദീസ് വിജ്ഞാനമോ കര്‍മ്മശാസ്ത്ര വിജ്ഞാനമോ കരസ്ഥമാക്കാന്‍ സാധിക്കുകയില്ല.

മുസ്‌ലിം ഐക്യം സാധ്യമാണോ?

സാധ്യമാണ്. പരസ്പര അസൂയയും വിദ്വേഷവും ഒഴിവാക്കിയാല്‍ ഐക്യം സാധ്യമാണ്. ഓരോരുത്തരും സ്വന്തത്തിന് വേണ്ടി പ്രവര്‍ത്തിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം. ശൈഖ് അബൂബക്കര്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നു. ഇതുപോലെ നിങ്ങള്‍ നിങ്ങളുടെ സഹോദരന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ ഐക്യം സാധ്യമാകും. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ശൈഖ് അബൂബക്കറിനെ ഒഴിവാക്കുകയും ചെയ്താല്‍ അല്ലെങ്കില്‍ ശൈഖ് അബൂബക്കര്‍ സ്വന്തം കാര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ഞങ്ങളെ ഒഴിവാക്കുകയും ചെയ്താല്‍, ഞങ്ങള്‍ കേരളത്തെ ഒഴിവാക്കിയാല്‍, കേരളം ബഹ്‌റൈനെ ഒഴിവാക്കിയാല്‍, ബഹ്‌റൈന്‍ യു.എ.ഇ.യെ ഒഴിവാക്കിയാല്‍ യു.എ.ഇ. ബഹ്‌റൈനിനെ ഒഴിവാക്കിയാല്‍ സമുദായ ശക്തി ബലഹീനമാകും.

വഹാബി, ഇഖ്‌വാന്‍ തുടങ്ങിയ പുത്തനാശയക്കാരുമായി ഐക്യം പറ്റുമോ?

ഐക്യത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് നാം എല്ലാവരും ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധ്യനില്ല) എന്ന് പറയുന്നവരാണ്. അതുകൊണ്ടുതന്നെ എല്ലാവരും മുസ്‌ലിംകളാണ്. പക്ഷേ വഹാബികളും ഇഖ്‌വാനികളും മതത്തിനു അന്യമായ കാര്യങ്ങള്‍ സ്വീകരിച്ചവരാണ്. അവരുടെ ആശയങ്ങള്‍ക്ക് ഇസ്‌ലാമില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് നാം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും പഠിപ്പിച്ച് കൊടുക്കുകുയം വേണം. വഹാബിസവും ബ്രദര്‍ഹുഡും ഇസ്‌ലാമല്ല. അവരൊക്കെ രാഷ്ട്രീയ കക്ഷികളാണ്. മതത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സ്ഥാനമില്ല. യഥാര്‍ത്ഥ രൂപത്തില്‍ തൗഹീദ് ഉള്‍ക്കൊണ്ടാല്‍ ഇത്തരം വിഭാഗങ്ങളൊന്നും ഉണ്ടാവില്ല.

നമ്മുടെ പക്കലുള്ള യഥാര്‍ത്ഥ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുകയും അതുപോലെ നമ്മുടെ കൈവശമുള്ള ഫിഖ്ഹ് (കര്‍മ്മശാസ്ത്രം) ഹദീസ്, നബി(സ്വ) കൊണ്ടുവന്ന ത്വരീഖത്തുകള്‍ എന്നിവ അവര്‍ അംഗീകരിക്കുകയും ചെയ്താല്‍ അവരുമായി നമുക്ക് ബന്ധം സ്ഥാപിക്കാം. നമ്മള്‍ വിദ്വേഷത്തെക്കുറിച്ച് സംസാരിക്കുന്നവരല്ല. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന തൗഹീദില്‍ ഒരുമിച്ച് കൂടിയവരാണ് നാം. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നാം എല്ലാവരും അല്ലാഹുവിന്റെ മുന്നിലെത്തും. യഥാര്‍ത്ഥ രൂപത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് വിശ്വസിച്ച് പറഞ്ഞവന്‍ സ്വര്‍ഗത്തില്‍ കടക്കുമല്ലോ? അതുകൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിലുള്ള വിശ്വാസവും അതനുസരിച്ചുള്ള പ്രവര്‍ത്തനവും ഫിഖ്ഹും പ്രവാചക സ്‌നേഹവും ഔലിയാക്കളോടുള്ള സ്‌നേഹവും സ്വര്‍ഗ്ഗത്തിന്റെ താക്കോലാണ്. മുഹമ്മദ് നബി(സ്വ)യോടും ഔലിയാക്കളോടുമുള്ള സ്‌നേഹത്തില്‍നിന്ന് ആരെങ്കിലും ഭിന്നിച്ചുപോയാല്‍ അവര്‍ വിജയിക്കുന്ന കക്ഷികളാവില്ല. ഇക്കാര്യം അത്തരം കക്ഷികള്‍ക്ക് പറഞ്ഞ് കൊടുക്കണം. അവര്‍ നന്നാവട്ടെ. നമുക്കും നന്നാവാം.

