മാധ്യമ സിന്‍ഡിക്കേറ്റ് എന്നത് കേരളത്തില്‍ ഏറെ ചര്‍ച്ചയായതാണ്. സിപിഐഎം അടങ്ങുന്ന ഇടതുപക്ഷത്തിനെതിരെ വാര്‍ത്തകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും വേണ്ടി പത്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢസംഘമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വാര്‍ത്ത നെയ്തെടുക്കാന്‍ ഇത്തരം സിന്‍ഡിക്കേറ്റുകളുടെ ആഗോള ശൃംഖലയുണ്ട്, പലപ്പോഴും ഇതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടുവരാറുണ്ട്.
ലൗജിഹാദ് മറക്കാനായിട്ടില്ലല്ലോ. ശഹന്‍ഷാ എന്ന സഹപാഠിയുടെ സൗന്ദര്യവും സ്വഭാവ രീതികളും ഏറെ ആകര്‍ഷിച്ചപ്പോള്‍ ഒരുത്തി പണിപ്പെട്ട് ഒപ്പിച്ചെടുത്ത കാമ്പസ് പ്രണയമാണ് മുസ്‌ലിം തീവ്രവാദവും ജിഹാദുമൊക്കെയായി ആഘോഷിക്കപ്പെട്ടത്, സംഘപരിവാരവും ക്രിസ്ത്യന്‍ സഭക്കാരുമൊക്കെക്കൂടി വന്‍ ബഹളമാക്കി മാറ്റിയത്. കേരള കൗമുദിയില്‍ തുടങ്ങി മനോരമ വഴി ആ നാറ്റം പത്ര മാധ്യമങ്ങളെ ആകെ ബാധിക്കുകയുണ്ടായി. പത്രക്കാര്‍ തീരുമാനിച്ചാല്‍ വിശുദ്ധന്‍; അല്ലെങ്കില്‍ പരമനാറി. ഇതാണവസ്ഥ.
അവര്‍ക്ക് താല്‍പര്യം തോന്നിയാല്‍ മാത്രമേ എന്തും സംഭവമാവുകയുള്ളൂ. സിനിമക്കാര്‍ക്ക് പൊതുവെ കാണപ്പെടാത്ത നാണവും മാനവുമൊന്നും തീരെയില്ലാത്ത ഒരു നടിയെ ഒരു രാഷ്ട്രീയക്കാരന്‍ “പീഡിപ്പിച്ച” മഹാസംഭവം പോയവാരത്തില്‍ ഇങ്ങനെയാണ് തിളങ്ങിനിന്നത്. അവര്‍ക്കത് സഹിക്കാനാവാത്തതിനാല്‍ കരഞ്ഞുകൊണ്ടാണത്രെ കാര്യം വിശദീകരിച്ചത്! നല്ല രസമായിരിക്കുന്നു. മാനത്തിന് ഓസോണ്‍ പാളിയെക്കാള്‍ വലിയ ദ്വാരം സ്വയം വീഴ്ത്തിയാണ് ഈ മഹതി മൂവി കാമറക്കണ്ണുകളിലേക്ക്, കണ്ണഞ്ചിപ്പിക്കുന്ന ഫ്ളാഷ്ലൈറ്റുകളെ സാക്ഷിയാക്കി പ്രസവിച്ചുകൊടുത്തത്.
കാമസൂത്രയുടെ മോഡലാവാനും രതിനിര്‍വേദം ആടിത്തീര്‍ക്കാനും മുമ്പൂ തയ്യാറായിട്ടുമുണ്ട്. അത്തരമൊരുത്തിയെ, ഇതെല്ലാം കണ്ട് തരിച്ചിരിക്കുന്ന ഒരാള്‍ നേരില്‍ കിട്ടിയപ്പോള്‍ ഒന്നു തൊട്ടു തലോടിയെങ്കില്‍, അപ്പോഴേക്ക് മാനം പോയതിനു അവര്‍ ഗ്ലിസറിന്‍ കരച്ചില്‍ നടത്തിയതിലല്ല ശരാശരി മലയാളിയുടെ സങ്കടം. അതിനൊപ്പിച്ച് പത്രമാധ്യമങ്ങള്‍ നടത്തിയ മുതലക്കണ്ണീരിലാണ്. തന്റെ അഭിനയപാടവം ശരിക്കും പുറത്തെടുത്ത് നടി പിറ്റേന്നുതന്നെ മലക്കം മറിഞ്ഞപ്പോള്‍ ഈ മാധ്യമ സേവകരൊക്കെ ഇളിഭ്യരായത് മറ്റൊരു തമാശ.
