muhyudheen mala- malayalam

  അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. പ്രസിദ്ധ  കവിയും ഗ്രന്ഥകാരനുമായ ഖാളി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് (1572  – 1617) 35-ാമത്തെ വയസ്സിലാണ് മുഹ്‌യിദ്ദീന്‍ മാല രചിക്കുന്നത്. മാലയടക്കം അഞ്ഞൂറോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി ഭാഷയില്‍ പദ്യ ഗദ്യങ്ങളായുള്ള നിരവധി കൃതികളും അക്കൂട്ടത്തിലുണ്ട്.

മുഹ്‌യിദ്ദീന്‍ മാല ഒരു ചരിത്രകാവ്യമല്ല; ഒരു ചരിത്ര പുരുഷന്റെ അപദാന കീര്‍ത്തനമാണ്. വിവിധ ഭാഷകളില്‍ ഗദ്യങ്ങളായും പദ്യങ്ങളായും ഒട്ടനവധി കീര്‍ത്തനങ്ങള്‍ വിരചിതമായ ഔലിയാക്കളില്‍ പ്രധാ നിയാണ് മാലയില്‍ പ്രതിപാദിക്കപ്പെടുന്ന ശൈഖ് ജീലാനി(റ). കേരള സമൂഹം തലമുറകളായി  അത്യാദര പൂര്‍വം സ്മരിച്ചു പോരുന്ന വ്യക്തിത്വം കൂടിയാണത്. കനിവുള്ള ഹൃദയവും തികഞ്ഞ ഭക്തിയും  അസാമാന്യ ധൈര്യവും സൂക്ഷ്മതയുള്ള ജീവിതവും അചഞ്ചലമായ വിശ്വാസവുമെല്ലാം സ്വായത്ത മാക്കിയാണ് മഹാനവര്‍കള്‍ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചത്.

ഈണത്തില്‍ പാടാവുന്ന ഇശലുകളില്‍ മെനഞ്ഞെടുത്ത ഗാനാവിഷ്‌കാരമാണ് മുഹ്‌യിദ്ദീന്‍ മാല. അദ്ധ്യാത്മിക ചിന്തയും തത്ത്വചിന്തയും ~ഒരു പോലെ ലയിച്ചു ചേര്‍ന്ന മാപ്പിള കാവ്യമാ ണെന്നതാണു മാലയെ ഇതര കൃതികളില്‍ നിന്നു വേറിട്ടു നിര്‍ത്തുന്ന ഘടകം. ഇതിന്റെ  ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകള്‍ പിന്നീട് അറബി മലയാളത്തില്‍ വിരചിതമായിട്ടുണ്ട്. ഡോ. സി കെ കരീം രേഖപ്പെടുത്തുന്നു: ‘പറങ്കികളുടെ ആഗമനത്തോടു കൂടി കേരളത്തിലുണ്ടായ സാമൂഹിക സംഘര്‍ഷവും സന്മാര്‍ഗിക അധഃപതനവും കണ്ട് മനം നൊന്ത അന്നത്തെ കേരളത്തിലെ കവികളത്രയും മനുഷ്യനെ ദൈവികവും അദ്ധ്യാത്മികവുമായ പാന്ഥാവിലേക്ക് നയിക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയിരുന്നതിന്റെ ഉദാഹരണമാണ് എഴുത്തച്ഛന്റെയും ഖാളി മുഹമ്മദിന്റെയും കൃതികള്‍. എഴുത്തച്ഛന്‍ ഭാഷയിലൂടെ ഭക്തിപ്രസ്ഥാനത്തെ ജനകീയമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ അതേ പ്രക്രിയതന്നെ അറബിമലയാളത്തിലൂടെ മുസ്‌ലിംകളുടെ ഇടയില്‍ പ്രചരിപ്പിക്കുകയാണ് ഖാളി മുഹമ്മദ് ചെയ്തത് (അറബി മലയാളം, പേജ് 27).