താങ്കളുടെ കുട്ടിക്കാലം, മതവിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അല്‍പം?

ഫാത്തിമ ബിന്‍ത് സഅദ് എന്ന എന്റെ ഉമ്മയുടെ പക്കലാണ് ഞാന്‍ വളര്‍ന്നത്. മഹതി ഖുര്‍ആന്‍ മനപ്പാഠമാക്കിയ ഹാഫിളതാണ്. ഫിഖ്ഹില്‍ അഗാധ പാണ്ഡിത്യമുള്ളവരുമാണ്. ശൈഖ് സഈദുല്‍ യമാനിയുടെ സഹോദരിയുടെ അടുത്ത് നിന്നാണ് ഉമ്മ പഠിച്ചത്. ശൈഖ് സഈദുല്‍ യമാനി യമനില്‍ നിന്നു വന്നയാളാണ്.  അങ്ങനെ ബഹ്‌റൈനില്‍ താമസമാക്കി. നല്ല ഭയഭക്തിയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. എന്റെ ശൈഖായ മുഹമ്മദ് അല്‍ ഹിന്ദാസിയുടെ ശൈഖാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ചെറുപ്പത്തില്‍ വാപ്പ മരണപ്പെട്ടപ്പോള്‍ എന്റെ മുഴുവന്‍ കാര്യങ്ങളും ഉമ്മ ഏറ്റെടുത്തു. അങ്ങനെ എന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കിപ്പിച്ചു. ഉലൂമുല്‍ ഖുര്‍ആന്‍ പഠിപ്പിച്ചുതന്നു. പിന്നീട് എന്നെ എന്റെ ഗുരുവായ ശൈഖ് മുഹമ്മദ് ബിന്‍ അലിയ്യ് ബിന്‍ യഅ്ഖൂബ് അല്‍ ഹിജാസിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. അന്ന് എനിക്ക് 12 വയസ്സായിരുന്നു. അദ്ദേഹത്തില്‍നിന്നും മാലികീ, ശാഫിഈ, ഹന്‍ബലി, ഹനഫി മദ്ഹബുകളിലെ കര്‍മ്മശാസ്ത്രം പഠിച്ചു. നാല് മദ്ഹബിലും ദര്‍സ് നടത്തിയ അദ്ദേഹം ബഹ്‌റൈനിലെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. പിന്നീട് ശൈഖ് മുഹമ്മദ് ബിന്‍ അബൂബക്കര്‍ മുല്ലയുടെ അടുക്കല്‍നിന്നും പഠിച്ചു. ഹനഫി പണ്ഡിതനായിരുന്ന അദ്ദേഹത്തിന് വലിയ സ്ഥാപനവുമുണ്ടായിരുന്നു. ധാരാളം വിദേശികള്‍ അവിടെ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ പല രാഷ്ട്രങ്ങളിലെയും ഖാളിമാര്‍ അവിടെനിന്നു പഠിച്ചിറങ്ങിയവരാണ്. പിന്നീട് ബഗ്ദാദിലും മക്കയിലും പോയി പഠിച്ചു. ശേഷം മൊറോക്കൊയില്‍നിന്നുള്ള നിപുണനായ പണ്ഡിതന്മാരില്‍നിന്ന് ഇജാസത്ത് സ്വീകരിച്ചു. ടുണീഷ്യയിലെ ശൈഖ് അബുല്‍ അജ്ഫാന്‍, അള്‍ജീരിയയിലെ ശൈഖ് അബ്ദുല്ലത്തീഫ് തുടങ്ങിയവരില്‍നിന്നും ശാം, പേര്‍ഷ്യ, യമന്‍, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നുമുള്ള പണ്ഡിതന്മാരില്‍നിന്നും ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്. മുമ്പ് ഞാന്‍ ബോംബെയില്‍ വന്നിട്ടുണ്ട്. അന്ന് എനിക്ക് 40 വയസ്സായിരുന്നു. അന്ന് റബീഉല്‍ അവ്വല്‍ 12-ന് നാടു മുഴുവനും അലങ്കരിച്ചിരുന്നു. എന്നെ കണ്ടപ്പോള്‍ ജനങ്ങള്‍ പള്ളിയിലേക്ക് ആനയിച്ചു. നബി(സ്വ)യുടെ നാടായ അറബ് നാട്ടില്‍നിന്ന് വന്നയാളാണ് നിങ്ങള്‍ എന്ന് പറഞ്ഞ് എന്നെ ആദരിച്ചു. ഞാന്‍ ബര്‍സന്‍ജി മൗലിദ് കാണാതെ അവര്‍ക്ക് മുന്നില്‍ പാരായണം ചെയ്തു. ഉമ്മയുടെ പ്രോത്സാഹനത്താല്‍ ചെറുപ്പത്തില്‍ തന്നെ ധാരാളം മൗലിദുകള്‍ ഞാന്‍ മനഃപ്പാഠമാക്കിയിരുന്നു. 1965-ലായിരുന്നു ഈ സന്ദര്‍ശനം. നഖ്ശബന്ദി, ഖാദിരിയ്യ, രിഫാഇയ്യ, ചിശ്തി, സുഹ്‌റവര്‍ദി, ദസൂഖി, ഹദാദീ തുടങ്ങിയ പല ത്വരീഖത്തുകളുടെയും ഇജാസത്ത് വലിയ പണ്ഡിതന്മാരില്‍നിന്നും ഞാന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

