വെള്ളച്ചെകുത്താന്മാരുടെ തീ തുപ്പുന്ന തോക്കിനു മുന്നിൽ മാറു വിരിച്ചു നിന്ന് സധീരം പോരാടിയ ധീരദേശാഭിമാനികളിൽ വലിയൊരു വിഭാഗവും കേരളത്തിൽ വൈജ്ഞാനിക രംഗത്തു ശ്രദ്ധ പതിപ്പിക്കുകയും സമൂഹത്തിന്റെ സമ്പൂർണമായ സമുദ്ധാരണത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നതും മുസ്‌ലിം സമുദായ നേതൃത്വമായിരുന്നുവെന്നതാണ് ചരിത്ര സത്യം. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് അധിനിവേശ ശക്തികൾക്കെതിരെ സന്ധിയില്ലാ സമരം നയിച്ചവരിൽ  പ്രധാനികൾ മഖ്ദൂമുമാർ, ഹള്‌റമി സാദാത്തുക്കൾ,  മരക്കാർമാർ, ഉമർഖാളി തുടങ്ങിയവരായിരുന്നു. ‘തുഹ്ഫതുൽ മുജാഹിദീൻ, സൈഫുൽ ബത്താർ, തഹ്‌രീളു അഹ്‌ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സ്വൽബാൻ’ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെയാണ് ഇവർ നവജാഗരണത്തിന്റെ വാതിൽ തുറന്നിട്ടത്.

മഖ്ദൂമുമാർ

മുസ്‌ലിംകൾക്ക് ആത്മീയ-വൈജ്ഞാനിക രംഗത്തും സാമൂഹ്യ-സേവന രംഗത്തും ഒരുപോലെ ധിഷണാപരമായ നേതൃത്വം നൽകിയ പണ്ഡിത പ്രതിഭകളായിരുന്നു മഖ്ദൂമുമാർ. മഖ്ദൂം അൽ കബീർ വലിയൊരു വൈജ്ഞാനിക വിപ്ലവത്തിനാണ് കേരളത്തിൽ തിരികൊളുത്തിയത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും വിജ്ഞാന കുതുകികൾ പൊന്നാനിയിലേക്ക് ഒഴുകുകയായിരുന്നു. ബഗ്ദാദ്, യമൻ, മലേഷ്യ, ശ്രീലങ്ക, അറേബ്യ, ഈജിപ്ത്, സിറിയ, മക്ക, മദീന, ശാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം വിദ്യാർത്ഥികൾ മഖ്ദൂം തങ്ങളെ ലക്ഷ്യം വെച്ച് പൊന്നാനിയിലെത്തിയിരുന്നു. അക്കാലത്തെ പ്രശസ്തമായ ഒരു ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി തന്നെയായിരുന്നു പൊന്നാനി പള്ളി. പിന്നീട് കേരളീയ മുസ്‌ലിം ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു കേന്ദ്രമായി ഈ പള്ളി മാറുകയായിരുന്നു. പോർച്ചുഗീസുകാർക്കെതിരെ നടക്കുന്ന സായുധസമരത്തിന് ആഹ്വാനം ചെയ്തു കൊണ്ടെഴുതിയ ഖസ്വീദത്തുൽ ജിഹാദിയ്യ, ഹിദായത്തുൽ അദ്കിയാഅ്, ഖസസുൽ അമ്പിയാഅ്, ഇർശാദുൽ ഖാസ്വിദീൻ, ശുഅബുൽ ഈമാൻ, മുർശിദുത്ത്വല്ലാബ് തുടങ്ങിയ നിരവധി കൃതികൾക്കു പുറമെ അനേകം കവിതകളും എഴുതിയിട്ടുണ്ട്.

മഖ്ദൂമിന്റെ ആഹ്വാനം മുഴുവൻ മുസ്‌ലിം സമൂഹം പൂർണാർത്ഥത്തിൽ അംഗീകരിക്കുകയാണുണ്ടായത്. വിവാഹ വേദിയിൽനിന്ന് പടയങ്കി ധരിച്ച് പറങ്കികളോട് പട പൊരുതാൻ പോയ കുഞ്ഞി മരക്കാർ ശഹീദ് മഖ്ദൂമിന്റെ ശിഷ്യനായിരുന്നു. പറങ്കികൾ തട്ടിക്കൊണ്ടു പോവുകയായിരുന്ന ഒരു കന്യകയെ നടുക്കടലിൽ നിന്നു രക്ഷപ്പെടുത്തിയ അദ്ദേഹം നിരവധി പറങ്കികളെ വധിക്കുകയുണ്ടായി. ഒടുവിലദ്ദേഹം വീരമൃത്യു വരിക്കുകയായിരുന്നു.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനാണ് പോർച്ചുഗീസ് വിരുദ്ധ പോരാട്ടങ്ങൾക്ക് ആശയ ബലം നൽകിയ മറ്റൊരു നവോത്ഥാന നായകൻ. ഒന്നാം മഖ്ദൂമിന്റെ മൂന്നാമത്തെ മകനായ ശൈഖ് മുഹമ്മദുൽ ഗസ്സാലിയുടെ പുത്രനാണ് ഇദ്ദേഹം. പൊന്നാനിയിലെ പഠനത്തിനു ശേഷം മക്കയിലേക്കു പോയ മഖ്ദൂം രണ്ടാമൻ തിരിച്ചു വരുമ്പോൾ പോർച്ചുഗീസ് അതിക്രമങ്ങൾ അതിന്റെ പാരമ്യതയിലെത്തിയ  സമയമായി