ചില മുസ്‌ലിം പത്രങ്ങളുമുണ്ടിവിടെ. ഇതര മാധ്യമങ്ങളുടെ മുസ്‌ലിം വിരുദ്ധ വാര്‍ത്താ നിര്‍മാണത്തെയും അതിലേറെ മാരകമായ അനുകൂല വാര്‍ത്തകളുടെ പൂഴ്ത്തിവെപ്പിനെയും കടന്നാക്രമിക്കുന്നവര്‍. ഒറ്റനോട്ടത്തില്‍ തനി സസ്യഭുക്കുകളെന്നു തോന്നുന്ന ഇവര്‍ക്ക് പക്ഷേ, സ്വന്തം പാര്‍ട്ടി പുലര്‍ത്തുന്ന “ഇസ്‌ലാം മത”ത്തില്‍ മാത്രമാണ് താല്‍പര്യം. സുന്നി വാര്‍ത്തകള്‍ വളച്ചൊടിക്കാനും ഏതെങ്കിലും പുഴുപ്പല്ലുകള്‍ തേടിപ്പിടിച്ച് കുത്തിയെടുത്ത് സമുദായത്തെ നാറ്റിക്കുന്നതിലും മാധ്യമം പത്രം കാണിക്കുന്ന അമിതാവേശം ഉദാഹരണം.
സുന്നികള്‍ മലപ്പുറത്ത് നടത്തിയ മഹാ സമ്മേളനം ചെറുകോളത്തില്‍ ഒതുക്കിയപ്പോള്‍ സമ്മേളനം അലങ്കോലപ്പെടുത്തുന്നതിനായി വിരുദ്ധര്‍ ആസൂത്രണം ചെയ്തതെന്നു കരുതുന്ന ഒരു കശപിശ നാലുകോളം മഹാവാര്‍ത്തയാക്കി ഗള്‍ഫിലടക്കം സര്‍വ എഡിഷനുകളിലും അവര്‍ ആഘോഷമാക്കിയത് ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ പത്രചേച്ചിയും മുസ്‌ലിം എ്യെത്തിനായി കണ്ണീരൊഴുക്കുന്ന മരണവാറണ്ട് വന്ന ഒരു പത്രവും ഇതേ ഉളുപ്പില്ലായ്മ തന്നെ കാണിച്ചു.
ഓണപ്പറമ്പില്‍ സുന്നി മസ്ജിദും മദ്റസയും ആര്‍എസ്എസ്സുകാരേക്കാള്‍ മാരകമായി തല്ലിത്തകര്‍ത്തത് ഇവര്‍ക്കൊന്നും വലിയ കാര്യമായിരുന്നില്ലെങ്കില്‍, ഇതിന് പ്രതികാരമെന്നോണം വിഘടിത മദ്റസ കത്തിയത് തേജസിനടക്കം വലിയ വാര്‍ത്തയായി. ഖുര്‍ആനും പൗരാണിക ഹദീസ് ഗ്രന്ഥങ്ങളും നശിപ്പിച്ചതില്‍ അവര്‍ ഏറെ കുണ്ഠിതപ്പെട്ടു. അതു ചെയ്തത് കാന്തപുരം വിഭാഗമാണെന്ന ആരോപണം എടുത്തുപറയുകയും ചെയ്തു. എന്നാല്‍, ചേളാരി സമസ്തയുടെ നേതാക്കള്‍ സംവിധാനിച്ച നാടകമായിരുന്നു ഇതെന്ന് തെളിയുകയും രേഖകള്‍ കടത്തിയ ശേഷം മദ്റസക്കും ഖുര്‍ആന്‍, ഹദീസ് ഗ്രന്ഥങ്ങള്‍ക്കും തീവെച്ചത് സ്വന്തക്കാര്‍ തന്നെയാണെന്ന് പരസ്യമാവുകയും ചെയ്തു. പിന്നെ ഈ മാപ്പിള പത്രക്കാരെ ആ വഴിക്ക് കണ്ടില്ല. സമരം നടത്താന്‍ സമുദായപ്പാര്‍ട്ടിക്കാരും വന്നില്ല. അവര്‍ പ്രതികള്‍ക്ക് സ്വീകരണം നല്‍കാന്‍ മത്സരിച്ചുകൊണ്ടിരുന്നപ്പോള്‍ ലക്ഷ്യം രാഷ്ട്രീയമായാലും അല്ലെങ്കിലും തീവെപ്പിന്റെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചത് മതമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ്.