താങ്കളുടെ നാട്ടിലെ ഇസ്‌ലാമിക അന്തരീക്ഷത്തെക്കുറിച്ച് വിവരിക്കാമോ?

സ്‌നേഹത്തിന്റെയും നല്ല സ്വഭാവത്തിന്റെയും ഉടമകളാണ് ബഹ്‌റൈനികള്‍. ധാരാളം പണ്ഡിതന്മാര്‍ ബഹ്‌റൈനിലുണ്ട്. ശാഫിഈ, ഹനഫി, മാലികി, ഹമ്പലി പണ്ഡിതന്മാര്‍ അവരുടെ ശിഷ്യന്മാര്‍ക്ക് ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നു. പണ്ഡിതന്മാര്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സൂഫീ സരണിയിലെ പണ്ഡിതന്മാര്‍ക്ക് ഞാനും എന്റെ മകന്‍. ഡോ. ഇബ്‌റാഹീമുമാണ് നേതൃത്വം നല്‍കുന്നത്. ഞങ്ങള്‍ക്ക് വലിയ പള്ളികളും മജ്‌ലിസുകളുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അതിഥികള്‍ ആ മജ്‌ലിസില്‍ പങ്കെടുക്കാറുണ്ട്. മകന്‍ ഡോ. ഇബ്‌റാഹീം മാലികി(റ)യുടെ മുവത്വ ദര്‍സ് നടത്താറുണ്ട്. 300-ലധികം പണ്ഡിതന്മാര്‍ അവിടെ വന്ന് ആ ഗ്രന്ഥം തുടക്കം മുതല്‍ അവസാനം വരെ പാരായണം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സനദ് നല്‍കാറുണ്ട്. വലിയ മൗലിദ് സദസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ദീനീ സേവനങ്ങള്‍ എന്തെല്ലാമാണ്?