രുന്നു. അദ്ദേഹം രചിച്ച ‘തുഹ്ഫതുൽ മുജാഹിദീൻ’ അധിനിവേശ വിരുദ്ധ സമരത്തിന് അതുല്യമായ സംഭാവനയാണ് നൽകിയത്. പോരാട്ട രംഗത്ത് അണിനിരക്കുന്നവർക്ക് ശക്തി പകർന്ന നാലു ഭാഗങ്ങളുള്ള ഈ കൃതിയിലെ നാലാം പകുതിയിൽ എ ഡി 1498 – 1583 കാലയളവിൽ പോർച്ചുഗീസുകാർ നടത്തിയ പരാക്രമങ്ങളാണ് സവിസ്തരം പ്രതിപാദിച്ചിട്ടുള്ളത്. കേരളത്തിന്റെ അറിയപ്പെട്ട ഒന്നാമത്തെ ആധികാരിക ചരിത്രകൃതി എന്ന സവിശേഷത കൂടി തുഹ്ഫതുൽ മുജാഹിദീനിനുണ്ട്.

ഹള്‌റമി സയ്യിദുമാർ

കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളിൽ അമൂല്യമായ സംഭാവനകളർപ്പിച്ച ഹള്‌റമി സയ്യിദുമാരുടെ പങ്ക് നിസ്തുലമാണ്. ദർസ് പഠനത്തിലും ഗ്രന്ഥരചനയിലും മുഴുകിയിരുന്ന കേരളത്തിലെ ഇസ്ലാമിക വ്യവസ്ഥിതിയെ ജനകീയവൽകരിച്ചതിൽ സയ്യിദ് വംശത്തിനു വലിയ പങ്കുണ്ട്.  ജനങ്ങളുടെ ആത്മികവും ഭൗതികവുമായ നൂറു നൂറു പ്രശ്‌നങ്ങൾക്കു സമ്പൂർണമായ പരിഹാരം അവർ നിർദേശിക്കുമ്പോൾ കൂടുതൽ ജനങ്ങൾ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുകയും തന്മൂലം ഇസ്‌ലാം കൂടുതൽ ജനകീയവൽക്കരിക്കപ്പെടുകയുമായിരുന്നു.

കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തെ സ്വാധീനിക്കാൻ ശ്രമിച്ച ശീഈ ആശയങ്ങളെ തകർക്കുന്നതിനും ഹള്‌റമീ സാദാത്തുക്കൾ കഠിന പരിശ്രമം നടത്തി. പേർഷ്യ വഴി ഉത്തരേന്ത്യയിലേക്കും ശേഷം  കേരളത്തിലേക്കും വന്നെത്തിയ ശീഈ ആശയങ്ങളെ തുടച്ചു നീക്കുകയും പകരം ശരിയായ സ്വൂഫി പന്ഥാവിലേക്ക് ജനങ്ങളെ നയിക്കുകയും ചെയ്യുകയായിരുന്നു മമ്പുറം തങ്ങളെ(1753 1844)പ്പോലുള്ളവർ ചെയ്തത്. അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഫള്ൽ തങ്ങളും സാമൂഹികവും മതപരവുമായ ജീർണ്ണതകൾ നിഷ്‌കാസനം ചെയ്യുന്ന വഴിയിലായിരുന്നു. ജന്മിമാരുടെ മുന്നിൽ തലകുനിച്ചു നിൽക്കേണ്ടിയിരുന്ന കർഷക തൊഴിലാളികൾക്ക് തങ്ങളുടെ ആത്മാഭിമാനത്തെക്കുറിച്ചു ബോധമുണ്ടാക്കി കൊടുത്തതും മമ്പുറം തങ്ങളായിരുന്നു.