1607 ആണ് മാലയുടെ രചനകാലം. രചയിതാവു തന്നെ മാലയുടെ കാലഗണന വ്യക്തമാക്കുന്നുണ്ട്.

‘കൊല്ലം എഴുനൂറ്റി എമ്പത്തിരണ്ടില്‍ ഞാന്‍

കോത്തന്‍ ഇമ്മാലയെ നൂറ്റമ്പത്തഞ്ചുമ്മല്‍

മുത്തും മാണിക്യവും ഒന്നായ്‌കോത്തപോലെ

മുഹ്‌യിദ്ദീന്‍ മാലയെ കോര്‍ത്തന്‍ ഞാന്‍ ലോകരേ”

കൊല്ലവര്‍ഷം അഥവാ മലയാള വര്‍ഷം 782 ക്രിസ്തുവര്‍ഷം ആയിരത്തി അറുനൂറ്റിയേഴും ഹിജ്‌റ വര്‍ഷം ആയിരത്തി ഇരുപത്താറുമാണ്. അതായയ് 410 വര്‍ഷങ്ങള്‍ക്കു മുമ്പ് രചിക്കപ്പെട്ട കൃതിയാണെന്നു ചുരുക്കം. എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിന് തൊട്ട് മുമ്പുള്ള കാലഘട്ട മാണിതെന്നതു ശ്രദ്ധേയമാണ്. 1606-ല്‍ ലോക സാഹിത്യത്തില്‍ ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന നാടകരചന പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത വര്‍ഷമാണിതെന്നതും സ്മരണീയമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 410 വര്‍ഷങ്ങള്‍ക്കു മുമ്പ് വിരചിതമായ കൃതിയെന്ന നിലയില്‍  ഈ സ്തുതിഗാനത്തിനുള്ള ഭാഷാപരമായ ലാവണ്യം എടുത്തു പറയേണ്ടതു തന്നെയാണ്. മുത്തും മാണിക്യവും കോര്‍ത്ത പോലെയുള്ള മാല 155 വരികളുള്ളതും അവയെല്ലാം  കാവ്യാംശം മുറ്റി നില്‍ക്കുന്നതുമാണെന്നത് സുവ്യക്തമാണ്.

മുഹ്‌യിദ്ദീന്‍ മാലയിലെ ഗാനരീതി അറബിയിലെ ‘ഖഫീഫ്’ വൃത്തത്തോടും മലയാളത്തിലെ ‘കാകളി’യോടും അറബിത്തമിഴിലെ ‘നന്തിര്‍വാരകണ്ണി’യോടും ഒരുപോലെ സാദൃശ്യം കാണിക്കുന്നുണ്ടെ ന്നാണ് ഭാഷാ പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നത്. ഖാളിമുഹമ്മദിന്റെ ഗുരുവര്യന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പിതൃ സഹോദരനായ അബ്ദുല്‍ അസീസ് മഖ്ദൂമായിരുന്നതു കൊണ്ടു തന്നെ  അറബി, ഉര്‍ദു, തമിഴ്, സംസ്‌കൃതം, മലയാളം ഇത്യാദി ഭാഷകളിലെല്ലാം അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു.  കാരണം മഖ്ദൂമുമാര്‍ ബഹുഭാഷാ പണ്ഡിതരും അവരുടെ പാഠശാലകള്‍ ഇത്തരം ഭാഷകള്‍ കൂടി പഠിപ്പിച്ചിരുന്ന കേന്ദ്രങ്ങളുമായിരുന്നു.