ഫിഖ്ഹ്, ഖുര്‍ആന്‍ എന്നിവ ദര്‍സ് നടത്തുന്നു. കര്‍മശാസ്ത്രപണ്ഡിതന്മാര്‍, ഖത്തീബുമാര്‍ എന്നിവര്‍ പഠിച്ചിറങ്ങുന്ന മര്‍കസ് ഞങ്ങള്‍ക്കുണ്ട്. വലിയ ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ ഭാഗത്തുനിന്നും ഈ സദസ്സിലേക്ക് ആളുകള്‍ വരുന്നു. എല്ലാ വെള്ളിയാഴ്ചയും  മൗലിദ്, ബുര്‍ദ എന്നിവ പള്ളിയില്‍വെച്ച് പാരായണം ചെയ്യുന്നു. സിറിയ, ഇറാഖ് പോലുള്ള നാടുകളിലുള്ളവര്‍ മജ്‌ലിസില്‍വന്ന് നഷീദകള്‍ പാടുന്നു.

ഇത്തരം മജ്‌ലിസുകളും മൗലിദ് സദസ്സുകളും മുസ്‌ലിംകളുടെ ആത്മീയ പുരോഗതിക്ക് എങ്ങനെ മുതല്‍ക്കൂട്ടാകുന്നു?

തീര്‍ച്ചയായും ഇത്തരം സദസ്സുകള്‍ മുസ്‌ലിംകളുടെ ആത്മീയ പുരോഗതിക്ക് കാരണമാകുന്നു. മൗലിദ് സദസ്സുകളില്‍ നബി(സ്വ)യുടെ ജീവചരിത്രം പാരായണം ചെയ്യുന്നു. നബി(സ്വ) നയിച്ച ധര്‍മ്മ സമരങ്ങള്‍, ഇസ്‌റാഅ്, മിഅ്‌റാജ് നബി(സ്വ)യുടെ വിശേഷണങ്ങള്‍ എന്നിവ വായിക്കുന്നു. സ്വഹാബികളുടെ ചരിത്രം വായിക്കുന്നു. ഇതിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കുന്നു.

മാത്രമല്ല, ആത്മീയത (തസവ്വുഫ്) ഇസ്‌ലാമിന്റെ ആത്മാവാണ്. നബി(സ്വ)യുടെ പ്രബോധനവും അദ്ധ്യാപനങ്ങളുമൊക്കെ പഠിക്കാന്‍ ഇത്തരം സദസ്സിലൂടെ സാധിക്കുന്നു.

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് താങ്കള്‍ നല്‍കുന്ന സന്ദേശം എന്താണ്?

ഞാന്‍ ഇവിടെ ധാരാളം നന്മകള്‍ കാണുന്നു. എന്നാല്‍ വിദേശ പണ്ഡിതന്മാരുമായുള്ള സ്‌നേഹവും സഹകരണവും ബന്ധവും വര്‍ദ്ധിപ്പിക്കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു. ഞങ്ങളുടെ അടുക്കല്‍ നല്ല വിഭവങ്ങളുണ്ട്. പക്ഷെ, പുതുകാലത്തെ യുവാക്കള്‍ ആകെ മാറി. അതുകൊണ്ട് ഇന്ത്യന്‍ പണ്ഡിതരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ വിദേശ പണ്ഡിതരുമായി ഐക്യപ്പെടണം. പ്രത്യേകിച്ച് ബഹ്‌റൈനിലെ പണ്ഡിതന്മാരുമായി. ഇരു രാഷ്ട്രങ്ങളും മുന്‍കാലങ്ങളിലുണ്ടായിരുന്നതുപോലെ തുടര്‍ന്നും ബന്ധം വേണം. മുമ്പ് ബഹ്‌റൈനിലെ പണ്ഡിതന്മാര്‍ ഇന്ത്യയിലേക്കും ഇന്ത്യന്‍ പണ്ഡിതന്മാര്‍ ബഹ്‌റൈനിലേക്കും വരാറുണ്ടായിരുന്നു. നിങ്ങള്‍ ഞങ്ങളെ മറക്കരുത്. ഞങ്ങള്‍ നിങ്ങളെയും മറക്കില്ല. ഇന്‍ശാ അല്ലാഹ്. അല്ലാഹുവിന്റെയും റസൂലിന്റെയും സഹായം നമുക്ക് ഉണ്ടാവും.