മമ്പുറം തങ്ങൾ(1753 -1844)

വിദേശികൾ കപ്പലിറങ്ങി വന്നു മതം പ്രചരിപ്പിച്ച തീരദേശ മേഖലകളിൽ നിന്ന്  ഇസ്‌ലാമിനെ ഉൾനാടുകളിലേക്ക്  വ്യാപിപ്പിച്ചതിലും മമ്പുറം തങ്ങന്മാർക്ക് വലിയ പങ്കുണ്ട്. മലബാറിലെ മുസ്‌ലിം ജനസംഖ്യയിൽ മമ്പുറം തങ്ങളുടെ കാലത്ത് കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്നത് ഈ വസ്തുതയെ സാക്ഷ്യപ്പെടുത്തുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ നിർണയ പ്രകാരം മലബാറിലെ മുസ്‌ലിം ജനസംഖ്യ 1801ലെ 170113ൽ നിന്ന് 1851 ആയപ്പോഴേക്ക് 382330 ആയി വർധിച്ചിരുന്നു. പള്ളികളില്ലാത്ത മലബാറിന്റെ ഉൾനാടുകളിൽ പള്ളികൾ നിർമിക്കുകയും അവിടെയുള്ള മതസാമൂഹിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ യോഗ്യരായവരെ നിയമിക്കുകയും ചെയ്തിരുന്നു.  ചാപ്പനങ്ങാടി പള്ളി, താനൂർ വടക്കെ പള്ളി, കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി,  മൂന്നിയൂർ ഒടുങ്ങാട്ടു ചിന പള്ളി, മുട്ടിച്ചിറ പള്ളി, വെളിമുക്ക് പള്ളി, പൊൻമുണ്ടം പള്ളി തുടങ്ങിയ മലബാറിലെ നൂറിലേറെ പള്ളികൾ സയ്യിദ് അലവി തങ്ങളുമായി ബന്ധമുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്.

മതകീയമായ സമുദ്ധാരണത്തിനു വേണ്ടി കഠിനപ്രയത്‌നം നടത്തിയ തങ്ങളവർകൾ മതസൗഹാർദ്ദത്തിന്റെ പ്രചാരകൻ കൂടിയായിരുന്നു. ഇതര മതപ്രസ്ഥാന ബന്ധുക്കളോട് വലിയ സൗഹൃദം പ്രകടിപ്പിച്ച മഹാനവർകൾ അവരുടെ ഉന്നമനത്തിനു വേണ്ടിയും പ്രയത്‌നിച്ചിരുന്നു. ഹിന്ദുക്കളുടെ വിവാഹനിശ്ചയങ്ങളിൽ പോലും തങ്ങൾ സ്ഥിര സാന്നിധ്യമായി. ആശാരി, കല്ലാശാരി തുടങ്ങി വിവിധ തൊഴിലാളി വർഗങ്ങളിൽ ഗുണപരമായ സ്വാധീനം ചെലുത്താനും തന്മൂലം അവരെ സാമൂഹ്യ ശ്രേണിയിൽ ഉയർത്തിക്കൊണ്ടുവരാനും തങ്ങൾക്കു സാധിച്ചു. ബാലകൃഷ്ണൻ വള്ളിക്കുന്ന് എഴുതുന്നു: ‘ഒരു മത പ്രബോധകൻ എന്ന നിലയിൽ സൂക്ഷ്മദൃക്കും കണിശക്കാരനും ആയി

രുന്നപ്പോൾ തന്നെ ജീവിത ശൈലിയിലെ ലാളിത്യവും ജാതി-മത ഭേദമന്യേ സർവ്വരോടുമുള്ള സഹാനുഭൂതിയോടെയുള്ള പെരുമാറ്റവും കൊണ്ട് ജനമനസ്സുകളെ വശീകരിക്കാൻ അദ്ദേഹത്തിന് ഏറെ നാൾ വേണ്ടി വന്നില്ല. വിജാതീയ മതസ്ഥരുമായി അദ്ദേഹം സ്ഥാപിച്ച മൈത്രി ബന്ധം സാമൂഹികമായൊരു ദീർഘദർശിത്വത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടാവുന്നതാണ്. മൂന്നിയൂരിലെ കളിയാട്ടക്കാവ് ഉത്സവവുമായി ബന്ധപ്പെട്ട നാടൻ പാട്ടുകളിൽ മമ്പുറം തങ്ങൾ പ്രകീർത്തിക്കപ്പെടുന്നത് ഉദാഹരണം’ (മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ: അധിനിവേശ വിരുദ്ധ ചരിത്രത്തിലെ നിത്യസാന്നിധ്യം പേജ്: 81).