തമിഴ് സാഹിതീയാംശങ്ങള്‍ മുഹ്‌യിദ്ദീന്‍ മാലയില്‍ യഥേഷ്ടമുണ്ടെന്നും അവ മാലക്ക് കൂടുതല്‍ സൗന്ദര്യം പകര്‍ന്നിട്ടുണ്ടെന്നും ഇതു സംബന്ധമായി പഠനം നടത്തിയവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ വാക്കുകള്‍ കാണുക: ‘തമിഴിലെ ചെയ്യുള്‍ വികാരങ്ങളായ വലിത്തലും മെലിത്തലും നീട്ടലും കുറുക്കലും വിരിത്തലും തൊകുത്തലും മുഹ്‌യിദ്ദീന്‍ മാലയിലെ പദസംവിധാനത്തില്‍ പ്രകടമാണ്. തമിള്‍ വയ്യാകരണന്മാര്‍ തമിഴ്  കവിതകളില്‍ വടചൊല്‍/സംസ്‌കൃത പദങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവയ്ക്ക് ‘ആരിയ ചിതൈവ്’ വരുത്തണമെന്ന് നിര്‍ബന്ധിക്കുന്നു. മാപ്പിളപ്പാട്ടുകാരാവട്ടെ, വടചൊല്ലിനു മാത്രമല്ല അറബി പദങ്ങള്‍ക്കും ആരിയ ചിതൈവ് വരുത്തുന്നതില്‍ ശ്രദ്ധാലുക്കളാണ്. മുഹ്‌യിദ്ദീന്‍ മാലയില്‍ കാണപ്പെടുന്ന ഈ പാരസ്പര്യം യാദൃച്ഛികതയല്ല. അറബി മലയാള സാഹിത്യത്തിലേക്കുള്ള മാപ്പിള സാംസ്‌കാരികതയുടെ പരിണാമ ദശയെയാണ് സൂചിപ്പിക്കുന്നത്’.

ഈ മാലപ്പാട്ട് സാഹിത്യത്തിന്റെ തനിമ നിലനിര്‍ത്തുന്നുണ്ടെന്ന് ഖാളി മുഹമ്മദ് തന്നെ പറയുന്നുണ്ട്.

‘കണ്ടന്‍ അറിവാളന്‍ കാട്ടിത്തരും പോലെ

ഖാളി മുഹമ്മദതെന്നു പേരുള്ളോവര്‍

കോഴിക്കോട്ടെത്തൂറ തന്നില്‍ പിറന്നോവര്‍

കോര്‍വ്വാ ഇതൊക്കെയും നോക്കിയെടുത്തോവര്‍’

തമിഴകത്തെ ശൈവന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ കോര്‍വ പിന്തുടര്‍ന്നുകൊണ്ടാണ് അറബിമലയാളത്തിലെ ഈ മാല രചിക്കപ്പെട്ടതെന്ന്  വിലയിരുത്തപ്പെടുന്നതായി ഡോ. ഉമര്‍ തറമേല്‍ ‘മാപ്പിളപ്പാട്ട് പാഠവും പഠനവും’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എഴുതുന്നു: തമിഴകത്ത് നിലവിലുണ്ടായിരുന്ന കോവര്‍കളെ അടിസ്ഥാനമാക്കിയാണ് മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ടതെന്നും കോറമണ്ഡല്‍ തീരത്ത് ഏറെ പ്രചാരമുണ്ടായവയാണീ കോര്‍വകളെന്നും തമിഴകത്ത് ശൈവന്മാര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന ഭക്തിഗീതങ്ങളുടെ തുടര്‍ച്ചയാണീ കോവര്‍കളും അവയിലെ ഇരവുകളുമെന്നും പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അറബിമാലയാളത്തെ ഇസ്‌ലാമിക പ്രചാരണത്തിനുള്ള ബോധനഭാഷയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു ഖാളി മുഹമ്മദ് ചെയ്തതെന്നും വിലയിരുത്തപ്പെടുന്നു. (അന്വേഷണം ലക്ഷ്യപ്രാപ്തിയുടെ അടയാളമാണ്/അബ്ബാസ് കാളത്തോട്/തേജസ് ദിനപത്രം)

ഇതു കൊണ്ടു തന്നെയാവണം

‘പാലിലെ വെണ്ണ പോല്‍ ബൈത്താക്കി ചൊല്ലുന്നെന്‍

ഭാഗിയം ഉള്ളോവര്‍ ഇതിനെ പഠിച്ചോവര്‍’

