ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
ഇസ്ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.
ഇസ്ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.
ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.
അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).
‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).
ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്നുബത്വ).
താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.
ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.
സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’
ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).
സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.
ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).
ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).
ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’
ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).
നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).
ഓരോ കാരണം പറഞ്ഞ് അഹ്ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).
നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.
ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.
ശൈഖ് ജീലാനി(റ)യെ അഹ്ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.
യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്യുദ്ദീനുബ്നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്യുദ്ദീനുബ്നു അറബിയും മുഹ്യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)
എന്നാൽ മുസ്ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.
ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.
ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്റുശ്ശരീഫിനടുത്തുചെന്ന് ഖിബ്ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).
ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.
റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.
ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.
മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.
അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്ലിൽ നിന്ന് ഇബ്നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).
ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്കരണത്തിനും എന്നും ഉപയുക്തവും.
മുശ്താഖ് അഹ്മദ്