അതിരൂക്ഷമായ ജാതിവിഭജനവും സാമ്പത്തിക ചൂഷണവും അരങ്ങു തകർത്തിരുന്ന കേരളീയ സാഹചര്യത്തിൽ മാനവിക ചിന്തയും നീതിവിചാരവും  മുറുകെപ്പിടിച്ചാണ് തങ്ങൾ ജീവിച്ചത്. താഴ്ന്ന ജാതിക്കാരെ പ്രത്യേകം ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന തങ്ങളുടെ സ്വഭാവ വൈശിഷ്ട്യം ചരിത്ര രേഖകളിൽ ശ്രദ്ധേയമായി നിലകൊള്ളുന്നുണ്ട്. കെ കെ അബ്ദുൽ കരീം എഴുതുന്നു: ‘ദളിതർ എന്ന നാമത്തിൽ അക്കാലത്ത് അറിയപ്പെട്ടിരുന്ന അധഃസ്ഥിതരായ വർഗത്തെ സംസ്‌കാര സമ്പന്നരാക്കി വളർത്തുന്നതിൽ മഹാനായ ആ നേതാവ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.

സയ്യിദ് അലവി തങ്ങളും കുടുംബക്കാരും ദളിത് വർഗക്കാരുടെ ഉദ്ധാരകരായിരുന്നു. എല്ലാ വിഭാഗം ഹൈന്ദവർക്കിടയിലും ഉണ്ടായിരുന്ന കക്ഷി വഴക്കുകളും നിഷ്പക്ഷമായി മധ്യസ്ഥം വഹിച്ച് തീർക്കുന്നതും ഐക്യം ഊട്ടിയുറപ്പിക്കുന്നതും തങ്ങളവർകളുടെ പതിവായിരുന്നു’ (മലബാറിലെ രത്‌നങ്ങൾ പേജ്: 19).

കേരളത്തിൽ  സാമൂഹിക നവോത്ഥാന പ്രവർത്തകരായ ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മറ്റുള്ളവരും ജനിക്കുന്നതു തന്നെ തങ്ങളുടെ ജീവിതകാലത്തിന്റെ വർഷങ്ങൾക്കു ശേഷമാണെന്നത് ശ്രദ്ധേയമാണ്. ഗാന്ധിജി നിസ്സഹകരണമെന്ന ആശയം മുന്നോട്ടു വെക്കുന്നതിനു വർഷങ്ങൾക്കു മുമ്പു തന്നെ ‘സൈഫുൽ ബത്താർ’ എന്ന വിഖ്യാതമായ കൃതിയിലൂടെ  ബ്രിട്ടീഷുകാരോട് നിസ്സഹകരണം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും തങ്ങൾ സമൂഹത്തെ ബോധിപ്പിച്ചിട്ടുണ്ട്. മമ്പുറം തങ്ങളുടെ പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എഴുതി പ്രസിദ്ധീകരിച്ച ‘ഉദ്ദത്ത്’ എന്ന കൃതിയും ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകുന്നതാണ്. അതു കൊണ്ടു തന്നെയാണ് ബ്രിട്ടീഷ് സർക്കാർ ഈ കൃതി നിരോധിച്ചതും അതിന്റെ പേരിൽ  അദ്ദേഹത്തിനു  സ്വദേശം വിടേണ്ടി വന്നതും.

ഉമർ ഖാസി(1765 -1854)

മമ്പുറം തങ്ങളുടെ സമകാലികനും ആത്മീയ ശിഷ്യനുമായ വെളിയങ്കോട് ഉമർഖാസി(റ) യും സുന്നി കേരളത്തിന്റെ പ്രധാന നവോത്ഥാന നായകരിലൊരാളാണ്.  സ്വൂഫിയും പാരമ്പര്യ ചികിത്സകനും നിമിഷക്കവിയുമായെല്ലാം അറിയപ്പെട്ട ഉമർഖാസി(റ) നികുതി നിഷേധമടക്കമുള്ള ധീരമായ സമരമുറകളിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകളോട് പ്രതികാരം ചോദിച്ച ധീരനായ ദേശാഭിമാനി കൂടിയായിരുന്നു. വൈജ്ഞാനിക മേഖലയിൽ ഉന്നതമായ മാറ്റങ്ങൾ തീർത്ത അദ്ദേഹം യാത്രകളിലൂടെയും എഴുത്തുകളിലൂടെയും വൈദേശികാധിപത്യത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ചെയ്തത്.