എന്നു കവി പ്രസ്താവിച്ചത്. ഇവിടെ  ബൈത്തിനെ പാലിനോടാണ് കവി ഉപമിച്ചിരിക്കുന്നത്.  വെണ്ണയാകുന്ന മേന്മ ഈ ബൈത്തില്‍ നിന്ന് കടഞ്ഞെടുത്ത് ഗ്രഹിക്കണമെന്നാണര്‍ത്ഥം.  പല ഭാഷകളും ശൈലികളുമുള്‍കൊള്ളുന്നതു തന്നെയാണു കാരണം. പാല്‍ പോലെ പരിശുദ്ധമായ ഗ്രന്ഥങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയാണ് മേന്മകളാകുന്ന വെണ്ണ കടഞ്ഞെടുത്തതെന്നും പറയാവുന്നതാണ്. അപ്പോള്‍  ഗ്രന്ഥങ്ങളെ പാലിനോടും മേന്മകളെ വെണ്ണകളോടുമാണ് ഉപമിച്ചിരിക്കുന്നത്.

നാലു നൂറ്റാണ്ടു മുമ്പു വിരചിതമായ മാലയില്‍ ഉപയോഗിച്ചിട്ടുള്ള പദ വിന്യാസവും ശൈലീ വൈവിധ്യവും ആരെയും അതിശയിപ്പിക്കുന്നതാണ്. മാലയില്‍ ഒരേ പദം തന്നെ നാനാര്‍ത്ഥങ്ങളില്‍ പ്ര

യോഗിച്ച സൗന്ദര്യവും കാണാവുന്നതാണ്. ഉദാഹരണമായി, ‘കിള’ എന്ന പദത്തിനു കുടുംബം, പരമ്പര എന്നും ശാഖ, വകുപ്പ് എന്നും അര്‍ത്ഥമുണ്ട്. മാലയിലെ രണ്ടാം വരിയായ

‘ആലം ഉടയവന്‍ ഏകല്‍ അരുളാലെ,

ആയെ മുഹമ്മദ് അവര്‍കിള ആണോവര്‍’

എന്നതില്‍ ‘കിള’ എന്ന പദം പരമ്പരയെന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ മുന്‍വിധി പ്രകാരം മുത്ത് നബി(സ്വ)യുടെ പരമ്പരയിലാണ് മഹാനവര്‍കള്‍ ജനിച്ചതെന്നാണു പ്രസ്തുത വരി കൊണ്ടുദ്ദേശിക്കുന്നത്. അതേസമയം മൂന്നാമത്തെ വരിയായ

‘എല്ലാ കിളയിലും വന്‍ കിള ആയോവര്‍

എല്ലാ ദിശയിലും കേളി മികച്ചോവര്‍’

എന്നതില്‍ ‘കിള’ കൊണ്ടുദ്ദേശിക്കുന്നത് വകുപ്പ് എന്ന അര്‍ത്ഥവുമാണ്. മഹാനായ ശൈഖവര്‍കള്‍ ഏതുവകുപ്പിലും ഉന്നതനും സര്‍വ ലോക പ്രശസ്തനുമാണെന്നാണ് ഈ വരിയുടെ അര്‍ത്ഥം.

