ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയത്വം ചില കേന്ദ്രങ്ങളില്‍ നിന്ന് പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. കേന്ദ്രസംസ്ഥാന തെരഞ്ഞെടുപ്പുകളുടെ അജണ്ടതന്നെ ഇതായി മാറ്റിമറിക്കപ്പെടാറുമുണ്ട്. വൈദേശികര്‍ എന്നാണ് പ്രധാനാരോപണം. പോരെങ്കില്‍ പാകിസ്താന്‍ പിറവിക്കുശേഷം അങ്ങോട്ടു പോകേണ്ടവര്‍ എന്നുവരെ പറഞ്ഞുകളയും. എന്നാല്‍ അങ്ങോട്ടു പോകാതെ പിറന്ന നാടിനൊപ്പം, ഏതു വിഷമതകളും തൃണവത്ഗണിച്ചു നിന്നു എന്നതാണ് ഭാരതീയ മുസ്‌ലിം സമുദായത്തിന്റെ ഈടുവെയ്പ്പ്. അതോടൊപ്പം രാഷ്ട്രത്തിന്റെ അതിജീവനങ്ങളിലെല്ലാം അവരുടെ സാന്നിധ്യവും ഭാഗധേയത്വവുമുണ്ടായിരുന്നുവെന്നതും ജീവിക്കുന്ന സത്യമാണ്.

ഈ ഓര്‍മകളിലേക്ക് വിരല്‍ചൂണ്ടുന്നു “ഭാരത സംസ്കാരത്തില്‍ മുസ്‌ലിംകളുടെ പങ്ക്’ എന്ന 1965 ഫെബ്രുവരി 1 ലക്കം സുന്നിടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം. വാഴക്കാട് ദാറുല്‍ ഉലൂമിലെ കെടി അബ്ദുറഹിമാനാണ് ടൈംസിന്റെ അക്കാലത്തെ ഈദുല്‍ ഫിത്വര്‍ പതിപ്പില്‍ അതെഴുതിക്കാണുന്നത്. പശ്ചിമ്യേ, യൂറോപ്പ്, ഉത്തരാഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലേക്കുള്ള ഇസ്‌ലാമിന്റെ പ്രചാരം പരാമര്‍ശിച്ച ശേഷം അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചിങ്ങനെ പറയുന്നു:

“അറബി ഭാഷയെ വിജ്ഞാന പ്രപഞ്ചത്തിലേക്കുള്ള ഒരു വാതായനമാക്കി മാറ്റുകവഴി ആധുനിക പാശ്ചാത്യ നാഗരികതക്ക് വെളിച്ചം കാണിച്ചത് മുസ്‌ലിംകളാണ്, അറേബ്യന്‍ മുസ്‌ലിംകള്‍ക്ക് മറ്റു രാജ്യങ്ങളോടെന്ന പോലെ ഇന്ത്യയുമായി ഉണ്ടായ ശതാബ്ദങ്ങളോളമുള്ള സമ്പര്‍ക്കത്തില്‍ ഇന്ത്യന്‍ സംസ്കാരത്തിലും അവര്‍ രൂപപ്പെടുത്തിയ നാഗരികതയുടെ വിശിഷ്ടാംശങ്ങള്‍ ബഹുമുഖവും വ്യാപകവുമായ സ്വാധീനം ചെലുത്തുന്നതിനിടയായി. ഇന്ത്യയുടെ ധവളിമയാര്‍ന്ന സംസ്കാരത്തിനും പരിഷ്കാരത്തിനും മുതല്‍കൂട്ടുന്നതിന് അത് ഗണ്യമായ പങ്കുവഹിച്ചു. സാഹിത്യം, കല എന്നിത്യാദികള്‍ എന്തെന്നറിയാത്ത ജാതീയതയുടെ ഇരുമ്പു ശൃംഖലയില്‍ ബന്ധിതരായി ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന ഇന്ത്യന്‍ ജനതയെ ആ ദുസ്ഥിതിയില്‍ നിന്ന് രക്ഷപ്പെടുത്തിയത് മുസ്‌ലിംകളാണ്. അന്നത്തെ ഭാരതീയരെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളുടെ ആഗമനം ഒരനുഗ്രഹമായിരുന്നു. അവരുടെ സാമൂഹ്യ ജീവിതത്തില്‍ നടമാടിയിരുന്ന ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചു മാറ്റപ്പെടുകയും തല്‍സ്ഥാനത്ത് ഇസ്‌ലാമിന്റെ സമത്വവും സാഹോദര്യവും നടപ്പിലാക്കുകയും ചെയ്തപ്പോള്‍ വര്‍ഗവ്യത്യാസത്തിന്റെ പേരില്‍, ഉയര്‍ന്ന വര്‍ഗത്തിന്റെ പാരതന്ത്ര്യവും പീഡനങ്ങളും അനുഭവിച്ചിരുന്ന താഴ്ന്ന ജാതിക്കാര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ അയച്ചു.

മുസ്‌ലിംകളില്‍ നിന്ന് ലഭിച്ചത്ര ശാസ്ത്രീയ, സാങ്കേതിക പരിജ്ഞാനം മറ്റാരില്‍നിന്നും ഭാരതീയര്‍ക്ക് ലഭിച്ചിട്ടില്ല. അറബികള്‍ മുഖേന നേരിട്ടും തുര്‍ക്കികള്‍, മുഗിളര്‍ തുടങ്ങിയവര്‍ മുഖേന പരോക്ഷമായും അറബി സംസ്കാരം ഇന്ത്യയിലേക്ക് ഒഴുകിവന്നു. ഇസ്‌ലാമിക സംസ്കാരത്തില്‍ നിന്നുള്ള ഉത്തമാംശങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ചിന്താവിഷയമാക്കാനുള്ള അവരുടെ അടങ്ങാത്ത ആഗ്രഹം അല്‍ബയ്റൂനി പോലുള്ള പണ്ഡിത വരേണ്യരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളില്‍ നിന്നും മറ്റും നമുക്ക് മനസ്സിലാകുന്നുണ്ട്.