വെളിയങ്കോട്ടെ അംശം അധികാരിയും ബ്രിട്ടീഷ് സേവകനുമായ മോത്തേരി ശങ്കരമേനോൻ ഉമർഖാസി(റ)യുടെ സ്വത്തിന് നികുതി ചുമത്തിയതും പിരിക്കാൻ വന്ന ഉദ്യോഗസ്ഥരെ അതിലെ അസാംഗത്യം പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം തിരിച്ചയച്ചതുമായ സംഭവം പ്രശസ്തമാണ്.  കരം പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസഥർ പരാജയപ്പെട്ടതോടെ അധികാരി നേരിട്ടെത്തിയെങ്കിലും ഭൂമി അല്ലാഹുവിന്റേതാണെന്നും ഈ മണ്ണിൽ അധാർമിക ഭരണം നടത്തുന്ന വിദേശികൾക്ക് കരം നൽകാൻ ഉമർഖാളിയെക്കൊണ്ടാവില്ലെന്നും ശക്തമായ ഭാഷയിൽ  അദ്ദേഹം തുറന്നടിച്ചു. ഇതിന്റെ പേരിൽ ഉമർഖാസി(റ)ക്ക് ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു.

ബ്രിട്ടീഷ് പാദസേവക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച അപൂർവ്വം പ്രതിഭകളിലൊരാളായിരുന്നു മഹാനവർകൾ. 1857-ൽ മരണപ്പെടുന്നതു വരെ വിദേശ മേൽക്കോയ്മയോട് രാജിയാവാൻ അദ്ദേഹത്തിന്റെ മനസ്സ് സന്നദ്ധമായിരുന്നില്ല. 1857 -നു ശേഷമാണ് ഇന്ത്യയിൽ മുഴുവൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നതും അതിനു വേണ്ടി വ്യക്തികൾ ഉണർന്നു പ്രവർത്തിക്കുന്നതും. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ രാജ്യത്ത് ശക്തി പ്രാപിച്ച അധിനിവേശ വിരുദ്ധ നടപടി ക്രമങ്ങളുടെയെല്ലാം പ്രചോദനം ഉമർ ഖാളിയടക്കമുള്ള മാപ്പിള പോരാളികളായിരുന്നുവെന്നത് പരമ യാഥാർത്ഥ്യമാണ്.

ആലി മുസ്‌ലിയാർ (1861-1922)

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരേതിഹാസം രചിച്ച ആലി മുസ്‌ലിയാർ (1861-1922) മുഴുസമയവും സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി കഴിച്ചു കൂട്ടിയ മഹദ് വ്യക്തിത്വമായിരുന്നു. മത പണ്ഡിതന്മാർ ഇംഗ്ലീഷുകാർക്കെതിരെ സജീവമായി രംഗത്തു വന്നപ്പോൾ ആലി മുസ്‌ലിയാർ നേതൃനിരയിൽ തന്നെ നിലയുറപ്പിച്ചു. ഖിലാഫത്ത് പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടപ്പോൾ അതിന്റെ മലബാറിലെ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു. മുസ്‌ലിംകളുടെ ശക്തമായ എതിർപ്പു മൂലം ബ്രിട്ടീഷുകാർക്ക് പലപ്പോഴും മലബാർ വിടേണ്ടി വന്നിട്ടുണ്ട്. ഒരേ സമയം വിജ്ഞാന പ്രചാരണ രംഗത്തും നവോത്ഥാന പ്രവർത്തന മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനവർകൾ ബ്രിട്ടീഷുകാരോട് എക്കാലത്തും സന്ധിയില്ലാ സമരമാണ് നടത്തിയിരുന്നത്. ഹി. 1340-ൽ ഒരു ശനിയാഴ്ചയാണ് ആ ധന്യജീവിതം കോയമ്പത്തൂർ ജയിലിൽ അവസാനിച്ചത്.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (1867-1919)

കേരള ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വിദ്യാഭ്യാസ സംബന്ധമായ നവോത്ഥാന പ്രവർത്തനങ്ങൾക്കാണ്  പ്രധാനമായും  ഊന്നൽ നൽകിയിരുന്നത്. മത ഭൗതിക വിദ്യാഭ്യാസ സംവിധാനത്തിന്റെ കൂടുതൽ പ്രായോഗികകമായ രൂപങ്ങൾ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും അദ്ദേഹം വിജയിച്ചു. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് മതപഠനത്തിന് പുതിയ വഴികൾ അനിവാര്യമാണെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. 1909 ൽ വാഴക്കാട്ടെ തന്മിയതുൽ ഉലൂം മദ്രസയിൽ പ്രധാനാധ്യാപകനായി നിയമിതനായതോടെ അദ്ദേഹം ശരിക്കും പ്രവർത്തന ഗോദയിലിറങ്ങി. പാഠ്യപദ്ധതിയിലും ക്ലാസ് ക്രമീകരണ

ത്തിലും വലിയ മാറ്റങ്ങൾ കൊണ്ടു വന്നു.  പിന്നീട് ഉത്തരേന്ത്യൻ ശൈലിയിൽ സ്ഥാപനത്തിന് ദാറുൽ ഉലൂം എന്ന് നാമകരണം നടത്തുകയും ചെയ്തു. 1910 ആയപ്പോഴേക്കും വാഴക്കാട്ടെ പുതിയ സിലബസും ക്രമീകരണങ്ങളുമറിഞ്ഞ് നാനാ ഭാഗത്തുനിന്നും വിദ്യാർത്ഥികൾ അവിടെ വരികയും പഠന പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടു പോവുകയും ചെയ്തു.