ഭാഷകളുടെ വികാസത്തിനു മുഹ്‌യിദ്ദീന്‍ മാല നല്‍കിയ സംഭാവന ചെറുതല്ലെന്നതാണു സത്യം. മലയാള ഭാഷക്കു നല്‍കിയതു വിശേഷിച്ചും. വെറും പ്രാദേശിക ശൈലിയായിരുന്ന മലയാള ഭാഷയെ അംഗീകൃതമായ ഒരു വ്യവസ്ഥാപിത ഭാഷയായി ആദ്യകാലത്ത് മാറ്റിയത് അറബി മലയാളം വഴിയായിരുന്നുവെന്നതാണു ചരിത്ര സത്യം. ഡോ. സി കെ കരീം എഴുതുന്നു: ‘മുഹ്‌യിദ്ദീന്‍ മാല വിരചിത  മാകുന്ന പതിനാറാം നൂറ്റാണ്ടില്‍ അറബി മലയാളം ഉല്‍കൃഷ്ടമായി വികാസം പ്രാപിച്ചിരുന്നു. എ, ഏ, ഒ, ഓ എന്നീ സ്വര ചിഹ്നങ്ങളും ക. ങ, ച, ജ, ഞ, ട, ണ, ത, ദ, ന, പ, ബ, മ, യ, ര, ല, വ, ശ, സ, ള എന്നീ വ്യഞ്ജനാക്ഷരങ്ങളും മുഹ്‌യിദ്ദീന്‍ മാലയുടെ രചനക്ക് ഉപയോഗിച്ചിട്ടുള്ളതായി  കാണാം. എഴുത്തച്ചന്റെ സമകാലികനായ ഒരു മാപ്പിള കവി സാമ്രാട്ട് തന്റെ മഹാ കാവ്യത്തില്‍ മേലുദ്ധരിച്ച സ്വര ചിഹ്നങ്ങളും വ്യഞ്ജനങ്ങളും നിര്‍ലോഭം പ്രയോഗിച്ച് കാണുന്നതില്‍ നിന്നും ഊഹിക്കാവുന്നത് അറബി മലയാള ഗദ്യ ശൈലിയും ഭാഷയും എഴുത്തച്ചനെ വളരെ സ്വാധീനിച്ചിരിക്കണമെന്നത്രെ. അറബി മലയാളത്തില്‍ നിന്നുള്ള അക്ഷരങ്ങളും ചില ചിഹ്നങ്ങളും വ്യഞ്ജനങ്ങളും അതേപടി അംഗീകരിക്കുകയാണോ എഴുത്തച്ചന്‍ ചെയ്തത് എന്ന കാര്യം തറപ്പിച്ച് പറയാനാവുകയില്ലെങ്കിലും ഭാഷാ പണ്ഡിതന്മാരുടെയും ഗവേഷകന്മാരുടെയും പരിഗണനയുടെ പടിവാതില്‍ക്കല്‍ ഞാനിതവതരിപ്പിക്കുകയാണ്’ (അറബി മലയാളം പുറം 24-28).

ഇത്തരം ചരിത്ര വസ്തുതകള്‍ വിലയിരുത്തുമ്പോള്‍, ബോധ്യമാവുക, മുസ്‌ലിം പണ്ഡിതരും ഒപ്പം സമുദായവും നാല് നൂറ്റാണ്ട് മുമ്പ് അക്ഷരാഭ്യാസത്തിലും വൈജ്ഞാനിക നിലവാരത്തിലും ഇതര വിഭാഗങ്ങളെക്കാള്‍ ഉന്നതി പ്രാപിച്ചിരുന്നുവെന്നാണ്. മലയാള ലിപി പോലും പൂര്‍ണ കൈവരിക്കാത്ത കാലത്ത് മലയാളാക്ഷരങ്ങള്‍ക്ക് അറബി മലയാളത്തിലൂടെ ചിഹ്നങ്ങള്‍ കണ്ടെത്തുകയും അതുവെച്ച് ഒരു മഹാകാവ്യം തീര്‍ക്കുകയും ചെയ്തതും. ആ സാഹിത്യസൃഷ്ടി ഉള്‍ക്കൊള്ളാനും പാരായണത്തിനും മനഃപാഠമാക്കാനും ഒരു പൈതൃകമായി നെഞ്ചേറ്റാനും മുസ്‌ലിംകള്‍ പ്രാപ്തരായി എന്നതും സമുദായം അന്നെത്തിനിന്നിരുന്ന ഉന്നതമായ സാമൂഹ്യ – സാക്ഷര ബോധത്തിന്റെ നിദര്‍ശനമായി കാണാം. ആ സമുദായത്തെയാണ് ചിലര്‍ പില്‍ക്കാലത്ത് അക്ഷരവിരോധികളും പിന്തിരിപ്പിന്മാരുമായി ചിത്രീകരിച്ചതെന്നതാണ് വിരോധാഭാസം!

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