പാറാലില്‍ സുന്നി പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ബോംബു നിര്‍മിക്കാന്‍ ചേളാരിക്കാര്‍ കരാര്‍ കൊടുത്ത വാര്‍ത്ത മുസ്‌ലിം മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് മറ്റൊരു ദൃഷ്ടാന്തം. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കരാര്‍ തൊഴിലാളികള്‍ക്ക് മാരകപരിക്കേറ്റു. ഇതിന്റെ യഥാര്‍ത്ഥ വസ്തുത ഇപ്പറഞ്ഞ മാപ്പിള പത്രങ്ങള്‍ പക്ഷേ, പൂഴ്ത്തിവെച്ചു. കാന്തപുരം വിരോധം രക്തത്തിലലിഞ്ഞവര്‍ കണ്ണടച്ചതുകൊണ്ട് രാത്രിയാവുകയൊന്നുമില്ലല്ലോ.
മദ്റസാ രേഖകള്‍ സൂക്ഷിച്ച ഭീമന്‍ മേശ കഷ്ടപ്പെട്ട് സുരക്ഷിത സ്ഥാനത്തെത്തിച്ച ചേളാരിക്കാര്‍ വിശുദ്ധ വേദവും പ്രവാചക വചന സമാഹാരങ്ങളും വിദ്വേഷാഗ്നിയില്‍ അര്‍പ്പിച്ചത് ഇതര മതസ്ഥരെപ്പോലും അദ്ഭുതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ സംഘടനാ സങ്കുചിതത്വം നുരഞ്ഞുപൊങ്ങുന്ന ഇവര്‍ക്ക് ഇത്രയല്ലേ മതത്തില്‍ താല്‍പര്യമുള്ളൂ. അതുകൊണ്ടു തന്നെയാണല്ലോ സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവരുടെ അടുക്കളയും കിടപ്പറയും വാര്‍ത്തയാക്കി ജീവിതം തകര്‍ക്കുന്നവര്‍ സ്വന്തം നേതാവ് ജമാലുദ്ദീന്‍ മങ്കടയുടെ ലീലാവിലാസങ്ങള്‍കൊണ്ട് വായനക്കാരെ കോരിത്തരിപ്പിക്കാതിരുന്നത്. എന്തായാലും മുഖം കെടുത്താനുള്ള കണ്ണിയത്തുസ്താദിന്റെ പ്രാര്‍ത്ഥന ചേളാരി വിഭാഗക്കാരില്‍ ഫലിച്ചുകൊണ്ടേയിരിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഖൈബര്‍ നിലക്കാത്ത പോരാട്ടത്തിന്റെ ചരിത്രപാഠം

ഹിജ്റ ആറാം വര്‍ഷത്തില്‍ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിര്‍വഹിക്കാനായി മദീനയില്‍ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ…

നരകം അഹങ്കാരിക്ക്

സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ചോദ്യം ചെയ്യുകയും ജനങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്നതിനെയാണ് അഹങ്കാരം എന്നു പറയുന്നത്.…

പ്രസംഗം ആകര്‍ഷകമാക്കാന്‍

പ്രഭാഷണ കലയുടെ സ്വാധീനവും ശക്തിയും സുവിദിതമാണ്. പ്രസംഗം എങ്ങനെയെല്ലാം ആകര്‍ഷകമാക്കാമെന്ന് നോക്കാം. പ്രഭാഷകന്‍ ലക്ഷ്യം വെച്ച…