മതവിദ്യാഭ്യാസ മേഖലയിൽ നിലനിന്നിരുന്ന പാഠ്യപദ്ധതിയിൽ അദ്ദേഹം കാര്യമായ  മാറ്റങ്ങളാണ് വരുത്തിയത്.  പഴയ സിലബസ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പല പുതിയ വിഷയങ്ങളും അതിലുൾപ്പെടുത്തി. വളരെ ലളിതവും സരളവുമായി പഠിപ്പിക്കാൻ സാധ്യാമാകും വിധം ചില പഴയ വിഷയങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. തഫ്‌സീർ, ഫിഖ്ഹ്, തസ്വവ്വുഫ്, മആനി തുടങ്ങിയ വിഷയങ്ങളോടൊപ്പം തർക്ക ശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയവയുമുൾപ്പെടുത്തി. പഠന സഹായകമായ ഉപകരണങ്ങളും സ്ഥാപനത്തിൽ ലഭ്യമാക്കി. വിദ്യാർത്ഥിയുടെ താല്പര്യത്തിനനുസരിച്ചുള്ള ഉപരി പഠനത്തിനും  സൗകര്യം സംവിധാനിച്ചു. വിശാലമായ  ലൈബ്രറിയും ഭാഷാ പഠനത്തിലുള്ള നിഘണ്ടുകളും വായിക്കാനുള്ള  പത്രങ്ങളും ഗ്ലോബുകളും മാപ്പുകളുമെല്ലാം സ്ഥാപനത്തിൽ ലഭ്യമാക്കി.

ക്ലാസ് മുറിയും ക്ലാസ് സമയവും പരിഷ്‌കരിച്ചു. കുട്ടികളുടെ പഠന നിലവാരത്തിനനുസരിച്ച് അവരെ വ്യത്യസ്ത ക്ലാസുകളിലിരുത്തുകയും ഓരോ ക്ലാസിനും വ്യത്യസ്ത പാഠ്യപദ്ധതികൾ നിശ്ചയിക്കുകയും ചെയ്തു. ഓരോ ക്ലാസ് മുറിയും  ബെഞ്ച്, ഡസ്‌ക്, മേശ, കസേര, ബ്ലാക്ക് ബോർഡ്, ചോക്ക്, രജിസ്റ്റർ തുടങ്ങിയവ കൊണ്ട്  മനോഹരമാക്കുകയും ഹോസ്റ്റൽ, മെസ്സ്, അദ്ധ്യപകർക്ക് താമസിക്കാനുള്ള പ്രത്യേക സംവിധാനം തുടങ്ങിയവ ഏർപ്പെടുത്തുകയും ചെയ്തു. വാരിയൻകുന്നത്ത്

കുഞ്ഞഹമ്മദ്  ഹാജി (1873- 1922)

സ്വാതന്ത്ര്യ സമര പോരാളികളിലെ ഏറനാടൻ ഇതിഹാസമായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്  ഹാജി  രാജ്യത്തിന്റെ നന്മക്കും സമൂഹത്തിന്റെ പുരോഗതിക്കും വേണ്ടി അവിശ്രമ പരിശ്രമം നടത്തുന്നതിലാണു സന്തോഷം കണ്ടത്തിയത്.  ആലി മുസ്‌ലിയാരുടെ ശിഷ്യനും മുരീദുമായ ഇദ്ദേഹത്തിന്റെ ജിവിതത്തിലെ വലിയൊരു കാലവും സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1921 ഓഗസ്റ്റ് 20-നു കോഴിക്കോട് കടപ്പുറത്ത് മഹാത്മാ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും പങ്കെടുത്ത ഖിലാഫത്ത് യോഗത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന കുഞ്ഞഹമ്മദ് ഹാജി 1921 ഓഗസ്റ്റ് 26-ന് ബ്രിട്ടീഷുകാരില്ലാത്ത സ്വതന്ത്ര മലബാർ എന്ന ചരിത്രപ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനം നടത്തുകയുണ്ടായി. 1922 ലാണ് മലപ്പുറം കോട്ടകുന്ന് മൈതാനിയുടെ വടക്കേ ചെരുവിൽ വെച്ച് ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കിയത്. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ട് കൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞു മുറുക്കി വെടി വെച്ച് കൊല്ലാനുള്ള ഒരുക്കം നടക്കുമ്പോൾ ‘എന്റെ ജീവിതം നശിപ്പിക്കുന്ന വെടിയുണ്ടകൾ പതിക്കേണ്ടത് എന്റെ നെഞ്ചകത്തായിരിക്കണം’ എന്നാണ്  ഹാജി ബ്രിട്ടീഷുകാരോട് ആവശ്യ