അറബി ഗ്രന്ഥങ്ങള്‍ സംസ്കൃതത്തിലേക്കും ഭാരതീയ ഗ്രന്ഥങ്ങള്‍ അറബിയിലേക്കും തര്‍ജമ ചെയ്തുകൊണ്ട് നാല്‍പത് കൊല്ലത്തോളം ഇന്ത്യയില്‍ താമസിച്ച ഒരു വിജ്ഞാന ദാഹിയാണ് അല്‍ബയ്റൂനി.

20ാം ശതാബ്ദത്തിന്റെ പ്രഥമാര്‍ദ്ധത്തില്‍ ഐന്‍സ്റ്റിനുള്ള സ്ഥാനമായിരുന്നു പതിനൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ അല്‍ബയ്റൂനിക്കുണ്ടായിരുന്നത് എന്നാണ് ജോര്‍ജ് സ്വര്‍ട്ടന്‍ അദ്ദേഹത്തെപ്പറ്റി പറയുന്നത്. വേറെയും പല അറേബ്യന്‍ പണ്ഡിതന്മാരും പല ഘട്ടങ്ങളിലായി ഇന്ത്യ സന്ദര്‍ശിക്കുകയും ഇവിടെയുള്ള സംസ്കാര പരിഷ്കാരങ്ങളെ കുറിച്ച് ഗ്രന്ഥരചന നടത്തുകയും വിജ്ഞാന മണ്ഡലത്തില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുസ്‌ലിം ഭരണാധികാരികളെ കുറിച്ചു പറയുകയാണെങ്കില്‍ ഇന്ത്യയുടെ കലാ സാംസ്കാരിക രംഗത്ത് പതിനൊന്നാം ശതാബ്ധത്തില്‍ ഇന്ത്യ ഭരിച്ചിരുന്ന പ്രഗത്ഭനായ ഗസ്നി മുഹമ്മദിന്റെ സുവര്‍ണ കാലഘട്ടം ചരിത്രം വളരെ വിലപ്പെട്ടതായി രേഖപ്പെടുത്തുകയും ഇന്ത്യന്‍ ജനത അത് എന്നും ആദരപൂര്‍വം അനുസ്മരിക്കുകയും ചെയ്യുന്നു.

ആരെയും കണ്ണഞ്ചിക്കുന്നതായ താജ്മഹലും അമ്പതിനായിരം ആളുകള്‍ അഞ്ചുകൊല്ലം മുടങ്ങാതെ പണിചെയ്തും പത്തു ലക്ഷം ക ചെലവുള്ളതുമായ ജുമാ മസ്ജിദും 1719ലെ ഭൂകന്പം കൊണ്ട് പോലും കേടുവരാത്തതും ഒന്നര മൈല്‍ ചുറ്റളവുള്ളതുമായ ചെങ്കോട്ടയും മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഇന്ത്യക്ക് നല്‍കിയ കലാസമ്പത്തുകളാണ്. വിജ്ഞാനത്തിന്റെ വളര്‍ച്ചക്ക് അന്നവര്‍ കാണിച്ച ഔത്സുക്യത്തെ വിളിച്ചോതി കൊണ്ട് അവര്‍ സ്ഥാപിച്ച വിലപിടിച്ച ഗ്രന്ഥസമാഹാരങ്ങള്‍ അടങ്ങിയ ലൈബ്രറികള്‍ സാഹിത്യാരാമത്തിലെ ജീവിക്കുന്ന സ്മാരകങ്ങളാണ്.’ ലേഖനം തുടരുന്നു.

സ്വൂഫിസത്തിന്റെ ചില അംശങ്ങള്‍ സ്വാംശീകരിച്ച ഭക്തി പ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ജാതി സന്പ്രദായത്തെ കഠിനമായി നിന്ദിക്കുകയും ഏകദൈവ വിശ്വാസത്തെ ഉഛൈസ്ഥരം ഉദ്ഘോഷിക്കുകയും ചെയ്യുന്ന ഭക്തി പ്രസ്ഥാനത്തിന്റെ ഉത്ഭവം ദക്ഷിണേന്ത്യയില്‍ നിന്നാണെങ്കിലും അത് ഇന്ത്യയില്‍ ആകമാനം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’

രാഷ്ട്രത്തിന്റെ ഉയര്‍ച്ചയും വികാസവും അതിലെ ജനങ്ങളുടെ കൂടി ശ്രമഫലവും പുരോഗതിയുമാണ്. നീണ്ട നൂറ്റാണ്ടുകള്‍ മുസ്‌ലിം ഭരണാധികാരികളുടെ കീഴിലായിരുന്ന ഭാരതത്തെ കുറിച്ച് തികച്ചും ഇതു യാഥാര്‍ത്ഥ്യവുമാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ സുനാമിക്കിടയില്‍ അവരെ പാര്‍ശ്വവത്കരിക്കാനുള്ള ഗൂഢാലോചനകളും പരസ്യ പ്രവണതകളും അരങ്ങേറുമ്പോള്‍ ഈ വസ്തുതകള്‍ ഓര്‍ക്കുന്നത് നന്ന്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