കേരളത്തിലെ ഇസ്‌ലാമിക ചലനത്തെക്കുറിച്ച് എന്താണ് അഭിപ്രായം? പ്രത്യേകിച്ച് ശൈഖ് അബൂബക്കറിന്റെയും മര്‍കസിന്റെയും പ്രവര്‍ത്തനങ്ങള്‍?

ഈ വിഷയത്തില്‍, വിശുദ്ധ മതത്തിന്റെയും ലോകത്തിന്റെയും നേതാവായ മുഹമ്മദ് നബി(സ്വ) മദീനയില്‍ വന്നപ്പോള്‍ മസ്ജിദുകള്‍ നിര്‍മ്മിച്ചും ഇസ്‌ലാമിക് സിവില്‍ സൊസൈറ്റിയെ വാര്‍ത്തെടുത്തും നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളാണ് എനിക്ക് ഓര്‍മവരുന്നത്. വിജ്ഞാനത്തെ സംരക്ഷിക്കുന്നതിലും പാവപ്പെട്ടവരെ ഒരുമിച്ച് കൂട്ടുന്നതിലും അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലുമെല്ലാം തിരുനബി(സ്വ)യുടെ മാതൃകയാണ് ശൈഖ് അബൂബക്കര്‍ പിന്‍പറ്റിയിരിക്കുന്നത്.

1978-ല്‍ മര്‍കസ് സ്ഥാപിക്കുന്ന സമയത്ത് ശൈഖ് അബൂബക്കര്‍ ബഹ്‌റൈനില്‍ ഞങ്ങളുടെ ആത്മീയ സദസ്സില്‍ പങ്കെടുത്തിരുന്നു. അന്ന് മുതലേ ഞങ്ങള്‍ പരസ്പര സഹകരണം ആരംഭിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ വളരെ കുറവായിരുന്നു. 20-ലധികം വരില്ല. എന്നാല്‍ ശൈഖ് അബൂബക്കറിന്റെ കഠിന പരിശ്രമത്തിന്റെയും അല്ലാഹുവിന്റെ തൗഫീഖിന്റെയും ഫലമായി അല്ലാഹുവില്‍നിന്നുള്ള സഹായം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന് കുന്‍ ഫ യകൂന്‍ (ഉണ്ടാവാന്‍ ഉദ്ദേശിച്ചാല്‍ ഉണ്ടാവും) എന്നതിന്റെ ഇജാസത്ത് ഉണ്ടെന്നും നമ്മള്‍ കേട്ടുവല്ലോ? പണ്ഡിതന്മാരുടെയും ഔലിയാക്കളുടെയും വിഷയത്തില്‍ അല്ലാഹു ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്. അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്നു. അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അല്ലാഹു നടപ്പിലാക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ കഴിവാണ് ഇതെല്ലാം നടപ്പില്‍ വരുത്തുന്നത്. അല്ലാഹുവുമായി ആത്മീയ ബന്ധം സ്ഥാപിച്ച ശൈഖ് അബൂബക്കറിനെ പോലെയുള്ള പണ്ഡിതന്മാര്‍ക്ക് നാഥന്‍ അത്തരം കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യും. ശൈഖ് അബൂബക്കറിനും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ക്കും അല്ലാഹുവിന്റെ സംരക്ഷണവും തൗഫീഖും ഉണ്ടാവട്ടെ, അതുപോലെ വൈജ്ഞാനിക മേഖലയില്‍ അദ്ദേഹത്തിനുള്ള മക്കളില്‍ അല്ലാഹു വര്‍ധനവ് നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