പ്പെട്ടത്. വധശിക്ഷക്ക് വിധേയനായ ഹാജിയുടെ മൃതദേഹം ജനങ്ങൾക്ക് അന്ത്യാഭിവാദനത്തിനുള്ള സൗകര്യം പോലും നൽകാതെ അധികാരികൾ ചുട്ടുകരിക്കുകയായിരുന്നു.

വരക്കൽ മുല്ലക്കോയ തങ്ങൾ (1840 -1932)

കേരള നവോത്ഥാന ചരിത്രത്തിൽ ഒഴിച്ചു നിർത്താനാവാത്ത ഒരു അധ്യായമാണ് വരക്കൽ തങ്ങൾ. ഒരു സമൂഹത്തിന്റെ മുഴുവൻ അത്താണിയായിട്ടായിരുന്നു മഹാനവർകളുടെ ജീവിതം. ജനങ്ങളുടെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ വേണ്ടി അവരെത്തിയിരുന്നത് വരക്കൽ തറവാട്ടിലായിരുന്നു. ജാതി മത ഭേദമന്യേ എല്ലാവരാലും ആദരിക്കപ്പെടുന്ന മഹദ് വ്യക്തിത്വമായിരുന്നു വരക്കൽ മുല്ലക്കോയ തങ്ങൾ.

മതത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി അങ്ങേയറ്റം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തെ 1921-നു ശേഷം കേരളത്തിൽ ഉടലെടുത്ത ശിഥില ചിന്തകൾ ഏറെ അസ്വസ്ഥമാക്കി. പുതിയ ചിന്താഗതി സമൂഹത്തിലുണ്ടാക്കി തീർക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചു കൃത്യമായ ബോധമുണ്ടായിരുന്ന തങ്ങളവർകൾ ബിദ്അത്തുകൾ പ്രത്യക്ഷപ്പെടുകയും ഉലമാക്കൾ മൗനമവലംബിക്കുകയും ചെയ്താൽ അവരുടെ മേൽ അല്ലാഹുവിന്റെ ശാപമുണ്ടാകുമെന്ന തിരുവചനമോർത്ത് ആകുലപ്പെടുകയും പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാരെ പോലെയുള്ള മഹാപ്രതിഭകളായ പണ്ഡിത ശ്രേഷ്ഠരെ വിളിച്ചു ചേർത്ത് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയും ഉലമാക്കൾ ഒരുമിച്ചു നിന്ന് സമൂഹത്തിനു നേർ മാർഗം കാണിച്ചു കൊടുക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പിന്നീട് പാങ്ങിൽ അഹ്മദ്കുട്ടി മുസ്‌ലിയാർ മലബാറിലെ പ്രശസ്തരായ പണ്ഡിതന്മാരെ സമീപിക്കുകയും തങ്ങളുടെ നിർദ്ദേശം അവരെ അറിയിക്കുകയും ചെയ്തു. ശേഷം  മുല്ലക്കോയ തങ്ങളുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ടൗൺഹാളിൽ ഒരു യോഗം ചേരുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന പണ്ഡിതസഭക്കു രൂപം നൽകുകയും ചെയ്യുകയായിരുന്നു. വരക്കൽ തങ്ങളായിരുന്നു സമസ്തയുടെ സ്ഥാപക പ്രസിഡന്റ്.

താജുൽ ഉലമ ഉള്ളാൾ തങ്ങൾ (1929 -2014)

ഒന്നിച്ചു നിന്നിരുന്ന മുസ്‌ലിം സമൂഹത്തെ ശിർക്കിന്റെയും കുഫ്‌റിന്റെയും വ്യാജാരോപണം നടത്തി ഭിന്നിപ്പിച്ച ബിദ്ഈ ശക്തികൾക്കെതിരെ ശക്തമായി പോരാടുകയും മുസ്‌ലിം സമൂഹത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി പ്രയത്‌നിക്കുകയും ചെയ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ സിംഹ ഗർജനമായിരുന്നു താജുൽ ഉലമാ സയ്യിദ് അബ്ദു റഹ്മാൻ അൽ ബുഖാരി. പ്രലോഭനങ്ങൾക്ക് കീഴ്‌പ്പെടുത്താനോ പ്രതിസന്ധികൾക്ക് മാറ്റി നിർത്താനോ കഴിയാത്ത  ആത്മധൈര്യമായിരുന്നു താജുൽ ഉലമയുടേത്. ഇടക്കാലത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ സ്ഥാപക ലക്ഷ്യത്തിൽ നിന്നു വ്യതിചലിപ്പിക്കാനുള്ള കുതന്ത്രങ്ങൾ നടന്നപ്പോഴും തങ്ങൾ എടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു.  ബിദ്അത്തുകാരുമായുള്ള സമീപനത്തിൽ വെള്ളം ചേർക്കാനും സമസ്തയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനും ചില രാഷ്ട്രീയ മേലാളന്മാർക്കുവേണ്ടി ഉത്തരവാദപ്പെട്ടവർ തന്നെ മുൻകയ്യെടുക്കുന്ന സ്ഥിതി കണ്ടപ്പോൾ യോഗത്തിൽ ഉള്ളാൾ തങ്ങൾ ഗർജ്ജിച്ചു: ‘അഹ്‌ലുസുന്ന വിശ്വസിച്ച് ആചരിച്ച് പോരുന്നതും നാം ഇതുവരെ പഠിപ്പിച്ചതുമായ ആദർശം രാഷ്ട്രീയക്കാർക്ക് വേണ്ടിയോ മറ്റു തൽപര കക്ഷികൾക്ക് വേണ്ടിയോ ഉപേക്ഷിക്കാൻ കഴിയില്ല. അതിനു ഞങ്ങളെ കിട്ടുകയുമില്ല.’ സത്യം പറയാൻ ചങ്കൂറ്റമുള്ള അനേകായിരം പണ്ഡിതരെയും ലക്ഷക്കണക്കിന് അനുയായികളെയും വാർത്തെടുത്തും അതിന്റെ ആത്മഹർഷം ആസ്വദിച്ചുമാണ് 2014-ൽ തങ്ങളവർകൾ  വിടപറഞ്ഞത്. വഫാത്താകുമ്പോൾ തങ്ങളവർകൾ അറുപതിലേറെ സ്ഥാപനങ്ങളുടെ സാരഥിയും കേരളത്തിലെയും കർണ്ണാടകയിലെയും നിരവധി മഹല്ലുകളുടെ ഖാസിയുമാണ്.

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ തുല്യതയില്ലാത്ത പങ്കാളിത്തമുള്ളവരാണ്  മതപണ്ഡിതന്മാർ എന്ന നഗ്ന സത്യം മൂടിവെക്കാൻ സാധിക്കുന്നതല്ല. ‘മുസ്‌ലിയാർ’ എന്ന സംജ്ഞ രൂപപ്പെട്ടതു തന്നെ ‘മുസ്വ്‌ലിഹ്‌യാർ’ എന്ന പദം ലോപിച്ചാണെന്നതാണു പ്രബലാഭിപ്രായം. പരിഷ്‌കർത്താവ്, നവോത്ഥാന നായകൻ എന്നെല്ലാമാണ് ‘മുസ്വ്‌ലിഹ്’ എന്ന അറബി പദത്തിനർത്ഥം. സമൂഹത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകുകയും നിസ്വാർത്ഥവും നിഷ്‌കപടവുമായ  പ്രയത്‌നത്തിലൂടെ നവോത്ഥാനം രൂപപ്പെടുത്തുകയും ചെയ്യുന്നതു കൊണ്ടു തന്നെയാണ് അവർ അങ്ങനെ അറിയപ്പെടുന്നത്. സമസ്തയുടെ രൂപവൽക്കരണത്തിനു മുമ്പും ശേഷവുമുള്ള പണ്ഡിത മഹത്തുക്കൾ ജിവിച്ചു കാണിച്ച മാതൃക തന്നെയാണ് പിൽക്കാല പണ്ഡിതരും പിന്തുടരുന്നത്. ഉള്ളാൾ തങ്ങൾ പകർന്നു നൽകിയ മുസ്‌ലിം നവോത്ഥാന യജ്ഞത്തെ ശേഷം വന്ന നൂറുൽ ഉലമയും നിലവിൽ സംഘടനയുടെ സാരഥ്യം വഹിക്കുന്ന റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാരും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ഊർജസ്വലരായി പിൻ തുടരുകയാണ് ചെയ്തത്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും പരന്നു കിടക്കുന്ന ആയിരക്കണക്കിനു വിദ്യാഭ്യാസ സമുച്ചയങ്ങളും സാമൂഹ്യ ജീവ കാരുണ്യ കേന്ദ്രങ്ങളും ഇത്തരം പണ്ഡിതർ വിതച്ച നവോത്ഥാന ചിന്തകളുടെ സന്തോഷദായകമായ ഫലങ്ങളാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